കാളരാത്രിക്ക് അന്ത്യം കുറിക്കണമെങ്കില്‍
''നിങ്ങള്‍ക്ക് അനിഷ്ടം തോന്നുകയില്ലെങ്കില്‍ ഞാന്‍ തുറന്നു പറയാനാഗ്രഹിക്കുന്നു, ഇന്ത്യ ഇംഗ്ലീഷുകാരുടെ അടിമത്ത ബന്ധനത്തില്‍നിന്ന് സ്വതന്ത്രമായെങ്കിലും ഇന്ത്യക്കാരുടെ മനഃസ്ഥിതിയും ചിന്താഗതിയും ഇന്നും പഴയ നിലക്ക് പാശ്ചാത്യരുടെ ആദർശ ചിന്താഗതികളുടെ ചങ്ങലകളാൽ ബന്ധിക്കപ്പെട്ടിരിക്കയാണ്. ഇതേ കാരണം കൊണ്ടാണ് എല്ലാ കാലത്തും ദൈവഭക്തിയുടെയും ആത്മീയതയുടെയും പതാക പറപ്പിച്ചുകൊണ്ടുപോന്ന ഈ നാട് ഇന്നും വര്‍ഗീയത, ദേശീയത തുടങ്ങിയ ഭൗതികാശയങ്ങളെ പൂജിച്ചുപോരുന്നത്. എന്തിനധികം, മതത്തിന്റെ പേരില്‍ വല്ല പ്രസ്ഥാനവും ആരംഭിച്ചാല്‍ തന്നെയും മതത്തിന്റെ ബാഹ്യമായ മൂടുപടമൊഴിച്ചു ബാക്കി മുഴുവനും വര്‍ഗീയ-ദേശീയ വികാരങ്ങളാല്‍ മാത്രം കരുപ്പിടിപ്പിച്ചതായിരിക്കും. അത്തരം പ്രസ്ഥാനക്കാരുടെ പ്രവര്‍ത്തന പരിശ്രമങ്ങളില്‍ വര്‍ഗീയാഹങ്കാരവും ദേശീയാവേശവും അടിക്കടി പ്രകടമായിക്കണ്ടെന്നുവരാം. പക്ഷേ ധാര്‍മിക സദാചാരം, നന്മ, സൽക്കര്‍മം, ദൈവഭക്തി എന്നിതുകളുടെ നിഴലാട്ടം പോലും അവരുടെ പ്രവര്‍ത്തനങ്ങളിലോ സംഘടനാപരമായ പരിപാടികളിലോ ദൃശ്യമാവുകയില്ല.''
1957-ല്‍ റാംപൂരില്‍ ചേര്‍ന്ന ജമാഅത്തെ ഇസ്്‌ലാമി അഖിലേന്ത്യാ സമ്മേളനത്തില്‍ അന്നത്തെ അമീര്‍ മൗലാനാ അബുല്ലൈസ് ഇസ്വ്്ലാഹി അവതരിപ്പിച്ച പ്രബന്ധത്തില്‍നിന്നുള്ള അവസാന ഖണ്ഡികയാണ് മുകളിലുദ്ധരിച്ചത്. 1948 ഏപ്രിലില്‍ നിലവില്‍ വന്ന ഇന്ത്യന്‍ ജമാഅത്തെ ഇസ്്‌ലാമിയുടെ പ്രഥമ സാരഥി തയാറാക്കി അവതരിപ്പിച്ച ഈ പ്രബന്ധം 'ജമാഅത്തെ ഇസ്്‌ലാമി ലക്ഷ്യം മാര്‍ഗം' എന്ന ശീര്‍ഷകത്തില്‍ പുസ്തക രൂപേണ ഇസ്്‌ലാമിക് പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2019 ഫെബ്രുവരിയില്‍ പുറത്തു വന്ന പതിനേഴാമത് പതിപ്പില്‍നിന്നാണ് ഉദ്ധൃത വരികള്‍. ഏഴു പതിറ്റാണ്ടുകള്‍ക്ക് ശേഷവും ഇസ്്‌ലാമിക പ്രസ്ഥാന നായകന്‍ അന്ന് തുറന്നു പറഞ്ഞ കാര്യങ്ങള്‍ പൂര്‍വാധികം തിക്തമായ സത്യമായി നമ്മുടെ മുന്നില്‍ നില്‍ക്കുന്ന അവസ്ഥാ വിശേഷത്തിലേക്ക് ശ്രദ്ധ ക്ഷണിക്കാനാണ് ആ വരികള്‍ ഉദ്ധരിക്കേണ്ടിവന്നത്. വര്‍ഗീയതയും രണോത്സുക ദേശീയതയും ഒരേ നാണയത്തിന്റെ രണ്ട് പുറങ്ങള്‍ മാത്രമാണെന്നും, യൂറോപ്പില്‍ ഉദയം ചെയ്ത കമ്യൂണലിസവും നാഷനലിസവും വിശ്വ മാനവികതയെ പാടേ നിരാകരിക്കുന്ന ദേശ, ഭാഷ, വര്‍ണ, വംശ പക്ഷപാതിത്തങ്ങളുടെ മൂടുപടങ്ങള്‍ മാത്രമാണെന്നും, ജര്‍മനിയില്‍നിന്നും ഇറ്റലിയില്‍നിന്നും ഇസ്രായേലില്‍നിന്നും പഠിച്ച തെറ്റായ പാഠങ്ങളാണ് സ്വതന്ത്ര ഇന്ത്യയെ ഇന്ന് ഭരിച്ചുകൊണ്ടിരിക്കുന്നതെന്നും നാം കണ്ടില്ലെന്ന് നടിച്ചിട്ട് കാര്യമില്ല. ലോകത്തേറ്റവും സന്തുഷ്ട രാജ്യങ്ങളെന്ന് യു.എന്‍ ഏജന്‍സി വിധിയെഴുതുന്ന ഫിന്‍ലാന്റ്, സ്വീഡന്‍, ഡെന്മാര്‍ക്ക് മുതലായ സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ പോലും ന്യൂനാല്‍ ന്യൂനപക്ഷങ്ങളായ മുസ്്‌ലിംകളുടെ മതവികാരം വ്രണപ്പെടുത്തുക ഒരു ഹോബിയാക്കി മാറ്റി, മുസ്്‌ലിം രാജ്യ എംബസികളുടെ മുമ്പാകെ വിശുദ്ധ ഖുര്‍ആന്‍ കോപ്പികള്‍ കത്തിക്കുന്നേടത്തോളം അസഹിഷ്ണുത മൂര്‍ഛിച്ചിട്ടുണ്ടെങ്കില്‍ ഭ്രാന്തമായ ദേശീയതയുടെ വിളയാട്ടമായി മാത്രമേ അതിനെ കാണാനാവൂ. ഏറ്റവുമൊടുവില്‍ ഈ രാജ്യങ്ങളുടെ യൂറോപ്യന്‍ യൂനിയന്‍ അംഗത്വത്തിന് പച്ചക്കൊടി കാട്ടാന്‍ തുര്‍ക്കിയ വിസമ്മതിച്ചപ്പോള്‍ മാത്രമാണ് മതപരമായ അസഹിഷ്ണുതക്ക് കടിഞ്ഞാണിടാനുള്ള ബില്‍ സ്വീഡിഷ് പാര്‍ലമെന്റ് അംഗീകരിച്ചതും ഡാനിഷ് പാർലമെന്റ് നിയമനിര്‍മാണം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നതും. ഫ്രാന്‍സില്‍നിന്ന് പുറത്തുവരുന്ന വാര്‍ത്തകളും ഇസ്്‌ലാമോഫോബിയയുടെ ആഴം വെളിപ്പെടുത്തുന്നതാണ്.
ഈ പശ്ചാത്തലത്തില്‍ വീക്ഷിക്കുമ്പോള്‍ ഇന്ത്യയില്‍ അഭൂതപൂര്‍വമായി മൂര്‍ഛിക്കുന്ന ഇസ്്‌ലാം-മുസ്്‌ലിം വിദ്വേഷത്തിന്റെ നാരായ വേര് കണ്ടെത്താന്‍ ബുദ്ധിമുട്ടേണ്ടതില്ല. ഏതാണ്ടൊരു നൂറ്റാണ്ടു കാലമായി ആസൂത്രിതമായി 'ഭാരതീയ ദേശീയത'യുടെ മറവില്‍ വളര്‍ത്തപ്പെട്ട വര്‍ഗീയത അഥവാ വംശീയത തന്നെയാണ് വില്ലന്‍. ദശവത്സരക്കാലം ഭരിച്ച ഹിന്ദുത്വ ശക്തികള്‍ മൂന്നാമൂഴം തരപ്പെടുത്തി ഔദ്യോഗികമായിത്തന്നെ ഹിന്ദു രാഷ്ട്ര സംസ്ഥാപനം പ്രഖ്യാപിക്കാനുള്ള കൊണ്ടുപിടിച്ച പ്രവര്‍ത്തനങ്ങളാണ് ശതകോടികള്‍ ചെലവിട്ട് നടക്കുന്നത്. കൗ ബെല്‍റ്റിലാകെ ഭൂരിപക്ഷ മനസ്സുകളില്‍ ഇസ്്‌ലാം- മുസ്്‌ലിം വിരോധം കുത്തിവെക്കാനുള്ള തീവ്ര ശ്രമത്തിന്റെ അശ്ലീല ദൃശ്യങ്ങളാണ് യു.പി മുസഫര്‍ നഗര്‍ ജില്ലയിലെ മന്‍സൂര്‍ പൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ നേഹ പബ്ലിക് സ്‌കൂളിൽനിന്ന് പുറത്തുവന്നിരിക്കുന്നത്. അധ്യാപിക തൃപ്ത ത്യാഗി രണ്ടാം ക്ലാസ്സുകാരനായ മുസ്്‌ലിം വിദ്യാര്‍ഥിയുടെ നേരെ കാണിച്ച കൊടും ക്രൂരത, അതേ ക്ലാസ്സുകാരായ അഞ്ച് വിദ്യാര്‍ഥികളെ നിര്‍ബന്ധപൂര്‍വം ബാലന്റെ മുഖത്തടിപ്പിക്കുന്ന സംഭവം വീഡിയോയിലൂടെ രാജ്യത്താകെ ദൃശ്യവത്കരിക്കപ്പെട്ടപ്പോള്‍ ഇന്ത്യ എങ്ങോട്ട് പോകുന്നു, എവിടെ എത്തിയിരിക്കുന്നു എന്ന് ലോകത്തിന് മനസ്സിലാക്കാനുള്ള അവസരമാണ് ഒരുക്കപ്പെട്ടത്. നരേന്ദ്ര മോദിയും സഹ പ്രവര്‍ത്തകരും ജി 20 രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിക്ക് ആതിഥ്യം വഹിക്കാന്‍ പോകുന്ന അസുലഭ സന്ദര്‍ഭത്തില്‍ തന്നെ അരങ്ങേറിയ ഈ സംഭവം ചന്ദ്രയാന്‍ ദൗത്യം പൂര്‍ത്തീകരിച്ചതിന്റെ ജയഭേരി മുഴക്കുന്ന അസുലഭ നിമിഷങ്ങളില്‍ എന്ത് സന്ദേശമാണ് ലോകത്തിന് നല്‍കുക എന്നാലോചിക്കാവുന്നതേയുള്ളൂ. തല്‍ക്കാലത്തെ പ്രതിഷേധവും ഒച്ചപ്പാടുമൊതുക്കാന്‍ അധ്യാപികയുടെ പേരില്‍ ദുര്‍ബല വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ടെങ്കിലും യോഗി ആദിത്യ നാഥിന്റെ സാമ്രാജ്യത്തില്‍ ഇതും ഇതിലപ്പുറവും സംഭവിക്കുക തീര്‍ത്തും സ്വാഭാവികമായേ കാണേണ്ടതുള്ളൂ. അധ്യാപികയാവട്ടെ തന്റെ പ്രവൃത്തിയിൽ അശേഷം ഖേദിക്കുന്നുമില്ല. പല നാളായ് പണിതുയര്‍ത്തുന്ന പരമത വിദ്വേഷ കോട്ട പൂര്‍ണതയിലെത്താന്‍ ഏതാനും മാസങ്ങളേ കാത്തിരിക്കേണ്ടതുള്ളൂ എന്ന് ഭൂരിപക്ഷ വര്‍ഗീയതയുടെ ധ്വജവാഹകര്‍ കണക്ക് കൂട്ടുന്നുണ്ടാവാം. ആ കണക്ക് കൂട്ടല്‍ പിഴക്കണമെങ്കില്‍ രവീന്ദ്ര നാഥ ടാഗോറും സ്വാമി വിവേകാനന്ദനും ശ്രീനാരായണ ഗുരുവും മഹാത്മാ ഗാന്ധിയും സ്വപ്‌നം കണ്ട സനാതന ധര്‍മാധിഷ്ഠിത രാമരാജ്യ നിര്‍മിതിയിലേക്ക് ഭൂരിപക്ഷ മനസ്സിനെ തിരിച്ചുവിടണം. മതന്യൂനപക്ഷങ്ങളെ കൂട്ടക്കൊല ചെയ്തും അവരുടെ പാര്‍പ്പിടങ്ങളുടെയും തൊഴിലിടങ്ങളുടെയും നേരെ ബുള്‍ഡോസര്‍ പ്രയോഗിച്ചും ആരാധനാലയങ്ങള്‍ പിടിച്ചടക്കിയും ഇളം തലമുറയുടെ വിദ്യാഭ്യാസം മുടക്കിയും സാമൂഹിക ബഹിഷ്‌കരണം നടപ്പാക്കിയും ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിച്ചും പൗരത്വം നിരാകരിച്ചും സ്ഥാപിതമാവുന്ന പൈശാചിക സംവിധാനമല്ല യഥാര്‍ഥ രാമരാജ്യമെന്ന് ഹിന്ദി സംസാരിക്കുന്ന ജനസമൂഹത്തെ ബോധ്യപ്പെടുത്തണം. 'അയോധ്യയില്‍ ജനിച്ച ദശരഥ പുത്രനായ രാമനല്ല എന്റെ രാമന്‍, റഹ്്മാനെന്നും റഹീമെന്നും മുസ്്ലിംകള്‍ വിളിക്കുന്നത് ആരെയാണോ അവനാണ് എന്റെ രാമന്‍' എന്ന് രാഷ്ട്രപിതാവ് പറഞ്ഞുവെച്ചതിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ട്, വിശ്വമാനവികതയുടെ ഭൂമികയില്‍ സ്‌നേഹസാമ്രാജ്യം സ്ഥാപിതമാവുന്നതിനെ ആശ്രയിച്ചിരിക്കുന്നു ഭൂലോകത്തിന്റെ നെറുകയില്‍ ഇന്ത്യയുടെ സ്ഥാനം. ഇലക്്ഷന്‍ തലക്ക് മുകളില്‍ വന്നുനില്‍ക്കുമ്പോള്‍ രൂപപ്പെടുത്തുന്ന മതേതര മുന്നണികള്‍ക്കത് സാധിച്ചുകൊള്ളണമെന്നില്ല. മനുഷ്യ സാഹോദര്യവും സ്‌നേഹവും ധര്‍മവും സദാചാരവും പുലരുന്ന സമൂഹത്തിനായി നാനാജാതി മതസ്ഥരായ മനുഷ്യ സ്‌നേഹികള്‍ ഒറ്റക്കെട്ടായി അക്ഷീണ യത്‌നം നടത്തിയാല്‍ മാത്രമേ വംശീയ ഭ്രാന്തിന്റെ കാളരാത്രി അവസാനിക്കൂ.
Comments