അമേരിക്കന്‍ തലസ്ഥാനത്തെ മുസ്‌ലിം പൈതൃകങ്ങള്‍
അമേരിക്കന്‍ യാത്രയുടെ അവസാന ഘട്ടത്തിലാണ് വാഷിംഗ്ടണ്‍ DC (ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ) യില്‍ എത്തിച്ചേരുന്നത്. യു.എസിന്റെ തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡിസി, അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ്, ക്യാപിറ്റോള്‍ മന്ദിരം, പരമോന്നത കോടതി തുടങ്ങി മർമപ്രധാനമായ ഭരണനിര്‍വഹണ മന്ദിരങ്ങളുടെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും കേന്ദ്രമാണ്. വാഷിംഗ്ടണ്‍ സ്തൂപം, ലിങ്കണ്‍ സ്മാരകം, വിയറ്റ്‌നാം യുദ്ധ സ്മാരകം, ദേശീയ-ചരിത്ര മ്യൂസിയങ്ങള്‍, ലൈബ്രറികള്‍ തുടങ്ങി ചരിത്ര പ്രാധാന്യമുള്ള കെട്ടിടങ്ങളുടെയും കേന്ദ്രം കൂടിയാണ് ഈ നഗരം.
അമേരിക്കയിലെ മറ്റു പല വന്‍ നഗരങ്ങളില്‍നിന്നും വ്യത്യസ്തമായി, താരതമ്യേന തിരക്കുകുറഞ്ഞ ഈ നഗരം യൂനിയന്‍ ടെറിറ്ററി, ഭരണസിരാകേന്ദ്രം എന്ന നിലയിലാണ് പ്രസിദ്ധിയാര്‍ജിച്ചത്. മറ്റു രാജ്യങ്ങളുടെ കാര്യത്തില്‍ ഇടപെടുന്ന യു.എസിന്റെ വിദേശനയങ്ങള്‍ രൂപവത്കരിക്കപ്പെടുന്നത് ഈ നഗരത്തിലായതിനാല്‍ ഡി.സിയെ ലോകത്തിന്റെ തലസ്ഥാനം എന്നും ചിലര്‍ വിശേഷിപ്പിക്കുന്നു. അമേരിക്കയുടെ മുസ് ലിം ചരിത്രത്തിലും ഈ നഗരത്തിന് പങ്കുണ്ട് എന്നത് അവിടം സന്ദര്‍ശിച്ചപ്പോഴാണ് അറിയാന്‍ കഴിഞ്ഞത്.
ഡെന്‍വറില്‍ ബാള്‍ട്ടിമോറിലേക്കായിരുന്നു എന്റെ വിമാനം. DCയുടെ സമീപ സ്റ്റേറ്റായ മേരിലാന്റിലാണ് ബാൾട്ടിമോര്‍ നഗരം. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് പതിനായിരങ്ങള്‍ പങ്കെടുത്ത ഇക്‌ന(ICNA)യുടെ ദ്വിദിന കൺവെന്‍ഷന്‍ നടന്നത് ഇവിടെയായിരുന്നു. ആതിഥേയനായ മാള സ്വദേശി ഫസലുർറഹ്്മാനെ എനിക്ക് മുന്‍പരിചയമില്ല. അമേരിക്കയില്‍ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ബന്ധപ്പെടാന്‍ അല്‍ജാമിഅ ഡെപ്യൂട്ടി റെക്ടര്‍ കെ.എം അശ്‌റഫ് സാഹിബാണ് സഹോദര പുത്രി ഹാദിയ ബഷീറിന്റെയും അവരുടെ ഭര്‍ത്താവ് ഫസലിന്റെയും നമ്പര്‍ തന്നത്. മടക്കയാത്രക്കു മുമ്പ് ഫസലിന് ഫോണ്‍ ചെയ്തതാണ്. എന്റെ സന്ദര്‍ശനവും പ്രതീക്ഷിച്ചിരിക്കുന്ന പോലെ തോന്നി അദ്ദേഹവുമായി സംസാരിച്ചപ്പോള്‍. മുമ്പ് റോചസ്റ്റര്‍ യൂനിവേഴ്‌സിറ്റിയില്‍ റിസർച്ച് ചെയ്ത ഫസല്‍ ഇപ്പോള്‍ വാഷിംഗ്ടണില്‍ ഒരു ഐ.ടി കമ്പനിയില്‍ സോഫ്റ്റ്്വെയര്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു. അതിരാവിലെ വിമാനത്താവളത്തില്‍നിന്ന് താമസസ്ഥലത്തേക്കുള്ള വഴിയിലെ പ്രധാന സ്ഥലങ്ങളെല്ലാം ഞങ്ങള്‍ സന്ദര്‍ശിച്ചു. സന്ദര്‍ശിക്കുന്ന സ്ഥലങ്ങളില്‍ എന്റെ മുന്‍ഗണന മുസ് ലിം പൈതൃക സൈറ്റുകളായിരിക്കും എന്ന് ഫസല്‍ ഒരു ഉള്‍പ്രേരണയാല്‍ മനസ്സിലാക്കിയതുപോലുണ്ട്.
വാഷിംഗ്ടണിലേക്കുള്ള വഴിമധ്യേ മേരിലാന്റ് സ്‌റ്റേറ്റില്‍ തന്നെയുള്ള തുര്‍ക്കി മസ്ജിദിലേക്കാണ് ഞങ്ങൾ ആദ്യം പോയത്. ദിയാനാത് സെന്റര്‍ ഓഫ് അമേരിക്ക (DCA) എന്നറിയപ്പെടുന്ന ഈ പള്ളി തുര്‍ക്കി സര്‍ക്കാരിന്റെ മതകാര്യവകുപ്പായ ദിയാനാതിന്റെ സഹായത്തോടെ 2003-ല്‍ പണിതതാണ്. 1993-ലാണ് ഇവിടെ Turkish American Islamic Foundation സ്ഥാപിതമാകുന്നത്. ഇസ്തംബൂളിലെ ബ്ലൂ മോസ്‌കിന്റെ മാതൃകയില്‍ നിർമിച്ചിരിക്കുന്ന ഈ പള്ളി എന്നാല്‍ അത്രയും വലുതല്ല. എങ്കിലും, പഴയ ഉസ്മാനി വാസ്തുവിദ്യയില്‍ നിർമിച്ച ഈ മസ്ജിദിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ മാത്രമായി സന്ദര്‍ശകര്‍ എത്തുന്നുണ്ട്. അതിരാവിലെയായിരുന്നിട്ടും, ഏതാനും സുഡാനികള്‍ തങ്ങളുടെ പാരമ്പര്യവസ്ത്രങ്ങളണിഞ്ഞ് ഈ പള്ളിയില്‍ ഞങ്ങള്‍ക്കു മുമ്പേ ഇടം പിടിച്ചിട്ടുണ്ട്. നമ്മില്‍നിന്ന് എത്രയോ വിദൂരതയിലുള്ള, ഒരു പരിചയവുമില്ലാത്ത ഈ ആഫ്രിക്കക്കാരോടും ഹൃദയബന്ധം സൃഷ്ടിക്കുംവിധം അസാമാന്യ ശക്തിയുണ്ട് ഇസ്‌ലാമിന്റെ അഭിവാദ്യ രീതിക്ക്. ആവേശത്തോടെ അവര്‍ക്കൊരു സലാമോതി. അതിനെക്കാള്‍ ആവേശത്തോടെ അവര്‍ പ്രത്യഭിവാദ്യം ചെയ്ത് ആലിംഗനം ചെയ്തു സംസാരിക്കാന്‍ തുടങ്ങി.
അമേരിക്കന്‍ കുടിയേറ്റ മുസ്‌ലിംകളില്‍ വര്‍ധിച്ചുവരുന്ന തുര്‍ക്കി സ്വാധീനത്തിന്റെ നിദര്‍ശനമാണ് ഈ പള്ളി. കൺവെന്‍ഷന്‍ ഹാള്‍, പഠന കേന്ദ്രം, ഹോസ്റ്റല്‍ മുതലായ കെട്ടിടങ്ങള്‍ പള്ളിയുടെ ചുറ്റുഭാഗത്തായി വേറെ വേറെ തന്നെയായി നിർമിച്ചിട്ടുണ്ട്. പള്ളിക്കു മുമ്പിലെ വിശാലമായ മുറ്റത്ത് ചെറിയ ടെന്റുകളില്‍ സുവനീറും സുഗന്ധദ്രവ്യങ്ങളും മറ്റു കൗതുക വസ്തുക്കളും വില്‍ക്കുന്ന ഷോപ്പുകള്‍ കാണാം. അവ തുറന്നുവരുന്നേയുള്ളൂ. ഒരു കടയില്‍ സാധനങ്ങള്‍ പുറത്തേക്കെടുത്തുവെയ്ക്കുന്ന സ്ത്രീയോട് സലാം പറഞ്ഞു കുശലാന്വേഷണങ്ങള്‍ നടത്തി. ഈജിപ്തുകാരിയാണെന്നറിഞ്ഞപ്പോള്‍ അറിയാവുന്ന അറബിയില്‍ സംസാരിച്ചു. അറബിയില്‍ സംസാരിച്ചു തുടങ്ങിയതോടെ അവര്‍ക്ക് സംഭാഷണത്തിന് കൂടുതല്‍ ഉത്സാഹമുള്ളതുപോലെ. അറബി ഭാഷ സംസാരിക്കുന്ന അനറബികളോട് അറബികള്‍ക്കുള്ള പ്രത്യേക മതിപ്പും ആദരവും ഇതിനു മുമ്പും കണ്ടിട്ടുണ്ട്.
മസ്ജിദ് മുഹമ്മദും കറുത്ത വർഗക്കാരും
ഏറെ ചരിത്ര പ്രാധാന്യമുള്ള മസ്ജിദ് മുഹമ്മദ് സന്ദര്‍ശിക്കാന്‍ കഴിഞ്ഞത് ഈ യാത്രയിലെ സൗഭാഗ്യമായിരുന്നു. DC യുടെ സെന്‍ട്രല്‍ ലൊക്കേഷനില്‍നിന്ന് അധികം ദൂരമില്ല ഈ മസ്ജിദിലേക്ക്. അമേരിക്കയില്‍ ഞാന്‍ സന്ദര്‍ശിച്ച പള്ളികളില്‍ ഏറ്റവും ലളിതവും ചെറുതുമാണ് യു.എസിലെ ആദ്യ പള്ളികളിലൊന്നായ മസ്ജിദ് മുഹമ്മദ്. നേഷന്‍ മസ്ജിദ് എന്നും ഇതിനു പേരുണ്ട്. പയനിയേഴ്‌സ് എന്നറിയപ്പെടുന്ന അടിമകളായിരുന്ന ആദ്യകാല ആഫ്രിക്കന്‍ മുസ്‌ലിംകളുടെ പിന്‍തലമുറക്കാര്‍ 1931-ലാണ് ഈ പള്ളി നിർമിച്ചത്. സാധാരണ പള്ളികളുടേതു പോലുള്ള മിനാരങ്ങളോ ഖുബ്ബയോ ഇതിനില്ല. ഈ കെട്ടിടം പള്ളിയാണെന്ന് അറിയിക്കുന്ന ഏക അടയാളം പുറത്തുള്ള മസ്ജിദ് മുഹമ്മദ് എന്ന ബോര്‍ഡാണ്. അമേരിക്കയിലെ മറ്റേതൊരു പള്ളിക്കുമുള്ളതുപോലെ വിശാലമായ പാർക്കിംഗ് സൗകര്യവും ഈ പള്ളിയിലില്ല. രണ്ടു നിലകളുള്ള പള്ളിയുടെ മുകളിലെ നിലയിലാണ് മിഹ്‌റാബും മറ്റും. നമസ്‌കാര സമയമല്ലാത്തതിനാല്‍ പള്ളിയില്‍ ആളുകള്‍ കുറവാണ്.
പള്ളിയുടെ അകത്തളത്തില്‍ പ്രവേശനകവാടത്തിനരികില്‍ ഇടതുഭാഗത്തായി ഒരു കറുത്ത വർഗക്കാരനായ യുവാവ് ഇരിക്കുന്നുണ്ട്. നമ്മുടെ നാട്ടിലെ ഫ്രീക്കന്‍ പയ്യന്‍മാര്‍ ധരിച്ചുകാണുന്ന ഇറുകിയ ടീ ഷര്‍ട്ടും ജീന്‍സുമാണ് വേഷം. ശരീരം പുറത്തുകാണുന്ന ഭാഗങ്ങളിലെല്ലാം പച്ചകുത്തിയത് കാണാം. പടിഞ്ഞാറില്‍ മുമ്പേ പ്രചാരത്തിലുള്ള ടാറ്റൂ സംസ്‌കാരം വലിയ സ്‌പോര്‍ട്‌സ് സെലിബ്രിറ്റികളിലൂടെയും മറ്റും നമ്മുടെ യുവതയെയും വല്ലാതെ സ്വാധീനിച്ചു തുടങ്ങിയിട്ടുണ്ട്. ഞാന്‍ സലാം പറഞ്ഞ് ഒരു സംഭാഷണത്തിനുള്ള ഒരുക്കത്തിലാണ്. ഗൗരവപ്രകൃതമുള്ള അയാള്‍ പക്ഷേ, എന്റെ സംസാരത്തിന് പിടിതരുന്ന മട്ടില്ല. നിങ്ങളുടെ സംശയങ്ങള്‍ക്കുള്ള ഉത്തരമെല്ലാം ഇതിലുണ്ടെന്ന മട്ടില്‍ മുമ്പിലെ മേശപ്പുറത്തിരിക്കുന്ന ലഘുലേഖകളിലേക്ക് അദ്ദേഹം വിരല്‍ ചൂണ്ടി.
ഇസ്‌ലാമിനെ കുറിച്ച് പൊതുവായും, നേഷന്‍ ഓഫ് ഇസ് ലാമിനെയും അതിന്റെ ശില്‍പികളെയും കുറിച്ച് പ്രത്യേകമായും തയാറാക്കിയിട്ടുള്ള ചെറിയ പാംഫ്്ലെറ്റുകളാണവ. സന്ദര്‍ശകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ബാധ്യസ്ഥനായ അദ്ദേഹം, അതു ചെയ്യാതെ ദിക്‌റുകള്‍ ഉരുവിട്ടുകൊണ്ടിരിക്കുന്നതും, ഹിപ്പികളുടേതിനു സമാനമായ അദ്ദേഹത്തിന്റെ വസ്ത്രധാരണരീതിയുമൊക്കെ എന്റെ മനസ്സില്‍ പല ചോദ്യങ്ങളുമുയര്‍ത്തി. ഇസ് ലാം സ്വീകരിച്ച അമേരിക്കന്‍ പ്രഫസര്‍ ജെഫ്രി ലാംഗിന്റെ 'പോരാട്ടവും കീഴടങ്ങലും' എന്ന പുസ്തകത്തിലെ ഒരു സംഭവമാണ് അപ്പോള്‍ ഓർമവന്നത്. സാന്‍ഫ്രാന്‍സിസ്‌കോ യൂനിവേഴ്‌സിറ്റിയില്‍ ഇസ് ലാം സ്വീകരിച്ച അബ്ദുല്‍ അലീം മൂസയുടെ പ്രഭാഷണം കേള്‍ക്കാന്‍ പോയതായിരുന്നു ജെഫ്രി ലാംഗ്. ആ കറുത്ത വർഗക്കാരനായ പണ്ഡിതനെ കുറിച്ച് ജെഫ്രി ഇങ്ങനെ എഴുതുന്നു: 'ഉയരവും കരുത്തുമുള്ള, ആരെയും കീഴ്‌പ്പെടുത്തുന്ന വ്യക്തിത്വത്തോടുകൂടിയ ഒരു കറുത്ത അമേരിക്കക്കാരനായിരുന്നു അയാള്‍. അതിസമർഥന്‍, മികച്ച വാഗ്മി, പത്തുകൊല്ലം മുമ്പ് അപകടകാരിയായ ഒരു തെമ്മാടിയായിരിക്കാം അയാള്‍. ഒരു കാലത്ത് അയാള്‍ കറുത്തവരുടെ പോക്കിരിസംഘത്തില്‍ അംഗമായിരുന്നു. അതുമൂലം ജയിലില്‍ പോയിട്ടുമുണ്ടത്രെ. ആ മനുഷ്യനാണോ ഇത്രയും ശാന്തനായി തനിക്കു ചുറ്റും സമാധാനത്തിന്റെ സന്ദേശം പ്രസരിപ്പിക്കുന്നത്. വിശ്വസിക്കാന്‍ പ്രയാസം.' ഇസ് ലാമാശ്ലേഷണ ശേഷം, ജീവിതത്തെ മാറ്റിപ്പണിത അബ്ദുല്‍ അലീം മൂസയെ പോലെ അനേകം കറുത്ത വർഗക്കാരുണ്ട് ഇവിടെ. ഇപ്പോള്‍ ദിക്‌റുകളില്‍ മുഴുകിയിരിക്കുന്ന ഈ കറുത്ത വർഗക്കാരനും അങ്ങനെയൊരാളാകാം. പഴയ അരാജക ജീവിതത്തിന്റെ മായ്ക്കാന്‍ കഴിയാത്ത ശേഷിപ്പുകളാകാം അയാളുടെ ശരീരത്തിലെ പച്ചകുത്തല്‍.
മനുഷ്യരെ ഒന്നായി കാണുന്ന ഇസ് ലാമിന്റെ സമത്വസങ്കല്‍പം തന്നെയാണ് അമേരിക്കയിലെ കറുത്ത വർഗക്കാരെ ഇസ് ലാമിലേക്കാകര്‍ഷിച്ചത്. കറുത്ത വർഗക്കാര്‍ അമേരിക്കയില്‍ അനുഭവിച്ച വംശീയ വിവേചനവും അസമത്വവും അത്രയും രൂക്ഷമായിരുന്നു. അടിമത്തം നിയമം മൂലം നിരോധിച്ചശേഷവും വംശീയവിവേചനങ്ങള്‍ക്കു വിധേയരായ കറുത്ത വർഗക്കാര്‍ ജൂനിയര്‍ മാര്‍ട്ടിന്‍ ലൂഥർ കിംഗിന്റെ സിവില്‍ റൈറ്റ്‌സ് മൂവ്്മെന്റില്‍ ആകൃഷ്ടരായ പോലെ, ഇസ് ലാമിലും ആകൃഷ്ടരായി. ഇസ് ലാമിന്റെ സമത്വസങ്കല്‍പം അമേരിക്കയിലെ കറുത്ത വർഗക്കാരെ എത്രകണ്ട് സ്വാധീനിച്ചുവെന്നതിന് നേഷന്‍ ഓഫ് ഇസ്‌ലാമിന്റെ ചരിത്രം തെളിവാണ്.
ADAMS സെന്റര്‍: മാതൃകാ മസ്ജിദ്
ഫസലിന്റെ താമസസ്ഥലത്തുനിന്ന് പത്ത് മിനിറ്റോളം കാറില്‍ യാത്ര ചെയ്തുവേണം വിര്‍ജീനിയ സ്റ്റേറ്റിലെ സറ്റേർലിങ്ങിലെത്താന്‍. അവിടെയൊരു പള്ളിയിലായിരുന്നു മഗ് രിബ് നമസ്‌കാരം. അറബ്, ആഫ്രിക്കന്‍, ഇന്ത്യന്‍ വംശജര്‍ അടങ്ങുന്ന ഈ പള്ളിയില്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്നത് ഒരു ആഫ്രിക്കന്‍ ഇമാമാണ്. പള്ളിയില്‍ കൂടിയ വിശ്വാസികള്‍, നമസ്‌കാര ശേഷം പരസ്പരം ആലിംഗനം ചെയ്യുന്നതും സംസാരിക്കുന്നതും കണ്ടപ്പോള്‍, ഈ പള്ളിയിലെ വിശ്വാസികള്‍ക്കിടയില്‍ വലിയ ആത്മബന്ധവും ഐക്യവും ഉള്ളതുപോലെ തോന്നി. നമസ്‌കാര ശേഷം, പള്ളിയിലെത്തിയ മുസ് ലിം ജനതയുടെ വൈവിധ്യങ്ങള്‍ വീക്ഷിച്ചിരിക്കുന്ന എന്നെ ഫസല്‍ പുറത്തേക്കു കൊണ്ടുപോയി. അവിടെ വെച്ചാണ് നിരാര്‍ സാഹിബിനെ പരിചയപ്പെടുന്നത്. DC യില്‍ സന്ദര്‍ശിക്കേണ്ട പ്രധാന മുസ്‌ലിം പൈതൃക സൈറ്റുകളെ കുറിച്ച് ഫസലിന് സമയാസമയങ്ങളില്‍ ഫോണിലൂടെ നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നത് നിരാര്‍ സാഹിബാണ്. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം തന്നെയാണ് ഈ പള്ളിയില്‍ മഗ്്രിബ് നമസ്‌കാരത്തിനെത്തിയിരിക്കുന്നതും. അമേരിക്കയിലെ ഇസ് ലാമിന്റെ ചരിത്രമറിയാന്‍ ആഗ്രഹിക്കുന്ന ഏതൊരു വിദ്യാർഥിയും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളെ കുറിച്ച് കാണാമറയത്തിരുന്ന് ഗൈഡു ചെയ്തുകൊണ്ടിരുന്ന അദ്ദേഹത്തോട് പ്രത്യേക ആദരവ് തോന്നി. ആലുവ സ്വദേശിയായ നിരാര്‍ സാഹിബ് കഴിഞ്ഞ 20 വര്‍ഷത്തിലധികമായി കുടുംബസമേതം വാഷിംഗ്ടണില്‍ താമസിക്കുന്നു. ആദ്യമായി കാണുകയാണെങ്കിലും വര്‍ഷങ്ങളായി പരിചയമുള്ള സുഹൃത്തിനെപ്പോലെയാണദ്ദേഹത്തിന്റെ പെരുമാറ്റം.
ADAMS (All Dulles Area Muslim Society) സെന്റര്‍ എന്നറിയപ്പെടുന്ന ഈ പള്ളി അമേരിക്കയിലെ വലിയ പള്ളികളില്‍ ഒന്നാണ്. നാലു പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന ഈ സെന്റര്‍, വാഷിംഗ്ടണ്‍ ഏരിയയിലെ ഏറ്റവും വലിയ മുസ് ലിം കമ്യൂണിറ്റികളില്‍ ഒന്നാണ്. വിര്‍ജീനിയ സ്റ്റേറ്റിലും വാഷിംഗ്ടണിലുമായി ഏഴോളം ഉപകേന്ദ്രങ്ങളുള്ള ADAMS ന് കീഴില്‍ 5000-ലേറെ മുസ്‌ലിം കുടുംബങ്ങളുണ്ട്. ADAMS സെന്റര്‍ പള്ളിയും മറ്റു അനുബന്ധ സ്ഥാപനങ്ങളുമടങ്ങുന്ന ഒരു വലിയ കെട്ടിട സമുച്ചയമാണ്. ഈ കെട്ടിടത്തിലെ കൺവെന്‍ഷന്‍ ഹാള്‍, ബാസ്‌കറ്റ് ബോള്‍ ഗ്രൗണ്ട് തുടങ്ങിയ മറ്റു സൗകര്യങ്ങള്‍ കാണുമ്പോള്‍ പള്ളി വളരെ ചെറുതായി തോന്നും. പള്ളിയോട് തൊട്ടുചേര്‍ന്നുള്ള ബാസ്‌കറ്റ് ബോള്‍ ഗ്രൗണ്ടിലേക്കായിരുന്നു ഞങ്ങള്‍ ആദ്യം പോയത്. ഈ പള്ളിയിലെ ബാസ്‌കറ്റ് ബാള്‍ കോര്‍ട്ട് എല്ലാ സൗകര്യങ്ങളുമുള്ള ഒരു മികച്ച കോര്‍ട്ടാണ്. പള്ളിയില്‍ നമസ്‌കാരം കഴിഞ്ഞിറങ്ങിയ കുറേ പേര്‍, ബൂട്ടും ജഴ്‌സിയുമെല്ലാം അണിഞ്ഞ് സോക്കര്‍ കളിക്കുള്ള ഒരുക്കത്തിലാണ്. നിരാര്‍ സാഹിബും ഇവിടത്തെ ഒരു സ്ഥിരം കളിക്കാരനാണെന്ന് തോന്നുന്നു. കളിക്കാര്‍ ആവേശത്തോടെ അദ്ദേഹത്തെയും കളിക്കാന്‍ ക്ഷണിക്കുന്നു. പള്ളിയില്‍ വരുന്നവര്‍ എപ്പോഴെങ്കിലും വെറുതെ കളിച്ചുപോവുകയല്ല. കളിയും ഇവിടെ അല്‍പം സീരിയസാണ്. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി സോക്കര്‍, ബാസ്‌കറ്റ് ബോള്‍ തുടങ്ങിയ കളികളില്‍ ഏര്‍പ്പെടുന്നവരില്‍ പ്രായമായവരുമുണ്ട്. വിവിധ പ്രദേശങ്ങളിലെ ഇത്തരം മുസ് ലിം കമ്യൂണിറ്റികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ബാസ്‌കറ്റ് ബോള്‍, സോക്കര്‍ ടൂര്‍ണമെന്റുകളും ADAMS സെന്റര്‍ നടത്തിവരുന്നു. ഈ സെന്ററിനു കീഴില്‍ വിവിധ സ്‌പോര്‍ട്‌സ് ക്ലബ്ബുകളും സ്‌കൗട്ട് ക്ലബ്ബുകളുമുണ്ട്.
മസ്ജിദുകളിലെ അമുസ് ലിം സന്ദര്‍ശനം അമേരിക്കയില്‍ പതിവുകാര്യങ്ങളില്‍ ഒന്നുമാത്രമാണ്. എന്നാല്‍ ഈ പള്ളിയില്‍ മുസ് ലിംകളല്ലാത്ത സന്ദര്‍ശകര്‍ക്ക്, നമസ്‌കാരവും മറ്റു കർമങ്ങളും ഇരുന്ന് വീക്ഷിക്കാന്‍ ബാൽക്കണിയും അനുബന്ധ സൗകര്യങ്ങളും പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്. ADAMS സെന്ററിന്റെ തന്നെ ഭാഗമായ ADAMS സ്‌കൂള്‍ മനോഹരമാണ്. വിദ്യാർഥികളുടെ പഠന-സര്‍ഗ കഴിവുകള്‍ സന്ദര്‍ശകര്‍ക്കും കാണാന്‍ കഴിയുംവിധം പുറത്ത് വലിയ ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ക്ലാസ് മുറികള്‍ക്കു പുറത്തേക്കും വികസിക്കുന്ന പാഠ്യരീതിയാണിവിടെ. എഴുത്തുകളിലൂടെ മാത്രമല്ല, തെര്‍മോകോളും മറ്റു സാമഗ്രികളും ഉപയോഗിച്ച് വിദ്യാർഥികള്‍ ഉണ്ടാക്കിയിരിക്കുന്ന മനോഹരമായ കരകൗശല വസ്തുക്കളും പുറത്ത് കാണാം.
പള്ളിയടങ്ങുന്ന ഈ വലിയ കെട്ടിട സമുച്ചയത്തില്‍ വലിയ ഒരു കിച്ചണുമുണ്ട്. വലിയ ഹോസ്റ്റലുകളിലെയോ ഹോട്ടലുകളിലെയോ അടുക്കളക്ക് സമാനമായ സൗകര്യങ്ങളുള്ള ഇത്രയും വലിയ അടുക്കള എന്തിനെന്ന ചോദ്യത്തിന് നിരാര്‍ സാഹിബ് മറുപടി തന്നു. ഈ അടുക്കള ബഹുമുഖ ലക്ഷ്യങ്ങളോടെ പണിതതാണ്. ഇവിടെ നടക്കുന്ന പരിപാടികള്‍ക്ക് വേണ്ടി ഭക്ഷണം പാകം ചെയ്യുക മാത്രമല്ല, ചില സന്ദര്‍ഭങ്ങളില്‍ ദരിദ്രര്‍ക്ക് ഇവിടെ ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുന്നുമുണ്ട്. എങ്കിലും ഈ കിച്ചണ്‍ പൂർണമായും പ്രവര്‍ത്തനസജ്ജമാകുന്നത് റമദാനിലാണ്. ഇതിനൊക്കെ പുറമെ, പള്ളിയുടെ ഒരു ഭാഗത്ത് ഒരു കുര്‍ദിഷ് കഫേയുമുണ്ട്. ഈ പ്രദേശത്തെ മുസ്‌ലിംകളുടെ ആഘോഷ പരിപാടികളും, വിവാഹം പോലുള്ള മറ്റു വിശേഷ പരിപാടികളും ഈ പള്ളിയുടെ തന്നെ ഭാഗമായ ഹാളില്‍ നടത്താന്‍ കഴിയുംവിധം എല്ലാ ആവശ്യങ്ങളെയും കണ്ടറിഞ്ഞുള്ള ഒരു സവിശേഷമായ നിർമാണമാണ് ഈ പള്ളിയുടേത്. സകാത്ത് കമ്മിറ്റി, ലൈബ്രറി, ഖുത്വ്്ബ ഇന്‍സ്റ്റിറ്റ്യൂട്ട്, തഹ്ഫീളുല്‍ ഖുര്‍ആന്‍, ഇന്റർഫെയ്്ത് സെന്റര്‍ തുടങ്ങി ബഹുമുഖ പരിപാടികള്‍ ADAMS സെന്ററിന് കീഴില്‍ നടന്നുവരുന്നു.
നിരാര്‍ സാഹിബ് ADAMS സെന്ററിനെ സമഗ്രമായി പരിചയപ്പെടുത്തി. അമേരിക്കയില്‍ ഞാന്‍ അവസാനം സന്ദര്‍ശിക്കുന്ന പള്ളിയാണിത്. പത്തിലധികം പള്ളികള്‍ സന്ദര്‍ശിച്ച എനിക്ക്, ADAMS സെന്റററോളം ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ഒരു പള്ളിയും കാണാന്‍ കഴിഞ്ഞിട്ടില്ല. എണ്‍പതുകളുടെ തുടക്കത്തില്‍ പണികഴിപ്പിച്ച ADAMS സെന്റര്‍ അമേരിക്കയില്‍ പിന്നീട് നിർമിക്കപ്പെട്ട പള്ളികള്‍ക്കെല്ലാം നിരവധി കാര്യങ്ങളില്‍ മാതൃകയായി വര്‍ത്തിച്ചിട്ടുണ്ട്. വെള്ളിയാഴ്ചകളില്‍ ഒന്നില്‍ കൂടുതല്‍ പ്രാവശ്യം ഖുത്വ്്ബ, സംഘടിത സകാത്ത്, വഖ്ഫ്, വിദ്യാഭ്യാസ സ്ഥാപനം, സ്‌പോര്‍ട്‌സ് ക്ലബ്ബ് തുടങ്ങി, പള്ളിക്ക് വിദ്യാഭ്യാസ-സാംസ്‌കാരിക യുവജന കേന്ദ്രം എന്ന മുഖം നല്‍കിയത് അമേരിക്കയില്‍ ആദ്യമായി ADAMS സെന്ററാണ്. ഈ പള്ളി അതിന്റെ ഉത്ഭവം മുതല്‍ ഇങ്ങനെ ഡിസൈന്‍ ചെയ്തതായി തോന്നി. കൃത്യമായ വിഷനും മിഷനുമുള്ള ധിഷണാശാലികളായിരിക്കും ഇതിന്റെ ശില്‍പികള്‍. ഈ പള്ളിയുടെ ശില്‍പികളെ കുറിച്ച് നിരാര്‍ സാഹിബ് വിശദീകരിച്ചപ്പോള്‍, ഉദ്വോഗജനകമായ ഒരു ത്രില്ലര്‍ സിനിമയിലെ ക്ലൈമാക്‌സ് പോലെയാണ് എനിക്കനുഭവപ്പെട്ടത്. മലേഷ്യയിലെ പഠനകാലം മുതല്‍, വിദ്യാഭ്യാസ ചിന്തകളിലൂടെ എന്റെ മനസ്സില്‍ ആദരവ് നിറച്ച ഡോ. ത്വാഹാ ജാബിര്‍ അല്‍വാനി, ഡോ. ജമാല്‍ ബര്‍സന്‍ജി, ഡോ. അഹ്്മദ് തൂതന്‍ജി എന്നിവരെ പോലുള്ളവരാണ് ADAMS സെന്ററിനു പിന്നില്‍ എന്നറിഞ്ഞപ്പോള്‍ വലിയ സന്തോഷം തോന്നി. അവിചാരിതമായിട്ടാണെങ്കിലും ഈ പണ്ഡിതന്മാരുടെ കർമഭൂമിയെയും, വിദേശമണ്ണില്‍ അവര്‍ വളര്‍ത്തിക്കൊണ്ടുവന്ന ഇസ് ലാമിക സമൂഹത്തെയും അടുത്തറിയാന്‍ അവസരമൊരുക്കിയ ഫസലിനും നിരാര്‍ സാഹിബിനും മനംനിറഞ്ഞ പ്രാർഥനയോടെയായിരുന്നു ADAMS സെന്ററില്‍നിന്നുള്ള എന്റെ മടക്കം. l
(അവസാനിച്ചു)
Comments