Prabodhanm Weekly

Pages

Search

2023 സെപ്റ്റംബർ 08

3317

1445 സഫർ 22

മൗലവിയുടെ ബിസിനസ് നൈതികത

നാസർ ഊരകം, ദുബൈ

ഇസ്്ലാമിക പ്രവർത്തനത്തോടൊപ്പം ബിസിനസ് രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നല്ലോ എം.വിസലീം മൗലവി. തൃശൂരിലെ ആദ്യ ഷോപ്പിങ് മാളുകളിൽ ഒന്നായ സെന്റർ പോയിന്റിന്റെ സ്ഥാപകരിൽ ഒരാളാണ് അദ്ദേഹം. ഖത്തറിൽ കറിമസാലപ്പൊടി നിർമാണ വിതരണ രംഗത്തേക്ക് ആദ്യമായി കാലെടുത്തു വെച്ചത് അദ്ദേഹമാണ്. മക്കയിൽ അദ്ദേഹം സ്ഥാപിച്ച ലോഡ്ജ് ഉംറക്കും ഹജ്ജിനും വരുന്നവർക്ക് ആശ്വാസമായിരുന്നു. സാമ്പത്തിക പ്രയാസമുള്ള ഉംറ തീർഥാടകർക്ക്  പണം നൽകാതെ അവിടെ അതിഥികളായി കഴിയാമായിരുന്നു. യു.എ.ഇയിലും റിയൽ എസ്റ്റേറ്റ്, സൂപ്പർ മാർക്കറ്റ് രംഗങ്ങളിൽ മുതൽ മുടക്കിയിരുന്നു.

ഇസ്്ലാമിക മൂല്യങ്ങൾ  മുറുകെ പിടിച്ചായിരുന്നു അദ്ദേഹത്തിന്റെ ബിസിനസ് സംരംഭങ്ങൾ.  അതിന് സാധിക്കാതെ വരുമ്പോൾ പ്രവർത്തനം നിർത്താനും ധൈര്യം കാണിച്ചു. ഇക്കാരണത്താലാണ് ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളെ തന്റെ ബിസിനസ്സിൽനിന്ന് അദ്ദേഹം ഒഴിവാക്കിയത്. ലാഭമുണ്ടാക്കണമെങ്കിൽ കൊള്ളയും വെട്ടിപ്പും ചെയ്യാതെ ഈ രണ്ട് ബിസിനസ് രംഗവും വിജയിക്കുക പ്രയാസമാണെന്നും, അതേസമയം സേവനമായി ചെയ്താൽ ലാഭകരമാകില്ലെന്നും അദ്ദേഹം പറയുമായിരുന്നു. അദ്ദേഹം ഹോമിയോ ചികിത്സയിൽ പരിശോധനക്ക് മാത്രമല്ല, മരുന്നിനും പണമീടാക്കിയിരുന്നില്ല.  വ്യക്തമായ രേഖകളുടെയും കരാറുകളുടെയും അടിസ്ഥാനത്തിലായിന്നു  ആരുമായും ബിസിനസ് ചെയ്തിരുന്നത്. പരസ്പരം കൂടിയാലോചിച്ചെടുക്കുന്ന തീരുമാനം എഴുതി വെച്ചായിരുന്നു ഓരോ ഘട്ടവും മുന്നോട്ടുപോവുക.  കൊടുക്കൽ-വാങ്ങലുകൾക്കും ക്രയവിക്രയങ്ങൾക്കുമെല്ലാം രശീതി ഉണ്ടാക്കി ഒപ്പുവെക്കുമായിരുന്നു..

ഊഹക്കച്ചവടങ്ങളെ സലീം മൗലവി പ്രോത്സാഹിപ്പിച്ചിരുന്നില്ല. അഡ്വാൻസ് നൽകി  ഭൂമി വാങ്ങി  സ്വന്തം പേരിൽ രജിസ്റ്റർ ചെയ്യാതെ മറിച്ചുവിറ്റു കൈമാറി ലാഭം ഉണ്ടാക്കുന്ന പ്രവണതയെ അദ്ദേഹം ശക്തമായി എതിർത്തു. ലാഭം മാത്രം പ്രതീക്ഷിച്ചു നഷ്ടം വരുമ്പോൾ അതംഗീകരിക്കാത്ത സംരംഭ രീതിയെയും എതിർത്തു.  പുറമെ കാർക്കശ്യക്കാരനായിരുന്ന അദ്ദേഹത്തിന്റെ ബിസിനസ് പാർട്ണർമാർക്കതൊരു പ്രശ്നമായി തോന്നിയിരുന്നില്ല. ആരുടെയും അഭിപ്രായങ്ങൾ കേൾക്കാനും അംഗീകരിക്കാനും വിട്ടുവീഴ്ച ചെയ്യാനും അദ്ദേഹം തയാറായിരുന്നു.

വിഷൻ 2016 പ്രോജക്ടിന്റെ തുടക്കത്തിൽ സിദ്ദീഖ് ഹസൻ സാഹിബിനൊപ്പം ദുബൈ സന്ദർശിച്ചിരുന്ന സലീം മൗലവിയായിരുന്നു വിഷൻ 2016-ന്റെ പ്രവർത്തനങ്ങളെ അറബികൾക്ക് പരിചയപ്പെടുത്തിയിരുന്നത്. വിഷന്റെ തുടക്കത്തിൽ, പ്രത്യേകിച്ച് അറബികൾക്കിടയിൽ പ്രചാരം ലഭിക്കാൻ അദ്ദേഹത്തിന്റെ ഇടപെടലുകൾ ഉപകാരപ്പെട്ടിട്ടുണ്ട്.

ഒരിക്കൽ മൗലവി ദുബൈയിൽ വന്നപ്പോൾ യൂറോപ്യൻ മുസ്്ലിംകൾ നേതൃത്വം നൽകുന്ന ജുമൈര  ഇസ്്ലാമിക് സെന്ററിൽ ഇംഗ്ലീഷിൽ  ക്ലാസ്സെടുത്തു. പരിപാടിക്കിടയിൽ  സദസ്സിൽനിന്ന് മൂന്ന് വിദേശികൾ  കൈ പൊക്കി ഇസ്്ലാം സ്വീകരിക്കാൻ സന്നദ്ധത അറിയിക്കുകയുണ്ടായി. അതിനു ശേഷം അദ്ദേഹം ദുബൈയിൽ വരുമ്പോഴെല്ലാം ജുമൈര ഇസ്്ലാമിക് സെന്റർ സാരഥികൾ മൗലവിയെ ക്ലാസ്സെടുക്കാൻ ക്ഷണിക്കുകയും നിരവധി പേരുടെ ഇസ്്ലാമാശ്ലേഷണത്തിന് ആ വേദി സാക്ഷ്യം വഹിക്കുകയും ചെയ്തു. 

Comments

ഹദീസ്‌

മഹത്വത്തിന്റെ മാനദണ്ഡം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌