"വിവേചനത്തിന്റെ ഇരകളെ ചേർത്തുപിടിക്കുന്ന രാഷ്ട്രീയം'
സംഘ് പരിവാറിനനുകൂലമായ രീതിയില്‍ സാമുദായിക ധ്രുവീകരണത്തിന്റേതായ അന്തരീക്ഷം ശക്തിപ്പെട്ടു വരികയാണ് കേരളത്തില്‍. ഇതിനെ സംഘടന എങ്ങനെയാണ് നേരിടാനുദ്ദേശിക്കുന്നത് ?
= സാമുദായിക ധ്രുവീകരണം അതിവേഗത്തില്‍ ശക്തിപ്പെട്ടുവരുന്നു എന്നത് ശരിയാണ്. അതേസമയം മനസ്സിലാക്കേണ്ട കാര്യം, കേരളത്തില്‍ ചരിത്രപരമോ സാമൂഹികമോ ആയി സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തിന്റെതായ ഒരു തലവും കാലവും ഇല്ല എന്നതാണ്. സമുദായങ്ങള്‍ക്കിടയില്‍ കൃത്രിമമായി അകല്‍ച്ചയും വെറുപ്പുമുണ്ടാക്കി സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ സംഘ് പരിവാര്‍ അതിതീവ്രമായി ശ്രമിക്കുകയാണ്. ദൗര്‍ഭാഗ്യവശാല്‍ അത് പലപ്പോഴും വിജയിക്കുന്നുണ്ട് എന്നാണ് സമകാലിക സംഭവങ്ങള്‍ കാണിക്കുന്നത്. ആ എലമെന്റിനെ പുറത്തേക്ക് വലിച്ചിടുക, തുറന്നുകാണിക്കുക എന്ന ദൗത്യമാണ് നിര്‍വഹിക്കപ്പെടേണ്ടത്.
രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തി സെക്യുലര്‍ കക്ഷികളും ഈ ധ്രുവീകരണത്തെ ഒരു സാധ്യതയായി ഉപയോഗിക്കുന്നുണ്ട്. 'ഹസന്‍ - അമീര്‍ - കുഞ്ഞാലിക്കുട്ടി' തുടങ്ങിയ പ്രയോഗങ്ങള്‍ ഇസ്്ലാമോഫോബിയ ഒരു ടൂള്‍ ആയി ഉപയോഗിച്ചതിന്റെ മികച്ച ഉദാഹരണമാണ്. ഇപ്പോള്‍ അടുത്ത് നടന്ന സ്പീക്കര്‍ വിവാദവും കേരളത്തില്‍ കനത്തുവരുന്ന ഇസ്്ലാം ഭീതിയുടെ അനുരണനങ്ങള്‍ അടങ്ങിയതാണ്. കേരളത്തില്‍ സംഘ് പരിവാര്‍ രാഷ്ട്രീയമായി തോല്‍ക്കുമ്പോഴും, പലപ്പോഴും സാംസ്‌കാരികമായി വിജയിക്കുന്ന സ്ഥിതിവിശേഷമുണ്ടായതില്‍ ആത്മപരിശോധന നടത്തേണ്ട് ഇടതു-വലതു രാഷ്ട്രീയ പാര്‍ട്ടികളും ലിബറല്‍ സാംസ്‌കാരിക ബുദ്ധിജീവികളുമാണ്.
ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ്, നിലവിളക്ക് വിഷയം, അഞ്ചാം മന്ത്രി വിവാദം, മതംമാറ്റ വിവാദം മുതലായ വിഷയങ്ങളിലെല്ലാം അവസാന ചിരി സംഘ് പരിവാറിന്റെ മുഖത്താണുള്ളത്. അഥവാ, വിമര്‍ശിക്കപ്പെടുമ്പോള്‍ തന്നെ ഏറ്റെടുക്കപ്പെടുന്ന മൂല്യവും സംസ്‌കാരവും സംഘ് പരിവാറിന്റേതാകുന്നുണ്ട് പലപ്പോഴും കേരളത്തില്‍. സംഘ് പരിവാര്‍ നേടിയെടുത്ത ഈ സാംസ്‌കാരിക അധീശത്വത്തിനെതിരെ വളരെ സൂക്ഷ്മവും ജാഗ്രതയുമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നമുക്കാവണം. ജമാഅത്ത് ശ്രദ്ധ പതിപ്പിക്കുന്ന ഒരു മേഖല കൂടിയാണ് ഇത്.
സാമുദായിക ധ്രുവീകരണങ്ങള്‍ സംഭവിക്കാതിരിക്കാന്‍ വലിയ അധ്വാനം മുമ്പും ജമാഅത്തെ ഇസ്്ലാമി ചെലവഴിച്ചിട്ടുണ്ട്. പുകഞ്ഞുകൊണ്ടേയിരുന്ന നാദാപുരം മേഖലയില്‍ എഫ്.ഡി.സി.എയുടെ ആഭിമുഖ്യത്തില്‍ ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ നടത്തിയ സമാധാന യാത്ര വലിയ പ്രതിഫലനമാണ് ഉണ്ടാക്കിയത്. ഇനി മാറാട് നോക്കൂ: നിയമപാലകര്‍ക്ക് പോലും കടന്നുചെല്ലാനാവാത്ത സാഹചര്യത്തിലാണ് ജമാഅത്തെ ഇസ്്ലാമി കേരള അമീറായിരുന്ന പ്രഫ. കെ.എ സിദ്ദീഖ് ഹസനും മറ്റ് ജമാഅത്ത് നേതാക്കളും അവിടെ എത്തുന്നതും അരയസമാജം ഭാരവാഹികളുമായും മറ്റും സംസാരിക്കുന്നതും. അവിടെനിന്നാണ് ധ്രുവീകരണത്തിന്റെ മഞ്ഞുരുകാന്‍ തുടങ്ങിയത്.
കേരളത്തിലെ ന്യൂനപക്ഷ സമൂഹങ്ങള്‍ക്കിടയില്‍ ധ്രുവീകരണത്തിനു വേണ്ടി സംഘ് പരിവാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ജമാഅത്തെ ഇസ്്ലാമി കേരള മുന്‍ അമീര്‍ എം.ഐ അബ്ദുല്‍ അസീസിന്റെ നേതൃത്വത്തില്‍ കേരളത്തിലുടനീളം നടത്തിയ സന്ദേശയാത്ര ആ ഒരു ലക്ഷ്യത്തോടെയായിരുന്നു. വലിയ മാധ്യമ പ്രചാരണങ്ങളോടെ നടത്തിയ യാത്രയായിരുന്നില്ല അത്. എങ്കിലും അതിനൊരു ചരിത്ര പ്രാധാന്യമുണ്ട്. നമ്മുടെ രാഷ്ട്രീയ, സാമുദായിക, സാമൂഹിക സമ്പര്‍ക്കങ്ങളില്‍നിന്ന് പൂര്‍ണമായും സംഘ് പരിവാറിനെ അകറ്റിനിര്‍ത്തുക എന്നതില്‍ തന്നെയാണ് കേരളത്തിന്റെ ഭാവി. ഇതിനാവശ്യമായ പലതരം പ്രവര്‍ത്തനങ്ങള്‍ക്കും എഞ്ചിനീയറിങ്ങിനും സംഘടന പ്രതിജ്ഞാബദ്ധമാണ്. എല്ലാ വിഭാഗം സമുദായങ്ങളുമായും നേതൃതലത്തിലും അല്ലാതെയും സജീവവും ആരോഗ്യകരവുമായ ബന്ധവും ജമാഅത്തിനുണ്ട്. അതിനാല്‍, സമുദായ ധ്രുവീകരണത്തിന്റെതായ അന്തരീക്ഷം രൂപപ്പെടുമ്പോള്‍ തന്നെ ഇടപെടാനും അനിവാര്യമായ എഞ്ചിനീയറിംഗ് നടത്താനും ജമാഅത്തിനാവുന്നുണ്ട്.
* ജമാഅത്തെ ഇസ്്ലാമി കേരളീയ സമൂഹത്തില്‍ സജീവ സാന്നിധ്യമാണെങ്കിലും അതൊരു ജനകീയ പ്രസ്ഥാനമായി മാറാത്തതെന്തുകൊണ്ടാണ്?
= നിരന്തരമായി പല തലങ്ങളില്‍ ആവര്‍ത്തിക്കപ്പെടുന്ന ചോദ്യമാണിത്. ആദ്യമേ പറയട്ടെ, ഈ അന്വേഷണത്തെ പോസിറ്റീവ് ആയിട്ടാണ് നമ്മള്‍ എടുക്കുന്നത്. പല ഘട്ടങ്ങളിലും നമുക്കിടയില്‍ ഇത് ചര്‍ച്ചക്ക് വന്നിട്ടുണ്ട്. പ്രധാനപ്പെട്ട ഒരു കാര്യം, ജമാഅത്ത് അതിന്റെ ഒരു പ്രവര്‍ത്തനവും കേവലമായ സംഘടനാ ആഭിമുഖ്യത്തോടെയല്ല നടത്തുന്നത് എന്നതാണ്. സമൂഹത്തിനോ സമുദായത്തിനോ ഗുണപരമാവുക എന്നതായിരിക്കും അതിന്റെ മോട്ടീവ്. ജനസേവന രംഗം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഗൈഡന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, തൊഴില്‍ സംരംഭങ്ങള്‍, മാധ്യമ സംരംഭങ്ങള്‍, ആരാധനാലയങ്ങളും അനുബന്ധ സംവിധാനങ്ങളും-ഇതെല്ലാം നോക്കൂ. ഒരു സംഘടനാ റിക്രൂട്ടിംഗ് പോയിന്റായി അവയെ ഉപയോഗിക്കാറില്ല. അവ സമൂഹത്തിലുണ്ടാക്കിയ ഇംപാക്ട് അതിവിപുലമാണ്. നമുക്കതില്‍ തെല്ലെന്നില്ലാത്ത ചാരിതാര്‍ഥ്യവുമുണ്ട്. ജമാഅത്തെ ഇസ്്ലാമി പ്രതിനിധാനം ചെയ്യുന്ന ആശയലോകം സമൂഹത്തില്‍ വന്‍തോതില്‍ വേരൂന്നിയിട്ടുണ്ട്. അതേസമയം, ഒരു സാമൂഹിക പരിവര്‍ത്തന പ്രസ്ഥാനം എന്ന നിലക്ക് സമൂഹത്തിന്റെ നാനാതലങ്ങളില്‍നിന്നും ഇതിലേക്ക് ആളുകള്‍ പ്രവഹിക്കേണ്ടതുണ്ട്.
* ജമാഅത്തെ ഇസ്്ലാമിയുടെ ആശയം വന്‍തോതില്‍ സമൂഹത്തില്‍ വേരൂന്നിയിട്ടുണ്ട് എന്ന് താങ്കള്‍ പറഞ്ഞു. സംഘടനക്കിപ്പോള്‍ 75 വയസ്സായി. ആ സ്വാധീനത്തെ ഒന്ന് വിശദീകരിക്കാമോ?
= ജമാഅത്ത് ഒരു ഇസ്്ലാമിക നവോത്ഥാന പ്രസ്ഥാനമാണ്. രൂപവത്കരണത്തിന് ഒരു നവോത്ഥാന ദൗത്യമുണ്ടായിരുന്നു എന്നു മാത്രമല്ല അതിനര്‍ഥം. മറിച്ച്, അനുദിനം അത് നവോത്ഥാന ദൗത്യം നിര്‍വഹിച്ചുകൊണ്ടിരിക്കണം എന്നുകൂടിയാണ്. കേരളത്തെ തന്നെയെടുക്കാം. ജമാഅത്ത് പ്രവര്‍ത്തനം തുടങ്ങിയ കാലത്ത് ഇസ്്ലാമിനെ ഇതര മതങ്ങളെപ്പോലെ ആചാര, അനുഷ്ഠാനങ്ങളില്‍ പരിമിതവും ബന്ധിതവുമായ മതം എന്നാണ് മുസ്്ലിംകളടക്കം കരുതിയിരുന്നത്. എന്നാല്‍, ഇസ്്ലാമിന് സമഗ്രവും സന്തുലിതവുമായ ജീവിതത്തെ കുറിച്ച് ദാര്‍ശനികവും പ്രായോഗികവുമായ കാഴ്ചപ്പാടുണ്ട് എന്നാണ് ജമാഅത്ത് സമർഥിച്ചത്. സാമ്പത്തികവും സാമൂഹികവും വിമോചനപരവുമായ ഉള്ളടക്കമുള്ള ഐഡിയോളജി കൂടിയാണ് ഇസ്്ലാം. ഖുര്‍ആനും നബിമാരുടെ ചര്യയും മുന്നില്‍വെച്ചാണ് ജമാഅത്ത് ഇക്കാര്യം പറഞ്ഞത്. വലിയ എതിര്‍പ്പുകള്‍ സമുദായത്തിനകത്തുനിന്നും പണ്ഡിതന്‍മാരില്‍നിന്നും അക്കാലത്തുണ്ടായി.
ഇന്ന് നിങ്ങള്‍ നോക്കൂ: സമകാലിക ലോകത്തിന്റെ, സാമൂഹിക, രാഷ്ട്രീയ സാഹചര്യവുമായി ഇസ്്ലാമിന് എന്‍ഗേജ് ചെയ്യാന്‍ കഴിയില്ല എന്ന് പറയുന്ന ഒരാളെയും കാണുക സാധ്യമല്ല. പൊതുസമൂഹവും ഇന്നതംഗീകരിക്കുന്നു. എതിരാളികള്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ നോക്കൂ. ഇസ്്ലാമിന്റെ സമകാലികതയെ അവര്‍ ഭയപ്പെടുന്നു എന്ന് അവ ബോധ്യപ്പെടുത്തും. മാത്രമല്ല, സമകാലിക സമൂഹത്തിന്റെ മിടിപ്പുകളോട് പ്രതികരിക്കേണ്ടത് ബാധ്യതയാണെന്ന് മനസ്സിലാക്കിയ തലമുറയെയും ജമാഅത്ത് സൃഷ്ടിച്ചു.
സാമൂഹിക ജീവിതത്തിന്റെ ഏത് അടരിലും - രാഷ്ട്രീയ, മത, ജാതി സംഘാടനത്തില്‍, പരിസ്ഥിതി സമരങ്ങളില്‍, സാഹിത്യ, സാംസ്‌കാരിക, സിനിമാ, മാധ്യമ മേഖലകളില്‍ - ഒരു ജമാഅത്ത് എലമെന്റ്, മൗദൂദി സ്‌കൂള്‍ ഓഫ് തോട്ട് പ്രവര്‍ത്തിക്കുന്നു എന്ന ആരോപണം ശക്തമാണല്ലോ. അതുപോലെത്തന്നെ ഇസ്്ലാമിക സാമ്പത്തിക വ്യവസ്ഥക്കും അതിന്റെതന്നെ തുടര്‍ച്ചയായിട്ടുള്ള ഇസ്്ലാമിക് ബാങ്കിംഗിനും ലഭിച്ച ജനകീയതയും സ്വീകാര്യതയും ജമാഅത്തെ ഇസ്്ലാമിക്ക് കൂടി അവകാശപ്പെട്ടതാണ്. അന്തര്‍ദേശീയ തലത്തില്‍ ഇസ്്ലാമിക് ഫിനാന്‍സ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി വന്നിട്ടുള്ളത് ജമാഅത്തിന്റെ പാഠശാലയില്‍ നിന്നുള്ള പണ്ഡിതന്‍മാരാണ്. കേരളത്തിലാണെങ്കില്‍ ഇസ്്ലാമിക് ബാങ്കിംഗിനെക്കുറിച്ച സാധ്യതകള്‍ ആദ്യമായി പറഞ്ഞു തുടങ്ങിയത് ജമാഅത്തെ ഇസ്്ലാമിയാണ്.
* ജമാഅത്തെ ഇസ്്ലാമിക്ക് നേരെ പൊതുമണ്ഡലത്തില്‍നിന്നും മുസ്്ലിം സമുദായത്തില്‍നിന്നും ഒരുപോലെ ഏല്‍ക്കേണ്ടി വരുന്ന വിമര്‍ശനം മൗലാനാ മൗദൂദിയെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടാണല്ലോ. മുന്നോട്ടുള്ള പ്രയാണത്തില്‍ ജമാഅത്തിന് സയ്യിദ് മൗദൂദി ഒരു തടസ്സമായി മാറുന്നുണ്ടോ?
= സയ്യിദ് മൗദൂദി സമകാലിക ചരിത്രത്തിലെ ഏറ്റവും ധിഷണാശാലിയായ പണ്ഡിതനും ചിന്തകനും സംഘാടകനുമാണ്. ഇസ്്ലാമിക ലോകം അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് നവോത്ഥാന നായകരിലൊരാളായാണ്. ജമാഅത്തിനത് അഭിമാനവും വെളിച്ചവുമാണ്. ചരിത്രപരമായ ഒരു ഭാരമായി ഒരിക്കലും കരുതുന്നില്ല എന്ന് മാത്രമല്ല, അദ്ദേഹം ഈ പ്രസ്ഥാനത്തിന്റെ കരുത്താണ്. ഇസ്്ലാമിന്റെ മുഴുവന്‍ സാമൂഹിക ഇടപെടലുകളും റദ്ദ് ചെയ്യപ്പെട്ട ആധുനികതയുടെ ചരിത്ര സന്ദര്‍ഭത്തില്‍ ഇസ്്ലാമിന്റെ സാമൂഹികക്രമത്തെ സമഗ്ര സ്വഭാവത്തില്‍ അവതരിപ്പിക്കുകയായിരുന്നു മൗദൂദി സാഹിബ് ചെയ്തത്. അദ്ദേഹത്തിന്റെ നിലപാടുകള്‍ ഒരിക്കലും ചരിത്ര നിരപേക്ഷമായിരുന്നില്ല. മറിച്ച്, മോഡേണിറ്റിയിലും അതിന്റെ ആശയ, രാഷ്ട്രീയ ഭാവുകത്വങ്ങളിലും ബന്ധിതമായിരുന്നു.
ആധുനികാനന്തര ആശയ പരിസരത്തുനിന്ന് മൗദൂദിയെ വായിക്കുമ്പോള്‍ കൃത്യതയുള്ള ആധുനികതാ വിമര്‍ശകനായി അദ്ദേഹം വിലയിരുത്തപ്പെടുന്നു. അതേസമയം കാല-ദേശങ്ങളുടെ പരിമിതി അദ്ദേഹത്തിന്റെ ചിന്തകളില്‍ നിഴലിക്കുന്നു എന്ന വിമര്‍ശനങ്ങളുമുണ്ട്. ഇതൊക്കെ സ്വാഭാവികമാണ്. മൗദൂദിയെ കുറിച്ച വ്യത്യസ്ത വായനകളെയും പഠനങ്ങളെയും ഉൾക്കൊള്ളുന്നു എന്നത് തന്നെ ജമാഅത്തിന്റെ ആശയപരമായ വികാസ ക്ഷമതയെയാണ് തെളിയിക്കുന്നത്.
ജമാഅത്തെ ഇസ്്ലാമി അതിന്റെ ആദര്‍ശമായും പ്രവര്‍ത്തന വഴിയായും സ്വീകരിച്ചിരിക്കുന്നത് ഖുര്‍ആനും പ്രവാചക ചര്യയുമാണ്. വിമര്‍ശനാതീതനായ വ്യക്തിത്വമായി പ്രവാചകനല്ലാതെ മറ്റാരുമില്ല എന്ന് ജമാഅത്ത് വിശ്വസിക്കുന്നതു കൊണ്ടുതന്നെ സയ്യിദ് മൗദൂദിയും ചരിത്രപരമായ വിമര്‍ശനങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും അതീതനല്ല. അതുകൊണ്ടു തന്നെ മൗദൂദി ചിന്തകളില്‍നിന്ന് സ്വാംശീകരിക്കേണ്ടതിനെ സ്വീകരിച്ചും ത്യാജ്യമെന്ന് തോന്നുന്നതിനെ തിരസ്‌കരിച്ചും മുന്നോട്ടു പോവുക എന്നതാണ് ജമാഅത്ത് നിലപാട്. കാരണം, ജമാഅത്തെ ഇസ്്ലാമിക്ക് ഏത് കാലത്തും ബാധകമായിട്ടുള്ളത് സമകാലിക സാഹചര്യങ്ങള്‍ക്കനുസരിച്ച് കേന്ദ്ര കൂടിയാലോചനാ സമിതി എടുക്കുന്ന നയസമീപനങ്ങളാണ്. കുറച്ചുകൂടി വ്യക്തമാക്കിയാല്‍ ആധുനികതയുടെ ചരിത്രസന്ദര്‍ഭത്തില്‍ സയ്യിദ് മൗദൂദി സ്വീകരിച്ച ചിന്തകളെയും സമീപനങ്ങളെയും പുതിയ കാല/സാമൂഹിക സാഹചര്യങ്ങള്‍ക്കനുസൃതമായി പരിഷ്‌കരിച്ചും പുതുക്കിപ്പണിതും മുന്നോട്ടു പോകാനാണ് ജമാഅത്ത് ആഗ്രഹിക്കുന്നത്.
* പലപ്പോഴും മൗദൂദിയെയും ജമാഅത്തെ ഇസ്്ലാമിയെയും മുന്‍നിര്‍ത്തി ഇസ്്ലാമോഫോബിയ വളര്‍ത്തുന്ന രീതിയും കണ്ടുവരുന്നു ?
= വളരെ ശരിയാണ് ആ നിരീക്ഷണം. മൗദൂദിയെയും ജമാഅത്തിനെയും ഇത്രയും പൈശാചികവത്കരിക്കുന്ന പ്രവണത കേരളത്തിലല്ലാതെ വേറെ എവിടെയും ഇല്ല. ജമാഅത്തിനെ മുന്‍നിര്‍ത്തി ഇസ്്ലാം ഭീതിയുടെ വക്താക്കളും പ്രചാരകരുമാകുന്നവരില്‍ രാഷ്ട്രീയക്കാരും ലിബറല്‍ ബുദ്ധിജീവികളുമൊക്കെയുണ്ട്. കേരളത്തിലെ ഇലക്്ഷന്‍ രാഷ്ട്രീയത്തിലെ മുതലെടുപ്പിനായി ഇസ്്ലാമോഫോബിയ വ്യാപകമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ജമാഅത്തെ ഇസ്്ലാമിയുടെ രാഷ്ട്രീയ നിലപാടുകള്‍ വ്യക്തവും തത്ത്വാധിഷ്ഠിതവുമാണ്. അതിന്റെ ചരിത്രവും ഗുണഭോക്താക്കളുമൊക്കെ നമ്മുടെ മുമ്പിലുണ്ട്. പക്ഷേ, തെരഞ്ഞെടുപ്പില്‍ തങ്ങളെ പിന്തുണക്കാത്തവരെ ഭീകരവല്‍ക്കരിക്കുക എന്നത് കേരളത്തിലെ മുന്നണികളുടെ പൊതു സ്വഭാവമാണ്. അതിന്റെ ഇരയാണ് യഥാർഥത്തില്‍ ജമാഅത്ത്.
ജമാഅത്തിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ചരിത്രത്തില്‍ ആപേക്ഷികമായി കൂടുതല്‍ പിന്തുണച്ചിട്ടുള്ളത് ഇടതുപക്ഷത്തെയാണ്. അവരുമായാണ് കൂടുതൽ സഹകരിച്ചിട്ടുള്ളതും. നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യത്തെ നോക്കിക്കണ്ട്, സാമ്രാജ്യത്വവും ഫാഷിസവും സൃഷ്ടിക്കുന്ന ഭീഷണികള്‍ തിരിച്ചറിഞ്ഞ്, തത്ത്വാധിഷ്ഠിതമായി സ്വീകരിച്ച രാഷ്ട്രീയ സമീപനമായിരുന്നു അവയൊക്കെയും. ജമാഅത്തിന്റെ ഈ രാഷ്ട്രീയ നിലപാടുകള്‍ ഇടതുപക്ഷം കഴിഞ്ഞ കാലത്ത് ഒരു രാഷ്ട്രീയ മൂലധനമായി സ്വീകരിക്കുകയും അതിനെ പരമാവധി ഉപയാഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
2014-നു ശേഷം സംഘ് പരിവാറിന്റെ രാഷ്ട്രീയാധികാരത്തിന്റെ മാറിയ കാലത്ത് ദേശീയ തെരഞ്ഞെടുപ്പില്‍ ജമാഅത്ത് സ്വീകരിച്ച നയസമീപനം ഇടതുപക്ഷത്തിനെതിരായിരുന്നു എന്നതിനാല്‍ ജമാഅത്ത് വിശുദ്ധി തെളിയിക്കാന്‍ വിധിക്കപ്പെട്ടവരായി. ഇതെല്ലാം കേവലമായ വോട്ട്ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണ് എന്ന് പ്രബുദ്ധ സമൂഹത്തിന് മനസ്സിലാക്കാവുന്നതേയുള്ളൂ.
* നവനാസ്തികതയും ലിബറലിസവും കേരളത്തില്‍ ചര്‍ച്ചയാണല്ലോ ?
= കേരളത്തില്‍ ഭൗതിക പ്രസ്ഥാനങ്ങളെ ആശയപരമായി നേരിട്ട ചരിത്രം ജമാഅത്തിനുണ്ട്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ അത്ര വലുതല്ല ഇവയുടെ സ്വാധീനം. ചെറുതായി കാണുകയല്ല, നവനാസ്തികതയും ലിബറലിസവും തലമുറയെ സ്വാധീനിക്കുന്നുണ്ട്. നമ്മുടെ കുടുംബ - സാമൂഹിക ഘടനയുടെ സമ്പൂര്‍ണ തകര്‍ച്ചയായിരിക്കും ഇതിന്റെ ഫലം. കേവലം ആശയം എന്നതിനപ്പുറത്ത് ഇവ ഇന്നൊരു ആഗോള അജണ്ടയുടെ ഭാഗമാണ്. ഇസ്്ലാമോഫോബിയയുമായും സംഘ് പരിവാറിന്റെ തീവ്ര വംശീയതയുമായുമൊക്കെ ഇവ ആശയത്തിലും പ്രയോഗത്തിലും പരസ്പരം പങ്ക് പറ്റുന്നുണ്ട്.
ഇവയ്‌ക്കെതിരെ ശക്തമായ പ്രചാരണം പ്രവര്‍ത്തന പരിപാടിയുടെ ഭാഗമാണ്. ഏറെ ആഹ്ലാദകരമായ കാര്യം, ഈ വിഷയത്തില്‍ മുസ്്ലിം സമുദായത്തിനകത്തെ ഏറ്റവും പുതിയ തലമുറയില്‍ നിന്ന് വരെ ദീനീ അടിസ്ഥാനങ്ങളില്‍നിന്ന് ആശയപരമായി ഇവയെ നേരിടാന്‍ കരുത്തുള്ള പ്രതിഭാധനരായ നിരയുണ്ട് എന്നതാണ്.
* ജമാഅത്തെ ഇസ്്ലാമിക്ക് പൊതുസമൂഹം നല്‍കിയ ബ്രാന്‍ഡാണല്ലോ ജനസേവന പ്രവര്‍ത്തനം. ഈ കാലയളവിലെ പദ്ധതികള്‍ എന്തൊക്കെയാണ്?
= ജമാഅത്തെ ഇസ്്ലാമിയുടെയല്ല, ഇസ്്ലാമിന്റെ തന്നെ മൗലിക ഗുണങ്ങളില്‍ പെട്ടതാണ് ജീവകാരുണ്യ പ്രവര്‍ത്തനം. പ്രവാചക ജീവിതത്തിലും തുടര്‍ന്ന് വന്ന ഖലീഫമാരുടെ കാലത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ തിളക്കമുള്ള അധ്യായങ്ങള്‍ കാണാനാവും. ഒരു മുസ്്ലിമിന്റെ ദീനീജീവിതത്തിന്റെ അനിവാര്യ ഭാഗമാണത്. പാവങ്ങളെ ചേര്‍ത്തുപിടിക്കാത്തവനെ മതനിഷേധിയായി പ്രഖ്യാപിച്ചിട്ടുണ്ട് ഖുര്‍ആന്‍. ശാസ്ത്രീയമായും പ്രഫഷനലായും ജീവകാരുണ്യ മേഖലയെ ജമാഅത്ത് വികസിപ്പിച്ചു പോന്നിട്ടുണ്ട്. കലാപ ഭൂമികളിലെയും പ്രകൃതിദുരന്തങ്ങളിലെയും ദുരിത ബാധിതരെ സഹായിക്കാനും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും ഇതുവരെ ശ്രദ്ധിച്ചിട്ടുണ്ട്. കൂടാതെ, ജമാഅത്തിന്റെ ഏത് സംരംഭങ്ങളിലും ഒരു സേവനമുഖം ഉള്‍ച്ചേര്‍ന്നിട്ടുണ്ടാവും.
ഈ ടേമിലും ഓരോ പ്രവര്‍ത്തകനും പരോപകാരിയായ മനുഷ്യനായിത്തീരുകയെന്നതാണ് വിട്ടുവീഴ്ചയില്ലാത്ത പ്രസ്ഥാന നിലപാട്. അതിനാല്‍ തന്നെ ഓരോ ജമാഅത്ത് പ്രവര്‍ത്തകനില്‍നിന്നുമുള്ള സേവനം തന്റെ ചുറ്റുപാടുമുള്ള നിശ്ചിത എണ്ണം സഹജീവികള്‍ക്ക് ലഭിച്ചിരിക്കണമെന്നാണ് ഈ കാലയളവിലെ ടാര്‍ഗറ്റ്.
ജമാഅത്തിന്റെ സേവനസംസ്‌കാരത്തിന്റെ ഗുണഫലങ്ങള്‍ ആയിരക്കണക്കിന് വീടുകളായും കുടിവെള്ള പദ്ധതികളായും അനേകം ആതുരാലയങ്ങളായും ചികില്‍സാപദ്ധതികളായും കേരളത്തിന് ഇതിനകം ലഭ്യമായിട്ടുണ്ട്. ഇതുവഴി അനേകം സംരംഭകരും കേരളത്തില്‍ വളര്‍ന്നുവന്നു.
* അവസാനമായി, കേരളത്തിലെ ഇസ്്ലാമിക പ്രവര്‍ത്തകരോട് പറയാനുള്ളത് ?
= ഭാരിച്ച ഉത്തരവാദിത്വവും ശ്രമകരമായ ദൗത്യവുമാണ് നിര്‍വഹിക്കാനുള്ളത്. എന്തൊക്കെ പറഞ്ഞാലും നമുക്ക് നമ്മുടെ അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചേ പറ്റൂ. ഇന്നത്തെ വലിയ ജാഹിലിയ്യത്തായ സംഘ് ഫാഷിസത്തോട് മുഖാമുഖം തന്നെയാണ് നാം. ആര് മുട്ട് മടക്കിയാലും നാം വളയാതെ നില്‍ക്കും. രാജ്യത്ത് സാമൂഹിക വിവേചനമനുഭവിക്കുന്ന അടിസ്ഥാന ജനവിഭാഗങ്ങളോട് സംവദിക്കണം, അവരോട് ചേര്‍ന്ന് നില്‍ക്കണം. എങ്കിലേ ഈ കാലയളവിലെ മിഷന്‍ യാഥാര്‍ഥ്യമാവൂ. പ്രവര്‍ത്തകര്‍ അതിനനുസരിച്ച് കാഴ്ചപ്പാടിലും മനോഭാവത്തിലും മാറ്റം വരുത്തണം.
മാറിയ കാലത്തോട് ഏറ്റവും സൂക്ഷ്മമായി പ്രതികരിക്കാനുള്ള ശേഷിയാണ് ഒരു നവോത്ഥാന പ്രസ്ഥാനത്തെ നിലനില്‍ക്കാന്‍ അര്‍ഹമാക്കുന്നതെങ്കില്‍ അതിനെ പൂര്‍ത്തീകരിക്കും വിധം പ്രവര്‍ത്തകര്‍ വൈയക്തികമായ മൂല്യങ്ങള്‍ ആര്‍ജിക്കണം. നാം ഉദ്ദേശിക്കുന്ന വലുപ്പത്തിലേക്ക് പ്രസ്ഥാനം വികസിക്കണമെങ്കില്‍ സമുദായത്തിലെയും സമൂഹത്തിലെയും എല്ലാ ധാരകളുമായും നാം എന്‍ഗേജ് ചെയ്യണം. ജനങ്ങളുടെ ഭാഷയില്‍, അവരുടെ ഹൃദയ നോവുകളും ആഹ്ലാദങ്ങളും മനസ്സിലാക്കി സംവദിക്കണം. എന്നാല്‍, വലിയൊരു പ്രസ്ഥാനത്തെ നമ്മുടെ കൈകളാല്‍ നെയ്‌തെടുക്കാനാവും.
(അവസാനിച്ചു)
Comments