Prabodhanm Weekly

Pages

Search

2023 സെപ്റ്റംബർ 08

3317

1445 സഫർ 22

നബി(സ)യുടെ അവസാനത്തെ നമസ്കാരം

മുഹമ്മദ് യൂസുഫ് ഇസ്വ്്ലാഹി

ചരിത്രം

 

പ്രവാചകന്റെ രോഗം മൂർഛിച്ചിട്ട് പതിനൊന്ന് ദിവസം പിന്നിടുന്നു. ആ സന്ദർഭത്തിലും അദ്ദേഹം കൃത്യമായി ജമാഅത്ത് നമസ്കാരത്തിന് നേതൃത്വം നൽകി. പതിനൊന്നാം ദിവസവും നമസ്കാര സമയമടുത്തപ്പോൾ വുദൂവെടുത്ത് നമസ്കരിക്കാൻ തയാറെടുപ്പ് നടത്തി. ശാരീരിക ക്ഷീണം നിമിത്തം അദ്ദേഹം ബോധരഹിതനായി. 
അൽപനേരം കഴിഞ്ഞു ബോധം തിരിച്ചുകിട്ടിയപ്പോൾ വീണ്ടും വുദൂവെടുത്തെങ്കിലും വീണ്ടും ക്ഷീണത്താൽ ബോധം നഷ്ടമായി. പിന്നീട് ഓർമ തിരിച്ചുകിട്ടിയപ്പോൾ അബൂബക്റി(റ)നോട് നമസ്കാരത്തിന് നേതൃത്വം നൽകാൻ കൽപിച്ചു. ആദ്യമായാണ് പ്രവാചകൻ നിന്ന മിഹ്റാബിൽ അദ്ദേഹം മുസ്്ലിംകൾക്ക് ജമാഅത്ത് നമസ്കാരത്തിന് ഇമാമായി നിൽക്കുന്നത്.
ലോലമനസ്സിന്റെ ഉടമയായിരുന്നു അബൂബക്ർ (റ). പ്രവാചകന്റെ മുസ്വല്ലയിൽ നിലയുറപ്പിച്ച അദ്ദേഹം തേങ്ങിത്തേങ്ങി കരയാൻ തുടങ്ങി; കൂടെ പിൻനിരയിലുള്ള സ്വഹാബികളും. കരച്ചിലിന്റെ ശബ്ദം പ്രവാചകൻ കേട്ടപ്പോൾ അദ്ദേഹം പ്രയാസം സഹിച്ച് വീട്ടിൽനിന്ന് പുറത്തിറങ്ങുകയും ഇരുന്നുകൊണ്ട് ഇമാമായി നമസ്കരിക്കുകയും ചെയ്തു. നമസ്കാരത്തിനു ശേഷം വിശ്വാസികളെ സംബോധന ചെയ്തു: ''മുസ്്ലിംകളേ, ഞാൻ നിങ്ങളെ അല്ലാഹുവിന്റെ സംരക്ഷണത്തിനും സഹായത്തിനും വിട്ടുകൊടുക്കുന്നു. അവനാണ് നിങ്ങളുടെ മേൽനോട്ടവും സുരക്ഷയും ഏറ്റെടുത്തിരിക്കുന്നത്-  നിങ്ങൾ തഖ്്വയുള്ളവരായി, അവന്റെ ആജ്ഞാനുവർത്തികളായി കഴിയുന്നേടത്തോളം.... ഞാൻ ഇഹലോകത്തോട് വിടവാങ്ങാൻ സമയമായിരിക്കുന്നു. എത്രയും വേഗത്തിൽ ഞാൻ യാത്രയാവും...'' തുടർന്ന് അദ്ദേഹം വീട്ടു സാമഗ്രികളെല്ലാം ദൈവമാർഗത്തിൽ ദാനം ചെയ്തു.
ദിനംപ്രതി ശാരീരികാവശതയും അസ്വസ്ഥതയും വർധിച്ചു. പ്രവാചക ശിഷ്യന്മാരും ഏറെ ദുഃഖിതരും ആശങ്കാകുലരുമായിരുന്നു. പക്ഷേ, ദൈവഹിതം മറ്റൊന്നായിരുന്നു. അതാർക്കും മാറ്റിക്കുറിക്കുക സാധ്യമല്ലല്ലോ.
പതിനാലാം ദിനം. മസ്ജിദുന്നബവിയിൽനിന്ന് സ്വുബ്ഹ് ബാങ്കൊലി ഉയർന്നു. പ്രഭാതം സാവധാനം പൊട്ടിവിടർന്നു. പള്ളിയിൽ ജനം നമസ്കാരത്തിനായി കാത്തിരിക്കുന്നു. നബി തിരുമേനി തന്റെ കട്ടിലിൽ അസ്വസ്ഥനായി തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണ്. അദ്ദേഹത്തിന് എഴുന്നേൽക്കാൻ കഴിയുന്നില്ല.അബൂബക്റി(റ)നോട് നമസ്കരിക്കാൻ പറയണമെന്ന് കുടുംബത്തോട് നിർദേശിച്ചു.
"പ്രവാചകരേ, അദ്ദേഹം ആർദ്ര മനസ്സുള്ള വ്യക്തിയാണ്. താങ്കൾ നിന്ന സ്ഥാനത്ത് നമസ്കരിക്കുമ്പോൾ തന്നെ അദ്ദേഹത്തിന് ആത്മനിയന്ത്രണം നഷ്ടമാവും. അദ്ദേഹം വിതുമ്പി വിതുമ്പിക്കരയും"- ഭാര്യമാർ പ്രതികരിച്ചു. അബൂബക്ർ തന്നെ നമസ്കരിക്കണമെന്ന് പ്രവാചകൻ ആവർത്തിച്ചു.
ഭാര്യമാർ: ''അദ്ദേഹത്തെയല്ലാതെ മറ്റു വല്ലവരെയും നമസ്കരിക്കാൻ അനുവദിച്ചാലും.''
"ഈജിപ്തിലെ വനിതകൾ എന്റെ സഹോദരൻ യൂസുഫിനോട്  തർക്കിച്ചിരുന്ന പോലെ തർക്കിക്കുകയാണോ നിങ്ങൾ? അബൂബക്ർ തന്നെ നമസ്കരിക്കണം. എന്നെ കാത്തിരിക്കരുത്'' - അവസാന തീരുമാനമെന്നോണം പ്രവാചകൻ ആജ്ഞാപിച്ചു. അവസാനം അബൂബക്ർ തന്നെ നമസ്കാരത്തിന്  നേതൃത്വം നൽകി.
മസ്ജിദിലെ കാഴ്ച കാണാൻ ഏറെ ആകാംക്ഷാഭരിതനായിരുന്നു നബി. തന്റെ കൺകുളിർമയായ നമസ്കാരം തന്റെ സഖാക്കൾ സംഘടിതമായി നിർവഹിക്കുന്നത് ദുനിയാവിനോട് വിടപറയുന്നതിന് മുമ്പായി നേരിൽ കാണണം.
പ്രവാചകൻ തന്റെ മുറിയുടെ കർട്ടൺ നീക്കി. ജനം അണിയണിയായി നിൽക്കുന്നു. അബൂബക്ർ ഇമാമായി നമസ്കരിക്കുന്നു. ഏറെ നേരം ആ രംഗം നോക്കിയിരുന്ന റസൂലിന്റെ മനം കുളിർത്തു. തിരുമുഖത്ത് പുഞ്ചിരി ദൃശ്യമായി. അവിടുത്തെ മുഖം പ്രശോഭിതമായി.
പ്രവാചകന്റെ വെട്ടിത്തിളങ്ങുന്ന മുഖം കുറേ നേരം  കണ്ടിരിക്കാൻ സ്വഹാബികളും ആഗ്രഹിച്ചു. അവരുടെ മനസ്സ് പ്രവാചകൻ കണ്ടറിഞ്ഞു. കൈ ഉയർത്തി ആംഗ്യഭാവത്തിൽ അവരെ ആശ്വസിപ്പിച്ചു. പ്രവാചകൻ പിന്മാറിയെങ്കിലും അതേ അവസ്ഥയിൽ പള്ളിയിൽ പോകാൻ അദ്ദേഹത്തിന് തിടുക്കമായി.
ആഇശ (റ) പറയുന്നു: ആ രംഗം ഇന്നും എന്റെ കൺമുന്നിലുണ്ട്. രണ്ടാളുകളുടെ സഹായത്തോടെ പ്രവാചകൻ പള്ളിയുടെ ഭാഗത്തേക്ക് നീങ്ങി.ഒരു വശത്ത് പള്ളിയിലെത്താനുള്ള അതിയായ അഭിലാഷം. മറുവശത്ത് ശാരീരിക ക്ഷീണം മൂലം കാലുകൾക്ക് ചവിട്ടിനിൽക്കാൻ കഴിയുന്നില്ല. അതിനിടയിൽ കാലുകൾ വഴുതിയും വലിച്ചിഴച്ചും പരസഹായത്തോടെ പള്ളിയിലെത്തി. അബൂബക്ർ (റ) നമസ്കരിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹം പിന്തിരിയാൻ ശ്രമിക്കുന്നതായി തോന്നിയപ്പോൾ പ്രവാചകൻ നമസ്കാരം തുടരാൻ നിർദേശിച്ചു. പ്രവാചകനും  അദ്ദേഹത്തെ തുടർന്നു നമസ്കരിച്ചു. പ്രവാചകന്റെ ഏറ്റവും അവസാനത്തെ നമസ്കാരവും ഇതായിരുന്നു.
രോഗം ഗുരുതരമായി. മരണാസന്നനായിരിക്കെ അബ്ദുർറഹ്്മാനിബ്്നു അബീബക്ർ എത്തി. അദ്ദേഹത്തിന്റെ കൈയിൽ ഒരു പുതിയ മിസ്്വാക്കുണ്ടായിരുന്നു. തന്റെ പല്ല് തേച്ചുതരാൻ അവിടുന്ന് ആംഗ്യം കാണിച്ചു. പ്രവാചകൻ അപ്പോൾ ചുണ്ടനക്കി പറയുന്നുണ്ടായിരുന്നു.... നമസ്കാരം... നമസ്കാരം സൂക്ഷിക്കുക... സ്ത്രീകളോട് നല്ല നിലയ്ക്ക് വർത്തിക്കുക....ആ കണ്ണുകൾ ആകാശത്തേക്കുയർന്നു... പ്രവാചകർ തന്റെ നാഥനിലേക്ക് അന്ത്യ യാത്രയായി.... ഇന്നാ ലില്ലാഹി.... 
l
('റോഷൻ സിതാരെ' എന്ന കൃതിയിൽനിന്ന്. മൊഴിമാറ്റം: എം.ബി അബ്ദുർറശീദ് അന്തമാൻ)

Comments

ഹദീസ്‌

മഹത്വത്തിന്റെ മാനദണ്ഡം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌