Prabodhanm Weekly

Pages

Search

2023 സെപ്റ്റംബർ 15

3318

1445 സഫർ 29

അല്ലാഹുവിന് മാത്രം അവകാശപ്പെട്ട വിധിതീർപ്പുകൾ

നൗഷാദ് ചേനപ്പാടി

عَنْ جُنْدُب بن عَبدِ الله رَضِي الله عنه قَال : أنَّ رَجُلًا قالَ :  واللَّهِ لا يَغْفِرُ  اللَّهُ لِفُلانٍ، وإنَّ اللَّهَ تَعالَى قالَ: مَن ذا الذي يَتَأَلَّى عَلَيَّ أنْ لا أغْفِرَ  لِفُلانٍ، فإنِّي قدْ غَفَرْتُ لِفُلانٍ، وأَحْبَطْتُ عَمَلَكَ (صحيح مسلم : 2621 )
 

ജുൻദുബുബ്്നു അബ്ദില്ല(റ)യിൽനിന്ന്. ഒരാൾ അല്ലാഹുവിനെക്കൊണ്ട് സത്യം ചെയ്തു പറഞ്ഞു: അല്ലാഹു ഇന്നയാൾക്ക് പൊറുത്തുകൊടുക്കുകയില്ല. അപ്പോൾ അല്ലാഹു പറഞ്ഞു: 
ഇന്ന വ്യക്തിക്ക് ഞാൻ പൊറുത്തുകൊടുക്കുകയില്ലെന്ന് സത്യം ചെയ്തു  പറയാൻ 
അവനെന്ത് അവകാശം? അതിനാൽ ഞാനവന് പൊറുത്തുകൊടുത്തിരിക്കുന്നു, 
നിന്റെ കർമങ്ങളെ ഞാൻ നിഷ്ഫലമാക്കുകയും ചെയ്തിരിക്കുന്നു (മുസ് ലിം).

 

റെ ഇബാദത്തുകൾ ചെയ്യുന്ന ഒരു വ്യക്തിയായിരുന്നു ഇപ്രകാരം അല്ലാഹുവിൽ ആണയിട്ട് പറഞ്ഞതെന്ന്  അബൂ ഹുറയ്റ (റ) ഉദ്ധരിച്ച ഹദീസിലുണ്ട്. എന്നിട്ട് അദ്ദേഹം പറഞ്ഞു:
تكلّم بكلمة أوبقت دنياه و آخرته  (ദുൻയാവും ആഖിറവും നഷ്ടപ്പെടുത്തുന്ന,  ഇല്ലാതാക്കുന്ന ഒരു വാക്കാണയാൾ പറഞ്ഞത് - അബൂ ദാവൂദ്, അഹ്്മദ്).

മേൽ ഹദീസിന്റെ പൂർണ രൂപം ഇങ്ങനെയാണ്: ബനൂ ഇസ്രാഈലിലെ രണ്ടുപേർ സ്നേഹിതന്മാരായിരുന്നു.

അവരിലൊരാൾ പാപങ്ങളും തെറ്റുകുറ്റങ്ങളും ചെയ്യുന്നവനും മറ്റേയാൾ ഇബാദത്തിൽ കഴിഞ്ഞുകൂടുന്നവനുമായിരുന്നു. ഇബാദത്തുകാരൻ തന്റെ കൂട്ടുകാരനെ എപ്പോഴും  തെറ്റുകുറ്റങ്ങളിലാണ്  കാണുക. തെറ്റുകളിൽനിന്ന് പിന്തിരിയണമെന്ന് സുഹൃത്തിനെ അയാൾ എപ്പോഴും ഉപദേശിക്കും. ഒരു ദിവസം ഉപദേശിക്കവേ സുഹൃത്ത് പറഞ്ഞു: എന്നെ എന്റെ റബ്ബിന് വിട്ടേക്കുക. അവൻ നിന്നെ എന്റെ മേൽ പാറാവുകാരനാക്കിയിട്ടില്ലല്ലോ? അപ്പോൾ അയാൾ പറഞ്ഞു: അല്ലാഹുവാണ, അല്ലാഹു നിനക്ക് പൊറുത്തുതരികയില്ല, അവൻ നിന്നെ സ്വർഗത്തിൽ പ്രവേശിപ്പിക്കുകയുമില്ല. 

അങ്ങനെ രണ്ടുപേരുടെയും ആത്മാവ് പിടിക്കപ്പെടുകയും ലോക രക്ഷിതാവായ അല്ലാഹുവിന്റെ മുമ്പിൽ ഹാജരാക്കപ്പെടുകയും ചെയ്തു. അപ്പോൾ ഇബാദത്തിൽ കഴിഞ്ഞുകൂടിയിരുന്ന വ്യക്തിയോട് അല്ലാഹു ചോദിച്ചു: നീ എന്നെപ്പറ്റി മനസ്സിലാക്കിയവനായിരുന്നോ? എനിക്കവകാശമുണ്ടായിരുന്ന കാര്യത്തിൽ നിനക്ക് സ്വാധീനമുണ്ടായിരുന്നോ? ശേഷം തെറ്റുകുറ്റങ്ങളിൽ കഴിഞ്ഞുകൂടിയിരുന്ന മനുഷ്യനോട് അവൻ പറഞ്ഞു: എന്റെ കാരുണ്യത്താൽ നീ സ്വർഗത്തിൽ പ്രവേശിച്ചുകൊള്ളുക. എന്നിട്ട് ഉപദേശിച്ചയാളെ നരകത്തിലേക്ക് കൊണ്ടുപോകാൻ കൽപിച്ചു (ഇമാം അബൂ ദാവൂദ് (റ) തന്റെ സുനനിൽ ഉദ്ധരിച്ചത് - കിതാബുൽ അദബ് ).

ഏതു മനുഷ്യന്നും അവന്റെ തെറ്റുകുറ്റങ്ങളും പാപങ്ങളും പൊറുത്തുകൊടുക്കണമോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അവകാശവും പരമാധികാരവും ജനങ്ങളുടെ സ്രഷ്ടാവും ഇലാഹും രക്ഷിതാവുമായ അല്ലാഹുവിൽ മാത്രം നിക്ഷിപ്തമാണ്, പരിമിതമാണ്.  ആർക്ക് സ്വർഗം കൊടുക്കണം, ആരെ നരകത്തിൽ പ്രവേശിപ്പിക്കണം എന്നു തീരുമാനിക്കാനുള്ള അധികാരവും അവകാശവും അവന്റേതു മാത്രമാണ്. അതിലാർക്കും കൈകടത്താൻ അവകാശമില്ല; അതും അല്ലാഹുവിൽ ആണയിട്ടുകൊണ്ട് ഖണ്ഡിതമായും ഉറപ്പിച്ചും പറയാൻ. ആ പറച്ചിൽ ഒരുവന്റെ എല്ലാ കർമങ്ങളെയും നിഷ്ഫലമാക്കിക്കളയാനും നരകത്തിനർഹമാക്കാനും മാത്രം ഏറെ  ഗുരുതരവും അത്യന്തം ആപത്കരവുമാണ്.

പാപികളായാലും അല്ലെങ്കിലും ഏവരെയും നരകത്തിൽനിന്ന് രക്ഷപ്പെടുത്താനും അവർക്ക്  സ്വർഗം കൊടുക്കാനും മാത്രം വിശാലവും അനന്തവും അപാരവുമാണ് അല്ലാഹുവിന്റെ കാരുണ്യം. നീ എന്നെ മനസ്സിലാക്കിയിരുന്നോ എന്ന അയാളോടുള്ള അല്ലാഹുവിന്റെ ചോദ്യവും പ്രത്യേകം ശ്രദ്ധിക്കുക.  അല്ലാഹുവിന്റെ മാത്രം അവകാശങ്ങളിലും അധികാരങ്ങളിലും പെട്ട വാക്കുകളും പ്രവൃത്തികളുമുണ്ട്. അക്കാര്യങ്ങളിൽ വിശ്വാസികൾ വളരെ ജാഗ്രതയും സൂക്ഷ്മതയും പുലർത്തേണ്ടതുണ്ട്. 

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 11-12
ടി.കെ ഉബൈദ്