Prabodhanm Weekly

Pages

Search

2023 സെപ്റ്റംബർ 15

3318

1445 സഫർ 29

റുഖിയ പാലക്കാട് 

കെ.എ അബ്ദുൽ വാഹിദ്

ണ്ടുമുട്ടുമ്പോഴെല്ലാം കൈ പിടിച്ച് നമുക്ക് വേണ്ടി തൊണ്ടയിടറി പ്രാർഥിക്കുന്ന ആ ഉമ്മ, നിരവധി വനിതകളുടെ ജീവിതം പ്രകാശമാനമാക്കാൻ അഹോരാത്രം പ്രയത്നിച്ച മനുഷ്യ സ്നേഹി പാലക്കാട് മേപ്പറമ്പിലെ കെ.എം മുഹമ്മദ് ഖാസിം സാഹിബിന്റെ സഹധർമിണി റുഖിയ (87) കഴിഞ്ഞ ആഗസ്റ്റ് 5-ന് നമ്മെ വിട്ടുപിരിഞ്ഞു. ഇസ്്ലാമിക പ്രസ്ഥാനത്തെ നെഞ്ചിലേറ്റിയ ഖാസിം സാഹിബിന്റെ ജീവിതത്തിലേക്ക് അരനൂറ്റാണ്ടിലേറെ കാലം മുമ്പ് കടന്നുവന്ന റുഖിയ ഉമ്മ ജീവിതത്തെ കാരുണ്യത്തിന്റെ പര്യായമാക്കിത്തീർത്തു. അയൽവാസികളും ബന്ധുക്കളും നാട്ടുകാരുമൊക്കെ അവർക്ക് കൂടപ്പിറപ്പുകളെ പോലെയായിരുന്നു.

താനുമായി സംസാരിക്കുന്നവർക്കൊക്കെ മതമൂല്യങ്ങളടങ്ങിയ സാരോപദേശങ്ങൾ തന്റേതായ ശൈലിയിൽ നൽകി മാത്രമേ അവരെ യാത്രയാക്കാറുണ്ടായിരുന്നുള്ളൂ. ഭർത്താവിൽ നിന്ന് കിട്ടിയ ചിട്ടയാർന്ന ജീവിത ശൈലി ഉമ്മ മരണം വരെ തന്റെ ജീവിതത്തിലും സൂക്ഷിച്ചു.
തന്റെ പ്രയാസത്തെക്കാൾ അപരരുടെ പ്രയാസത്തെ അവർ വലുതായിക്കണ്ടു. ഭർത്താവിനെപ്പോലെ അവരും സ്വന്തം ആരോഗ്യ സംരക്ഷണത്തിൽ മുന്നിലായിരുന്നു. യോഗ പോലുള്ള അഭ്യാസങ്ങൾ അവർ പതിവാക്കിയിരുന്നു. ഇസ്്ലാമിക പ്രസ്ഥാനത്തിന്റെ ആദ്യ ഘട്ടത്തിൽ പ്രസ്ഥാന വാരികയായ പ്രബോധനം വിതരണം ചെയ്യാൻ നാൽപതും അമ്പതും കിലോമീറ്ററുകൾ കാൽനടയായി യാത്ര ചെയ്തിരുന്ന ഖാസിം സാഹിബിനെപ്പറ്റി നാട്ടുകാർ ഇന്നും സംസാരിക്കാറുണ്ട്.

സമ്പന്ന മുസ്്ലിംകുടുംബങ്ങളിലെ വനിതകളെ ഇസ്്ലാമിന്റെ താൽപര്യമനുസരിച്ച് പ്രവർത്തിക്കാൻ കെൽപ്പുള്ളവരാക്കിത്തീർക്കുന്നതിൽ അഗ്രഗണ്യനായിരുന്നു ഉമ്മയുടെ ഭർത്താവ് ഖാസിം സാഹിബ്. അദ്ദേഹം തുടങ്ങിവെച്ച ഐഡിയൽ വിമൻസ് അസോസിയേഷൻ എന്ന സ്ഥാപനം നിർധനരായ വനിതകൾക്ക് ആശ്വാസമായി ഇന്നും പ്രവർത്തിച്ചുവരുന്നു.

സച്ചരിതനായ ഭർത്താവ് ചൂണ്ടിക്കാണിച്ച വഴിയേ ജീവിച്ച് മരിച്ച റുഖിയ ഉമ്മ സ്ത്രീജനങ്ങൾക്ക് മാതൃകയാണ്. പാലക്കാട് മേപ്പറമ്പിലെ സ്കൂളിന് പിൻവശത്തെ വസതിയിലായിരുന്നു അന്ത്യം. മേപ്പറമ്പ് പള്ളി ഖബ്ർസ്ഥാനിൽ ഖബ്റടക്കം നടന്നു. ഒരു മകനും ഏഴു പെൺമക്കളുമാണ് അവർക്ക്. എല്ലാവരും ഇസ്്ലാമിക പ്രസ്ഥാനത്തിന്റെ വഴിയേ സഞ്ചരിക്കുന്നവർ.

 

സീനത്ത് ശാസ്തമംഗലം

തിരുവനന്തപുരം ശാസ്തമംഗലം പണിക്കേഴ്‌സ് ലൈനില്‍ ഹിറാ മന്‍സില്‍ സീനത്ത് സാഹിബയെ അനുസ്മരിക്കുമ്പോള്‍ നമ്മുടെ മനസ്സിലോടിവരിക അവരുടെ പുഞ്ചിരിതൂകുന്ന മുഖമാണ്. മാതൃവാത്സല്യത്തോടെയുള്ള സംസാര ശൈലി. സൗമ്യമായ പെരുമാറ്റം. ജീവിതം ക്ഷണികമാണ്. മരണം യാഥാർഥ്യവും. എങ്കിലും പ്രിയ സഹോദരിയുടെ ഓര്‍ക്കാപ്പുറത്തുള്ള മരണവാര്‍ത്ത  ഞെട്ടലോടെയാണ് കേട്ടത്.

ദൈവമാർഗത്തില്‍ ഒത്തുകൂടിയവരിലൊരാൾ. പരസ്പരം നന്മ ഉപദേശിക്കലും ഓർമപ്പെടുത്തലും ഉദ്ബോധനവും അറിവുകളുടെ പങ്കുവെപ്പും നടക്കുന്ന ഹല്‍ഖാ യോഗങ്ങള്‍. ഏറെ ആത്മാർഥതയോടെയായിരുന്നു ആ ക്ലാസ്സുകളിലെല്ലാം പ്രിയ സഹോദരി പങ്കെടുത്തിരുന്നത്. മരണത്തിന്റെ മണിക്കൂറുകള്‍ക്ക് മുമ്പ് പോലും അവര്‍ അറിവ് തേടിയുള്ള യാത്രയിലായിരുന്നു.
പതിറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ സീനത്ത് സാഹിബയും കുടുംബവും ഇസ്‌ലാമിക പ്രസ്ഥാനത്തോടൊപ്പം ചേര്‍ന്നുനിന്നവരാണ്. 

തലസ്ഥാന നഗരിയിലേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ജോലിയാവശ്യാർഥവും മറ്റും എത്തിയിരുന്ന പ്രസ്ഥാനപ്രവര്‍ത്തകര്‍ക്ക് താങ്ങായിരുന്നു ഇവരും കുടുംബവും. ഇങ്ങനെ ഇവരുടെ സ്‌നേഹസൗഹൃദം അനുഭവിച്ച ഒട്ടേറെപ്പേര്‍ നമുക്കിടയിലുണ്ട്. പ്രസ്ഥാന പ്രവർത്തകനായിരുന്ന പരേതനായ ഫാറൂഖ് സാഹിബിന്റെ സഹധർമിണിയാണ് സീനത്ത് സാഹിബ. തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ ഹല്‍ഖകളില്‍ ഒന്നായ പാളയം ഹല്‍ഖയിലായിരുന്നു സഹോദരിയുടെ ആദ്യകാല പ്രവര്‍ത്തനം; പിന്നീട് ശാസ്തമംഗലം ഹല്‍ഖ രൂപവത്കരിച്ചശേഷം ഇവിടെയും. വിഷൻ 2026-ന്റെ കാര്യമായ സഹായി കൂടിയായിരുന്നു അവർ. സീനത്ത് സാഹിബയുടെ കുടുംബം മുഴുവന്‍ പ്രസ്ഥാനത്തോട് ചേര്‍ന്നു നില്‍ക്കുന്നവരാണ്.

മക്കൾ: ഹലീമ, ഹാഷിം, ഷമീമ, ഖാലിദ്, ഹസീന. മരുമക്കൾ: സുനിൽ, സൈമ, എസ്. അമീന്‍ (ജമാഅത്തെഇസ്‌ലാമി ജില്ലാ പ്രസിഡന്റ്.), ഷമീമ, നിഷാദ്.

നസീല മാഹീൻ ഷാ ശാസ്തമംഗലം 

 

കെ.പി അബ്ദുല്ലത്വീഫ്

കോഴിക്കോട് സിറ്റി സൗത്ത് ഏരിയയിലെ റഹ്്മാൻബസാർ കാർകുൻ ഹൽഖയിലെ പ്രവർത്തകനായിരുന്നു കാവുങ്ങൽ പള്ളിക്കലകത്ത് കെ.പി അബ്ദുല്ലത്വീഫ് സാഹിബ് (70).
ഹൽഖയുടെ കീഴിൽ പലിശക്കെതിരെ കാമ്പയിൻ നടത്താൻ തീരുമാനിച്ചപ്പോൾ പ്രവർത്തകനല്ലാത്ത ഘട്ടത്തിൽ പോലും അദ്ദേഹം മുന്നിൽനിന്ന് നയിച്ചത് ഹൽഖയിലെ പ്രവർത്തകർ ഓർക്കുന്നു.

ഞെളിയൻ പറമ്പിൽനിന്ന് ഈ പ്രദേശത്തേക്ക് ദുർഗന്ധം വമിക്കുകയും മലിന ജലം എത്തുകയും ചെയ്തപ്പോൾ അതിനെതിരെ സമരം ചെയ്ത് അദ്ദേഹം അറസ്റ്റ് വരിക്കുകയുണ്ടായി.
പലിശ രഹിത നിധി സ്ഥാപിക്കാനും സ്നേഹത്തോടെ ഞങ്ങൾ അബ്ദുക്ക എന്ന് വിളിക്കുന്ന അബ്ദുല്ലത്വീഫ് സാഹിബ് മുൻപന്തിയിൽ ഉണ്ടായിരുന്നു.

അദ്ദേഹത്തിന്റെ ഒരു പ്രധാന ഗുണം സാമ്പത്തിക അച്ചടക്കമായിരുന്നു. പള്ളിയിൽ വെച്ച് മയ്യിത്തിന്റെ പേരിലുള്ള കടങ്ങളെ കുറിച്ച് പറയാൻ അവസരമുണ്ടാക്കാതെ അബ്ദുക്കയുടെ ജീവിതകാലത്ത് തന്നെ കൊടുക്കൽ-വാങ്ങൽ കൃത്യമാക്കിയിരുന്നു. അതിന്റെ തെളിവായിരുന്നു, മയ്യിത്ത് നമസ്്കാരത്തിലും കരുണ സെന്ററിൽ വെച്ച് നടന്ന അനുസ്മരണ സദസ്സിലും വിവിധ മേഖലയിലെ ധാരാളമാളുകൾ പങ്കെടുത്തത്. 

കരുണ വെൽഫെയർ സൊസൈറ്റി, കരുണ ഹെൽപ്പ് ലൈൻ, മെർസി ഷെൽട്ടർ, സംഗമം അയൽക്കൂട്ടം തുടങ്ങിയ വിവിധ കമ്മിറ്റികളിൽ നേതൃപരമായ പങ്ക് വഹിച്ചു.

ഭാര്യ: സുഹറ. മക്കൾ: അൻഫാൽ, ആഷിഫ്, സുൽഫത്ത്. 

വി.പി ബഷീർ, റഹ്്മാൻ ബസാർ

 

ഇബ്റാഹീം കുട്ടി മൗലവി

കോഴിക്കോട് ഒളവണ്ണ കമ്പിളിപ്പറമ്പ് എ.എം.യു.പി സ്കൂൾ റിട്ട. അധ്യാപകനും ജമാഅത്തെ ഇസ്്ലാമി അംഗവുമായ ഇബ്റാഹീം കുട്ടി മൗലവി (77) അല്ലാഹുവിലേക്ക് യാത്രയായി. ദീർഘകാലം കോഴിക്കോട്  അസിസ്റ്റൻറ് ഓർഗനൈസറും കോഴിക്കോട് സൗത്ത് ഘടകം, തിരുവണ്ണൂർ ഘടകം എന്നിവയുടെ അമീറുമായിരുന്നു. സിറ്റി ഘടകത്തിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ചിരുന്നു. കിണാശ്ശേരി കേന്ദ്രമായി പ്രവർത്തിക്കുന്ന കേരള അഗതി സംരക്ഷണ സമിതിയുടെ ഭാരവാഹിയായിരുന്നു.

വർഷങ്ങളോളം കിണാശ്ശേരി ഹൽഖയുടെ നാസിമായിട്ടുണ്ട്. ഒളവണ്ണ, കിണാശ്ശേരി, അത്തോളി, കൊടുവള്ളി, വട്ടോളി, ആരാമ്പ്രം, ചേളന്നൂർ, നരിക്കുനി, മൊറയൂർ, കാടപ്പടി, അയിന്തൂർ, കുന്ദമംഗലം പ്രദേശങ്ങളിലെ പള്ളികളിൽ 50 വർഷം ഖത്വീബായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ 14 ഖുർആൻ സ്റ്റഡിസെൻററുകൾ നടത്തിയിട്ടുണ്ട്. ഖുർആൻ സ്റ്റഡി ജില്ലാ കോർഡിനേറ്ററായിരുന്നു.

സ്കൂൾ പഠനത്തിന് ശേഷം വാഴക്കാട് ദാറുൽ ഉലൂമിലും പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജിലും പഠനം നടത്തി.  കോഴിക്കോട് ഒളവണ്ണയിലായിരുന്നു താമസം. 32 വർഷം കമ്പിളിപ്പറമ്പ് എ.എം.യു.പി സ്കൂൾ അധ്യാപകനായിരുന്നു. 13 വർഷം സ്റ്റാഫ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. KATF സംസ്ഥാന കൗൺസിൽ അംഗവും കോഴിക്കോട് ജില്ലാ പ്രസിഡന്റുമായിരുന്നു.

മലപ്പുറം ജില്ലയിലെ ചീക്കോട് പഞ്ചായത്തിലെ വെട്ടുപാറയിലാണ് ജനനം. കമ്പിളിപ്പറമ്പ് സ്കൂൾ മാനേജറായിരുന്ന വെള്ളരിക്കൽ അഹമ്മദിന്റെ മകൾ സുബൈദയാണ് ഭാര്യ. മക്കൾ: അബ്ദുർറഊഫ്, നജ്മുന്നിസ, അൻസാർ ബീഗം, മുനീറാ ബീഗം.

നജുമു കോവൂർ

 

പരേതരെ അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും 
സ്വര്‍ഗത്തില്‍ ഉന്നത സ്ഥാനവും നല്‍കി 
അനുഗ്രഹിക്കുമാറാകട്ടെ - ആമീന്‍.

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 11-12
ടി.കെ ഉബൈദ്