Prabodhanm Weekly

Pages

Search

2023 സെപ്റ്റംബർ 15

3318

1445 സഫർ 29

"ഹലാൽ ഇൻവെസ്റ്റ്മെൻറ്' തുടർക്കഥയാവുന്ന തട്ടിപ്പുകൾ

യാസർ ഖുത്വ്്ബ്

സാമ്പത്തിക ചൂഷണങ്ങൾക്കും തട്ടിപ്പുകൾക്കും മനുഷ്യ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്.  കാലഘട്ടത്തിലെ ട്രെന്റുകൾക്കനുസരിച്ച് അവ പുതു മോഡിയിൽ അവതരിക്കുന്നു.  ആളുകളുടെ ആർത്തിയാണ് അവ തടിച്ചുകൊഴുക്കാൻ കാരണമെന്ന്  പറഞ്ഞു ഒഴിഞ്ഞുമാറുന്നത് യാഥാർഥ്യ ബോധമാണെന്നു കരുതാൻ വയ്യ.  ഹലാലായ സമ്പാദ്യവും മിതമായ ലാഭവും പ്രതീക്ഷിക്കുന്നവർ പോലും പലതരം തട്ടിപ്പുകളിലും ചെന്ന് ചാടുകയാണ്. കാരണം, പുതിയ സംരംഭങ്ങൾ അത്രയും ആസൂത്രിതമായാണ് സംഘടിപ്പിക്കപ്പെടുന്നത്. കെട്ടും മട്ടും കാണുമ്പോൾ അവ  തട്ടിപ്പ് കമ്പനികളാണെന്ന്  സാധാരണക്കാരന് തിരിച്ചറിയാനേ കഴിയില്ല.   ഇത്തരം ആളുകൾ  നിക്ഷേപകരിൽ  വിശ്വാസം ജനിപ്പിക്കാനായി മതവിശ്വാസത്തെ വരെ കൂട്ടുപിടിക്കും. 

പണ്ട് ആട് - തേക്ക് - മാഞ്ചിയം മുതൽ നെറ്റ്്വർക്ക് മാർക്കറ്റിംഗ് വരെ ആയിരുന്നെങ്കിൽ, ഇപ്പോഴും അതിന്റെ വ്യത്യസ്ത രൂപങ്ങൾ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇരകളെ തേടുന്നു. ആർട്ടിഫിഷൽ ഇന്റലിജൻസ്, ക്രിപ്റ്റോ  കറൻസി, ബിറ്റ് കോയിൻ,  ഷെയർ മാർക്കറ്റ്, എത്തിക്കൽ ഇൻവെസ്റ്റ്മെൻറ്, ഹലാൽ ബിസിനസ് തുടങ്ങിയ സങ്കേതങ്ങളെക്കൂടി കൂട്ടുപിടിച്ച് ഉപഭോക്താക്കളിൽ കൂടുതൽ വിശ്വാസ്യത ഉണ്ടാക്കിയെടുക്കുന്നു. അതിന്റെ പ്രക്രിയകളെയാകട്ടെ കൂടുതൽ സങ്കീർണമാക്കുന്നു. സാധാരണക്കാർക്ക് തട്ടിപ്പുകൾ തിരിച്ചറിയാൻ കഴിയാത്തത് ഇതുകൊണ്ട് കൂടിയാണ്.  നിക്ഷേപകർക്ക് മോഹന വാഗ്ദാനങ്ങൾ നൽകി  വിദഗ്ധമായി കബളിപ്പിക്കുന്നു.  പ്രവാസികളും  ഹലാൽ ബിസിനസ്സുകൾ തേടുന്ന സാധാരണക്കാരുമാണ്  വളരെ എളുപ്പത്തിൽ കെണിയിൽ പെട്ടുപോകുന്നവർ.

ഹലാൽ ഇൻവെസ്റ്റ്മെൻറ് എന്ന പേരിൽ റിസോർട്ടുകളിലും ഹോട്ടലുകളിലും  നിക്ഷേപം വാങ്ങിക്കൂട്ടിയ ഒരു പുരോഹിതനെ ആരും മറന്നുകാണില്ല. കൂട്ടത്തിൽ അഞ്ച് ജില്ലകളിൽ സാന്ത്വനം പാലിയേറ്റീവ് കെയറും ഉണ്ടായിരുന്നു. 'അറബ് മാന്ത്രികം' എന്ന പേരിൽ ചാനൽ പരിപാടി വേറെയും. ഇതെല്ലാം ഭക്തരായ വിശ്വാസികളെ സ്വാധീനിച്ചു (വ്യാജ വൈദ്യന്മാരെ സംസ്ഥാനത്ത് അറസ്റ്റ് ചെയ്യാന്‍ തുടങ്ങിയ സമയത്താണ് കുറച്ചു കാലത്തേക്ക് ചികിത്സ നിര്‍ത്തി പാലിയേറ്റീവ് രംഗത്തേക്ക് കടന്നത്). അവസാനം പലരുടെയും പരാതിയിൽ പോലീസ് കസ്റ്റഡിയിലെടുത്തപ്പോഴാണ് ഇയാൾ ചെയ്ത വഞ്ചനയുടെ വ്യാപ്തി ജനങ്ങൾ തിരിച്ചറിയുന്നത്. ഭര്‍ത്താവുമായി സ്വരച്ചേര്‍ച്ചയിലല്ലാതിരുന്ന ഒരു സ്ത്രീ, ഭര്‍ത്താവുമായി അടുക്കാന്‍ വേണ്ടി 'ചികിത്സ'ക്കായി ഏഴ് ലക്ഷം രൂപ നല്‍കിയതായി പോലീസിൽ പരാതി നൽകി.  തുടർന്നാണ്  അയാൾ അറസ്റ്റിലായത്.

കുറ്റിപ്പുറം ആസ്ഥാനമായി പ്രവർത്തിച്ച ഒരു കമ്പനി ശതകോടികളാണ് തട്ടിയെടുത്തത്.  ഒരു മത സംഘടനയിൽ ഉള്ളവരായിരുന്നു മുഖ്യമായും കബളിപ്പിക്കപ്പെട്ടത്. വലിയൊരു വിഭാഗം മദ്റസാ അധ്യാപകരും കെണിയിൽ വീണിരുന്നു.  പലവിധത്തിലുള്ള ഒത്തുതീർപ്പുകൾ നടന്നെങ്കിലും ഇതുവരെ പൂർണമായും എല്ലാവർക്കും നിക്ഷേപിച്ച പണം തിരിച്ചുകിട്ടിയിട്ടില്ല.  ഇരുനൂറിൽ പരം കേസുകളും നിരവധി അറസ്റ്റ് വാറൻറുകളും  കമ്പനി നടത്തിപ്പുകാരനെതിരെ ഇപ്പോഴും നിലവിലുണ്ട്. 

കണ്ണൂരിലെ അർബൻ നിധി, എനി ടൈം മണി എന്നിവയിൽ 500-ഓളം നിക്ഷേപകരാണ് കബളിപ്പിക്കപ്പെട്ടത്. 2023 ജനുവരിയിലായിരുന്നു ഈ കേസ് രജിസ്റ്റർ ചെയ്തത്.  അതേസമയത്ത് തന്നെയുള്ള മറ്റൊരു പ്രധാന കേസായിരുന്നു തൃശൂരിലെ പ്രവീൺ റാണയുടേത്.  ഇതിലും നൂറുകണക്കിന് സാധാരണക്കാർക്ക് പണം നഷ്ടമായി. കേരളത്തിൽ ഏറ്റവുമധികം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുള്ള തൃശൂരിൽ തട്ടിപ്പുകളുടെ എണ്ണവും കൂടുതലാണ്. കൊച്ചി ആസ്ഥാനമായ പോപ്പുലർ ഫിനാൻസിന്റേത് 2000 കോടി രൂപയുടെ തട്ടിപ്പായിരുന്നു. പലതും വാർത്തകൾ പോലും ആകാറില്ല എന്നതാണ് സത്യം.

Q-net

Gold investment, ബിറ്റ് കോയിൻ, ഷെയർ എന്നെല്ലാം പറഞ്ഞ് ഇന്ത്യയിലുടനീളം വലിയ രീതിയിൽ ആളുകളെ വഞ്ചിച്ച ഒരു 'ഇന്റർനാഷനൽ' സ്ഥാപനമാണ് ക്യൂ നെറ്റ്.  എന്നാൽ,  മലപ്പുറത്തും കോഴിക്കോട്ടും അവർ പ്രത്യേക രീതിയിലാണ് പ്രവർത്തിച്ചത്.  മുസ്്ലിം പേരുള്ളവരായിരുന്നു ഓപ്പറേഷനുകളും പ്രമോഷനും നടത്തിയിരുന്നത്. വിശ്വാസികളെ ആകർഷിക്കാനായി അവർ ധാരാളം ഇസ്്ലാമിക സംജ്ഞകൾ ഉപയോഗിച്ചുകൊണ്ടിരുന്നു. Q-net മലബാർ മേഖലയിൽ 'ഹലാൽ ഇൻവെസ്റ്റ്മെൻറ്' എന്ന പേരിൽ നടത്തിയ തട്ടിപ്പിനെ കുറിച്ച് മലയാള മനോരമ ടി.വി അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. മാർച്ച് 2023-ൽ ഇവരുടെ 137 കോടി രൂപയാണ് ഇ.ഡി മരവിപ്പിച്ചത്. ഹോങ്കോങ്ങില്‍ രജിസ്റ്റർ ചെയ്ത ഈ കമ്പനിയുടെ 425 കോടി രൂപയുടെ കള്ളപ്പണവും ഹൈദരാബാദിൽ കണ്ടെത്തിയിരുന്നു. സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നായി അഞ്ച് ലക്ഷം ആളുകൾ ഇതിന്റെ ചതിയിൽ പെട്ടു എന്ന് പോലീസ് പറയുന്നു. ഫെയ്ക് സെലിബ്രിറ്റി പരസ്യങ്ങളും വെബ്സൈറ്റുകളും  വഴി  കേരളത്തിലെ ക്യാമ്പസുകളിൽ  ഇപ്പോഴും ഇവർ നിലനിൽക്കുന്നുണ്ട്. Gold Quest എന്നായിരുന്നു ഇവരുടെ ആദ്യത്തെ പേര്. 1998-ൽ തുടങ്ങിയ ഈ കമ്പനി പേരും നാളും മാറ്റി 2023-ലും ആളുകൾക്ക് വലവിരിച്ചുകൊണ്ടിരിക്കുന്നു.   അത്ഭുതകരം എന്ന് പറയട്ടെ, ഇപ്പോഴും ആളുകൾ ഇതിൽ ചേർന്നുകൊണ്ടിരിക്കുന്നു!  കഴിഞ്ഞ ആഴ്ചയിലും ഇതിൽ ചേർന്ന ഒരാളെ ഈ ലേഖകൻ കണ്ടുമുട്ടുകയുണ്ടായി.

മോറിസ് കോയിൻ

മലപ്പുറത്ത് 11,200 കോടി രൂപയുടെ മറ്റൊരു തട്ടിപ്പ് Morris Coin-ന്റെ പേരിലാണ് അരങ്ങേറിയത്.  ഇതിലെയും മുഖ്യ  ഇരകൾ പ്രവാസികൾ, വിദ്യാർഥികൾ, യുവജനങ്ങൾ തുടങ്ങിയവർ തന്നെ. കോയമ്പത്തൂർ ആസ്ഥാനമായ UTS-ലും ഇരകളായവർ ഭൂരിപക്ഷം മലബാർ മേഖലയിൽനിന്നുള്ളവരായിരുന്നു. 3500 കോടി രൂപയായിരുന്നു ഇതിലൂടെ പൊതുജനങ്ങൾക്ക് നഷ്ടപ്പെട്ടത്. ക്യൂ നെറ്റിനെപ്പോലെ, ഇസ്്ലാംമത വിശ്വാസം ഉപയോഗിച്ച് ആളുകളെ കെണിയിലാക്കുന്നതിൽ യു.ടി.എസും വിജയിച്ചു. ഇങ്ങനെ ചെറുതും വലുതുമായി അറിഞ്ഞതും അറിയപ്പെടാത്തതുമായ തട്ടിപ്പുകൾക്ക് കൈയും കണക്കുമില്ല.

തട്ടിപ്പുകാരുടെ   ഊർജ സ്രോതസ്സും മാതൃകയും

ലോകത്തിലെ ഏറ്റവും വലിയ തട്ടിപ്പുകളിൽ ഒന്നാണ്  OneCoin Scam. 35 ലക്ഷം കോടി ഡോളർ തട്ടിപ്പ് നടത്തി അപ്രത്യക്ഷയാവുകയായിരുന്നു Dr. Ruja Ignatova എന്ന സ്ത്രീ. ഹോളിവുഡ് / സ്പോർട്സ്  സെലിബ്രിറ്റികളെയും ബിസിനസ് മാഗ്നെറ്റുകളെയും രാഷ്ട്രീയക്കാരെയും  കൂടെ കൂട്ടിയായിരുന്നു   പറ്റിക്കൽ. ടൈം മാഗസിനിലെ പരസ്യം, കവർ ചിത്രം ആണെന്ന് പറഞ്ഞും  ആളുകളെ തെറ്റിദ്ധരിപ്പിച്ചു.  കേരളത്തിൽ കണ്ടുവരുന്ന പലതരം ഇടപാടുകൾക്കും ഇതുമായി സാമ്യതകളുണ്ട്. വ്യാജ ബിറ്റ് കോയിൻ സംരംഭങ്ങൾ, മൾട്ടിലെവൽ മാർക്കറ്റിംഗ്, ഗോൾഡ് ഇൻവെസ്റ്റ്മെന്റ് സ്കീമുകൾ തുടങ്ങിയവ ഇപ്പോഴും പിന്തുടരുന്ന മുഖ്യ മാതൃക ഈ സ്ത്രീയുടെതാണ്.

ബാംഗ്ലൂർ ഐ.എം.എ

ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ തട്ടിപ്പുകളിൽ ഒന്നായിരുന്നു ഐ.എം.എയുടേത് (I-Monetary Advisory). ബാംഗ്ലൂർ ആസ്ഥാനമായ ഈ കമ്പനി പലിശരഹിത ഹലാൽ ഇൻവെസ്റ്റ്മെൻറ് എന്ന് പറഞ്ഞായിരുന്നു വിശ്വാസികളെ കൂട്ടമായി ആകർഷിച്ചത്. മുപ്പതിനായിരത്തിലധികം ആളുകൾ ഇതിൽ കണ്ണിചേർന്നു. ഷെയർ ഹോൾഡർമാർക്ക് സമ്മാനമായി നൽകിയിരുന്നത് വിശുദ്ധ ഖുർആൻ ആയിരുന്നു. ഇതിന്റെ ഉടമ മുസ്്ലിം സ്ഥാപനങ്ങൾക്ക് ധാരാളമായി ധനസഹായവും നൽകിയിരുന്നു. ഒരു തരം ആത്മീയാന്തരീക്ഷം കമ്പനി പരിസരത്ത് ഇയാൾ ഉണ്ടാക്കിവെക്കും. ഇത് സാധാരണക്കാരായ മുസ്്ലിംകളെ വളരെയധികം ആകർഷിച്ചു.  കോടിക്കണക്കിൽ രൂപ ആളുകളിൽനിന്ന് തട്ടിയെടുത്ത് കമ്പനി മുങ്ങിയപ്പോഴാണ്  പണം മുടക്കിയവർക്ക് ചതി മനസ്സിലായത്.  വിശ്വാസത്തെ മറയാക്കി വളർന്ന ഒരു വൻ തട്ടിപ്പ്  സ്ഥാപനമായിരുന്നു ഇത്.

മീസാൻ, ഓർക്കിഡ് 

കോഴിക്കോട് പട്ടണത്തിൽ മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന മറ്റൊരു സ്ഥാപനമായിരുന്നു മീസാൻ ഗോൾഡ്. ഷെയർ ഹോൾഡേഴ്സ്  കബളിപ്പിക്കപ്പെട്ടതിനെ കുറിച്ച വാർത്തയും പോലീസ് കേസുകളും ഈയടുത്ത് മീഡിയയിൽ വന്നത് പലരും ഓർക്കുന്നുണ്ടാവും. പ്രവാസികളായിരുന്നു ഇതിന്റെ ഇരകൾ. ഉടമസ്ഥന്റെ ദാരുണമായ അന്ത്യത്തിലേക്ക് നയിച്ച  സംരംഭമായിരുന്നു മലപ്പുറത്തെ ഓർക്കിഡ്. 
സ്ഥാപനത്തിന്റെ സാമ്പത്തിക ദുർബലത കണക്കിലെടുക്കാതിരിക്കുക, അത് യഥാവിധി നിക്ഷേപകരെ അറിയിക്കാതിരിക്കുക,  പുതിയ നിക്ഷേപകരിൽനിന്ന് പണം സ്വീകരിച്ച് അത് പഴയ ആളുകൾക്ക് ലാഭവിഹിതമായി നൽകുക - ഈ കെടുകാര്യസ്ഥതയാണ് ഇത്തരം സ്ഥാപനങ്ങളെ തകർത്തത്. ഇത് മലയാളികൾ നടത്തുന്ന പല ഷെയർ ബിസിനസ്സുകളിലും പിന്തുടരുന്ന രീതിയാണ്. ഒരു ഘട്ടത്തിൽ ഈ ചെയിൻ പൊട്ടി,  കമ്പനിയുടെ നടത്തിപ്പ് അവതാളത്തിലായി അത് പൂട്ടുക എന്നതും,  നിക്ഷേപകർക്ക്  പണം തിരിച്ചു നൽകാനില്ലാതാവുക എന്നതും ഇത്തരം പ്രവർത്തന മാതൃകകളുടെ സ്വാഭാവിക പരിണിതിയാണ്.

പോൺസി സ്കീം (Ponzi scheme)

വഞ്ചനാപരമായ നിക്ഷേപ പദ്ധതിയെയാണ് പോൺസി സ്കീം (Ponzi scheme) എന്ന് പറയുന്നത്. അവിടെ ബിസിനസ്സ് ഉണ്ടാക്കുന്ന യഥാർഥ ലാഭത്തിന് പകരം പുതിയ നിക്ഷേപകരുടെ മൂലധനം ഉപയോഗിച്ച് മുൻ നിക്ഷേപകർക്ക് റിട്ടേൺ നൽകുന്നു.
ലക്ഷണങ്ങൾ: 
1. ഉയർന്ന ലാഭവിഹിതം  വാഗ്ദാനം ചെയ്യുക.
2. എല്ലാ മാസവും നിശ്ചിത ലാഭം (consistent return).
3. സുതാര്യതയുടെ അഭാവം.
4. യഥാർഥ ബിസിനസ്സിന് പകരം പുതിയ ആളുകളുടെ പണം തിരിമറി നടത്തി ആദ്യം ചേർന്നവർക്ക് നൽകുക.
5. പുതിയ നിക്ഷേപകരെ നിരന്തരം ചേർക്കുക.
6. സുസ്ഥിരമല്ലാത്ത വളർച്ച (unsustainable growth).
7. ആദ്യകാല നിക്ഷേപകരെ വീണ്ടും ഇൻവെസ്റ്റ് ചെയ്യാൻ പ്രേരിപ്പിക്കുക (പണം പിൻവലിക്കാൻ കഴിയാതെ ഷെയറുകളുടെ എണ്ണം കൂട്ടി നൽകുക).
8. പണം പിൻവലിക്കാനുള്ള ബുദ്ധിമുട്ട്. ലാഭമോ നിക്ഷേപിച്ച തുകയോ പിൻവലിക്കാൻ കഴിയാത്ത അവസ്ഥ.
9. നിയമാനുസൃതമായ ഡോക്യുമെന്റേഷനുകളുടെ അഭാവം.
10. കുറച്ച് ആളുകൾ പിന്മാറുന്നതോടു കൂടി തന്നെ നഷ്ടവും തകർച്ചയും ആരംഭിക്കും. കാരണം, ഈ സംരംഭത്തിൽ യഥാർഥ ലാഭം സൃഷ്ടിക്കപ്പെടുന്നില്ല എന്നത് തന്നെ.
11. വികാരം, മതവിശ്വാസം, സുഹൃദ് ബന്ധങ്ങൾ തുടങ്ങിയവയെ ചൂഷണം  ചെയ്യുക. കണക്കുകൾ ചോദിക്കുമ്പോൾ വൈകാരിക അടവുകൾ പുറത്തെടുക്കുക.

പരസ്യം മാത്രമോ വില്ലൻ?

പരസ്യ വിപണിയാണ് ഇക്കാലത്ത്  ഉപഭോക്താക്കളുടെ ആവശ്യങ്ങളെ നിർമിക്കുന്നതെന്നും ആഗ്രഹങ്ങൾ ഉണർത്തുന്നതെന്നും നമുക്കറിയാം.  പത്ര-ടി.വി ചാനലുകളിൽ വരുന്ന പരസ്യങ്ങളെ പല ഉപഭോക്താക്കളും സത്യസന്ധമെന്ന് കരുതുന്നു. ഒരു കാര്യം മനസ്സിലാക്കണം: പരസ്യം നൽകുന്ന സ്ഥാപനത്തിന്റെ  സത്യസന്ധത ഉറപ്പ് വരുത്താനോ ഭാവി പ്രവചിക്കാനോ പരസ്യം നൽകുന്ന മാധ്യമങ്ങൾക്ക് സാധിക്കണം എന്നില്ല. അത് അപ്രായോഗികവുമാണ്.

ചില പ്രോഡക്ടുകൾ, അവയുടെ ഉൽപാദന ചെലവിന്റെ അല്ലെങ്കിൽ ഓപ്പറേഷൻ കോസ്റ്റിന്റെ  ഇരട്ടിയോ അതിലധികമോ തുക മാർക്കറ്റിംഗിനായി ഉപയോഗിക്കുന്നത് പോലും വിപണിയിൽ ഇന്നു സാധാരണയാണ്. പരമ്പരാഗത ചാനലുകളിലൂടെ അല്ലാതെ യൂട്യൂബ്, മറ്റ് സോഷ്യൽ മീഡിയ വഴി ആളുകളിലേക്ക് ഇക്കാലത്തേക്ക് പരസ്യങ്ങൾ എത്തുന്നു. അത് ആർക്കും നിയന്ത്രിക്കാൻ കഴിയില്ല. അതിനാൽ, നാം കാണുന്ന പരസ്യങ്ങളുടെ നെല്ലും പതിരും കണ്ടെത്തുക എന്നത് ഇക്കാലത്ത് ഓരോ ഉപഭോക്താവിന്റെയും ഉത്തരവാദിത്വമാണ്.  കേൾക്കുന്ന മാത്രയിൽ തന്നെ 'അവിശ്വസനീയം' എന്ന് തോന്നുന്ന കാര്യങ്ങൾ വിശ്വസിക്കാതിരിക്കുക. വിപണിയിലുള്ളതിനെക്കാൾ ഉയർന്ന ലാഭം വാഗ്ദാനം ചെയ്യുന്ന എന്തിലും ചില ചതിക്കുഴികളുണ്ട് എന്ന്  തിരിച്ചറിയുക.

സ്ഥിരമായി നിശ്ചിത ലാഭം?

ഭൂരിപക്ഷം നിക്ഷേപകരും നൽകുന്ന ആകർഷകമായ വാഗ്ദാനമാണിത്; എല്ലാ മാസവും   നിശ്ചിത തുക (അല്ലെങ്കിൽ ഇത്ര ശതമാനം) നിങ്ങൾക്ക് ലാഭമായി നൽകുമെന്ന്. രണ്ട് കാര്യങ്ങൾ ഇത്തരം വാഗ്ദാനങ്ങൾ കാണുമ്പോൾ നാം ശ്രദ്ധിക്കണം. ഒന്ന്, അതിന്റെ സാമ്പത്തിക വശമാണ്; മറ്റേത് ഇസ്്ലാമിക വശവും. ലാഭം മാത്രം നൽകുന്ന ഒരു സംരംഭവും  ലോകത്തില്ല എന്നതാണ് യാഥാർഥ്യം (പ്രത്യേകിച്ചും അതിന്റെ ആരംഭ ഘട്ടത്തിൽ തന്നെ ലാഭം മാത്രം ലഭിക്കുക എന്നത് സംഭവിക്കാനിടയില്ല). നൽകിയ നിശ്ചിത പണത്തിന് നിശ്ചിത സമയത്തിന് ശേഷം നിശ്ചിത സംഖ്യ,  നഷ്ടങ്ങൾ ഒന്നുമില്ലാതെ നൽകാമെന്ന് തീരുമാനിക്കുന്നതാണ് പലിശ.  ഇസ്്ലാമിൽ പലിശ നിരോധിച്ചപ്പോൾ തന്നെ കച്ചവടങ്ങളിൽ ഏർപ്പെടാനും പറയുന്നുണ്ട്. വ്യാപാര-വ്യവസായങ്ങളിൽ ലാഭ-നഷ്ടങ്ങൾ സംഭവിക്കുമെന്ന് ഇസ്്ലാമിക പ്രമാണങ്ങളിലും ഉണർത്തുന്നുണ്ട്.  അതിനാൽ, നഷ്ടമില്ലാതെ നിശ്ചിത ലാഭം മാത്രം പറഞ്ഞുറപ്പിക്കുന്നത് തന്നെ ഇസ്്ലാമികമല്ല.

പണം നൽകിയാൽ നിശ്ചിത കാലത്തിന് ശേഷം  നിശ്ചിത തുക  നമുക്ക് വാഗ്ദാനം ചെയ്യുന്നത് കടപ്പത്രങ്ങൾ( bond) മാത്രമാണ്. ഗവൺമെൻറ് ഏജൻസികളും മറ്റും പൊതുജനങ്ങളിൽനിന്ന് പണം കടമായി സ്വരൂപിക്കുകയും പിന്നീട് അവർക്ക് അതിന്റെ പലിശ കൊടുക്കുകയുമാണ് കടപ്പത്രങ്ങളിൽ ചെയ്യുന്നത്.  അതിനാൽ തന്നെ ബോണ്ടുകൾ വാങ്ങുന്നത് ഇസ്്ലാമികമല്ല എന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. നിയമപരമായി,  വേറെ ഒരു ഷെയറിലും ഇത്തരം 'മുൻകൂട്ടി നിശ്ചയിച്ച തുക' വാഗ്ദാനങ്ങൾ ഇല്ല.

നിക്ഷേപം സ്വീകരിക്കൽ

ഒരു സംരംഭം നടത്തിക്കൊണ്ടുപോവുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിന് പണം കണ്ടെത്തുന്നതും പ്രയാസകരം തന്നെ. സ്റ്റാർട്ടപ്പുകൾ വരെ ആളുകളെ പിരിച്ചുവിടുകയും സാമ്പത്തിക പ്രതിസന്ധികൊണ്ട്  കമ്പനി പൂട്ടുകയും ചെയ്യുന്നത് നാം കാണുന്നുണ്ട്.

ഉപഭോക്താക്കൾ മുടക്കുന്ന പണത്തിന് തത്തുല്യവും മൂല്യവത്തുമായി കമ്പനി നൽകുന്ന പ്രോഡക്ട് അല്ലെങ്കിൽ സർവീസിന്റെ ക്വാളിറ്റി, മാർക്കറ്റിൽ നിലവിലുള്ള പ്രോഡക്ടുകളിൽനിന്ന് തങ്ങളുടെ പ്രോഡക്ടിനുള്ള വ്യത്യസ്തത ഇതൊക്കെ ഉണ്ടെങ്കിലേ ഏതൊരു സംരംഭത്തിനും  വിപണിയിൽ നിലനിൽക്കാൻ സാധിക്കൂ. അല്ലാത്തവ അകാല ചരമമടയും. അതുമല്ലെങ്കിൽ, നമ്മുടെ സംരംഭത്തിന്റെ സ്ഥാവര -ജംഗമ വിലയും ബ്രാൻഡ് വിലയും എല്ലാം കൂട്ടിച്ചേർത്ത് ഉയർന്ന വിലക്ക് നമ്മുടെ കമ്പനിയെ മറ്റൊരു വലിയ കമ്പനി ഏറ്റെടുത്താൽ, നാം തുടങ്ങുന്ന സംരംഭം വൻ ലാഭം തന്നേക്കും. ഇത്തരം കാര്യങ്ങളൊന്നുമില്ലാതെ, ഒരു കമ്പനിക്കും അവരുടെ നിക്ഷേപകർക്ക് വലിയ റിട്ടേൺ തിരിച്ചുനൽകാൻ സാധിക്കില്ല.

ഇന്നത്തെ പല ജ്വല്ലറി സ്കീമുകളും മാർക്കറ്റിന് തരാൻ കഴിയുന്നതിലും കൂടിയ ലാഭവിഹിതമാണ് ഓഫർ ചെയ്യുന്നത്.  അതിനാൽ, ഇത്തരം ജ്വല്ലറികളുടെയും, അതേ പാത സ്വീകരിക്കുന്ന മറ്റ് നെറ്റ്‌വർക്കുകളുടെയും  തകർച്ചയും സ്വാഭാവികമാണ്. നാം നിക്ഷേപിക്കുന്ന സംരംഭത്തിന് കണക്കുകളിൽ ട്രാൻസ്പരൻസി/ സുതാര്യത ഉണ്ടായിരിക്കണം. പണം നിക്ഷേപിക്കുന്നതിന് മുമ്പായി cash flow, profit and loss സ്റ്റേറ്റ്മെന്റുകൾ തുടങ്ങിയവ പരിശോധിച്ചിരിക്കണം. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 11-12
ടി.കെ ഉബൈദ്