Prabodhanm Weekly

Pages

Search

2023 സെപ്റ്റംബർ 08

3317

1445 സഫർ 22

മഹത്വത്തിന്റെ മാനദണ്ഡം

ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌

عَنْ أبِي هُرَيْرَة رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّم: رُبَّ أشْعَثَ أغْبَرَ مَدْفُوعٍ بِالأَبْوَابِ، لَوْ أَقْسَمَ عَلَى اللهِ لَأَبَرَّهُ (مسلم).

 

അബൂഹുറയ്റ (റ)യിൽനിന്ന്. അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു:
'' ജടപിടിച്ച മുടിയുള്ള, പൊടിപുരണ്ട മേനിയുള്ള, കവാടങ്ങളിൽനിന്നും തള്ളിമാറ്റപ്പെടുന്ന എത്രയോ ആളുകളുണ്ട്; അല്ലാഹുവിനെ ആണയിട്ട് അവരെന്തെങ്കിലും പറഞ്ഞാൽ അല്ലാഹു ഉടനെയത് നടപ്പാക്കും" (മുസ്്ലിം).

 

ആളുകളുടെ ഭൗതിക പ്രതാപങ്ങളോ സ്ഥാനമാനങ്ങളോ അല്ല, മറിച്ച് മനസ്സിലെ ഭക്തിയും ആത്മാർഥതയുമാണ്  അല്ലാഹു പരിഗണിക്കുക എന്നാണ് ഹദീസിന്റെ കാതൽ.
വിശുദ്ധ ഖുർആൻ വ്യക്തമാക്കിയതു പോലെ إِنَّ أَكْرَمَكُمْ عِنْدَ اللَّهِ أَتْقَاكُمْ (നിങ്ങളിൽ അല്ലാഹുവിന്റെയടുക്കൽ ഏറ്റവും ആദരവുള്ളത് ഭക്തൻമാർക്കാണ്). ആരുടെയും വസ്ത്രവും പുറം മോടിയും അല്ലാഹു വിലമതിക്കുകയില്ല. മനസ്സിലെ നന്മയും കർമങ്ങളിലെ വിശുദ്ധിയുമാണ്  അവൻ പരിഗണിക്കുക. അത്തരമാളുകളുടെ പ്രശ്നങ്ങൾ അവൻ പരിഹരിക്കും. അവരുടെ പ്രാർഥനകൾ സ്വീകരിക്കും. ദുരന്തങ്ങൾ ദൂരീകരിക്കും.
لَوْ أَقْسَمَ عَلَى اللهِ لَأَبَرَّهُ എന്നതിന്  രണ്ടർഥങ്ങൾ പറയാറുണ്ട്: ഒന്ന്, അവൻ പ്രാർഥിച്ചാൽ ഉടൻ ഉത്തരം നൽകും. രണ്ട്, അവൻ അല്ലാഹുവിനോട് ശപഥം ചെയ്ത് എന്തെങ്കിലും  പ്രസ്താവിച്ചാൽ അത് അല്ലാഹു നടപ്പാക്കും.
مَدْفُوعٍ بِالأَبْوَابِ എന്നതിന്റെ ഉദ്ദേശ്യം, പണവും പ്രതാപവുമില്ലാത്തതിനാൽ അവനെയാരും പരിഗണിക്കുകയില്ല, ഒരു വാതിലും അവനായി തുറക്കപ്പെടുകയില്ല എന്നെല്ലാമാണ്.
ഇമാം ബുഖാരി ഇപ്രകാരം ഒരു ഹദീസ് നിവേദനം ചെയ്തിട്ടുണ്ട്: അല്ലാഹുവിന്റെ റസൂലിന്റെ അരികിലൂടെ ഒരാൾ നടന്നു പോയി. റസൂൽ ചോദിച്ചു: "ഇദ്ദേഹത്തെക്കുറിച്ച് നിങ്ങൾ എന്ത് പറയുന്നു?" അനുയായികൾ പറഞ്ഞു:
"അദ്ദേഹം ആരെ വിവാഹമന്വേഷിച്ചാലും വിവാഹം ചെയ്തുകൊടുക്കും. അയാൾ ആർക്ക് വേണ്ടി ശിപാർശ ചെയ്താലും അത് സ്വീകരിക്കപ്പെടും. സംസാരിച്ചാൽ ആളുകൾ ശ്രദ്ധിച്ച് കേൾക്കും."
പിന്നീട് ദരിദ്രനായ ഒരാൾ റസൂലിന്റെ അരികിലൂടെ നടന്നുപോയി. റസൂൽ ചോദിച്ചു: "ഇദ്ദേഹത്തെക്കുറിച്ച് നിങ്ങൾ എന്ത് പറയുന്നു?" "അദ്ദേഹം  വിവാഹമന്വേഷിച്ചാൽ ആരും അവന് വിവാഹം ചെയ്തുകൊടുക്കില്ല. അവന്റെ ഒരു ശിപാർശയും സ്വീകരിക്കപ്പെടുകയില്ല. അവൻ സംസാരിച്ചാൽ ഒരാളും ചെവികൊടുക്കില്ല."
റസൂൽ(സ) പറഞ്ഞു: هَذَا خَيْرٌ مِنْ مِلْءِ الأَرْضِ مِثْلَ هَذَا (ആദ്യത്തെയാളെപ്പോലുള്ളവർ ഭൂമി നിറയെ ഉണ്ടാവുന്നതിനെക്കാൾ  ഇദ്ദേഹത്തെപ്പോലുള്ള ഒരാളാണുത്തമം).
ഇതേ ആശയം മറ്റൊരു ഹദീസിൽ വിശദമാക്കുന്നതിങ്ങനെയാണ്: അബൂദർറി(റ)ൽ നിന്ന്. അല്ലാഹുവിന്റെ റസൂൽ (സ) എന്നോട് പറഞ്ഞു: "അബൂദർറ്, കണ്ണുയർത്തി, പള്ളിയിലുള്ള ഏറ്റവും മാന്യനാരെന്ന് നോക്കുക." ഞാൻ നോക്കിയപ്പോൾ നല്ല വസ്ത്രം ധരിച്ച ഒരാളെ കണ്ടു. "ഇദ്ദേഹമാണ്."
നബി (സ) പറഞ്ഞു: "അബൂദർറ്, കണ്ണുയർത്തി, പള്ളിയിലുള്ള ഏറ്റവും അവശനാരെന്ന് നോക്കുക".
അപ്പോൾ പഴകിക്കീറിയ വസ്ത്രം ധരിച്ച ദരിദ്രനായ ഒരാളെ കണ്ടു.
"ഇദ്ദേഹമാണ്."
റസൂൽ (സ) പറഞ്ഞു: "എന്റെ ആത്മാവ് കൈയിലുള്ളവനാണ് സത്യം! പഴകിയ വസ്ത്രമണിഞ്ഞ ഇദ്ദേഹമാണ്  മുന്തിയ വസ്ത്രമണിഞ്ഞവനെക്കാൾ അല്ലാഹുവിന്റെയടുക്കൽ ശ്രേഷ്ഠൻ."
ഇബ്്നു ഹജർ (റ) എഴുതി: "മഹത്വത്തിന്റെ മാനദണ്ഡം പരലോക വിജയമാണെന്നാണ് ഹദീസിന്റെ പാഠം. ഇഹലോകത്ത് വിഹിതങ്ങൾ ലഭിക്കാത്തവന് പരലോകത്ത് ലഭിക്കും. എന്നാൽ, ദരിദ്രൻ ധനികനെക്കാൾ മഹത്വമുള്ളവനാണ് എന്ന് ഹദീസ് സൂചിപ്പിക്കുന്നില്ല. ഭക്തിയാണ് മഹത്വത്തിന്റെ മാനദണ്ഡമെന്നാണ് ഇതിന്റെ പൊരുൾ."
ഇബ്നു തൈമിയ്യ (റ) എഴുതി: "സഹനമുള്ള ദരിദ്രനാണോ നന്ദി ചെയ്യുന്ന ധനികനാണോ മഹാൻ എന്നതിൽ ആളുകൾ തർക്കിക്കാറുണ്ട്.  തഖ്്വ കൂടുതലുള്ളവരാണ് ഉത്തമർ എന്നതാണ് യാഥാർഥ്യം. ഭക്തിയിലവർ തുല്യരാണെങ്കിൽ പദവിയിലും തുല്യരാണ്" (മജ്മൂഉൽ ഫതാവാ). l

Comments

ഹദീസ്‌

മഹത്വത്തിന്റെ മാനദണ്ഡം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌