തിരച്ചിലിന്റെ പൊതു സ്വഭാവം
ഗൂഗ്ളിന് ഇരുപത്തിയഞ്ച് വയസ്സായി. തൊള്ളായിരത്തി തൊണ്ണൂറുകളുടെ അവസാനത്തില്‍ ലാറി പെയ്ജും സെര്‍ജി ബ്രിനും ഏറ്റെടുത്ത ഒരു റിസര്‍ച്ച് പ്രോജക്ടാണ്, ലോകത്തിന്റെ അതിശയങ്ങളിലൊന്നായി മാറിയ ഗൂഗ്ള്‍ എന്ന തിരച്ചില്‍ യന്ത്ര(search engine)ത്തിന് ജന്മം നല്‍കിയത്. ഈ മേഖലയില്‍ ഗൂഗ്‌ളിന്റെ കമ്പോള വിഹിതം 92 ശതമാനമാണ്. അതിന്റെ തൊട്ടടുത്ത എതിരാളി Bing-ന് മൂന്ന് ശതമാനം മാര്‍ക്കറ്റ് ഷെയറേയുള്ളൂ. യാഹൂവിന് ഒരു ശതമാനത്തില്‍ അല്‍പം കൂടുതലും. googol (ഒന്നിന് ശേഷം നൂറ് പൂജ്യങ്ങള്‍) എന്ന ഗണിതശാസ്ത്ര സംജ്ഞയില്‍നിന്നാണ് google എന്ന പ്രയോഗം. ഭാവനാതീതമായ വിവരങ്ങളുടെ ശേഖരം എന്നാവാം ആ പ്രയോഗംകൊണ്ട് അതിന്റെ ഉപജ്ഞാതാക്കള്‍ ഉദ്ദേശിച്ചിട്ടുണ്ടാവുക.
ഖത്തറിലെ അല്‍ ജസീറ 2003 മുതല്‍ 2022 വരെയുള്ള വര്‍ഷങ്ങളില്‍, ഓരോ വര്‍ഷവും ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട അഞ്ച് വ്യക്തികള്‍/സംഭവങ്ങള്‍ ഏതൊക്കെയെന്ന് ഗ്രേഡ് തിരിച്ച് കൊടുത്തിട്ടുണ്ട്. പാട്ടുകാരോ നടന്മാരോ ഒക്കെയായ സെലിബ്രിറ്റികളാണ് പലപ്പോഴും ഒന്നാം സ്ഥാനത്ത് വരിക. 2003-ലും 2004-ലും ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ടത് ബിറ്റ്‌നി സ്പിയേഴ്‌സ് എന്ന അമേരിക്കന്‍ ഗായികയാണ്. 2009-ല്‍ മൈക്കല്‍ ജാക്‌സണ്‍. ഒബാമ (2008), നെല്‍സണ്‍ മണ്ടേല (2013) എന്നിവരാണ് ഒന്നാം സ്ഥാനത്തെത്തിയ ലോക നേതാക്കള്‍. അല്‍ ജസീറ നല്‍കിയ ആ ലിസ്റ്റ് (https://aje.io/415ue3) പരിശോധിച്ചാല്‍ ഇന്റര്‍നെറ്റ് പരതലിന്റെ പൊതു സ്വഭാവം മനസ്സിലാക്കാനാവും.
സയ്യിദ് അബ്ദുല്‍ ബാസിത്വ് അന്‍വര്‍ (1950-2023)
ഹൈദരാബാദിലെ സിയാസത്ത് പത്രത്തിന്റെ മാനേജിംഗ് എഡിറ്റര്‍ സഹീറുദ്ദീന്‍ അലി ഖാന്റെ മരണം സൃഷ്ടിച്ച ആഘാതം വിട്ടൊഴിയുന്നതിന് മുമ്പ് മറ്റൊരു വേര്‍പാട് കൂടി നഗരത്തെ ദുഃഖത്തിലാഴ്ത്തി. ദീര്‍ഘകാലം അവിഭക്ത ആന്ധ്രാപ്രദേശില്‍ ജമാഅത്തെ ഇസ്്‌ലാമിയുടെ സാരഥിയായിരുന്ന സയ്യിദ് അബ്ദുല്‍ ബാസിത്വ് അന്‍വര്‍ ആണ് വിടവാങ്ങിയത്. 1950-ല്‍ ഹൈദരാബാദിലെ ഒരു പ്രമുഖ കുടുംബത്തിലായിരുന്നു ജനനം. നിസാം കോളേജില്‍നിന്ന് ബിരുദവും ഉസ്മാനിയാ യൂനിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദാനന്തര ബിരുദ(അറബി)വും നേടി. ചെറുപ്പം മുതലേ ദീനീ ചിട്ടയില്‍ വളര്‍ന്നതിനാല്‍ ദീനീ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ വളരെയേറെ ഉത്സുകനായിരുന്നു. പിന്നീടുള്ള ജീവിതം ഇസ്്‌ലാമിക പ്രസ്ഥാനത്തിനു വേണ്ടി സമര്‍പ്പിക്കുകയായിരുന്നു.
വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കുമിടയില്‍ പ്രവര്‍ത്തിക്കാന്‍ സ്റ്റുഡന്റ്‌സ് ഇസ്്‌ലാമിക് ഓര്‍ഗനൈസേഷന്‍ (എസ്.ഐ.ഒ) രൂപവത്കരിക്കപ്പെട്ടപ്പോള്‍ സംസ്ഥാനത്ത് അതിനെ ശക്തിപ്പെടുത്താന്‍ അദ്ദേഹം അഹോരാത്രം യത്‌നിച്ചു. പിന്നീട് മാതൃ പ്രസ്ഥാനമായ ജമാഅത്തെ ഇസ്്‌ലാമിയിലേക്ക് വന്നപ്പോള്‍ പല ഉത്തരവാദിത്വങ്ങളും അദ്ദേഹം ഏറ്റെടുത്തു. പന്ത്രണ്ട് വര്‍ഷം സയ്യിദ് അബ്ദുല്‍ ബാസിത്വ് അവിഭക്ത ആന്ധ്രാപ്രദേശിലെ ജമാഅത്തെ ഇസ്്‌ലാമി അധ്യക്ഷനായിരുന്നു.
കുറച്ചു കാലമായി രോഗബാധിതനായിരുന്നു. രോഗത്തിന്റെ അവശതകള്‍ വകവെക്കാതെ അദ്ദേഹം പ്രവര്‍ത്തനനിരതനായി. പി.എച്ച്.ഡി പഠനം പോലും പൂര്‍ത്തിയാക്കാന്‍ കഴിയാത്ത വിധം വിപുലമായിരുന്നു അദ്ദേഹത്തിന്റെ കര്‍മ മണ്ഡലം. സമുദായത്തിലെ വിവിധ കൂട്ടായ്മകളുടെ നേതാക്കളുമായി അദ്ദേഹം അടുത്ത സുഹൃദ് ബന്ധം നിലനിര്‍ത്തി. പല പ്രാദേശിക പൊതു കൂട്ടായ്മകള്‍ക്കും രൂപം നല്‍കാന്‍ ഈ ബന്ധങ്ങള്‍ സഹായകമായി.
എറിക് ആഡംസും ബാങ്ക് വിളിയും
അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റി മേയറാണ് കറുത്ത വര്‍ഗക്കാരനായ എറിക് ആഡംസ്. നേരത്തെ പോലീസ് സേനയില്‍ ഉയര്‍ന്ന പദവികള്‍ വഹിച്ചിട്ടുണ്ട്. ഡമോക്രാറ്റ് പാര്‍ട്ടിക്കാരനാണ്. കഴിഞ്ഞ ആഗസ്റ്റില്‍ അദ്ദേഹം നടത്തിയ ഒരു പ്രസ്താവന അമേരിക്കന്‍ മുസ്്‌ലിം സമൂഹത്തില്‍ പരക്കെ സ്വാഗതം ചെയ്യപ്പെടുകയുണ്ടായി. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനും റമദാന്‍ ദിനങ്ങളിലെ മഗ്്രിബ് നമസ്‌കാരങ്ങള്‍ക്കും ബാങ്ക് വിളിക്ക് ഉച്ചഭാഷിണി ഉപയോഗിക്കാന്‍ ഭരണകൂടത്തിന്റെ പ്രത്യേക അനുമതി വേണ്ടതില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അമേരിക്കന്‍ നഗരങ്ങളില്‍ ശബ്ദക്രമീകരണത്തിന് പ്രത്യേകം ഓര്‍ഡിനന്‍സ് ഉള്ളതുകൊണ്ട് ഉച്ചഭാഷിണിയില്‍ ബാങ്ക് വിളിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. ശബ്ദതരംഗ തീവ്രത(decibel)യുടെ ക്രമീകരണം സംബന്ധിച്ച് പോലീസ് മേധാവികള്‍ മത നേതൃത്വവുമായി ധാരണയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു അമേരിക്കന്‍ നഗരമായ മിനിപോളിസില്‍ ഉച്ചഭാഷിണിയില്‍ ബാങ്ക് കൊടുക്കാന്‍ പ്രത്യേക അനുവാദം വേണമെന്ന നിയമം കഴിഞ്ഞ വര്‍ഷം തന്നെ നീക്കിയിരുന്നു.
മത നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ എറിക് ആഡംസ്. പൊതുജീവിതത്തില്‍ മതത്തിന് വലിയ പങ്കുവഹിക്കാനുണ്ടെന്നും അദ്ദേഹം വിശ്വസിക്കുന്നു. അദ്ദേഹം പറയുന്നത് കാണുക: ''ഞാന്‍ ചര്‍ച്ച്- സ്റ്റേറ്റ് വിഭജനത്തെ അനുകൂലിക്കുന്നില്ല. സ്റ്റേറ്റ് ശരീരമാണ്; ചര്‍ച്ച് ഹൃദയവും. ഹൃദയം എടുത്തുമാറ്റിയാല്‍ പിന്നെ ശരീരത്തിന് ജീവനുണ്ടാവില്ല.''
അഫ്ഗാന്‍ കറന്‍സി അത്ര ചെറിയ മീനല്ല
സാമ്പത്തിക നിരീക്ഷകരെ അമ്പരപ്പിച്ചിരിക്കുകയാണ് അഫ്ഗാന്‍ കറന്‍സിയുടെ മൂല്യ വര്‍ധന. 2021-ല്‍ അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്താന്‍ വിടുകയും താലിബാന്‍ അധികാരത്തില്‍ വരികയും ചെയ്ത ശേഷം 20 മുതല്‍ 30 ശതമാനം വരെയാണ് അഫ്ഗാന്‍ സമ്പദ് ഘടന ചുരുങ്ങിപ്പോയത്. പക്ഷേ, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടക്ക് വന്‍ കുതിപ്പ് തന്നെ നടത്തി അഫ്ഗാന്‍ കറന്‍സി. എത്രത്തോളമെന്നാല്‍ അമേരിക്കന്‍ ഡോളറുമായി തട്ടിച്ചു നോക്കിയാല്‍ പാകിസ്താന്‍, ബംഗ്ലാദേശ്, ഇറാന്‍, ശ്രീലങ്ക എന്നീ നാടുകളിലെ കറന്‍സിയെക്കാള്‍ മൂല്യമുണ്ട് ഇപ്പോള്‍ അഫ്ഗാന്‍ കറന്‍സിയായ 'അഫ്ഗാനി'ക്ക്. ഇന്ത്യയുടേത് വലിയ സമ്പദ്ഘടനയാണെങ്കിലും ഒരു ഇന്ത്യന്‍ രൂപക്ക് 0.89 അഫ്ഗാനിയാണ് 2023 സെപ്റ്റംബര്‍ 4-ലെ റേറ്റ്. ഏതാണ്ട് സമാസസമത്തിലേക്ക് നീങ്ങുന്നുവെന്നും പറയാം.
ഇരുപത് വര്‍ഷം നാറ്റോ സൈന്യം നടത്തിയ അതിമാരകമായ യുദ്ധം, സകല രാഷ്ട്രങ്ങളുടെയും ഉപരോധം, പാശ്ചാത്യ രാഷ്ട്രങ്ങള്‍ അഫ്ഗാനിസ്താന്റെ എട്ട് ബില്യന്‍ അമേരിക്കന്‍ ഡോളര്‍ മരവിപ്പിച്ചത്- ഈ കടുത്ത പ്രതിസന്ധികൾക്കിടയിലും അഫ്ഗാൻ കറൻസി കരുത്ത് നേടുന്നതിന്റെ ഒരു കാരണം, ഇറക്കുമതി കുറച്ചതും പഴവര്‍ഗങ്ങളുടെയും മറ്റും കയറ്റുമതി ഗണ്യമായി കൂട്ടിയതുമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
മന്‍സികര്‍ട്ട് യുദ്ധ വിജയം
തുര്‍ക്കിയയുടെ ചരിത്രത്തില്‍ വളരെ സുപ്രധാനമാണ് ഒമ്പതര നൂറ്റാണ്ട് മുമ്പ് 1071-ല്‍ നടന്ന മന്‍സികര്‍ട്ട് (Manzikert) യുദ്ധം. തുര്‍ക്കിയയില്‍ ഇതറിയപ്പെടുന്നത് മലസ്ഗര്‍ട്ട് (Malazgirt) എന്നാണ്. ഈ യുദ്ധ വിജയത്തിന്റെ 952-ാം വാര്‍ഷികം കഴിഞ്ഞ ആഗസ്റ്റ് 25-ന് ആഘോഷിച്ചപ്പോള്‍ മുഖ്യാതിഥി തുര്‍ക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ആയിരുന്നു. തുര്‍ക്കിയ വംശജര്‍ അനാത്വൂലി മേഖലയിലേക്ക് കടന്നുവരുന്നത് സല്‍ജൂഖി രാജാവായ അല്‍പ് അർസ്്ലാൻ നേടിയ ഈ വിജയത്തോടെയാണ്. ആറ് നൂറ്റാണ്ടിന് ശേഷം ഉസ്മാനിയാ സാമ്രാജ്യത്തിന്റെ ഉദയത്തിനും ആ യുദ്ധ വിജയം നിമിത്തമായി. 'മന്‍സികര്‍ട്ട് യുദ്ധം ഒരു സാധാരണ യുദ്ധമായിരുന്നില്ല; മൻസികർട്ട് വിജയം ഒരു സാധാരണ വിജയവുമായിരുന്നില്ല'- ഉര്‍ദുഗാന്‍ പറഞ്ഞു.
Comments