Prabodhanm Weekly

Pages

Search

2023 ഒക്ടോബർ 20

3323

1445 റബീഉൽ ആഖിർ 05

സംഘർഷത്തിനല്ല, സമന്വയത്തിനാണ് ഈ വൈജാത്യങ്ങൾ

വി.എച്ച് അലിയാർ ഖാസിമി/ സദ്റുദ്ദീൻ വാഴക്കാട്

ഈരാറ്റുപേട്ട വാഴമറ്റം ഹസന്‍ റാവുത്തര്‍- ആഇശ ദമ്പതികളുടെ മകനായി 1968-ല്‍ ജനിച്ച അലിയാര്‍ ഖാസിമി പള്ളി ദര്‍സുകളിലെ പഠനത്തിനു ശേഷം ദയൂബന്ദ് ദാറുല്‍ ഉലൂമില്‍ ഉപരി പഠനം നടത്തി. ഇപ്പോള്‍ ആലുവ ടൗണ്‍ ജുമാ മസ്ജിദിലെ ചീഫ് ഇമാമും ജംഇയ്യത്ത് ഉലമായേ ഹിന്ദ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ വര്‍ക്കിംഗ് കമ്മിറ്റി അംഗവുമാണ്.

'ഉസ്താദ് അലിയാർ ഖാസിമി' എന്ന പേരും താങ്കളുടെ നിലപാടുകളും ഇന്ന് മലയാളി സമൂഹത്തിന് പൊതുവിലും കേരള മുസ് ലിംകൾക്ക് വിശേഷിച്ചും സുപരിചിതമാണ്. എങ്ങനെയായിരുന്നു ഈയൊരു  വ്യക്തിത്വത്തിന്റെ രൂപവത്കരണവും  വളർച്ചയും?

സ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ച ശേഷം ഇസ് ലാമിക പഠനത്തിലാണ് ഞാൻ ശ്രദ്ധയൂന്നിയത്. ഈ ദീനീ വിദ്യാഭ്യാസമാണ് എന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയത്. ഇസ് ലാമിക വിജ്ഞാനീയങ്ങളുടെ എല്ലാ സങ്കേതങ്ങളും എന്നെ പഠിപ്പിച്ച ഒരു സന്ദേശമുണ്ട്; സൗന്ദര്യവത്തായ ഒരു ദർശനമാണ് ഇസ് ലാം.  വിശുദ്ധ ഖുർആനും നബിചര്യയും മുസ് ലിം ചരിത്രവുമൊക്കെ പകർന്നുനൽകുന്നത് ഈ സന്ദേശമാണ്. സ്നേഹവും സഹകരണവും പഠിപ്പിക്കുന്ന, അനീതിയോടും അസത്യത്തോടും സന്ധിയില്ലാതെ സമരം ചെയ്യാൻ പ്രേരിപ്പിക്കുന്ന ദർശനം. തിന്മകളോട് പൊരുതുമ്പോഴും അതിന്റെ വക്താക്കളോട് ആത്യന്തികമായി വെറുപ്പില്ല, അവർ തെറ്റ് തിരുത്തുവോളം മാത്രമാണ് അവരോടുള്ള വിയോജിപ്പ്. അതിനപ്പുറം ആരോടും പകയില്ലാത്ത, വെറുപ്പോ വിഭാഗീയതയോ ഇല്ലാത്ത ദൈവിക ജീവിതക്രമമാണ് ഇസ് ലാം. എന്റെ പഠനത്തിൽ ബോധ്യമായ ഈ ആശയങ്ങളോട് പരമാവധി നീതി പുലർത്തുന്ന നിലപാടുകളാണ് ഇതുവരെ കൈക്കൊണ്ടിട്ടുള്ളത്. പ്രശ്നങ്ങളെ സത്യസന്ധമായി, നീതിപൂർവകമായി വിലയിരുത്താൻ ശ്രമിച്ചിട്ടുണ്ട്. അത് ഇനിയും തുടരാനാഗ്രഹിക്കുന്നു. 

താങ്കളുടെ കുടുംബം ദീനീ പണ്ഡിത പാരമ്പര്യം ഉള്ളതാണോ?

പണ്ഡിതന്മാരുടെ പാരമ്പര്യം ഞങ്ങളുടെ കുടുംബത്തിന് ഉള്ളതായി എന്റെ മാതാപിതാക്കളുടെ താവഴികളിൽ കാണുന്നില്ല. എന്നാൽ, പണ്ഡിതന്മാരെ ഏറെ സ്നേഹിക്കുന്നവരായിരുന്നു മാതാപിതാക്കൾ. അവരെ സേവിക്കുന്നതിലും ഉത്സുകരായിരുന്നു.  തൊടുപുഴയിലെ ആത്മീയ സരണിക്ക് നേതൃത്വം നൽകിയിരുന്ന 'തൊടുപുഴ ഹസ്രത്ത് ഉപ്പാപ്പ' എന്നറിയപ്പെടുന്ന ഗുരുവര്യന്റെ ഉപദേശങ്ങൾ കേൾക്കുകയും വീട്ടിൽ അവ പങ്കുവെക്കുകയും ചെയ്യുമായിരുന്നു എന്റെ പിതാവ്. കാഞ്ഞാർ മൂസാ മൗലാനാ എന്ന മഹാപണ്ഡിതനുമായും പിതാവിന് അടുപ്പമുണ്ടായിരുന്നു. ഈ ആദരവ് പണ്ഡിതൻമാർക്ക് നൽകുന്നതിൽ ഉമ്മയും മുന്നിൽ തന്നെയായിരുന്നു. വീട്ടിൽ ഇതെല്ലാം പങ്കുവെക്കുന്നത് കേട്ടാണ് ഞാൻ വളർന്നത്.

ആ പണ്ഡിതന്മാരുടെ വഴിയിൽ മക്കൾ വളരണമെന്ന നിർബന്ധബുദ്ധി മാതാപിതാക്കൾക്ക് ഉണ്ടായിരുന്നു. അറിഞ്ഞുകൊണ്ട് അനീതിക്ക് കൂട്ടുനിൽക്കുകയോ, ആരെയും ദ്രോഹിക്കുകയോ ചെയ്യുന്ന പ്രകൃതം ഉപ്പാക്ക് ഇല്ലായിരുന്നു. മാത്രമല്ല,  അനീതി കണ്ടാൽ എത്ര വലിയവന്റെ മുമ്പിലും അതിനെ ചോദ്യം ചെയ്യുന്ന പ്രകൃതം പിതാവിന് ഉണ്ടായിരുന്നു. പാവപ്പെട്ട തൊഴിലാളികളെ മർദിച്ച  സബ് ഇൻസ്പെക്ടറെ പോലീസ് സ്റ്റേഷനിൽ കയറിച്ചെന്ന്  ചോദ്യം ചെയ്തിട്ടുണ്ട് അദ്ദേഹം. 

എങ്ങനെയായിരുന്നു ദീനീ വിദ്യാഭാസത്തിന്റെ തുടർച്ചകൾ?

പത്താം ക്ലാസിൽ ഉയർന്ന മാർക്ക് വാങ്ങിയ ശേഷം, ഇസ് ലാമിക പഠനരംഗത്തേക്ക് തിരിഞ്ഞത് മാതാപിതാക്കളുടെ തീരുമാനപ്രകാരമായിരുന്നു. അത് എന്തുകൊണ്ടും ഉചിതമായി എന്ന് പിന്നീട് എനിക്ക് ബോധ്യപ്പെട്ടു. അതിനോട് നീതി പുലർത്താൻ നന്നായി ശ്രമിച്ചിട്ടുണ്ട്. എന്റെ പള്ളിദർസ് വിദ്യാഭ്യാസം ആരംഭിക്കുന്നത് നാട്ടുകാരൻ കാഞ്ഞാർ ഇസ്മാഈൽ മൗലാനയിൽ നിന്നാണ്; മൂവാറ്റുപുഴ പേട്ട ദർസിൽനിന്ന്. ഒരു വർഷത്തിനു ശേഷം ഉസ്താദിന്റെ തന്നെ നിർദേശപ്രകാരം, എടത്തല ജാമിഅത്തുൽ കൗസരിയ്യയിലേക്ക് മാറി. രണ്ട് വർഷം അവിടെ പഠിച്ച ശേഷം, കായംകുളം ഹസനിയയിൽ ചേർന്നു. അവിടെ ബഹുമാന്യനായ മുഹമ്മദ് ഈസാ മൗലാനാ ഉൾപ്പെടെയുള്ളവരുടെ ശിഷ്യനായി. ഇവരെല്ലാം ഇസ് ലാമിക വിഷയങ്ങൾ പഠിപ്പിച്ചപ്പോൾ, ഏതെങ്കിലും തരത്തിലുള്ള വിഭാഗീയതയോ അസഹിഷ്ണുതയോ പകർന്നുതന്നിട്ടില്ല. വെറുപ്പ് ഒട്ടും കലരാതെയുള്ള ഇസ് ലാമിക പാഠങ്ങളാണ് ഇവർ അഭ്യസിപ്പിച്ചത് എന്നതും എനിക്ക് ലഭിച്ച സൗഭാഗ്യമാണ്.
ഇസ് ലാമിനെ അതിന്റെ വിശാല പരിപ്രേക്ഷ്യത്തിൽ കാണുന്ന പണ്ഡിതൻമാർക്ക് കീഴിൽ വിദ്യാഭാസം ചെയ്യാൻ കഴിഞ്ഞു എന്നത് എന്റെ വ്യക്തിത്വ രൂപവത്കരണത്തിൽ വലിയ പങ്കുവഹിച്ചു. സംഘടനാപരമായ കക്ഷിത്വത്തിനോ സങ്കുചിതത്വങ്ങൾക്കോ സ്വാർഥ താൽപര്യങ്ങൾക്കോ വശംവദരാകാത്ത പണ്ഡിതൻമാരായിരുന്നു അവർ. അതിന്റെ സ്വാധീനവും എന്റെ നിലപാടുകളിൽ പ്രകടമാണ്.

കായംകുളം ഹസനിയയിലെ പഠനത്തിന് ശേഷം ദയൂബന്ദ് യാത്രയായിരുന്നു എന്റെ മുന്നിലുണ്ടായിരുന്നത്. എന്റെ പിതാവ് ദയൂബന്ദ് പണ്ഡിതൻമാരെക്കുറിച്ച് കേട്ടിരുന്നു. അദ്ദേഹം അവരെ ഏറെ ആദരിച്ചിരുന്നു. അതുകൊണ്ടു തന്നെ ഞാൻ ദയൂബന്ദിൽ പോയി പഠിക്കണം എന്ന് എന്റെ മാതാപിതാക്കൾ ഏറെ ആഗ്രഹിച്ചു. 1991-92 കാലത്താണ് ഞാൻ അവിടെ ഹദീസ് വിഭാഗത്തിൽ ഉപരിപഠനം നടത്തിയത്.  വിശാലമായി ചിന്തിക്കുന്ന അധ്യാപകരെയും സഹപാഠികളെയും എനിക്കവിടെ നിന്ന് ലഭിച്ചു. ക്ലാസ് മുറികളിൽ എന്താണോ വിദ്യാർഥികളെ പഠിപ്പിക്കുന്നത്, അതു തന്നെയാണ് ജീവിതത്തിൽ പ്രാവർത്തികമാക്കുന്നത് എന്നതാണ് ദയൂബന്ദ് പണ്ഡിതൻമാരിൽ ഞാൻ കണ്ട സവിശേഷത. ഏതെങ്കിലും വിഭാഗത്തോട് പ്രത്യേകം വിരോധമില്ലാത്ത, ഇസ് ലാമിക സമൂഹത്തോടും ലോകജനതയോടും വളരെ അനുകമ്പയും അനുഭാവവും മാത്രമുള്ള ഉത്തമരായ പണ്ഡിതൻമാരെയാണ് എനിക്ക് ദയൂബന്ദ് ദാറുൽ ഉലൂമിൽ കാണാൻ കഴിഞ്ഞത്. അവർ പഠിപ്പിച്ച പാഠങ്ങളിലെവിടെയും ഒരു സംഘടനക്കാരനെ വെറുക്കാനുള്ള ഉപദേശം ഉണ്ടായിരുന്നില്ല. പല ആശയങ്ങളോടും പണ്ഡിതൻമാരോടും അവർ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷേ, അതൊന്നും പാണ്ഡിത്യത്തോടുള്ള ആദരവ് നഷ്ടപ്പെടുത്തിക്കൊണ്ടല്ല, നിന്ദിച്ചുകൊണ്ടല്ല. അവർ മാതൃകാ അധ്യാപകരായിരുന്നതു പോലെ, മാതൃകാ വ്യക്തിത്വങ്ങളുമായിരുന്നു. ഇത് ജീവിതത്തെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്.

വ്യത്യസ്ത മദ്ഹബുകളെയും സംഘടനകളെയും ഉൾക്കൊള്ളുന്നവരായിരുന്നോ താങ്കളുടെ ഗുരുനാഥൻമാർ?

വ്യത്യസ്ത മദ്ഹബുകളെ ഉൾക്കൊള്ളുക എന്നത് ഇസ് ലാമിക വിശാലതയുടെ അടിസ്ഥാനങ്ങളിൽ ഒന്നാണ്. ഇസ് ലാമിക വിശാലത ലോകത്തെ പഠിപ്പിച്ചതിൽ  മദ്ഹബുകളുടെ വൈവിധ്യതക്ക് വലിയ പങ്കുണ്ട്. മദ്ഹബുകൾ ഇസ് ലാമിക സമൂഹത്തിന് അപകടമാണെന്ന വിമർശനം ചിലർ ഉന്നയിക്കാറുണ്ട്. അത് അടിസ്ഥാന രഹിതമാണ്. മദ്ഹബുകളെ രൂപപ്പെടുത്തിയവരും വികസിപ്പിച്ചവരുമായ പണ്ഡിതൻമാർ, വിമർശകർക്ക് പോലും സ്വീകാര്യരും സർവാംഗീകൃതരുമാണ്. ഇമാമുമാരുടെ വീക്ഷണങ്ങൾ അംഗീകരിക്കാത്തവരും അവരെ അനാദരിക്കുകയില്ലല്ലോ. അത്രയും മഹത്വമുള്ളവരാണ് അവർ.

ഇമാമുമാർ പരസ്പരം മാനിച്ചിരുന്നു എന്നതാണ് ഇന്ന് നാം ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുത. അതൊട്ടും അൽഭുതമായി പറയേണ്ടതില്ല.  അവർ പഠിച്ച ഇസ് ലാം പ്രയോഗത്തിൽ വരുത്തിയാൽ അങ്ങനെയേ സംഭവിക്കൂ. തന്റെ നിലപാടുകൾ മാറ്റിവെച്ച്, മറ്റൊരാളുടെ നിലപാട് സ്വീകരിക്കാൻ ഒരു ഇമാമിന് സാധിക്കുന്നുണ്ട്. അവരവരുടെ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് സമൂഹത്തെ പഠിപ്പിക്കുക എന്നതിനപ്പുറം,  തന്റെ മദ്ഹബ് സ്വീകരിച്ചാലേ മുസ് ലിമാകൂ എന്ന് ഒരു ഇമാമും പ്രഖ്യാപിച്ചിട്ടില്ല. ഖുർആനും സുന്നത്തും പഠിച്ച് സ്വന്തമായി ദീനീ വിധികൾ കണ്ടെത്താൻ കഴിയാത്ത സാധാരണ മുസ് ലിംകൾക്ക്, മഹാൻമാരായ ഈ ഇമാമുമാർ പഠന ഗവേഷണങ്ങളിലൂടെ അവതരിപ്പിച്ച വീക്ഷണങ്ങളെ പിന്തുടരുന്നതാണ് ഉത്തമം എന്ന വിലയിരുത്തൽ പണ്ഡിത ലോകത്തുണ്ട്. ഒരു മദ്ഹബ് തന്നെ പിന്തുടരണം എന്ന് അഭിപ്രായപ്പെടുന്നവരാണ് ചിലർ. എന്നാൽ, വ്യത്യസ്ത മദ്ഹബുകളുടെ അഭിപ്രായങ്ങൾ സന്ദർഭോചിതം വിഷയങ്ങളിൽ പിന്തുടരാം എന്നും ചിലർക്ക് അഭിപ്രായമുണ്ട്. മദ്ഹബുകൾ വൈരുധ്യമല്ല പഠിപ്പിച്ചത് എന്നതാണ് സത്യം.

അഹ് ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ നിലപാടും ഇതു തന്നെയാണ്. ഞങ്ങളുടെ മദ്ഹബ് മാത്രമാണ് ശരി എന്ന് വാദിച്ച് മറ്റുള്ളവയെ നിരാകരിക്കുന്നത് അഹ് ലുസ്സുന്നയുടെ നിലപാടേ അല്ല. അങ്ങനെ ആരെങ്കിലും വാദിച്ചാൽ അത് സുന്നത്ത് ജമാഅത്തിന് എതിരാണ്. പക്ഷേ, അഹ് ലുസ്സുന്നത്തിന്റെ വക്താക്കൾ എന്ന് അവകാശപ്പെടുന്നവർ തന്നെ മദ്ഹബിന്റെ വൈവിധ്യതകളെ നിരാകരിക്കുകയും  വലിയ വിഭാഗീയതക്ക് കാരണമാകും വിധം അവയെ അവതരിപ്പിക്കുകയും ചെയ്യുന്നത് നമുക്ക് കാണാൻ കഴിയുന്നുണ്ട്. ഇതൊന്നും യഥാർഥത്തിൽ ഇസ് ലാമികമല്ല. മദ്ഹബിന്റെ ഇമാമുമാർ പഠിപ്പിച്ചതുമല്ല.

ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമായുടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന വടുതല മൂസാ മൗലവിയുമായി ഞാൻ നടത്തിയ അഭിമുഖത്തിൽ, തന്റെ വിശാലമായ മദ്ഹബ് വീക്ഷണം അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്. ശാഫിഈ മദ്ഹബുകാരനായിരിക്കെ, ഹനഫീ പള്ളിയിലെ ഇമാമായിരുന്നു അദ്ദേഹം. ദക്ഷിണ കേരളത്തിലെ പണ്ഡിതൻമാർക്കിടയിലെ ഈ വിശാലത, മലബാറിൽ അത്രതന്നെ അനുഭവപ്പെടുന്നില്ല എന്നാണ് തോന്നുന്നത്!

വൈവിധ്യതകളാണ് മനുഷ്യ മനസ്സുകളെ ഏറെ വിശാലമാക്കുന്നത്. ഇത് കുറച്ചൊക്കെ അനുഭവിക്കാൻ കഴിഞ്ഞിട്ടുള്ളവരാണ് തെക്കൻ കേരളത്തിലെ പണ്ഡിതൻമാർ. ഹനഫീ- ശാഫിഈ മദ്ഹബുകാർ ഇടകലർന്ന് ജീവിക്കുന്ന മേഖലയാണ് ദക്ഷിണ കേരളം. അടുത്ത് ജീവിക്കുന്നവർ അടുത്തറിയുന്നു എന്നതാണ് ഇവിടെ സംഭവിക്കുന്നത്. അകന്ന് ജീവിക്കുന്നവർക്ക് അടുത്തറിയാൻ അവസരമില്ലാതാകുന്നു എന്നതും പരമാർഥമാണ്. മദ്ഹബ് വിശാലതയുടെ മാതൃകകൾ ഇവിടെ നിങ്ങൾക്ക് ധാരാളം കാണാനാകും.

ഞാൻ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമായുടെ വർക്കിങ്ങ് കമ്മിറ്റി മെമ്പറാണ്. സംഘടനയുടെ പ്രസിഡന്റായിരുന്ന മൂസാ ഉസ്താദ് ജന്മംകൊണ്ട് ശാഫിഈ മദ്ഹബുകാരനാണ്. അദ്ദേഹം പഠിച്ചതും മലബാറിൽ ഉൾപ്പെടെ ശാഫിഈ ഉസ്താദുമാരുടെ കീഴിലാണ്. പക്ഷേ, മൂസാ ഉസ്താദ് സേവനം ചെയ്തത് അധികവും തെക്കൻ കേരളത്തിലെ വലിയ ഹനഫി പള്ളികളിലാണ്. ദക്ഷിണയുടെ മറ്റൊരു പ്രസിഡന്റ് ചേലക്കുളം അബുൽ ബുശ്റാ  മൗലവി ശാഫിഈ കുടുംബത്തിൽ ജനിച്ച്, ശാഫിഈ പണ്ഡിതരുടെ കീഴിൽ വിദ്യയഭ്യസിച്ച്, തൊടുപുഴ കാരിക്കോട് ഹനഫീ മഹല്ലിൽ ഖത്വീബും മുദർരിസുമായി ദീർഘകാലം സേവനം ചെയ്തിട്ടുണ്ട്. ഹനഫീ പള്ളിയിൽ ശാഫിഈ പണ്ഡിതനെ നിയമിച്ച്, എല്ലാ ആദരവും കൊടുത്ത്, ഹനഫീസമൂഹം അവരുടെ ഇമാമാക്കുന്നു. എന്റെ ഗുരുനാഥനായ ഈരാറ്റുപേട്ടക്കാരൻ ഈസാ ഉസ്താദ്, കാഞ്ഞിരപ്പള്ളിയുടെ ഏറ്റവും പ്രതാപകാലത്തെ ഇമാമാണ് - ഹനഫീ പള്ളിയിലെ ശാഫിഈ ഇമാം. തലയെടുപ്പുള്ള പണ്ഡിതരിൽ പലരും ഇങ്ങനെയായിരുന്നു. മദ്ഹബുകൾ തമ്മിൽ, പിൽക്കാലത്ത് പ്രചരിപ്പിക്കപ്പെട്ട അകലമൊന്നും യഥാർഥത്തിൽ ഇല്ല, കർമശാസ്ത്ര ശൈലി എന്നതിനപ്പുറം  തീവ്രതക്കൊന്നും അതിൽ സ്ഥാനമില്ല എന്ന കൃത്യമായ ബോധ്യം യഥാർഥ പണ്ഡിതൻമാർക്ക് ഉണ്ടായിരുന്നു എന്നതാണ് കാരണം. പക്ഷേ, ശാഫിഈകൾ മാത്രം ജീവിക്കുന്ന വടക്കൻ മലബാറിന്റെ സ്ഥിതി അൽപം വ്യത്യസ്തമാണ്. അവർ ശാഫിഈ അല്ലാത്ത മദ്ഹബിനെ പരിചയിച്ചിട്ടില്ല. എന്നാൽ, മറ്റു മദ്ഹബിന്റെ ഇമാമുമാരെ, മലബാറിലെ യഥാർഥ ശാഫിഈ പണ്ഡിതൻമാർ തള്ളിപ്പറഞ്ഞിട്ടില്ല.

എന്നു മാത്രമല്ല, മലബാറിലെ ശാഫിഈ പണ്ഡിതരിൽ പലരും, സമസ്തയുടെ പല നേതാക്കളും, ഹനഫീ മദ്ഹബിന്റെ ഏറ്റവും വലിയ ആസ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന ദയൂബന്ദ് ദാറുൽ ഉലൂമിൽ വിദ്യാഭ്യാസം നേടിയിട്ടുള്ളവരാണ്. ഇരു വിഭാഗം സമസ്തയുടെയും ഇന്നത്തെ ബഹുമാന്യരായ രണ്ട് പ്രസിഡന്റുമാരും, സുലൈമാൻ ഉസ്താദും മുത്തുക്കോയ തങ്ങളും ദയൂബന്ദിൽ പഠിച്ചവരാണ്. കെ.കെ ഹസ്റത്ത്, അസ്ഹരി തങ്ങൾ, ചിത്താരി ഹംസ മുസ് ലിയാർ, നെല്ലിക്കുത്ത് ഇസ്മാഈൽ മുസ് ലിയാർ  തുടങ്ങി പാണ്ഡിത്യത്തിന്റെ നിറകുടങ്ങളായിരുന്ന, എടുത്തുപറയാവുന്ന പലരും ദയൂബന്ദിന്റെ സന്തതികളാണ്.  എന്തുകൊണ്ട് ഇത് സംഭവിച്ചു? വിഭാഗീയത ഉള്ളിൽ കൊണ്ടുനടന്നവരായിരുന്നില്ല ഇവർ. ആയിരുന്നെങ്കിൽ, മഹാൻമാരായ ഹനഫീ പണ്ഡിതർ സ്ഥാപിച്ച കലാലയത്തിൽ അവർ അറിവ് തേടി പോകുമായിരുന്നില്ലല്ലോ! ഗുരുനാഥൻമാർ അവരെ പറഞ്ഞയക്കുമായിരുന്നോ? 

പക്ഷേ, ഹനഫികളെ അന്യരെപ്പോലെ കാണുന്ന പാമരവീക്ഷണം ചില മേഖലകളിൽ രൂപപ്പെടുന്നുണ്ട് എന്നു മാത്രം. അതൊരു പണ്ഡിത വീക്ഷണമല്ല.  ഒരുമിച്ച് ജീവിക്കാൻ കഴിഞ്ഞിട്ടില്ലാത്ത വടക്കേ ഇന്ത്യയിലെ ഹനഫികൾക്കിടയിലും  ഇത്തരം ചില പ്രശ്നങ്ങളുണ്ട്. അത്തഹിയ്യാത്തിൽ വിരൽ ഉയർത്തിപ്പിടിച്ചത് കാണുമ്പോൾ ക്ഷുഭിതരാകുന്നത് ഉദാഹരണം. അഹ് ലുസ്സുന്നത്തിനെ കുറിച്ച അറിവില്ലായ്മയാണ് ഇതിനെല്ലാം കാരണം. മദ്ഹബുകൾക്കും സംഘടനകൾക്കും അതീതമായി കാര്യങ്ങൾ മനസ്സിലാക്കാനുള്ള വിശാലതയാണ് നാം കൈവരിക്കേണ്ടത്.

വിദ്യാഭ്യാസം, സാമൂഹിക പദവി, രാഷ്ട്രീയ-സാംസ്കാരിക ഇടപെടലുകൾ എന്നിവയിൽ ഏറെ മുന്നേറിയിട്ടുണ്ട് കേരള മുസ് ലിംകൾ. പക്ഷേ,  പണ്ഡിതൻമാർക്കിടയിലെ ഈഗോ ക്ലാഷുകളും സംഘടനകൾക്കിടയിലെ സംഘർഷങ്ങളും മറ്റും നമ്മുടെ ദൗർബല്യമാണ്. കേരള മുസ് ലിംകളുടെ, വിശേഷിച്ചും മലബാറിലെ മത സംഘടനാ പരിസരത്തെ ആഭ്യന്തര സംഘർഷങ്ങൾ ഏറെ പ്രയാസപ്പെടുത്തുന്നതാണ്. മുമ്പ് പള്ളികൾക്കകത്തായിരുന്നെങ്കിൽ, ഇടക്കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു പൂട്ടുന്നതിലേക്ക് കാര്യങ്ങൾ വഷളായി. ഇപ്പോഴും മത-രാഷ്ട്രീയ സംഘടന മൂപ്പിളമത്തർക്കങ്ങൾ ആശാസ്യമല്ലാത്ത വടംവലികൾക്ക് കാരണമാകുന്നുണ്ട്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്? എന്താണ് പരിഹാരം?

വിഷയങ്ങളെ സഹിഷ്ണുതയോടെ ഉൾക്കൊള്ളുക എന്ന സമീപന രീതിശാസ്ത്രം പതിറ്റാണ്ടുകളായി കേരളീയ മുസ് ലിം സംഘടനകൾക്ക് പരിചയമില്ലാത്തതാണ്. ഉൾക്കൊള്ളലിന്റെ സമീപനം അവരെ  പരിശീലിപ്പിച്ചിട്ടില്ല. ഇതാണ് അടിസ്ഥാന പ്രശ്നം. കൂടുതൽ അംഗസംഖ്യയുള്ളവർ, 'ഞങ്ങളാണ് വലിയ സംഘടന, ഞങ്ങൾക്കാണ് കൂടുതൽ അവകാശം' എന്നാണ് എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുക. ചെറിയ സംഘത്തിന്റെ അവകാശങ്ങൾ പരിഗണിക്കുന്ന സമീപനം കേരളീയ മുസ് ലിം സംഘടനകൾക്കിടയിൽ കാണാനില്ല. പറയുന്നത് വലിയവരായാലും ചെറിയവരായാലും ശരിയായ നിലപാടുകളും ന്യായമായ അവകാശങ്ങളും അംഗീകരിക്കുക എന്നതാണ് ഇസ് ലാമിന്റെ നിലപാട്. ഇതു പക്ഷേ, അംഗീകരിക്കപ്പെടുന്നില്ല.

നേരത്തെ ഇതര സംഘടനകളോട് സ്വീകരിച്ച ഈ നിലപാട്, സ്വന്തം സംഘടനക്കകത്തെ മറു വീക്ഷണക്കാരോടും സ്വീകരിക്കുന്നു എന്നതാണ് നാമിപ്പോൾ കാണുന്നത്. മറ്റു മുസ് ലിം സംഘടനകളോട് സ്വീകരിച്ച് ശീലിച്ച അതേ ധാർഷ്ട്യത്തിന്റെയും തിരസ്കാരത്തിന്റെയും സമീപനം ആഭ്യന്തര രംഗത്തും കൈക്കൊള്ളുകയാണ്. മറ്റുള്ളവരെ കേൾക്കാൻ കൂട്ടാക്കാത്ത, അവരുടെ പ്രയാസങ്ങളുടെ പരിസരങ്ങളും പശ്ചാത്തലങ്ങളും മനസ്സിലാക്കാത്ത, പ്രശ്നങ്ങളെ അനുഭാവപൂർവം പരിഗണിക്കാത്ത നിലപാടാണ് അവർ ഇതുവരെ പഠിച്ചതും പരിശീലിച്ചതും. സ്വാഭാവികമായും സ്വന്തം സംഘടനക്കകത്തും ഇതു തന്നെയല്ലേ സ്വീകരിക്കുക! വ്യത്യസ്തമായ മറ്റൊരു ശൈലി സ്വീകരിക്കുക അവർക്ക് എളുപ്പമല്ല. കാരണം, അവർ ഈ ശൈലിയേ പഠിച്ചിട്ടുള്ളൂ. ഞങ്ങളോട് വിയോജിക്കുന്നവരെ, ഞങ്ങളുടെ മേധാവിത്വം അംഗീകരിക്കാത്തവരെ ഞങ്ങൾ തകർക്കും, ഞങ്ങൾ ഇങ്ങനെയേ ചെയ്യൂ, ഞങ്ങളെ ആരും ഉപദേശിക്കേണ്ട എന്നതാണ് നിലപാട്! 

ഇതര സംഘടനകളെ സ്നേഹിക്കുന്ന, സൗഹൃദത്തോടെ സംസാരിക്കുന്ന, ഉൾക്കൊള്ളലിന്റെ നിലപാട് ഏതു കാലത്താണ് മുസ് ലിം സംഘടനകൾ പൊതുവെ സ്വീകരിച്ചിട്ടുള്ളത്!

പ്രബോധനത്തിന്റെ, ആശയ പ്രചാരണത്തിന്റെ, പ്രഭാഷണത്തിന്റെ വേദികളിലെല്ലാം പൊതുവെ പുലർത്തിപ്പോന്നിട്ടുള്ള, പുറം തള്ളലിന്റെ, അധിക്ഷേപത്തിന്റെ ശൈലി ഒരു അലങ്കാരമായി ഇന്നും കൊണ്ടുനടക്കുകയാണ് പലരും. അടഞ്ഞ ലോകത്തിരുന്നാണ് അത്തരക്കാർ ചിന്തിക്കുന്നത്. പൊതു സമൂഹം തങ്ങളെ വീക്ഷിക്കുന്നത്, വിലയിരുത്തുന്നത്, ഇസ് ലാമിനെയും മുസ് ലിംകളെയും കുറിച്ച കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുന്നത് ഒന്നും അവർക്ക് പ്രശ്നമേ അല്ല. തങ്ങളുടെ പ്രവർത്തനങ്ങൾ ഇസ് ലാമിനെ മനസ്സിലാക്കാനുള്ള അളവുകോലാണ് എന്ന തിരിച്ചറിവും ബോധവും ഒരു കാലത്തും അവർക്കുണ്ടായിട്ടില്ല.

തങ്ങളുടെ വാക്കും ചെയ്തികളും കാരണം ഇസ് ലാം തെറ്റിദ്ധരിക്കപ്പെടരുത്, മുസ് ലിംകളെ കുറിച്ച് മോശമായ ഒരു ചിത്രം മറ്റുള്ളവരുടെ മനസ്സിൽ രൂപപ്പെടരുത് എന്ന പ്രബോധനപരമായ ഉയർന്ന സമീപനത്തിലേക്ക് മുസ് ലിം സംഘടനകൾ വളരുമ്പോൾ മാത്രമേ ഒരു മാറ്റം പ്രതീക്ഷിക്കേണ്ടതുള്ളൂ. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 21-23
ടി.കെ ഉബൈദ്

ഹദീസ്‌

ജിബ്്രീലിന്റെ അഞ്ച് ഉപദേശങ്ങൾ
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്