Prabodhanm Weekly

Pages

Search

2023 സെപ്റ്റംബർ 01

3316

1445 സഫർ 15

"ഹർ ഘർ തിരംഗ...' ഏത് കൊടിയെക്കുറിച്ചാണിവർ പറയുന്നത്?

ബശീർ ഉളിയിൽ

''ജോ ഹമാരെ ബാത് നഹി മാനേംഗേ, ബുള്‍ഡോസര്‍ ലഗാകെ നികല്‍ ദേം ഗേ'' (ഞങ്ങള്‍ പറയുന്നത് കേള്‍ക്കാത്തവരെ ബുള്‍ഡോസര്‍ ഉപയോഗിച്ചു നീക്കം ചെയ്യും) എന്ന ഉത്തര്‍ പ്രദേശ്‌ മോഡല്‍ ജനാധിപത്യം അയല്‍ സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിക്കുന്ന സാഹചര്യത്തില്‍ ചെങ്കോട്ടയില്‍ എഴുപത്തിയേഴാമത്തെ വട്ടവും സ്വാതന്ത്ര്യത്തിന്റെ മൂവര്‍ണക്കൊടി പാറി. സ്ഥിതി സമത്വം വാഗ്ദാനം ചെയ്യുന്ന ഭരണഘടനയോടൊപ്പം ത്യാഗം, ശുദ്ധി, പ്രതീക്ഷ എന്നിവയെ പ്രതീകവത്കരിക്കുന്ന ദേശീയ പതാകയും ഇനിയെത്ര നാള്‍ എന്നത് രാജ്യത്തിന്റെ മുന്നിലുള്ള ഭയാവഹമായ ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി കൊണ്ടാടപ്പെടുന്ന സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ ആഹ്ലാദത്തിന്റെ തിരയിളക്കമല്ല, വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അട്ടഹാസങ്ങളാണ് രാജ്യത്തിന്റെ ദിഗന്തങ്ങളില്‍ പ്രതിധ്വനിച്ചുകൊണ്ടിരിക്കുന്നത്. 'പക പതാകയാവുകയും ആക്രമണം അഭിവാദനമാവുകയും ഓരോ പൗരനും ഓരോ പൊട്ടിത്തെറി' (ഒ.പി സുരേഷിന്റെ കവിതയോട് കടപ്പാട്) ആവുകയും ചെയ്യുന്ന കാലത്തിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നുപോകുന്നത്.

2013-ലായിരുന്നു അവസാനമായി ചെങ്കോട്ടയില്‍ നിന്ന് സ്വാതന്ത്ര്യദിന സന്ദേശത്തിന്റെ മിതഭാഷണം ഇന്ത്യ അവസാനമായി കേട്ടത്. 67-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിലെ മന്‍മോഹന്‍ സിംഗിന്റെ പ്രസംഗത്തില്‍ രാജ്യത്ത് നടന്ന വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച ശേഷം ആ വര്‍ഷം ഉത്തരാഖണ്ഡില്‍ നടന്ന നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയമായിരുന്നു പരാമര്‍ശിക്കപ്പെട്ട മുഖ്യ വിഷയം. ടെലി പ്രോംപ്റ്റര്‍ സഹായമില്ലാതെ ഹൃദയത്തില്‍നിന്നുതിര്‍ന്ന വാക്കുകളായിരുന്നു അത്. ദുരിതബാധിതരുടെ വേദനകള്‍ ഒപ്പിയെടുക്കും വിധമുള്ള  കയറ്റിറക്കങ്ങളില്ലാത്ത മൃദു ഭാഷണം. തൊട്ടടുത്ത വര്‍ഷം 2014-ല്‍ അതേ വേദിയില്‍ ചെങ്കോട്ടയില്‍ 'പ്രധാന മന്ത്രിയല്ല, പ്രധാന സേവകനാണ് താന്‍' എന്ന് പ്രഖ്യാപിച്ചു പ്രത്യക്ഷപ്പെട്ട നരേന്ദ്ര മോദിയാകട്ടെ അന്നു വരെ നടന്ന സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് 'പുതിയ ഊടും പാവും' നല്‍കി. നാടിന്റെ നന്മയും നാനാത്വത്തിലെ ഏകത്വവുമൊക്കെയായിരുന്നു അതു വരെ അടിവരയിടപ്പെട്ടതെങ്കില്‍ ''ഒരു ചെറിയ പട്ടണത്തിലെ ഒരു പാവപ്പെട്ട കുടുംബത്തിലെ ആൺകുട്ടിക്ക് ചെങ്കോട്ടയുടെ കൊത്തളത്തിൽ ഇന്ത്യയുടെ ത്രിവർണ പതാകയിൽ ആദരാഞ്ജലി അർപ്പിക്കാൻ അവസരം ലഭിച്ചു'' (മോദിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗം 15-8-2014) എന്ന മട്ടില്‍ 'ഞാനത്വത്തിലെ ഏകത്വ’ത്തിൽ അര്‍മാദിക്കുന്ന പ്രധാന മന്ത്രിയെയാണ് രാജ്യത്തിന് 2014-ലെ സ്വാതന്ത്ര്യ ദിനത്തില്‍ കേള്‍ക്കേണ്ടിവന്നത്.

പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം സ്വാതന്ത്ര്യത്തിന്റെ 77-ാം  വര്‍ഷത്തില്‍ ഒരിക്കല്‍ കൂടി ചെങ്കോട്ടയില്‍ പ്രധാന മന്ത്രി പ്രത്യക്ഷപ്പെടുന്നതാകട്ടെ 'ആയിരം വര്‍ഷത്തെ അടിമത്തത്തില്‍നിന്ന് ദേശവാസികളെ വിമോചിപ്പിക്കാനുള്ള മിശിഹ’ ആയിട്ടാണ്. ''1000 വര്‍ഷത്തെ അടിമത്തത്തിനും 1000 വര്‍ഷത്തെ മഹത്തായ ഭാവിക്കും ഇടയിലുള്ള നാഴികക്കല്ലിലാണ് നാമിപ്പോള്‍'' (മോദി – ചെങ്കോട്ടയിലെ പ്രസംഗം 15-8-2023). കഴിഞ്ഞ പത്ത് വര്‍ഷവും ഇതുപോലുള്ള അർഥമില്ലാത്ത വാഗ്ധോരണികളും യാഥാര്‍ഥ്യങ്ങളില്‍നിന്നകലെയായ അവകാശവാദങ്ങളുമല്ലാതെ ധനാത്മകമായ ഒരു ശബ്ദവും ചെങ്കോട്ടയില്‍നിന്ന് ഉയര്‍ന്നിട്ടില്ല. 'ഭായിയോം ബഹനോം' എന്ന പതിവ് വിളി 'പരിവാര്‍ ജന്‍' (കുടുംബാംഗങ്ങള്‍) എന്ന് മാറ്റപ്പെട്ടത് മാത്രമാണ് ഇത്തവണത്തെ ഒരേയൊരു പുതുമ.

പോയ എട്ട്  സ്വാതന്ത്ര്യ ദിനങ്ങളില്‍ മോദി 'മോബ് മൊബിലൈസേഷന്‍' നടത്തിയത്  ''ടീം ഇന്ത്യ', 'ഏക്‌ ഭാരത്‌ ശ്രേഷ്ഠ ഭാരത്‌', 'സങ്കല്‍പ് പര്‍വ', 'ആസാദി കാ അമൃത് മഹോത്സവ്' തുടങ്ങിയ  ഉത്തേജക  മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നുവെങ്കില്‍  കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ അത് 'ഹര്‍ ഘർ തിരംഗ' (എല്ലാ വീടുകളിലും പതാക) എന്നതായിരുന്നു. 2021-ല്‍ നരേന്ദ്ര മോദി പ്രഖ്യാപിച്ച 'ആസാദി കാ അമൃത് മഹോത്സവ'ത്തിന്റെ പരിസമാപ്തി കൂടിയായിരുന്നു 2023 ആഗസ്റ്റ് 15-ലെ സ്വാതന്ത്ര്യ ദിനാഘോഷം. 'സബ്‌കാ സാത്ത്, സബ്‌കാ വികാസ്, സബ്‌കാ വിശ്വാസ്' എന്ന് ഉച്ചത്തിൽ പറയുമ്പോഴും ചിലരെ മാത്രം അകറ്റിനിര്‍ത്തുകയും തഞ്ചം കിട്ടുമ്പോള്‍ ചുട്ടുകൊല്ലുകയും ചെയ്യുന്ന വൈരുധ്യം ആവര്‍ത്തിക്കുന്നതാണ് രാജ്യം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. സംഘ് വേദഗ്രന്ഥത്തില്‍ 'ആഭ്യന്തര ശത്രുക്കള്‍' എന്ന് മാര്‍ക്ക് ചെയ്യപ്പെട്ടവരുടെ വീടുകള്‍ തന്നെ തകര്‍ത്തുകൊണ്ടാണ് 'ഹര്‍ ഘര്‍ തിരംഗ' (എല്ലാ വീടുകളിലും പതാക) എന്ന പുതിയ മന്ത്രമുയര്‍ത്തുന്നത്.

2023 ആഗസ്റ്റ് 13 മുതൽ ആഗസ്റ്റ് 15 വരെ ഓരോ വീട്ടുകാരും അവരുടെ പരിസരത്ത് ഇന്ത്യൻ പതാക ഉയർത്തി സജീവമായി പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. പൗരന്മാർക്കിടയിൽ ഐക്യവും ദേശസ്‌നേഹവും ദേശീയ പതാകയോടുള്ള ആദരവും വളർത്താനാണത്രേ ഇത്. ഹിന്ദുത്വ ഭരണഘടനയായ 'മനുസ്മൃതി' കത്തിച്ച അംബേദ്‌ക്കറിനെയും ആര്‍.എസ്.എസ്സുകാരന്‍ വെടിവെച്ചു കൊന്ന ഗാന്ധിജിയെയും സ്വന്തമാക്കിയ സംഘ് പരിവാര്‍ 'തിന്മയുടെ മൂന്നു കഷണം തുണി'യെ ആദരിക്കുന്ന വൈരുധ്യവും നമുക്കിപ്പോള്‍ കാണേണ്ടി വരുന്നു. 1925-ലെ വിജയദശമി നാളില്‍ രൂപവത്കരിക്കപ്പെട്ട അന്നു തന്നെ ദേശീയതയെ കുറിച്ചു മാത്രമല്ല, ദേശീയ പതാകയെ കുറിച്ചും ആര്‍.എസ്.എസ്സിന് വ്യക്തമായ കാഴ്പപ്പാടുണ്ടായിരുന്നു. ''ഇന്ത്യൻ സംസ്കാരത്തെ മൊത്തത്തിൽ പ്രതിനിധീകരിക്കുന്നത് കാവി പതാകയാണ്.  അത് ദൈവത്തിന്റെ മൂർത്തീഭാവമായിരുന്നു. അവസാനം രാഷ്ട്രം മുഴുവൻ ഈ കാവി പതാകയ്ക്ക് മുന്നിൽ തലകുനിക്കുമെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു.” (എം.എസ് ഗോൾവാൾക്കർ- ശ്രീ ഗുരുജി സമഗ്ര ദർശൻ, നാഗ്പൂർ, വാല്യം 1, പേജ് 98).

ഇന്ത്യയുടെ ദേശീയ പതാകയായി ത്രിവര്‍ണപതാകയെ ഇന്ത്യന്‍ കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലി അംഗീകരിച്ചപ്പോള്‍ തന്നെ അതിനെതിരെ ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ മുഖപ്രസംഗം എഴുതി: ''ഈ പതാക രാജ്യത്തെ എല്ലാ സമൂഹവും അംഗീകരിക്കണം എന്നതിനോട് ഞങ്ങള്‍ക്ക് ഒട്ടും യോജിപ്പില്ല. 5000 വര്‍ഷത്തിന്റെ അഖണ്ഡ പാരമ്പര്യമുള്ള ഹിന്ദു രാഷ്ട്രമായ ഹിന്ദുസ്ഥാനെയാണ് പതാക പ്രതിനിധീകരിക്കേണ്ടത്'' (The Nation’s Flag – Organizer- 17-7-1947). ഇരട്ട തോരണമുള്ള ഭഗവത് ധ്വജമാണ് പാന്‍ ഹിന്ദുത്വയുടെ പവിത്ര പതാക. 'വിധിയുടെ ചവിട്ടുപടിയിൽ അധികാരത്തിൽ വന്നവർ നമ്മുടെ കൈകളിൽ ത്രിവർണ പതാക സമ്മാനിച്ചേക്കാം; പക്ഷേ, അത് ഒരിക്കലും ഹിന്ദുക്കൾക്ക് ആദരവും ഉടമസ്ഥതയും നൽകില്ല. മൂന്ന് എന്ന വാക്ക് തന്നെ ഒരു തിന്മയാണ്, മൂന്ന് നിറങ്ങളുള്ള ഒരു പതാക തീർച്ചയായും വളരെ മോശമായ മാനസിക സ്വാധീനം ഉണ്ടാക്കും, അത് ഒരു രാജ്യത്തിന് ഹാനികരവുമാണ് (ഓർഗനൈസർ, ആഗസ്റ്റ് 14, 1947). ഹനിക്കുന്നതിനു മുമ്പ് വണങ്ങുകയും പറയുന്നതിനെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ് നൂറു വര്‍ഷങ്ങളായി തുടരുന്ന ആര്‍.എസ്.എസ്സിന്റെ നിത്യ നൈമിത്തിക ആചാരങ്ങള്‍. വെടി ഉതിര്‍ക്കുന്നതിനു മുമ്പ് ഗാന്ധിജിയെ വണങ്ങിയ നാഥുറാം ഗോദ്സേയും ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതിന് മുമ്പ് പാര്‍ലമെന്റിന്റെ പടിക്കല്‍ സാഷ്ടാംഗം പ്രണമിച്ച പ്രധാന മന്ത്രിയും ഒരേ സന്ദേശത്തിന്റെ രണ്ട് കാലത്തിലെ വാഹകരാണ്. 

2001-ലെ റിപ്പബ്ലിക് ദിനത്തില്‍ ആര്‍.എസ്.എസ് ആസ്ഥാനത്ത് 'രാഷ്ട്ര പ്രേമി യുവദള്‍' പ്രവര്‍ത്തകര്‍ ദേശീയ പതാക ഉയര്‍ത്തിയതിനു നാഗ്പൂര്‍ കോടതിയില്‍ കേസ് കൊടുത്ത ആര്‍.എസ്.എസ്സിന്റെ ഇപ്പോഴത്തെ സംഘ് ചാലക് മോഹന്‍ ഭഗവത് 2017-ല്‍ പാലക്കാട് കര്‍ണകിയമ്മന്‍ സ്കൂളില്‍ ദേശീയ പതാക ഉയര്‍ത്തി കാറ്റ് നോക്കി തൂറ്റുന്ന ആദര്‍ശം 'ഉയര്‍ത്തിപ്പിടിച്ചു'. ഗാന്ധി വധത്തെ തുടര്‍ന്ന് ഏർപ്പെടുത്തിയ നിരോധം നീക്കാന്‍ അന്നത്തെ ആഭ്യന്തര മന്ത്രി സര്‍ദാര്‍ പട്ടേലിനെ സമീപിച്ചപ്പോള്‍ അദ്ദേഹം വെച്ച ഉപാധിയുടെ ഭാഗമായി മാത്രം ദേശീയ പതാകയെ അംഗീകരിച്ച ആര്‍.എസ്.എസ് അവസരം അനുകൂലമാവുമ്പോള്‍ കക്ഷത്തില്‍ ഒളിച്ചുവെച്ച കാവിപ്പതാക പുറത്തെടുക്കുമെന്നുറപ്പ്. ''വൈദേശികാധിപത്യത്തെത്തുടർന്നുണ്ടായ ചില താല്‍ക്കാലികമായ അനർഥങ്ങളാല്‍ ഹിന്ദുക്കളുടെ രാഷ്ട്രധ്വജം ഇരുട്ടിലാണ്ട് പോയെന്നത് ശരിയാണ്. എന്നാല്‍, ആ ധ്വജം ഒരു ദിനം അതിന്റെ പ്രാക്തന ശോഭയിലേക്കും മഹത്വത്തിലേക്കും ഉയരുക തന്നെ ചെയ്യും'' (The Nation’s Flag – Organizer- 17-7-1947). l

 

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 07-08
ടി.കെ ഉബൈദ്‌

ഹദീസ്‌

വാദിച്ചു വാങ്ങുന്നത് നരകത്തിന്റെ കഷണമാണോ?
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്