Prabodhanm Weekly

Pages

Search

2023 സെപ്റ്റംബർ 08

3317

1445 സഫർ 22

ഷിനേഡ് ഒക്കോണര്‍ എന്ന ശുഹദാ സ്വദാഖത്ത്

അബൂസ്വാലിഹ

ഐറിഷ് ഗായികയും പാട്ടെഴുത്തുകാരിയും ആക്ടിവിസ്റ്റുമായിരുന്ന ഷിനേഡ് ഒക്കോണര്‍ (Sinead O'Connor) കഴിഞ്ഞ ജൂലൈ 26-ന് 57-ാമത്തെ വയസ്സില്‍ ലോകത്തോട് വിടവാങ്ങി. ലണ്ടനില്‍ വെച്ചാണ് മരണം. ജന്മനാടായ അയര്‍ലന്റിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ഐറിഷ് പ്രസിഡന്റ് മിക്കയേല്‍ ഡി. ഹിഗ്ഗിന്‍സ് അതില്‍ പങ്കെടുത്തിരുന്നു. 1990-ല്‍ പുറത്തിറങ്ങിയ I Do Not Want What I Haven't Got എന്ന സംഗീത ആല്‍ബം ഏഴ് ദശലക്ഷം കോപ്പികളാണ് വിറ്റുപോയത്. അതിലെ 'നത്തിങ്ങ് കംപേഴ്‌സ് ടു യു' എന്ന ഗാനം എക്കാലത്തെയും വന്‍ഹിറ്റുകളിലൊന്നാണ്.

പാരമ്പര്യങ്ങളെയും സ്ഥാപനവത്കൃത മതവിശ്വാസങ്ങളെയും ഷിനേഡ് പരസ്യമായി ചോദ്യം ചെയ്തു. പുരോഹിതന്മാരുടെ ബാലപീഡനം തടയാന്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് 1992-ല്‍ അന്നത്തെ പോപ്പ് ജോണ്‍പോള്‍ രണ്ടാമന്റെ ഫോട്ടോ സ്‌റ്റേജില്‍ വെച്ച് പരസ്യമായി അവര്‍ ചീന്തിയെറിയുകയുണ്ടായി. വേദികളില്‍ മൊട്ടയടിച്ച് പ്രത്യക്ഷപ്പെട്ടതും പ്രതിഷേധത്തിന്റെ ഭാഗമാണ്.

പല തരത്തിലുള്ള കുഴമറിച്ചിലുകളിലൂടെ കടന്നുപോയ ഷിനേഡിന്റെ ജീവിതത്തില്‍ അപ്രതീക്ഷിത ട്വിസ്റ്റ് ഉണ്ടായത് 2018-ല്‍ അവര്‍ ഇസ്്ലാം സ്വീകരിച്ചപ്പോഴാണ്. ഇസ്്ലാം സ്വീകരണ വേളയില്‍ അവര്‍ പറഞ്ഞു: ''എനിക്ക് ഇസ്്ലാമിനെക്കുറിച്ച് പലതരം മുന്‍ധാരണകളായിരുന്നു. ഇന്ന് മുസ്്ലിമാകുന്നതില്‍ എനിക്കഭിമാനമാണ്. ചിന്താശേഷിയുള്ള ഏതൊരു ആധ്യാത്മിക അന്വേഷിയും സ്വാഭാവികമായി ചെന്നെത്തുക ഞാന്‍ ചെന്നെത്തിയേടത്താണ്. എല്ലാ വേദങ്ങളും ഇസ്്ലാമിലേക്ക് നയിക്കുന്നു. അവിടെ എത്തിക്കഴിഞ്ഞാല്‍ പിന്നെ വേറെ വേദങ്ങള്‍ ആവശ്യമില്ല.'' ശുഹദാ സ്വദാഖത്ത് എന്ന പേരും സ്വീകരിച്ചു. സംഗീത രംഗത്ത് ഷിനേഡ് ഒക്കോണര്‍ എന്ന പേര് തന്നെ നിലനിര്‍ത്തി. അയര്‍ലന്റ് ഇസ്്ലാമിക് സെന്ററിലെ ചീഫ് ഇമാം ഉമര്‍ അല്‍ഖാദിരി സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. പലതുകൊണ്ടും മലയാളത്തിന്റെ കമല സുരയ്യയെ ഓര്‍മിപ്പിക്കുന്നു ശുഹദാ സ്വദാഖത്ത്. l

 

റാബിഅ് നദ് വി അനുസ്മരണപ്പതിപ്പ്

ലഖ്നൗവില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന 'അര്‍റാഇദ്' ദ്വൈവാരിക അതിന്റെ മെയ്-ആഗസ്റ്റ് ലക്കങ്ങള്‍ സംയോജിപ്പിച്ച് ഈയിടെ അന്തരിച്ച പ്രമുഖ പണ്ഡിതനും മുസ് ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് അധ്യക്ഷനുമായ ശൈഖ് മുഹമ്മദ് റാബിഅ് അല്‍ ഹസനി അന്നദ്്വിയെക്കുറിച്ചുള്ള അനുസ്മരണപ്പതിപ്പായാണ് പുറത്തിറക്കിയിട്ടുള്ളത്. 220 പേജ് വരുന്ന വിശേഷാല്‍ പതിപ്പില്‍ ശൈഖ് റാബിഅ് നദ്്വിയുടെ സാംസ്‌കാരിക, സാമൂഹിക പ്രവര്‍ത്തനങ്ങളെയും വൈജ്ഞാനിക സംഭാവനകളെയും കുറിച്ച് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും ശിഷ്യന്മാരും എഴുതുന്നു. പ്രമുഖ ലോക മുസ് ലിം പണ്ഡിതന്മാരുടെയും കൂട്ടായ്മകളുടെയും അനുശോചനക്കുറിപ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

 

 'നിങ്ങള്‍ ഇന്ത്യയുടെ നട്ടെല്ലാകുന്നു'

ഇത് രാഷ്ട്രപിതാവ് മഹാത്മാഗാന്ധി മേവാത്തികളോട് (ഹരിയാനയിലെ മേവാത്ത് മേഖലയില്‍ താമസിക്കുന്നവര്‍) പറഞ്ഞതാണ്. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ധീരമായി ചെറുത്തുനിന്നവരാണ് മേവാത്തികള്‍. ഉത്തരേന്ത്യയില്‍ മുസ്്ലിംകള്‍ ധാരാളമായി തിങ്ങിപ്പാര്‍ക്കുന്ന മേഖലകളിലൊന്നാണിത്. രാജസ്ഥാനിലും പടിഞ്ഞാറന്‍ യു.പിയിലുമൊക്കെ അവരുടെ സാന്നിധ്യമുണ്ട്. 1947-ല്‍ വിഭജനമുണ്ടായപ്പോള്‍ മേവാത്തികള്‍ പാകിസ്താനിലേക്ക് പോകണമെന്ന വാദമുയര്‍ത്തിയിരുന്നു ചില തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍. ദല്‍ഹിക്ക് സമീപം ഒരു 'പുതിയ പാകിസ്താന്‍' അനുവദിക്കില്ലെന്ന് അവര്‍ ബഹളം വെക്കുകയും ചെയ്തു. ഈ നീക്കങ്ങൾക്ക് വല്ലഭായ് പട്ടേലിന്റെ മൗനാനുവാദം ഉണ്ടായിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. സ്ഥിതി സംഘര്‍ഷാത്മകമാവുമെന്ന് കണ്ട് മഹാത്മജി നേരിട്ട് തന്നെ 1947 ഡിസംബറില്‍ മേവാത്തിലെത്തി, മേവാത്തില്‍നിന്നൊരാളും പാകിസ്താനിലേക്ക് പോകുന്നില്ലെന്ന് പ്രഖ്യാപിച്ചു.

ഇങ്ങനെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ വലിയ പങ്ക് വഹിച്ച മേവാത്ത് പ്രദേശം (2016 മുതല്‍ ഇത് 'നൂഹ്' ജില്ലയായി അറിയപ്പെടുന്നു) ആസൂത്രിതമായ കള്ളപ്രചാരണങ്ങളുടെ ഇരയാണ്. 2023 ജൂലൈ 31-ന് ഫാഷിസ്റ്റ് സംഘങ്ങള്‍ ഭരണകൂട പിന്തുണയോടെ നടത്തുന്ന വംശഹത്യാ നീക്കങ്ങള്‍ നൂഹ് ജില്ലയില്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. 2018-ല്‍ 'NITI ആയോഗ്' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍, ഇന്ത്യയില്‍ തന്നെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ജില്ലയാണ് നൂഹ്. l

 

വിട്ടുകൊടുക്കാതെ അന്‍വര്‍ ഇബ്റാഹീം

കഴിഞ്ഞ വര്‍ഷം മലേഷ്യന്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം നേരിട്ട ആദ്യ രാഷ്ട്രീയ പരീക്ഷണത്തില്‍ പ്രതിപക്ഷത്തിന്റെ മേല്‍ക്കോയ്മ തടഞ്ഞ് ഡോ. അന്‍വര്‍ ഇബ്റാഹീം. ആഗസ്റ്റ് 12-ന് ആറ് മലേഷ്യന്‍ സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അന്‍വര്‍ നേതൃത്വം നല്‍കുന്ന പകത്താന്‍ ഹരപ്പാന്‍ (പി.എച്ച്) മുന്നണി സെലംഗര്‍, പെനാംഗ്, നെഗരി സെംബിലാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ഭൂരിപക്ഷം നേടി അധികാരത്തിലെത്തി. ഇതില്‍ ആദ്യം പറഞ്ഞ രണ്ടെണ്ണവും മലേഷ്യയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനങ്ങളാണ്. മുൻ പ്രധാനമന്ത്രി മുഹിയുദ്ദീന്‍ യാസീന്‍ നേതൃത്വം നല്‍കുന്ന പ്രതിപക്ഷ മുന്നണിക്കും ലഭിച്ചു മൂന്ന് സംസ്ഥാനങ്ങള്‍. വിലക്കയറ്റം രൂക്ഷമായതും സാമ്പത്തിക വളര്‍ച്ച മുരടിച്ചതും തെരഞ്ഞെടുപ്പ് വിഷയങ്ങളാക്കി പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടു വന്നെങ്കിലും പ്രതീക്ഷിച്ച വിജയം അവര്‍ക്ക് നേടാനായില്ല. പ്രതിപക്ഷത്തെ യാഥാസ്ഥിതിക കക്ഷികള്‍ മലയന്‍ മുസ് ലിംകളില്‍ കൂടുതല്‍ സ്വാധീനം നേടുന്നതിന്റെ സൂചനകളും ഈ തെരഞ്ഞെടുപ്പില്‍ കാണാനുണ്ട്. ഈ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രധാനമന്ത്രിയെന്ന നിലക്ക് പാര്‍ലമെന്റില്‍ അന്‍വര്‍ ഇബ്റാഹീമിന്റെ അംഗബലത്തെ ബാധിക്കില്ല. l

 

സഹീറുദ്ദീന്‍ അലി ഖാന്‍

ഹൈദരാബാദിലെ സിയാസത്ത് ദിനപത്രത്തിന്റെ മാനേജിംഗ് എഡിറ്ററായിരുന്നു ആഗസ്റ്റ് 7-ന് അന്തരിച്ച സഹീറുദ്ദീന്‍ അലി ഖാന്‍. തന്റെ അടുത്ത സുഹൃത്തും വിപ്ലവകാരിയുമായ ഗദ്ദറിന്റെ ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കവെ ഹൃദയസ്തംഭനം മൂലമായിരുന്നു മരണം. തൊഴില്‍ കൊണ്ട് സി.എക്കാരനായ സഹീറുദ്ദീന്‍ തന്റെ ജീവിതത്തിന്റെ നാൽപത് വര്‍ഷം നീക്കിവെച്ചത് മൂല്യാധിഷ്ഠിത പത്രപ്രവര്‍ത്തനത്തിനായിരുന്നു. തെലുങ്കാനയിലെയും ആന്ധ്രപ്രദേശിലെയും പ്രമുഖ പ്രസാധന ഗ്രൂപ്പുകളിലൊന്നായി തന്റെ സ്ഥാപനത്തെ മാറ്റാനും അദ്ദേഹത്തിന് കഴിഞ്ഞു. തെലുങ്കാന സംസ്ഥാനത്തിന് വേണ്ടിയുള്ള സമരങ്ങളില്‍ അദ്ദേഹവും അദ്ദേഹത്തിന്റെ പത്രവും എന്നും മുന്‍പന്തിയിലുണ്ടായിരുന്നു. സാമൂഹിക സേവനപ്രവര്‍ത്തനങ്ങളിലും ശ്രദ്ധ പതിപ്പിച്ചു. വയോധികരെ സംരക്ഷിക്കാന്‍ സിയാസത്ത് പത്രം 'സുകൂന്‍' എന്ന പാര്‍പ്പിട പദ്ധതിക്ക് നേതൃത്വം നല്‍കിയത് അദ്ദേഹത്തിന്റെ പ്രേരണയാലാണ്.l

Comments

ഹദീസ്‌

മഹത്വത്തിന്റെ മാനദണ്ഡം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌