തട്ടം വലിക്കുന്നത് പുരോഗമനമോ?
ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രധാന ടാർഗറ്റ് മുസ് ലിംകളാണെന്ന കാര്യത്തിൽ ഇന്ന് ഇന്ത്യയിൽ ഒരു മതേതര രാഷ്ട്രീയ പാർട്ടിക്കും യാതൊരു സംശയവും ഉണ്ടാകാനിടയില്ല. ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് അവരുടെ വംശീയ ഉന്മൂലനം അത്ര എളുപ്പത്തിൽ സാധിച്ചുകൊള്ളണമെന്നില്ല. അതിനാൽ, അധികാര മണ്ഡലത്തിൽ നിന്നും, അത് പ്രദാനം ചെയ്യുന്ന സാമൂഹിക-സാത്തിക-വികസന പ്രക്രിയകളിൽ നിന്നും അവരെ ബഹുദൂരം തള്ളിമാറ്റുക എന്ന തന്ത്രമാണ് അവർ സ്വീകരിച്ചുവരുന്നത്. അതായത്, സഹസ്രാബ്ദങ്ങളായി ബ്രാഹ്മണ മേധാവിത്വം കീഴാളരോട് ചെയ്തതു പോലെ മുസ് ലിംകളെ അരികുവൽക്കരിക്കപ്പെട്ട ജനതയാക്കി മാറ്റുക. ജ്ഞാനാധികാരം ഉപയോഗിച്ചാണ് ബ്രാഹ്്മണ മേധാവിത്വം പണ്ട് അത് ചെയ്തിരുന്നതെങ്കിൽ ഇന്ന് വളരെ പുരോഗമനം എന്ന് കരുതപ്പെടുന്ന ജനാധിപത്യത്തിലെ ഭൂരിപക്ഷാധികാരം എന്ന സാധ്യതയെ പ്രയോജനപ്പെടുത്തിയാണ് ഹിന്ദുത്വ രാഷ്ട്രീയം മുസ് ലിംകളുടെ അരികുവൽക്കരണത്തിന് തുനിഞ്ഞിറങ്ങിയിരിക്കുന്നത്. ഇത് സാധ്യമായാൽ പിന്നെ വംശീയ ഉൻമൂലനം ആവശ്യമായി വരില്ല. വർഗീയ ധ്രുവീകരണമാണ് അതിന് അവരുടെ കൈയിലെ ഏറ്റവും വലിയ ആയുധം.
ജനസംഖ്യയിലെ പതിനഞ്ചോ ഇരുപതോ ശതമാനം ഒരു ഭാഗത്തും ബാക്കി മഹാ ഭൂരിപക്ഷം മറു ഭാഗത്തുമായി ധ്രുവീകരിക്കപ്പെട്ടാൽ പിന്നെ മുസ് ലിം അരികുവൽക്കരണം പൂർണമാകുന്നതോടൊപ്പം, ഭൂരിപക്ഷാധികാരത്തിന്റെ ഗുണഭോക്താവ് എക്കാലവും ഈ ധ്രുവീകരണ രാഷ്ട്രീയത്തിന്റെ വക്താക്കളായ ഹിന്ദുത്വ രാഷ്ട്രീയമായിരിക്കുകയും ചെയ്യും. ഫലത്തിൽ മുസ്്ലിംകളുടെ മാത്രമല്ല, മതേതര രാഷ്ട്രീയ കക്ഷികളുടെ കൂടി അരികുവൽക്കരണമാണ് അതിലൂടെ സംഭവിക്കുക. അതിനാൽ, ഇന്ത്യയിലെ മതേതര രാഷ്ട്രീയ പാർട്ടികൾ ഇന്ന് കാണിക്കേണ്ട ഏറ്റവും വലിയ രാഷ്ട്രീയ ജാഗ്രത സംഘ് പരിവാറിന്റെ ധ്രുവീകരണ അജണ്ടയിൽ പെട്ടു പോകാതിരിക്കുക എന്നതാണ്. കോൺഗ്രസ് അടക്കമുള്ള ഇന്ത്യയിലെ മിക്കവാറും മതേതര പാർട്ടികൾക്ക് ഇന്ന് ഈ ജാഗ്രതയുണ്ട്. ധ്രുവീകരണ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുന്ന വാക്കോ പ്രവൃത്തിയോ കോൺഗ്രസ്, സമാജ് വാദി, ബഹുജൻ, ദ്രാവിഡ പാർട്ടികളിൽനിന്നൊന്നും ഇല്ലാതിരിക്കുന്നത് ഈ രാഷ്ട്രീയ ജാഗ്രതയുടെ ഫലമാണ്.
മേൽ പറഞ്ഞ രാഷ്ട്രീയ ജാഗ്രത തീരെയില്ലാത്ത ഒരു മതേതര രാഷ്ട്രീയ പാർട്ടി ഇപ്പോഴുണ്ടെങ്കിൽ അത് നിർഭാഗ്യവശാൽ കേരളത്തിലെ സി.പി.എമ്മാണെന്ന് പറയേണ്ടിവന്നിരിക്കുന്നു. 1985-ലെ ശരീഅത്ത് വിവാദ കാലം മുതൽ ബാബരി മസ് ജിദ് തകർച്ചയെ തുടർന്നുള്ള പത്തോ പതിനഞ്ചോ വർഷം മാറ്റി നിർത്തിയാൽ, ഇക്കാലം വരെയും പല കാരണങ്ങളാൽ ഒരു രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ ബി.ജെ.പി അത്ര ശക്തമല്ലാത്ത കേരളത്തിൽ അവരുടെ രാഷ്ട്രീയ ആയുധമായ ധ്രുവീകരണ രാഷ്ട്രീയത്തിൽ തങ്ങളുടെ താൽക്കാലികമായ തെരഞ്ഞെടുപ്പ് നേട്ടം സി.പി.ഐ എം കണ്ടു എന്നത് കേരളത്തിന് ഏൽപിക്കുന്ന ആഘാതം അത്ര നിസ്സാരമല്ല. ഇ.എം.എസ് ഉയർത്തിവിട്ട ശരീഅത്ത് വിവാദം കേരളത്തിന്റെ പൊതുബോധത്തെ വലിയ അളവിൽ മുസ് ലിം വിരുദ്ധമാക്കി എന്ന് പല സാമൂഹിക നിരീക്ഷകരും ചൂണ്ടിക്കാണിച്ചതാണ്. അത്തരമൊരു സാഹചര്യം നിലനിൽക്കെയാണ് 1987-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കരുണാകരൻ ഗവൺമെന്റിന്റെ മുല്ല-മുക്രി പെൻഷൻ കൂടി സി.പി.എം വിവാദമാക്കിയത്. ലക്ഷ്യം ഹിന്ദു വോട്ട് പരമാവധി സമാഹരിക്കുക. അതിന്റെ തന്നെ തുടർച്ചയാണ് കുഞ്ഞൂഞ്ഞ്-മാണി-കുഞ്ഞാലിക്കുട്ടി മുതൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കുഞ്ഞാലിക്കുട്ടി-ഹസൻ-അമീർ രാഷ്ട്രീയ പ്രസ്താവനകൾ വരെ. മലപ്പുറത്തെ കുറിച്ചുള്ള സി.പി.എം നേതാക്കളായ വി.എസിന്റെയും കടകം പള്ളിയുടെയും വിജയ രാഘവന്റെയും പ്രസ്താവനകൾ സി.പി.എമ്മിന്റെ ധ്രുവീകരണ രാഷ്ട്രീയത്തെ പുതിയൊരു തലത്തിലെത്തിച്ചു.
ഈ പ്രസ്താവനകളുടെ ലക്ഷ്യം വർഗീയ ധ്രുവീകരണമല്ലെങ്കിൽ പിന്നെ എന്താണെന്ന് സി.പി.എം വിശദീകരിക്കേണ്ടതായിരുന്നു. സി.പി.എമ്മിന് അത് തെരഞ്ഞെടുപ്പിൽ താൽക്കാലിക വിജയം നൽകിയിട്ടുണ്ട് എന്ന് സമ്മതിക്കുന്നു. പക്ഷേ, മതേതര പ്രതിബദ്ധതയിൽ മറ്റേതൊരു മതേതര പാർട്ടിയെക്കാളും കേമൻമാരെന്ന് സ്വയം കരുതുന്ന സി.പി.എമ്മിന്, ഇത്തരം ധ്രുവീകരണ അജണ്ടകൾ ഒടുവിൽ ഹിന്ദുത്വ രാഷ്ട്രീയത്തിനാണ് ഗുണം ചെയ്യുക എന്ന തിരിച്ചറിവ് എന്തുകൊണ്ട് ഇല്ലാതെ പോയി? അതുകൊണ്ടാണ് ഹിന്ദുത്വ മേൽക്കോയ്മ ഒരു യാഥാർഥ്യമായി മാറിയ സമകാലികാവസ്ഥയിൽ മതേതര ജാഗ്രത തീരെ കുറഞ്ഞുപോയ സംഘടന കേരള സി.പി.എമ്മാണ് എന്നു പറയേണ്ടിവരുന്നത്.
ഏറ്റവുമൊടുവിൽ, നാസ്തിക വേദിയിൽ സി.പി.എം സംസ്ഥാന സമിതിയംഗം കെ. അനിൽകുമാറിന്റെ വിവാദപരമായ തട്ടം പ്രസ്താവന സി.പി.എമ്മിന്റെ പതിവ് ധ്രുവീകരണ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് പറയുന്നത് അതിവായനയായിരിക്കും. എങ്കിലും പുരോഗമന വാദികൾ എന്ന് നാട്യം പേറുന്ന ആധുനിക വാദികൾ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യത്തിൽ മുസ് ലിം പുരോഗമനത്തെ കുറിച്ച് നിർമിച്ചുണ്ടാക്കിയതും അര മുക്കാൽ നൂറ്റാണ്ടിന്റെ അനുഭവത്തിന് മുിൽ പൊളിഞ്ഞ് പാളീസായതുമായ ഒരു മുൻ വിധി സി.പി.എം നേതാക്കളെ ഇപ്പോഴും വിട്ടൊഴിഞ്ഞു പോയിട്ടില്ല എന്നതിന്റെ തെളിവാണ് അനിൽകുമാറിന്റെ പ്രസ്താവനയെന്നതിൽ സംശയമില്ല. മുസ് ലിം പെണ്ണിന്റെ തട്ടം അവളുടെ തലയിൽനിന്ന് അഴിപ്പിക്കുന്നതാണ് പുരോഗതി എന്നതാണ് നടേ പറഞ്ഞ മുൻവിധി. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ചില മുസ് ലിം ആധുനിക വാദികളും ഈ മുൻവിധി ഉൽപാദിപ്പിക്കുന്നവരുടെ കൂട്ടത്തിലുണ്ടായിരുന്നുവെന്ന് സമ്മതിക്കുന്നു. അക്കാലത്ത് സാമൂഹിക വിദ്യാഭ്യാസ രംഗത്ത് പൊതുവെ മുസ് ലിംകൾ പിന്നാക്കം തന്നെയായിരുന്നു. പക്ഷേ, അതിനു കാരണം മുസ് ലിം സ്ത്രീയുടെ മൂടുപടം ആയിരുന്നോ എന്നതിലേ തർക്കമുണ്ടായിരുന്നുള്ളൂ. അതിനെയൊന്നും പോസ്റ്റ് മോർട്ടം ചെയ്യുക ഈ ലേഖനത്തിന്റെ ഉദ്ദേശ്യമല്ല. പക്ഷേ, ഒരു കാര്യം ഉറപ്പിച്ച് പറയാനാകും: ഇന്ന് ഈ മുൻവിധിയെ ചൂഷണം ചെയ്യുന്നവരെ നയിക്കുന്ന വംശീയ ബോധം അന്നുള്ളവർക്കുണ്ടായിരുന്നില്ല. മാത്രമല്ല, മുസ് ലിംകളെ പുരോഗതിയിലേക്ക് നയിക്കാൻ ആത്മാർഥമായി അത്യധ്വാനം ചെയ്ത സർ സയ്യിദ് പോലെയുള്ള മഹത് വ്യക്തികളും അവരുടെ കൂട്ടത്തിലുണ്ടായിരുന്നു. മുസ് ലിം സ്ത്രീയുടെ മൂടുപടവും തട്ടവും ഇന്ന് പക്ഷേ, വംശീയത വമിക്കുന്ന ഇസ് ലാമോഫോബിയയുടെ ഏറ്റവും വലിയ ടൂളുകളിലൊന്നാണ് എന്നതാണ് യാഥാർഥ്യം. സിവിൽ കോഡ് മുറവിളിയുടെ പിന്നിലെ ഹിന്ദുത്വ അജണ്ട വൈകിയാണെങ്കിലും തിരിച്ചറിഞ്ഞ സി.പി.എമ്മിലെ ഒരു നേതാവ്, തട്ടം വിവാദമാക്കുന്ന ഇസ് ലാമോഫോബിക് അജണ്ടയും തിരിച്ചറിയേണ്ടിയിരുന്നു. അതില്ലാതെ പോയതാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന് ഇവിടെയും ഇടപെടാൻ അവസരമുണ്ടാക്കിയത്.
മുസ് ലിംകളുടെ വിദ്യാഭ്യാസ പുരോഗതിയിൽ സി.പി.എമ്മിന്റെ പങ്ക് വിശദീകരണത്തിനിടയിലാണ് അനിൽകുമാർ അവളുടെ തട്ടത്തിൽ കയറിപ്പിടിച്ചത്. തട്ടത്തിൽ കയറിപ്പിടിച്ചിരുന്നില്ലെങ്കിൽ അനിൽകുമാർ പറയാൻ ശ്രമിച്ചത് ഒരു ഡിബേറ്റിനുള്ള വിഷയമാണ്. എന്നാൽ, തട്ടത്തിൽ കൂടി കൈവെച്ചതിനാൽ നമുക്ക് പരിശോധിക്കാനുള്ളത് രണ്ട് കാര്യങ്ങളാണ്: അതിലൊന്ന്, മുസ് ലിം സമുദായത്തിന് ഭൂരിപക്ഷമുള്ള മലപ്പുറം കൂടി ഉൾക്കൊള്ളുന്ന മലബാറിന്റെ പുരോഗതിയിൽ സി.പി.എമ്മിന്റെ പങ്ക് എത്ര, മറ്റുള്ളവരുടെ പങ്ക് എത്ര? രണ്ടാമത്തേത്, മുസ് ലിം സമുദായത്തിന്റെ പുരോഗതിയിൽ തട്ടം ഊരുന്നതിന് വല്ല പങ്കുമുണ്ടോ?
തീർച്ചയായും സി.പി.എം കേരളത്തിൽ ദീർഘകാലം ഭരണത്തിലിരുന്ന, ഇപ്പോഴും ഭരിച്ചുകൊണ്ടിരിക്കുന്ന പാർട്ടിയാണ്. മതേതര പാർട്ടികൾ പൊതുവെ മുസ് ലിംകളെ വോട്ടുബാങ്കായി മാത്രമേ കണ്ടിട്ടുള്ളൂ. കോൺഗ്രസ് ദീർഘ കാലമായി ദേശീയ തലത്തിൽ ചെയ്തത് അതാണ്. മുസ്്ലിംകളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പുരോഗതി അവരുടെ അജണ്ടയിലേ ഉണ്ടായിരുന്നില്ല. പാർട്ടിക്ക് വോട്ട് ചെയ്യുകയല്ലാതെ മറ്റൊരു ഓപ്ഷൻ അവരുടെ മുിലില്ല എന്നതായിരുന്നു കോൺഗ്രസിന്റെ ധൈര്യം. പശ്ചിമ ബംഗാളിൽ അടിയന്തരാവസ്ഥക്ക് ശേഷം തുടർച്ചയായി അധികാരത്തിൽ വന്ന സി.പി.എമ്മും അവിടത്തെ മുസ് ലിംകളെ വോട്ടുബാങ്കായി മാത്രമേ കണ്ടിരുന്നുള്ളൂ എന്നതിന്റെ തെളിവായിരുന്നു സച്ചാർ കമ്മിറ്റി പുറത്ത് കൊണ്ടു വന്ന ബംഗാൾ മുസ് ലിംകളുടെ അവസ്ഥ.
എന്നാൽ കേരളത്തിൽ അധികാരത്തിലിരുന്ന കോൺഗ്രസ്സാകട്ടെ, സി.പി.എമ്മാകട്ടെ ഇവിടെ മുസ് ലിംകൾ ഒരു വോട്ടുബാങ്കായി മാറാതെ രാഷ്ട്രീയമായി സ്വയം സംഘടിച്ചതിനാൽ അതിന്റെ സമ്മർദം കാരണം അവർ ഭരിക്കുോൾ മുസ്്ലിംകളുടെ കാര്യത്തിൽ അവർക്ക് ചിലതെങ്കിലും ചെയ്യാതിരിക്കാൻ കഴിഞ്ഞില്ല എന്നതൊ രു യാഥാർഥ്യമാണ്. സി.പി.എം തങ്ങളുടെ നേട്ടമായി എടുത്തു പറയാറുള്ള മലപ്പുറം ജില്ലയും കോഴിക്കോട് സർവകലാശാലയുമെല്ലാം ഈ മുസ് ലിം രാഷ്ട്രീയത്തിന്റെ സമ്മർദ ഫലമാണ്. എന്നാൽ, പിൽക്കാലത്ത് പ്ലസ്ടുവിന്റെയും സർക്കാർ കോളേജുകളുടെയും കാര്യത്തിൽ മലബാർ പിന്നാക്കാവസ്ഥയിൽ ഇപ്പോഴും തുടരുന്നത് മുസ് ലിം രാഷ്ട്രീയത്തിന്റെ സമർദവും വേണ്ട അളവിൽ വിജയം കണ്ടില്ല എന്നതിന് തെളിവാണ്.
എന്നിരിക്കെ മുസ് ലിംകളിൽ ഇപ്പോൾ കാണുന്ന ഉണർവിന് മറ്റെന്തിനെക്കാളും അവർ കടപ്പെട്ടിരിക്കുന്നത് ഗൾഫ് കുടിയേറ്റത്തോടാണ്. മലബാറിലെ മുസ് ലിം വിദ്യാഭ്യാസ രംഗത്ത് വലിയ വിപ്ലവം തന്നെ പ്രവാസികളുടെ പണം സൃഷ്ടിച്ചിട്ടുണ്ട്. ആദ്യ കാലത്ത് ഡോ. പി.കെ അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ എം.ഇ. എസ് തുടക്കംകുറിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളും മുസ് ലിംകളുടെ പുരോഗതിയെ സ്വാധീനിച്ച കാര്യം പറയാതിരിക്കുന്നത് നന്ദികേടായിരിക്കും.
ഇനി തട്ടത്തിന്റെ കാര്യം. തട്ടം ഇടാതിരിക്കലാണ് മുസ് ലിംകളുടെ പുരോഗതിയുടെ അടയാളമെങ്കിൽ എൺപതുകൾക്ക് മു് മലബാറിലെ മുസ് ലിം സ്ത്രീകളിൽ പർദയോ തല മുഴുവൻ മറയുന്ന തട്ടമോ ഉപയോഗിക്കുന്നവർ തീരെ വിരളമായിരുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഇന്നത്തെ അപേക്ഷിച്ച് അക്കാലത്ത് മുസ് ലിംകൾ വളരെ പിറകിലായിരുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കേവലം ആചാരബന്ധിതമായ ഒരു മതബോധമാണ് അക്കാലങ്ങളിൽ മുസ് ലിം സമൂഹത്തിൽ നിലനിന്നിരുന്നതും പരമ്പരാഗത പണ്ഡിതൻമാർ പ്രചരിപ്പിച്ചിരുന്നതും. അനുഷ്ഠാനങ്ങൾക്കോ സംസ്കാരത്തിനോ പ്രസ്തുത മതബോധത്തിൽ വലിയ പ്രാധാന്യം ഉണ്ടായിരുന്നില്ല. മാലയും മൗലൂദും റാത്തീബും ഉണ്ടായിരിക്കും. പക്ഷേ, നമസ്കാരവും നോും മറ്റു പ്രധാന അനുഷ്ഠാനങ്ങളും വളരെ കമ്മിയുമായിരിക്കും. സ്ത്രീകളുടെ വസ്ത്രധാരണമാകട്ടെ ഇസ് ലാമിക കാഴ്്ചപ്പാടിൽ വളരെ പരിമിതികൾ ഉള്ളതും. തട്ടമില്ലാതായാൽ പുരോഗതിയുണ്ടാകും എന്ന ധാരണ തെറ്റാണ് എന്ന് ഇതിൽനിന്ന് വ്യക്തമല്ലേ?
തൊള്ളായിരത്തി എൺപതുകളിൽ മുസ് ലിംകൾക്കിടയിൽ നവോത്ഥാന പ്രസ്ഥാനങ്ങൾ ശക്തിപ്പെട്ടതോടെയാണ് മുസ് ലിം സമൂഹം ആചാര ബന്ധിത മതബോധത്തിൽനിന്ന് പുറത്തുകടന്ന് യഥാർഥ മതബോധത്തിലേക്ക് നയിക്കപ്പെട്ടത്. പ്രസ്തുത മതബോധത്തിൽ കേവലാചാരങ്ങളെക്കാൾ സംശുദ്ധമായ വിശ്വാസവും അനുഷ്ഠാനങ്ങളും ധാർമിക സദാചാര ബോധവുമായിരുന്നു പ്രധാനം. നേരത്തെ കേവല ആചാരങ്ങൾക്ക് മാത്രം പ്രാധാന്യം നൽകിയിരുന്ന പരരാഗത മതനേതൃത്വത്തെയും ഈ മതബോധം സ്വാധീനിക്കാതിരുന്നില്ല. സ്ത്രീകളുടെ തട്ടം മുസ് ലിം സമുദായത്തിൽ പ്രാധാന്യം നേടിയത്, പരരാഗത മതനേതൃത്വത്തെ പോലും സ്വാധീനിച്ച പരിഷ്്കരണ പ്രസ്ഥാനങ്ങൾ പ്രചരിപ്പിച്ച മതബോധം സമുദായം നെഞ്ചേറ്റാൻ തുടങ്ങിയതോടെയാണ്. അവരുടെ വിദ്യാഭ്യാസ പുരോഗതിയും ഈ മതബോധത്തിൽനിന്ന് ഉരുവംകൊണ്ടതാണ്. അതിനാൽ, തട്ടം ഊരിയതു കൊണ്ടല്ല, തട്ടം ഇടാൻ തുടങ്ങിയതുകൊണ്ടാണ് മലബാറിലെ മുസ് ലിംകൾ പുരോഗതി നേടിയത് എന്ന യാഥാർഥ്യം കാണാൻ തട്ടം വലിക്കാൻ ആഗ്രഹിക്കുന്ന അനിൽകുമാറുമാർ തയാറാകണം.
Comments