സാമ്പത്തിക ഇടപാടുകളിലെ കരാർ പത്രങ്ങൾ
സാമ്പത്തിക ഇടപാടുകൾക്ക് കൃത്യമായ കരാർ പത്രങ്ങൾ ഉണ്ടായിരിക്കണം എന്നത് ഇസ്്ലാമിന്റെ നിർബന്ധ ശാസനയാണ്. ധന വിനിമയത്തിൽ സൂക്ഷ്മതയും സുതാര്യതയും ഉറപ്പുവരുത്തുക, അവകാശ ബാധ്യതകൾ നിയമപരമായി പൂർത്തീകരിക്കാൻ അവസരമൊരുക്കുക, തർക്കവിതർക്കങ്ങൾ ഒഴിവാക്കാൻ സഹായിക്കുക തുടങ്ങി, സുപ്രധാനമായ സാമ്പത്തിക പാഠങ്ങൾ ഇതുവഴി പ്രയോഗവൽക്കരിക്കപ്പെടുന്നു. ഇസ്്ലാം അനുശാസിക്കുന്ന വ്യക്തിവിശുദ്ധി, സാമ്പത്തിക സുരക്ഷ, സാമൂഹിക ഭദ്രത എന്നീ മഹദ് മൂല്യങ്ങൾ പരിപാലിക്കാനും എഴുതിത്തയാറാക്കിയ പ്രമാണങ്ങൾ വലിയ തോതിൽ സഹായകമാണ്.
വലിയ വചനം, വലിയ തത്ത്വം
വിശുദ്ധ ഖുർആനിലെ ഏറ്റവും വലിയ വചനം സാമ്പത്തിക ഇടപാടുകളിൽ വ്യക്തമായ കരാർ പത്രങ്ങൾ ഉണ്ടായിരിക്കണമെന്ന് അനുശാസിക്കുന്നതാണ്. കൃത്യമായി തയാറാക്കിയ രേഖകളും വിശ്വസ്തരായ സാക്ഷികളും ധനപരമായ ക്രയവിക്രയങ്ങളിൽ ഉണ്ടെന്ന് ഉറപ്പുവരുത്തണം. കമ്പനികളിലെ ഷെയർ ഉൾപ്പെടെ, സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച അധുനാതന രാഷ്ട്ര നിയമങ്ങളും കോടതി വ്യവഹാരങ്ങളും അനുശാസിക്കുന്ന 'കരാർ പത്രവും' (കിതാബത്ത്), 'സാക്ഷ്യവും' (ശഹാദത്ത്) സംബന്ധിച്ച അടിസ്ഥാന വ്യവസ്ഥകളാണ് വിശുദ്ധ വേദഗ്രന്ഥം പതിനാല് നൂറ്റാണ്ടു മുമ്പ് മാനുഷ്യകത്തെ പഠിപ്പിച്ചിരിക്കുന്നത്. 'അല്ലാഹു നിങ്ങളെ പഠിപ്പിക്കുന്നു' എന്നു തന്നെയാണ് സൂക്തത്തിലെ പദപ്രയോഗം. വിശ്വാസകാര്യങ്ങളും ആരാധനാ കർമങ്ങളും പ്രാർഥനാ വചനങ്ങളും വിശദീകരിക്കേണ്ട 'മത ഗ്രന്ഥം' സാമ്പത്തിക ജീവിതവുമായി ബന്ധപ്പെട്ട, ഇത്രമേൽ പ്രാധാന്യമുള്ള നിയമം ഏറ്റവും വലിയ സൂക്തത്തിലൂടെ പഠിപ്പിക്കുന്നുണ്ടെങ്കിൽ അതിന്റെ സാമൂഹിക പ്രാധാന്യം സാമാന്യബോധമുള്ളവർക്ക് എളുപ്പം മനസ്സിലാക്കാവുന്നതേയുള്ളൂ.
അൽ ബഖറയിലെ 282-ാം വചനത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്. കടമിടപാടുകളിലെ രേഖകളും സാക്ഷികളുമാണ് ഇതിലെ പ്രതിപാദ്യം. എന്നാൽ, കടമിടപാടുകൾക്ക് മാത്രം ബാധകമായ നിയമമല്ല ഇത്. ഖുർആനിന്റെ ശൈലിയനുസരിച്ചും ഈ വചനത്തിന്റെ വിശദാംശങ്ങൾ പരിശോധിക്കുമ്പോഴും, പ്രധാനപ്പെട്ട എല്ലാ സാമ്പത്തിക ഇടപാടുകളിലും സാമൂഹിക ജീവിതത്തിലും പൊതുവേ പാലിക്കേണ്ട അടിസ്ഥാന തത്ത്വങ്ങളാണ് ഇതിൽ വിശദീകരിക്കുന്നതെന്ന് ബോധ്യപ്പെടും. വിശേഷിച്ചും, 'വ്യാപാര ഇടപാട് നടത്തുമ്പോൾ നിങ്ങൾ സാക്ഷി നിർത്തിക്കൊള്ളുക' എന്നുതന്നെ ഈ വചനത്തിൽ വ്യക്തമായി പ്രഖ്യാപിക്കുന്നതുകൊണ്ട്, കൂട്ടു കച്ചവടങ്ങളിലെ പങ്കാളിത്തം പോലുള്ള വിഷയങ്ങളിൽ ഇതിലെ കൽപനകൾ ഏറെ ഗൗരവത്തിൽ പരിഗണിക്കേണ്ടതാണെന്ന് നിസ്സംശയം പറയാം. മാത്രമല്ല, വ്യത്യസ്ത വിഷയങ്ങളിലെ കരാർ പത്രങ്ങൾക്കുള്ള പ്രധാന പ്രമാണ സാക്ഷ്യമായി പണ്ഡിതന്മാർ പൊതുവേ ഉദ്ധരിക്കുന്നതും ഇതേ ഖുർആൻ വചനമാണ്.
"അല്ലയോ സത്യവിശ്വാസികളേ, നിശ്ചിത അവധി വെച്ച് പരസ്പരം കടമിടപാട് നടത്തുമ്പോൾ അത് എഴുതിവെക്കുവിൻ. ഇരു കക്ഷികൾക്കും ഇടയിൽ ഒരാൾ നീതിപൂർവം അത് രേഖപ്പെടുത്തട്ടെ. അല്ലാഹു എഴുതാനും വായിക്കാനുമുള്ള കഴിവ് നൽകിയിട്ടുള്ളവർ അത് എഴുതാൻ വിസമ്മതിക്കരുത്. അവൻ എഴുതട്ടെ. ആരുടെ പേരിലാണോ ബാധ്യത വരുന്നത് അവൻ (അധമർണൻ) പറഞ്ഞുകൊടുക്കട്ടെ. അവൻ നാഥനായ അല്ലാഹുവിനെ ഭയപ്പെട്ടു കൊള്ളട്ടെ. തീരുമാനിക്കപ്പെട്ട ഇടപാടിൽ ഒരുവിധ ഏറ്റക്കുറവും വരുത്താൻ പാടുള്ളതല്ല. ഇനി കടം കൊള്ളുന്നവൻ വിഡ്ഢിയോ ദുർബലനോ, പറഞ്ഞുകൊടുക്കുന്നതിന് അപ്രാപ്തനോ ആണെങ്കിൽ അവനു വേണ്ടി അവന്റെ കൈകാര്യക്കാരൻ നിഷ്പക്ഷമായി പറഞ്ഞുകൊടുക്കട്ടെ. പിന്നെ, തങ്ങളുടെ പുരുഷന്മാരിൽനിന്ന് രണ്ടുപേരെ അതിന് സാക്ഷികളാക്കുകയും ചെയ്യുക. രണ്ടു പുരുഷന്മാർ ഇല്ലെങ്കിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും ആയിക്കൊള്ളട്ടെ. ഒരുവൾ മറന്നു പോയാൽ മറ്റവൾ ഓർമിപ്പിക്കാനാണിത്. ഈ സാക്ഷികൾ നിങ്ങൾക്കിടയിൽ സ്വീകാരയോഗ്യരായ സാക്ഷികളിൽ പെട്ടവർ ആയിരിക്കേണ്ടതാകുന്നു.
സാക്ഷികളാകാൻ ആവശ്യപ്പെടുമ്പോൾ അവർ വിസമ്മതിക്കരുത്. ഇടപാട് ചെറുതാവട്ടെ വലുതാകട്ടെ, അവധി നിർണയിച്ചു പ്രമാണം രേഖപ്പെടുത്തി വെക്കുന്നതിൽ ഉദാസീനരാകരുത്. ഈ മാർഗമാണ് അല്ലാഹുവിങ്കൽ നിങ്ങൾക്ക് ഏറ്റവും നീതിപൂർവകമായിട്ടുള്ളത്. ഇതുവഴി സാക്ഷ്യം നിർവഹിക്കുന്നതിന് ഏറ്റവും കൂടുതൽ സൗകര്യം ലഭിക്കുന്നു. നിങ്ങൾ സംശയങ്ങളിൽ അകപ്പെടാൻ സാധ്യത ഇല്ലാതാവുകയും ചെയ്യുന്നു. നിങ്ങൾ റൊക്കമായി നടത്തുന്ന കച്ചവടമാണെങ്കിൽ അത് എഴുതിവെക്കാതിരിക്കുന്നതിൽ വിരോധമില്ല. വ്യാപാര ഇടപാട് നടത്തുമ്പോൾ നിങ്ങൾ സാക്ഷി നിർത്തിക്കൊള്ളുക. എഴുതുന്നവനും സാക്ഷിയും ദ്രോഹിക്കപ്പെടാവതല്ല. അങ്ങനെ ചെയ്യുകയാണെങ്കിൽ അത് ധിക്കാരമാകുന്നു. അല്ലാഹുവിന്റെ കോപത്തെ കാത്തുകൊള്ളുക. അവൻ നിങ്ങൾക്ക് ശരിയായ പ്രവർത്തന രീതി പഠിപ്പിക്കുന്നു. അവൻ സർവ സംഗതികളെക്കുറിച്ചും അഭിജ്ഞനാകുന്നു."
ഖുർആൻ പണ്ഡിതനായ ഇബ്നു കസീർ ഈ വചനത്തിന് നൽകിയ വിശദീകരണത്തിൽ പറയുന്നു: "അവധി നിശ്ചയിച്ച ഇടപാടുകൾ രേഖപ്പെടുത്തി വെക്കണം എന്നാണ് അല്ലാഹു ഇതിലൂടെ മാർഗ നിർദേശം നൽകുന്നത്. അതുവഴി സമ്പത്ത് സംരക്ഷിക്കപ്പെടുകയും നിശ്ചിത അവധി പാലിക്കപ്പെടുകയും സാക്ഷികൾക്ക് വ്യക്തത ലഭിക്കുകയും ചെയ്യും. 'ഈ മാർഗമാണ് അല്ലാഹുവിങ്കൽ നിങ്ങൾക്ക് ഏറ്റവും നീതിപൂർവകമായിട്ടുള്ളത്. ഇതുവഴി സാക്ഷ്യം നിർവഹിക്കുന്നവന് കൂടുതൽ സൗകര്യവും ലഭിക്കുന്നു' എന്ന് ഈ വചനത്തിൽ പറഞ്ഞതിന്റെ പൊരുളും ഇതുതന്നെയാണ്" (തഫ്സീറു ഇബ്നു കസീർ ).
അബൂ നസ്വ്്ർ സമർഖന്ദി ഇങ്ങനെ എഴുതിയിട്ടുണ്ട്: "കരാർ പത്രങ്ങൾ രേഖപ്പെടുത്തുന്നത് നിയമപരമായി അനുശാസിക്കപ്പെട്ടതാണ്. അതിൽ നിരവധി നന്മകളുണ്ട്. അല്ലാഹുവിന്റെ കൽപന അനുസരിക്കുന്നു എന്നതാണ് പ്രധാനം. പ്രവാചക പാഠങ്ങളെ പിന്തുടരുന്നു എന്നതാണ് മറ്റൊന്ന്. കാരണം, ഖുർആനിലെ ഏറ്റവും ദൈർഘ്യമുള്ള സൂക്തം ഈ വിഷയത്തിലാണ് അവതരിപ്പിച്ചിട്ടുള്ളത്" (റസൂമുൽ ഖുദാത്ത്, പേജ് 21). സയ്യിദ് അബുൽ അഅ്ലാ മൗദൂദിയുടെ വിശദീകരണത്തിൽ, 'കച്ചവടക്കരാറുകൾ' എന്ന് വ്യക്തമായി പറയുന്നുണ്ട്: "അല്ലാഹു ആജ്ഞാപിക്കുന്നത് ഇടപാടുകൾ വ്യക്തവും സംശയരഹിതവും ആയിരിക്കാൻ കടത്തിന്റെയും കച്ചവടത്തിന്റെയും കരാറുകളെല്ലാം എഴുതിവെക്കണമെന്നും അതിന് സാക്ഷി നിർത്തണം എന്നുമാണ്" (തഫ്ഹീമുൽ ഖുർആൻ). ശൈഖ് അബ്ദുർറഹ്്മാൻ ഇബ്നു സഅ്ദിയുടെ വ്യാഖ്യാനത്തിൽ ഇങ്ങനെ കാണാം: "പുണ്യവാനോ അധർമിയോ വിശ്വസ്തനോ വഞ്ചകനോ ആരാകട്ടെ; ഒരു വ്യക്തിയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള സെക്യൂരിറ്റിയും ഗ്യാരണ്ടിയുമാണ് കരാർ പത്രങ്ങളുടെ നിയമപരത. എത്രയെത്ര പ്രമാണങ്ങളാണ് അവകാശങ്ങൾ സംരക്ഷിക്കുകയും തർക്കങ്ങൾ അവസാനിപ്പിക്കുകയും ചെയ്തിട്ടുള്ളത്" (തയ്സീറുൽ കരീമിർറഹ്്മാൻ ഫീ തഫ്്സീരി കലാമിൽ മന്നാൻ, പേജ് 961). കരാർ പത്രങ്ങളെ കുറിച്ച് പൊതുവായാണല്ലോ ഈ വ്യാഖ്യാനത്തിൽ അദ്ദേഹം സൂചിപ്പിക്കുന്നത്.
വ്യക്തിഗത വിഷയങ്ങളിലെ സാമൂഹിക ബാധ്യത
വ്യക്തിഗതമായ സാമ്പത്തിക ഇടപാടുകളിലും സാമൂഹിക ബാധ്യത ഖുർആൻ നിർണയിച്ചു വെച്ചിട്ടുണ്ട്. അതുകൊണ്ടാണ് സാമ്പത്തിക ഇടപാടുകൾക്ക് പ്രമാണങ്ങളെഴുതാൻ അറിവും കഴിവും ഉള്ളവർ അത് ചെയ്തുകൊടുക്കണമെന്നും വിസമ്മതിക്കരുതെന്നും കൽപിച്ചിട്ടുള്ളത്. അപ്രകാരം, സത്യസന്ധരായ വ്യക്തികളോട് സാക്ഷ്യം നിൽക്കാൻ ആവശ്യപ്പെട്ടാൽ അവരത് സ്വീകരിക്കണം, ആവശ്യം നിരസിച്ച് സാക്ഷ്യം നിൽക്കാൻ വിമുഖത കാണിക്കരുത് എന്നും അനുശാസിക്കുന്നു. വ്യക്തമായ രേഖകളും സാക്ഷ്യങ്ങളും സഹിതം സാമ്പത്തിക ഇടപാടുകൾ നടക്കുമ്പോൾ മാത്രമേ സമൂഹത്തിൽ പണത്തിന്റെ ഒഴുക്കും സുരക്ഷിതത്വത്തോടു കൂടിയ സാമ്പത്തിക വളർച്ചയും, അതേ സമയം സാമൂഹിക ഭദ്രതയും ഉണ്ടാവുകയുള്ളൂ എന്നതിനാലാണിത്. രേഖകളും സാക്ഷികളും ഇല്ലാതിരുന്നാൽ, മറ്റുള്ളവരിൽ നിന്ന് നിക്ഷേപമായോ മറ്റോ ലഭിച്ച പണം കൈകാര്യം ചെയ്യുന്നതിൽ ജാഗ്രതയും സൂക്ഷ്മതയും കുറയും. നഷ്ടസാധ്യത കൂടും. വ്യക്തികൾ തമ്മിൽ പ്രശ്നങ്ങൾ ഉടലെടുക്കുകയും കുടുംബപരവും സാമൂഹികവുമായ സംഘർഷങ്ങൾക്ക് ഇത് കാരണമാവുകയും ചെയ്യും. അതുകൊണ്ട് ഈ രണ്ടു കാര്യങ്ങളും കണിശമായി പാലിക്കണമെന്നും ഇതിനായി ക്ഷണിക്കപ്പെട്ടവർ ഉത്തരവാദിത്വത്തിൽനിന്ന് പിൻവാങ്ങരുതെന്നും കൽപിച്ചിരിക്കുന്നു. വ്യക്തിപരമായ കാര്യങ്ങളിൽ സാമൂഹിക ബാധ്യതകൾ വന്നുചേരുന്നതിന്റെ വലിയൊരു തലം കൂടിയാണ് ഖുർആൻ ഇവിടെ പഠിപ്പിക്കുന്നത്.
സാമ്പത്തിക ഇടപാടുകളിലെ കരാർ പത്രങ്ങളും സാക്ഷികളും കോടതി വ്യവഹാരങ്ങളിൽ സ്വീകാര്യമാകുന്ന വിധത്തിൽ നിയമാനുസൃതത്വം ഉള്ളതായിരിക്കണം എന്നാണ് ഇസ്്ലാം നിഷ്കർഷിക്കുന്നത്. വ്യക്തികളുടെ വിശ്വാസ്യത, വേഷഭൂഷകളിലും നാവിൻതുമ്പിലും കാണപ്പെടുന്ന 'ഭക്തി ചിഹ്നങ്ങൾ', കുടുംബ -സൗഹൃദ ബന്ധങ്ങൾ, വാക് വൈഭവം, പരസ്യങ്ങളിലെ ദൈവനാമങ്ങളും പുണ്യ വചനങ്ങളും തുടങ്ങിയവയൊന്നും ബിസിനസ്സിൽ ഷെയറെടുക്കുന്നത് ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകൾ നടത്താനുള്ള അടിസ്ഥാന മാനദണ്ഡങ്ങളല്ല. കച്ചവടത്തിൽ ഷെയറായി പണം വാങ്ങുമ്പോൾ 'ബാറകല്ലാഹു... ' എന്ന് പ്രാർഥിച്ച് വിശ്വാസ്യത ബോധ്യപ്പെടുത്തിയ ഒരാൾ, പിന്നീട് ലാഭം നൽകിയില്ലെന്ന് മാത്രമല്ല, മുടക്ക് മുതൽ പോലും തിരിച്ചുകൊടുക്കാത്ത അനുഭവം ഒരു സുഹൃത്ത് വേദനയോടെ പങ്കുവെക്കുകയുണ്ടായി. മുഹമ്മദ് നബി ജീവിച്ചിരിക്കെ, വിശ്വാസ്യതയിൽ മുന്നിൽ നിൽക്കുന്ന അദ്ദേഹത്തിന്റെ അനുചരൻമാരുടെ കാലത്താണ്, കരാർ പത്രത്തെയും സാക്ഷികളെയും കുറിച്ച നിയമ ശാസനകൾ ഖുർആൻ അവതരിപ്പിച്ചത് എന്നോർക്കണം. എത്രമേൽ വലിയ പുണ്യാത്മാവാണെങ്കിലും, ഭക്തിയുടെ പ്രത്യക്ഷ ചിഹ്നങ്ങൾ കാണിക്കുന്നുണ്ടെങ്കിലും പറയപ്പെടുന്ന 'വിശ്വാസ'ത്തിനുപരിയായി, സാമ്പത്തിക ഇടപാടിൽ നിയമപരമായ കാര്യങ്ങളാണ് നിർബന്ധമായും ഉണ്ടാകേണ്ടത്. എന്നല്ല, ഒരാളുടെ വിശ്വാസവും ഭക്തിയും അളക്കാനുള്ള മാനദണ്ഡങ്ങളിൽ പ്രധാനപ്പെട്ടത് സാമ്പത്തിക ഇടപാടിൽ അയാൾ കാണിക്കുന്ന സൂക്ഷ്മതയാണ്. 'നെറ്റിത്തടത്തിലെ നമസ്കാരത്തഴമ്പും ഞെരിയാണിക്കു മേൽ കയറ്റിയുടുത്ത തുണിയും തുന്നിക്കൂട്ടിയ കുപ്പായവും കണ്ട് വ്യക്തികളെ കുറിച്ച് നീ വഞ്ചിതനാകരുത്. സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചാണ് അയാളുടെ ഭക്തിയും ദുർനടപ്പും മനസ്സിലാക്കേണ്ടത്' എന്ന് ഇമാം അബൂ ഹാമിദിൽ ഗസാലി പറഞ്ഞതും ഏറെ പ്രസക്തം.
ആയതിനാൽ, ഓരോ രാജ്യത്തും നിയമം അനുശാസിക്കുന്ന വിധം രേഖകൾ തയാറാക്കുകയും അതിന് അഭിഭാഷകർ ഉൾപ്പെടെയുള്ള വിദഗ്ധർ വഴി നിയമപരമായ സാധുത ഉറപ്പ് വരുത്തുകയും ചെയ്തുകൊണ്ടു മാത്രമേ, ബിസിനസ്സിൽ ഷെയറായി പണം നിക്ഷേപിക്കുന്നതുൾപ്പെടെയുള്ള പ്രധാനപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടത്താൻ പാടുള്ളൂ. നോട്ടറി പബ്ലിക്ക് വഴി കരാർ പത്രം തയാറാക്കി, ഒപ്പിട്ട്, നിയമ സാധുത ഉറപ്പു വരുത്തണം. കരാർ പത്രം തയാറാക്കുന്ന വ്യക്തിക്ക് ഏഴ് നിബന്ധനകൾ കർമശാസ്ത്രജ്ഞർ നിഷ്കർഷിച്ചിട്ടുണ്ട്. 'നീതിബോധം, സംസാരശേഷി, കേൾവിശക്തി, കാഴ്്ചാ ശേഷി, കരാർ പത്ര നിയമങ്ങളിലെ പരിജ്ഞാനം, അതിന്റെ പ്രമാണങ്ങളിലുള്ള അറിവ്, രേഖയിലെ വാചകങ്ങൾക്ക് അർഥവ്യത്യാസം വരുത്താത്ത വിധം വ്യാകരണ സ്ഖലിതങ്ങളിൽനിന്ന് മുക്തമാവൽ' എന്നിവയാണവ. നിയമ പരിജ്ഞാനമില്ലാത്തവൻ കരാർ പത്രം തയാറാക്കരുത് എന്ന് ഇമാം മാലിക് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവ്വിധം നോട്ടറൈസ് ചെയ്യപ്പെടാത്ത ഇടപാടുകൾക്ക് നിയമത്തിന്റെ യാതൊരു പരിരക്ഷയും ലഭിക്കുകയില്ല. ഇരു കക്ഷികൾക്കുമിടയിൽ അഭിപ്രായ ഭിന്നത ഉടലെടുക്കുകയോ, ഇടപാടുകളിൽ വഞ്ചിക്കപ്പെടുകയോ ചെയ്താൽ മധ്യസ്ഥർക്ക് ഇടപെടാൻ പോലും കഴിയാത്ത സാഹചര്യമാണ് ഉണ്ടാവുക.
ബിസിനസ്സിൽ ഷെയറെടുത്തവരും ഭൂമി ഇടപാടുകൾ നടത്തിയവരും കൂട്ടുകച്ചവടത്തിൽ ഏർപ്പെട്ടവരുമൊക്കെ വലിയ പ്രശ്നങ്ങളും തർക്കങ്ങളുമായി സമീപിക്കുമ്പോൾ ആദ്യം ചോദിക്കാറുള്ളത്, 'നിങ്ങൾ തമ്മിലെ കരാർ പത്രം' എവിടെ എന്നാണ്. മഹാഭൂരിപക്ഷത്തിന്റെ കൈയിലും അത്തരം രേഖകൾ ഉണ്ടാകാറില്ല എന്നതാണ് ദുഃഖകരമായ സത്യം. ഒറ്റപ്പെട്ട ചിലർ കൊണ്ടുവരുന്ന രേഖകൾക്കാവട്ടെ, നിയമപരമായ യാതൊരു സാധുതയും കാണുകയുമില്ല. അതുകൊണ്ട്, ബിസിനസ്-പണമിടപാട് തർക്കങ്ങളിലെ മധ്യസ്ഥ ചർച്ചകൾക്കൊടുവിൽ ഇരു കക്ഷികളും അംഗീകരിക്കുന്ന ഒത്തുതീർപ്പിലേക്കെത്താനോ, നിയമപരമായ നടപടിക്രമങ്ങൾ കൈക്കൊള്ളാനോ പലപ്പോഴും സാധിക്കാറില്ല. ഭീമമായ ധനനഷ്ടം തന്നെയായിരിക്കും ഇതൊക്കെ ബാക്കിയാക്കുന്ന 'ലാഭം'!
സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച ഈ നിയമശാസനകളെല്ലാം വിശദീകരിക്കുന്നതിനിടക്ക് മേൽ വചനത്തിൽ, അല്ലാഹുവിന്റെ നാമം പല തവണയും, അവന്റെ നിയമങ്ങളെ കുറിച്ച സൂക്ഷ്മതാ ബോധം (തഖ്‌വല്ലാഹ്) ഉണ്ടായിരിക്കണമെന്ന് രണ്ട് തവണയും ആവർത്തിക്കുന്നുണ്ട്. എന്നിട്ടും അല്ലാഹുവിൽ വിശ്വസിക്കുന്നവർ പോലും ഇത് പാലിക്കുന്നില്ലെങ്കിലോ! ധനനഷ്ടത്തിലൂടെ ദ്രോഹിക്കപ്പെട്ടവന്റെ പ്രാർഥനക്ക് ഉത്തരം ലഭിക്കാത്ത സന്ദർഭത്തെക്കുറിച്ച പണ്ഡിതന്മാരുടെ വിവരണം ഇവിടെ ഓർക്കേണ്ടതാണ്. "ഖതാദ ഉദ്ധരിക്കുന്നു: അബൂ സുലൈമാൻ അൽമർഅശി ഒരിക്കൽ തന്റെ സഖാക്കളോട് പറഞ്ഞു: അല്ലാഹുവിനോട് പ്രാർഥിച്ചിട്ടും ഉത്തരം ലഭിക്കാത്ത മർദിതനെ കുറിച്ച് നിങ്ങൾക്ക് അറിയുമോ? അവർ ചോദിച്ചു: അതെങ്ങനെ സംഭവിക്കും?! അദ്ദേഹം മറുപടി പറഞ്ഞു: ഒരാൾ അവധി നിശ്ചയിച്ചു കച്ചവട ഇടപാടിൽ ഏർപ്പെട്ടു. പക്ഷേ, അദ്ദേഹം രേഖകൾ ഉണ്ടാക്കുകയോ, സാക്ഷികളെ നിർത്തുകയോ ചെയ്തിരുന്നില്ല. അങ്ങനെ, കിട്ടാനുള്ള പണം കുടിശ്ശികയായി മാറിയപ്പോൾ കച്ചവടത്തിലെ പങ്കാളി അത് നിഷേധിച്ചു. പണം നൽകിയ ആൾ അല്ലാഹുവിനോട് പ്രാർഥിച്ചു. പക്ഷേ, അവന് ഉത്തരം ലഭിച്ചില്ല. കാരണം, അവൻ തന്റെ രക്ഷിതാവിന്റെ കൽപനകൾ ധിക്കരിച്ചിരുന്നു " (ഇബ്നു കസീർ രേഖപ്പെടുത്തിയത്).
വിഷയത്തിന്റെ ഗൗരവം
'കരാർ പത്രവും സാക്ഷ്യവും ഐച്ഛികമായ മാർഗനിർദേശമാണ്, നിർബന്ധമല്ല' എന്ന് ചില പ്രമുഖ പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. തീർച്ചയായും ഈ മഹത്തുക്കളുടെ അഭിപ്രായങ്ങൾ വിലമതിക്കേണ്ടത് തന്നെ. പക്ഷേ, ഐച്ഛികം എന്നത് പൗരാണിക കാലത്തെ നിരീക്ഷണമായി പരിഗണിക്കുന്നതാണ് ഉചിതം. സാമ്പത്തിക ഇടപാടുകളിലെ കരാർ പത്രവും സാക്ഷ്യവും നിർബന്ധമല്ലെന്ന് അന്തിമ വിധി കൽപിക്കുന്നത് ശരിയല്ല. ഇത് നിയമപരമായി നിർബന്ധം തന്നെയാണ് എന്ന് മനസ്സിലാക്കാനാണ് പല ഘടകങ്ങളും പ്രേരിപ്പിക്കുന്നത്.
1. ഒരു ചെറിയ വചനത്തിൽ സൂചനകൾ നൽകി വിഷയം പരാമർശിച്ചു പോവുകയല്ല ഖുർആൻ ചെയ്തിട്ടുള്ളത്. ആറായിരത്തിലേറെ വരുന്ന വചനങ്ങളിലെ ഏറ്റവും വലിയ സൂക്തത്തിൽ എല്ലാ വിശദാംശങ്ങളോടെയും വിഷയം അവതരിപ്പിച്ചിരിക്കുന്നു. ആറ് കൽപനാ പ്രയോഗങ്ങൾ ഈയൊരു വചനത്തിൽ തന്നെ നടത്തിയിട്ടുമുണ്ട്. കൽപനാ പ്രയോഗത്തിന്റെ ആധിക്യവും ഉള്ളടക്കത്തിന്റെ അവതരണ- ഭാഷാ ശൈലിയും നിയമത്തിന്റെ നിർബന്ധ സ്വഭാവം ബോധ്യപ്പെടുത്തുന്നുണ്ട്. 'അവധി നിർണയിച്ചു പ്രമാണം രേഖപ്പെടുത്തിവെക്കുന്നതിൽ മടി കാണിക്കരുത്' എന്ന് പ്രത്യേകം പറഞ്ഞിട്ടുള്ളത്, ഐഛിക മാർഗനിർദേശത്തെക്കാൾ ഗൗരവപ്പെട്ട നിയമപരത ഇതിനുണ്ട് എന്നതിന്റെ തെളിവാണ്.
2. ശൈഖ് അബ്ദുർറഹ്്മാൻ സഅ്ദി അൽ ബഖറ അധ്യായത്തിലെ 282-ാം വചനത്തിന്റെ വ്യാഖ്യാനത്തിൽ പറയുന്നു: 'ഇടപാടുകൾ രേഖപ്പെടുത്താൻ അല്ലാഹു കൽപിച്ചിരിക്കുന്നു. അവകാശ സംരക്ഷണം അനിവാര്യമായതിനാൽ ഈ കൽപന നിർബന്ധമാണ് (വാജിബ്). അനാഥരുടെ സമ്പത്ത്, വഖ്ഫ് സ്വത്ത്, ഭരമേൽപിക്കപ്പെട്ടതും (വകാലത്ത്) വിശ്വസിച്ച് ഏൽപിച്ചതും (അമാനത്ത്) മറ്റുമായ സമ്പത്ത് തുടങ്ങിയവയുടെ സംരക്ഷണത്തിന് വേണ്ടിയാണിത്" (തയ്സീറുൽ കരീമിർറഹ്്മാൻ ഫീ തഫ്സീരി കലാമിൽ മന്നാൻ, പേജ് 961). 'അബ്ദുല്ലാഹിബ്നു ഉമർ പ്രധാനപ്പെട്ട കച്ചവട ഇടപാടുകൾ എഴുതിവെക്കാറുണ്ടായിരുന്നു' (അൽ മുഹല്ലാ ബിൽ ആസാർ- ഇബ്നു ഹസ്്മ് 7/226).
3. ധനനഷ്ടം സംഭവിച്ച മർദിതനായിട്ടു കൂടി പ്രാർഥനക്ക് ഉത്തരം ലഭിക്കാത്ത ദൈവധിക്കാരിയായാണ് കരാർപത്രം എഴുതാത്ത, സാക്ഷികളെ നിർത്താത്ത ഇടപാടുകാരനെ നബിവചനത്തിലും പണ്ഡിതന്മാരുടെ അഭിപ്രായത്തിലും പരിചയപ്പെടുത്തുന്നത്. 'അല്ലാഹുവിന്റെ കൽപനയെ ധിക്കരിച്ചു' എന്ന് വ്യക്തമായി തന്നെ പറയുന്നതുകൊണ്ട്, നിയമത്തിന് നിർബന്ധത്തിന്റെ മുഖം തന്നെയാണ് ഉള്ളതെന്ന് മനസ്സിലാക്കാം.
4. പൗരാണിക കാലഘട്ടത്തിൽ ഒരുപക്ഷേ, ഇത് ഐച്ഛികമാകാം.
എന്നാൽ, ഇന്ന് സാമ്പത്തിക ഇടപാടുകളുടെ രീതികൾ വലിയ തോതിൽ മാറുകയും വിപുലമാവുകയും, നിയമവ്യവസ്ഥകൾ വികസിക്കുകയും സൂക്ഷ്മമാവുകയും ചെയ്തിരിക്കുന്നു. ദേശീയവും അന്തർദേശീയവും ഒക്കെയായ ഇടപാടുകൾ കൃത്യമായ കോടതി വ്യവഹാരങ്ങൾക്ക് വിധേയമാകുന്ന കാലമാണിത്. സാമ്പത്തിക സുരക്ഷിതത്വത്തിനും തർക്ക വിതർക്കങ്ങളിലെ നീതിപൂർവകമായ വിധി തീർപ്പുകൾക്കും കോടതികൾക്ക് അവലംബം നിയമപരമായ കരാർ പത്രങ്ങളും സാക്ഷികളും തന്നെയാണ്. വിശ്വസ്തത ഉൾപ്പെടെയുള്ള മൂല്യങ്ങൾ ഇതിന്റെ പൂരണങ്ങളായേ ഇന്ന് മനസ്സിലാക്കാൻ കഴിയൂ.
കരാർ പത്രം, സാക്ഷ്യം എന്നിവ സംബന്ധിച്ച ഇസ്്ലാമിക കർമശാസ്ത്ര ചർച്ചകളിൽ കോടതി വ്യവഹാരങ്ങളും ന്യായാധിപന്റെ വിധികളും വിഷയമാകുന്നത് കാണാം. കരാർ പത്രങ്ങൾക്ക് നിയമപരമായ പ്രാബല്യം ഉണ്ടാകണമെന്നാണ് ഇതിൽനിന്ന് സ്വാഭാവികമായി മനസ്സിലാവുക. ധാർമിക അപചയം, സത്യസന്ധതയുടെ കുറവ്, അവകാശ നിഷേധം, ബിസിനസ് തട്ടിപ്പുകൾ തുടങ്ങിയവ പെരുകിവരുന്ന സമകാലിക അനുഭവങ്ങൾ കൂടി പരിഗണിക്കുമ്പോൾ, നിയമ സാധുതയുള്ള കരാർ പത്രങ്ങളെ സംബന്ധിച്ച ജാഗ്രത സാമ്പത്തിക ഇടപാടുകളിൽ അനിവാര്യമാകുന്നു.
Comments