മൂസായുടെ ദൗത്യം വെറും നയതന്ത്ര സംഭാഷണമോ?
'മുഹർറം: ചരിത്രസ്മരണയും ഇന്ത്യൻ മുസ്്ലിംകളും'( ആഗസ്റ്റ് 4, ലക്കം 10) എന്ന എസ്.എം സൈനുദ്ദീന്റെ ലേഖനം കാലിക പ്രസക്തം തന്നെയാണ്. എന്നാൽ അദ്ദേഹത്തിന്റെ ചില നിരീക്ഷണങ്ങൾ പ്രമാണപരമായി പിശകുള്ളതായി തോന്നുന്നു.
"മർദകരോടും മർദിതരോടും ഇസ്്ലാമിന് ഒരു നിലപാടല്ല. രണ്ടിടത്തും ഒറ്റ ദൗത്യവും അല്ല. മർദകർക്കും മർദിതർക്കും ഇസ്്ലാമിൽ മോചനമുണ്ട്. പക്ഷേ, രണ്ടിനും ഒരു വഴിയല്ല. ഇസ്്ലാമിന്റെ പൊതുവായ പ്രബോധന ഉള്ളടക്കം ഇരുകൂട്ടർക്കും ഒന്നാണെങ്കിലും, ശൈലിയും പ്രയോഗവും രണ്ടു വിധമാണ്. അതായത്, മർദകനായ ഫറോവയോട് പറഞ്ഞതല്ല, മർദിതരായ ഇസ്രാഈൽ സമൂഹത്തോട് മൂസാ (അ) പറയുന്നത്.
മർദകരും മർദിതരും എന്ന രണ്ടു പക്ഷം നിലനിൽക്കുമ്പോൾ വിമോചകന്റെ ദൃഷ്ടി പ്രഥമമായുംപതിയേണ്ടത് മർദിതരിലാവണം. അത് ദയയുടെയും അനുകമ്പയുടെയും നോട്ടമാകണം. ശകാരവുംകുറ്റപ്പെടുത്തലും താങ്ങാനവർക്ക് കഴിയുകയില്ല. പ്രശ്ന പരിഹാരമാണ് അവർക്കാവശ്യം; പ്രശ്നങ്ങളല്ല.
മർദകരോട് ഒരു വിട്ടുവീഴ്ചയും മൂസാ (അ) കാണിച്ചില്ല. അതേസമയം അവരോട് നയതന്ത്രപരമായ സംഭാഷണം നടത്തിയിട്ടുമുണ്ട്. ഖുർആൻ അത് വ്യത്യസ്ത സന്ദർഭങ്ങളിൽ ഉദ്ധരിക്കുന്നത് കാണാം (അന്നാസിആത്ത് 17-19, ത്വാഹാ 43-48). മൂസായുടെ ദൗത്യത്തെ എതിർവാദങ്ങളുന്നയിച്ച് പരാജയപ്പെടുത്താൻ ഫറോവ തുനിയുന്നതും ഖുർആനിലുണ്ട് (അശ്ശുഅറാഅ് 18). ഇങ്ങനെ തുടരുന്ന സംവാദത്തിന്റെ ഒരു ഘട്ടത്തിൽ ഫറോവയോട് മൂസാ (അ) വെട്ടിത്തുറന്നു തന്നെ പറയുന്നു: "എനിക്കു ചെയ്തുതന്നതായി നീ എടുത്തുകാണിച്ച ആ അനുഗ്രഹം ഇസ്രാഈൽ മക്കളെ നീ അടിമകളാക്കിവെച്ചതിനാൽ സംഭവിച്ചതാണ്" (അശ്ശുഅറാഅ് 22). പൗരസമൂഹത്തിന്റെ സമസ്ത അവകാശങ്ങളും കവർന്നെടുത്ത് പാരതന്ത്ര്യത്തിന്റെ നുകം അവരുടെ ചുമലിൽ ബന്ധിച്ചതിനു ശേഷം അവർക്ക് നൽകിയ ഔദാര്യത്തിന്റെ കണക്കു പറയുന്ന സകല ഏകാധിപതികളോടും ഇസ്്ലാമിന് പറയാൻ ഇതിൽപരം മറ്റൊന്നുമില്ല. ഫറോവയുടെ പതനത്തിനു മുമ്പ് മൂസാ (അ) ഇസ്രാഈല്യരുടെ വിമോചകൻ എന്ന ദൗത്യത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഫറോവൻ ആധിപത്യത്തെ ചോദ്യം ചെയ്യുന്ന ശ്രമകരമായ ദൗത്യമായിരുന്നു അത്. ഫറോവക്ക് ഇത് മനസ്സിലായിരുന്നു. ഇതിനെ രാഷ്ട്രീയമായി നേരിടാതെ മതപരമായി അഭിമുഖീകരിക്കുകയായിരുന്നു ഫറോവ ചെയ്തത് (അൽ ഖസ്വസ്വ്് 38, 26)."
നിരീക്ഷണങ്ങൾ ഏറെ ആകർഷകമായി തോന്നുമെങ്കിലും സൂക്ഷ്മവിശകലനത്തിൽ അതിൽ അബദ്ധങ്ങളുണ്ട്. പ്രവാചകൻമാരെല്ലാം വിമോചകരാണ്. മനുഷ്യരെ എല്ലാവിധ അടിമത്തത്തിൽ നിന്നും വിമോചിപ്പിച്ചു ദൈവാടിമത്തത്തിലേക്കു കൊണ്ടുവരിക, അഥവാ മനുഷ്യരെ ദൈവേതരശക്തികളുടെ നിയന്ത്രണത്തിൽ നിന്നു മോചിപ്പിച്ചു ദൈവിക വിധേയത്വത്തിന്റെയും ദൈവാനുസരണത്തിന്റെയും പാതയിൽ കൊണ്ടുവരിക എന്നതായിരുന്നു എല്ലാ പ്രവാചകന്മാരുടെയും ദൗത്യം. മൂസാ നബി നിർവഹിച്ചതും അതുതന്നെയാണ്. ഫറോവ അല്ലാഹുവിന്റെ അടിമത്തം അംഗീകരിക്കുന്നതോടെ തീരുന്നതാണ് ആ വംശീയ പ്രശ്നം, അഥവാ ഇസ്രായേൽ അടിമത്തം. അത് സാധ്യമല്ലാത്ത ഘട്ടത്തിൽ മാത്രമാണ് അവരുടെ വിമോചനം ഉപലക്ഷ്യമാകുന്നത്. അതിനാൽ, പ്രഥമ ദൗത്യം ഫറോവയെ അല്ലാഹുവിലേക്കു ക്ഷണിക്കലാണ്. ശൈഖ് മുഹമ്മദ് കാരകുന്ന് വിശദീകരിക്കുന്നു: "മറ്റെല്ലാ പ്രവാചകൻമാർക്കും ഒരു ചുമതല മാത്രമാണ് നിർവഹിക്കാനുണ്ടായിരുന്നതെങ്കിൽ മൂസാ നബിക്ക് മൂന്നു ബാധ്യതകൾ നിർവഹിക്കാനുണ്ടായിരുന്നു. കോപ്റ്റുകളിൽ ഇസ്്ലാമിക പ്രബോധനം നടത്തുക, പാരമ്പര്യ മുസ് ലിം സമുദായമായ ഇസ്രാഈല്യരെ സംസ്കരിക്കുക, മർദിതരായ ഇസ്രാഈലീ സമൂഹത്തെ ഫറോവയുടെ അക്രമ മർദനങ്ങളിൽനിന്നും രക്ഷിക്കുക" (ഈജിപ്റ്റിലെ ഇസ്രയേല്യരും ഇന്ത്യൻ മുസ്്ലിംകളും, പേജ് 12,13).
മൗലാനാ മൗദൂദിയുടെ വ്യാഖ്യാനം ഇങ്ങനെയാണ്: "രണ്ടു പ്രധാന ദൗത്യവുമായിട്ടാണ് ഫറവോന്റെ മുന്നിലേക്കു മൂസാ (അ) അയക്കപ്പെട്ടിരുന്നത്. ഒന്ന്, അല്ലാഹുവിന്റെ അടിമത്തം അഥവാ ഇസ്്ലാം അംഗീകരിക്കാനുള്ള ക്ഷണം. രണ്ട്, ആദ്യമേ മുസ്്ലിംകളായിരുന്ന ഇസ്രാഈൽ സമുദായത്തെ ഫറവോന്റെ മർദനമുഷ്ടിയിൽനിന്നു മോചിപ്പിക്കാനുള്ള ആഹ്വാനം. വിശുദ്ധ ഖുർആൻ ചിലേടത്ത് ഈ രണ്ടു കാര്യങ്ങളൊന്നിച്ചും ചിലേടത്ത് സന്ദർഭോചിതം അവയിലൊന്നു മാത്രവും പ്രസ്താവിച്ചിട്ടുണ്ട്" (തഫ്ഹീമുൽ ഖുർആൻ, വാള്യം 2, പേജ് 86).
ഇതായിരിക്കാം ഇസ്രാഈല്യരുടെ വിമോചനമാണ് മൂസാ നബിയുടെ പ്രഥമ ദൗത്യമെന്ന രീതിയിൽ ചിന്തിക്കാൻ ലേഖകന് പ്രേരകമായത്. എല്ലാ പ്രവാചകൻമാരുടെയും ദൗത്യം അല്ലാഹുവിന്റെ ഏകത്വം പ്രബോധനം ചെയ്യുകയായിരുന്നു. മൂസാ നബി നിർവഹിച്ചതും അതു തന്നെയാണ്. അതുകൊണ്ടാണ് മറ്റു സമൂഹങ്ങൾ ഉന്നയിച്ച അതേ ആരോപണങ്ങൾ ഫറവോനും ഉന്നയിച്ചത്. മൗലാനാ മൗദൂദി എഴുതുന്നു: "മൂസാ(അ)യുടെ പ്രബോധനം കേട്ടപ്പോള്‍ അവര്‍ പറഞ്ഞതുതന്നെയാണ് മുഹമ്മദി(സ)ന്റെ പ്രബോധനം കേട്ടപ്പോള്‍ ഇവരും പറയുന്നത്; ഇയാള്‍ തെളിഞ്ഞ ആഭിചാരകനാണ് എന്ന്.
നൂഹ് (അ) മുതല്‍ മുഹമ്മദ് (സ) വരെയുള്ള എല്ലാ പ്രവാചകന്മാരും കല്‍പിക്കപ്പെട്ടിരുന്ന അതേ ദൗത്യം തന്നെയാണ് മൂസാ(അ)യും ഹാറൂനും (അ) കല്‍പിക്കപ്പെട്ടിരുന്നതെന്ന് ഈ വാചകങ്ങളുടെ ഘടന ശ്രദ്ധിച്ചാല്‍ വ്യക്തമായി മനസ്സിലാക്കാം. ഒരേ വിഷയമാണ് സൂറയില്‍ ആദ്യം മുതല്‍ക്കുതന്നെ വിവരിച്ചുവരുന്നത്. അതായത്, സര്‍വലോകനാഥനായ അല്ലാഹുവെ മാത്രം റബ്ബായും ഇലാഹായും അംഗീകരിക്കുക. ഐഹിക ജീവിതത്തിനുശേഷം പാരത്രിക ജീവിതമുണ്ടെന്നും അവിടെ അല്ലാഹുവിന്റെ മുമ്പില്‍ തന്റെ പ്രവര്‍ത്തനങ്ങളുടെ കണക്ക് ബോധിപ്പിക്കേണ്ടതുണ്ടെന്നും അംഗീകരിക്കുക. പിന്നീട് പ്രവാചകന്മാരുടെ പ്രബോധനത്തെ ധിക്കരിച്ചിരുന്നവരെ ബോധ്യപ്പെടുത്തുന്നു: നിങ്ങളുടെ മാത്രമല്ല, എക്കാലത്തും മുഴുവന്‍ മനുഷ്യരാശിയുടെയും വിജയം നിലകൊള്ളുന്നത് വിവിധ കാലഘട്ടങ്ങളില്‍ ദൈവത്തിന്റെ പ്രവാചകന്മാര്‍ പ്രബോധനം ചെയ്ത ഏകദൈവ വിശ്വാസവും പരലോക ബോധവും ഉള്‍ക്കൊള്ളുന്നതിലാണ്. അതിനാല്‍, നിങ്ങളുടെ ജീവിതവ്യവസ്ഥ മുച്ചൂടും അതിനനുരൂപമായി വാര്‍ത്തെടുക്കണം. ഇതംഗീകരിച്ചവര്‍ മാത്രമേ വിജയം വരിക്കയുള്ളൂ. അതിനെ നിഷേധിച്ചവര്‍ക്ക് പരലോകത്ത് വമ്പിച്ച നാശമായിരിക്കും ഫലം --ഇതാണ് ഈ സൂറയിലെ കേന്ദ്രവിഷയം. ഈ പ്രകരണത്തില്‍ ചരിത്രമാതൃകകളെന്ന നിലക്ക് മറ്റു പ്രവാചകന്മാരെ പരാമര്‍ശിച്ചിട്ടുണ്ടെങ്കില്‍ സ്വാഭാവികമായും അതിന്റെ അര്‍ഥം, ഈ സൂറയിലൂടെ അവതരിപ്പിക്കപ്പെട്ട പ്രബോധനമാണ് മുഴുവന്‍ പ്രവാചകന്മാരുടെയും പ്രബോധനമെന്നും അതിനുവേണ്ടിത്തന്നെയാണ് മൂസാ(അ)യും ഹാറൂനും (അ) ഫിര്‍ഔന്‍ പ്രഭൃതികളുടെ അരികിലേക്കു പോയതെന്നുമാണ്" (യൂനുസ് വ്യാഖ്യാനക്കുറിപ്പ് 74).
മറ്റൊരു പിശക് സാമിരിയെ കുറിച്ച നിരീക്ഷണമാണ്.
സാമിരി പശുക്കുട്ടിയുണ്ടാക്കിയതും പൂജ നടത്തിയതും ഫറവോന്റെ കാലത്തല്ല, ആയിരുന്നുവെങ്കിൽ ഖാറൂന് മുന്നറിയിപ്പ് കൊടുത്തതു പോലെ സാമിരിയെയും കൈകാര്യം ചെയ്യുമായിരുന്നു. മൂസാ നബി സീനാ മലയിലേക്കു പോയതിനു ശേഷമാണ് സാമിരി പശുക്കോലം ഉണ്ടാക്കിയതും ഇസ്രാഈല്യർ അതിനെ ആരാധിച്ചതും.
അല്ലാഹു പറഞ്ഞു: "എന്നാല്‍ അറിയുക: നീ പോന്നശേഷം നിന്റെ ജനതയെ നാം പരീക്ഷണ വിധേയരാക്കി. സാമിരി അവരെ വഴിപിഴപ്പിച്ചിരിക്കുന്നു" (സൂറ 20: 85).
'സാമിരിക്കും സിൽബന്ധികൾക്കും മൂസാ(അ)ക്കൊപ്പം രക്ഷപ്പെടാൻ എന്തിനാണ് അവസരം നൽകിയത്? അതല്ലേ സാമിരിയുടെ പ്രതിഷ്ഠക്കു നിലമൊരുക്കിയത്?' എന്ന സാങ്കൽപിക ചോദ്യമുണ്ടാക്കിയാണ് അദ്ദേഹം ഉത്തരം കണ്ടെത്തിയത്.
ഫറോവയോട് ഒരു നിലക്കും വിട്ടുവീഴ്ച കാണിച്ചില്ല എന്നതും ഖുർആന് വിരുദ്ധമാണ്. ദൈവിക ശിക്ഷകളിൽനിന്ന് ഓരോ ഘട്ടത്തിലും ഇളവ് അനുവദിച്ചിട്ടുണ്ടല്ലോ. "എന്നാല്‍, അവരെത്തേണ്ട നിശ്ചിത അവധി വരെ നാം അവരില്‍നിന്ന് എല്ലാ വിപത്തുകളും ഒഴിവാക്കി. അപ്പോള്‍ അവരെല്ലാം ആ വാക്ക് ലംഘിക്കുകയാണുണ്ടായത് "(7 :135). ചുരുക്കത്തിൽ, മൂസാ നബി നടത്തിയ ഇസ്്ലാമിക പ്രബോധനം കേവലം നയതന്ത്ര സംഭാഷണമായി മാത്രം നിരീക്ഷിച്ചത് ഒട്ടും ശരിയായില്ല.
ഈ വിഷയത്തിൽ വിശദമായ പഠനത്തിന് കെ.സി അബ്ദുല്ല മൗലവിയുടെ 'പ്രബോധനം ഖുർആനിൽ ' എന്ന ഗ്രന്ഥത്തിലെ മൂസാ നബിയുടെ പ്രബോധനം എന്ന അധ്യായവും ടി.കെ. അബ്ദുല്ല സാഹിബിന്റെ നവോത്ഥാന ധർമങ്ങൾ എന്ന ഗ്രന്ഥത്തിലെ ഭാഗം 2-ന്റെ 89 മുതൽ 119 വരെയുള്ള ഭാഗവും നോക്കുക.
"നൂഹി'ന്റെ പേടകം പ്രളയങ്ങളെ
അതിജീവിക്കും
'വിദ്വേഷത്തിന്റെ വ്യാജ കഥകൾ നൂഹിനെ തകർത്തെറിയുമ്പോൾ' എന്ന പി.ഐ നൗഷാദിന്റെ കവർ സ്റ്റോറി (ലക്കം 3315) ഉൾക്കിടിലത്തോടെയേ വായിച്ചുതീർക്കാനാവൂ. നൂഹ് മുഖ്യധാരാ പാർട്ടികളുടെ ആശങ്കയാകുന്നില്ല എന്നത്, വോട്ടുബാങ്ക് പ്രീണനമാണ് നിലപാടുകൾക്ക് ആധാരം എന്നതിന്റെ തെളിവാണ്. വ്യാജ കഥകൾ എന്നും ഫാഷിസ്റ്റുകളുടെ മൂർച്ചയേറിയ ആയുധമാണല്ലോ. വ്യാജം പേർത്തും പേർത്തും പറഞ്ഞു സത്യമാക്കി മാറ്റാമെന്ന ഗീബൽസിയൻ തന്ത്രം ഇന്ന് സംഘ് പരിവാർ നന്നായി പ്രയോഗിക്കുന്നുണ്ട്. എല്ലാറ്റിനും ഒരന്ത്യം വരും. സത്യം അതിജയിക്കും. നൂഹിന്റെ പേടകം പ്രളയങ്ങളെ അതിജീവിക്കും. ഉമ്മത്തിനെ ആദർശ ധീരരാക്കുക എന്നതാണ് മുസ്്ലിം നേതൃത്വത്തിന്റെ ദൗത്യം.
അബൂ അനാൻ
വിവേകികൾ ഉണർന്ന് പ്രവർത്തിക്കേണ്ട സമയം
പ്രബോധനം ലക്കം 3315-ൽ, നമ്മുടെ നാട്ടിന്റെ നേരവസ്ഥ പി.ഐ നൗഷാദും റശീദുദ്ദീനും ശാഹിദ് ഫാരിസും വരച്ചു കാണിക്കുന്നു. വിദ്വേഷ രാഷ്ട്രീയവും വിവേകരഹിതമായ വിധി തീർപ്പുകളും നമ്മുടെ രാജ്യത്തെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്? വിവേകമുള്ളവർ ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണിത്. 'മുസ് ലിംകളെ തൊടാൻ ധൈര്യമുണ്ടെങ്കിൽ രംഗത്തു വാ' എന്ന കർഷക നേതാവ് സുരേഷ് കോത്തിന്റെ വെല്ലുവിളി ഈ ഇരുട്ടിലെ തിരിനാളമാണ്; നാട്ടുകാർ മുഴുവൻ ഒരേ വഴിക്കല്ല ചിന്തിക്കുന്നത് എന്നതിന് തെളിവുമാണ്.
റഹ്്മാൻ മധുരക്കുഴിയുടെ 'സ്നേഹ ബന്ധങ്ങളാൽ ഉർവരമാവട്ടെ ജീവിതം' എന്ന ലേഖനം കാലഘട്ടത്തിലെ നമ്മുടെ ദൗത്യമാണ് വരച്ചുകാട്ടുന്നത്. ലൈക്ക് പേജിൽ മെഹദ് മഖ്ബൂൽ ചൂണ്ടിക്കാട്ടിയ പോലെ 'ഇൻഫർമേഷൻ ഡയറ്റും ഓഫ് ലൈൻ ഫുഡും' സ്വീകരിക്കുന്നില്ലെങ്കിൽ നമ്മുടെ നിലനിൽപിന് ന്യായീകരണമില്ലാത്ത അവസ്ഥയാകും സംജാതമാവുക.
വി.ടി സൂപ്പി നിടുവാൽ, കുറ്റ്യാടി
അനുകരണീയ മാതൃക
നമസ്കാര ശേഷം കൂട്ടു പ്രാർഥന പതിവുള്ള പള്ളികളിൽ, ഇമാം സലാം വീട്ടിയ ഉടനെ മൈക്കിൽ അനുബന്ധ ദിക്റുകളും പ്രാർഥനകളും ഉറക്കെ, ദീർഘനേരം നടത്തുന്നത് പിന്നീട് നമസ്കരിക്കാൻ എത്തുന്നവർക്കും സുന്നത്ത് നമസ്കരിക്കുന്നവർക്കും ഏറെ അലോസരം ഉണ്ടാക്കാറുണ്ട്.
ഈ വസ്തുത കാന്തപുരം എ.പി അബൂബക്കർ മുസ്്ലിയാർ തന്റെ ക്ലാസ്സുകളിൽ സൂചിപ്പിക്കുകയും, അങ്ങനെ ചെയ്യുന്നവർ ഹ്രസ്വമായ വിധത്തിൽ അവ നടത്തുകയും മറ്റുള്ളവർക്ക് ശല്യമുണ്ടാവാതെ നോക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് ഉണർത്തുകയും ചെയ്തത് ഓർക്കുന്നു.
കോഴിക്കോട് നഗരത്തിൽ മാവൂർ റോഡിലെ മർക്കസ് പള്ളിയിലാണ് കഴിഞ്ഞയാഴ്ച ഒരു ദിവസം ഞാൻ മഗ്്രിബ് നമസ്കാരം നിർവഹിച്ചത്. നഗരത്തിൽ ഉണ്ടാവുന്ന സന്ദർഭങ്ങളിലെല്ലാം നമസ്കാരം ആ പള്ളിയിൽ തന്നെ നിർവഹിക്കാൻ ഞാൻ ശ്രദ്ധിക്കാറുമുണ്ട്. ജമാഅത്ത് നമസ്കാര ശേഷം വളരെ ഹ്രസ്വമായ ദിക്റുകളും ദുആയും മൈക്ക് ഉപയോഗിക്കാതെ നടത്തി, മർക്കസ് മേധാവിയുടെ ഉപദേശം അക്ഷരാർഥത്തിൽ നിറവേറ്റപ്പെട്ട അനുഭവം പങ്ക് വെക്കുകയാണ്.
മറ്റുള്ളവർക്ക് പ്രയാസമോ ശല്യമോ അനുഭവപ്പെടാത്ത വിധത്തിൽ, ഈ മാതൃക കൂട്ടു പ്രാർഥന പതിവുള്ള മറ്റ് പള്ളികളും സ്വീകരിക്കുന്നത് വളരെ നന്നായിരിക്കും. മാതൃക കാട്ടിയ മർക്കസ് പള്ളി അഭിനന്ദനം അർഹിക്കുന്നു.
പി.കെ ജമാൽ കോഴിക്കോട്
Comments