തുര്‍ക്കിയയുടെ രാഷ്ട്രീയ വിജയങ്ങള്‍
ഇക്കഴിഞ്ഞ ആഗസ്റ്റ് 14-നാണ് തുര്‍ക്കിയയിലെ ഭരണകക്ഷി ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടി (എ.കെ പാര്‍ട്ടി), രൂപവത്കരണത്തിന്റെ ഇരുപത്തിരണ്ടാം വാര്‍ഷികം ആഘോഷിച്ചത്. 2001 ആഗസ്റ്റ് 14-ന് നിലവില്‍ വന്ന് ഒരു വര്‍ഷം പിന്നിടുമ്പോഴേക്ക് അധികാരത്തിലെത്തിയ എ.കെ പാര്‍ട്ടി കഴിഞ്ഞ 21 വര്‍ഷമായി എല്ലാ പൊതുതെരഞ്ഞെടുപ്പുകളിലും വിജയക്കൊടി നാട്ടുകയുണ്ടായി. 2002-ല്‍ തുടങ്ങിയ ജൈത്രയാത്ര 2007, 2011, 2015 വര്‍ഷങ്ങളില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളിലും 2015 നവംബറിലെയും 2018 ജൂണിലെയും ഇടക്കാല ഇലക്്ഷനുകളിലും, ഏറ്റവുമൊടുവില്‍ 2023 മെയിലെ പ്രസിഡന്റ്-പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളിലും ആവര്‍ത്തിക്കുകയായിരുന്നു. 2014 വരെ പ്രധാന മന്ത്രിയായും തുടര്‍ന്നിങ്ങോട്ട് പ്രസിഡന്റായും മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡുമായാണ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ തുര്‍ക്കിയയെ നയിക്കുന്നത്.
മല്‍സരിച്ച പ്രഥമ തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടിയ എ.കെ പാര്‍ട്ടി ചരിത്രം തിരുത്തിയാണ് അതിന്റെ പ്രയാണം തുടരുന്നത്. രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഇസ്തംബൂള്‍ മെട്രോപോളിറ്റന്റെ മേയര്‍ പദവി അലങ്കരിച്ചതിന്റെ അനുഭവസമ്പത്തുമായി തുര്‍ക്കിയയിലെ 39-ാമത്തെ രാഷ്ട്രീയ പാര്‍ട്ടിയുമായി രംഗത്തുവന്ന ഉര്‍ദുഗാന്‍, രാഷ്ട്രീയത്തില്‍ വിലക്ക് നേരിടുമ്പോഴാണ് എ.കെ പാര്‍ട്ടിയെ വിജയത്തിലേക്ക് നയിച്ചതെന്നത് മറ്റൊരു ചരിത്രം. പ്രഥമ തെരഞ്ഞെടുപ്പില്‍ 34.28 ശതമാനം വോട്ടുകള്‍ നേടിയ പാര്‍ട്ടി, 21 കൊല്ലത്തിനുശേഷം ഇക്കഴിഞ്ഞ മെയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 35.62 ശതമാനം വോട്ടുകളും 268 സീറ്റുകളും സ്വന്തമാക്കി. ജനസ്വാധീനം പാര്‍ട്ടിക്ക് ഒട്ടും കുറഞ്ഞിട്ടില്ലെന്ന് അടിവരയിടുന്നതാണ് ഈ കണക്കുകള്‍. 2018-ല്‍ 52.59 ശതമാനം വോട്ടുകളുമായി രാജ്യത്തിന്റെ പ്രഥമ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഉര്‍ദുഗാന്‍ 2023-ല്‍ 52.18 ശതമാനവുമായി ജനപിന്തുണ നിലനിര്‍ത്തുകയും ചെയ്തു.
ഇസ്തംബൂളിലെ വിജയിയാണ് തുര്‍ക്കിയ ഭരിക്കുകയെന്നത് ഉര്‍ദുഗാന്റെ പ്രസിദ്ധമായ ഉദ്ധരണിയാണ്. അങ്ങനെയായിരുന്നു തുര്‍ക്കിയ രാഷ്ട്രീയം മുന്നോട്ടു പോയത്. ഇസ്തംബൂളിന്റെയും തുര്‍ക്കിയയുടെയും ഭരണം എ.കെ പാര്‍ട്ടിയില്‍ ഭദ്രമായി നിലകൊണ്ടു. 2019-ലെ ഇസ്തംബൂള്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ റിപ്പബ്ലിക്കന്‍ പീപ്പ്ള്‍സ് പാര്‍ട്ടി (സി.എച്ച്.പി)യിലെ അത്രയൊന്നും അറിയപ്പെടാത്ത ഇക്‌രിം ഇമാമോഗ്ലു, ഉര്‍ദുഗാന്റെ അടുത്ത അനുയായി ബിനാലി യില്‍ദിര്‍മാനെ അട്ടിമറിച്ചതോടെ 2023 മെയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലങ്ങളുടെ സൂചനയായി പ്രതിപക്ഷവും ചില മാധ്യമ, രാഷ്ട്രീയ നിരീക്ഷകരും ഇത് ഉയര്‍ത്തിക്കാട്ടി.
എന്നാല്‍, പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഫലം മറിച്ചായിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളുടെയും യു.എസ് ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ രാഷ്ട്രങ്ങളുടെയും ഉര്‍ദുഗാന്‍ വിരുദ്ധ മാധ്യമങ്ങളുടെയും പരസ്യ പിന്തുണയോടെ വിജയം ഉറപ്പിച്ച പ്രതിപക്ഷ സ്ഥാനാര്‍ഥി കമാല്‍ കിലിച്ച്ദാറോഗ്ലു ഉര്‍ദുഗാനോട് വലിയ മാര്‍ജിനില്‍ പരാജയപ്പെട്ടു.
ഉര്‍ദുഗാന്റെ വാക്കുകള്‍ കടമെടുത്ത് ഇപ്പോഴും സംസാരിക്കുന്നത് ഇസ്തംബൂള്‍ മേയറാണെന്നതാണ് രസകരം. ഇസ്തംബൂളില്‍ ജയിക്കുന്നവര്‍ തുര്‍ക്കിയയുടെ ഭരണം പിടിക്കുമെന്നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ പരാജയത്തിനുശേഷവും സി.എച്ച്.പി നേതാവ് ഇമാമോഗ്ലുവിന്റെ അവകാശവാദം. മാര്‍ച്ചിലെ മേയര്‍ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുമെന്നും രാജ്യത്തെ ഏറ്റവും വലിയ നഗരത്തിലെ വിജയം തുര്‍ക്കിയയെ തങ്ങളോടൊപ്പം നിര്‍ത്തുമെന്നുമുള്ള ആത്മവിശ്വാസത്തിലാണ് അദ്ദേഹം.
എന്നാല്‍, തെരഞ്ഞെടുപ്പാനന്തര പ്രതിപക്ഷ സഖ്യത്തിലുള്ള വിള്ളല്‍ നാള്‍ക്കുനാള്‍ ശക്തിപ്പെടുകയാണ്. കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തന്നെ സ്ഥാനാര്‍ഥിയാക്കുമെന്നാണ് ഇമാമോഗ്ലു കരുതിയതെങ്കിലും സി.എച്ച്.പി നേതൃത്വത്തിലുള്ള ആറു പാര്‍ട്ടികളുടെ നാഷൻ അലയന്‍സിന്റെ (മില്ലത്ത് ഇത്തിഫാഖി) നറുക്ക് വീണത് പ്രതിപക്ഷ നേതാവു കൂടിയായ കമാല്‍ കിലിച്ച്ദാറോഗ്ലുവിനാണ്. തെരഞ്ഞെടുപ്പാനന്തരം പാര്‍ട്ടി നേതൃസ്ഥാനത്തിനായി ഇമാമോഗ്ലു നടത്തിയ നീക്കം ചേരിതിരിവുകള്‍ക്ക് ഇടയാക്കി. നേതൃത്വത്തിലുള്ള ചിലരുമായി നടത്തിയ ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ പരസ്യമായതോടെയാണ് പാര്‍ട്ടി പ്രസിഡന്റ് പദവിയിലേക്കുള്ള മത്സരത്തിനില്ലെന്നും ഇസ്തംബൂള്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ രണ്ടാമൂഴത്തിനുണ്ടാകുമെന്നും ഇമാമോഗ്ലു വ്യക്തമാക്കിയത്.
പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുള്ള എതിര്‍പ്പുകള്‍ക്ക് ശക്തിക്ഷയം സംഭവിച്ചത് ഭരണകക്ഷിയായ പീപ്പ്ൾസ് അലയന്‍സിന്റെ പ്രയാണം സുഗമമാക്കിയിട്ടുണ്ട്. തുര്‍ക്കിയ റിപ്പബ്ലിക്കായതിന്റെ നൂറാം വാര്‍ഷികമാണിത്. 1923 ഒക്‌ടോബര്‍ 29-നാണ് രാജ്യം റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടത്. വിഷന്‍ 2023 എന്ന പേരില്‍ രാജ്യത്തിന്റെ സര്‍വതോമുഖ വികസനം ലക്ഷ്യമിട്ട് 2011-ല്‍ ഉര്‍ദുഗാന്‍ പ്രഖ്യാപിച്ച പദ്ധതികളുടെ വിലയിരുത്തലിന്റെ സന്ദര്‍ഭം കൂടിയാണിത്.
ഹിജാബും ഭരണഘടനാ ഭേദഗതിയും
1980-ലെ പട്ടാള അട്ടിമറിക്കുശേഷം തുര്‍ക്കിയ പിന്തുടരുന്ന ചില ജനവിരുദ്ധ സിവില്‍ നിയമങ്ങള്‍ മാറ്റിയെഴുതാനുള്ള നീക്കത്തിലാണ് ഉര്‍ദുഗാന്‍. ഭരണഘടനയെ പൂര്‍ണമായും ജനകീയമാക്കാനുള്ള നീക്കങ്ങള്‍ക്ക് അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ തുടക്കം കുറിക്കുമെന്ന് പ്രസിഡന്റ് വ്യക്തമാക്കിക്കഴിഞ്ഞു. നിരവധി സിവിലിയന്മാര്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും ജീവന്‍ നഷ്ടപ്പെട്ട പട്ടാള അട്ടിമറിക്ക് പിന്നാലെയാണ് 1982-ല്‍ ജനവിരുദ്ധ ഖണ്ഡികകള്‍ തുര്‍ക്കിയയുടെ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തത്. അതിനുശേഷം ഭേദഗതികള്‍ പലതും വരുത്തിയെങ്കിലും അടിസ്ഥാനപരമായ പല അവകാശങ്ങളും ഇപ്പോഴും പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല. 24, 41 അനുഛേദങ്ങള്‍ ഉദാഹരണം. ആദ്യത്തേത് മത സ്വാതന്ത്ര്യവുമായും രണ്ടാമത്തേത് കുടുംബത്തിന്റെയും കുട്ടികളുടെയും അവകാശങ്ങളുമായും ബന്ധപ്പെട്ടവയാണ്.
സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാലയങ്ങളിലും സ്ത്രീകള്‍ ശിരോവസ്ത്രം ധരിക്കുന്നത് തടയുന്ന വകുപ്പുകള്‍ 24-ാം അനുഛേദത്തിലുണ്ട്. എ.കെ പാര്‍ട്ടി അധികാരത്തില്‍വന്ന ശേഷം 2013-ല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും 2014-ല്‍ ഹൈസ്‌കൂളുകളിലെയും ഹിജാബ് വിലക്ക് നീക്കിയെങ്കിലും ഭരണഘടനാപരമായി വിലക്ക് തുടരുകയാണ്. പല കോടതി വിധികളിലും ഇത് പ്രതിഫലിക്കാറുമുണ്ട്. വിലക്ക് സമ്പൂര്‍ണമായി നീക്കുന്ന ഭരണഘടനാ ഭേദഗതിക്ക് ജനുവരിയില്‍ പാര്‍ലമെന്റിന്റെ ഭരണഘടനാ കമ്മിറ്റി അംഗീകാരം നല്‍കിയിരുന്നു. അന്ന് ഹിജാബ് വിലക്ക് നീക്കുന്നതിനെതിരെ രംഗത്തുവന്ന തീവ്ര മതേതര പാര്‍ട്ടിയായ സി.എച്ച്.പി നേതൃത്വം നല്‍കുന്ന പ്രതിപക്ഷ സഖ്യം പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയില്‍ പ്രസ്തുത നിലപാടില്‍നിന്ന് പിന്മാറി ഹിജാബ് അനുകൂലികളായത് വലിയ വാര്‍ത്തയായിരുന്നു.
600 അംഗ പാര്‍ലമെന്റിന്റെ അഞ്ചില്‍ മൂന്ന് ഭൂരിപക്ഷം (360-നുമേല്‍ വോട്ടുകള്‍) ലഭിച്ചാല്‍ ഇരു ഭേദഗതികളും പാസ്സാകും. ഇസ്്ലാമിസ്റ്റ് ആഭിമുഖ്യമുള്ള ഫെലിസിറ്റി പാര്‍ട്ടി, ഉര്‍ദുഗാന്റെ മുന്‍ സഹപ്രവര്‍ത്തകരായ അഹ്്മദ് ദാവൂദോഗ്ലു, അലി ബാബാ ജാന്‍ എന്നിവര്‍ യഥാക്രമം നേതൃത്വം നല്‍കുന്ന ഫ്യൂച്ചര്‍ പാര്‍ട്ടി, ഡമോക്രസി ആന്റ് പ്രോഗ്രസ് പാര്‍ട്ടി എന്നിവ ഉള്‍പ്പെടുന്നതാണ് പ്രതിപക്ഷ സഖ്യം. ഇവരുടെ അംഗങ്ങള്‍ക്ക് ഭേദഗതിക്ക് അനുകൂലമായി വോട്ട് ചെയ്യേണ്ടിവരും. പാര്‍ലമെന്റില്‍ 212 സീറ്റുകള്‍ മാത്രമുള്ള പ്രതിപക്ഷം എതിര്‍ത്താലും നിയമം പാസ്സാകുമെന്നുറപ്പ്.
ഇ.യു അംഗത്വം
യൂറോപ്പുമായി ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുകയെന്നത് വിഷന്‍ 2023-ലെ പ്രധാന തീരുമാനമാണ്. ഇതിന്റെ ഭാഗമായി യൂറോപ്യന്‍ യൂനിയന്‍ (ഇ.യു) അംഗത്വത്തിനുള്ള ചര്‍ച്ചകള്‍ തുടരാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചിട്ടുണ്ട്. അമേരിക്ക ഉള്‍പ്പെടുന്ന നാറ്റോ സഖ്യത്തിലെ പ്രധാന അംഗമാണെങ്കിലും യൂറോപ്യന്‍ യൂനിയനില്‍ അംഗമാകാനുള്ള തുര്‍ക്കിയയുടെ നീക്കം വിജയം കണ്ടിട്ടില്ല. കൗണ്‍സില്‍ ഓഫ് യൂറോപ്പ് (1949), വെസ്റ്റേണ്‍ യൂറോപ്യന്‍ യൂനിയന്‍ (1954), യൂറോപ്യന്‍ ഇക്കണോമിക് കമ്യൂണിറ്റി (1957) എന്നിവയില്‍ അംഗത്വമുണ്ടായിരുന്ന രാജ്യമാണ് തുര്‍ക്കിയ. യൂറോപ്യന്‍ യൂനിയന്റെ മുന്‍ഗാമികളായിരുന്നു ഇവയൊക്കെ. 2005 മുതല്‍ ഇ.യുവിലെ സമ്പൂര്‍ണാംഗത്വത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും ഇസ്്ലാമിസ്റ്റ് ആശയം പിന്തുടരുന്ന ഉര്‍ദുഗാന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിന് അംഗീകരിക്കാന്‍ കഴിയാത്ത പല വകുപ്പുകളും ഉള്‍പ്പെടുന്നതാണ് അംഗത്വത്തിനുള്ള മാനദണ്ഡങ്ങള്‍. ഇവയില്‍ വിട്ടുവീഴ്ച വേണ്ടതില്ലെന്ന് വാദിക്കുന്ന അംഗ രാജ്യങ്ങളുടെ നിലപാടുകളും തുര്‍ക്കിയയുടെ അംഗത്വത്തിന് വിലങ്ങുതടിയായി നില്‍ക്കുന്നു.
രാജ്യത്തിനെതിരായ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ മണ്ണ് ഉപയോഗിക്കുന്നതിനെതിരെ ഏറക്കാലമായി നയതന്ത്ര തലത്തില്‍ തുര്‍ക്കിയ പോരാടുന്നു. നാറ്റോ അംഗത്വത്തിനുള്ള സ്വീഡന്റെയും ഫിന്‍ലന്റിന്റെയും ശ്രമങ്ങള്‍ തടഞ്ഞത് ഇതിന്റെ ഭാഗമായിരുന്നു. കുര്‍ദ് ഭീകര സംഘടനകളായ പി.കെ.കെ, പി.വൈ.ഡി, വൈ.പി.ജി എന്നിവയും, 2016-ലെ അട്ടിമറി ശ്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് ആരോപിക്കപ്പെടുന്ന ഗുലന്‍ മൂവ്‌മെന്റും ഫിന്‍ലന്റിന്റെ മണ്ണ് തുര്‍ക്കിയക്ക് എതിരായ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്നതായിരുന്നു ആരോപണം.
തുര്‍ക്കിയയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതിനെ തുടര്‍ന്ന് ഫിന്‍ലന്റിനെതിരായ വിലക്ക് നീക്കിയെങ്കിലും, വിശുദ്ധ ഖുര്‍ആന്‍ പരസ്യമായി കത്തിക്കുന്നത് ഉള്‍പ്പെടെയുള്ള ഇസ്്ലാമോഫോബിക് പ്രവര്‍ത്തനങ്ങള്‍ തടയാതിരിക്കുകയും പി.കെ.കെക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്യുന്ന സ്വീഡനെതിരായ നിലപാട് ഉര്‍ദുഗാന്‍ കടുപ്പിക്കുകയായിരുന്നു. ഭരണഘടനാ ഭേദഗതിയിലൂടെ ഭീകരവിരുദ്ധ നിയമങ്ങള്‍ ശക്തിപ്പെടുത്തുകയും തുര്‍ക്കിയ ആവശ്യപ്പെട്ട ഭീകര പ്രവര്‍ത്തകരെ കൈമാറാന്‍ സമ്മതിക്കുകയും ചെയ്തതോടെ സ്വീഡന്റെ നാറ്റോ അംഗത്വത്തിനും ഉര്‍ദുഗാന്‍ പച്ചക്കൊടി കാട്ടിയിരിക്കുന്നു. പാര്‍ലമെന്റിന്റെ അംഗീകാരം മാത്രമാണ് ഇനി ബാക്കിയുള്ളത്.
തീരുമാനം തുര്‍ക്കിയയെ സംബന്ധിച്ചേടത്തോളം നയതന്ത്ര തലത്തില്‍ വലിയ നേട്ടമാണ് ഉണ്ടാക്കുക. തുര്‍ക്കിയക്ക് അമേരിക്ക നല്‍കാമെന്നേറ്റ നാല്‍പത് എഫ്-16 യുദ്ധവിമാനങ്ങളുടെ കൈമാറ്റത്തിനുള്ള വിലക്കും ഇതോടെ നീങ്ങും. എഫ്-16 കച്ചവടത്തിന് 2021-ലാണ് ഇരു രാജ്യങ്ങളും ധാരണയിലെത്തിയത്. എന്നാല്‍, റഷ്യയില്‍നിന്ന് എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങിയതില്‍ പ്രകോപിതരായി അമേരിക്ക കരാര്‍ മരവിപ്പിക്കുകയും തുര്‍ക്കിയക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഫിന്‍ലന്റ്, സ്വീഡന്‍ എന്നിവയുടെ നാറ്റോ പ്രവേശനത്തെ എഫ്-16 ഇടപാടുമായി വാഷിംഗ്ടണ്‍ ബന്ധിപ്പിച്ചത്. മാറിയ സാഹചര്യത്തില്‍ എഫ്-35 വിമാനങ്ങളുടെ വില്‍പനക്കും അമേരിക്ക സന്നദ്ധമാകുമെന്നാണ് റിപ്പോര്‍ട്ട്.
അഭയാര്‍ഥി പ്രശ്‌നം
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ ആയുധങ്ങളിലൊന്ന് ഉര്‍ദുഗാന്‍ ഭരണത്തില്‍ സിറിയന്‍ അഭയാര്‍ഥികള്‍ക്ക് നല്‍കുന്ന പരിഗണനയായിരുന്നു. മുപ്പത്തിമൂന്ന് ലക്ഷം അഭയാര്‍ഥികളെ തീറ്റിപ്പോറ്റി രാജ്യത്തിന്റെ സമ്പദ് രംഗം തകര്‍ന്നിരിക്കുകയാണെന്നായിരുന്നു പ്രചാരണം. അഭയാര്‍ഥി പ്രശ്‌നം ഉയര്‍ത്തിക്കാട്ടിയാണ് കഴിഞ്ഞ തവണ പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പല നഗരങ്ങളിലും നേട്ടം കൊയ്തത്. എന്നാല്‍, ഇത്തരം പ്രചാരണങ്ങള്‍ ഏശിയില്ല എന്നതിന്റെ പ്രതിഫലനമായിരുന്നു പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഉര്‍ദുഗാന് ലഭിച്ച സ്വീകാര്യത. എങ്കിലും അഭയാര്‍ഥികളുടെ എണ്ണം കുറച്ചുകൊണ്ടുവരുമെന്നത് ഉര്‍ദുഗാന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. പത്തു ലക്ഷം അഭയാര്‍ഥികളെ വടക്കന്‍ സിറിയയില്‍ പുനരധിവസിപ്പിക്കുമെന്ന പ്രഖ്യാപനം ഘട്ടം ഘട്ടമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നു.
ഏറ്റവുമധികം അഭയാര്‍ഥികളെ സ്വീകരിച്ച മുസ്്ലിം രാജ്യമെന്ന നിലയില്‍ സിറിയ ഉള്‍പ്പെടെയുള്ള മിക്ക പ്രശ്‌നങ്ങളിലും തുര്‍ക്കിയയുടെ സജീവ ഇടപെടലുകള്‍ തുടരുന്നു. സുഊദി അറേബ്യ, ഈജിപ്ത്, യു.എ. ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്തിയാണ് 2023-ലേക്ക് തുര്‍ക്കിയ പ്രവേശിച്ചത്. സിറിയയിലെ യുദ്ധക്കുറ്റവാളി ബശ്ശാറുല്‍ അസദിനെ അറബ് ലീഗ് ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിച്ചതോടെ തുര്‍ക്കിയയും അതേ പാതയിലേക്ക് നീങ്ങുകയാണ്. ഇരു രാജ്യങ്ങളുടെയും വിദേശ, പ്രതിരോധ മന്ത്രിമാര്‍ മധ്യസ്ഥന്മാര്‍ വഴി ഒന്നിലേറെ കൂടിക്കാഴ്ചകള്‍ നടത്തി. എന്നാല്‍, സിറിയയിലെ തുര്‍ക്കിയയുടെ അധിനിവേശം ഊട്ടിയുറപ്പിക്കുക എന്ന അജണ്ടയാണ് ഉര്‍ദുഗാന്റെ നീക്കത്തിന് പിന്നിലെന്നാണ് ഈയിടെ സ്‌കൈ ന്യൂസ് അറേബ്യയുമായുള്ള അഭിമുഖത്തില്‍ ബശ്ശാര്‍ പറഞ്ഞത്.
അഭയാര്‍ഥികള്‍ക്ക് മാത്രമല്ല, ഭരണകൂട ഭീകരതയുടെ ഇരകളായി പലായനം ചെയ്യേണ്ടി വരുന്നവര്‍ക്കും തുര്‍ക്കിയ ആശ്വാസമരുളുന്നുണ്ട്. ഹമാസിന്റെ നേതാക്കള്‍ക്കും അംഗങ്ങള്‍ക്കും ഒരുപോലെ ആതിഥ്യമരുളുന്ന ഏക രാഷ്ട്രം തുര്‍ക്കിയ ആണെന്ന് മുതിര്‍ന്ന നേതാവ് മൂസാ അബൂ മര്‍സൂഖ് പ്രശംസിക്കുകയുണ്ടായി. അതേസമയം, ഇസ്രായേല്‍ തുടര്‍ന്നുവരുന്ന ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങളെ പ്രതിരോധിക്കുന്നതില്‍ ഉര്‍ദുഗാനും പരിമിതികളുടെ തടവറയിലാണ്. ചൈനയിലെ പീഡിതരായ ഉയിഗൂര്‍ മുസ്്ലിംകളുടെ പ്രശ്നത്തില്‍ ഇടപെടുന്നതിലും ഈ രാഷ്ട്രീയ പരിമിതി പ്രകടമാണ്.
മുസ്്ലിം ലോകത്തും യൂറോപ്പിലും വേറിട്ട ശക്തിയായി ഉയര്‍ന്നുവരുന്ന തുര്‍ക്കിയ 2021-ലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് സാവധാനം കരകയറിക്കൊണ്ടിരിക്കുകയാണ്. ടര്‍ക്കിഷ് ലീറയുടെ മൂല്യശോഷണം ഭരണകൂടം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയാണ്. അതിനു പരിഹാരം കാണാന്‍ സാമ്പത്തിക മേഖലയില്‍ സമൂലമായ അഴിച്ചുപണിയാണ് ഉര്‍ദുഗാന്‍ നടത്തുന്നത്. പലിശ കുറച്ച് സമ്പദ് വ്യവസ്ഥയില്‍ കാര്യമായ ചലനങ്ങളുണ്ടാക്കാനുള്ള ഉര്‍ദുഗാന്റെ ശ്രമങ്ങള്‍ (ഉര്‍ദുഗാനോമിക്‌സ്) വേണ്ടത്ര ഫലിച്ചില്ല. ഇലക്്ഷന്‍ വിജയത്തിനുശേഷം പ്രസ്തുത നയങ്ങളില്‍നിന്ന് 'യു ടേണ്‍' നടത്തുകയാണെന്ന് സര്‍ക്കാര്‍ അനുകൂല ഡെയ്‌ലി സബാഹ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ആഭ്യന്തര ഉല്‍പാദനം ശക്തിപ്പെടുത്തുകയും കയറ്റുമതി വര്‍ധിപ്പിക്കുകയുമാണ് പുതിയ സാമ്പത്തിക നയങ്ങളില്‍ പ്രധാനം.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍
ചരിത്രത്തിലെ ഏറ്റവും ഭീകരമായ ഭൂകമ്പത്തിന്റെ കെടുതികളില്‍നിന്ന് രാജ്യം കരകയറി വരുന്നേയുള്ളൂ. ഫെബ്രുവരി ആറിനുണ്ടായ ഭൂകമ്പത്തില്‍ തുടക്കത്തില്‍ പകച്ചുപോയ സര്‍ക്കാര്‍സംവിധാനങ്ങളും ഡിസാസ്റ്റര്‍ മാനേജ്‌മെന്റും തുടര്‍ന്നങ്ങോട്ട് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി. മെയിലെ തെരഞ്ഞെടുപ്പില്‍ പ്രതിയോഗികള്‍ക്ക് പ്രചാരണായുധമാക്കാന്‍ പഴുതു നല്‍കാത്ത വിധമുള്ള പ്രവര്‍ത്തനങ്ങളാണ് പിന്നീട് കണ്ടത്. ഭൂകമ്പബാധിതരെ പൂര്‍ണാര്‍ഥത്തില്‍ അധിവസിപ്പിക്കാന്‍ 325 കണ്ടെയ്‌നര്‍ സിറ്റികളിലായി 1,78,350 കണ്ടെയ്‌നറുകള്‍ സര്‍ക്കാര്‍ ഒരുക്കി. ആഗസ്റ്റ് 15-നകം മുഴുവന്‍ ദുരന്തബാധിതരെയും അവിടേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നത് പൂര്‍ത്തിയാക്കുമെന്ന വാഗ്ദാനവും പാലിച്ചു.
കണ്ടെയ്‌നറുകളിലെ താമസം താല്‍ക്കാലികമായിരിക്കും. ഭൂകമ്പത്തില്‍ വീടുകള്‍ പൂര്‍ണമായും നഷ്ടപ്പെട്ടവര്‍ക്കും വീടുകളില്ലാത്ത മറ്റു അര്‍ഹതപ്പെട്ടവര്‍ക്കുമായി ഒരു വര്‍ഷത്തിനകം 3,19,000 വീടുകള്‍ നല്‍കുന്ന പദ്ധതി ഭരണകൂടം തയാറാക്കിയിട്ടുണ്ട്. ഇതില്‍ 1,80,000 വീടുകളുടെ നിര്‍മാണത്തിനുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. തുര്‍ക്കിയയിലെ പ്രശസ്ത ഫുട്‌ബോള്‍ ക്ലബ്ബ് ഗലതാസാരെ പദ്ധതിക്ക് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. 250 വീടുകളും പത്ത് സ്‌കൂളുകളും ക്ലബ്ലിന്റെ വകയായി നിര്‍മിക്കും.
Comments