Prabodhanm Weekly

Pages

Search

2023 ഒക്ടോബർ 20

3323

1445 റബീഉൽ ആഖിർ 05

അല്‍ അഖ്‌സ്വാ പ്രളയം പുതിയ സമവാക്യം രചിക്കും

എഡിറ്റർ

മുക്കാല്‍ നൂറ്റാണ്ടിലധികം നീളുന്ന ഫലസ്ത്വീന്‍ പോരാട്ട ചരിത്രത്തില്‍ എന്നുമെന്നും ഓര്‍മിക്കപ്പെടുന്ന ദിനമാണ് 2023 ‌ഒക്ടോബര്‍ 7. ഏതൊക്കെ ദുശ്ശക്തികള്‍ ഒത്തുചേര്‍ന്നാലും പശ്ചിമേഷ്യന്‍ രാഷ്ട്രീയ ഭൂപടത്തില്‍നിന്ന് തങ്ങളെ നിഷ്‌കാസനം ചെയ്യാനാവില്ലെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയായിരുന്നു, ദക്ഷിണ ഇസ്രായേലിലേക്ക് കിലോമീറ്ററുകളോളം കടന്നുകയറിയുള്ള ഹമാസ് പോരാളികളുടെ ആക്രമണം. അധിനിവേശ വിരുദ്ധ പോരാട്ടത്തിന് പുതിയ ആവേശവും ദിശാബോധവും നല്‍കാന്‍ അടിച്ചൊതുക്കപ്പെടുമെന്ന് ഉറപ്പുള്ള ആ സാഹസിക നീക്കത്തിന് കഴിഞ്ഞു. ഇസ്രായേലിന്റെ സൈനിക, സുരക്ഷാ, രഹസ്യാന്വേഷണ വിഭാഗങ്ങളുടെ ദൗര്‍ബല്യങ്ങള്‍ ആ ആക്രമണം ഓരോന്നോരോന്നായി തുറന്നുകാട്ടി. ഇസ്രായേല്‍ അജയ്യമാണ്, അതിനാല്‍ അവരുടെ ഒപ്പം കൂടിയും അവരെ പ്രീണിപ്പിച്ചും നില്‍ക്കലാണ് ബുദ്ധി എന്ന, മേഖലയിലെ തല്‍പര കക്ഷികളുടെ ദാസ്യ മനോഭാവത്തിന് ഊക്കിലൊരു കിഴുക്ക് കൊടുക്കാനും ഹമാസിന് സാധിച്ചു. ഇസ്രായേലിനെ സംബന്ധിച്ചേടത്തോളം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ഈ മിന്നലാക്രമണമെങ്കില്‍, ഹമാസിനത് രണ്ട് വര്‍ഷത്തിലധികമായി വളരെ രഹസ്യമായി പ്ലാന്‍  ചെയ്തുകൊണ്ടിരുന്ന ഓപ്പറേഷനായിരുന്നു. കുറഞ്ഞ സമയത്തേക്കാണെങ്കിലും, നിരവധി സെറ്റില്‍മെന്റുകള്‍ പിടിച്ചെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞത് അതുകൊണ്ടാണ്. ഇതെഴുതുമ്പോള്‍, ആക്രമണത്തിന്റെ അഞ്ചാം ദിവസം ഇസ്രായേലില്‍ മരണപ്പെട്ടത് 1200 പേരാണ്. ഇവരില്‍ 120 പേര്‍ പട്ടാളക്കാരാണ്. നിരവധി പേര്‍ക്ക് ഗുരുതര പരിക്കുകളുണ്ട്. ഹമാസ് നൂറ് പേരെയെങ്കിലും ബന്ദികളാക്കി ഗസ്സയിലേക്ക് കൊണ്ടുപോയിട്ടുമുണ്ട്.
പ്രതികാരമായി ഗസ്സക്ക് മേല്‍ കനത്ത ബോംബിംഗ് തുടരുകയാണ് ഇസ്രായേല്‍. ഇതെഴുതുമ്പോള്‍ നിരവധി കുഞ്ഞുങ്ങളടക്കം, ആയിരത്തോളം ഫലസ്ത്വീന്‍കാര്‍ ഗസ്സയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ബോംബാക്രമണം വരും ദിനങ്ങളിലും തുടരുമെന്നുറപ്പ്. ഗസ്സക്ക് ചുറ്റും മൂന്ന് ലക്ഷത്തോളം സൈനികരെ ഇസ്രായേല്‍ അണിനിരത്തുന്നത് കരയുദ്ധത്തിനാണെന്ന് സംശയമുണ്ട്. ഏത് നിലക്ക് നോക്കിയാലും പ്രവചനം അസാധ്യം. ഗസ്സ താമസക്കാരില്ലാത്ത ഭൂപ്രദേശമാക്കുമെന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭീഷണി ഭീകരമായ ഒരു വംശഹത്യയിലേക്കുള്ള സൂചനയല്ലാതെ മറ്റൊന്നുമല്ല. എല്ലാവിധ സഹായങ്ങളുമായി അമേരിക്കയും പാശ്ചാത്യ നാടുകളും പതിവുപോലെ സയണിസ്റ്റ് വംശീയതക്കൊപ്പമുണ്ട്.

ഈ പ്രത്യാഘാതങ്ങളൊന്നും കണക്കുകൂട്ടാതെയാവില്ല ഹമാസ് ഇത്ര വലിയ ഒരു ആക്രമണത്തിന് ഒരുങ്ങിപ്പുറപ്പെട്ടത്. മറ്റൊരു മാര്‍ഗവും അവര്‍ക്കോ മറ്റു ഫലസ്ത്വീനി വിഭാഗങ്ങള്‍ക്കോ മുന്നിലുണ്ടായിരുന്നില്ല എന്നതാണ് വസ്തുത. കഴിഞ്ഞ 17 വര്‍ഷമായി ഗസ്സയെ അക്ഷരാര്‍ഥത്തില്‍ ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കുകയായിരുന്നു ഇസ്രായേല്‍. സയണിസ്റ്റ് സൈന്യത്തിന്റെ യുദ്ധകുറ്റകൃത്യങ്ങള്‍ ലോകം കണ്ടില്ലെന്ന് നടിച്ചു. അതുകൊണ്ടാവാം, ഇരുവിഭാഗവും തമ്മിലുള്ള സൈനിക ബലത്തിന്റെ അജഗജാന്തരം നോക്കാതെ ഇസ്രായേലിന് മനസ്സിലാകുന്ന ആയുധത്തിന്റെ ഭാഷയില്‍ ഹമാസ് സംസാരിക്കാന്‍ തീരുമാനിച്ചത്. ഗോലിയാത്തിനെ ദാവൂദ് കല്ലെറിഞ്ഞ് വീഴ്ത്തിയ കഥ അവര്‍ക്ക് ആവേശം പകര്‍ന്നിട്ടുണ്ടാവാം. ഉന്മൂലനം ഉള്‍പ്പെടെ ഏത് പരിണതിയെയും അഭിമുഖീകരിക്കാന്‍ തയാറായി തന്നെയാവാം ഹമാസ് നിലയുറപ്പിച്ചിട്ടുണ്ടാവുക. എന്ത് സംഭവിച്ചാലും ഇനി പശ്ചിമേഷ്യ മുമ്പത്തെ പശ്ചിമേഷ്യ ആയിരിക്കില്ല. ഫലസ്ത്വീനികളുടെ അവകാശപ്പോരാട്ടത്തില്‍ 'അല്‍ അഖ്‌സ്വാ പ്രളയം' ഒരു നാഴികക്കല്ലായിരിക്കും. അത് ‌എന്തൊക്കെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് കാത്തിരിക്കാം. ഭരണാധികാരികള്‍ പുറംതിരിഞ്ഞ് നിന്നാലും, ലോകസമൂഹം പീഡിതരായ ഫലസ്ത്വീനികള്‍ക്കൊപ്പം നില്‍ക്കേണ്ട സമയമാണിത്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 21-23
ടി.കെ ഉബൈദ്

ഹദീസ്‌

ജിബ്്രീലിന്റെ അഞ്ച് ഉപദേശങ്ങൾ
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്