Prabodhanm Weekly

Pages

Search

2023 സെപ്റ്റംബർ 01

3316

1445 സഫർ 15

തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പിൻമടക്കമല്ല

എഡിറ്റർ

ഫ്രന്റ് ലൈൻ ദ്വൈവാരികയിൽ (2023, ജൂലൈ 13) തൽമീസ് അഹ്്മദ് എഴുതിയ ഒരു ലേഖനത്തിന്റെ തലക്കെട്ട് ഇങ്ങനെയാണ്: 'രാഷ്ട്രീയ ഇസ്്ലാമിന്റെ പിൻവാങ്ങൽ ഇസ്്ലാമിസാനന്തര ക്രമത്തിന്റെ സാധ്യതകൾ തുറക്കുന്നു.' ഇസ്്ലാമിസ്റ്റ് രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞു എന്നാണ് അറബ്- മുസ്്ലിം ലോകത്തെ ഒടുവിലത്തെ രാഷ്ട്രീയ സംഭവ വികാസങ്ങൾ വിശകലനം ചെയ്തുകൊണ്ട് അദ്ദേഹം സമർഥിക്കുന്നത്. ഒരുകാലത്ത് മുസ്്ലിം ലോകത്തെ മുഖ്യധാരാ രാഷ്ട്രീയ ചർച്ചകളിൽ നിറഞ്ഞുനിന്നിരുന്ന ഇസ്്ലാമിസ്റ്റുകളെയും അവരുടെ പാർട്ടികളെയും ഇപ്പോൾ എവിടെയും കാണാനില്ലെന്നും അദ്ദേഹം എഴുതുന്നു. ഇത് ഒരു കോറസ് പോലെ ഏറ്റുപാടുന്ന പത്രപ്രവർത്തകരും ബുദ്ധിജീവികളും ധാരാളമുണ്ട്. ആസിഫ് ബയാത്ത്, ഒലീവിയർ റോയ് പോലുള്ള ഗവേഷകർ ഒരു പതിറ്റാണ്ട് മുമ്പെങ്കിലും ഇതു പറയാൻ തുടങ്ങിയിട്ടുണ്ട്. ഇസ്്ലാമിക പ്രസ്ഥാനങ്ങൾ രാഷ്ട്രീയ വേദികളിൽനിന്നും ജനമനസ്സുകളിൽനിന്നും പിൻവാങ്ങുകയാണ് എന്ന് വാദിക്കാൻ അവർക്ക് പ്രേരണയാവുന്നത് വിവിധ നാടുകളിൽ ഇസ്്ലാമിസ്റ്റ് കക്ഷികൾക്കേറ്റ തെരഞ്ഞെടുപ്പ് തോൽവികളാണ്. ഈ തോൽവികളെ വസ്തുനിഷ്ഠമായി വിശകലനം ചെയ്യാൻ ഈ രാഷ്ട്രീയ നിരീക്ഷകരൊന്നും തയാറല്ല. പലപ്പോഴും ഇസ്്ലാമിസ്റ്റ് കക്ഷികൾ തോൽക്കുകയല്ല, തോൽപ്പിക്കപ്പെടുകയാണ്. ഇസ്്ലാമിക പ്രസ്ഥാനങ്ങളെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കാൻ ബില്യൻ കണക്കിന് ഡോളറുകളാണ് തൽപ്പരകക്ഷികളും അതത് നാടുകളിലെ ഡീപ് സ്റ്റേറ്റും ഒഴുക്കുന്നത്. തുനീഷ്യയുടെ ഉദാഹരണം മാത്രമെടുത്താൽ മതി. അവിടത്തെ ഏകാധിപതി സൈനുൽ ആബിദീൻ ബിൻ അലി പുറത്താക്കപ്പെട്ട ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായത് ഇസ്്ലാമിക പ്രസ്ഥാനമായ അന്നഹ്ദയാണ്. പിന്നെ നടന്ന തെരഞ്ഞെടുപ്പുകളിലും അവർ വിജയം ആവർത്തിക്കുകയുണ്ടായി. പക്ഷേ, അകത്തും പുറത്തുമുള്ള അന്നഹ്ദയുടെ എതിരാളികൾ തുടക്കം മുതൽ തന്നെ പലതരം പ്രതിസന്ധികൾ ബോധപൂർവം സൃഷ്ടിച്ചുകൊണ്ടിരുന്നു. അന്നഹ്ദ ഭരണത്തിലിരിക്കെയാണ് രണ്ട് പ്രമുഖ ട്രേഡ് യൂനിയൻ നേതാക്കൾ വധിക്കപ്പെട്ടത്. ഭരണ കക്ഷിയായതുകൊണ്ട് കുറ്റം അന്നഹ്ദയുടെ തലയിൽ കെട്ടിവെക്കാൻ എളുപ്പമായിരുന്നു. ഭരണം മെച്ചപ്പെടാതിരിക്കാൻ സാമ്പത്തിക സഹായങ്ങൾ തടഞ്ഞുവെച്ചും ശ്വാസം മുട്ടിച്ചുകൊണ്ടിരുന്നു. ഇപ്പോൾ ഒരു ആഗോള ഗൂഢാലോചനാ സംഘം ഖൈസ് സഈദ് എന്ന ഏകാധിപതിയെ മുന്നിൽ നിർത്തി അവിടത്തെ ജനാധിപത്യ ഘടനയെയും ഭരണഘടനയെയും അട്ടിമറിച്ചിരിക്കുന്നു. ഇസ്്ലാമിസ്റ്റുകളെ അധികാരത്തിൽനിന്ന് പുറത്താക്കാനും അവർ അധികാരത്തിൽ വരാതിരിക്കാനും സമാനമായ അട്ടിമറികളാണ് നാം ഈജിപ്തിലും ബംഗ്ലാദേശിലും കണ്ടത്. ഇതൊക്കെ എങ്ങനെയാണ് ഇസ്്ലാമിസ്റ്റുകൾക്കേറ്റ തിരിച്ചടിയാവുന്നത് എന്നാണ് മനസ്സിലാവാത്തത്. ഡീപ് സ്റ്റേറ്റ് സദ്ഭരണം കാഴ്ചവെക്കാൻ സമ്മതിക്കാത്തതുകൊണ്ടാണ് പലപ്പോഴും തെരഞ്ഞെടുപ്പിൽ ഇസ്്ലാമിസ്റ്റുകൾക്ക് തിരിച്ചടി നേരിടുന്നത്. നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ തന്നെ പലതരം തിരിമറികളും കൃത്രിമങ്ങളും നടക്കുന്നുമുണ്ട്.
ഇങ്ങനെ പല ബാഹ്യ കാരണങ്ങളുണ്ട്. അതൊന്നും കാണാതെ, ഇസ്്ലാമിസ്റ്റുകളെ ഭരിക്കാൻ കൊള്ളാത്തതുകൊണ്ട് ജനം അവരെ പുറന്തള്ളി എന്ന മട്ടിലുള്ള വിശകലനങ്ങൾ ഒട്ടും സത്യസന്ധമല്ല. അതേസമയം, അൾജീരിയൻ ഇസ്്ലാമിക പ്രസ്ഥാനമായ മുജ്തമഉസ്സിൽമിന്റെ മുൻ അധ്യക്ഷൻ ഡോ.അബ്ദുർറസാഖ് മഖർരി ചൂണ്ടിക്കാട്ടിയതു പോലെ, ഇസ്്ലാമിക പ്രസ്ഥാനങ്ങൾക്ക് പിണഞ്ഞ അബദ്ധങ്ങളും ജനസ്വാധീനം കുറയാൻ ഒരു പരിധി വരെ കാരണമായിട്ടുണ്ടാവാം. ഏതായാലും ലോകത്തെവിടെയുമുള്ള ഇസ്്ലാമിക പ്രസ്ഥാനങ്ങൾ അവയുടെ ചരിത്രത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന കാര്യത്തിൽ സംശയമില്ല. മുകളിൽ പറഞ്ഞതും അല്ലാത്തതുമായ കാരണങ്ങളാൽ അവയ്ക്ക് തെരഞ്ഞെടുപ്പുകളിൽ തിരിച്ചടി നേരിട്ടുണ്ടെങ്കിൽ അവ അസ്തിത്വ ഭീഷണി നേരിടുന്നു എന്നതിന് തെളിവല്ല അത്. ഭരണകൂട ഭീകരതകൾ ഏശാത്ത ഒരു ഘട്ടം വരുമ്പോൾ ആ പ്രസ്ഥാനങ്ങൾ പൂർവോപരി ശക്തിയോടെ തിരിച്ചു വരും. ഈയൊരു നിഗമനത്തെ ശരിവെക്കുന്നതാണ് ചരിത്ര സാക്ഷ്യങ്ങളും. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 07-08
ടി.കെ ഉബൈദ്‌

ഹദീസ്‌

വാദിച്ചു വാങ്ങുന്നത് നരകത്തിന്റെ കഷണമാണോ?
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്