പോരാട്ടത്തിന്റെ നാള്‍വഴികള്‍
അധിനിവേശത്തിനെതിരെ ഒരു ജനത നടത്തിവരുന്ന മുക്കാല്‍ നൂറ്റാണ്ടു പിന്നിട്ട ചെറുത്തുനില്‍പിനെ ഭീകരവാദമായി ചിത്രീകരിക്കുന്ന പ്രവണത പുതിയതല്ല. സ്വന്തം ഭൂമിയില്‍നിന്ന് കുടിയിറക്കപ്പെട്ടവര്‍ നടത്തുന്ന സമര പ്രക്ഷോഭങ്ങള്‍ സ്വാതന്ത്ര്യ വിമോചന പോരാട്ടമായി അടയാളപ്പെടുത്തുന്നതിനു പകരം അതിക്രമകാരികള്‍ക്ക് ഒപ്പം നില്‍ക്കുന്ന കാഴ്ചയാണ് എങ്ങും. ഫലസ്ത്വീന്‍ അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. ലോകത്ത് നിലനില്‍ക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ നാള്‍വഴികള്‍ പരിശോധിക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാകും.
തലമുറകളായി ഫലസ്ത്വീന്‍ മണ്ണില്‍ ജീവിക്കുന്ന അറബ് മുസ്‌ലിംകളെ കൊന്നും ഭീകര മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ആട്ടിപ്പുറത്താക്കിയുമാണ് സയണിസ്റ്റുകള്‍ ഇസ്രായേല്‍ രാഷ്ട്രം ഉണ്ടാക്കിയത്. 1940-കളിലും അമ്പതുകളിലും ഏഴര ലക്ഷത്തോളം വരുന്ന ഫലസ്ത്വീനികള്‍ സ്വന്തം മണ്ണില്‍നിന്ന് വംശീയ ഉന്മൂലനം ചെയ്യപ്പെട്ടിരുന്നില്ലെങ്കില്‍ ഇസ്രായേലി ജനസംഖ്യയില്‍ ഇക്കാണുന്ന 20 ശതമാനത്തിന്റെ കണക്കായിരുന്നില്ല ഫലസ്ത്വീനികള്‍ക്ക് പറയാനുണ്ടാവുക. പുറത്താക്കപ്പെട്ട ഫലസ്ത്വീനികളെ തിരിച്ചുവരാന്‍ അനുവദിക്കില്ലെന്ന സയണിസ്റ്റുകളുടെ ധിക്കാരം യു.എന്‍ പ്രമേയങ്ങളുടെ ലംഘനമാണ്. യു.എന്‍ രക്ഷാസമിതി പാസാക്കിയ 194-ാം നമ്പര്‍ പ്രമേയം ജന്മനാട്ടിലേക്ക് തിരിച്ചുവരാനുള്ള ഫലസ്ത്വീനി അഭയാര്‍ഥികളുടെ അവകാശം ഊന്നിപ്പറയുന്നു. ഫലസ്ത്വീന്‍ മണ്ണിലെ ജൂതന്മാരുടെ അവകാശത്തെക്കുറിച്ച് ഒരു അന്താരാഷ്ട്ര നിയമത്തിലും പരാമര്‍ശവും ഇല്ലെന്നതും ശ്രദ്ധേയമാണ്.
അറബ് -മുസ്‌ലിം രാജ്യങ്ങളുടെ എതിര്‍പ്പുകള്‍ക്കിടയില്‍ ഇസ്രായേലിനെ ഐക്യരാഷ്ട്ര സഭ 1947-ല്‍ അംഗീകരിച്ചെങ്കിലും ഇസ്‌ലാം, ക്രൈസ്തവ, ജൂത മതവിഭാഗങ്ങള്‍ പുണ്യം കല്‍പിക്കുന്ന ജറൂസലം നഗരം സൈനിക മുക്ത മേഖലയായി നിലനിര്‍ത്താനാണ് വിഭജന പദ്ധതി ശിപാര്‍ശ ചെയ്തത്. എന്നാല്‍, രാഷ്ട്ര പ്രഖ്യാപനത്തിനു പിന്നാലെയുണ്ടായ 1948-ലെ അറബ് - ഇസ്രായേല്‍ യുദ്ധത്തില്‍ അന്താരാഷ്ട്ര തീരുമാനത്തിന് വിരുദ്ധമായി ജറൂസലം ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ സയണിസ്റ്റുകള്‍ കൈയടക്കി. ഇസ്രായേല്‍ പിടിച്ചെടുത്ത ഭാഗം വെസ്റ്റ് ജറൂസലം എന്നറിയപ്പെട്ടു. ഇവിടെ ജൂതന്മാരെ ധാരാളമായി താമസിപ്പിക്കുക മാത്രമല്ല, പടിഞ്ഞാറന്‍ ജറൂസലമിലെ അറബ് നിവാസികളെ ബലപ്രയോഗത്തിലൂടെ പുറത്താക്കുകയും ചെയ്തു സയണിസ്റ്റ് ഭരണകൂടം. 1950-ല്‍ മാത്രമാണ് അറബികള്‍ക്ക് ഭൂരിപക്ഷമുള്ള കിഴക്കന്‍ ജറൂസലമിന്റെ നിയന്ത്രണം ജോര്‍ദാന് ലഭിക്കുന്നത്. സയണിസ്റ്റുകളാവട്ടെ, മസ്ജിദുല്‍ അഖ്‌സ്വാ ഉള്‍പ്പെടുന്ന കിഴക്കന്‍ ജറൂസലമും ഉള്‍പ്പെടുത്തി വിശാല ജറൂസലം പദ്ധതി പൂര്‍ത്തിയാക്കാന്‍ അവസരം കാത്തിരിക്കുകയായിരുന്നു. 1967-ലെ ആറു ദിവസത്തെ യുദ്ധത്തോടെ പുണ്യ നഗരം പൂര്‍ണമായി അവരുടെ അധീനത്തിലായി. കിഴക്കന്‍ ജറൂസലം ഉള്‍പ്പെടുന്ന വെസ്റ്റ് ബാങ്ക് മാത്രമല്ല, ഗസ്സയും ലബനാന്റെ ഭാഗമായിരുന്ന ജൂലാന്‍ കുന്നുകളും (ഗോലാന്‍ ഹൈറ്റ്‌സ്) ഈജിപ്തിന്റെ ഭാഗമായിരുന്ന സീനായ് പ്രദേശവും ഈ യുദ്ധത്തോടെ ഇസ്രായേല്‍ അധീനപ്പെടുത്തി. ക്യാമ്പ് ഡേവിഡ് കരാറില്‍ ഒപ്പുവെച്ച് ഇസ്രായേലുമായി സമാധാനം സ്ഥാപിച്ച് ഈജിപ്ത് സീനായി പ്രദേശം വീണ്ടെടുത്തെങ്കിലും മറ്റു പ്രദേശങ്ങള്‍ ഇന്നും ഇസ്രായേലിന്റെ കൈവശമാണ്.
അര നൂറ്റാണ്ടായി തുടരുന്ന അധിനിവേശം മുസ്‌ലിം രാജ്യങ്ങള്‍ മാത്രമല്ല, അന്താരാഷ്ട്ര സമൂഹവും അംഗീകരിച്ചിട്ടില്ല. അധിനിവേശ ഫലസ്ത്വീന്‍ പ്രദേശങ്ങളില്‍നിന്ന് പിന്മാറാന്‍ 1967-ല്‍ ഐക്യരാഷ്ട്ര സഭാ രക്ഷാസമിതി പാസാക്കിയ 242-ാം നമ്പര്‍ പ്രമേയം ഇസ്രായേല്‍ പാലിച്ചില്ലെന്നു മാത്രമല്ല, മുസ്‌ലിം ലോകത്തിന്റെ പ്രതിഷേധങ്ങള്‍ വകവെയ്ക്കാതെ ഖുദ്‌സ് ഉള്‍പ്പെടെയുള്ള ജറൂസലം തലസ്ഥാനമായി പ്രഖ്യാപിച്ച് 1980-ല്‍ നിയമമുണ്ടാക്കി. പ്രസ്തുത നടപടി 478-ാം നമ്പര്‍ പ്രമേയത്തിലൂടെ നിയമവിരുദ്ധമാണെന്ന് യു.എന്‍ പ്രഖ്യാപിച്ചെങ്കിലും സയണിസ്റ്റ് ഭരണകൂടം വഴങ്ങിയില്ല.
1967-ലെ യുദ്ധത്തില്‍ പിടിച്ചെടുത്ത പ്രദേശങ്ങളില്‍നിന്ന് ഇസ്രായേല്‍ പിന്മാറുകയും കിഴക്കന്‍ ജറൂസലം ആസ്ഥാനമായി സ്വതന്ത്ര രാഷ്ട്രം രൂപംകൊള്ളുകയും ചെയ്യുന്ന ഒരു ദിനം ഫലസ്ത്വീനികള്‍ ഏറക്കാലമായി സ്വപ്‌നം കാണുന്നു. എന്നാല്‍, ജറൂസലം ഇസ്രായേലിന്റെ അവിഭാജ്യ ഭാഗമാണെും അതേക്കുറിച്ച ചര്‍ച്ച പോലുമില്ലെന്നുമാണ് സയണിസ്റ്റുകളുടെ നിലപാട്. ലോക നിയമങ്ങളെ വെല്ലുവിളിക്കുന്ന ഇസ്രായേലിന്റെ ധിക്കാരത്തിന് വെള്ളപൂശുകയാണ് ജറൂസലമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കുകയും, അമേരിക്കന്‍ എംബസി തെല്‍അവീവില്‍നിന്ന് അവിടേക്ക് മാറ്റുകയും വഴി അമേരിക്കന്‍ ഭരണകൂടം ചെയ്തത്.
എണ്‍പത് ലക്ഷത്തിലേറെ വരുന്ന ഇസ്രായേലി ജനസംഖ്യയില്‍ 18 ലക്ഷത്തിലേറെ (20 ശതമാനം) വരും അറബികള്‍. എന്നാല്‍, കാലങ്ങളായി അറബ് വംശജരെ രണ്ടാംതരക്കാരായാണ് സയണിസ്റ്റ് ഭരണകൂടങ്ങള്‍ പരിഗണിച്ചുപോന്നത്. ഇസ്രായേലി പൗരന്മാരായ ഫലസ്ത്വീനികളോടും അധിനിവേശ പ്രദേശങ്ങളിലെ ജനങ്ങളോടും വിവേചനം കാണിക്കുന്ന 65-ലേറെ നിയമങ്ങള്‍ കഴിഞ്ഞ ഏഴു പതിറ്റാണ്ടിനിടയില്‍ അവര്‍ ചുട്ടെടുത്തിട്ടുണ്ട് എന്നറിയുമ്പോഴാണ്, സയണിസ്റ്റ് ഭരണത്തില്‍ ജൂതന്മാരല്ലാത്തവര്‍ അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനത്തിന്റെ വ്യാപ്തി ബോധ്യപ്പെടുക. മുസ്‌ലിംകളെ മാത്രമല്ല, ക്രിസ്ത്യാനികളെയും ദ്രൂസുകളെയും ബാധിക്കുന്നതാണ് പല നിയമങ്ങളും. ജന്മനാട്ടില്‍നിന്ന് ആട്ടിയോടിക്കപ്പെട്ട ഫലസ്ത്വീനികള്‍ക്ക് ഭൂമിയും സ്വത്തുവകകളും നിഷേധിക്കുന്ന 1950-ലെ 'ആബ്‌സന്റീസ് പ്രോപര്‍ട്ടീ ലോ' ഉള്‍പ്പെടെ- മേല്‍പറഞ്ഞ നിയമങ്ങളില്‍ 57 എണ്ണവും ഇസ്രായേലിലെ ഫലസ്ത്വീന്‍ പൗരന്മാരെ ലക്ഷ്യമിടുന്നവയാണ്.
ഫലസ്ത്വീനികള്‍ക്ക് നീതി ലഭ്യമാക്കുന്നതില്‍ അന്താരാഷ്ട്ര സമൂഹം നിസ്സംഗത തുടര്‍ന്നതോടെയാണ് പോരാട്ട സംഘടനകള്‍ ഉദയം ചെയ്യുന്നത്. രണ്ട് ഇന്‍തിഫാദകളുടെയും ആയിരക്കണക്കിന് പോരാളികളുടെ രക്തസാക്ഷിത്വത്തിന്റെയും ചരിത്രം അയവിറക്കാനുള്ള ഫലസ്ത്വീനികള്‍ക്ക് മാത്രം സ്വതന്ത്ര രാഷ്ട്രം നല്‍കില്ലെന്ന ലോക ശക്തികളുടെ ധിക്കാരത്തിനെതിരെ കൂടിയാണ് പോരാട്ടം.
ഒന്നാം ഇന്‍തിഫാദ മേഖലയെ കൂടുതല്‍ സംഘര്‍ഷഭരിതമാക്കുമെന്ന ആശങ്കയില്‍ അമേരിക്ക ചുട്ടെടുത്ത 1993-ലെ ഓസ് ലോ കരാര്‍ അധിനിവേശ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി സ്വതന്ത്ര ഫലസ്ത്വീന്‍ രാഷ്ട്രം വാഗ്ദാനം ചെയ്തിരുന്നെങ്കിലും മൂന്നു പതിറ്റാണ്ട് പിന്നിട്ടിട്ടും അത് യാഥാര്‍ഥ്യമായില്ലെന്നു മാത്രമല്ല, ഇസ്രായേലിന്റെ സൈനികാധിപത്യത്തിനു കീഴില്‍ അടിമകളെപ്പോലെ കഴിയാനാണ് ഫലസ്ത്വീനികളുടെ വിധി. രണ്ടാം ഉയിര്‍ത്തെഴുന്നേല്‍പ് എന്നറിയപ്പെടുന്ന 2000 സെപ്റ്റംബറില്‍ ആരംഭിച്ച അല്‍ അഖ്‌സ്വാ ഇന്‍തിഫാദ കഴിഞ്ഞ് രണ്ടു പതിറ്റാണ്ട് പിന്നിട്ടെങ്കിലും ഫലസ്ത്വീനികള്‍ക്ക് നീതി മാത്രം ലഭിച്ചില്ല.
വെസ്റ്റ് ബാങ്കുമായി നേരിട്ടു ബന്ധമില്ലാതെ ഒറ്റപ്പെട്ടു കിടക്കുന്ന ഗസ്സയില്‍ രൂപംകൊണ്ട ഹമാസ് എന്ന ചെറുത്തുനില്‍പ് പ്രസ്ഥാനമാണ് മുഖ്യമായി ഇസ്രായേല്‍ ഹുങ്കിനെ ചോദ്യം ചെയ്യുന്നത്. മുന്‍നിര നേതാക്കള്‍ ഉള്‍പ്പെടെയുള്ള നൂറു കണക്കിനാളുകള്‍ രക്തസാക്ഷിത്വം വരിച്ചിട്ടും, അഞ്ചു യുദ്ധങ്ങള്‍ ഗസ്സക്കുമേല്‍ സയണിസ്റ്റ് സേന നടത്തിയിട്ടും അചഞ്ചലമായ വിശ്വാസത്തിന്റെ പിന്‍ബലത്തില്‍ ഫലസ്ത്വീനികളുടെ അഭിമാനമായി നിലകൊള്ളുകയാണ് ഹമാസ്.
Comments