എം.എം ഇഖ്ബാല്‍
കഴിഞ്ഞ ജൂലൈ 17-ന് വെളിയങ്കോട് അന്തരിച്ച എം.എം ഇഖ്ബാലിനെ ഒരു നോക്ക് കാണാൻ ജാതി-മത ഭേദം കൂടാതെ വമ്പിച്ചൊരു ജനാവലി വസതിയിലെത്തിയത് അദ്ദേഹത്തിന്റെ വിപുലമായ സൗഹൃദത്തിന്റെയും അനുഷ്ഠിച്ച ത്യാഗത്തിന്റെയും നിദര്‍ശനമായിരുന്നു. എന്റെ അനുഭവത്തില്‍ വെളിയങ്കോട് ജുമാ മസ്ജിദില്‍ ജനാസ നമസ്‌കാരത്തിന് ഇത്രയും വലിയ ജനക്കൂട്ടം ഒരുമിച്ച് കൂടുന്നത് ആദ്യമാണ്. ജനാസ വീട്ടിലെത്തിയത് മുതല്‍ എടുക്കുന്നത് വരെ നൂറു കണക്കിന് സ്ത്രീ-പുരുഷന്മാര്‍ വീട്ടില്‍ വെച്ചു നമസ്‌കരിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ് ലാമി കേരള അമീര്‍ പി. മുജീബുര്‍റഹ്്മാന്‍, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി തുടങ്ങി പല പ്രമുഖരും വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി.
വെളിയങ്കോട് കാര്‍കുന്‍ ഹല്‍ഖാ അംഗമായ ഇഖ്ബാല്‍ മര്‍ഹൂം കെ.എ സിദ്ദീഖ് ഹസന്‍ സാഹിബ് രൂപം നല്‍കിയ ഐ.ആര്‍.ഡബ്ല്യുവില്‍ ആരംഭം മുതല്‍ സജീവമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അസം, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രകൃതി ദുരന്തമുണ്ടായപ്പോള്‍ ഓടിയെത്തിയ ആദ്യസംഘത്തില്‍ അദ്ദേഹവുമുണ്ടായിരുന്നു. കേരളത്തിലെ വിവിധ ജില്ലകളില്‍ ദുരന്തനിവാരണത്തില്‍ അദ്ദേഹം പങ്കാളിയായിട്ടുണ്ട്. വെളിയങ്കോട് ഹല്‍ഖ, വെല്‍ഫെയര്‍ പാര്‍ട്ടി യൂനിറ്റിലെ എന്ത് ജോലി ഏല്‍പിച്ചാലും സ്വാഗതം ചെയ്യുമായിരുന്നു. ഒഴികഴിവുകള്‍ അദ്ദേഹത്തിനറിയില്ല.
ഐ.എസ്.ടി അംഗം, മസ്ജിദുല്‍ ഫുര്‍ഖാന്‍ കമ്മിറ്റിയംഗം, പാലിയേറ്റീവ് വളണ്ടിയര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ സൈനബ്. മക്കള്‍: നഈം (സിജി റിസോഴ്‌സ് പേഴ്‌സണ്‍), ഹാബീല്‍ (ഖത്തര്‍), ബിലാല്‍ (ദല്‍ഹി), നജ്മത്തുസ്സബാഹ്, മുബശ്ശിറ, മുസ്‌നിദ, ഫിദാ മര്‍യം.
മരുമക്കള്‍: റഫീഖ് (അണ്ടത്തോട്), ഷഹീർ ഷാ (വെല്‍ഫെയര്‍ പാര്‍ട്ടി, മലപ്പുറം ജില്ലാ സെക്രട്ടറി), സനൂബര്‍ (തിരൂര്‍), മുഫീദ, നൂര്‍മി, ഹന അശ്‌റഫ്.
നഫീസ
കീഴ്മാട് ഏരിയയിൽ കുട്ടമശ്ശേരി ഈസ്റ്റ് വനിതാ ഘടകത്തിലെ പ്രവർത്തകയും വടക്കനേത്തിൽ വി.എ കുഞ്ഞുമുഹമ്മദിന്റെ ഭാര്യയുമായിരുന്ന നഫീസ കഴിഞ്ഞ ജൂൺ ആറാം തീയതി അല്ലാഹുവിലേക്ക് യാത്രയായി. ഹൽഖാ യോഗവും പൊതുപരിപാടികളും തന്റെ വീട്ടിൽ തന്നെ നടത്താൻ സൗകര്യമൊരുക്കുകയും എല്ലാ പരിപാടികളിലും ചായ-പലഹാരങ്ങൾ നൽകാൻ പ്രത്യേകം താൽപര്യമെടുക്കുകയും ചെയ്തിരുന്നു. അതിഥി സൽക്കാരം അവരുടെ സംസ്കാരമായിരുന്നു. 1997-ൽ ഹജ്ജിന് പോയപ്പോൾ അവരുടെ ഗ്രൂപ്പിലുണ്ടായിരുന്ന ഒരു വയോധികയെ സ്വന്തം മാതാവിനെപ്പോലെ പരിചരിച്ചാണ് ഹജ്ജ് കർമം പൂർത്തിയാക്കിയത്. രോഗിയായി മകന്റെ വീട്ടിൽ ആയിരുന്നിട്ട് പോലും കഴിഞ്ഞ റമദാനിലെ സ്റ്റഡി ക്ലാസ്സുകളിൽ മുടങ്ങാതെ പങ്കെടുത്തിരുന്നു. പ്രമുഖ പണ്ഡിതനും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ നേതാവുമായിരുന്ന പരേതനായ ചേലക്കുളം അബുൽ ബുഷ്റ മൗലവിയുടെ ഇളയ സഹോദരി കൂടിയാണ്. ഭർത്താവ് കുഞ്ഞു മുഹമ്മദ് സാഹിബ് കുട്ടമശ്ശേരി ഈസ്റ്റ് ഘടകത്തിലെ പ്രവർത്തകനാണ്. മക്കൾ: ലൈല, അബ്ദുസ്സത്താർ, കബീർ.
പരേതരെ അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും
സ്വര്‍ഗത്തില്‍ ഉന്നത സ്ഥാനവും നല്‍കി
അനുഗ്രഹിക്കുമാറാകട്ടെ - ആമീന്‍.
Comments