വാദിച്ചു വാങ്ങുന്നത് നരകത്തിന്റെ കഷണമാണോ?
عَنْ أُمِّ سَلَمَة رَضِيَ اللهُ عَنْهُمَا أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: إنَّمَا أنَا بَشَرٌ وإنَّكُمْ تَخْتَصِمُونَ إلَيَّ، ولَعَلَّ بَعْضَكُمْ أنْ يَكونَ ألْحَنَ بحُجَّتِهِ مِن بَعْضٍ، فأقْضِي علَى نَحْوِ ما أسْمَعُ، فمَن قَضَيْتُ له مِن حَقِّ أخِيهِ شيئًا، فلا يَأْخُذْهُ فإنَّما أقْطَعُ له قِطْعَةً مِنَ النَّارِ (متفق عليه).
ഉമ്മു സലമ(റ)യിൽനിന്ന്. അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു: "ഞാനൊരു മനുഷ്യൻ മാത്രമാണ്. നിങ്ങൾ എന്നോട് വാദിക്കും. നിങ്ങളിൽ ചിലർ ചിലരെക്കാൾ ന്യായീകരിക്കാൻ വാക്്സാമർഥ്യം ഉള്ളവരാകാം. കേട്ടത് അനുസരിച്ചാണ് ഞാൻ വിധിക്കുക. തന്റെ സഹോദരന്റെ അവകാശത്തിൽ നിന്നെന്തെങ്കിലും ഞാൻ വിധിച്ച് നൽകുന്നുണ്ടെങ്കിൽ അതാരും വാങ്ങരുത്. കാരണം, നരകത്തിന്റെ ഒരു കഷ്ണമാണ് ഞാനവന് പകുത്ത് നൽകുന്നത്"
(ബുഖാരി, മുസ്്ലിം).
ഉമ്മു സലമ (റ) ഈ ഹദീസിന്റെ പശ്ചാത്തലം വിവരിക്കുന്നത് ഇപ്രകാരമാണ്: നബി (സ) അവരുടെ വീട്ടിൽ താമസിക്കാനായി വന്ന ഒരു ദിവസം വാതിലിനപ്പുറത്ത് ചിലർ ബഹളം വെക്കുന്നത് അവിടുന്ന് കേട്ടു. അന്ന് റസൂലിന്റെ ഊഴം ഉമ്മു സലമ(റ)യുടെ വീട്ടിലായിരുന്നു. തങ്ങളുടെ പ്രശ്നങ്ങളിൽ വിധി തേടി ആളുകൾ റസൂലിനെ കാണാനായി എത്തിയിരിക്കുകയാണ്. നബി ഓരോരുത്തരുടെയും പ്രശ്നങ്ങൾ പഠിക്കാനും വിധി പറയാനുമായി ആളുകളുടെ അടുത്തേക്ക് ചെന്നു. ഈ ചർച്ചയുടെ തുടക്കത്തിൽ താക്കീതായി പറഞ്ഞ വാക്കുകളാണ് മുകളിലെ ഹദീസിലുള്ളത്.
കൈക്കൂലിയും കോഴയും നൽകി ജഡ്ജിമാരെയും ഭരണാധികാരികളെയും സ്വാധീനിച്ച് അനുകൂല വിധി നേടിയെടുക്കുന്നതും ഇക്കൂട്ടത്തിൽ പെടും. അല്ലാഹു പറയുന്നു: "നിങ്ങളുടെ ധനം അന്യോന്യം അന്യായമായി ആഹരിക്കാതിരിക്കുക. അന്യരുടെ ധനത്തില്‍നിന്നൊരു ഭാഗം മനഃപൂര്‍വം അന്യായമായി അനുഭവിക്കുന്നതിനുവേണ്ടി നിങ്ങളതുമായി ഭരണാധികാരികളെ സമീപിക്കയുമരുത്" (2: 188).
ഈ വാക്യത്തെ വിശദീകരിച്ച് ഇമാം ഖതാദ (റ) എഴുതി: "മനുഷ്യാ, അറിയുക: വിധികർത്താക്കളുടെ വിധികൾ ഒരിക്കലും ഹറാമിനെ ഹലാലാക്കുകയില്ല. മിഥ്യയെ സത്യമാക്കുകയുമില്ല.
ഖാദി വിധിക്കുന്നത് സാക്ഷികളുടെ മൊഴികളിൽനിന്നും മറ്റും അദ്ദേഹത്തിന് ബോധ്യപ്പെട്ടതാണ്. ന്യായാധിപൻ അബദ്ധവും സുബദ്ധവും സംഭവിക്കാനിടയുള്ള മനുഷ്യൻ മാത്രമാണ്. നിങ്ങളറിയുക: ഒരാൾക്കനുകൂലമായ വിധിയുണ്ടായാൽ അയാളുടെ പ്രതിയോഗിയുടെ വാദങ്ങളെല്ലാം പാഴായി എന്ന് വിചാരിക്കരുത്. അന്ത്യദിനത്തിൽ ഇരുവരെയും ഒരുമിച്ചുകൂട്ടി തികച്ചും നീതിപൂർവമായ വിധി നടപ്പാക്കും" (ഇബ്നു കസീർ).
ഹദീസിൽനിന്നുള്ള പ്രധാന പാഠങ്ങൾ ഇവയാണ്: ഒന്ന്: ഒരു മനുഷ്യനും അദൃശ്യകാര്യങ്ങൾ അറിയുകയില്ല.
രണ്ട്: ഖുർആനിലും ഹദീസിലും വ്യക്തമായിപ്പറയാത്ത വിഷയത്തിൽ ന്യായാധിപന് ഗവേഷണം നടത്താവുന്നതാണ്.
മൂന്ന്: ജനങ്ങളുടെ സമ്പത്ത് അന്യായമായി ആഹരിക്കുന്നവർ നരകത്തിന്റെ ഇന്ധനമായി മാറും.
നാല്: നന്നായി ഗൃഹപാഠം നടത്തിയ ശേഷമാണ് വിധി പറയുന്നതെങ്കിൽ അതിലെ തെറ്റുകൾ വിധികർത്താവിന് അല്ലാഹു പൊറുത്തു കൊടുക്കും.
അഞ്ച്: വാദിയുടെയും പ്രതിയുടെയും വാക്കുകൾ കേട്ട ശേഷം ബോധ്യപ്പെടുന്ന വസ്തുതകൾ മുന്നിൽവെച്ചാണ് ജഡ്ജി വിധി നടത്തേണ്ടത്. l
Comments