Prabodhanm Weekly

Pages

Search

2023 സെപ്റ്റംബർ 01

3316

1445 സഫർ 15

വായനയുടെ ആഴം കുറയുന്നു

അന്‍വര്‍ അഹ്‌സന്‍ കൊച്ചി സിറ്റി 9495222345

ടെക്‌നോളജി പുസ്തക വായനയെ എവ്വിധം മാറ്റിമറിച്ചു എന്നറിയാന്‍ സ്ഥിതിവിവരക്കണക്കുകളുടെ ആവശ്യമില്ല. നമ്മുടെ കുട്ടികളെ ശ്രദ്ധിച്ചാല്‍ ആ മാറ്റം മനസ്സിലാകും. അവരുടെ കൈയിലുള്ളത് മറ്റൊരു ലോകമാണ്. 
വായനയിലേക്ക് സാങ്കേതികവിദ്യയുടെ കടന്നുവരവ് ആഴം കുറഞ്ഞ ഗ്രാഹ്യത്തിലേക്ക് നയിച്ചേക്കാം. ഇന്റര്‍നെറ്റിലെ വിവരങ്ങള്‍ പലപ്പോഴും ഉപരിതല സ്പര്‍ശിയാണ്. ആഴത്തിലുള്ള വിശകലനങ്ങള്‍ പുസ്തക വായന വഴിയാണ് ലഭ്യമാകുന്നത്. ദൈര്‍ഘ്യമേറിയ പഠനങ്ങള്‍ ഒഴിവാക്കി സ്ഥിരമായി ചെറു ലേഖനങ്ങള്‍ വായിക്കാന്‍ സാങ്കേതിക വിദ്യയും സോഷ്യല്‍ മീഡിയയും നമ്മെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ ശ്രദ്ധാ കേന്ദ്രങ്ങള്‍ വളരെയധികം പരിമിതപ്പെടാന്‍ ഇതു കാരണമായി. ലേഖനങ്ങളിലൂടെ കണ്ണോടിച്ചു പോവുക എന്ന പ്രവണതക്കും ഇത് നിമിത്തമായിട്ടുണ്ട്. സാങ്കേതിക ഉപകരണങ്ങള്‍ പുസ്തകങ്ങളുടെ ഇടം കവര്‍ന്നെടുക്കുന്നുണ്ടെങ്കില്‍ അത് ഗുരുതരമായി കാണേണ്ട വിഷയമാണ്.


മനംമാറ്റം ഇസ്്‌ലാമിലേക്കാവുമ്പോള്‍

പ്രബോധനത്തില്‍ (ലക്കം 3313) മുകളിലെ തലക്കെട്ടില്‍ ജി.കെ എടത്തനാട്ടുകര എഴുതിയത് ശരിയാണ്. പണ്ട് സവര്‍ണ ബ്രാഹ്മണര്‍, ഭൂരിപക്ഷം വരുന്ന ദലിത്-അവര്‍ണ ഹിന്ദുക്കളോട് ക്രൂരമായി പെരുമാറി. വഴിനടക്കാന്‍ വയ്യ, ശരിയായി വസ്ത്രം ധരിക്കാന്‍ വയ്യ. ഈവക ക്രൂരതകള്‍ കാരണമാണ് അവര്‍ണര്‍ മതം മാറിയത്. അഞ്ചു ലക്ഷം മഹാര്‍ ദലിതര്‍ അംബേദ്കറുടെ നേതൃത്വത്തില്‍ ബുദ്ധമതം സ്വീകരിച്ചത് സവര്‍ണ പീഡനം കാരണമായിരുന്നല്ലോ. അദ്ദേഹം ഇംഗ്ലണ്ട്, അമേരിക്ക എന്നീ രാജ്യങ്ങളില്‍ പഠിച്ചപ്പോള്‍ യാതൊരു ജാതി വിവേചനവും ഉണ്ടായില്ല. കാരണം, അവിടെ ജാതി ചിന്തയില്ല. എന്നാല്‍, അംബേദ്കര്‍ ഇസ്്‌ലാംമതമാണ് സ്വീകരിച്ചിരുന്നതെങ്കില്‍ വലിയ പ്രക്ഷോഭം സവര്‍ണര്‍ ഉണ്ടാക്കുമായിരുന്നു. ഇതില്‍ പറഞ്ഞതുപോലെ ഇസ്്‌ലാമിലേക്കുള്ളത് മതം മാറ്റമല്ല; മനംമാറ്റമാണ്.


ആര്‍. ദിലീപ് പുതിയ വിള, മുതുകുളം 8593017884

 

ഇസ്്‌ലാമോഫോബിയ, മാറുന്ന മുഖം

ഭരണകൂടത്തിന്റെയും മതമേലധ്യക്ഷന്മാരുടെയും മൗനസമ്മതത്തോടെ നടക്കുന്ന ഖുര്‍ആന്‍ കത്തിക്കലിനെക്കുറിച്ച മുഖവാക്ക് (2023 ആഗസ്റ്റ് 04) വായിച്ചു. ഒരുകാലത്ത് ബ്രിട്ടീഷ് പട്ടാളം ഇന്ത്യയില്‍, പ്രത്യേകിച്ച് മലബാര്‍ പ്രദേശത്ത് ഖുര്‍ആന്‍ ഓതിക്കൊണ്ടിരുന്നവരുടെ കൈയില്‍നിന്ന് വിശുദ്ധ വേദം പിടിച്ചുവാങ്ങി അവരുടെ മുന്നിലിട്ട് അത് കത്തിക്കുമായിരുന്നു. ഇത് 1921-ലെ മലബാര്‍ സമരകാലത്ത് നടന്നതാണ്. ഇത് അന്നത്തെ ഇസ്്‌ലാമോഫോബിയയാണ്. ഇന്നും ഇസ്്‌ലാമോഫോബിയ തുടര്‍ന്നുകൊണ്ടിരിക്കുന്നു; വേറെ രീതിയില്‍ ആണെന്നു മാത്രം.


പി.വി മുഹമ്മദ് ഈസ്റ്റ് മലയമ്മ, 
കോഴിക്കോട്

 

മറക്കാന്‍ കഴിയില്ല, ഗുറാബിയെ

ഓര്‍മ ശരിയാണെങ്കില്‍ പ്രബോധനത്തില്‍ ഒരു ചെറുകഥ വെളിച്ചം കണ്ടിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ലക്കം പതിനൊന്നില്‍ വന്ന പി.എം.എ ഖാദറിന്റെ 'ഗുറാബി' വായിച്ചു. ഒരു പറവയായ കാക്ക കഥാപാത്രമാകുന്നതും ഒരുപക്ഷേ ആദ്യ അനുഭവമായിരിക്കാം. ഈ കഥയിലെ നായകന്‍ കാക്കയാണെങ്കിലും മനുഷ്യര്‍ക്ക് ഈ കഥയില്‍ പലതും പഠിക്കാനുണ്ട്. ഗുറാബിയെ പ്രബോധനം വായനക്കാര്‍ ഒരുപാട് കാലം ഓര്‍ക്കാതിരിക്കില്ല.
മമ്മൂട്ടി കവിയൂര്‍

 

"പ്രബോധനം' ഞങ്ങളുടെ 
വഴിവെളിച്ചം

'പ്രബോധനം' വായിച്ച് ധന്യരായ ഒരുപാടാളുകളുണ്ട്; ധനം കൊണ്ട് ധന്യരായവരല്ല, വിജ്ഞാനം കൊണ്ട് ധന്യരായവര്‍. ബീഡിതെറുപ്പ് കേന്ദ്രങ്ങളില്‍നിന്ന് പ്രബോധനം വായിച്ചും വായിച്ചു കേട്ടും വളര്‍ന്നവര്‍ പ്രസ്ഥാനത്തിന്റെ തലപ്പത്തെത്തിയ നിരവധി സംഭവങ്ങള്‍.
ഇതൊന്നുമല്ല ഞാനെങ്കിലും, തീര്‍ത്തും അന്ധവിശ്വാസാന്ധകാരത്തില്‍, ഈ ചെയ്യുന്നതും കാണിക്കുന്നതുമൊക്കെ തന്നെയാണ് ഇസ്്‌ലാം എന്ന് കരുതി ജീവിക്കുമ്പോള്‍ എനിക്കും കിട്ടി ഒരു സുപ്രഭാതത്തില്‍ ഒരു 'പ്രബോധനം.' വായിച്ചു തുടങ്ങിയതേയുള്ളൂ, കാര്യങ്ങളെല്ലാം മാറിമറിഞ്ഞു. ഏകദേശം 60 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. അന്നാ പ്രബോധനം എന്റെ കൈയില്‍ തടഞ്ഞില്ലായിരുന്നെങ്കില്‍ ഇന്ന് ഞാന്‍ എന്താകുമായിരുന്നുവെന്ന് ആലോചിക്കാറുണ്ട്.
തുടര്‍ വായനയിലൂടെയാണ് ജമാഅത്തെ ഇസ്്‌ലാമി എന്ന പ്രസ്ഥാനത്തെക്കുറിച്ച് അറിയുന്നത്. പിന്നീടങ്ങോട്ട് മൗദൂദി സാഹിബിന്റേതടക്കം ഒരുപാട് ഗ്രന്ഥങ്ങള്‍ വായിച്ചു.
'ഇസ്്‌ലാം ഒരു സമ്പൂര്‍ണ ജീവിത വ്യവസ്ഥ' എന്ന് ആദ്യം കേള്‍ക്കുന്നത് ജമാഅത്ത് വേദികളില്‍നിന്നാണ്. മൗദൂദി സാഹിബാണ് ആ വാക്യം ഉയര്‍ത്തിക്കൊണ്ടുവന്നത്. അദ്ദേഹത്തിന് മുമ്പ് ഇസ്്‌ലാം ഒരു ജീവിത വ്യവസ്ഥയാണെന്ന് ആരും പറഞ്ഞിട്ടില്ലെന്നല്ല, പലരും പറഞ്ഞിട്ടുണ്ട്. അതേറ്റു പറയാന്‍ ആളില്ലാതെ പോയി. പരിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും നമ്മുടെ മുന്നിലിരിക്കുമ്പോള്‍ ഇസ്്‌ലാം സമ്പൂര്‍ണമാണെന്ന കാര്യം ആര്‍ക്കാണ് നിഷേധിക്കാനാവുക! 
പ്രസ്ഥാന പ്രവര്‍ത്തകര്‍ പ്രബോധനം വാങ്ങി വീട്ടില്‍ കൊണ്ടു വെച്ച് തന്റെ പാട്ടിന് പോകാതെ അതിലെ ലേഖനങ്ങളും പഠനങ്ങളും വായിക്കുകയും പഠനവിധേയമാക്കുകയും ചെയ്യണമെന്നൊരപേക്ഷയുണ്ട്. പലരോടും ചില ലേഖനങ്ങളെക്കുറിച്ച് ചോദിച്ചാല്‍ അവരത് വായിച്ചിട്ടുണ്ടാവില്ല. എന്നെ ഒരു യഥാര്‍ഥ മുസ്്‌ലിമാക്കിയതില്‍ പ്രബോധനത്തിന്റെ പങ്ക് കൃതജ്ഞതാപൂര്‍വം ഓര്‍ക്കുന്നു.
സി.കെ ഹംസ  ചൊക്ലി 8921757663

 

ലഹരിക്കെതിരെ ചടങ്ങ് പ്രതിഷേധങ്ങൾ പോരാ

'മദ്യത്തില്‍ മുക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍' (2023 ആഗസ്റ്റ് 11) എന്ന എ.ആറിന്റെ 'അകക്കണ്ണ്' സന്ദര്‍ഭോചിതമായി. മദ്യം, ലോട്ടറി, സര്‍ക്കാറുകളുടെ മദ്യ നയം എന്നിവക്കെതിരെയുള്ള ചടങ്ങ് പ്രതിഷേധ പരിപാടികളാണ് കുറെക്കാലമായി നടന്നുവരുന്നത്. മദ്യനിരോധന സമിതിയുടെ വഴിപാട് പ്രതിഷേധത്തില്‍ ഏതാനും അച്ചന്മാരും മൗലവിമാരും സ്വാമിമാരുമൊക്കെ വന്ന് പ്രസംഗിച്ചുപോകും. അതൊന്നും സര്‍ക്കാറോ ജനങ്ങളോ മുഖവിലക്കെടുക്കാറില്ല. ഇടതായാലും വലതായാലും മദ്യ ലഹരിക്കാര്യത്തില്‍ 'കുളിമുറിയില്‍ എല്ലാവരും നഗ്നര്‍' എന്ന നിലയിലാണ്. മദ്യത്തിന്റെ  കുത്തൊഴുക്കില്‍ ജനം മുങ്ങിയൊടുങ്ങിയാലും തരക്കേടില്ല, സര്‍ക്കാറിന്റെ കാലിയായ ഖജനാവ് നിറയണം. പാര്‍ട്ടികളുടെ നിലയും ഭദ്രമാവണം. അതിനു വേണ്ടി അമ്മയെയും സഹോദരിയെയും തിരിച്ചറിയാന്‍ പറ്റാത്ത സമൂഹത്തെ സൃഷ്ടിക്കാന്‍ കൊണ്ടുപിടിച്ചു ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
മൗലികാവകാശത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും പേര് പറഞ്ഞ്, ഇടതുപക്ഷം പ്രത്യേകിച്ച്, യുവതീ യുവാക്കളെ മദ്യപാനത്തിന് പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു. 'ലഹരി മുക്ത കേരളം' എന്ന് പറഞ്ഞ് ലഹരിയധിഷ്ഠിത കേരളം ഉണ്ടാക്കുകയാണ് ഇടത് സര്‍ക്കാര്‍. ഈ നില തുടര്‍ന്നാല്‍ വളരുന്ന തലമുറയെ മൊത്തത്തില്‍ മയക്കിക്കിടത്തുന്ന കഞ്ചാവ്, ഹിറോയിന്‍, ബ്രൗണ്‍ ഷുഗര്‍, എം.ഡി.എം.എ പോലുള്ള ലഹരി പദാര്‍ഥങ്ങളില്‍ കൂടിയും, ലൈംഗിക അരാജകത്വം വ്യാപിപ്പിച്ച് അതിനു വേണ്ടിയുള്ള സൗകര്യങ്ങള്‍ ഒരുക്കിയും സര്‍ക്കാര്‍ വരുമാന സ്രോതസ്സുകള്‍ വിപുലപ്പെടുത്തില്ലെന്ന് ആര് കണ്ടു! ഏത് വിധേനയും പണമുണ്ടാക്കാന്‍ എന്ത് വൃത്തികേടുകളും ചെയ്യുന്ന പൈശാചിക ശക്തികള്‍ക്കെതിരെ ശക്തമായി പോരാടാന്‍ മനുഷ്യ നന്മ മാത്രം ലക്ഷ്യം വെച്ചുള്ള, യാതൊരു ആക്ഷേപകന്റെയും ആക്ഷേപത്തെ ഭയപ്പെടാത്ത, പുറം ശക്തികളുടെ പ്രലോഭനങ്ങള്‍ക്ക് വംശവദമാകാത്ത ഒരു ധാര്‍മിക പോരാട്ട ശക്തി ഉയര്‍ന്നുവരേണ്ടത് അനിവാര്യമാണ്.
എം.എം.എ മുത്തലിബ് താണ, കണ്ണൂര്‍
9895833092

 

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 07-08
ടി.കെ ഉബൈദ്‌

ഹദീസ്‌

വാദിച്ചു വാങ്ങുന്നത് നരകത്തിന്റെ കഷണമാണോ?
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്