കൂരിരുട്ടിലെ രജത രേഖ
മുസഫര്‍ നഗറിലെ ഖുബ്ബാപൂര്‍ ഗ്രാമത്തില്‍ നേഹ പബ്ലിക് സ്‌കൂളിലെ ഏഴ് വയസ്സുകാരനായ മുസ്്‌ലിം വിദ്യാര്‍ഥി സ്‌കൂള്‍ അധ്യാപിക എന്ന് വ ിളിക്കപ്പെടുന്ന ഒരു സ്ത്രീയുടെ നിര്‍ബന്ധത്തിന് വഴങ്ങി സഹപാഠികളുടെ മര്‍ദനത്തിന് വിധേയനായ സംഭ വം പരക്കെ വിമര്‍ശിക്കപ്പെട്ടിരിക്കുകയാണല്ലോ. താന്‍ ചെയ്ത മനു ഷ്യത്വരഹിതമായ ക്രൂരതയില്‍ തനിക്ക് തെല്ലും കുറ്റബോധമോ ലജ്ജയോ തോന്നുന്നില്ലെന്നാണ് ആ 'വന്ദ്യ ഗുരുനാഥ' മൊഴിഞ്ഞുകളഞ്ഞത്! താന്‍ പഠിപ്പിക്കുന്ന വിദ്യാര്‍ഥികള്‍ക്കിടയില്‍ പരസ്പര സ്‌നേഹവും സഹവര്‍ത്തിത്വ മനോഭാവവും നട്ടുവളര്‍ത്താന്‍ ബാധ്യസ്ഥയായ ഈ അധ്യാപിക മതവിവേചനത്തിന്റെയും പരമത വിദ്വേഷത്തിന്റെയും വിഷലിപ്ത പാഠങ്ങളാണ് പകര്‍ന്നുനല്‍കാന്‍ ശ്രമിച്ചത്. വിദ്യാലയങ്ങളെ വെറുപ്പ് ഉല്‍പാദിപ്പിക്കുന്ന, അന്യമത വിദ്വേ ഷ ഭ്രാന്തന്മാരെ സൃഷ്ടിക്കുന്ന ഫാക്ടറികളാക്കി മാറ്റാന്‍ ഇത്തരം വിഷജീവികളെ അനുവദിച്ചു കൂടാ.
ഈ അധ്യാപിക ജോലി ചെയ്യുന്ന സ്‌കൂള്‍ പൂട്ടിയതു കൊണ്ടോ, അവരെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടതു കൊണ്ടോ തീരുന്ന പ്രശ്‌നമല്ലിത്. കടുത്ത അന്യമത വിദ്വേഷം പതഞ്ഞുപൊങ്ങുന്ന ഇത്തരം മലിന മനസ്സുകളിലാണ് പൂട്ട് വീഴേണ്ടത്.
ആ അധ്യാപിക വിദ്വേഷത്തിന്റെ വിത്തിടാന്‍ ശ്രമിച്ച ഹിന്ദു-മുസ്്‌ലിം കുട്ടികളെ ചേർത്തുപിടിച്ച് പരസ്പരം ആലിംഗനം ചെയ്യിച്ച സുമനസ്സുകളായ മനുഷ്യ സ്‌നേഹികളാണ് കൂരിരുട്ടിലെ രജത രേഖ.
മിഡിലീസ്റ്റ് സ്പന്ദനങ്ങൾ
പതിനൊന്നാം ലക്കത്തില്‍ പി.കെ നിയാസ് എഴുതിയ ലേഖനം മിഡിലീസ്റ്റ് വാര്‍ത്തകള്‍ അറിയാനാഗ്രഹിക്കുന്നവര്‍ക്ക് നല്ലൊരു വിരുന്നാണ്. ജി.കെയുടെ 'വഴിയും വെളിച്ചവും' വഴി തിരിച്ചറിയാത്തവര്‍ക്ക് വഴികാട്ടുന്നു.
മമ്മൂട്ടി കവിയൂര്‍
ന്യൂനപക്ഷ വേട്ട തന്നെ
പി.ഐ നൗഷാദ് എഴുതിയ 'വിദ്വേഷത്തിന്റെ വ്യാജ കഥകള്‍ നൂഹിനെ തകര്‍ത്തെറിയുമ്പോള്‍' (3315) വായിച്ചു. മൂന്നു മാസത്തിലധികമായി കത്തിയെരിയുകയാണ് മണിപ്പൂര്‍. ഹരിയാനയില്‍ മുസ്്‌ലിം ഭൂരിപക്ഷ പ്രദേശമായ നൂഹില്‍ അക്രമങ്ങളുണ്ടാവുകയും ഒരു പള്ളിയിലെ ഇമാം ഉള്‍പ്പെടെ ഏതാനും പേർ മരിക്കുകയും അനേകം വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, വാഹനങ്ങള്‍ എന്നിവ തകര്‍ക്കപ്പെടുകയും ചെയ്തു. യു.പി, മഹാരാഷ്ട്ര, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടന്ന ഘോഷയാത്രകളില്‍ ഉയര്‍ന്ന മുസ്്‌ലിംവിരുദ്ധ മുദ്രാവാക്യങ്ങളും വലിയ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. ആര്‍.എസ്.എസ്സും വി.എച്ച്.പിയും മനപ്പൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. അതിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു. 500 വര്‍ഷം പഴക്കമുള്ള ബാബരി മസ്ജിദ് തകര്‍ത്തത്, വടക്കേ ഇന്ത്യയിലെ പല മുസ്്‌ലിം സ്ഥലനാമങ്ങളും ഹൈന്ദവ വത്കരിച്ചത്, അവിടത്തെ മുസ്്‌ലിം പള്ളികള്‍ ഹിന്ദു ക്ഷേത്രങ്ങളായിരുന്നു എന്ന ആര്‍.എസ്.എസ്സിന്റെ വാദങ്ങള്‍- ഇതെല്ലാം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. സാധാരണ ജനങ്ങളുടെ സമാധാന ജീവിതം തകര്‍ക്കാനേ ഇത് ഉപകരിക്കൂ.
ആര്‍. ദിലീപ് പുതിയ വിള, പുതുകുളം 8593017884
ചെറിയൊരു പിശക്
3311-ാം ലക്കത്തിൽ 'നീതിയുക്തമായ ശരീഅത്ത് ദുരുദ്ദേശ്യപൂർവമായ ഏക സിവിൽ കോഡ്' എന്ന ശീർഷകത്തിൽ വന്ന എ.ആറിന്റെ ലേഖനത്തിൽ ചെറിയൊരു പിശക് കടന്നുകൂടിയിട്ടുള്ളത് വിനയപൂർവം ചൂണ്ടിക്കാണിക്കട്ടെ. പിതാവ് ജീവിച്ചിരിപ്പില്ലാത്ത പെണ്ണിന് പിതാമഹനുള്ളപ്പോൾ സഹോദരന് വിലായത്ത് (പെണ്ണിനെ കെട്ടിച്ചുകൊടുക്കാനുള്ള ശറഇയായ അധികാരം) ലഭിക്കുകയില്ല. പിതാവും പിതാമഹനും ഇല്ലെങ്കിൽ മാത്രമേ സഹോദരന് വിലായത്ത് ലഭിക്കുകയുള്ളൂ. ലേഖനത്തിലുള്ളത് പിതാവോ സഹോദരനോ ഇല്ലെങ്കിലാണ് പിതാമഹൻ വലിയ്യാവേണ്ടത് എന്നാണ്. കെട്ടിച്ചയക്കുന്ന സ്ത്രീ വിവാഹമോചിതയോ വിധവയോ ആണെങ്കിൽ അവർക്ക് ആദ്യ വിവാഹത്തിൽ ആൺമക്കൾ ഉണ്ടെങ്കിൽ പിതാവോ പിതാമഹനോ ഇല്ലാത്തപ്പോൾ മകനാണ് വിലായത്ത് ലഭിക്കുക എന്നാണ് മാലികീ - ഹമ്പലീ വീക്ഷണം. ശാഫിഈ മദ്ഹബിൽ ഉമ്മയെ കെട്ടിച്ചയക്കാനുള്ള അധികാരം മകന് ലഭിക്കുകയില്ല. ഏതായാലും പിതാവുള്ളപ്പോൾ മറ്റാർക്കും വിലായത്ത് ലഭിക്കാത്തതു പോലെ പിതാമഹനുള്ളപ്പോഴും മറ്റു ബന്ധുക്കളിൽ ആർക്കും വിലായത്ത് ലഭിക്കില്ലെന്നാണ് എല്ലാ സുന്നി മദ്ഹബുകളും പറയുന്നത്.
സി. കുഞ്ഞി അഹ്്മദ് പുറക്കാട്
9961200621
തിരുത്തിലും പിശകുണ്ട്
സൂറഃ അൽ അഹ്ഖാഫിലെ 1,2 സൂക്തങ്ങളുടെ വിശദീകരണത്തില്‍ (ലക്കം 3314) 'നേരത്തെ അസ്സുമര്‍, ഹാ-മീം കൊണ്ട് തുടങ്ങുന്ന ഗാഫിര്‍, അല്‍ജാഥിയ സൂറകളുടെ തുടക്കത്തില്‍ ഇതേ പദങ്ങളില്‍ തന്നെ വന്നിരിക്കുന്നു' എന്ന, ലക്കം 3316-ലെ തിരുത്തും കൃത്യമല്ല എന്ന് ഉണര്‍ത്താനാഗ്രഹിക്കുന്നു.
ഇതേ പദങ്ങളില്‍ (تَنزِيلُ الْكِتَابِ مِنَ اللَّهِ الْعَزِيزِ الْحَكِيمِ) സൂറഃ അസ്സുമറിലും സൂറഃ അൽ ജാഥിയയിലും വന്നിട്ടുണ്ട് എന്നത് ശരിയാണ്. എന്നാല്‍, സൂറഃ ഗാഫിറില്‍ الْحَكِيمِ എന്നതിന് പകരം العليم എന്നാണുള്ളത്.
4-ാം സൂക്തത്തിന്റെ വിശദീകരണത്തില്‍ أثارة على علم - ''ജ്ഞാനത്തിന്മേലുള്ള അവശിഷ്ടം എന്നാണ് മൂലവാക്യം'', ''... ഉത്തമ ശിഷ്യന്മാരുടെ പാരമ്പര്യം أثارة على علم -ല്‍ പെടുന്നു'' (ലക്കം 3315, പേജ് 33) എന്നതിലും പിശകുണ്ട്. أثارة من علم എന്നാണ് മൂലവാക്യം.
അബ്ദുര്‍റഹ്്മാന്‍ പൊറ്റമ്മല്‍ 8289834759
അവധാനതയെ ഇങ്ങനെ വേർതിരിക്കേണ്ടതുണ്ടോ?
തർബിയത്തിന്റെ ഭാഗമായി ഡോ. താജ് ആലുവ എഴുതിയ 'അവധാനതയോടെ...' എന്ന കുറിപ്പ് (ലക്കം 3313) വായിച്ചു. അവധാനതയുടെ പ്രാധാന്യം ഊന്നിപ്പറയുകയാണ് ലേഖകൻ. ആലോചിച്ച് സാവകാശം പ്രവർത്തിക്കുന്ന സ്വഭാവമാണ് അവധാനത. ശുഷ്കാന്തി, ശ്രദ്ധ, താൽപര്യം, മനസ്സിരുത്തൽ എന്നീ അർഥങ്ങളും നിഘണ്ടുവിൽ കാണാം.
'അവധാനത അല്ലാഹുവിൽ നിന്നുള്ളതാണ്, ധൃതി പിശാചിൽ നിന്നുള്ളതാണ്' എന്ന ഹദീസ് വിശദീകരിക്കുന്നതിനിടയിൽ ചില അവ്യക്തതകൾ കടന്നുകൂടിയിട്ടില്ലേ എന്ന് സംശയം തോന്നുന്നു. 'ഏതൊരു കാര്യവും അവധാനതയോടെ ആലോചിച്ചു മാത്രമേ ചെയ്യാവൂ. ദീനീപരമായി നാം ചെയ്യുന്ന കർമങ്ങൾക്ക് ഇത് ബാധകമാകണമെന്നില്ല' എന്നാണ് ലേഖകൻ പറയുന്നത്. ഇതിനുദാഹരണമായി സുന്നത്ത് നമസ്കാരവും ദാനധർമങ്ങളുമാണ്. അതേ അവസരത്തിൽ, നമസ്കാരം നല്ല അവധാനതയോടെ അർഥം അറിഞ്ഞ് മനസ്സാന്നിധ്യത്തോടെ നിർവഹിക്കുമ്പോൾ മാത്രമേ അതിന്റെ പൂർണത കൈവരിക്കാൻ കഴിയുകയുള്ളൂ എന്നും, പ്രാർഥനയുടെ കാര്യത്തിലും അവധാനത പുലർത്തണമെന്നും ലേഖനത്തിന്റെ മറ്റൊരു ഭാഗത്ത് പറയുകയും ചെയ്യുന്നു. ഈ പരാമർശങ്ങളിൽ ഒരുതരം അവധാനതക്കുറവ് വന്നിട്ടില്ലേ എന്നൊരു സംശയം.
ഭൗതികമായ എന്തെങ്കിലും കാര്യത്തിൽ തീരുമാനമെടുക്കുമ്പോൾ, അല്ലെങ്കിൽ ദീനീ കാര്യങ്ങൾ തന്നെ ഭൗതിക ലോകത്ത് അത് നടപ്പാക്കേണ്ട രീതി നിശ്ചയിക്കുമ്പോൾ വളരെ ചിന്തിച്ചു വേണം പ്രവർത്തിക്കാൻ എന്ന ഒരു അനുബന്ധ പരാമർശവും ലേഖനത്തിൽ കാണാം. ഇത്രത്തോളം ക്ലിഷ്ടമായ രീതിയിൽ ഈ വിഷയം ചർച്ച ചെയ്യേണ്ടതുണ്ടോ? ഇസ്്ലാം ഒരു സമഗ്ര ജീവിതവ്യവസ്ഥയാണ്. മനുഷ്യന്റെ ഇഹപര ജീവിതവിജയമാണ് അത് ലക്ഷ്യം വെക്കുന്നത്. പ്രവാചക വചനങ്ങളും ഇതേ ലക്ഷ്യം തന്നെയാണ് വരച്ചുകാട്ടുന്നത്. ഇത് നേടിയെടുക്കാൻ നിരവധി മൂല്യങ്ങളും ഗുണവിശേഷങ്ങളും സ്വഭാവ രീതികളും നബിയുടെ ജീവിതത്തിൽ ദർശിക്കാൻ കഴിയും. ജീവിതത്തിൽ ഉടനീളം അവധാനതയോടുകൂടി അവ പ്രാവർത്തികമാക്കാൻ പരിശ്രമിച്ചാൽ അത് ജീവിത വിജയത്തിന് കാരണമായിത്തീരും. അവധാനതയെ വെള്ളം കയറാത്ത രണ്ട് അറകളിലായി വേർതിരിച്ചു നിർത്താൻ നാം എന്തിന് പാടുപെടണം!
പി.എ.എം അബ്ദുൽ ഖാദർ തിരൂർക്കാട്
Comments