ഇസ്രായേലിന്റെ ഭാവി
മൗലികതയുള്ള ഈജിപ്ഷ്യന്‍ ചിന്തകനും എഴുത്തുകാരനുമാണ് സ്വലാഹ് സാലിം. അമ്പത്തിയഞ്ച് വയസ്സ്. മുപ്പത് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. നൂറ് കണക്കിന് പ്രബന്ധങ്ങളും. പശ്ചിമേഷ്യയും അറബ് സമൂഹവുമൊക്കെയാണ് സവിശേഷ പഠന മേഖല. ഇസ്രായേലിലെ ആഭ്യന്തര സംഘര്‍ഷത്തെക്കുറിച്ച് അദ്ദേഹം പറയുന്നത് നോക്കൂ:
''ചരിത്രത്തെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ആളാണ് ഞാന്‍. ഭയത്തിൽനിന്ന് രൂപപ്പെട്ടു വന്നതാണ് ഇസ്രായേല്‍ എന്ന രാഷ്ട്രം. തങ്ങളെ പീഡിപ്പിച്ച പാശ്ചാത്യരെ അവര്‍ ഭയപ്പെടുന്നു. ചുറ്റുമുള്ള അറബികളെയും ഭയപ്പെടുന്നു. ഭയം പോഷകമാക്കിയാണ് അത് ഇന്നത്തെ നിലയിലെത്തിയത്. ഇപ്പോഴവിടെ സെക്യുലര്‍ സയണിസവും മത സയണിസവും തമ്മിലുള്ള ഏറ്റുമുട്ടലാണ് നടക്കുന്നത്. സെക്യുലര്‍ സയണിസ്റ്റുകള്‍ മത സയണിസ്റ്റുകളുടെ ഹോളോകോസ്റ്റില്‍ ഒടുങ്ങാന്‍ പോകുന്നു. എല്ലാ മത തീവ്ര പ്രസ്ഥാനങ്ങളെയും പോലെ മത സയണിസത്തിന്റെ ലോക കാഴ്ചപ്പാട് വളരെ സങ്കുചിതമാണ്. അത് ഇസ്രായേല്‍ എന്ന അസ്തിത്വത്തെ ശിഥിലമാക്കും; ആ പേരിലുള്ള രാഷ്ട്രത്തെയും. ഈ മത-സെക്യുലര്‍ പോരാട്ടം നാം സങ്കല്‍പിക്കാത്ത തലങ്ങളിലേക്ക് എത്തിയേക്കാം. ലോക ശാക്തിക ചേരികളില്‍ അട്ടിമറിയുണ്ടാക്കിയേക്കാം. ആ മാറ്റം അമേരിക്കക്കോ യൂറോപ്പിനോ അനുകൂലമായിരിക്കില്ല; അവരുടെ സന്താനമായ ഇസ്രായേലിനും. പാശ്ചാത്യ സംസ്‌കൃതി അതിന്റെ അസ്തമയങ്ങളിലേക്ക് നീങ്ങുകയാണ്. ഒന്ന് രണ്ട് ദശകത്തിനകം പാശ്ചാത്യ രാഷ്ട്രങ്ങള്‍ ലോക സംഘര്‍ഷങ്ങളെ നിയന്ത്രിക്കുന്നവര്‍ എന്ന തലത്തില്‍നിന്ന്, സ്വയം ആ സംഘര്‍ഷങ്ങളുടെ ഇരകളാകാന്‍ പോകുന്നു. ഇസ്രായേലിന്റെ ശക്തി അത് ചോർത്തിക്കളയും'' (അല്‍ ജസീറക്ക് നല്‍കിയ അഭിമുഖത്തില്‍നിന്ന്). l
തൊഴിലവസരങ്ങള്‍ ഒന്നേകാല്‍ ലക്ഷം
കഴിഞ്ഞ മാര്‍ച്ച് മൂന്നിന് അബൂദബിയില്‍ ഒപ്പുവെച്ച തുര്‍ക്കിയ-യു.എ.ഇ സാമ്പത്തിക കരാര്‍ ഇരു രാജ്യങ്ങളിലുമായി ഒന്നേകാല്‍ ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് തുര്‍ക്കിയയിലെ യു.എ.ഇ അംബാസഡര്‍ സഈദ് ഥാനി ഹാരിബ് അള്ളാഹിരി. ഒരു ലക്ഷം തൊഴിലവസരങ്ങള്‍ തുര്‍ക്കിയയിലും കാല്‍ ലക്ഷം യു. എ.ഇയിലും. തുര്‍ക്കിയ- യു.എ.ഇ കോംപ്രിഹന്‍സീവ് ഇക്കണോമിക് പാർട്ണര്‍ഷിപ്പ് എഗ്രിമെന്റ് എന്ന പേരിലുള്ള കരാര്‍ സെപ്റ്റംബര്‍ ഒന്നിന് നിലവില്‍ വരും. l
"ഫ്രീഡം ഓഫ് ദ സിറ്റി' അവാര്‍ഡ്
ലണ്ടന്‍ നഗരം നല്‍കുന്ന ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമായ 'ഫ്രീഡം ഓഫ് ദ സിറ്റി' ഇത്തവണ ദ മുസ്്‌ലിം ന്യൂസ് (muslimnews.co.uk) സ്ഥാപകനും എഡിറ്ററുമായ അഹ്്മദ് ജഫേറലി വെര്‍സിക്ക്. മികച്ച പത്രപ്രവര്‍ത്തനത്തിനാണ് അവാര്‍ഡ്. നേരത്തെ രാജകുടുംബത്തിലെ പന്ത്രണ്ട് പേര്‍ക്കും പത്ത് മുന്‍ ബ്രിട്ടീഷ് പ്രധാന മന്ത്രിമാര്‍ക്കും ഇത് ലഭിച്ചിട്ടുണ്ട്. താന്‍ സ്‌നേഹിക്കുകയും വളരുകയും ചെയ്ത ലണ്ടന്‍ നഗരം പുരസ്‌കാരം നല്‍കി ആദരിച്ചതില്‍ അഭിമാനിക്കുന്നുവെന്ന് എഡിറ്റര്‍ വെര്‍സി പറഞ്ഞു. l
വീണ്ടും ഖബ്റടക്കം
1995-ലെ സെബ്രനിക്ക വംശഹത്യക്കിരകളായ 27 പുരുഷന്മാരെയും മൂന്ന് കൗമാരക്കാരെയും വീണ്ടും ഖബ്റടക്കാന്‍ കഴിഞ്ഞ ജൂലൈ 11-ന് ആയിരക്കണക്കിന് ബോസ്‌നിയക്കാര്‍ സെബ്രനിക്ക യുദ്ധസ്മാരക ശ്മശാനത്തില്‍ ഒത്തുകൂടി. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞ ശേഷമായിരുന്നു വീണ്ടും ഖബ്റടക്കല്‍. 1992 മുതല്‍ '95 വരെ സെര്‍ബിയക്കാര്‍ നടത്തിയ വംശഹത്യയില്‍ ഒരു ലക്ഷം ബോസ്‌നിയക്കാര്‍ വധിക്കപ്പെടുകയും രണ്ടേകാല്‍ ദശലക്ഷം പേര്‍ അഭയാര്‍ഥികളാവുകയും ചെയ്തു. നിരവധി ബോസ്‌നിയന്‍ സ്ത്രീകള്‍ മാനഭംഗത്തിനിരയായി. വിദേശ പ്രതിനിധികളടക്കം ആറായിരം പേര്‍ ഖബ്റടക്ക ചടങ്ങില്‍ പങ്കെടുത്തു. l
ശൈഖ് അന്‍താ ദിയോബ്
കഴിഞ്ഞ നൂറ്റാണ്ടിന്റെ അമ്പതുകളില്‍ പ്രശസ്ത സെനഗലി ചരിത്രകാരനും നരവംശ ശാസ്ത്ര ഗവേഷകനുമായ ശൈഖ് അന്‍താ ദിയോബി(1923-1986)ന്റെ ഒന്നിലധികം ഗവേഷണ പ്രബന്ധങ്ങള്‍ തിരസ്‌കരിച്ചിട്ടുണ്ട് ഫ്രാന്‍സിലെ യൂനിവേഴ്‌സിറ്റികള്‍. അദ്ദേഹം ഉയര്‍ത്തിയ ആഫ്രോ കേന്ദ്രിത (Afrocentrist) വാദങ്ങള്‍ തന്നെയായിരുന്നു കാരണം. മനുഷ്യ ചര്‍മത്തിന്റെ യഥാര്‍ഥ നിറം കറുപ്പാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. മനുഷ്യന്‍ തുടക്കത്തില്‍ താമസിച്ചിരുന്നത് ഭൂമധ്യ രേഖാ പ്രദേശത്തായിരുന്നതുകൊണ്ട് അവന്റെ നിറം കറുപ്പാകാതെ തരമില്ല. പിന്നെയവന്‍ തണുപ്പുള്ള പ്രദേശങ്ങളിലേക്ക് നീങ്ങിയപ്പോഴാണ് തൊലിനിറം ക്രമേണ വെളുപ്പും മറ്റുമായത്. മനുഷ്യ നാഗരികതയുടെ തന്നെ ആധാരം ആഫ്രിക്കന്‍ സംസ്‌കാരമാണെന്നും അദ്ദേഹം വാദിച്ചു. ഈജിപ്തിലെ പിരമിഡ് സംസ്‌കാരം കറുത്ത വര്‍ഗക്കാരുടെ സംഭാവനയാണെന്നും സമര്‍ഥിച്ചു. ഈ വാദങ്ങളൊന്നും അംഗീകരിക്കാന്‍ മുഖ്യധാരാ ചരിത്രകാരന്മാര്‍ തയാറായില്ല.
ഇങ്ങനെ ഒരുകാലത്ത് പൂര്‍ണ തിരസ്‌കാരവും തമസ്‌കരണവും നേരിട്ട ദിയോബിന്റെ ചിന്തകള്‍ പുതിയ കാലത്തെ ഡികൊളോണിയൽ പഠനങ്ങളുടെ മുഖ്യ സ്രോതസ്സുകളിലൊന്നായി മാറിക്കഴിഞ്ഞു. ന്യൂയോര്‍ക്കിലെ മെട്രപോളിയന്‍ മ്യൂസിയം ഓഫ് ആർടില്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങളെ കേന്ദ്രീകരിച്ചുള്ള ഒരു പ്രദര്‍ശനവും നടന്നുവരുന്നുണ്ട്. സെനഗല്‍ തലസ്ഥാനമായ ഡാക്കറിലെ അറുപതിനായിരം പേര്‍ പഠിക്കുന്ന ആ രാജ്യത്തെ ഏറ്റവും വലിയ യൂനിവേഴ്‌സിറ്റി (Cheikh Anta Diop University) ഇന്ന് അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്.
Comments