Prabodhanm Weekly

Pages

Search

2023 സെപ്റ്റംബർ 15

3318

1445 സഫർ 29

ചെകുത്താനും കടലിനും ഇടയിൽ ഒരു മുസ്്ലിം ഗ്രാമം

ശഹീൻ അബ്ദുല്ല, ശാഹിദ് ഫാരിസ്

തിനഞ്ചുകാരനായ അൽബാസ് ഖാൻ പത്താം ക്ലാസ്സിലേക്ക് വിജയിച്ചതിന്റെ സന്തോഷത്തിലായിരുന്നു രണ്ട് സഹോദരിമാരും ഒരു അനിയനും ഉമ്മയും അടങ്ങുന്ന കുടുംബം. രണ്ടു വർഷം മുമ്പ് പിതാവ് മരണപ്പെട്ട ശേഷം ഉമ്മയും, സ്‌കൂളിൽ പോകുന്നതിനിടയിൽ  അൽബാസും ജോലി ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്. വാടക വീട്ടിലായിരുന്നു താമസമെങ്കിലും ഉള്ളതിൽ തൃപ്തിപ്പെട്ട്  അവർ സന്തോഷത്തോടെ ജീവിച്ചു. അങ്ങനെയിരിക്കെയാണ് മണിപ്പൂരിൽ മെയ്‌തേയി - കുക്കി സംഘർഷം പൊട്ടിപ്പുറപ്പെടുന്നത്. അതോടെ എല്ലാം സ്തംഭിച്ചു. അൽബാസ് പഠിച്ചിരുന്ന ഐ.എൻ.എ സ്‌കൂൾ പിന്നീട് ഇതുവരെ പ്രവർത്തിച്ചിട്ടില്ല. അവിടെ ബി.എസ്. എഫ് ക്യാമ്പ് ചെയ്തിരിക്കുകയാണ്. സ്‌കൂളിന്റെ പ്രവർത്തനം നിലക്കുകയും സംഘർഷം മൂലം ഉമ്മയുടെ ജോലി നഷ്ടപ്പെടുകയും ചെയ്തതോടെ കുടുംബം പുലർത്താൻ  സ്ഥിരമായി ജോലിക്ക് പോവുകയല്ലാതെ അൽബാസിന് മറ്റു വഴികൾ ഉണ്ടായിരുന്നില്ല. അങ്ങനെ അവൻ ഇംഫാലിൽ ഒരു പരിചയക്കാരന്റെ കൂടെ പെയിന്റിംഗ് ജോലിക്ക് പോയി; സ്‌കൂൾ തുറന്ന്  പ്രവർത്തിക്കുമെന്ന പ്രതീക്ഷയോടെ.

സാധാരണ വരുന്നതിലും ഏറെ വൈകിയായിരുന്നു ജൂൺ 21-ന് ജോലി കഴിഞ്ഞ് അൽബാസ് തിരിച്ചെത്തിയത്. പൊതുഗതാഗതം നിലച്ചിട്ട് അന്നേക്ക് ഒന്നര മാസം പിന്നിട്ടിരുന്നു. ഇംഫാലിൽ നിന്നു വന്ന മറ്റൊരു നാട്ടുകാരന്റെ കൂടെയാണവൻ വന്നത്. അവൻ അങ്ങാടിയിൽ ഇറങ്ങി. അവിടെ നിന്ന് കുറച്ച് നടക്കണം വീടെത്താൻ. സാധാരണ നടക്കുന്ന വഴിയിലൂടെ അവൻ പാട്ട് മൂളിക്കൊണ്ട് നടന്നു. ഏകദേശം ഒരു കിലോമീറ്റർ നടന്നപ്പോൾ അവന്റെ പിറകിലൂടെ ഒരു കറുത്ത സ്‌കോർപ്പിയോ വന്നു. അവനെ മറികടന്ന് അൽപം കൂടി മുന്നോട്ട് ചെന്നശേഷം കാർ നിന്നു. പരിചയക്കാർ  ആരെങ്കിലും ആയിരിക്കുമെന്നാണ് അവൻ ആദ്യം കരുതിയത്. പിന്നീടാണ് കാറിൽനിന്ന് പുക പുറത്തേക്ക് വരുന്നത് കണ്ടത്. പന്തികേട് തോന്നിയപ്പോഴേക്കും കാറിൽനിന്ന് പുറത്തേക്കെറിഞ്ഞ എന്തോ വസ്തു അവന്റെ നേർക്ക് വന്നു. ആരാണെന്ന് ചോദിച്ച് അൽബാസ് കാറിനടുത്തേക്ക് വന്നപ്പോഴേക്കും കാർ വേഗത്തിൽ അവിടം വിട്ടു. കാറിൽ നിന്ന് എറിഞ്ഞ വസ്തുവിലേക്ക് അൽബാസ് തിരിഞ്ഞു നോക്കിയതും കാതടപ്പിക്കുന്ന വലിയ ശബ്ദം കേട്ടതും ഒരുമിച്ചായിരുന്നു.

പിന്നീട് അൽബാസ് കണ്ണുതുറന്നപ്പോൾ അവൻ ഇംഫാലിലെ രാജ് മെഡിസിറ്റി ആശുപത്രിയിലെ ഐ.സി.യുവിലായിരുന്നു. ഇടത്തെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട്, ഇനിയും നീക്കം ചെയ്യാൻ സാധിച്ചിട്ടില്ലാത്ത ബോംബിന്റെ അവശിഷ്ടങ്ങൾ ശരീരത്തിൽ പേറിക്കൊണ്ട് അവൻ നിസ്സഹായനായി കിടന്നു. ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായം കൊണ്ട് അൽബാസിന്റെ ഇതുവരെയുള്ള ചികിത്സയും മറ്റും നടന്നു. ഏകദേശം  പത്തുലക്ഷം രൂപയോടടുത്ത് ഇതുവരെ ചികിത്സക്കായി ചെലവായിട്ടുണ്ട്. മണിപ്പൂരിലെ ആശുപത്രികളിൽ കിടക്കുന്നതുകൊണ്ട് കൂടുതൽ പ്രയോജനമൊന്നുമില്ലെന്ന്  മനസ്സിലാക്കിയ അൽബാസിന്റെ കുടുംബം ഒരു മാസത്തിന് ശേഷം ജൂലൈ ഇരുപതിന് അവനെ നാട്ടിലെ ഒരു ബന്ധുവീട്ടിലേക്ക് മാറ്റി. കൂടുതൽ മെച്ചപ്പെട്ട  ചികിത്സ ലഭിക്കാനും ശരീരത്തിൽ അവശേഷിക്കുന്ന ബോംബിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുമായി ദൽഹിയിലേക്ക് പോകേണ്ടതുണ്ട്. എന്നാൽ, അതിനുള്ള ചെലവുകൾക്ക് എന്തു ചെയ്യണമെന്നറിയാതെ നിൽക്കുകയാണ് അൽബാസിന്റെ കുടുംബം.

അൽബാസിനെ ഈ അവസ്ഥയിലാക്കിയ സ്‌ഫോടനത്തെ കുറിച്ച് എൻ.ഐ.എ അന്വേഷിക്കുന്നുണ്ടെങ്കിലും സ്ഫോടനം നടത്തിയത് ആരെന്ന് കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. അത് ആരുതന്നെയായാലും അൽബാസിന് നഷ്ടപ്പെട്ടത് നൽകാൻ അവർക്കാവില്ല. അൽബാസിന്റെയും അവന്റെ കുടുംബത്തിന്റെയും നിത്യജീവിതത്തെ, എന്നെങ്കിലും ഒരു മെച്ചപ്പെട്ട ജീവിതം ഉണ്ടാകുമെന്ന അവരുടെ പ്രതീക്ഷയെ, വാടക നൽകാതെ സ്വന്തമായൊരു വീട്ടിൽ ജീവിക്കണമെന്ന അവരുടെ സ്വപ്നത്തെയാണ് പൊട്ടിത്തെറിപ്പിച്ചു കളഞ്ഞത്. ഇത് അൽബാസിന്റെയും കുടുംബത്തിന്റെയും മാത്രം കഥയല്ല. തൊണ്ണൂറ് ശതമാനവും മുസ്്ലിംകൾ ജീവിക്കുന്ന മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലയിലെ ക്വാക്ത പഞ്ചായത്തിലെ എല്ലാവരുടെയും അവസ്ഥയാണ്.

പംഗൽ മുസ്‌ലിംകൾ

മണിപ്പൂരിലെ മുസ്‌ലിംകളെ 'പംഗൽ' എന്നാണ് പറയാറുള്ളത്. ബംഗ്ലാദേശിൽനിന്നു വന്ന മുസ്‌ലിംകൾ മെയ്‌തേയി സ്ത്രീകളെ വിവാഹം ചെയ്ത ശേഷം ഉണ്ടായിവന്ന തലമുറ. അതുകൊണ്ടുതന്നെ ഇവരെ 'മെയ്‌തേയി പംഗൽ' എന്നും പറയാറുണ്ട്.  ജനസംഖ്യയുടെ എട്ടു ശതമാനം. ഏകദേശം മൂന്ന് ലക്ഷം പേർ വരുമെന്നാണ് അനൗദ്യോഗിക കണക്കുകൾ. 1993 മെയിൽ ഉണ്ടായ മെയ്‌തേയി - പംഗൽ സംഘർഷങ്ങൾക്ക് ശേഷം സംസ്ഥാനത്തെ മുസ്‌ലിംകൾ ഒരുമിച്ചാണ് താമസിക്കാറുള്ളത്. അത്തരത്തിൽ മുസ്‌ലിംകൾ ഒരുമിച്ച് ചേർന്ന് വസിക്കുന്ന ഒരു ചെറിയ പഞ്ചായത്താണ് അൽബാസിന്റെ ഗ്രാമമായ ക്വാക്ത. ക്വാക്തയിലെ ആകെയുള്ള 9 വാർഡുകളിൽ 8 എണ്ണവും മുസ്‌ലിം വാർഡുകളാണ്. മെയ്‌തേയി ഭൂരിപക്ഷ ജില്ലയായ ബിഷ്ണുപൂരിന്റെ തെക്കു ഭാഗത്ത് സ്ഥിതിചെയ്യുന്ന കുക്കി ഭൂരിപക്ഷ ജില്ലയായ ചുരാചന്ദ്പൂരുമായി അതിർത്തി പങ്കിടുന്നത് ക്വാക്തയാണ്. കുക്കികളും മെയ്‌തേയികളും അതിർത്തികെട്ടി വെടിയുതിർക്കാനും ബോംബെറിയാനും തുടങ്ങിയതോടെ ഇതിനിടയിൽ പെട്ട് വലയുകയാണ്  ക്വാക്തയിലെ ജനങ്ങൾ. അവരുടെ സ്‌കൂളുകളും വീടുകളും,  എന്തിന് പള്ളികൾ പോലും ബങ്കറുകളാക്കിയായിരുന്നു മെയ്‌തേയികൾ കുക്കികൾക്ക് നേരെ ആക്രമണങ്ങൾ നടത്തിയത്. കുക്കികളുടെ തിരിച്ചടികളിൽ തകർന്നത് മുസ്‌ലിംകളുടെ ജംഗമവസ്തുക്കളും.

സംഘർഷം പൊട്ടിപ്പുറപ്പെട്ട മെയ് 3 മുതൽ തന്നെ യാതൊരു മുൻവിധികളോ ലാഭേച്ഛയോ കൂടാതെ പംഗൽ മുസ്‌ലിംകൾ കുക്കികൾക്കും മെയ്തേയികൾക്കും ഒരുപോലെ സഹായം എത്തിച്ചിരുന്നു. ഇംഫാലിൽനിന്ന് ചുരാചന്ദ്പൂരിലേക്കും തിരിച്ചും പോകാനുള്ള ഏക മാർഗം ക്വാക്ത വഴിയുള്ള റോഡായിരുന്നു. ചുരാചന്ദ്പൂരിൽനിന്ന് മലയിറങ്ങി വന്ന മെയ്തേയികൾക്കായി പംഗൽ മുസ്‌ലിംകൾ റിലീഫ് ക്യാമ്പുകൾ സ്ഥാപിച്ചു.  ഭക്ഷണവും വസ്ത്രങ്ങളും നൽകി അവരെ സാന്ത്വനപ്പെടുത്തി. അതേ സമയം തന്നെ ഇംഫാലിൽ അകപ്പെട്ടുപോയ കുക്കികളെ മെയ്തേയികൾ അറിയാതെ ചുരാചന്ദ്പൂരിൽ എത്താൻ സഹായിച്ചു.

'ഇവിടെ (ചുരാചന്ദ്പൂരിൽ) ഹോട്ടൽ നടത്തുന്ന ക്വാക്തയിൽനിന്നുള്ള ഒരു പംഗൽ ഉണ്ടായിരുന്നു. അയാൾ തന്റെ സ്വന്തം കാറിൽ നിരവധി തവണയായി നാനൂറിൽ കൂടുതൽ കുക്കികളെ ചുരാചന്ദ്പൂരിൽ എത്തിച്ചിട്ടുണ്ട്' - കെ.എസ്.ഒ  മീഡിയാ കൺവീനർ ഗ്രേസി ഞങ്ങളോട് പറഞ്ഞു. ഗ്രേസി പറഞ്ഞത് പ്രകാരം ഞങ്ങൾ ക്വാക്തയിൽ തിരികെ വന്ന് അന്വേഷിച്ചപ്പോഴാണ് അൽത്വാഫിനെ കുറിച്ചറിഞ്ഞത്. അൽത്വാഫ് ചുരാചന്ദ്പൂരിൽ ഹോട്ടൽ നടത്തുകയായിരുന്നു. സംഘർഷം തുടങ്ങിയതോടെ അൽത്വാഫിന് ഹോട്ടൽ അടക്കേണ്ടിവന്നു. പക്ഷേ, അൽത്വാഫ് ഹോട്ടൽ അടച്ച് വീട്ടിലിരുന്നില്ല. സർക്കാരും പോലീസും വരെ അക്രമങ്ങൾക്കും അറുകൊലകൾക്കും ഒത്താശ ചെയ്തപ്പോൾ അത്യാഹിതങ്ങളും ജീവാപായവും ഇല്ലാതാക്കാനായി തന്നെക്കൊണ്ടാവുന്നത് അയാൾ ചെയ്തു; സ്വന്തം ജീവൻ പണയപ്പെടുത്തി.  

ഇത്തരത്തിൽ റിലീഫ് ക്യാമ്പുകളൊരുക്കിയ, ആയിരക്കണക്കിന് ജീവൻ രക്ഷിച്ച, തങ്ങളുടെ വീടുകൾ പോലും മറ്റുള്ളവർക്ക് വിട്ടുകൊടുത്ത ക്വാക്തയിലെ മുസ്‌ലിംകളെ കുറിച്ച് ഇരുപക്ഷക്കാരും ഓർത്തില്ല. ഒന്നോ രണ്ടോ ഓൺലൈൻ മാധ്യമങ്ങളിൽ വന്ന വാർത്തകളിലൊഴികെ അവരെ എവിടെയും കണ്ടില്ല. മണിപ്പൂരിൽ കുക്കികളും മെയ്തേയികളും മാത്രമേ ഉള്ളൂ എന്നതരത്തിലായിരുന്നു വാർത്തകളും പ്രചരിച്ചത്. അപ്പോഴേക്കും ക്വാക്തയിൽ മാത്രം പതിനൊന്ന് പേർക്ക് വെടികൊണ്ടും രണ്ടുപേർക്ക് ബോംബാക്രമണം മൂലവും പരിക്കുകൾ പറ്റിയിരുന്നു. കുക്കി അതിർത്തിയോട് ചേർന്നുകിടന്നിരുന്ന എട്ടാം വാർഡിലെ അമ്പതോളം വീട്ടുകാർ വീടുവിട്ട് പലായനം ചെയ്തിരുന്നു.    

യഥർഥത്തിൽ ഇന്ന് മണിപ്പൂരിൽ ജീവിക്കാൻ ഏറ്റവും ബുദ്ധിമുട്ടുന്നത് ക്വാക്തയിലെ പംഗൽ മുസ്‌ലിംകളാണ്. കാരണം, അവിടെ മാത്രമാണിപ്പോൾ സംഘർഷം നടക്കുന്നത്. കെട്ടിടങ്ങളും മറ്റും തകർക്കപ്പെടുന്നുണ്ടെങ്കിലും,  താഴ്വരയിൽ ഉണ്ടായിരുന്ന കുക്കികൾ കുന്നുകളിലേക്കും കുന്നുകളിൽ ഉണ്ടായിരുന്ന മെയ്‌തേയികൾ താഴ്വരകളിലേക്കും വന്നതോടെ അവിടങ്ങളിലെ ആളപായവും ആക്രമണങ്ങളും ഇല്ലാതെയായിട്ടുണ്ട്. മൂന്ന് മെയ്‌തേയികളും രണ്ട് കുക്കികളും ഉൾപ്പെടെ ആഗസ്റ്റ് അഞ്ചിനുണ്ടായ അഞ്ച് കൊലപാതകങ്ങളും ക്വാക്തയിലായിരുന്നു; ക്വാക്തയിലെ പോസാങിൽ രണ്ട് കുക്കികളും ഇസ് ലാമാബാദിൽ മൂന്ന് മെയ്‌തേയികളും. ഇതോടെ പംഗൽ മുസ്‌ലിംകളുടെ ജീവിതം കൂടുതൽ ദുസ്സഹമായി.  മുസ്‌ലിംകൾ അതുവരെ ചെയ്ത സഹായങ്ങളെല്ലാം മറന്ന്, മെയ്‌തേയി വിഭാഗത്തിൽപെട്ട പലരും മുസ്‌ലിംകൾ ഒറ്റിയതുകൊണ്ടാണ് കൊലപാതകം നടന്നത് എന്ന ആരോപണം ഉന്നയിച്ചു. മെയ്തേയികൾക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിക്കാൻ മുസ്‌ലിംകൾക്ക് നേരെ സമ്മർദങ്ങളുണ്ടായി. 'ഞങ്ങൾ മുസ്‌ലിംകൾ താഴ്വരയിൽ താമസിക്കുന്നവരാണ്. ഞങ്ങൾക്ക് കുക്കികളുമായും മെയ്‌തേയികളുമായും നല്ല ബന്ധമാണുണ്ടായിരുന്നത്. പക്ഷേ, സംഘർഷം തുടങ്ങിയതു മുതൽ പിന്തുണ പ്രഖ്യാപിക്കാനായി ഇരു ഭാഗങ്ങളും ഞങ്ങളുടെ മേൽ സമ്മർദം ചെലുത്തുകയാണ്. ഞങ്ങളെന്തിന് പിന്തുണ പ്രഖ്യാപിക്കണം? ഇത് ഞങ്ങളുടെ യുദ്ധമല്ല. ഇതിൽ ഞങ്ങൾക്ക് ഒരു പങ്കുമില്ല. ഇരുകൂട്ടർക്കും ഞങ്ങളോട് ചെയ്യാനാവുന്നതിന്റെ  പരമാവധി സഹായം ഞങ്ങൾ ചെയ്യുന്നുണ്ട്'- മെയ്തേയി പംഗൽ ഇന്റലക്ച്വൽ ഫോറത്തിന്റെ ആക്ടിങ് പ്രസിഡന്റ് ജിയ പറഞ്ഞു.

പംഗൽ മുസ്‌ലിംകളെ എന്ത് പറഞ്ഞാലും ചെയ്താലും അവർ തങ്ങളുടെ കൂടെ തന്നെ നിന്നോളും എന്ന കണക്കെ, പംഗലുകൾ ചെയ്തുകൊടുത്ത എല്ലാ സഹായങ്ങളും വിസ്മരിച്ചുകൊണ്ട് മെയ്‌തേയികൾ മുസ്‌ലിംകളെ ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നത് ഇത് ആദ്യമായിരുന്നില്ല. മിസോറാമിൽനിന്ന് അവശ്യ സാധനങ്ങളും മറ്റും വരാൻ തുടങ്ങിയതോടെ കുക്കികൾ ഇംഫാലുമായുള്ള ബന്ധം പാടേ ഉപേക്ഷിച്ചിരുന്നു. ചുരാചന്ദ്പൂരിനും  ബിഷ്ണുപൂരിനും ഇടയിൽ അതിർത്തി വന്നതോടെ ചുരാചന്ദ്പൂരിൽനിന്ന് 'അവശ്യ സാധനങ്ങൾ കൊണ്ടുവരൽ' എന്നതിന്റെ സാധ്യത തന്നെ ഇല്ലാതായിരുന്നു. അതോടെ ക്വാക്തയിലേക്ക്  അവശ്യ സാധനങ്ങൾ എത്തിക്കാനുള്ള ഏക മാർഗം ഇംഫാലിൽനിന്നായി മാറി. ക്വാക്തയിലെ ഭൂരിഭാഗം ആളുകളും കച്ചവടം ചെയ്തായിരുന്നു ജീവിച്ചിരുന്നത്. ചുരാചന്ദ്പൂരിൽനിന്ന് ഇംഫാലിലേക്കും തിരിച്ചും ദിവസവും പോയിരുന്ന ആളുകളെ കേന്ദ്രീകരിച്ചായിരുന്നു അവരുടെ കച്ചവടങ്ങൾ മുഴുവനും നടന്നിരുന്നത്.  സംഘർഷം തുടങ്ങിയതോടെ അവർക്ക് ആദ്യം നഷ്ടമായത് അവരുടെ ഉപജീവന മാർഗമായിരുന്നു. പിന്നീട്, ക്വാക്തയിലേക്ക് കൊണ്ടുപോകുന്ന നിത്യോപയോഗ വസ്തുക്കൾ കുക്കികൾക്ക് എത്തിക്കുന്നു എന്നാരോപിച്ച്, മുസ്്ലിംകൾ ഇംഫാലിൽനിന്ന് കൊണ്ടുവരുന്ന ചരക്കുകൾ മെയ്തേയികൾ തടഞ്ഞുവെയ്ക്കാനും അത് വിട്ടുനൽകാതിരിക്കാനും മോഷ്ടിക്കാനും തുടങ്ങി. നേരത്തെ ഉപജീവന മാർഗം നഷ്ടപ്പെട്ട അവർക്ക്, എങ്ങനെയെങ്കിലും പണം ഏർപ്പാട് ചെയ്താൽപോലും വേണ്ട സാധനങ്ങൾ ലഭിക്കാത്ത അവസ്ഥ വന്നു. പലരും അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി കഴിയുകയാണ്.

ക്വാക്തയിലെ ജനങ്ങൾ രാത്രികളിൽ ഉറങ്ങാറില്ല. അവർ നാലുഭാഗവും ചുവരുകൾകൊണ്ട് മറഞ്ഞ ഭാഗങ്ങളിൽ വന്നിരിക്കും. തുറസ്സായ ഭാഗങ്ങളിലൂടെ നടക്കുന്ന ഞങ്ങളോട് മറഞ്ഞിരിക്കാൻ അവർ പറഞ്ഞു.

ക്വാക്ത ബസാറിൽ ഇരുന്നാൽ രാത്രി ഏറെ വൈകിയും വെടിയൊച്ചകളും ബോംബാക്രമണങ്ങളുടെ ശബ്ദവും കേൾക്കാമായിരുന്നു. മറ്റു വിഭാഗങ്ങളെപ്പോലെ ഇവരുടെ കൈയിൽ ആയുധങ്ങളോ മറ്റോ ഇല്ലായിരുന്നു. ഒരു ആക്രമണം നേരിട്ടാൽ അതിനെ പ്രതിരോധിക്കാൻ പോലും ഇക്കൂട്ടർക്കാവില്ല. അങ്ങനെ വീടുവിട്ടിറങ്ങിയ വാർഡ് എട്ടിലെ ജനങ്ങളെ കാണാനിടയായി. അവർക്കാർക്കും വീടുകളിൽ താമസിക്കാൻ കഴിയാതെ  വന്നിരുന്നു.  കുക്കികൾ കൈയടക്കിവെച്ചിരിക്കുന്ന ഫോൾജാങ്ങിനും മെയ്തേയികൾ കൂടുതലുള്ള ക്വാക്തയിലെ ഒമ്പതാം വാർഡിനുമിടയിൽ പെട്ടിരിക്കുകയാണ് എട്ടാം വാർഡിലെ മുസ്‌ലിംകൾ. പലർക്കും വീടുകൾ നഷ്ടപ്പെട്ടിരിക്കുന്നു. എട്ടാം വാർഡിൽ ഇപ്പോൾ ആരും തന്നെ താമസിക്കുന്നില്ല.

അറുപത്തിയഞ്ചുകാരനായ റഹീമും അദ്ദേഹത്തിന്റെ മൂന്നു മക്കളായ യഹ്്യയും റിയാസും യൂനുസും അവരുടെ കുടുംബങ്ങളും അടുത്തടുത്ത വീടുകളിലായിരുന്നു താമസം. അവർക്കങ്ങനെ പറയത്തക്ക  കുടുംബ ബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ല. വെടിവെപ്പും ആക്രമണവും കനത്ത ആഗസ്റ്റ് നാലിന് അവർ ക്വാക്തയിൽ തന്നെയുള്ള ഒരു സുഹൃത്തിന്റെ  വീട്ടിലേക്ക് താൽക്കാലികമായി മാറിത്താമസിച്ചു. എല്ലാം ഒന്ന് ശമിച്ച ശേഷം തിരിച്ചുവരാം എന്നായിരുന്നു ആ സമയത്ത് അവർ കരുതിയത്. ഓട്ടോയും ടാക്‌സിയും ഓടിച്ചായിരുന്നു അവർ കുടുംബം നോക്കിയിരുന്നത്. എന്നാൽ, അടുത്ത ദിവസം അവരുടെ  വീടുകൾ കത്തിനശിച്ച വാർത്ത കേട്ടായിരുന്നു അവർ ഉണർന്നത്. എല്ലാം കത്തിനശിച്ചിരുന്നു; വീടും വാഹനങ്ങളും എല്ലാം. നാലു വീടുകളും അതിലെ സാധനങ്ങളും വാഹനങ്ങളും എല്ലാം ചേർത്ത് നാലര കോടിയോളം നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് റഹീമും കുടുംബവും പറയുന്നത്. ഇനി എങ്ങോട്ട് പോകുമെന്നറിയാതെ, തങ്ങൾ കൂടി ചേർന്ന് സ്ഥാപിച്ച റിലീഫ് ക്യാമ്പിൽ അഭയം പ്രാപിച്ചിരിക്കുകയാണ് റഹീമും കുടുംബവും.

ഇതോടെ വാർഡ് എട്ടിലെ മുസ്‌ലിംകൾ പൂർണമായും വീടുകൾ വിട്ടിറങ്ങി. അവിടെ മറ്റ് മാധ്യമ പ്രവർത്തകർ എത്തിയിരുന്നില്ല. ഞങ്ങളെ കണ്ട നാട്ടുകാർ വാർഡ് മെമ്പർ എം.ഡി കരീമുദ്ദീന്റെ നേതൃത്വത്തിൽ കാര്യങ്ങൾ പറയാനായി ഒത്തുകൂടി. അവരുടെ സാധാരണ ജീവിതവും വീടും തിരികെ ലഭിക്കാൻ  സഹായിക്കണമെന്ന് ഞങ്ങളോട് കെഞ്ചി. നിസ്സഹായരായി അത് കേട്ടുനിൽക്കുകയല്ലാതെ ഞങ്ങൾക്ക് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. അവരുടെ ഓരോരുത്തരുടെയും ആവശ്യങ്ങളും ഞങ്ങൾ കേട്ടു. അവയുടെയെല്ലാം  ദൃശ്യങ്ങളും പകർത്തി. സഹായം എത്തിക്കാൻ വേണ്ടതെല്ലാം ചെയ്യാമെന്ന ഉറപ്പും നൽകി. അവിടെവെച്ചാണ്, രണ്ടുദിവസം മുമ്പ് ഞങ്ങൾ സന്ദർശിച്ച ഇസ് ലാമാബാദിലെ പള്ളി മെയ്തേയി സായുധ വിഭാഗങ്ങൾ പിടിച്ചെടുത്ത് ബങ്കറാക്കിയ വിവരം അറിഞ്ഞത്. മണിപ്പൂരിലെ പ്രശ്നങ്ങളിൽ യാതൊരു പങ്കും ഇല്ലാതിരുന്ന മുസ്‌ലിംകളെ സംഘർഷത്തിലേക്ക് വലിച്ചിഴക്കാനും അതുവഴി നേട്ടമുണ്ടാക്കാനുമുള്ള ശ്രമമായിരുന്നു അത്. 'എന്തിനാണ് അവർ മസ്ജിദ് ബങ്കറാക്കുന്നത്? അതുകൊണ്ടാണ് കുക്കികൾ ഈ ഭാഗത്തേക്ക് തിരിച്ചും ആക്രമിക്കുന്നത്. ഇത് മുസ്‌ലിംകളെയും കൂടി ഈ സംഘർഷത്തിലേക്ക് കൊണ്ടുവരാനുള്ള  മനപ്പൂർവമായ ശ്രമത്തിന്റെ ഭാഗമാണ്' - ഇസ്‌ലാമാബാദുകാരനായ വഹീദുർറഹ്്മാൻ പറഞ്ഞു.

പള്ളിയും അതിനോട് ചേർന്നുള്ള വീടുകളും ഞങ്ങൾ സന്ദർശിച്ചു. ഞങ്ങൾ പള്ളിയിൽ ചെന്ന സമയത്ത് വെടിവെപ്പ് നടന്നുകൊണ്ടിരിക്കുകയായിരുന്നു. പള്ളിക്കകത്ത് മെയ്തേയി സായുധ സംഘങ്ങളും പോലീസും ചേർന്ന് കുക്കികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പള്ളിയുടെ ഒരു ഭാഗത്ത്  വെടിയുണ്ടകൾ പതിച്ചതിന്റെ ധാരാളം പാടുകളുണ്ടായിരുന്നു. അവിടെ നിന്നുള്ള ദൃശ്യങ്ങളെല്ലാം ഞങ്ങൾ കഴിയും വിധം പകർത്തി.  പള്ളിയിൽനിന്ന് പുറത്തിറങ്ങിയപ്പോൾ ഒരാൾ ഞങ്ങളുടെ അടുത്തേക്ക് ഓടിവന്നു. പള്ളിക്കും ശേഷമുള്ള ഒരു വീട്ടിൽ തന്റെ കുടുംബം കുടുങ്ങിക്കിടക്കുകയാണ്. അവർക്ക് പുറത്തിറങ്ങാൻ കഴിയുന്നില്ല എന്നും അയാൾ പറഞ്ഞു. വെടിവെപ്പ് തുടർന്നുകൊണ്ടിരുന്നതിനാൽ അങ്ങോട്ട് പോകാൻ ഞങ്ങൾക്കായില്ല. പക്ഷേ, അന്ന് വൈകിട്ട് തന്നെ ക്വാക്തയിലെ മുസ്‌ലിംകളുടെ പ്രശ്നവും പള്ളി ബങ്കറാക്കിയതും ആളുകൾ വീടുകളിൽ കുടുങ്ങിക്കിടക്കുന്നതും എല്ലാം ചേർത്ത് ഒരു വീഡിയോ പ്രസിദ്ധീകരിച്ചു. ആ വീഡിയോ ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ കണ്ടു. അവർ ഞങ്ങളെ ബന്ധപ്പെട്ടു. അവരത് മുഖ്യമന്ത്രിയെ കാണിക്കുകയും മുഖ്യമന്ത്രി ഉടൻ തന്നെ പള്ളിയിൽനിന്ന് സായുധ സംഘങ്ങളെ നീക്കം ചെയ്യാൻ ഉത്തരവിടുകയും ചെയ്തു. അടുത്ത ദിവസം തന്നെ അസം റൈഫിൾസ് വന്ന് പള്ളിയിൽനിന്നും പരിസര പ്രദേശങ്ങളിൽനിന്നും മെയ്‌തേയി സൈന്യത്തെ നീക്കി.  വീടുകളിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്തി. ഞങ്ങളുടെ വീഡിയോയിൽ സംസാരിച്ചവർക്ക് തുടർന്നുള്ള ദിവസങ്ങളിൽ വധഭീഷണികളുടെ മേളമായിരുന്നു. ചിലർക്ക് ഒളിവിൽ പോകേണ്ടിയും വന്നു.    

ഇതെല്ലാം  മുസ്‌ലിംകളെ കൂടി സംഘർഷത്തിലേക്ക് വലിച്ചിഴക്കാനുള്ള ബോധപൂർവമായ  ശ്രമങ്ങൾ തന്നെയായിരുന്നു. അവിടെയാണ് പംഗൽ മുസ്‌ലിംകൾ സമചിത്തതയോടെ നിലകൊണ്ടത്. അവർ എന്തു ചെയ്യണമെന്ന് കൂടിയാലോചിച്ചു. പ്രശ്നങ്ങളെ സംയമനത്തോടെ വിശകലനം ചെയ്തു. വിഷമങ്ങൾ സഹിച്ച് രോഷാകുലരായി കഴിയുന്നവരെ സമാധാനിപ്പിച്ചു. അങ്ങനെ അവർ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതികൾ നൽകുകയും അവിടെ വന്ന മാധ്യമ പ്രവർത്തകർക്ക് മുന്നിൽ  വസ്തുതകൾ അവതരിപ്പിക്കുകയും ചെയ്തു. എന്നാലും അവർക്ക് നഷ്ടപ്പെട്ടതൊന്നും തിരികെ ലഭിക്കില്ല. ക്വാക്തയിലെ സമാധാനത്തോടെയുള്ള ജീവിതം ഇനി എപ്പോഴാകും തിരികെ ലഭിക്കുക എന്ന് അവർക്കാർക്കും അറിയില്ല. എന്നെങ്കിലും ഒരിക്കൽ അതുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഭൂരിഭാഗം പേരും ജീവിക്കുന്നത്.

പക്ഷേ, അവരുടെ  ആവശ്യം അതൊന്നുമല്ല. 'കുക്കി - മെയ്തേയി സമാധാന ചർച്ചകൾ മണിപ്പൂരിൽ നടക്കാൻ പോവുകയാണ്. ആ ചർച്ചകളിൽ പംഗലുകൾക്കും പ്രാതിനിധ്യം വേണം. കുക്കികളെയും മെയ്തേയികളെയും പോലെ തന്നെ ഈ സംഘർഷങ്ങളുടെ ഭവിഷ്യത്തുകൾ അനുഭവിച്ചവരാണ് ഞങ്ങളും' - ജിയ പറഞ്ഞു. പംഗലുകളെ മാറ്റിനിർത്തി ഒരു ചർച്ച നടന്നാൽ അതിൽ സർക്കാരും, കുക്കി - മെയ്‌തേയി വിഭാഗങ്ങളും എട്ടുശതമാനം വരുന്ന മുസ്‌ലിംകളെ അവഗണിച്ചേക്കാമെന്ന് അവർക്കറിയാം. അങ്ങനെ സംശയിക്കുന്നതിൽ അവരെ കുറ്റം പറയാൻ കഴിയില്ല. l
(തുടരും) 

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 11-12
ടി.കെ ഉബൈദ്