Prabodhanm Weekly

Pages

Search

2023 സെപ്റ്റംബർ 01

3316

1445 സഫർ 15

ആത്മാഭിമാനത്തോടെ ഇസ്്ലാമിനെ പ്രതിനിധാനം ചെയ്യുക

പി. മുജീബുർറഹ്മാൻ

ജമാഅത്തെ ഇസ്്ലാമി കേരള അമീറായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണല്ലോ. വ്യക്തിപരമായ പരിചയപ്പെടുത്തലില്‍നിന്ന് തുടങ്ങാം.

മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത തൊണ്ടിയാണ് സ്വദേശം. പിതാവ് പുതിയറക്കല്‍ മുഹമ്മദ്. പ്രാഥമിക വിദ്യാഭ്യാസം നാട്ടിലെ ഗവണ്‍മെന്റ് സ്‌കൂളില്‍നിന്നും മത വിദ്യാഭ്യാസം സമസ്ത വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള മദ്‌റസയില്‍നിന്നുമായിരുന്നു. പത്താം ക്ലാസ് പാസ്സായതിനു ശേഷമാണ് ശാന്തപുരം ഇസ്്ലാമിയാ കോളേജിലെത്തുന്നത്. അതാണ് ഞങ്ങളുടെ കുടുംബത്തിന്റെ ജീവിതത്തിലെ തന്നെ വഴിത്തിരിവായി മാറിയതെന്ന് പറയാം. അതിന് കാരണക്കാരന്‍ കഠിനാധ്വാനിയും ദീനീ തല്‍പരനുമായിരുന്ന ഉപ്പ തന്നെയായിരുന്നു. ഒമ്പത് വര്‍ഷം മുമ്പാണ് ഉപ്പ അല്ലാഹുവിലേക്ക് യാത്രയായത്. അദ്ദേഹം കര്‍ഷകനും നാട്ടിലെ മഹല്ല് പ്രസിഡന്റുമായിരുന്നു. ദീനീ രംഗത്ത് കണിശത പുലര്‍ത്തുകയും ചെയ്തിരുന്നു. ഉപ്പയുടെ ദീര്‍ഘ ദൃഷ്ടിയും ദീനീ താല്‍പര്യവുമാണ് മതവിദ്യാഭ്യാസവും ഭൗതിക വിദ്യാഭ്യാസവും ഒരു പോലെ ലഭിക്കുന്ന ജമാഅത്തെ ഇസ്്ലാമിയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ഞങ്ങളെയെല്ലാവരെയും എത്തിച്ചത്. ആ കാലത്ത് എന്റെ ഗ്രാമത്തിലോ വീട്ടിലോ ജമാഅത്തെ ഇസ്്ലാമിയില്ലെന്ന് പറയാം. ഇന്ന് രണ്ട് സഹോദരന്‍മാരും സഹോദരിമാരും പില്‍ക്കാലത്ത് ഉപ്പയും  ഉള്‍പ്പെടെ കുടുംബത്തിലെ മുഴുവന്‍ പേരെയും പ്രസ്ഥാന വഴിയിലെത്തിച്ചത് ജമാഅത്തെ ഇസ്്ലാമിക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമാണെന്ന് പറയാനാവും.

സംഘടനാ പ്രവര്‍ത്തന രംഗത്തേക്ക് കടന്നുവരുന്നത് എങ്ങനെയാണ്? വിദ്യാഭ്യാസ കാലം സംഘടനാ ജീവിതത്തെ ഏതൊക്കെ നിലയില്‍ സ്വാധീനിച്ചു?

സ്‌കൂള്‍ പഠനകാലത്ത് എനിക്ക് സ്വാഭാവികമായും ബന്ധം എം.എസ്.എഫിനോടായിരുന്നു. അതിനങ്ങനെ പ്രത്യേകിച്ച് കാരണമൊന്നുമില്ല. അന്നത്തെ ഒരു രീതി അതായിരുന്നല്ലോ. ശാന്തപുരത്ത് നിന്നാണ് ദീനീപരവും പ്രാസ്ഥാനികവുമായ പഠനം സാധ്യമാകുന്നത്. പ്രഗല്‍ഭരും പണ്ഡിതന്മാരുമായ  അധ്യാപകരുമായുണ്ടായ സഹവാസവും അവരില്‍നിന്ന് കിട്ടിയ ശിക്ഷണവും പില്‍ക്കാല സംഘടനാ ജീവിതത്തെ വലിയ തോതില്‍ സ്വാധീനിച്ചിട്ടുണ്ട്. കാരണം, പ്രമാണങ്ങളെ കാലോചിതമായി അവതരിപ്പിക്കാനും പുതിയ കാലവുമായി ഇണക്കിച്ചേര്‍ത്ത് വിനിമയക്ഷമമാക്കാനും പര്യാപ്തമായ ഇസ്്ലാമിക വിദ്യാഭ്യാസ രീതിയാണല്ലോ ശാന്തപുരത്തിന്റെ സവിശേഷത. കാമ്പസില്‍ വളരെ സജീവമായി തന്നെ എസ്.ഐ.ഒ  ഉണ്ടായിരുന്നു. അക്കാദമിക വ്യവഹാരങ്ങള്‍ക്കൊപ്പം തന്നെ ആക്ടിവിസവും ശാന്തപുരം പഠനത്തിന്റെ ഭാഗമായിരുന്നു. അതിനാല്‍, പില്‍ക്കാലത്ത് സംഘടനാ പ്രവര്‍ത്തനരംഗത്ത് നിലയുറപ്പിച്ചപ്പോള്‍ ജനകീയ സമരങ്ങളുമായും സിവില്‍ പൊളിറ്റിക്‌സുമായും ബന്ധപ്പെടാനും നിലപാടുകളെടുക്കാനും പഠനകാലത്തെ പ്രാസ്ഥാനികമായ ദിശാബോധം വലിയ കൈമുതലായി. കൂടാതെ, കാമ്പസില്‍ വളരെ സജീവമായിരുന്ന സാഹിത്യസമാജങ്ങളും എസ്.ഐ.ഒ പ്രതിവാര യോഗങ്ങളും വിദ്യാര്‍ഥി പാര്‍ലമെന്റുകളും കാമ്പസിനകത്തും പുറത്തും നടക്കുന്ന പ്രാസ്ഥാനിക പരിപാടികളും സംഘടനാ ജീവിതത്തെ പലനിലക്കും പരുവപ്പെടുത്തിയിട്ടുണ്ട്.

അതിനും പുറമെ എസ്.ഐ. ഒവിന്റെയും ജമാഅത്തിന്റെയും വിവിധ തലങ്ങളില്‍ നേതാക്കളൊക്കെ ആയിത്തീര്‍ന്ന ഊര്‍ജസ്വലരായ സീനിയര്‍ വിദ്യാര്‍ഥികള്‍ വ്യക്തിത്വ വളര്‍ച്ചയെയും കഴിവുകളെയും പരിപോഷിപ്പിച്ചിട്ടുണ്ട്. എന്റെ മാത്രമല്ല, കേരളത്തിനകത്തും പുറത്തും ഇന്നറിയപ്പെടുന്ന പലരുടെയും ജീവിതം സമാന സ്വഭാവത്തിലൂടെ കടന്നുപോന്നതാണ്. പഠിച്ചുകൊണ്ടിരിക്കെ തന്നെ കോളേജില്‍ എസ്.ഐ.ഒ യൂനിറ്റ് പ്രസിഡന്റായും  മലപ്പുറം ജില്ലാ സമിതിയംഗമായും തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് എസ്.ഐ.ഒവിന്റെ സംസ്ഥാന കാമ്പസ് ഓര്‍ഗനൈസറായി നിയോഗിക്കപ്പെട്ടതാണ് സംസ്ഥാന തലത്തിലെ ആദ്യ സംഘടനാ ചുമതല.

ഹോസ്റ്റല്‍ സൗകര്യത്തോടെ തീര്‍ത്തും പ്രാസ്ഥാനികമായ അന്തരീക്ഷത്തില്‍ വളര്‍ന്ന എനിക്ക് കേരളത്തിലെ പൊതു കാമ്പസുകളിലെ സംഘടനാ പ്രവര്‍ത്തനം പുത്തന്‍ അനുഭവമായിരുന്നു. അന്ന് സംസ്ഥാന പ്രസിഡന്റ് ടി.കെ ഫാറൂഖ് സാഹിബും സെക്രട്ടറി ആര്‍. യൂസുഫ് സാഹിബുമായിരുന്നു. ഓഫീസില്‍ നിന്ന് നല്‍കിയ പട്ടിക പ്രകാരം ഒന്ന് രണ്ട് മാസം കൊണ്ട് തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളേജ് മുതല്‍ കാസർകോട് വരെയുള്ള നിരവധി കാമ്പസുകളിലൂടെ അന്ന് യാത്ര ചെയ്തു. ആ യാത്ര ഫുള്‍ടൈം സംഘടനാ പ്രവര്‍ത്തനം കഴിയില്ലെന്ന നിലപാടിലാണ് എന്നെ കൊണ്ടെത്തിച്ചത്.

അങ്ങനെ രണ്ട് മാസക്കാലത്തെ കാമ്പസ് ഓര്‍ഗനൈസര്‍ ഉത്തരവാദിത്വം ഒഴിവാക്കി നാട്ടിലേക്ക് തിരിച്ചുവെങ്കിലും തൊട്ടടുത്ത മീഖാത്തില്‍തന്നെ എസ്.ഐ.ഒ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയായി വീണ്ടും കോഴിക്കോട്ടേക്ക് വരേണ്ടി വന്നു. എസ്.ഐ. ഒ പ്രായപരിധി കഴിഞ്ഞ് നിശ്ചിത കാലയളവ് വയനാട്ടിലും മലപ്പുറത്തും ജമാഅത്തെ ഇസ്്ലാമിയുടെ ജില്ലാ നേതൃചുമതല നിർവഹിച്ചത് മാറ്റിനിര്‍ത്തിയാല്‍, ബാക്കി കാലയളവ് മുഴുവന്‍ സംഘടനാ നേതൃ ചുമതലയുമായി  കോഴിക്കോട്ടാണുള്ളത്.

പ്രസ്ഥാന നേതാക്കളുമായുള്ള ബന്ധം?

നേതാക്കളുമായിട്ട് മാത്രമല്ല, നൂറ് കണക്കിന് വരുന്ന പ്രവര്‍ത്തകരുമായുള്ള ഇടപഴക്കങ്ങളും യാത്രകളും സഹവാസങ്ങളുമെല്ലാം നമ്മുടെ ഓരോരുത്തരുടെയും വ്യക്തിത്വത്തെ രൂപപ്പെടുത്തുമല്ലോ. എന്നാലും തിരിഞ്ഞു നോക്കുമ്പോള്‍,  പ്രാസ്ഥാനികമായി ദിശ നിര്‍ണയിച്ചതില്‍ വലിയ സ്വാധീനം ചെലുത്തിയ ചിലരുണ്ട്. ഇഛാശക്തിയില്‍ പകരംവെക്കാനില്ലാത്ത മർഹൂം കെ.എ സിദ്ദീഖ് ഹസന്‍ സാഹിബ്. അസാധ്യമെന്ന് തോന്നാവുന്ന പല ടാസ്‌കുകളും ഏറ്റെടുത്ത് വിജയിപ്പിക്കാനാവുമെന്ന ആത്മവിശ്വാസം പകര്‍ന്ന നേതാവ്. അദ്ദേഹത്തിന്റെ വാക്കുകളും സാമീപ്യവും ഹസ്തദാനവും പകർന്നുതന്ന ഊർജം വേറിട്ട അനുഭവം തന്നെയായിരുന്നു. ചിന്തയിലും ദാര്‍ശനികതയിലും പ്രായം തളര്‍ത്താതിരുന്ന മർഹൂം ടി. കെ അബ്ദുല്ല സാഹിബ്. ഇസ്്ലാമിക പ്രസ്ഥാനത്തെക്കുറിച്ച മുഴുസമയ ചിന്ത. വ്യക്തിയെന്ന നിലയില്‍ വിസ്മയിപ്പിക്കുന്ന കരുതല്‍. വീട്, കുടുംബം, കുട്ടികള്‍, ലീവെടുത്ത സര്‍ക്കാര്‍ ജോലി, കൃഷി തുടങ്ങി പ്രതീക്ഷിക്കാത്ത എന്റെ സ്വകാര്യ ജീവിത ഇടങ്ങളിലും രക്ഷിതാവിന്റെ വാല്‍സല്യത്തോടെ ടി.കെ സാഹിബ് ഉണ്ടായിരുന്നു.

കര്‍മോല്‍സുകതയിലും പ്രവര്‍ത്തന നൈരന്തര്യത്തിലും ഏറെ മുന്നിലുള്ള ശൈഖ് മുഹമ്മദ് (കാരകുന്ന്) സാഹിബ്, മീഡിയാ രംഗത്ത് പ്രസ്ഥാനം കനത്ത പ്രതിസന്ധി നേരിട്ട നാളുകളില്‍ എനിക്ക് ധൈര്യം പകര്‍ന്നും പ്രായവും വിശ്രമവും പാടേ വിസ്മരിച്ചും കൂടെ നിന്നത്  മറക്കാനാവാത്ത അനുഭവമാണ്. സോളിഡാരിറ്റി പ്രായപരിധി കഴിഞ്ഞയുടനെ എന്നെ ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി നിശ്ചയിക്കാനുള്ള സാഹസത്തിന് മുതിര്‍ന്ന ടി. ആരിഫലി സാഹിബ്, എനിക്കനുവദിച്ച സ്വാതന്ത്ര്യം പലപ്പോഴും എന്നെ അതിശയിപ്പിച്ചിട്ടുണ്ട്. ഞാന്‍ കാരണം സംഭവിച്ച അബദ്ധങ്ങളെല്ലാം അദ്ദേഹം സ്വയം ഏറ്റെടുത്ത് കൂടെ ചേർത്തുനിര്‍ത്തിയതിന്റെ  സുഖവും ആനുകൂല്യവും നന്നായി ആസ്വദിച്ചിട്ടുമുണ്ട്. ദല്‍ഹിയിലേക്കുള്ള അദ്ദേഹത്തിന്റെ കൂടുമാറ്റത്തില്‍ വല്ലാത്ത നഷ്ടബോധം അനുഭവിച്ച വ്യക്തിയാണ് ഞാന്‍. എം.ഐ അബ്ദുല്‍ അസീസ് സാഹിബാണ് മറ്റൊരാള്‍. കഴിഞ്ഞ എട്ട് വര്‍ഷം ജ്യേഷ്ഠാനുജ വികാരത്തില്‍ കൊണ്ടുനടന്ന്, പല സുപ്രധാന ദൗത്യവും എന്നില്‍ വിശ്വസിച്ചേല്‍പിക്കുകയും നിറഞ്ഞ പിന്തുണ നല്‍കുകയും ചെയ്തു. നേതൃതലങ്ങളിലെ സമാനരായ നിരവധി പ്രഗല്‍ഭരുടെ കാല്‍പാടുകള്‍ എന്റെ പ്രസ്ഥാന ജീവിതത്തിലെ വഴിവെളിച്ചമാണ്.

താങ്കള്‍ അമീറായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ യുവനേതൃത്വം, ആക്ടിവിസ്റ്റ് തുടങ്ങിയ വിശേഷണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്നത് ശ്രദ്ധിച്ചിരുന്നല്ലോ?

ശ്രദ്ധിച്ചിരുന്നു. അഭിപ്രായങ്ങള്‍ വലിയ പുനഃപരിശോധനയില്ലാതെ ലഭ്യമാകുന്ന ഇടം കൂടിയാണല്ലോ സോഷ്യല്‍ മീഡിയ. അതങ്ങനെ കണ്ടാല്‍ മതി. ജമാഅത്തെ ഇസ്്ലാമി കേരള നേതൃത്വത്തെ കുറിച്ചാണെങ്കില്‍ ഇതിനെക്കാള്‍ കുറഞ്ഞ പ്രായത്തില്‍ ഇമാറത്ത് ഏല്‍പിക്കപ്പെട്ടവരും അല്ലാത്തവരുമുണ്ട്. ഏതു പ്രവര്‍ത്തന കാലത്തായാലും ഇസ്്ലാമിക പ്രസ്ഥാനം അതിന്റെ സംഘടനാ ശരീരത്തില്‍ പുതുരക്തത്തെ സ്വീകരിച്ചു വന്നിട്ടുണ്ട്. അതുകൊണ്ട് യുവനേതൃത്വം എന്ന് പറയുന്നതില്‍ സവിശേഷമായി ഒന്നുമില്ല. പിന്നെ യുവത്വത്തെ കുറിച്ച നമ്മുടെ ധാരണകളെ മറികടക്കും വിധം, ചുറുചുറുക്കോടെ പ്രവര്‍ത്തിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന അനേകം പേര്‍ കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ തന്നെയുണ്ടല്ലോ.

ആക്ടിവിസ്റ്റ് എന്ന  പ്രയോഗം എന്റെ സോളിഡാരിറ്റി കാലത്തോടാണ് കടപ്പെട്ടിരിക്കുന്നത്. സംഘടന എന്ന നിലക്ക് സമരോല്‍സുക ആദര്‍ശ ജീവിതത്തിന്റെ എട്ടാണ്ട് അനുഭവിപ്പിച്ച പ്രസ്ഥാനമാണ് എനിക്ക് സോളിഡാരിറ്റി. മറക്കാനാവാത്ത ഓര്‍മകളും അനുഭവങ്ങളും നല്‍കി എന്നെ ഞാനാക്കിയ പ്രസ്ഥാനം. വികസന ഭ്രാന്ത്, പാരിസ്ഥിതിക ചൂഷണങ്ങള്‍, മനുഷ്യാവകാശ ലംഘനങ്ങള്‍, ഭരണകൂട ഭീകരത തുടങ്ങിയ  പൊള്ളുന്ന സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ സാധാരണക്കാരുടെയും അരിക് വൽക്കരിക്കപ്പെട്ട ജനതകളുടെയും ജീവിതത്തെ ദുസ്സഹമാക്കുന്നത് എങ്ങനെയെന്ന് തൊട്ടറിഞ്ഞത് അക്കാലത്താണ്. കുതിക്കാനും, നിസ്വരും നിരാലംബരുമായ അപരര്‍ക്ക് വിലപ്പെട്ട ജീവിത നിമിഷങ്ങൾ പകുത്തു നല്‍കാനും മത്സരബുദ്ധി കാണിച്ച കാലമായിരുന്നു അത്. കുഴതെറ്റിയ നിരവധി മനുഷ്യജീവിതങ്ങള്‍ക്ക് ദിശ നിര്‍ണയിച്ചു കൊടുക്കാനും നിരാശപൂണ്ട് പാതിവഴിയേ തളര്‍ന്നുപോയ മനുഷ്യര്‍ക്ക് പുതുജീവിതത്തെക്കുറിച്ച് ആത്മവിശ്വാസം പകരാനും ആ നാളുകള്‍ക്കായി. ഇത് എന്റെ മാത്രം സോളിഡാരിറ്റി അനുഭവമല്ല. മറിച്ച്, സോളിഡാരിറ്റിയില്‍ പ്രവര്‍ത്തിച്ച ആര്‍ക്കും തുടര്‍ജീവിതത്തില്‍ ആശയപരവും പ്രായോഗികവുമായ ആ ചലനാത്മകത വലിയ മൂലധനമായി മാറിയിട്ടുണ്ട്.

സമകാലിക ഇന്ത്യന്‍ സാഹചര്യവും കേരളീയ സാഹചര്യവും നമ്മുടെ മുന്നിലുണ്ട്. ഇതിനെ എങ്ങനെയാണ് താങ്കള്‍ കാണുന്നത്? വര്‍ത്തമാന കാലത്തെ എങ്ങനെയാണ് ജമാഅത്തെ ഇസ്്ലാമി അഭിമുഖീകരിക്കുക?

സങ്കീര്‍ണവും വിവരണാതീതവുമായ സാഹചര്യമാണ് നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നത്. മുസ്്ലിം, ദലിത്, ആദിവാസി, പിന്നാക്ക ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന സ്വത്വപ്രതിസന്ധി അക്കങ്ങള്‍ കൊണ്ടോ അക്ഷരങ്ങള്‍ കൊണ്ടോ വിശദീകരിക്കാനാവില്ല. ഓരോ ദിവസവും ഹൃദയം തകര്‍ക്കുന്ന സംഭവങ്ങള്‍, വ്യാജ നിര്‍മിതികളും അതിലൂടെയുണ്ടാക്കുന്ന തെറ്റായ നരേഷനുകളും. ഇന്ത്യന്‍ ഫാഷിസം ഉല്‍പാദിപ്പിച്ചു കൊണ്ടിരിക്കുന്ന വിദ്വേഷത്തിന്റെ പദ്ധതികള്‍ രാജ്യത്തെ ശിഥിലീകരിക്കുകയും പൗരന്മാരെ ഭിന്നിപ്പിക്കുകയുമാണ്. തീവ്ര വംശീയതയെ ഭരണകൂടം തന്നെ ഊതിക്കാച്ചുകയാണ്.

ഭരണകൂടം സൃഷ്ടിക്കുന്ന വിവേചന ഭീകരതയുടെ ഇരകളാണ് രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും. ഭൂരിപക്ഷ ജനത അതു വേണ്ടപോലെ മനസ്സിലാക്കുന്നില്ല എന്നത്  ഖേദകരമാണ്. മുസ്്ലിംകളും ദലിതരും മറ്റനേകം പിന്നാക്ക വിഭാഗങ്ങളും ന്യൂനപക്ഷങ്ങളുമെല്ലാം തീര്‍ത്തും അരക്ഷിതരും ഭയചകിതരുമാണ്. ആഗോള തലത്തില്‍ ആസൂത്രിതമായി വളര്‍ത്തപ്പെട്ട ഇസ്്ലാമോഫോബിയ പൊതുജീവിതത്തിന്റെ എല്ലാ രോമകൂപങ്ങളിലും വ്യാപിച്ചിരിക്കുന്നു.

ഇസ്്ലാം/മുസ്്ലിം വിരുദ്ധ പൊതുബോധം കേരളത്തിലും ഇന്ന് തീവ്രമാണ്. ഭരണകൂടങ്ങള്‍ അത് സമര്‍ഥമായി ഉപയോഗിക്കുകയും ചെയ്യുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഈ പൊതുബോധത്തെ മാറ്റി ഇസ്്ലാമിനനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ചരിത്രപരമായ ദൗത്യമാണ് ഈ പ്രവര്‍ത്തന കാലയളവിലെ പ്രധാന മിഷന്‍. മറ്റൊരര്‍ഥത്തില്‍, ഇഖാമത്തുദ്ദീന്‍ എന്ന നമ്മുടെ മൗലിക ദൗത്യത്തിന്റെ അനിവാര്യത തന്നെയാണിത്. ഇസ്്ലാമിന്റെ സൗന്ദര്യത്തെ സമൂഹത്തിന് മുന്നില്‍ പൂര്‍വാധികം ശക്തിയോടെ അനാവൃതമാക്കുക, മാറിവരുന്ന കാലത്തോടും പുതിയ തലമുറയോടും സക്രിയമായി എന്‍ഗേജ് ചെയ്യാനുള്ള ഇസ്്ലാമിന്റെ ശേഷിയെ സമൂഹത്തെ ബോധ്യപ്പെടുത്തുക തുടങ്ങിയവ അടിത്തട്ടില്‍ വ്യാപകമാക്കേണ്ടതുണ്ട്.

പ്രസ്ഥാനം മുന്നോട്ട് വെക്കുന്ന ഈ സവിശേഷമായ മിഷന്‍ എങ്ങനെ സാധ്യമാക്കുമെന്നാണ് താങ്കള്‍ പറയുന്നത്?

നിരവധി പരിപാടികള്‍ ഈ ലക്ഷ്യത്തിലൂന്നി ജമാഅത്ത് നടപ്പാക്കും. രണ്ട് സ്വഭാവത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ജമാഅത്തിനുണ്ട്. ഒന്ന്, വ്യക്തിതല പ്രവര്‍ത്തനങ്ങള്‍: ജമാഅത്തിന്റെ പ്രവര്‍ത്തക വ്യൂഹത്തിന്, അതിന്റെ പോഷക സംഘടനകളുടെ പ്രവര്‍ത്തകര്‍ക്ക്  നല്‍കുന്ന ഓറിയന്റേഷന്‍ ഇതിനനുസൃതമായി പ്രവര്‍ത്തിക്കുക എന്നായിരിക്കും. അതായത്, ജീവിതവ്യവഹാരത്തിന്റെ ഭാഗമായി അവര്‍ ഇടപെടുകയും ഇടപഴകുകയും ചെയ്യുന്ന അനേകം മേഖലകളിൽ ഇസ്്ലാമിനെ കുറിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണയ്ക്ക് പകരം ഇസ്്ലാമിന്റെ സൗന്ദര്യത്തെ ആവിഷ്‌കരിക്കുകയും പ്രതിനിധാനം ചെയ്യുകയും ചെയ്യുക. അതുവഴി ഇസ്്ലാമിനെക്കുറിച്ച തെറ്റായ പൊതുബോധം മാറ്റിയെടുക്കുക. ഇത് അടിസ്ഥാനപരമായി ഒരു മുസ്്ലിമിന്റെ ജീവിതപ്പകര്‍ച്ച കൂടിയാണല്ലോ. രണ്ടാമതായി, ജമാഅത്തിന്റെ മേല്‍നോട്ടത്തിലും സംഘാടനത്തിലും നടത്തപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സേവന സംരംഭങ്ങള്‍ തുടങ്ങി ജമാഅത്തിന് കീഴിലുള്ള, മുഴുവന്‍ പ്രചാരണോപാധികളും സംവിധാനങ്ങളും ഈ ടേമിലെ സവിശേഷമായ ഈ മിഷന്‍ സാധ്യമാക്കും വിധം ക്രമീകരിക്കും.

പക്ഷേ വളരെ ആസൂത്രിതമായി, ഭരണകൂട പിന്തുണയോടെ നടത്തപ്പെടുന്നതാണ് ഇസ്്ലാംവിരുദ്ധത. ജമാഅത്ത് സംഘടനാ ശേഷി ഉപയോഗിച്ച് മാത്രം അതിനെ മറികടക്കാനാവുമോ?

പ്രസക്തമായ ചോദ്യമാണിത്. ഭരണകൂടവും സംഘ് പരിവാറും ചേര്‍ന്നൊരുക്കുന്ന ഈ ബൃഹദ് പദ്ധതിയെ മറികടക്കാന്‍ ബഹുതല പ്രവര്‍ത്തനങ്ങളും ആസൂത്രണങ്ങളും നിര്‍ബന്ധമാണ്.  വന്‍തോതിലുള്ള സംഘടനാശേഷി ആർജിക്കുക അതുകൊണ്ട് തന്നെ അനിവാര്യവുമാണ്. ഇക്കാര്യത്തില്‍ ജമാഅത്ത് വലിയൊരു മാറ്റം ഈ പ്രവര്‍ത്തന കാലയളവില്‍ കൊണ്ടുവരാനുദ്ദേശിക്കുന്നു, വിശേഷിച്ചും കേരളത്തില്‍. കരുത്തും വലുപ്പവുമുള്ള സംഘടനയായി ജമാഅത്ത് മാറുക എന്നതാണത്. സമകാലിക വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ മനുഷ്യവിഭവശേഷിയുടെ വളര്‍ച്ച പ്രധാനമാണ്. വലിയ ജനകീയ അടിത്തറയും സ്വാധീനവും ക്വാളിറ്റിയുമുള്ള ബഹുജന പ്രസ്ഥാനമായി ജമാഅത്തെ ഇസ്്ലാമിയെ വളര്‍ത്തിയെടുക്കണം.

പുതിയ ജനറേഷനെ വന്‍തോതില്‍ ഉൾക്കൊള്ളും വിധം സംഘടനാപരമായ വിശാലതയും ഉൾക്കൊള്ളല്‍ ശേഷിയും സംഘടന ആര്‍ജിക്കുകയാണ് വേണ്ടത്. ഇത് എളുപ്പമല്ലെന്നും ഏറെ ശ്രമകരമാണെന്നുമറിയാം. പക്ഷേ, ഈ വളര്‍ച്ച ഒഴിച്ചുകൂടാനാവാത്ത അനിവാര്യതയാണ്.

അതോടൊപ്പം സംഘ് പരിവാര്‍ അജണ്ടയെ നേരിടാന്‍ സാധ്യമാവുന്ന എല്ലാവരെയും സഹകാരികളാക്കുകയും മുസ്്ലിം സമുദായത്തെ അതിന് സജ്ജമാക്കുകയും ചെയ്യും. വീക്ഷണ വ്യത്യാസങ്ങള്‍ നിലനിൽക്കെതന്നെ രാജ്യത്തിന്റെയും സമുദായത്തിന്റെയും പുരോഗതിയും ക്ഷേമവും മുന്നിൽക്കണ്ട് പൊതുവായ വിഷയങ്ങളില്‍ പരമാവധി ഐക്യപ്പെട്ടു പോവുക എന്ന ഇസ്്ലാമികവും പ്രാസ്ഥാനികവുമായ നിലപാട് ഭാവിയിലും ശ്രദ്ധയോടെ തന്നെ പാലിച്ചുപോരും.

ഗുജറാത്ത് കലാപം അടക്കം ആയിരക്കണക്കിന് വര്‍ഗീയ കലാപങ്ങള്‍, ബാബരി മസ്ജിദ് തുടങ്ങി ഇപ്പോള്‍ ചരിത്രം തിരുത്തുന്നത് വരെയുള്ള ഭീഷണ യാഥാര്‍ഥ്യങ്ങളുണ്ട്. മുസ്്ലിം സമുദായത്തിന്റെ മുമ്പില്‍ ഫാഷിസത്തെ നേരിടുന്നത് സംബന്ധിച്ച എന്ത് അജണ്ടയാണ് ജമാഅത്തെ ഇസ്്ലാമി മുന്നോട്ട് വെക്കുന്നത്?

ഫാഷിസമടക്കമുള്ള ഏത് ആധിപത്യത്തിനെതിരെയുമുള്ള പോരാട്ടം ജനാധിപത്യപരമായ വഴികളിലൂടെയേ വിജയത്തിലെത്തിക്കാനാവൂ. ഇന്ത്യന്‍ ഫാഷിസത്തിന്റെ ഒന്നാമത്തെ ശത്രു മുസ്്ലിംകളാണെന്നത് ശരിയാണ്. മുസ്്ലിം വിരുദ്ധതയില്‍ നെയ്‌തെടുത്ത ആശയങ്ങളും കർമ പദ്ധതികളുമാണ് അവരുടേത്. പക്ഷേ, അത് മുസ്്ലിംകളെ മാത്രം ബാധിക്കുന്ന ഒരത്യാപത്തല്ല എന്നത് ഇതിനകം എല്ലാവര്‍ക്കും ബോധ്യപ്പെട്ടിരിക്കും. ക്രിസ്ത്യാനികളെ വേട്ടയാടുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകരെ തുറുങ്കിലടക്കുന്നു. ദലിതരടക്കമുള്ളവരെ ജാതിവിവേചനത്തിന് ഇരയാക്കുന്നു. അഴിമതിയും സ്വജനപക്ഷപാതവും അരങ്ങ് തകര്‍ക്കുകയാണ്. തെരഞ്ഞെടുക്കപ്പെട്ട കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തിന്റെ വിഭവങ്ങള്‍ തീറെഴുതിക്കൊടുക്കുകയാണ്.

ഫാഷിസത്തിനെതിരെയുള്ള പോരാട്ടത്തില്‍ മുസ്്ലിംകളും അവരല്ലാത്തവരും ഈ യാഥാർഥ്യങ്ങള്‍ ഉൾക്കൊള്ളുകയും മനസ്സിലാക്കുകയും വേണം. അതു കൊണ്ടാണ് വ്യത്യസ്ത കാഴ്ചപ്പാടുള്ളവരൊക്കെ ചേരുന്ന ജനകീയ കൂട്ടായ്മ രൂപപ്പെടണം എന്ന് ജമാഅത്ത് നിരന്തരം ആവശ്യപ്പെടുന്നത്. ഫാഷിസത്തിനെതിരെ എന്ന പൊതുപോയിന്റില്‍ യോജിക്കാവുന്നവരെ മുഴുവന്‍ ചേര്‍ത്തുപിടിച്ച മുന്നേറ്റം എന്നതാണ് ജമാഅത്തെ ഇസ്്ലാമിയുടെ ഈ വിഷയത്തിലുള്ള പ്രഥമ പരിഗണന.

ഈ സന്ദര്‍ഭത്തില്‍ ഭിന്നതകളെ കുറിച്ചല്ല, യോജിപ്പിനെ കുറിച്ചാണ് കൂടുതല്‍ പറയുകയും ചിന്തിക്കുകയും ചെയ്യേണ്ടത്. ഫാഷിസ്റ്റുകളാണ് അവരുടെ എതിരാളികള്‍. വേറിട്ടും ഒറ്റക്കും നില്‍ക്കണമെന്ന് ആഗ്രഹിക്കുന്നത് അവരാണ്. അവരുടെ ആഗ്രഹത്തെ സഫലീകരിക്കുന്ന നീക്കങ്ങള്‍ ആരുടെ പക്ഷത്തുനിന്നും, വിശേഷിച്ച് മുസ്്ലിംകളുടെ പക്ഷത്തുനിന്ന് സംഭവിച്ചുകൂടാത്തതാണ്. അത് സംഭവിക്കാതിരിക്കാന്‍ കഴിഞ്ഞ കാലങ്ങളിലും ജമാഅത്ത് വലിയ ഊര്‍ജം ചെലവഴിച്ചിട്ടുണ്ട്. ഇപ്പോഴും ചെലവഴിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

മുസ്്ലിം സമുദായം അനുഭവിക്കുന്ന ഫാഷിസ്റ്റ് ഭീകരതയുടെയും മറ്റ് സാമൂഹിക പ്രതിസന്ധികളുടെയും അടിസ്ഥാന കാരണം സ്വത്വപരമാണെന്ന് തിരിച്ചറിയാനും അംഗീകരിക്കാനും സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും സാധിക്കേണ്ടതുണ്ട്. ഫാഷിസം മൂക്കിന്‍ തുമ്പിലെത്തിയിട്ടും ഇതംഗീകരിക്കുന്നതില്‍ പലരും ഇപ്പോഴും വിമുഖരാണ് എന്നത് ഖേദകരമാണ്. മുസ്്ലിം സാന്നിധ്യത്തെയും കര്‍തൃത്വത്തെയും റദ്ദ് ചെയ്ത് ഇന്ത്യയില്‍ ഫാഷിസ്റ്റ് പോരാട്ടം അസാധ്യമാണെന്ന് അവരും മനസ്സിലാക്കേണ്ടതുണ്ട്.

മുസ്്ലിംകള്‍ സ്വത്വപരവും സാമൂഹികവുമായി അനുഭവിക്കുന്ന പ്രതിസന്ധികളെ പൊതു കൂട്ടായ്മകളിലൂടെ മാത്രമേ പരിഹരിക്കാനാവൂ എന്നാണോ ജമാഅത്ത് വിശ്വസിക്കുന്നത്?

മുസ്്ലിംകള്‍ ആദര്‍ശ സമൂഹം എന്ന നിലക്കും ഒരു സമുദായം എന്ന നിലക്കും ആന്തരികവും ബാഹ്യവുമായ ഒട്ടനവധി വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നുണ്ട്. അവക്കൊക്കെ വ്യത്യസ്തമായ പരിഹാരങ്ങളുമാണ് വേണ്ടി വരിക. ആത്യന്തികമായി, ഖുര്‍ആനും പ്രവാചക പാഠങ്ങളും നിഷ്കർഷിക്കുന്ന ഉത്തമ സമൂഹത്തിന്റെ സവിശേഷതകള്‍ അവര്‍ നേടിയെടുക്കുക എന്നതാണ് പ്രധാനം. അല്ലാഹു വാഗ്ദാനം ചെയ്ത വിജയത്തിന് അതിലൂടെയാണവര്‍ ശരിക്കും അര്‍ഹരാവുക.

അതേസമയം ഒരു സമുദായമെന്ന നിലക്ക് ഇന്ത്യയില്‍ മുസ്്ലിംകള്‍ ഏറെ പിന്നാക്കമാണ്. കഴിഞ്ഞ 75 വര്‍ഷത്തിനുള്ളില്‍ സാമ്പത്തികമായും സാമൂഹികമായും അവര്‍ കൂടുതല്‍ അരിക് വത്കരിക്കപ്പെട്ടിരിക്കുന്നു. ഈ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സ്വാഭാവികമായും ജമാഅത്തിന് വളരെ പ്രാധാന്യമുള്ളതായി മാറുന്നു. അവരുടെ അവകാശങ്ങൾക്കു വേണ്ടി സര്‍ക്കാരുകളോട് കലഹിക്കേണ്ടിവരുന്നു. യഥാർഥത്തില്‍ മുസ്്ലിം പിന്നാക്കാവസ്ഥ എന്നത് ഒരു സാമുദായിക വിഷയം എന്നതിലുപരി ഒരു ദേശീയ വിഷയമാണ്.

ഇന്ത്യന്‍ ദേശീയതക്കകത്ത് തുല്യാവകാശമുള്ള പൗരന്‍മാരായി ജീവിക്കുന്ന മുസ്്ലിംകള്‍ നിലവിൽ അനുഭവിക്കുന്ന ക്ഷയോന്‍മുഖാവസ്ഥ ഒരു സമുദായ പ്രശ്‌നമായി ന്യൂനീകരിക്കുന്നത് വിശാലമായ ദേശീയ കാഴ്ചപ്പാടിനും ബഹുസ്വരതക്കും തന്നെ എതിരാണ്. രാജ്യത്തിന്റെ വികസനവും പുരോഗതിയും അര്‍ഥപൂര്‍ണമാകണമെങ്കില്‍ ആ രാജ്യത്തെ മുഴുവന്‍ സമൂഹവും പുരോഗതിയിലെത്തിച്ചേരണം. അതിൽ ഏതെങ്കിലും ഒരു വിഭാഗം പിന്നാക്കാവസ്ഥ നേരിടുന്നുണ്ടെങ്കില്‍ അതിനെ ഒരു ദേശീയ പ്രതിസന്ധിയായും പരിമിതിയായുമാണ് ജമാഅത്ത് കാണുന്നത്. അതുകൊണ്ടാണ് മുസ്്ലിം പ്രതിസന്ധിയെ ഒരു ദേശീയ പ്രശ്‌നമായി കാണണമെന്ന് ജനാധിപത്യ സമൂഹത്തോടും രാഷ്ട്രീയ പ്രസ്ഥാനങ്ങളോടും ജമാഅത്തെ ഇസ്്ലാമി മുമ്പേ ആവശ്യപ്പെട്ടുവരുന്നത്.

മുസ്്ലിം സമുദായത്തെ സംബന്ധിച്ച് ഏത് പ്രതിസന്ധിയുടെ ഘട്ടത്തിലും ആത്മാഭിമാനത്തോടെ എഴുന്നേറ്റ് നില്‍ക്കാവുന്നവിധം അവരെ സജ്ജമാക്കുക എന്നതും ഇവിടെ പ്രധാനമാണ്. ജമാഅത്ത് അതിന് മുന്നില്‍ നില്‍ക്കും. ഈ രാജ്യത്തെ പൗരന്മാരെന്ന നിലക്ക് ചരിത്രപരമോ വിശ്വാസപരമോ സാംസ്‌കാരികമോ ആയ മാപ്പുസാക്ഷിത്വത്തിന്റെതായ ഒരു ഭാരവും സമുദായം പേറുന്നില്ല. എന്നു മാത്രമല്ല,  മറ്റാരെക്കാളും ആത്മാഭിമാനത്തോടെ തലയുയര്‍ത്തിപ്പിടിക്കാവുന്ന ഭൂതകാലം സമുദായത്തിനുണ്ട്. ഇന്ത്യന്‍ പാരമ്പര്യങ്ങളില്‍നിന്ന് ചരിത്രപരമായി വേരറ്റുപോയ മറ്റു സമൂഹങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇന്ത്യന്‍ ദേശീയതയിലും അതിന്റെ സാമൂഹിക രൂപവത്കരണത്തിലുമൊക്കെ ഉജ്ജ്വല പാരമ്പര്യമുള്ള സമൂഹമാണ് മുസ്്ലിം സമുദായം.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രസക്തം തന്നെയാണ്. പക്ഷേ, ഒരാദര്‍ശ പ്രസ്ഥാനം എന്ന നിലയില്‍ ജമാഅത്തെ ഇസ്്ലാമിയുടെ ഫോക്കസ്്മാറ്റമായി ഇതിനെ കാണാമോ?

ജമാഅത്തെ ഇസ്്ലാമി ഒരു ആദര്‍ശപ്രസ്ഥാനമാണ്. ആദര്‍ശ പ്രബോധനമാണ് അതിന്റെ മൗലികമായ ദൗത്യം. സമൂഹത്തിന്റെ തൃണമൂല തലത്തിലുള്ള പരിവര്‍ത്തനമാണ് അത് ലക്ഷ്യം വെക്കുന്നത്. നാം അഭിമുഖീകരിക്കുന്ന ഏതു ഭീഷണിയുടെയും മൗലികമായ പരിഹാരം അതുതന്നെയാണെന്ന് ഞാന്‍ നേരത്തെ പറഞ്ഞല്ലോ. അതിനിയും ശക്തമായി മുന്നോട്ടു കൊണ്ടുപോകും. ആദര്‍ശ പ്രബോധന പ്രവര്‍ത്തനങ്ങളില്‍നിന്ന് പിറകോട്ട് പോകാനോ ഫോക്കസ് മാറ്റാനോ സാധ്യവുമല്ല. അതേസമയം ആദര്‍ശവും നയവും വ്യത്യസ്തമാണ്. അവ കൂട്ടിക്കുഴച്ച് തെറ്റിദ്ധാരണ പ്രചരിപ്പിക്കുകയാണ് പലരും. പ്രവര്‍ത്തിക്കുന്ന മണ്ണിനോടും കാലത്തോടും പ്രതിപ്രവര്‍ത്തിച്ചു കൊണ്ടേ ഒരു ഇസ്്ലാമിക പ്രസ്ഥാനത്തിന് മുന്നോട്ട് പോകാനാവൂ. നയങ്ങളിലും പ്രവര്‍ത്തനപരമായ ഊന്നലുകളിലും കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തുമ്പോഴാണ് പ്രസ്ഥാനത്തിന്റെ യൗവനം നിലനിര്‍ത്താനാവുക; വെല്ലുവിളികളെ നേരിട്ട് വിജയത്തിലേക്ക് ജനങ്ങളെ നയിക്കാനുമാവുക. പ്രവാചകന്‍മാരുടെ ചരിത്രവും അതാണ് പഠിപ്പിക്കുന്നത്. സമുദായവും സമൂഹവും നേരിടുന്ന വിപത്തുകളെ അതിജീവിക്കാന്‍ മുന്നില്‍ നടക്കുക എന്നത് പ്രവാചകന്‍മാരുടെ വഴിയായിരുന്നു.

വംശീയ അജണ്ടയുടെ പ്രഥമ ഇരകളാണ് മുസ്്ലിംകള്‍. ആത്മാഭിമാനവും ആര്‍ജവവുമുള്ള സമുദായമായി മുസ്്ലിംകളെ മാറ്റുക എന്നത് എക്കാലത്തെയും പ്രവര്‍ത്തന പദ്ധതിയുടെ ഭാഗമാണ്  എന്ന് പറഞ്ഞു. 75 വര്‍ഷത്തെ പ്രവര്‍ത്തനാനുഭവം എന്താണ് ?

മുസ്്ലിംകള്‍ ഫാഷിസത്തിന്റെ നോട്ടപ്പുള്ളികളാണ് എന്നത് യാഥാര്‍ഥ്യമാണ്. എന്നു കരുതി പിറകോട്ട് പോകാനോ വിട്ടുവീഴ്ച ചെയ്യാനോ മുസ്്ലിം സമുദായത്തിനാവില്ല. അവരുടെ നിയോഗം അവര്‍ക്ക് നിര്‍വഹിക്കേണ്ടതുണ്ട്. അതോടൊപ്പം നീതിയും ന്യായവും അവര്‍ക്കും വകവെച്ചുനല്‍കേണ്ടതുണ്ട്. അതിനാല്‍, ഈ കാലത്തും മുസ്്ലിം സമുദായത്തെയും ഇസ്്ലാമിനെയും പൊതുമണ്ഡലത്തില്‍ പരമാവധി ദൃശ്യപ്പെടുത്തുക എന്നത് ജമാഅത്തെ ഇസ്്ലാമി ഏറ്റെടുത്ത ഉത്തരവാദിത്വമാണ്. മുസ്്ലിം സമുദായത്തിന്റെ ക്ലെയ്മുകള്‍ ആര്‍ജവത്തോടെയും നിരുപാധികമായും ഉയര്‍ത്തുക, സമുദായത്തിന് ആത്മവിശ്വാസം പകരുക എന്നതാണ് ജമാഅത്തിന്റെ രീതി. ഇതിന് ധാരാളം ഉദാഹരണങ്ങള്‍ പറയാനാവും.

ഇന്ത്യന്‍ മുസ്്ലിംകളുടെ ചരിത്രത്തിലെ മൂന്ന് ഘട്ടങ്ങളില്‍ ജമാഅത്തിന്റെ ഇടപെടല്‍ നോക്കിയാല്‍ ഇത് മനസ്സിലാകും. ഇന്ത്യാ വിഭജനത്തിന്റെതാണ് ഒന്നാമത്തേത്. വിഭജനം ഇരു രാജ്യങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമുണ്ടാക്കുന്ന ആഘാതത്തെ സംബന്ധിച്ച് ജമാഅത്ത് അന്ന് മുന്നറിയിപ്പ് നല്‍കി. തങ്ങള്‍ക്ക് പങ്കില്ലെങ്കിലും വിഭജനത്തിന്റെ ഉത്തരവാദിത്വം മുസ്്ലിംകളുടെ പേരില്‍ ചാര്‍ത്തപ്പെട്ടു.  ആടിയുലഞ്ഞ സമുദായത്തിന് നേതൃത്വമില്ലായിരുന്നു. എണ്ണമറ്റ വര്‍ഗീയ കലാപങ്ങളില്‍ സമുദായം ഞെരിഞ്ഞമര്‍ന്നു. വ്യാപകമായ മതപരിത്യാഗങ്ങള്‍ നടന്നു. ഈ സന്ദര്‍ഭത്തില്‍ സമുദായത്തെ കൈപിടിച്ചുയര്‍ത്തുകയാണ് ജമാഅത്ത് ചെയ്തത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ മുസ്്ലിംകള്‍ എങ്ങനെ മുന്നോട്ട് പോകണമെന്ന നഖചിത്രം മുന്നില്‍ വെച്ച സയ്യിദ് മൗദൂദിയുടെ മദ്രാസ് പ്രസംഗം ഒരാവൃത്തി കേട്ടിരുന്നെങ്കില്‍ സമുദായത്തിന്റെയും രാജ്യത്തിന്റെയും ഭാഗധേയം മറ്റൊന്നാകുമായിരുന്നു.

ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സന്ദര്‍ഭമാണ് രണ്ടാമത്തേത്. മറ്റു പല താല്‍പര്യങ്ങളുടെയും പരിമിതികളുടെയും പേരില്‍ കുറ്റകരമായ മൗനവും അനാസ്ഥയും കാണിച്ചവര്‍ സമുദായത്തിനകത്തു തന്നെ ഉണ്ടായിരുന്നല്ലോ. ഭരണകൂട ഭാഷ്യം ഏറ്റുപിടിച്ചവര്‍. ജമാഅത്തെ ഇസ്്ലാമിയും അതിന്റെ ജിഹ്വകളും സന്ദര്‍ഭത്തിനൊത്തുയരുകയാണ് അപ്പോള്‍ ചെയ്തത്. യഥാര്‍ഥത്തില്‍ ജമാഅത്തെ ഇസ്്ലാമി സാമൂഹിക ബലാബലങ്ങളെ നിര്‍ണയിച്ചിട്ടുണ്ട്. അക്കാലത്ത് ജമാഅത്തിന്റെ മാധ്യമരംഗം സമുദായത്തിന് നല്‍കിയ അതിജീവന ശേഷി ചെറുതല്ല. രാജ്യത്തുടനീളം സംഭവിച്ചേക്കാവുന്ന വര്‍ഗീയ ധ്രുവീകരണത്തെ മുന്നില്‍കണ്ട ജമാഅത്തെ ഇസ്്ലാമി ജസ്റ്റിസ് വി.എം താര്‍ഖുണ്ഡെ, സ്വാമി അഗ്‌നിവേശ്, കുല്‍ദീപ് നയാര്‍, ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ തുടങ്ങിയ പ്രഗല്‍ഭ വ്യക്തിത്വങ്ങളെ മുന്നില്‍ നിര്‍ത്തി എഫ്.ഡി.സി.എ പോലുള്ള കൂട്ടായ്മകള്‍ രൂപവത്കരിച്ചു.

ഫാഷിസ്റ്റുകള്‍ അധികാരത്തിലെത്തിയതിന് ശേഷമുള്ള കാലമാണ് മൂന്നാമത്തേത്. മുസ്്ലിം, സെക്യുലര്‍ വോട്ടുകളുടെ ശിഥിലീകരണമാണ് ഫാഷിസത്തെ അധികാരത്തിലേറ്റിയത്. അതിനാല്‍, അവ ഏകീകരിക്കുക എന്നത് മുഖ്യമാണ്. ഈ വഴിയില്‍ ജമാഅത്തിന് ഏറെ സഞ്ചരിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ യു.പി തെരഞ്ഞെടുപ്പില്‍ മുസ്്ലിം സംഘടനകളുടെയും വോട്ടുകളുടെയും ഏകീകരണം വലിയ അളവില്‍ സാധ്യമായി. വിജയ സാധ്യതയുള്ള സെക്യുലര്‍ സ്ഥാനാര്‍ഥികളെ കണ്ടെത്താനും കഴിഞ്ഞു. യോഗി ആദിത്യനാഥിനെ അധികാരത്തില്‍ നിന്നിറക്കാന്‍ സാധിച്ചില്ലെങ്കിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ വലിയ ആത്മവിശ്വാസം മുസ്്ലിം പോക്കറ്റുകളില്‍ ഉണ്ടാക്കിയിട്ടുണ്ട്. ഈ ഉണര്‍വ് ഭീഷണിയായി സംഘ് പരിവാര്‍ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട് എന്ന് അവരുടെ തുടര്‍നടപടികള്‍ വ്യക്തമാക്കുന്നുണ്ട്.

കര്‍ണാടകയിലെ സംഘ് പരിവാര്‍ പരാജയത്തിന് പിന്നിലും വിശാലമായ സാമൂഹിക കൂട്ടായ്മയുടെ ഭാഗമായിനിന്ന് ജമാഅത്തെ ഇസ്്ലാമി നന്നായി പ്രവര്‍ത്തിച്ചു. സ്വാഭാവികമായും 2024-ലെ പൊതുതെരഞ്ഞെടുപ്പിലും ജനാധിപത്യത്തിന്റെ തിരിച്ചുവരവിന് ജമാഅത്ത് അതിന്റെ പങ്ക് നിര്‍വഹിക്കും.

l(തുടരും)

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 07-08
ടി.കെ ഉബൈദ്‌

ഹദീസ്‌

വാദിച്ചു വാങ്ങുന്നത് നരകത്തിന്റെ കഷണമാണോ?
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്