Prabodhanm Weekly

Pages

Search

2023 സെപ്റ്റംബർ 08

3317

1445 സഫർ 22

വ്യത്യസ്തനായിരുന്നു എം.വി മുഹമ്മദ് സലീം മൗലവി

പി. മുജീബുർറഹ്്മാൻ (അമീർ, ജമാഅത്തെ ഇസ്്ലാമി ഹിന്ദ്, കേരള)

പ്രമുഖ ഇസ്്ലാമിക, ബഹുഭാഷാ പണ്ഡിതനും പ്രഭാഷകനുമായ എം.വി മുഹമ്മദ് സലീം മൗലവിയും അല്ലാഹുവിലേക്ക് യാത്രയായി. അദ്ദേഹത്തിന്റെ വിയോഗം മനസ്സിലേക്ക് കൊണ്ടുവന്ന അനേകം ആലോചനകളുണ്ട്. വിജ്ഞാനത്തിന് വേണ്ടി ജീവിതാന്ത്യം വരെ പരിശ്രമിച്ചിട്ടും ദാഹശമനം വരാത്ത വ്യക്തിത്വം, ഇസ്്ലാമിക പണ്ഡിതൻ എന്ന് കേൾക്കുമ്പോൾ മനസ്സിലെത്തുന്ന വാർപ്പു നിർവചനങ്ങളെ അതിലംഘിച്ച് അറിവിന്റെ വൈവിധ്യ വഴികളിലൂടെ കടന്നുപോയ സഞ്ചാരി, അറിവുകൊണ്ട്  'ഇരുത്തം' വരുന്നതിന് പകരം ചിന്തകൊണ്ടും ഗവേഷണം കൊണ്ടും പുതിയ മേച്ചിൽ പുറങ്ങളിലേക്ക് കുതറിയോടിയ അത്യുൽസാഹി, ചക്രവാളങ്ങളിലെ ഇസ് ലാമിന്റെ അതിജീവനവും അതിജയവും ഹൃദയത്തിൽ വരച്ചിട്ട പോരാളി - ഇതൊക്കെയും സാമ്പ്രദായിക  ആചാര വിശേഷങ്ങളല്ല. ഇവയോരോന്നിലെയും തെളിമയാർന്ന മുദ്രകൾ നിങ്ങൾക്ക് സലീം മൗലവിയിൽ കാണാനാവും. അപ്പോഴും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ വലിയ സവിശേഷതയായി മനസ്സുടക്കി നിൽക്കുന്നത്, അദ്ദേഹത്തിലെ പ്രാസ്ഥാനിക പണ്ഡിതനിലാണ്. 

ഖുർആനും ഹദീസും ദീനിന്റെ ഉസ്വൂലുകളും അപ്രാപ്യമായ കാലമല്ല നമ്മുടേത്. സാധാരണക്കാർക്ക് പോലും അവരുടെ ഭാഷയിൽ ഇന്ന് അവ ലഭ്യമാണ്. ഇവയുടെ പാരാവാരം കണക്കെയുള്ള വിശാലത നീന്തിക്കടന്ന വ്യക്തിത്വങ്ങളും നിരവധിയുണ്ട്. വിശുദ്ധ ഖുർആനിനെ, നബിചര്യയെ, ഇസ്്ലാമിക ചരിത്രത്തെ, പാരമ്പര്യത്തെ ഇസ്്ലാമിന്റെയും മുസ്്ലിം ഉമ്മത്തിന്റെയും ദൗത്യവുമായും  അവ നിലനിൽക്കുന്ന കാലവുമായും ചേർത്തുവെച്ച് ഭാവിയിലേക്ക് സഞ്ചരിക്കുന്നതാണല്ലോ ഇസ്്ലാമിന്റെ പ്രാസ്ഥാനികത. ഈ വഴിയിൽ പതർച്ചയില്ലാതെ, അചഞ്ചലമായി നിലകൊണ്ട പണ്ഡിതനായിരുന്നു സലീം മൗലവി. ചരിത്രത്തിൽ മഹത്തുക്കളായ പണ്ഡിതൻമാർ നിർവഹിച്ച ദൗത്യമുണ്ട്. ഇസ്്ലാമിന്റെ ഉസ്വൂലുകളിൽ അടിയുറച്ചുനിന്ന് അവർ അതത് കാലങ്ങളിലേക്കുള്ള വിധികൾ നൽകി. അവ കേവലം വിധികളും ഫത്്വകളും മാത്രമായിരുന്നില്ല; ഇസ് ലാം സംസ്കൃതിയെ മുന്നോട്ട് നയിച്ച ഊർജപ്രവാഹങ്ങളായിരുന്നു. വിപുലമായ വിജ്ഞാന  ശേഖരമായി അത് നമ്മുടെ കൈയിലുണ്ട്. അവയിൽ ഉടക്കിനിൽക്കാതെ, അവയുടെ കൂടി ബലത്തിൽ ദീനിനെ ചലനാത്മകമാക്കുക എന്നതാണ് നമുക്ക് നിർവഹിക്കാനുള്ളത്. ഓരോരോ തലങ്ങളിലും നമുക്കൊരു നിയോഗമുണ്ടാവും, അതിനാവശ്യമായ വഴിയുണ്ടാകും, ശൈലികളുണ്ടാകും. അവയെ മുഖ്യമായി കാണാതെ, അവയുടെ തന്നെ  ശാഖാപരമായ വിഷയങ്ങളിൽ കൊളുത്തിവലിക്കാതെ മുന്നോട്ട് പോകണമെങ്കിൽ അത്യസാധാരണമായ ധൈര്യവും പുരോഗമനോൻമുഖതയും ആവശ്യമാണ്. മറിച്ചാണെങ്കിൽ കാലത്തിനുമേലത് വിലങ്ങുതടിയായിത്തീരും. ഇസ്്ലാമിക പ്രസ്ഥാനത്തിന്റെ അനുഭവത്തിൽനിന്ന് തീർത്തു പറയാം, ഇതിൽ ആദ്യം പറഞ്ഞതിന്റെ മികച്ച മാതൃകയായിരുന്നു സലീം മൗലവി. ഒരു ആലിമിനെ സംബന്ധിച്ച് ഇതാണ് പ്രാസ്ഥാനിക പ്രതിബദ്ധത.

ഇസ്്ലാമിക പ്രസ്ഥാനത്തെ സംബന്ധിച്ച് ഈ ഗണത്തിലുള്ള പണ്ഡിതൻമാരുടെ സാന്നിധ്യം കൂടിയാണ് അതിന്റെ വിജയ നിദാനം. അത്തരക്കാരുടെ നിര കാണക്കാണെ കുറഞ്ഞുപോവുന്നുവോ എന്ന ആശങ്ക സലീം മൗലവിയുടെ വിയോഗം ഉയർത്തുന്നുണ്ട്. ആത്മവിചാരണയും അത്യധ്വാനവും ചെയ്ത് ആ തലങ്ങളിലേക്ക് ഉയർന്നുവരാൻ  നമ്മുടെ പണ്ഡിതൻമാരെ ആ മരണം ആഹ്വാനം ചെയ്യുന്നുണ്ട്. 'നിങ്ങളിൽനിന്ന് അറിവ് ഒറ്റയടിക്ക് എടുത്ത് കളയുകയില്ല, പണ്ഡിതൻമാരെ അല്ലാഹു തിരിച്ചുവിളിക്കുകയാണ് ചെയ്യുക' എന്ന നബി(സ)യുടെ മുന്നറിയിപ്പ്, മുന്നിൽ കനംവെച്ച് നിൽക്കുന്നു.

വ്യക്തിത്വത്തിന്റെ ഈ സവിശേഷത അവസാനം വരെ നിലനിർത്തിയതുകൊണ്ടാണ്, ഇസ്്ലാമിക പ്രസ്ഥാനത്തിന്  സമകാലിക വിഷയങ്ങളിൽ നിലപാടെടുക്കുന്നതിൽ അദ്ദേഹം ഒരു റഫറൻസായി നിലനിന്നത്. കേരളത്തിൽ പ്രസ്ഥാനത്തിന് അത് നൽകിയ തുറസ്സുകൾ ചെറുതല്ല. സലീം മൗലവി എന്ന് കേൾക്കുമ്പോൾ ഒരു പണ്ഡിതനാണ് മനസ്സിലേക്കെത്തുന്നതെങ്കിലും,  പച്ചയായ ഒരു മനുഷ്യനെ അടുത്തിടപഴകിയ എല്ലാവരും അനുഭവിച്ചിട്ടുണ്ടാവും. വളരെ സ്വകാര്യമായി ആവശ്യക്കാരന് (പ്രയാസപ്പെടുന്ന സ്ഥാപനങ്ങൾക്കും) വലിയ സഹായങ്ങൾ ചെയ്യുന്ന, തന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവനോട് പോലും തന്റെ പോരായ്മകളെ കുറിച്ചും വീഴ്ചകളെ കുറിച്ചും പറഞ്ഞ് കരയുന്ന, കണ്ണിനെ സജലങ്ങളാക്കുന്ന സുജൂദുകളുള്ള വ്യക്തിത്വം കൂടിയാണ് സലീം മൗലവി.

പണ്ഡിത പശ്ചാത്തലത്തിന്റെ ആനുകൂല്യമുള്ള കുടുംബമല്ല സലീം മൗലവിയുടേത്. നിശ്ചയ ദാർഢ്യവും അത്യധ്വാനവുമുണ്ടെങ്കിൽ ആർക്കും ദീനിന് വലിയ സേവനങ്ങൾ ചെയ്യാനാവുമെന്നും, അല്ലാഹു കൂടെ നിൽക്കുമെന്നുമാണ് സലീം മൗലവിയുടെ ജീവിതം പഠിപ്പിക്കുന്നത്. അറിവ് ശേഖരണത്തിന് അദ്ദേഹം അതിർത്തികൾ നിർണയിച്ചില്ല. തന്റെ മുമ്പിലെത്തുന്ന ഏതൊരു വിഷയത്തിലും സ്വന്തമായ അറിവിന്റെയും അന്വേഷണത്തിന്റെയും തികഞ്ഞ ബോധ്യത്തിൽ നിലപാടെടുക്കുകയും അത് വെട്ടിത്തുറന്നു പറയുകയും ചെയ്തു. മതകാര്യത്തിൽ മാത്രമല്ല ആരോഗ്യം, വിദ്യാഭ്യാസം, ശാസ്ത്രം, ബിസിനസ്സ് തുടങ്ങി മനുഷ്യ ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിലെല്ലാം  മൗലവിക്ക് കൃത്യമായ നിലപാടുകളുണ്ടായിരുന്നു. അത്തരം നിലപാടുകൾക്ക് ആധാരമായ അറിവും ഈ മേഖലകളിൽ മൗലവിക്കുണ്ടാവും.

  ഏറ്റവുമവസാനം തന്റെ രോഗവുമായി അദ്ദേഹം പൊരുതിയത് ആറ് വർഷക്കാലമാണ്. ഈ കാലയളവിൽ തന്റെ രോഗവുമായി ബന്ധപ്പെട്ട് ലഭ്യമായ വ്യത്യസ്ത ചികിത്സാ രീതികളെക്കുറിച്ചും അദ്ദേഹം തന്റേതായ പഠനം നടത്തി. താൻ കഴിക്കുന്ന മരുന്നിന്റെ കണ്ടൻറ് എന്താണെന്ന് അദ്ദേഹം ശരിക്കും മനസ്സിലാക്കുമായിരുന്നു. അതുമായി ബന്ധപ്പെട്ട തന്റേതായ ചോദ്യങ്ങൾ അദ്ദേഹം ഡോക്ടർമാരോട് ചോദിക്കുകയും ചെയ്യും.

മർഹൂം ടി.കെ അബ്ദുല്ല സാഹിബ് മൗലവിയുമായി നടത്തിയ സംഭാഷണത്തിലെ ഒരു പരാമർശം ഏറെ രസകരമാണ്. "മൗലവീ, ഒര് കാറ് വാങ്ങിയാൽ അത് ഡ്രൈവ് ചെയ്യാൻ പഠിച്ചാൽ പോരേ, കാറിന്റെ മുഴുവൻ മെക്കാനിസവും പഠിച്ച ശേഷമേ വണ്ടിയോടിക്കൂ എന്ന നിർബന്ധം വേണോ?" എന്നതായിരുന്നു ടി.കെയുടെ ചോദ്യം. മൗലവി ഇത്തരം കാര്യങ്ങൾക്ക് സമയം മാറ്റിവെക്കുന്നതുകൊണ്ട് ഇസ്്ലാമിക വൈജ്ഞാനിക സംഭാവനകൾ വേണ്ട അളവിൽ കിട്ടാതെ പോവുന്നുവെന്ന ടി.കെയുടെ പരിഭവമായിരുന്നു സംഭാഷണ പശ്ചാത്തലം. ടി.കെ സാഹിബും മൗലവിയും തമ്മിലുള്ള വൈജ്ഞാനിക സംഭാഷണവും സംവാദവും കൗതുകത്തോടെ കാണാനും കേൾക്കാനും ധാരാളം അവസരമുണ്ടായിട്ടുണ്ട്.

  നാട്ടിലും വിദേശത്തും  ഇസ്്ലാമിക പ്രസ്ഥാനത്തിന്റെ ഒട്ടേറെ അനുബന്ധ സംരംഭങ്ങൾക്കും നീക്കങ്ങൾക്കും നേതൃത്വം നൽകിയിട്ടുണ്ട് സലീം മൗലവി. ആഗോള ഇസ്്ലാമിക ചലനങ്ങളുമായും പണ്ഡിതരുമായും അദ്ദേഹത്തിനുണ്ടായിരുന്ന ബന്ധങ്ങൾ  ഇസ്്ലാമിക പ്രസ്ഥാനത്തിന് ഏറെ ഗുണം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രസ്ഥാന പഠന ക്ലാസ്സുകളിലും ഭരണഘടനാ ക്ലാസ്സുകളിലും പങ്കാളികളായവർക്കൊന്നും അത് ഓർത്തുവെക്കാതിരിക്കാനാവില്ല. ഇസ്്ലാമിക പ്രസ്ഥാനത്തിന്റെ ആദർശ, ലക്ഷ്യങ്ങൾ സന്ദേഹരഹിതമായി അവരുടെ മനസ്സിൽ വേരാഴ്ത്താൻ അവ കാരണമായിട്ടുമുണ്ടാവും.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ ദീനീ കലാലയങ്ങളിൽ അധ്യാപകനായിരുന്ന അദ്ദേഹത്തിന് വലിയൊരു ശിഷ്യസമ്പത്തുമുണ്ട്. അതിൽ വിവിധ തുറകളിൽ ദീനീ സേവനമനുഷ്ഠിക്കുന്നവരുണ്ട്. അവരുടെ സുകൃതങ്ങൾ അദ്ദേഹത്തിലേക്കും വന്നുചേരാതിരിക്കില്ല.
നമ്മെയും അദ്ദേഹത്തെയും അല്ലാഹു ജന്നാത്തുൽ ഫിർദൗസിൽ ഒരുമിപ്പിക്കുമാറാവട്ടെ. l

Comments

ഹദീസ്‌

മഹത്വത്തിന്റെ മാനദണ്ഡം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌