കാലത്തോട് സംവദിക്കുന്ന കവിതകൾ
കവിതകൾ പലപ്പോഴും പ്രണയം, പ്രകൃതി, സൗഹൃദം തുടങ്ങിയവയിൽ ഒതുങ്ങിപ്പോകാറുണ്ട്. അതിൽനിന്ന് വ്യത്യസ്തമായി പലതരം കാലിക വിഷയങ്ങളിലൂടെ സഞ്ചരിക്കുകയാണ് ജംഷീദ സമീറിന്റെ 'ഹയാസിന്ത്' എന്ന കവിതാ സമാഹാരം. ഇതിലെ കവിതകൾ പലപ്പോഴായി എഴുതിയതാണ്. എഴുതിയ വർഷം കവിതകളുടെ തൊട്ടപ്പുറത്ത് കുറിച്ചിട്ടുണ്ട്. അധ്യാപികയായ എഴുത്തുകാരിയുടെ തിരക്കേറിയ ജീവിത യാത്രക്കിടയിൽ കണ്ണിലുടക്കിയ കാര്യങ്ങളുടെ തൂലികാചിത്രങ്ങളാണ് ഇതിലെ കവിതകൾ.
ഹയാസിന്തിലെ കവിതകളെ കുറിച്ച് റഫീഖ് അഹ്്മദ് എഴുതുന്നു: "രണ്ട് മിഴികളിൽ നിന്നുത്ഭവിച്ച് രണ്ട് മിഴികളിലേക്ക് ഉത്പതിക്കുന്ന പുഴയുടെ ആഴം തേടുന്നു ജംഷീദയുടെ കവിത. പൂക്കാലം മറന്നുവെച്ച ഗുൽമോഹറിന്റെ ഇതളുകൾ വീണ വഴിയായി ഹൃദയം ചുവന്നു, പിഴുതുമാറ്റപ്പെടുന്ന വേരുകളായി നീരോലിച്ചും കവിതയുടെ ഉൾക്കാടുകളിലേക്കുള്ള യാത്ര തീരുന്നതും ഏതോ നഷ്ടപ്പെട്ട ആഴങ്ങൾക്കരികിലാണ്. ഏറെ പറന്നുപോയ സമകാലിക ജീവിതത്തിന്റെ നഷ്ടപ്പെട്ട ആഴങ്ങൾ ഇന്ന് കവിതയിലേ കാണാനാകൂ. ജംഷീദയുടെ കവിതകൾ നമ്മോടിത് ഉണർത്തുന്നു."
ഏതൊരാൾക്കും പെട്ടെന്ന് ദഹിക്കുന്ന കവിതകളാണ് ഈ സമാഹാരത്തിലധികവും. വായനക്കാരെ മടുപ്പിക്കും വിധം കടുകട്ടി പദങ്ങൾ ചേർത്തൊട്ടിക്കാതെ സാധാരണക്കാരെയും പരിഗണിച്ചുള്ള എഴുത്ത് പ്രത്യേകം എടുത്തുപറയേണ്ടതാണ്. കുനിയ വാക്കുകളെ ക്കൊണ്ടും ആശയ സമ്പുഷ്ടമായ വരികളെക്കൊണ്ടും മലയാള കവിതയിൽ സാഹിത്യ സൗന്ദര്യാനുഭൂതികളുടെ പുതിയ വാതായനം തുറക്കുകയാണ് കവി. ഒത്തിരി കാര്യങ്ങൾ പറയാൻ ഇത്തിരി ഭാഷ മതി കവിക്ക്.
"തീക്കനലുകൾ
വിരൂപയാക്കിയ മിനുത്ത തൊലിപ്പുറം,
കാമദാഹികളെ ചീഞ്ഞു മണത്തു-
ക്രൂരതയുടെ പുകപടലങ്ങളിൽ
കറുത്തിരുളുകയാണ്,
കൊച്ചുകൊച്ചടികൾ
പിച്ചവെക്കുന്ന
കാമാഗ്നീയാളുന്ന ഭൂമിക്കു നെറുകെ,
കണ്ണുപൊത്തി കളിക്കവേ
ചെകുത്താൻ പൊക്കിയെടുക്കുന്ന കുഞ്ഞുങ്ങൾ
നരകത്തിന്റെ തീച്ചൂടേറ്റുരുകിവീഴുന്നു."
'അസ്ഥികൾ കൊണ്ട് സ്വർഗം പടുക്കുന്നവർ' എന്ന കവിതയിൽ നാലു വയസ്സുകാരി ശ്രീജ എന്ന കുഞ്ഞിനെ പതിനാലു വയസ്സുകാരൻ കൊന്ന് മരപ്പൊത്തിലൊളിപ്പിച്ച സംഭവമാണ് കവി ഓർത്തെടുക്കുന്നത്. പിച്ചവെച്ച് നടക്കും മുന്നേ പിഞ്ചു പാദങ്ങളെ കടിച്ചുകീറുന്ന കാമ കഴുകന്മാരോടുള്ള വലിയൊരു പ്രതിഷേധം ഈ കവിതയിലുണ്ട്. വെറുതെ വായിച്ചു തള്ളാനാവില്ല ഇതിലെ വരികൾ.
"പീടികതിണ്ണയിൽ
മുണ്ടിട്ടിരിപ്പുണ്ട്
വിശപ്പിന്റെ നഗ്നത!
ആരോയെറിഞ്ഞൊരു
നാണയത്തുട്ട്
ജീവപര്യന്തം കഴിഞ്ഞ്
പെറുപിറുത്തുരുളുന്നുണ്ട്"
വിശപ്പകറ്റാൻ മനുഷ്യൻ സഞ്ചരിക്കുന്ന വഴികളാണ് 'വിശപ്പിന്റെ നഗ്നത'യിൽ കവി വരച്ചിടുന്നത്. വിശപ്പിന്റെ മുിൽ മുട്ടുമടക്കാതെ നെട്ടോട്ടമോടുന്ന മനുഷ്യരെ ഈ കവിതയിൽ കാണാം.
"കുളിരുമാത്രമെന്ന് കരുതി
യെടുത്തു ചാടരുതേ
പ്രണയത്തിന്റെ
ആഴങ്ങളിലേക്ക്
കാമത്തിന്റെ
ചെകുത്താൻ
ചുഴികളുമുണ്ടവിടെ!"
കുളിരു മാത്രമെന്ന് കരുതി പ്രണയത്തിലേക്ക് എടുത്തു ചാടുന്നവരോട് പ്രണയത്തിന്റെ ആഴങ്ങളിൽ നിറയെ ചതിക്കുഴികളാണെന്നും ഓർമപ്പെടുത്തുന്നു.
കഥ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന് 105 രൂപയാണ് വില.
Comments