Prabodhanm Weekly

Pages

Search

2023 സെപ്റ്റംബർ 01

3316

1445 സഫർ 15

അമേരിക്കയിൽ വെളിച്ചം പരത്തുന്നവർ

ഡോ. മുനീര്‍ മുഹമ്മദ് റഫീഖ്

ഡോ. കൂട്ടില്‍ മുഹമ്മദലി രചിച്ച 'പ്രകാശം പരത്തുന്ന പ്രസ്ഥാനം' എന്ന പുസ്തകത്തോട് ഈ ലേഖനം കടപ്പെട്ടിരിക്കുന്നു. ഇസ് ലാമിക പ്രസ്ഥാനം ഒരു മനുഷ്യന്റെ മുഴുജീവിതത്തെയും എത്രകണ്ട് അർഥവത്തും പ്രകാശപൂരിതവുമാക്കുന്നു എന്ന് ലളിതമായ ഉദാഹരണങ്ങളിലൂടെ വിവരിക്കുകയാണാ കൃതി. അമേരിക്കയിലെ പല മലയാളീ മുസ്‌ലിം ജീവിതങ്ങളെയും അടുത്തുനിന്ന് കണ്ടപ്പോള്‍, ഈ പുസ്തകത്തിന്റെ ഉള്ളടക്കവും തലക്കെട്ടും ഒരിക്കല്‍ കൂടി മനസ്സില്‍ തെളിഞ്ഞുവന്നു. കാരണം, ഈ കൃതി വിഭാവനം ചെയ്യുന്ന ഒരു ഇസ്‌ലാമിക പ്രവര്‍ത്തകനെ/യെ തങ്ങള്‍ ജീവിക്കുന്ന മറ്റൊരു (അമേരിക്കന്‍) ചുറ്റുപാടില്‍ സുന്ദരമായി പ്രയോഗവല്‍ക്കരിക്കുകയാണ് ഇവിടത്തെ ഇസ് ലാമിക പ്രവര്‍ത്തകര്‍ എന്നു തോന്നി. അമേരിക്കയുടെ ബഹുവർണ പരിസരത്ത് ഇസ് ലാമിക പ്രസ്ഥാനത്തിന്റെ ബഹുമുഖ പ്രതിനിധാനം എങ്ങനെയൊക്കെയാണ് നടന്നുകൊണ്ടിരിക്കുന്നത് എന്ന് അടയാളപ്പെടുത്താനുള്ള എളിയ ശ്രമം കൂടിയാണ് ഈ കുറിപ്പ്. 

മുസ് ലിം ഭൂരിപക്ഷ ഗള്‍ഫ് നാടുകളിലെ ഇസ് ലാമിക ആക്ടിവിസവും പ്രവര്‍ത്തനരീതികളുമൊക്കെ പ്രസ്ഥാനവൃത്തത്തിന് ഏറക്കുറെ സുപരിചിതമാണ്. എന്നാല്‍, അമേരിക്കയിലെ മലയാളികളുടെ ഇസ് ലാമിക കൂട്ടായ്മയെ കുറിച്ചോ അതിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചോ മലയാളികള്‍ വേണ്ടത്ര അറിഞ്ഞുകാണില്ല. അങ്ങനെ അറിയപ്പെടാന്‍ പോന്ന ഒരു ദീര്‍ഘകാല പ്രവര്‍ത്തന ചരിത്രവും പാരമ്പര്യവും അതിനില്ല. കാരണം, അമേരിക്കന്‍ മണ്ണിലേക്കുള്ള മലയാളി ഇസ് ലാമിക പ്രവര്‍ത്തകരുടെ കുടിയേറ്റത്തിന് ഗള്‍ഫ് പ്രവാസത്തോളം പഴക്കമില്ല. ഗള്‍ഫിലേതു പോലെ വലിയ അളവില്‍ പ്രവര്‍ത്തകരും ഇവിടെയില്ല. അമേരിക്കയിലേക്ക് ജീവിതം പറിച്ചുനട്ട ഒറ്റപ്പെട്ട പ്രവര്‍ത്തകര്‍ ഉണ്ടാകാമെങ്കിലും, ഒരു കൂട്ടായ്മയായി മലയാളീ പ്രസ്ഥാനവൃത്തം രൂപപ്പെടുന്നതിന് ഒരു ദശാബ്ദത്തിന്റെ പഴക്കമേ കാണൂ. ഐ.ടി മേഖലയുടെ വികാസവും തൊഴില്‍ സാധ്യതകളും വര്‍ധിച്ച 2000-2005 കാലത്താണ് അമേരിക്കയിലേക്കുള്ള ഇസ് ലാമിക പ്രവര്‍ത്തകരുടെ കുടിയേറ്റം ആരംഭിക്കുന്നത്.

2010-2011 കാലത്ത് ബാംഗ്ലൂര്‍ ആസ്ഥാനമായി ജോലി ചെയ്തിരുന്ന പ്രസ്ഥാനപ്രവര്‍ത്തകരായ ഐ.ടി പ്രഫഷനലുകള്‍ ജോലിയുടെ ഭാഗമായി അമേരിക്കയിലേക്കോ യൂറോപ്പിലേക്കോ പോവുകയും ഹ്രസ്വ കാലം അവിടെ ജീവിക്കേണ്ടി വരികയും ചെയ്തപ്പോഴാണ് ഓണ്‍ലൈന്‍ ഹല്‍ഖാ യോഗങ്ങളെ കുറിച്ച ആലോചന വരുന്നത്. ബാംഗ്ലൂര്‍ ജമാഅത്തെ ഇസ് ലാമി ഏരിയയുടെ സഹകരണത്തോടെയാണ് അങ്ങനെ ആദ്യമായി 'വെളിച്ചം' എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ ഹല്‍ഖ രൂപവത്കരിക്കപ്പെടുന്നത്. വ്യവസ്ഥാപിതമായി നടത്തിപ്പോരുന്ന ഖുര്‍ആന്‍ ക്ലാസുകളിലൂടെയായിരുന്നു വെളിച്ചത്തിന്റെ തുടക്കം. മുമ്പ് ഐ.ടി പ്രഫഷനലുകളില്‍ മാത്രം പരിമിതമായ ഓണ്‍ലൈന്‍ ഹല്‍ഖ അതോടെ പ്രവാസികളായ മറ്റു ജോലിക്കാര്‍ക്കും വിദ്യാർഥികള്‍ക്കും കൂടി ലഭ്യമായി. അമേരിക്ക, യൂറോപ്പ്, ചൈന, സിംഗപ്പൂര്‍, താന്‍സാനിയ, ഉഗാണ്ട, സുഡാന്‍ മുതലായ നിരവധി രാജ്യങ്ങളിലെ അഭ്യസ്തവിദ്യരായ മലയാളി ചെറുപ്പക്കാര്‍ ഈ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ഇസ് ലാമിനെ കൂടുതല്‍ പഠിക്കാന്‍ തുടങ്ങി. സൈബര്‍ ലോകത്തേക്കുള്ള ഹല്‍ഖയുടെ രംഗപ്രവേശം നാട്ടില്‍ ഇസ് ലാമിക പ്രസ്ഥാനവുമായി ഒരു ബന്ധവുമില്ലാതിരുന്ന യുവാക്കളെ കൂടി ഇതിലേക്കാകര്‍ഷിച്ചു. ഒരു സ്വതന്ത്ര പ്രസ്ഥാനമായ 'വെളിച്ചം' ഘടനയിലും പ്രവര്‍ത്തനങ്ങളിലും വ്യതിരിക്തത പുലര്‍ത്തുന്നു. അമേരിക്കയിലെ ഇസ്‌ലാമിക പ്രവര്‍ത്തനം നമ്മുടേതില്‍നിന്ന് ഏറെ വിഭിന്നമാണ്. അമേരിക്കന്‍ പശ്ചാത്തലത്തില്‍ തങ്ങളുടെ നയങ്ങളും മുന്‍ഗണനാക്രമവും പ്രവര്‍ത്തനങ്ങളും തീരുമാനിക്കുന്നത് വെളിച്ചത്തിന്റെ നേതൃനിര തന്നെ.

വെർച്വല്‍ ലോകത്തുനിന്ന് 
ആക്‌ച്വല്‍ ലോകത്തേക്ക്

രൂപവത്കരണ കാലത്ത് 'വെളിച്ചം' ഒരൊറ്റ ഹല്‍ഖയായിരുന്നു. പ്രവര്‍ത്തകര്‍ കൂടിവന്നപ്പോള്‍ 2013 മുതല്‍ 'വെളിച്ചം' ഓണ്‍ലൈന്‍ ഹല്‍ഖ മൂന്ന് ഏരിയകളായി വികസിച്ചു. നോർത്ത് അമേരിക്ക, യൂറോപ്പ്, ലണ്ടന്‍ എന്നിങ്ങനെ മൂന്ന് ഏരിയകള്‍ക്ക് കീഴില്‍ കുറേയേറെ ഹല്‍ഖകള്‍ ഇന്ന് വെളിച്ചത്തിനുണ്ട്. യു.എസ്.എയും കാനഡയുമടങ്ങുന്ന നോർത്ത് അമേരിക്കന്‍ ഏരിയക്കു കീഴില്‍ മാത്രം 6 വ്യത്യസ്ത ഹല്‍ഖകളില്‍ എഴുപതോളം പ്രവര്‍ത്തകരുണ്ട്. 'വെളിച്ച'ത്തിന്റെ ക്ലാസുകള്‍ ആയിരത്തിലധികം കുടുംബങ്ങള്‍ക്കെങ്കിലും  വഴിവെളിച്ചമാകുന്നുണ്ട്. റമദാനില്‍ 'വെളിച്ചം' സംഘടിപ്പിക്കുന്ന ക്ലാസുകള്‍ പ്രവാസലോകത്തുള്ള വലിയൊരു വിഭാഗം ജനങ്ങളിലേക്കെത്തുന്നു. 'വെളിച്ചം' പ്രവര്‍ത്തകരില്‍ പകുതിയും സ്ത്രീകളാണ്. മാത്രമല്ല, ഹല്‍ഖാ യോഗങ്ങളിലും മറ്റു പ്രവര്‍ത്തനങ്ങളിലും സ്ത്രീകളുടെ പങ്കാളിത്തം എടുത്തു പറയേണ്ടതാണ്. അമേരിക്ക പോലൊരു രാജ്യത്തെ ജീവിതസാഹചര്യം നല്‍കുന്ന വലിയ സാധ്യതകൾ കൂടിയാണ് അവരുടെ കഴിവുകളെയും സേവനങ്ങളെയും ഇവിടെ ഉപയോഗപ്പെടുത്താന്‍ കഴിയുന്നതിനു പിന്നില്‍. പുരുഷന്‍മാര്‍ മാത്രമല്ല ഇവിടെ ജോലിക്കാര്‍. വലിയൊരു വിഭാഗം സ്ത്രീകളും ഇവിടെ ഐ.ടി മേഖലയിലും പുറത്തും ജോലി ചെയ്യുന്നു. 3 വനിതാ ഹല്‍ഖകളും വെളിച്ചത്തിനു കീഴില്‍ നടന്നുവരുന്നു. ജോലിക്കാരായ സ്ത്രീകളെ പരിഗണിച്ച് ഇതില്‍ ഒരു ഹൽഖ ജോലി സമയമല്ലാത്ത മറ്റു സന്ദര്‍ഭങ്ങളിലാണ് നടക്കുന്നത്. വെളിച്ചത്തിന്റെ അധിക പ്രവര്‍ത്തകരും ഐ.ടി പ്രഫഷനലുകളാണെങ്കിലും ഡോക്ടര്‍മാരും ബിസിനസുകാരും വിദ്യാർഥികളും ഇക്കൂട്ടത്തിലുണ്ട്. അമേരിക്കയും കാനഡയും പോലെ വിശാലമായ ഭൂപ്രദേശമുള്ള രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ താമസിക്കുന്ന പ്രവര്‍ത്തകര്‍ക്ക് പരസ്പരം നേരില്‍ കാണാനും ഒരുമിച്ച് പ്രവര്‍ത്തിക്കാനുമൊക്കെയുള്ള സാഹചര്യം തീരെയില്ലെന്നുതന്നെ പറയാം. അതുകൊണ്ടുതന്നെ ഒരേ രാജ്യത്ത് തന്നെയായിട്ടും, വിദൂര സ്‌റ്റേറ്റുകളില്‍, വ്യത്യസ്ത ടൈം സോണുകളില്‍ ജീവിക്കുന്ന ഇവര്‍ ആഴ്ചയില്‍ പല ദിവസങ്ങളില്‍ വ്യത്യസ്ത സമയങ്ങളിലാണ് ഓണ്‍ലൈനില്‍ ഹല്‍ഖകള്‍ കൂടുന്നത്. 

പ്രതിവാര ഹല്‍ഖാ യോഗങ്ങള്‍ക്കു പുറമേ, ഓണ്‍ലൈന്‍ മദ്റസാ സംവിധാനവും വെളിച്ചത്തിനുണ്ട്. ലോകത്തിന്റെ വിവിധ ഭാഗത്തുള്ള പ്രവാസീ മലയാളി വിദ്യാർഥികള്‍ (പ്രത്യേകിച്ച്, ഇംഗ്ലീഷ് മീഡിയം) ഈ സംവിധാനത്തിലൂടെ പ്രാഥമിക ഇസ്‌ലാമിക വിദ്യാഭ്യാസം നേടുന്നു. പ്രഗല്‍ഭരായ അധ്യാപകര്‍ക്കു പുറമേ 'വെളിച്ചം' ടീമിലെ യോഗ്യരായ പല വനിതകളും വളണ്ടിയർമാരായി അധ്യാപക സേവനമനുഷ്ഠിച്ചുപോരുന്നു. സ്ത്രീകള്‍ക്കായി രണ്ട് മാസത്തിലൊരിക്കല്‍ ഇസ് ലാമിക പ്രഭാഷണം, ടീനേജ് വിദ്യാർഥികള്‍ക്കായി പ്രത്യേക തര്‍ബിയത്ത് ക്യാമ്പുകള്‍, ഖുര്‍ആന്‍ സ്റ്റഡി സർക്കിളുകള്‍ തുടങ്ങി വിവിധ പരിപാടികള്‍ റമദാനിലും മറ്റു വിശേഷ സമയങ്ങളിലും  നടത്തിവരുന്നു. വെളിച്ചത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 'വെളിച്ചം' സ്റ്റുഡന്റ്‌സ് ഫോറം, അമേരിക്കയിലേക്കും കാനഡയിലേക്കും തുടര്‍പഠനത്തിനായി വരുന്ന മലയാളിവിദ്യാർഥികള്‍ക്ക്  ഗൈഡന്‍സ് സെന്ററായി പ്രവര്‍ത്തിച്ചുപോരുന്നു. പെര്‍മനന്റ് വിസയില്‍ കുടുംബ സമേതം നാട്ടില്‍നിന്ന് വരുന്നവരും വിദ്യാർഥികളും കൂടുതല്‍ എത്തിപ്പെടുന്നത് കാനഡയിലാണ്.  കാനഡയിലേക്ക് കുടിയേറുന്ന മലയാളികള്‍ക്ക് വേണ്ട നിയമപരവും സാങ്കേതികവുമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നതില്‍ കാനഡയിലെ 'വെളിച്ചം' പ്രവര്‍ത്തകരുടെ സേവനങ്ങള്‍ എടുത്തുപറയേണ്ടതാണ്. വെളിച്ചത്തിന്റെ നെക്‌സ്റ്റ് ജെന്‍ (Next Gen Programme) എന്ന പേരിലുള്ള സംവിധാനം വരുംതലമുറക്ക് ഇസ്‌ലാമിക ശിക്ഷണം മാത്രം നല്‍കിപ്പോരുന്ന ഒരു സംവിധാനമല്ല. ഭൗതികവും ആത്മീയവുമായ വെല്ലുവിളികളെ ഇസ് ലാമിക മൂല്യങ്ങളുടെ വെളിച്ചത്തില്‍ നേരിടാന്‍ പ്രാപ്തരായ ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ പോന്ന  ബൃഹത് പദ്ധതിയാണ്.  നെക്സ്റ്റ് ജെന്‍ പ്രോഗ്രാമില്‍ ഇപ്പോള്‍ നാല്‍പതോളം വിദ്യാർഥികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അമേരിക്കന്‍ ബഹു സാംസ്‌കാരിക പരിസരത്ത്

കേരളീയ പശ്ചാത്തലത്തില്‍നിന്ന് പ്രസ്ഥാനത്തെ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്ത 'വെളിച്ചം' പ്രവര്‍ത്തകര്‍, ആ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതോടൊപ്പം, തങ്ങള്‍ ജീവിക്കുന്ന സാഹചര്യങ്ങളില്‍ ഇസ്‌ലാമിനെ ഏറ്റവും സുന്ദരമായി പ്രതിനിധാനം ചെയ്യുന്നതിലും ശ്രദ്ധിക്കുന്നു. NAIMA എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന North American Indian Muslim Association ന്റെ ഒരു ഉപഘടകം കൂടിയാണ് 'വെളിച്ചം.' 2018-ല്‍ അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ മുസ് ലിംകള്‍ക്ക് വേണ്ടി രൂപവത്കരിക്കപ്പെട്ടതാണ് NAIMA. ഖുര്‍ആനിന്റെയും സുന്നത്തിന്റെയം വെളിച്ചത്തില്‍ അമേരിക്കയിലെ ഇന്ത്യന്‍ മുസ് ലിംകളുടെ വ്യക്തിപരവും സാമൂഹികവുമായ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഈ പ്രസ്ഥാനം ഇന്ത്യയില്‍ നീതി നിഷേധിക്കപ്പെടുന്ന മുസ്‌ലിംകള്‍ക്കും ഇതര ന്യൂനപക്ഷങ്ങള്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തുന്നു.

അമേരിക്കന്‍ മുസ് ലിം പൊതുസമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന അവിടത്തെ ഏറ്റവും പ്രധാന മുസ് ലിം കൂട്ടായ്മയായ ഇക്‌ന (Islamic Council of North America) പോലുള്ള സംഘടനകളിലും വെളിച്ചത്തിന്റെ പ്രവര്‍ത്തകരുണ്ട്. ഇക്‌നയുടെ നേതാക്കള്‍ക്ക് 'വെളിച്ചം' പ്രവര്‍ത്തകരെക്കുറിച്ച് വലിയ മതിപ്പാണ്. ഇക്‌നയുടെ ചില നേതാക്കളുമായി സംസാരിച്ചപ്പോള്‍, കേരളത്തില്‍ നിന്നാണെന്നറിഞ്ഞ മാത്രയില്‍ അവര്‍ ആദ്യം ചോദിച്ചത് 'വെളിച്ചം' പ്രവര്‍ത്തകരെ കുറിച്ചാണ്. അമേരിക്കയിലെ ഡെന്‍വറില്‍ താമസിക്കുന്ന എന്റെ അള്‍ജീരിയന്‍ സുഹൃത്തിനെ കണ്ടുമുട്ടിയപ്പോള്‍ വെളിച്ചം പ്രവര്‍ത്തകന്‍ സമീര്‍ ബിന്‍ ഖാലിദിന്റെ ഫോട്ടോ ഫോണില്‍ കാണിച്ചുകൊടുത്തു. ആ ഫോട്ടോ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു: 'ഇദ്ദേഹം ഡെന്‍വറിലെ മുസ് ലിംകള്‍ക്കിടയില്‍ അറിയപ്പെടുന്ന ആളാണ്. ഡെന്‍വറിലെ പ്രധാന ഇസ് ലാമിക സെന്ററുകളിലെ (പള്ളി) കമ്മിറ്റിയില്‍ അംഗമോ അതില്‍ വേണ്ടത്ര സ്വാധീനമോ ഉള്ള ആളാണ്.' അമേരിക്കയിലെ ഒരു മലയാളി ഇസ് ലാമിക പ്രവര്‍ത്തകനെ കുറിച്ചുള്ള ഒരു വിദേശിയുടെ അഭിപ്രായം കേട്ടപ്പോള്‍ സന്തോഷവും അഭിമാനവും തോന്നി.  'വെളിച്ചം' കേവലം മലയാളി കൂട്ടായ്മയായി മലയാളികള്‍ക്കിടയില്‍ മാത്രം ഒതുങ്ങാതെ അമേരിക്കയിലെ നാനാവിധ മുസ് ലിംകളിലേക്കും ഇറങ്ങിച്ചെന്നതിന്റെ ഫലമാണിതൊക്കെ.

ഇങ്ങനെ ബഹുമുഖ പ്രസ്ഥാനങ്ങളിലെ പങ്കാളിത്തവും പ്രാതിനിധ്യവും കൂടിയാണ് അമേരിക്കയിലെ ഇസ് ലാമിക പ്രവര്‍ത്തനം. ഇവിടെ ഇസ് ലാമിക പ്രവര്‍ത്തകര്‍, തങ്ങൾ ജീവിക്കുന്ന പശ്ചാത്തലത്തില്‍ സമൂഹത്തിന് ഏറ്റവും ആവശ്യമായ കാര്യങ്ങളേതോ അവക്കാണ് പ്രാമുഖ്യം നൽകുന്നത്. ഇവിടെ ഇസ് ലാമിക പ്രവര്‍ത്തകന്‍ ഒരേ സമയം ഇക്‌നായിലും നൈമയിലും മറ്റു പ്രാദേശിക കൂട്ടായ്മകളിലും പ്രവര്‍ത്തിച്ചുപോരുന്നു. കുറഞ്ഞകാലത്തിനിടയില്‍ തന്നെ 'വെളിച്ചം' അതിന്റെ പ്രകാശം അമേരിക്കയിലെ മുഴുവന്‍ ജനങ്ങളിലേക്കും പ്രസരിപ്പിച്ചുകൊണ്ടിരിക്കുന്നു. ഈദൃശ പ്രവര്‍ത്തനങ്ങളെ മുന്നില്‍നിന്ന് നയിക്കുന്ന 'വെളിച്ചം' നോർത്ത് അമേരിക്കന്‍ ഏരിയയുടെ നേതാക്കള്‍ നിയാസ് കെ. സുബൈര്‍ (പ്രസിഡ ന്റ്് ), അബ്ദുല്‍ അസീസ് (സെക്രട്ടറി), റൈഹാനത്ത് (വൈസ് പ്രസിഡന്റ്് ) എന്നിവരാണ്. l 
(തുടരും)

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 07-08
ടി.കെ ഉബൈദ്‌

ഹദീസ്‌

വാദിച്ചു വാങ്ങുന്നത് നരകത്തിന്റെ കഷണമാണോ?
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്