അഹ്്മദ് കുട്ടി മാഷ്
'അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ളവർ നൻമയുടെ മാർഗത്തിൽ വിജ്ഞാന വിളക്കുകളായി ജനശ്രദ്ധയിൽ നിന്ന് മറഞ്ഞ് പടച്ചവനെ സൂക്ഷിച്ചു ജീവിക്കുന്നവരാണ്' എന്ന ആശയത്തിൽ ഒരു നബിവചനമുണ്ട്. അഹ് മദ് കുട്ടി മാഷ് എന്ന എന്റെ അബി മരണപ്പെട്ടപ്പോൾ ആ വചനമാണ് ഓർമയിൽ വന്നത്. എന്റെ നല്ല പാതി അൻസയുടെ പിതാവാണെങ്കിലും എന്റെ അബി അദ്ദേഹമായിരുന്നു. ഉപ്പയുടെ അസാന്നിധ്യം ഈയുള്ളവൻ അറിയാതിരുന്നത് ആ അബിയുടെ മരുമകനായിരുന്നതുകൊണ്ടാണ്. നാട്ടുകാർക്കും വീട്ടുകാർക്കും കൂടെ ജോലി ചെയ്തിരുന്നവർക്കും അബിയോ അബി മാഷോ ആയിരുന്നു അദ്ദേഹം.
പുതിയകാവ്, അന്നമനട എന്നിവിടങ്ങളിൽ വിവിധ സ്കൂളുകളിൽ പ്രൈമറി അറബി ഭാഷാ അധ്യാപകനായി ജോലിയിൽനിന്ന് വിരമിച്ച ശേഷം വാടാനപ്പള്ളി ഓർഫനേജിൽ ദീർഘകാലം സേവനം ചെയ്തുപോന്നു. അവിടെയാരംഭിച്ച അൽ ഫിത്വ്്റ സ്കൂളിന്റെ ശിൽപിയും പിന്നീട് ഹെവൻസ് പ്രീ സ്കൂളായി പരിവർത്തിപ്പിക്കപ്പെട്ട പ്രസ്തുത സ്ഥാപനത്തിന്റെ മേൽനോട്ടക്കാരനും ആയിരുന്ന അദ്ദേഹം വാടാനപ്പള്ളി, തളിക്കുളം പ്രദേശത്തെ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ തുടക്കക്കാരനും ചാലകശക്തിയുമായിരുന്നു. ജമാഅത്ത് നാട്ടിക ഏരിയയുടെ സെക്രട്ടറിയുമായിരുന്നു കുറച്ചു കാലം. മാള, അന്നമനട, ചെറുവാളൂർ, കൊരട്ടി, മാമ്പ്ര എന്നീ പ്രദേശങ്ങളിലെ ആദ്യകാല ഇസ് ലാമിക പ്രവർത്തകനും പ്രബോധനം, മാധ്യമം എന്നിവയുടെ സ്വയം സന്നദ്ധ പ്രചാരകനും വിതരണക്കാരനുമായിരുന്നു. ഈദ് ഗാഹ്, സകാത്ത് സെൽ എന്നീ സംവിധാനങ്ങൾ പരിചയപ്പെടുത്താനും അദ്ദേഹം മുന്നിട്ടിറങ്ങി. താൻ മുൻകൈയെടുത്ത് ആരംഭിച്ച പള്ളികളിൽ ഖത്വീബുമാർ ലീവായാൽ ഖത്വീബായും അദ്ദേഹം ജനങ്ങളുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പഴയകാല കിതാബുകൾ സ്വന്തം പിതാവിൽനിന്ന് ഓതിപ്പഠിച്ച തികവൊത്ത മത പണ്ഡിതനുമായിരുന്നു അബി. അറബി എഴുത്തു നിയമങ്ങളിൽ വ്യുൽപ്പത്തിയുണ്ടായിരുന്ന അദ്ദേഹത്തിന് ഒമാനിലെ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ഒരു ദശാബ്ദക്കാലത്തെ പാഠപുസ്തക വിതരണവുമായുള്ള ഇടപെടലുകളിലൂടെ അറബി എഴുത്തു നിയമങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ ഗ്രന്ഥങ്ങൾ ലഭിച്ചത് അദ്ദേഹത്തിന്റെ ഖത്വിന് തികവേകി. ജി.ഐ. ഒ സ്ഥാപകാംഗവും ജമാഅത്തെ ഇസ്‌ലാമി വനിതാ സംസ്ഥാന സമിതി അംഗവും തൃശൂർ ജില്ലാ വനിതാ വിഭാഗം പ്രസിഡന്റുമായിരുന്ന നസീമ വാളൂരാണ് ഭാര്യ.
മക്കളായ അനീസ്, അൻസ എന്നിവരുടെ ദീനിയായ ശിക്ഷണങ്ങളിൽ അദ്ദേഹം മാതൃകയാണ്.
മകൾ വാടാനപ്പള്ളി ഇസ് ലാമിയാ കോളേജിലും മകൻ ശാന്തപുരം അൽ ജാമിഅയിലുമാണ് പഠിച്ചത്.
അദ്ദേഹത്തിന്റെ പിതാവ് മർഹൂം അഹ്്മദ് മുസ് ലിയാർ ഏറക്കാലം ഖത്വീബായി സേവനമനുഷ്ഠിച്ച വാടാനപ്പള്ളി നോർത്ത് മഹല്ല് ജുമുഅ മസ്ജിദ് ഖബ്ർസ്ഥാനിൽ ഖബ്റടക്കിയതും ഒരു ചരിത്ര നിയോഗമായിരുന്നു. തന്റെ വിജ്ഞാന സപര്യ തുടങ്ങിയേടത്തു തന്നെ നാട്ടാചാരങ്ങൾ പാലിക്കാതെ ഖബ്റടക്കം നടത്തപ്പെടുക എന്നതും ഒരു ഇസ് ലാമിക പ്രബോധനമാണെന്ന് മരണത്തിന് ശേഷവും ബോധ്യപ്പെടുത്തുന്നതായിരുന്നു ആ ജനാസ നമസ്കാരം പോലും...
തോട്ടിലാങ്ങര അബ്ദുൽ കരീം
കോഴിക്കോട് വെള്ളിപറമ്പ് ഘടകത്തിലെ സജീവ പ്രവർത്തകനായിരുന്നു കുറ്റിക്കാട്ടൂർ പൈങ്ങോട്ടു പുറം തോട്ടിലാങ്ങര അബ്ദുൽ കരീം സാഹിബ്. കെ.എസ്.ആർ.ടി.സി കണ്ടക്ടറായി ജോലിയിൽനിന്ന് വിരമിച്ചതിന് ശേഷം കുറ്റിക്കാട്ടൂർ, വെള്ളിപറമ്പ് പ്രദേശങ്ങളായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തന മണ്ഡലം.
പൈങ്ങോട്ടു പുറം ഭാഗങ്ങൾ കുന്ദമംഗലം നിയോജക മണ്ഡലത്തിലായതിനാൽ വെൽഫെയർ പാർട്ടിയുടെ പ്രവർത്തനങ്ങളിലും മുൻപന്തിയിലുണ്ടായിരുന്നു. തനിക്ക്
ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ആരുടെ മുന്നിലും വെട്ടിത്തുറന്നു പറഞ്ഞു. ഖുർആൻ പഠനത്തിന് പ്രത്യേകം താൽപര്യമെടുത്തിരുന്നു.
ഭാര്യ: സഫിയ. മക്കൾ: ജസീന, സബീന, സാബിത്.
മരുമക്കൾ: സമീർ ഒതായ്, ഫസലുർറഹ്്മാൻ തിരുത്തിയാട് . നജ കൊടിയത്തൂർ.
സിദ്ദീഖ് കുറ്റിക്കാട്ടൂർ
തയ്യിൽ ആലിപ്പു
അലനല്ലൂർ ഏരിയയിലെ എടത്തനാട്ടുകര ചുണ്ടോട്ടുകുന്ന് ഹൽഖാ പ്രവർത്തകനായിരുന്നു തയ്യിൽ ആലിപ്പു (83). 'ആലിപ്വാക്ക' എന്നാണ് നാട്ടുകാർ അദ്ദേഹത്തെ വിളിക്കാറുള്ളത്. അയൽവാസിയായതിനാൽ ചെറുപ്പം മുതൽ തന്നെ അദ്ദേഹവുമായി നല്ല ബന്ധമുണ്ടായിരുന്നു.
ഞങ്ങൾ സുഹൃത്തുക്കൾ അസീസ് സാഹിബിന്റെ നേതൃത്വത്തിൽ ഇസ്്ലാം പഠനം നടത്തുന്ന കാലത്ത് അദ്ദേഹത്തിന്റെ മകൻ അബ്ദുന്നാസറും കൂടെയുണ്ടായിരുന്നു. അങ്ങനെയാണ് അദ്ദേഹവും കുടുംബവും ഇസ്‌ലാമിക പ്രസ്ഥാനവുമായി ബന്ധപ്പെടുന്നത്.
ചെറുപ്പം മുതൽക്കേ മിക്ക പെരുന്നാൾ ദിനങ്ങളിലും ഉച്ചഭക്ഷണം അദ്ദേഹത്തിന്റെ വീട്ടിൽനിന്നായിരുന്നു എന്നത് മറക്കാനാവാത്ത ഓർമയാണ്. ജാതിയും മതവും നോക്കാതെ അയൽവാസികളായ എല്ലാവരെയും ഭക്ഷണത്തിന് വിളിക്കും. ഇസ്‌ലാമിന്റെ സവിശേഷമായ മാനവിക മൂല്യത്തെയാണ് അദ്ദേഹവും കുടുംബവും പ്രയോഗവൽക്കരിക്കുന്നത് എന്ന് മനസ്സിലാക്കിയത് പിന്നീടാണ്. പെരുന്നാൾ ദിനത്തിലെ ആ തേങ്ങാ ചോറിന്റെയും ബീഫിന്റെയും രുചിയോടൊപ്പം ഇസ്്ലാമിന്റെ 'രുചി'യും അനുഭവിച്ചറിയുന്നുണ്ടായിരുന്നു എന്നതാണ് സത്യം.
നാല് ആൺമക്കളും മൂന്ന് പെൺമക്കളുമാണ് അദ്ദേഹത്തിന്. അതിൽ രണ്ട് പെൺമക്കളെയും വിവാഹം കഴിച്ചു കൊടുത്തത് ഹിദായത്തിലായ സഹോദരങ്ങൾക്കാണ് എന്നതും എടുത്തുപറയേണ്ട കാര്യമാണ്. 'മനുഷ്യനെ ചേർത്തുപിടിക്കുക' എന്ന ഇസ്‌ലാമിക മൂല്യത്തെ പ്രയോഗത്തിൽ വരുത്തിയതിന്റെ ഉദാഹരണങ്ങളാണിത്. ഇസ്‌ലാമിനെ സംബന്ധിച്ച് ആഴത്തിൽ പാണ്ഡിത്യമുണ്ടായതുകൊണ്ട് മാത്രം സാധ്യമാകുന്ന ഒന്നല്ല ഇത്.
ഇസ്‌ലാം സ്വീകരിച്ച ആദ്യ ഘട്ടത്തിൽ സ്വകാര്യമായി പലപ്പോഴും നമസ്കരിച്ചിരുന്നത് അദ്ദേഹത്തിന്റെ വീട്ടിൽ നിന്നായിരുന്നു. അമ്മയും ജ്യേഷ്ഠന്റെ ഭാര്യയുമൊക്കെ ആദ്യഘട്ടത്തിൽ അങ്ങനെത്തന്നെയാണ് നമസ്കരിച്ചിരുന്നത്. മറ്റു പല കാര്യങ്ങൾക്കും തുണയായിരുന്നു അദ്ദേഹത്തിന്റെ കുടുംബം.
ഭാര്യ: ഖദീജ. മക്കൾ: മുസ്തഫ, അബ്ദുന്നാസർ, അബൂബക്കർ, മുജീബ്, സീനത്ത്, സക്കീന, സർഫുന്നീസ.
മരുമക്കൾ: സാജിദ്, സനൂജ്, റമീസ്.
ജി.കെ എടത്തനാട്ടുകര
Comments