ആഘോഷങ്ങളെ സംഘർഷോത്സവങ്ങളാക്കരുത്
എണ്ണമറ്റ മതങ്ങളുടെയും ജാതികളുടെയും അവയുമായി ബന്ധപ്പെട്ട ആഘോഷങ്ങളുടെയും നാടാണ് ഇന്ത്യ. ഇസ് ലാം, ക്രൈസ്തവ, ജൂതമതങ്ങളില്‍നിന്ന് ഭിന്നമായി ഹിന്ദുമതത്തില്‍ ദേശീയവും പ്രാദേശികവുമായ വകഭേദങ്ങള്‍ ഉള്ള ആഘോഷങ്ങളും ഉത്സവങ്ങളും നിരവധിയുണ്ട്. അവയില്‍ പലതും ഋതുക്കളും ഭൂമിശാസ്ത്രവുമൊക്കെയായിട്ടാണ് ചേര്‍ത്തുവെക്കപ്പെടുന്നതെങ്കിലും ഐതിഹ്യങ്ങളിലൂടെ രൂപപ്പെട്ട മതാത്മക നിറങ്ങള്‍ എല്ലാറ്റിനുമുണ്ട്. സാങ്കൽപിക കഥാപാത്രങ്ങളെയും ‘മിത്തു’കളെയും ആധാരമാക്കിയുള്ള ആഘോഷങ്ങള്‍ ആകുമ്പോഴും അവയൊന്നും പക്ഷേ, വൈരത്തിന്റെ ‘സംഘര്‍ഷോത്സവ’ങ്ങളായിരുന്നില്ല പഴയ ഇന്ത്യയില്‍. വൈവിധ്യങ്ങളിലെ നാനാത്വത്തെ ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും ആഘോഷങ്ങളാക്കി മാറ്റാന്‍ മതഭേദമന്യേ ഇന്ത്യക്കാര്‍ക്ക് സാധിച്ചിരുന്നു. പുതിയ ഇന്ത്യയിലാണെങ്കില്‍ ആഘോഷങ്ങളെ എങ്ങനെ സംഘര്‍ഷാത്മകവും വംശീയാക്രമണങ്ങളുടെ ഉത്സവങ്ങളുമാക്കി മാറ്റാം എന്നതിനെ കുറിച്ച ‘ഗവേഷണ’ങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
ആഘോഷങ്ങള്‍ക്ക് പിന്നിലുള്ള മതകീയ പ്രതീകങ്ങളെ വൈകാരികവത്കരിച്ചു വിശ്വാസികളുടെ ലോലമനസ്സുകളെ ഉദ്ദീപിപ്പിക്കുകയും അവരെ ഉന്മാദികളായി മാറ്റുകയും ചെയ്യുന്ന ഭാരതമായി ‘ഹിന്ദുത്വ’ ഇന്ത്യ മാറിക്കഴിഞ്ഞിരിക്കുന്നു. ‘ജയ് ശ്രീറാം’ വിളികളിലൂടെ കുറ്റകൃത്യങ്ങളെ ദൈവികവത്കരിക്കുന്ന സാങ്കേതിക വിദ്യയാണ് സംഘ് പരിവാര്‍ വികസിപ്പിച്ചെടുത്തത്. അതാണ് ഉത്തരേന്ത്യയില്‍ ‘രാമനവമി’ ഘോഷയാത്രകളുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.
ഈ ഉത്തരേന്ത്യന്‍ രീതിയില്‍നിന്ന് വിഭിന്നമായി വിവിധ മത സമൂഹങ്ങളിലെ ആഘോഷങ്ങള്‍ സൗഹൃദം പൂക്കുന്ന ഉത്സവങ്ങളാക്കി മാറ്റുന്ന അവസ്ഥ അടുത്ത കാലം വരെ കേരളത്തിലെങ്കിലുമുണ്ടായിരുന്നു. അക്കൂട്ടത്തില്‍ ഒന്നാണ് കേരളത്തിന്റെ സ്വന്തം ആഘോഷമായ ഓണം. ഐതിഹ്യത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരാഘോഷമാവുമ്പോഴും ഓണം പ്രഘോഷിക്കുന്ന സമത്വ ദര്‍ശനത്തിലേക്കാണ് മലയാളികള്‍ പിറന്നുവീഴുന്നത്. ഇത് ഉത്തരേന്ത്യന്‍ ഹൈന്ദവ വിശ്വാസത്തോട് എതിര് നില്‍ക്കുന്ന ഒരു കാഴ്ചയും കാഴ്പപ്പാടുമാണ്. ‘സമത്വ കേരള സ്രഷ്ടാവായ മഹാബലി’ ഹിന്ദുത്വയ്ക്ക് തിരസ്‌കൃതനാവുന്നത് അതുകൊണ്ടാണ്. ബ്രാഹ്മണ്യത്തിന്റെ വാമനാവതാരമാണ് അവരെ സംബന്ധിച്ചേടത്തോളം ‘സനാതന സത്യം’. അതിനാലാണ് തിരുവോണം വാമന ജയന്തിയായി ആഘോഷിക്കാന്‍ ആര്‍.എസ്.എസ് വാരികയായ കേസരി ആഹ്വാനം ചെയ്തതും 2016-ലെ ഓണക്കാലത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എല്ലാ മലയാളികള്‍ക്കും ‘വാമന ജയന്തി’ നേര്‍ന്നതും. ‘കേരളം ഭരിച്ച സാമ്രാജ്യത്വ ശക്തിയായ മഹാബലിയില്‍ നിന്ന് കേരളത്തെ മോചിപ്പിച്ച സ്വാതന്ത്ര്യ സമരസേനാനിയാണ് വാമനന്‍’ (ഡ്യൂള്‍ ന്യൂസ് 8-9-2016) എന്നാണ് ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികലയുടെ അഭിപ്രായം.
ഇക്കൊല്ലത്തെ ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ടു മുസ്‌ലിം സമുദായത്തിലെ ഒരു വിഭാഗത്തെ ‘ശിര്‍ക്കു’മായി സന്ധി ചെയ്തു എന്ന മട്ടില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ സാഹചര്യവുമുണ്ടായി. മുഖ്യധാരാ മുസ്‌ലിം സംഘടനകളില്‍നിന്ന് ഭിന്നമായി ആശയ സംവാദം, സാമുദായിക സൗഹാർദം, സമാധാനപരമായ സഹവർത്തിത്വം തുടങ്ങിയവ നയമായി സ്വീകരിച്ച സംഘടനയാണ് ജമാഅത്തെ ഇസ്്ലാമി. രാജ്യത്തെ മുഴുവന്‍ ജനങ്ങളും സംഘടനയുടെ അഭിസംബോധിതരും പ്രബോധിതരുമാണ്. രൂപവത്കരണ കാലം തൊട്ടുതന്നെ വിവിധ ആഘോഷവേളകളെ ആശയ സംവാദത്തിന് വേണ്ടി സര്‍ഗാത്മകമായി ഉപയോഗപ്പെടുത്താന്‍ ജമാഅത്ത് ശ്രമിച്ചുവന്നിട്ടുണ്ട്. അതിന്റെ നിയന്ത്രണത്തിലുള്ള പള്ളികള്‍ അത്തരം കൂട്ടായ്മകളുടെ വേദികളുമാവാറുണ്ട്. വയനാട്ടില്‍ ജമാഅത്തെ ഇസ്്ലാമി നിയന്ത്രണത്തിലുള്ള ഒരു പള്ളിയില്‍ നടന്ന ഓണം സുഹൃദ് സംഗമമാണ് ഏറ്റവും ഒടുവില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും, അന്യ മതസ്ഥരുടെ ആഘോഷങ്ങളിലെ പങ്കാളിത്തത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുകയും ചെയ്തത്. പള്ളിയുടെ ‘ഹുറുമത്ത്’ നശിപ്പിക്കുന്നതായിരുന്നു പ്രസ്തുത പരിപാടി എന്നായിരുന്നു വിമര്‍ശനം.
ഭൂമിയിലെ അല്ലാഹുവിന്റെ ഗേഹങ്ങളാണ് മസ്ജിദുകൾ. എന്നാല്‍, പ്രവാചകന്റെയും സച്ചരിതരായ ഉത്തരാധികാരികളുടെയും കാലത്ത് കേവലമായ ആരാധനാലയങ്ങള്‍ മാത്രമായിരുന്നില്ല പള്ളികള്‍ എന്നതും ഒരു ചരിത്ര സത്യമാണ്. വയനാട്ടിലെ പള്ളിയില്‍ നടന്നത്, ബഹുദൈവാരാധനാപരമായ എന്തെങ്കിലും പൂജകളോ പ്രാർഥനകളോ അല്ല എന്നിരിക്കെ ആ പരിപാടിയെ, 'പള്ളികള്‍ അല്ലാഹുവിനുള്ളതാകുന്നു. അതിനാല്‍, അല്ലാഹുവിന്റെ കൂടെ മറ്റാരെയും നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കരുത്' (ഖുര്‍ആന്‍ 72:18) എന്ന വേദസൂക്തംകൊണ്ട് ആക്രമിക്കുന്നതില്‍ അർഥമില്ല. സാധാരണ മതപ്രഭാഷണങ്ങളില്‍ പോലും സര്‍വത്ര ഉദ്ധരിക്കപ്പെടാറുള്ള സംഭവമാണ് മദീനയിലെ പള്ളിയില്‍ ക്രൈസ്തവ സംഘങ്ങളെ പ്രവാചകന്‍ സ്വീകരിച്ചത്. സാഹചര്യത്തിന്റെ തേട്ടമനുസരിച്ച് ആ ക്രൈസ്തവ സംഘത്തിന് അവരുടെ പ്രാര്‍ഥനാ സമയമായപ്പോള്‍ പള്ളിയില്‍തന്നെ പ്രവാചകന്‍ പ്രാർഥനക്ക് അവസരമൊരുക്കി എന്നും റിപ്പോര്‍ട്ടുകളുണ്ട്. നീറ്റ് പരീക്ഷയ്ക് എത്തിയവര്‍ക്ക് പള്ളിയില്‍ വിശ്രമ സൗകര്യം ഒരുക്കിയതും പ്രളയ കാലത്ത് പള്ളികള്‍ അഭയ കേന്ദ്രങ്ങളായതും കേരളത്തില്‍ ‘കര്‍മശാസ്ത്ര’ ശസ്ത്രക്രിയയ്ക്ക് വിധേയമാകാതിരുന്നത് ഇതര മത ദേവാലയങ്ങളില്‍നിന്ന് ഭിന്നമായി ഇസ് ലാമിലെ പള്ളി ഒരേസമയം പള്ളിക്കൂടവും സാംസ്കാരിക കേന്ദ്രവും അഭയ കേന്ദ്രവുമെല്ലാം ആകുന്നു എന്ന ബോധ്യം എല്ലാവര്‍ക്കും ഉള്ളതുകൊണ്ടാണ്.
എല്ലാതരം സംഗമങ്ങളും പള്ളിയുടെ അകത്തളത്തില്‍ തന്നെ നടത്തണം എന്നല്ല ഇപ്പറഞ്ഞതിനർഥം. പള്ളികള്‍ക്ക് തീര്‍ച്ചയായും അതിന്റേതായ പവിത്രതയുണ്ട്. എന്നാല്‍, പള്ളികള്‍ സുജൂദിടം ആകുമ്പോള്‍ തന്നെ ഇതര മതസ്ഥരുടെ മുന്നില്‍ കൊട്ടിയടക്കപ്പെടേണ്ട ആശ്രമങ്ങളല്ല എന്നതാണ് ഇസ് ലാമിന്റെ നിലപാട്. ‘അന്യ മതസ്ഥരെ’ പള്ളിയില്‍ പ്രവേശിപ്പിച്ചതിന് പ്രവാചകനില്‍ മാതൃകയുണ്ടായിരിക്കെ അതിനെതിരെ ഉണ്ടാവുന്ന ഏത് മതവിധിയും ഇസ് ലാമിക വിരുദ്ധമാണ്. ബഹുസ്വര സമൂഹത്തില്‍ അന്യ മതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്ക് ചേരുന്നതിനെ കുറിച്ച ഇസ് ലാമിക കാഴ്ചപ്പാട് നിശ്ചയിക്കുന്നത് ഈ വിഷയത്തിലുള്ള കര്‍മശാസ്ത്ര വിധികളാണ്. ആ വിധികളെല്ലാം സന്ധിക്കുന്ന ഒരേയൊരു ബിന്ദു ഏകദൈവ വിശ്വാസത്തിന് വിരുദ്ധമായ ആചാരാനുഷ്ഠാനങ്ങളില്‍ പങ്ക് ചേരാതിരിക്കുക എന്നതാണ്. അതില്ലാത്തേടത്തോളം കാലം അത്തരം ആഘോഷങ്ങള്‍ക്ക് ആശംസ നേരുന്നതും, അവരുടെ ആതിഥ്യം സ്വീകരിക്കുകയോ അവര്‍ക്ക് ആതിഥ്യം അരുളുകയോ ചെയ്യുന്നതും അവരുടെ ഭക്ഷണം കഴിക്കുന്നതും അനുവദനീയമാകേണ്ടതാണ്. ഇസ് ലാം ഉദ്ഘോഷിക്കുന്ന വിശ്വമാനവികതയുടെ വിളംബരമാണ് അത്തരം വ്യവഹാരങ്ങളിലൂടെ സംഭവിക്കുന്നത്. സാമുദായിക ധ്രുവീകരണവും വെറുപ്പുൽപാദനവും വംശീയമായ അപരവത്കരണവും പ്രചണ്ഡമായി നടക്കുന്ന വര്‍ത്തമാന കാലത്ത് ചേര്‍ന്നിരിക്കാനും ചേര്‍ത്തു പിടിക്കാനുമുള്ള അവസരങ്ങളൊന്നും പാഴാക്കരുത് എന്നു മാത്രമല്ല, ഹിജ്റ ഏഴ്-എട്ട് നൂറ്റാണ്ടുകളില്‍ മുസ്‌ലിംകള്‍ ഭൂരിപക്ഷമുള്ള നാടുകളില്‍ രൂപപ്പെട്ട കര്‍മശാസ്ത്രത്തെ ആധാരമാക്കി, ഇന്ത്യ പോലെ മുസ്‌ലിംകള്‍ ന്യൂനപക്ഷമായ ബഹുസ്വര സമൂഹത്തില്‍ വിധിവിലക്കുകള്‍ നിര്‍ണയിക്കപ്പെടരുത് എന്നു കൂടിയാണ് ഇതിന്റെ അര്‍ഥം. ന്യൂനപക്ഷ കര്‍മശാസ്ത്രം (ഫിഖ്ഹുല്‍ അഖല്ലിയ്യാത്ത്) എന്ന ഒരു കര്‍മശാസ്ത്ര ശാഖ തന്നെ ആധുനിക ഇസ് ലാമിക പണ്ഡിതര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അന്യ മതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കുചേരണമെന്ന് (സമസ്ത ജന. സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ് ലിയാര്‍ - ദര്‍ശന ടി.വി അഭിമുഖം 14-9-2016) വര്‍ഷങ്ങള്‍ക്ക് മുമ്പ് നിലപാടെടുത്ത മുസ്‌ലിം സംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ എന്നും ഇത്തരുണത്തിൽ ഓർക്കാം.
Comments