ഇനിയും പ്രയോജനപ്പെടുത്തേണ്ടിയിരുന്ന വ്യക്തിത്വം
1982-ൽ കുറ്റ്യാടി ഇസ്്ലാമിയാ കോളേജിൽ അഞ്ചാം വർഷ വിദ്യാർഥിയായിരിക്കെ ശാന്തപുരം ഇസ്്ലാമിയാ കോളേജിന്റെ ജൂബിലി സമ്മേളനത്തിൽ അറബി അതിഥികളെ കാണാനുള്ള ആകാംക്ഷയോടെ എത്തിച്ചേർന്നതായിരുന്നു ഞാൻ. അന്നൊരു വെള്ളിയാഴ്‌ചയാണ്. സ്ഫുട സുന്ദരമായ മലയാളത്തിൽ നടക്കുന്ന ജുമുഅ ഖുത്വ്്ബ കേൾക്കുന്നുണ്ട്. തിരക്കിൽ ഖത്വീബിനെ കാണാൻ കഴിഞ്ഞിരുന്നില്ല. തീർത്തും വ്യത്യസ്തമായൊരു ഖുത്വ്്ബ. ആരാണ് ആ ഖത്വീബ് എന്നന്വേഷിച്ചപ്പോൾ എം.വി സലീം മൗലവി എന്നു മറുപടി കിട്ടി. അന്ന് കേട്ടറിവു മാത്രമുള്ള പേര്. പിന്നീട് ജൂബിലി സമ്മേളനത്തിന്റെ സ്റ്റേജിലും ശൈഖ് ഖറദാവിയുൾപ്പെടെയുള്ള അതിഥികളുടെ കൂടെയും നിറഞ്ഞുനിൽക്കുന്ന ആ ‘തൊപ്പി’ക്കാരനെ കണ്ടു.
1986-ൽ ഈയുള്ളവൻ ഖത്തറിൽ എത്തുന്നതുവരെ സലീം മൗലവി അപ്രാപ്യനായി ‘നിലകൊണ്ടു’. ഞങ്ങൾ കുറേ ഇസ്്ലാമിയാ കോളേജുകാർ ദോഹയിലെത്തി എന്നറിഞ്ഞ് കാണാൻ വന്ന നേതാക്കളിൽ സലീം മൗലവിയുമുണ്ടായിരുന്നു. അറബി വേഷത്തിൽ ഒരു മലയാളിയെ കാണുന്നത് ആദ്യം. അൽപം പേടിയോടെ അകന്നു നിൽക്കാൻ ശ്രമിച്ചെങ്കിലും, അന്ന് എസ്.ഐ.ഒ സംസ്ഥാന സമിതി അംഗം എന്ന വിശേഷണം ഉണ്ടായിരുന്നതുകൊണ്ടാകണം അദ്ദേഹം അടുത്തു പെരുമാറി. പണ്ടേ ഖുർആന്റെ ആഴത്തിലുള്ള പഠനം എന്ന സ്വപ്നവുമായി നടന്നിരുന്ന എം.വി ഞങ്ങളിൽ തന്റെ ‘ഇരക’ളെ കണ്ടെത്തി. ഞങ്ങളുടെ ക്വാർട്ടേഴ്സിനടുത്തുള്ള പള്ളിയിൽ എല്ലാ ആഴ്ചയും ഞങ്ങൾ യുവ പണ്ഡിതന്മാരെ ഖുർആൻ പണ്ഡിതന്മാരാക്കാൻ അദ്ദേഹം മുടക്കം കൂടാതെ വന്നെത്തി. ഞങ്ങളിൽ പലരും പലപ്പോഴും ‘മുങ്ങി’യെങ്കിലും അദ്ദേഹം മുടങ്ങിയില്ല. കൈയിൽ ഒരു നോട്ടും കടലാസുമില്ലാതെ ഖുർആന്റെ ആഴങ്ങളിലേക്കിറങ്ങിയുള്ള ക്ലാസ്സുകൾ.
ഒമ്പതു വർഷത്തെ ഖത്തർ ജീവിതത്തിൽ പിന്നീട് സലീം മൗലവിയെ ഉസ്താദായും നേതാവായും സഹപ്രവർത്തകനായുമൊക്കെ അനുഭവിക്കാൻ സാധിച്ചു. അക്ഷരാർഥത്തിൽ സഞ്ചരിക്കുന്ന ഒരു വിജ്ഞാനകോശം.
അദ്ദേഹത്തിന്റെ കൂടെ നാം ഡ്രൈവറായി പോയാൽ അദ്ദേഹം അതേ കാറിന്റെ മെക്കാനിസം നമ്മെ പഠിപ്പിക്കും. രോഗത്തെക്കുറിച്ചു പറഞ്ഞാൽ മെഡിക്കൽ സയൻസ് പറയാൻ തുടങ്ങും. ഹോമിയോ മാത്രമല്ല, ആയുർവേദവും അലോപ്പതിയും എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വിശദീകരിക്കും. മലയാള ഭാഷാ പ്രയോഗങ്ങളിൽ നമ്മോട് തർക്കിക്കും. സങ്കീർണമായ അറബി കിതാബുകളിലെ വരികൾ അനായാസം കെട്ടഴിക്കും. അറബിയോട് അറബിയായും ഇംഗ്ലീഷുകാരോട് ഇംഗ്ലീഷുകാരനായും സംസാരിക്കും. ഖത്തർ ടി.വിയിൽ ഖുർആൻ പാരായണം നടത്തിയിരുന്ന മലയാളി. ഖത്തർ റേഡിയോയിലും ടി.വിയിലും അറബി വേഷമിട്ട് മലയാളത്തിൽ പ്രഭാഷണം നടത്തിയിരുന്ന പണ്ഡിതൻ. ഖത്തറിലെ സാംസ്കാരിക മന്ത്രാലയത്തിനു വേണ്ടി മുഴുവൻ മലയാള പ്രസിദ്ധീകരണങ്ങളും സിനിമകളും സെൻസർ ചെയ്തിരുന്ന ഉദ്യോഗസ്ഥൻ. സിനിമകളിൽ ‘കട്ട്’ വരുമ്പോൾ സലീം മൗലവി വന്നു എന്ന് അദ്ദേഹത്തെ അറിയുന്ന മലയാളികൾ പറഞ്ഞിരുന്ന കാലം! അതിനൊക്കെയിടയിൽ വെള്ളപ്പൊതിയിൽ മരുന്നു കൊടുത്തിരുന്ന ഹോമിയോ ഡോക്ടർ. യോഗങ്ങളുടെ തിരക്കുകൾക്കിടയിൽ ‘തലകുത്തനെ നിൽക്കുന്ന’ യോഗാഭ്യാസി. ഖത്തറിൽ ഞങ്ങൾ ഫാമിലിക്കാരുടെ വീടുകളിൽ വന്നു ഭക്ഷണം കഴിക്കാനും കുട്ടികളോട് കൊഞ്ചാനും സമയം കാണുന്ന പച്ച മനുഷ്യൻ.
അൽ ജാമിഅയിൽ
1999-ൽ ജമാഅത്തെ ഇസ് ലാമി കേരള ശൂറ ശാന്തപുരം ഇസ് ലാമിയാ കോളേജിനെ ഒരു ഇസ് ലാമിക് യൂനിവേഴ്സിറ്റിയായി ഉയർത്താൻ തീരുമാനിക്കുകയും വി.കെ അലി സാഹിബിനെയും ഈയുള്ളവനെയും അതിന്റെ ചുമതലയേൽപിക്കുകയും ചെയ്യുമ്പോൾ അൽ ജാമിഅയെ ഡിസൈൻ ചെയ്യുന്നതിൽ എം.വി സലീം മൗലവിയും കെ. അബ്ദുല്ലാ ഹസൻ സാഹിബും ഞങ്ങളോടൊപ്പം ചേർന്നു. അൽ ജാമിഅ കരിക്കുലവും സിലബസും തയാറാക്കാൻ രൂപവത്കരിക്കപ്പെട്ട കമ്മിറ്റിയിൽ വി.കെ അലി, കെ. അബ്ദുല്ലാ ഹസൻ, എ. മുഹമ്മദലി, ഈ ലേഖകൻ, കെ.എം അശ്റഫ് എന്നിവരോടൊപ്പം സലീം മൗലവിയുടെ സജീവ സാന്നിധ്യവുമുണ്ടായിരുന്നു. ചർച്ചയിൽ അദ്ദേഹം വിലപ്പെട്ട നിർദേശങ്ങൾ മുന്നോട്ടുവെച്ചു.
പിന്നീട് അൽ ജാമിഅയിൽ കുല്ലിയ്യത്തുൽ ഖുർആൻ പി.ജി കോഴ്സ് ആരംഭിച്ചപ്പോൾ അതിന്റെ ആദ്യ ഡീനായി ചുമതലയേറ്റു. അതിന്റെ സിലബസുണ്ടാക്കുന്നതിലും മുഖ്യ പങ്ക് അദ്ദേഹത്തിന്റേതായിരുന്നു. ഖുർആൻ പഠനത്തിന്റെ രീതിശാസ്ത്രം എന്നും അദ്ദേഹത്തിന്റെ ഇഷ്ട വിഷയമായിരുന്നു. അൽ ജാമിഅക്കു പുറത്തും മൊറയൂർ കേന്ദ്രീകരിച്ച് മർഹൂം എം.സി അബ്ദുല്ല മൗലവിയെയും കൂട്ടി ഖുർആൻ പഠന-സംവാദങ്ങൾ നടത്തുകയും കെ. സി ഫൗണ്ടേഷന് വേണ്ട മാർഗ നിർദേശങ്ങൾ നൽകുകയും ചെയ്തു. അൽ ജാമിഅ റിസർച്ച് സെന്ററിന്റെ ഡയറക്ടറായും ഇടക്കാലത്ത് പ്രവർത്തിച്ചു. ഔദ്യോഗിക ഉത്തരവാദിത്വങ്ങളിൽനിന്ന് മാറിയെങ്കിലും രോഗം മൂർഛിക്കുന്നതു വരെയും സലീം മൗലവി ആഴ്ചയിലൊരു തവണ ക്ലാസ്സിനെത്തുമായിരുന്നു. നാട്ടിലില്ലാത്തപ്പോൾ ഓൺലൈനിൽ അദ്ദേഹം ക്ലാസ് തുടർന്നു.
അൽ ജാമിഅയിലെ അദ്ദേഹത്തിന്റെ സാന്നിധ്യം അധ്യാപകർക്കും വിദ്യാർഥികൾക്കും വലിയ പ്രചോദനമായിരുന്നു. അവരുമായുള്ള അദ്ദേഹത്തിന്റെ സാധാരണ സംസാരങ്ങളിൽ പോലും പല പുതിയ അറിവുകളും അവർക്ക് ലഭിച്ചു.
ഉന്നത ഇസ് ലാമിക വിദ്യാഭ്യാസം സലീം മൗലവിയുടെ ഏറ്റവും വലിയ ‘കൺസേൺ’ ആയിരുന്നു. ആഴമുള്ള പണ്ഡിതന്മാരെ സൃഷ്ടിക്കാൻ കരുത്തുറ്റ സംവിധാനങ്ങളില്ലാത്തതിന്റെ വേവലാതികളായിരുന്നു എപ്പോഴും. അവസാനമായി ഈയുള്ളവനോട് സംസാരിച്ചതും അതെക്കുറിച്ചായിരുന്നു.
2022 ഡിസംബർ 10,11 തീയതികളിൽ ശാന്തപുരത്തു നടന്ന ജമാഅത്തെ ഇസ് ലാമി റുക്നുകളുടെ സമ്മേളനത്തിന്റെ ഇടവേളകളിൽ അദ്ദേഹം ഞാനിരിക്കുന്ന ഓഫീസിൽ വിശ്രമിക്കാൻ വരും. അന്ന്, ചർച്ചകൾക്കൊടുവിൽ ഒരു വസ്വിയ്യത്തെന്നവണ്ണം പറഞ്ഞു: “ഞാൻ ഉത്തരവാദപ്പെട്ടവരോട് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പലപ്പോഴും സംസാരിച്ചുവെങ്കിലും അവർക്കതൊന്നും കേൾക്കാനും ശ്രദ്ധിക്കാനും സമയമില്ല. താങ്കൾ ഇക്കാര്യത്തിൽ മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിക്കണം എന്നാണെനിക്കു പറയാനുള്ളത്.”
‘അഹങ്കാരിയായ’ വിനയാന്വിതൻ
സലീം മൗലവിയെപ്പറ്റി ഒറ്റക്കാഴ്ചയിൽ ഒരാൾ ഒരു പക്ഷേ വിലയിരുത്തുക അഹങ്കാരിയായ പണ്ഡിതൻ എന്നായിരിക്കും. വെട്ടിത്തുറന്നു കാര്യങ്ങൾ സംസാരിക്കുന്ന അദ്ദേഹത്തിന്റെ രീതിയാണ് കാരണം. സുഖിപ്പിച്ചു സംസാരിക്കാൻ അറിവില്ലാത്തൊരാളായിരുന്നു അദ്ദേഹം. കാര്യങ്ങൾ പറയേണ്ടി വരുമ്പോൾ ആൾവലുപ്പവും അദ്ദേഹം പരിഗണിക്കാറുണ്ടായിരുന്നില്ല. ഖത്തറിൽ വലിയ അറബികളോട് വരെ അദ്ദേഹത്തിന്റെ സംസാര രീതി അങ്ങനെയായിരുന്നു. പക്ഷേ, ആ കാർക്കശ്യക്കാരന്റെ അകത്ത് വിനീതനായ ഒരു മനുഷ്യനുണ്ടായിരുന്നു. അത്തരം അനുഭവങ്ങൾ എത്രയോ ഉണ്ട്. മറക്കാത്ത ഒരു കാര്യം മാത്രം പറയാം: ശൈഖ് യൂസുഫുൽ ഖറദാവി 2003-ൽ അൽ ജാമിഅ അൽ ഇസ്്ലാമിയ ഉദ്ഘാടനത്തിന് അതിഥിയായെത്തിയ വേളയിൽ, ഒരിക്കൽ ഞാൻ ഹോട്ടൽ മുറിയിൽ ശൈഖിന്റെയടുത്ത് ചെന്നപ്പോഴുണ്ട് സലീം മൗലവിയും കുറേ അലോപ്പതി – ആയുർവേദ ഡോക്ടർമാരും ഒന്നിച്ചിരുന്നു ചർച്ച നടത്തുന്നു. ശൈഖിന് ആയുർവേദ ചികിത്സ നൽകാനും അതിനായി യാത്ര നീട്ടുന്നതിനും ഏതാണ്ട് ധാരണയായിട്ടുണ്ട്. ഞാൻ അസ്വസ്ഥനായി. അൽ ജാമിഅ പരിപാടികൾ കഴിഞ്ഞ് ശൈഖിനെ എത്രയും വേഗം വിമാനം കയറ്റിയെങ്കിലേ ശ്വാസം വിടാനാവൂ എന്ന മാനസികാവസ്ഥയിലായിരുന്നു ഞാൻ. കാരണം, അദ്ദേഹത്തിന് സയണിസ്റ്റുകളുടെ വധഭീഷണിയുള്ള സന്ദർഭമായിരുന്നു അത്. കനത്ത സെക്യൂരിറ്റിയാണ് ഏർപ്പെടുത്തിയിരുന്നത്. ഭക്ഷണം വളണ്ടിയർമാർ കഴിച്ചതിനു ശേഷം മാത്രമേ അദ്ദേഹത്തിന് നൽകിയിരുന്നുള്ളൂ. ഇത്തരമൊരു സന്ദർഭത്തിൽ ഇനിയും അദ്ദേഹത്തെ കേരളത്തിൽ നിർത്തുക ഒട്ടും പന്തിയല്ല. ഇനി ആയുർവേദ ചികിത്സക്കിടയിൽ വല്ലതും സംഭവിച്ചാൽ അതിനും ലോകത്തോട് മുഴുവൻ ഉത്തരം പറയേണ്ടി വരും.
എല്ലാം ഓർത്ത് ഞാൻ സലീം മൗലവിയുടെ പദ്ധതിയെ ശക്തമായി എതിർത്തു. പരസ്യമായും വൈകാരികമായുമായിരുന്നു ആ സംസാരം. എന്റെ സംസാരം കഴിഞ്ഞപ്പോൾ ശൈഖ് ഖറദാവി പിൻവാങ്ങാനുള്ള മാനസികാവസ്ഥയിലായി. സലീം മൗലവിയിൽനിന്ന് ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ചിരിക്കെ അദ്ദേഹം പറഞ്ഞു: “സലാം സാഹിബ് കുറേ കാലമായി ശൈഖിനെ ഇവിടെ കൊണ്ടുവരാൻ അത്യധ്വാനം നടത്തിക്കൊണ്ടിരുന്ന ആളാണ്. അദ്ദേഹത്തിനാണ് അതു സംബന്ധമായ എല്ലാ പ്രയാസങ്ങളും അറിയുക. അതുകൊണ്ടാണദ്ദേഹം ഇത്തരമൊരഭിപ്രായ പ്രകടനം നടത്തുന്നത്. അത് പരിഗണിക്കേണ്ടതു തന്നെയാണ്. അതുകൊണ്ട് നമുക്ക് പദ്ധതി ഉപേക്ഷിക്കാം.” ഇതായിരുന്നു സലീം മൗലവി.
ഈഗോ ഉണ്ടെന്നു പലരും തെറ്റിദ്ധരിക്കുകയും എന്നാൽ ഒരു ഈഗോയുമില്ലാതെ ജീവിക്കുകയും ചെയ്ത മനുഷ്യൻ. ഖത്തറിൽ അദ്ദേഹം ഇന്ത്യൻ ഇസ് ലാമിക് അസോസിയേഷന്റെ പ്രസിഡന്റായും വൈസ് പ്രസിഡന്റായും ശൂറാ മെമ്പറായുമൊക്കെ അലി സാഹിബിനും അബ്ദുല്ലാ ഹസൻ സാഹിബിനും എ. മുഹമ്മദലി സാഹിബിനുമൊപ്പം പ്രവർത്തിക്കുമ്പോൾ സെക്രട്ടറിയായും ശൂറാ മെമ്പറായും കൂടെ പ്രവർത്തിക്കാൻ എനിക്കവസരം ലഭിച്ചിട്ടുണ്ട്. ഒരു നല്ല അനുയായിയായും കൂടെ നിൽക്കുന്ന നേതാവായുമാണ് അദ്ദേഹത്തെ അനുഭവിച്ചിട്ടുള്ളത്. ഖത്തറിൽ നേതാക്കൾക്കിടയിൽ ശക്തമായ വീക്ഷണ വൈവിധ്യവും പ്രകൃതങ്ങളുടെ വ്യത്യാസവും നിലനിൽക്കെത്തന്നെ ഒരിക്കലും ആഭ്യന്തര പ്രശ്നങ്ങളില്ലാത്ത ഒരു നല്ല മാതൃക സൃഷ്ടിക്കാൻ സാധിച്ചതിൽ വിനയാന്വിതനായ സലീം മൗലവിയും മറ്റുള്ളവരോടൊപ്പം വലിയ പങ്കുവഹിച്ചു.
രണ്ടു പാഠങ്ങൾ
ഓരോ ജീവിതവും ഒരുപാട് പാഠങ്ങൾ പിൻതലമുറക്ക് നൽകിയാണ് അവസാനിക്കുന്നത്. മരണപ്പെട്ടവരെ അനുസ്മരിക്കുന്നത് അർഥവത്താകുന്നത് അവരുടെ പിൻഗാമികൾ ആ പാഠങ്ങൾ ഉൾക്കൊള്ളുമ്പോഴാണ്. ഈയർഥത്തിൽ രണ്ടു കാര്യങ്ങൾ പറയാൻ തോന്നുന്നു:
ഒന്ന്: എല്ലാ വിവരങ്ങളും ആർജിക്കാനുള്ള അറ്റമില്ലാത്ത ആസക്തി ബഹുമാന്യനായ ഉസ്താദിന്റെ ഏറ്റവും വലിയ ശക്തിയായിരുന്നു. അതോടൊപ്പം അതദ്ദേഹത്തിന്റെ ദൗർബല്യവുമായിരുന്നു. ഒരുപാട് സേവനങ്ങൾ അദ്ദേഹം ചെയ്തു. അതോടൊപ്പം ചില മേഖലകളിൽ മാത്രം ഊന്നി പ്രവർത്തിച്ചിരുന്നുവെങ്കിൽ അദ്ദേഹം അതിലേറെ ചെയ്യുമായിരുന്നില്ലേ എന്നു ഞാൻ സംശയിക്കാറുണ്ട്. അതിനുള്ള വിവരവും വിനയവും ആത്മാർഥതയും ഇഛാശക്തിയുമുള്ള ആളായിരുന്നു അദ്ദേഹം. ജീവിതത്തിൽ ഫോക്കസ് വളരെ പ്രധാനമാണെന്ന് ഈ സംശയം നമ്മെ ഓർമിപ്പിച്ചേക്കാം.
രണ്ട്: യഥാർഥത്തിൽ മുസ് ലിം സമുദായത്തിൽ പൊതുവെയും ഇസ് ലാമിക പ്രസ്ഥാനത്തിൽ വിശേഷിച്ചും ആഘോഷിക്കപ്പെടേണ്ട പണ്ഡിതനായിരുന്നു എം.വി സലീം മൗലവി. ആരുടെയും മുമ്പിൽ അവതരിപ്പിക്കാൻ പോന്ന പാണ്ഡിത്യത്തിന്റെ ഗരിമയുള്ള, പകരക്കാരനില്ലാത്ത വ്യക്തിത്വം. കേരളത്തിൽ ഏത് മതസംഘടനയുടെ നേതൃത്വത്തിലുള്ള ഏത് പണ്ഡിതനാണ് വിവരത്തിൽ സലീം മൗലവിയെ അതിജയിക്കാനാവുക? ആ അർഥത്തിൽ അദ്ദേഹത്തെ പ്രയോജനപ്പെടുത്താൻ നമുക്ക് സാധിച്ചുവോ എന്ന ചോദ്യം ബാക്കിനിൽക്കുന്നു. മഹാന്മാരുടെ മഹത്വത്തെ അവരുടെ മരണശേഷം പുകഴ്ത്തിപ്പറഞ്ഞവസാനിപ്പിക്കാതെ, അവർ ജീവിച്ചിരിക്കുമ്പോൾ തിരിച്ചറിഞ്ഞ് പ്രയോജനപ്പെടുത്തുകയാണ് ബുദ്ധിയുള്ളൊരു സമൂഹം ചെയ്യുക.
Comments