Prabodhanm Weekly

Pages

Search

2023 സെപ്റ്റംബർ 15

3318

1445 സഫർ 29

നേട്ടം എല്ലാവരുടേതുമാണ്

എഡിറ്റർ

ന്ത്യയുടെ ശാസ്ത്ര ചരിത്രത്തില്‍ എന്നും ഓര്‍മിക്കപ്പെടുന്ന ദിനമാണ് 2023 ആഗസ്റ്റ് 23. അന്നാണ്, 39 ദിവസത്തെ ബഹിരാകാശ യാത്രക്കൊടുവില്‍ ചന്ദ്രയാന്‍-3ലെ ലാന്‍ഡര്‍ വളരെ സുരക്ഷിതമായി ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയത്. ഇതെഴുതുമ്പോഴും ചന്ദ്രയാന്‍-3 ദൗത്യം അതിന്റെ വിജയകരമായ പ്രയാണം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇതു വരെ ഒരു രാജ്യവും ചെന്നെത്തിയിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലാന്‍ഡറിനുള്ളിലെ റോവർ പര്യവേക്ഷണങ്ങള്‍ നടത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്. റഷ്യ, അമേരിക്ക, ചൈന എന്നീ രാഷ്ട്രങ്ങളോടൊപ്പം ഇന്ത്യയും സ്‌പേസ് ക്ലബ്ബില്‍ നാലാമതായി അതിന്റെ പേര് എഴുതിച്ചേര്‍ത്തിരിക്കുന്നു. ഇന്ത്യക്കാര്‍ക്കെല്ലാം അഭിമാനത്തിന്റെ നിമിഷമാണിത്. നമ്മുടെ ബഹിരാകാശ പര്യവേക്ഷണത്തില്‍ വലിയൊരു നാഴികക്കല്ല് തന്നെയായിരിക്കും ഈ നേട്ടം എന്ന കാര്യത്തില്‍ സംശയമില്ല.

ഈ വിജയം ഇന്ത്യക്ക് മാത്രമല്ല, മുഴുവന്‍ മനുഷ്യകുലത്തിനും അവകാശപ്പെട്ടതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിക്കുകയുണ്ടായി. ഒറ്റ ഭൂമി, ഒറ്റ മനുഷ്യ കുടുംബം, ഒരൊറ്റ മാനവ ഭാഗധേയം എന്ന ആശയവും അദ്ദേഹം പങ്കുവെച്ചു. പക്ഷേ പിന്നീട്, അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പ്രത്യയശാസ്ത്ര പരിസരങ്ങളില്‍നിന്നുയർന്ന പല അഭിപ്രായ പ്രകടനങ്ങളും വിശ്വമാനവിക കാഴ്ചപ്പാടുമായി ഒത്തുപോകുന്നതായിരുന്നില്ല. മത, ദേശീയ സങ്കുചിതത്വം അവയില്‍ നിറഞ്ഞുനിന്നു. ഭരണകൂടത്തിന്റെ ചില നിലപാടുകളിലും അത് പ്രതിഫലിച്ചു. നേട്ടം മൊത്തം ഇന്ത്യക്കാരുടേതുമാണ് എന്ന സത്യത്തിന് മങ്ങലേല്‍പിക്കുന്നുണ്ട് അത്തരം അഭിപ്രായ പ്രകടനങ്ങള്‍.

ഇന്ത്യയുടെ എല്ലാ ഭാഗങ്ങളില്‍നിന്നുമുള്ള ശാസ്ത്രജ്ഞരുടെ കഠിന പ്രയത്‌നത്തിന്റെ ഫലമാണ് ഈ നേട്ടം. അതില്‍ ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷ(ഐ.എസ്.ആര്‍.ഒ)ന്റെ തലപ്പത്തുള്ള ഏതാനും പേരേ ആഘോഷിക്കപ്പെടുന്നുള്ളൂ. ആയിരക്കണക്കിന് ശാസ്ത്രജ്ഞരുടെ കൂട്ടായ യത്‌നങ്ങളുടെ ഫലമാണിതെന്ന കാര്യം പലപ്പോഴും വിസ്മരിക്കപ്പെടുന്നു. ശശി തരൂര്‍ എം.പി ഈയിടെ എഴുതിയ ഒരു ലേഖനത്തില്‍, കേരളത്തിലെ സാദാ എഞ്ചിനീയറിംഗ് കോളേജുകളില്‍ പഠിച്ച നിരവധി പേര്‍ ഈ സംരംഭത്തില്‍ പങ്കാളികളാണെന്നും അത് സംസ്ഥാനത്തിന് അഭിമാനകരമാണെന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ദല്‍ഹിയില്‍നിന്നിറങ്ങുന്ന റേഡിയന്‍സ് വാരിക അതിന്റെ സെപ്റ്റംബര്‍ 9 ലക്കത്തില്‍ ചന്ദ്രയാന്‍ -3ന് പിന്നില്‍ പ്രവര്‍ത്തിച്ച മുസ്്‌ലിം ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തുന്നുണ്ട്. മുസഫര്‍ നഗറില്‍നിന്നുള്ള യുവ ശാസ്ത്രജ്ഞന്‍ അരീബ് അഹ്്മദ്, ഐ.ഐ.ടി കാണ്‍പൂരില്‍നിന്നുള്ള ഇശ്‌റത്ത് ജമാല്‍, കിഴക്കന്‍ യു.പിയിലെ അഖ്തദര്‍ അബ്ബാസ്, അഅ്‌സംഗഢിലെ സനാ ഫിറോസും അവരുടെ ഭര്‍ത്താവ് യാസര്‍ അമ്മാറും, തിരുവനന്തപുരത്ത് ഐ.എസ്.ആര്‍.ഒയില്‍ ജോലി ചെയ്യുന്ന മുഹമ്മദ് സ്വാബിര്‍ ആലം തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം. ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ വണ്ണിന്റെ തലപ്പത്തുള്ളത് നിഗര്‍ ഷാജിയെന്ന തമിഴ്‌നാട്ടുകാരിയാണ്. അവരുടെ സഹോദരന്‍ ശൈഖ് സലീമും അറിയപ്പെടുന്ന ശാസ്ത്രജ്ഞനാണ്. ശാസ്ത്ര നേട്ടങ്ങള്‍ ഇങ്ങനെ മതവും ദേശവും തിരിച്ച് പറയേണ്ടതല്ല എന്നത് ശരി തന്നെ. പക്ഷേ, ഇവര്‍ ഉള്‍പ്പെടുന്ന സമുദായത്തിന്റെ ദേശക്കൂറ് നിരന്തരം ചോദ്യം ചെയ്യപ്പെടുമ്പോള്‍ ഈ സത്യങ്ങള്‍ വിളിച്ചുപറയാതിരിക്കാനും വയ്യ. 

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 11-12
ടി.കെ ഉബൈദ്