Prabodhanm Weekly

Pages

Search

2023 സെപ്റ്റംബർ 01

3316

1445 സഫർ 15

അവയവദാനം ഇസ്‌ലാം എന്തു പറയുന്നു?

ഡോ. ഇൽയാസ് മൗലവി

മനുഷ്യ ജീവിതത്തിന്റെ എല്ലാ മേഖലകളിലും വ്യക്തമായ വിധിവിലക്കുകൾ നൽകിയിട്ടുണ്ട് ഇസ്്ലാം. തന്റെ ജീവിതത്തിലുടനീളം  അവ പാലിക്കാൻ ഓരോ മുസ്‌ലിമും ബാധ്യസ്ഥനാണ്. ഈ വിധിവിലക്കുകൾ ചിലത് പ്രമാണങ്ങളിൽ വ്യക്തമായി പ്രതിപാദിക്കപ്പെട്ടവയാണെങ്കിൽ, പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ ഇജ്തിഹാദു ചെയ്ത് കണ്ടെത്തേണ്ടവയാണ് മറ്റു ചിലത്. ഏത് പുതിയ പ്രശ്നത്തിനും പരിഹാരം കാണാൻ പാകത്തിലാണ് പ്രമാണങ്ങളുടെ സ്വഭാവവും ഘടനയും. അതുകൊണ്ടുതന്നെ കഴിഞ്ഞ പത്തുപതിനാലു നൂറ്റാണ്ടിനിടക്ക് ഒരു പ്രശ്നത്തിലും ഇസ്്ലാമിക നിലപാടെടുക്കാൻ കഴിയാതെ വിഷമിച്ചു പോയിട്ടില്ല.

തികച്ചും നൂതനവും ആധുനികവുമായ വിഷയങ്ങളെ കുറിച്ച് ഖുർആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തിൽ പഠന ഗവേഷണങ്ങൾ നടത്തുകയും അതിനോടുള്ള യഥാർഥ ഇസ്്ലാമിക നിലപാട് എന്തായിരിക്കണമെന്ന് ചർച്ച ചെയ്ത് തീരുമാനിക്കുകയും ചെയ്യുന്ന പല വേദികളും ഇന്ന് ലോകത്ത് നിലവിലുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ് ഒ.ഐ.സിയുടെ കീഴിലുള്ള അന്താരാഷ്ട്ര ഫിഖ്ഹ് അക്കാദമി. അതുപോലെ തന്നെ പ്രധാനമാണ് മുസ്‌ലിം വേൾഡ് ലീഗിന്റെ കീഴിലുള്ള ഫിഖ്ഹ് അക്കാദമി. കൂടാതെ, ഈജിപ്തിലെ അൽ അസ്ഹർ സർവകലാശാലക്ക് കീഴിലുള്ള ഇസ്്ലാമിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്.

ലോകത്ത് അറിയപ്പെട്ട പണ്ഡിതന്മാരും ഫുഖഹാക്കളും ഏറ്റവും കൂടുതൽ അംഗങ്ങളായിട്ടുള്ള വേദികളാണ് ഇവ.

പുതുതായി ഉണ്ടാവുന്ന എല്ലാ പ്രശ്നങ്ങളും ഈ വേദികളുടെ ചർച്ചക്ക് വിഷയമാകാറുണ്ട്. ഓരോ വിഷയത്തിലും പ്രാവീണ്യവും അവഗാഹവുമുള്ളവരെ പങ്കെടുപ്പിച്ച് അവരുടെ വിശദീകരണങ്ങൾ കേട്ട ശേഷം അതേ കുറിച്ചുള്ള നിലപാട് എന്തായിരിക്കണമെന്ന പ്രത്യേക പഠനവും ഗവേഷണവും നടത്തി അതിന്മേലുള്ള വിശദമായ ചർച്ചകൾക്ക് ശേഷമാണ്  വ്യക്തമാക്കുക. മിക്കവാറും ഐകകണ്ഠ്യേന  അല്ലെങ്കിൽ ഭൂരിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായമനുസരിച്ച് തീരുമാനങ്ങളെടുക്കുക എന്നതാണ് ഇത്തരം വേദികളുടെ പൊതു സ്വഭാവം. ഏതെങ്കിലും വിഷയത്തിൽ കൃത്യമായ തീരുമാനമെടുക്കാൻ കഴിയാത്ത പക്ഷം കൂടുതൽ പഠന ഗവേഷണങ്ങൾക്കായി മാറ്റിവെക്കാറും ഉണ്ട്.

അവയവദാനത്തെപ്പറ്റിയും ഈ പണ്ഡിത സമിതികൾ ചർച്ച ചെയ്യുകയും തീരുമാനങ്ങളെടുക്കുകയും ചെയ്തിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടവയുടെ സംഗ്രഹമാണ് താഴെ:

ഒ.ഐ.സിയുടെ കീഴിലുള്ള അന്താരാഷ്ട്ര ഫിഖ്ഹ് അക്കാദമി  1988 ഫെബ്രുവരിയില്‍ സുഊദി അറേബ്യയിലെ ജിദ്ദയിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ, അവയവമാറ്റവുമായി ബന്ധപ്പെട്ട് പ്രഗൽഭരായ പണ്ഡിതന്മാരും ഗവേഷകരും പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും അതിനെ തുടർന്ന് വിശദമായ ചർച്ച നടക്കുകയുമുണ്ടായി.

അവയവമാറ്റ ശസ്ത്രക്രിയ എന്നത്, ശാസ്ത്ര രംഗത്തും വൈദ്യശാസ്ത്ര മേഖലയിലും ഉണ്ടായിട്ടുള്ള പുരോഗതിയുടെ അനന്തരഫലമായി ഉണ്ടായ ഒരു യാഥാർഥ്യമാണെന്നും, അതിന് രചനാത്മകവും ഫലപ്രദവുമായ പല ഗുണങ്ങളുമുണ്ടെന്നും, ഇതു കൈകാര്യം ചെയ്യുന്നിടത്ത് മനുഷ്യന്റെ അന്തസ്സും അഭിമാനവും സംരക്ഷിക്കാനുതകുന്ന വ്യവസ്ഥകളും നിയന്ത്രണങ്ങളും മാനിക്കാത്തതു കാരണം മാനസികവും സാമൂഹികവുമായ പല പ്രത്യാഘാതങ്ങളും ഉണ്ടാവുന്നുണ്ടെന്നും അഭിപ്രായങ്ങളുയർന്നു.  വ്യക്തിക്കും സമൂഹത്തിനും ക്ഷേമവും ഐശ്വര്യവും ഉറപ്പുവരുത്താൻ പര്യാപ്തമായ എന്തെല്ലാമുണ്ടോ അതിനു വേണ്ടിയുള്ള ആഹ്വാനവുമുണ്ടായി സമ്മേളനത്തിൽ.

വിഷയവുമായി ബന്ധപ്പെട്ട് നടക്കേണ്ട ചർച്ചയുടെ മർമങ്ങളും കൃത്യപ്പെടുത്തി. താഴെ പറയുന്ന രൂപത്തിൽ ചർച്ച കേന്ദ്രീകരിക്കപ്പെടണമെന്നും തീരുമാനമായി:

നിർവചനവും തരംതിരിവും

ഒന്ന്:  കോശവ്യൂഹങ്ങൾ, കോശങ്ങൾ, രക്തം, കണ്ണിന്റെ കാചപടലം (cornea) തുടങ്ങി ആന്തരികമോ ബാഹ്യമോ ആയ ശരീര ഭാഗമാണ് ഇവിടെ അവയവം കൊണ്ടുള്ള വിവക്ഷ.

രണ്ട്: ഉപയോഗപ്പെടുത്തൽ. അതാണ് ചർച്ചയുടെ മർമം. ഇസ്്ലാമിക ശരീഅത്തനുസരിച്ച് ഒരു വ്യക്തിക്ക് മാന്യമായ ജീവിതം സാധ്യമാകും വിധം അയാളുടെ ജീവൻ നിലനിർത്തുന്നതിനു വേണ്ടിയോ, കാഴ്ച പോലെയുള്ള ശരീരത്തിന്റെ അടിസ്ഥാന ധർമങ്ങളിൽ ഒന്നിന്റെ സുരക്ഷിതത്വത്തിനു വേണ്ടിയോ ഗുണഭോക്താവ് ആശ്രയിക്കാൻ നിർബന്ധിതനാകുന്ന തരത്തിലുള്ള ഉപയോഗപ്പെടുത്തലാണ് ഇതുകൊണ്ടുള്ള ഉദ്ദേശ്യം.

മൂന്ന്: ഈ ഉപയോഗപ്പെടുത്തൽ താഴെ പറയുന്ന രൂപത്തില്‍ ഇനം തിരിക്കാം:

(1) ജീവനുള്ളവരില്‍നിന്ന് അവയവം എടുക്കൽ. (2) മരണപ്പെട്ടവരില്‍നിന്ന് അവയവം എടുക്കൽ. 
(3) ഭ്രൂണാവസ്ഥയിൽ അവയവം എടുക്കൽ.

ഒന്നാമത്തെ രൂപം:

ജീവിച്ചിരിക്കുന്നയാളിൽനിന്ന് അവയവം എടുക്കൽ. അതിന് താഴെ പറയുന്ന രൂപങ്ങളുണ്ട്:
ഒരു ശരീരത്തിൽനിന്ന് അതേ ശരീരത്തിന്റെ തന്നെ മറ്റൊരു ഭാഗത്തേക്ക് മാറ്റൽ: ചർമം, തരുണാസ്ഥി (cartilage), എല്ലുകള്‍, ഞരമ്പുകൾ, രക്തം പോലെയുള്ളവ ഉദാഹരണം.

ജീവിച്ചിരിക്കുന്നയാളിൽനിന്ന് മറ്റൊരാളുടെ ശരീരത്തിലേക്കുള്ള അവയവമാറ്റം. ഈ അവസ്ഥയിൽ ഇങ്ങനെ മാറ്റുന്ന അവയവങ്ങളെ ജീവൻ നിലനിർത്താൻ അനിവാര്യമായവയെന്നും, അല്ലാത്തവയെന്നും രണ്ടായി തരം തിരിച്ചിരിക്കുന്നു.

ജീവൻ എന്തിനെ ആശ്രയിച്ചാണോ നിലകൊള്ളുന്നത് അത് ഒരെണ്ണം മാത്രമുള്ളതാകാം, അല്ലാത്തവയും ആകാം. ആദ്യത്തേതിന് ഉദാഹരണമാണ് ഹൃദയവും കരളും പോലെയുള്ളവ. രണ്ടാമത്തേതിന് ഉദാഹരണമാണ്  വൃക്കകളും ശ്വാസകോശങ്ങളും.

ജീവൻ നിലനിർത്താൻ അനിവാര്യമല്ലാത്തവയെ സംബന്ധിച്ചേടത്തോളം, ചിലത്  ശരീരത്തിന്റെ അടിസ്ഥാന ധർമങ്ങൾ നിർവഹിക്കുന്നവയാണെങ്കിൽ മറ്റു ചിലത് അങ്ങനെയല്ല. അവയിൽ രക്തം പോലെ സ്വാഭാവികമായി പുതുതായി ഉൽപാദിപ്പിക്കപ്പെടുന്നവയുണ്ട്, അല്ലാത്തവയും ഉണ്ട്. ചിലത് ജനിതകം, പാരമ്പര്യം, പൊതു വ്യക്തിത്വം എന്നിവയിൽ സ്വാധീനം ചെലുത്തുന്നവയാണ്. വൃഷണങ്ങൾ, അണ്ഡാശയങ്ങൾ, നാഡീകോശങ്ങൾ പോലുള്ളവ ഉദാഹരണം.  എന്നാൽ, അങ്ങനെ സ്വാധീനം ചെലുത്താത്തവയും ഉണ്ട്.

രണ്ടാമത്തെ രൂപം: മരണപ്പെട്ട ഒരാളിൽനിന്ന് അവയവം കൈമാറ്റം ചെയ്യൽ. ഇതിന് രണ്ടവസ്ഥകളുണ്ട്:

ഒന്ന്: വൈദ്യശാസ്ത്രപരമായി തിരിച്ചുവരവില്ലാത്ത വിധം എല്ലാ പ്രവർത്തനങ്ങളും പൂർണമായും നിലച്ചുകൊണ്ട് മസ്തിഷ്ക മരണം സംഭവിക്കുക.

രണ്ട്: വൈദ്യശാസ്ത്രപരമായി ഇനിയൊരു തിരിച്ചുവരവില്ലാത്ത വിധം ഹൃദയവും ശ്വാസവും പൂർണമായി നിലക്കുക. 

മൂന്നാമത്തെ രൂപം: ഭ്രൂണാവസ്ഥയിൽ  അവയവം കൈമാറ്റം ചെയ്യൽ. ഇതിന് മൂന്ന് അവസ്ഥകളുണ്ട്:

ഒന്ന്: സ്വാഭാവികമായ ഗർഭഛിദ്രം സംഭവിച്ച ഭ്രൂണത്തിൽനിന്ന്.

രണ്ട്: വൈദ്യശാസ്ത്രപരമായ കാരണങ്ങളാലോ കുറ്റകൃത്യങ്ങൾ കാരണമായോ ഗർഭഛിദ്രത്തിനു വിധേയമാകുന്ന ഭ്രൂണത്തിൽനിന്ന്. മൂന്ന്: ഗർഭപാത്രത്തിന്റെ പുറത്ത് വികസിപ്പിച്ചെടുത്ത ഭ്രൂണത്തിൽനിന്ന്.

കർമശാസ്ത്ര വിധികള്‍

ഇവ ഓരോന്നിനെക്കുറിച്ചുമുള്ള കർമശാസ്ത്ര വിധികളാണ് താഴെ:

ഒന്ന്:  ഈ അവയവമാറ്റ ശസ്ത്രക്രിയയുടെ അനന്തരഫലമായി ഉണ്ടാകുന്ന ദോഷത്തെക്കാൾ മികച്ചതാണ് അതിലൂടെ ഉണ്ടാകുന്ന ഗുണം എന്ന തികഞ്ഞ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ, ഒരാളുടെ ശരീരത്തിൽ നിന്നുള്ള  അവയവം അയാളുടെ തന്നെ ശരീരത്തിന്റെ മറ്റൊരു ഭാഗത്തേക്ക് മാറ്റുന്നത് അനുവദനീയമാകുന്നു. എന്നാൽ, നഷ്ടപ്പെട്ട അവയവം വീണ്ടെടുക്കുക,  ഒരവയവത്തിന്റെ രൂപമോ അതിന്റെ യഥാർഥ ധർമമോ പുനഃസ്ഥാപിക്കുക, അല്ലെങ്കിൽ അതിന്റെ എന്തെങ്കിലും ന്യൂനത പരിഹരിക്കുക, അതുമല്ലെങ്കിൽ മാനസികമോ ശാരീരികമോ ആയ ഉപദ്രവത്തിനിടയാക്കുന്ന വൈരൂപ്യം വല്ലതുമുണ്ടെങ്കിൽ അതു നീക്കുക തുടങ്ങിയ ആവശ്യങ്ങൾക്കായിരിക്കണം ഈ അവയവമാറ്റം എന്ന ഉപാധിയുണ്ട്.

രണ്ട്: രക്തം, ചർമം തുടങ്ങിയവ പോലെ സ്വമേധയാ വളരുകയോ പുതുതായി ഉണ്ടായിക്കൊണ്ടിരിക്കുകയോ ചെയ്യുന്നവ ഒരാളുടെ ശരീരത്തിൽനിന്ന് മറ്റൊരാളുടെ ശരീരത്തിലേക്ക് മാറ്റുന്നതും അനുവദനീയമാണ്. അക്കാര്യത്തിൽ ദായകൻ അത് ചെയ്യാനുള്ള എല്ലാ യോഗ്യതയും ഒത്തിണങ്ങിയ (പ്രായപൂർത്തിയും വിവേചന ബുദ്ധിയുമുള്ള) വ്യക്തിയായിരിക്കണം. തദ്വിഷയകമായി ഇസ്്ലാമിക ശരീഅത്ത് നിഷ്കർഷിച്ച എല്ലാ നിബന്ധനകളും പാലിച്ചുകൊണ്ടു മായിരിക്കണം.

മൂന്ന്: രോഗം കാരണം മറ്റൊരാളുടെ ശരീരത്തിൽനിന്ന് വിച്ഛേദിക്കപ്പെട്ട അവയവങ്ങളുടെ അംശം പ്രയോജനപ്പെടുത്തുന്നതും അനുവദനീയമാണ്.  രോഗം മൂലം ഒരാളുടെ കണ്ണിൽനിന്ന് അടർത്തിമാറ്റിയ കോർണിയ (കാചപടലം) ഉദാഹരണം.

നാല്: ഹൃദയം പോലെ ഒരാളുടെ ജീവൻ തന്നെ നിലകൊള്ളുന്ന അവയവങ്ങൾ (ഉദാ: ജീവിച്ചിരിക്കുന്ന ഒരാളുടെ ഹൃദയം പോലുള്ളവ) അഥവാ ജീവല്‍പ്രധാനമായ അവയവങ്ങൾ ജീവിച്ചിരിക്കുന്ന ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് മാറ്റുന്നത് ഹറാമാണ്.

അഞ്ച്: ഒരാളുടെ ജീവന്റെ അടിസ്ഥാനം ഒരവയവത്തിന്റെ സുരക്ഷിതത്വത്തെ ആശ്രയിച്ചല്ല നിലകൊള്ളുന്നതെങ്കിലും ആ അവയവം ഇല്ലാതാകുന്നത് അയാളുടെ ജീവിതത്തിന്റെ അടിസ്ഥാന ധർമം മുടക്കുമെങ്കിൽ അത്തരം അവയവങ്ങൾ ജീവിച്ചിരിക്കുന്ന ഒരാളുടെ ശരീരത്തിൽ നിന്ന് മാറ്റുന്നത് ഹറാമാകുന്നു(ഉദാ: രണ്ടു കണ്ണിന്റെയും Cornea പോലെ). എന്നാൽ, മാറ്റുന്നത് ശരീരത്തിലെ അടിസ്ഥാന ധർമങ്ങളില്‍ ഒരംശം മാത്രമേ മുടക്കുകയുള്ളൂവെങ്കിൽ അതിന്റെ വിധി കൂടുതൽ ഗവേഷണ നിരീക്ഷണങ്ങൾ ആവശ്യപ്പെടുന്ന വിഷയമാണ്.

ആറ്: ജീവന്റെ നിലനിൽപ്പ് ഏതൊരു അവയവത്തെ ആശ്രയിച്ചാണോ നിലകൊള്ളുന്നത് അത്തരം അവയവങ്ങൾ, അല്ലെങ്കിൽ മനുഷ്യ ശരീരത്തിലെ അടിസ്ഥാന ധർമം ഏതൊരവയവത്തിന്റെ സുരക്ഷിതത്വത്തെ ആശ്രയിച്ചാണോ നിലകൊള്ളുന്നത് അത്തരം അവയവങ്ങൾ മരണപ്പെട്ട വ്യക്തിയുടെ ശരീരത്തിൽനിന്ന് ജീവനുള്ള ഒരാളുടെ ശരീരത്തിലേക്ക് മാറ്റുന്നത് അനുവദനീയമാണ്. എന്നാൽ, പരേതൻ മരണത്തിനു മുമ്പ് അതിന് അനുമതി നൽകണം. അല്ലെങ്കിൽ മരണാനന്തരം അനന്തരാവകാശികളുടെ സമ്മതം ഉണ്ടായിരിക്കണം. ഇനി പരേതന് അനന്തരാവകാശികൾ ഇല്ലാതിരിക്കുകയോ അയാൾ ആരാണ്, എന്താണ് എന്നൊന്നും തിരിച്ചറിയാൻ പറ്റാത്ത അജ്ഞാതനോ ആണെങ്കിൽ ഭരണാധികാരിയുടെ അനുമതി അനിവാര്യ ഉപാധിയാണ്.

ഏഴ്: അവയവദാനം ഒരിക്കലും അവയവ വിൽപന ആവരുത്. കാരണം, മനുഷ്യന്റെ അവയവങ്ങൾ ക്രയവിക്രയം ചെയ്യുക എന്നുള്ളത് ഒരു സാഹചര്യത്തിലും അനുവദനീയമല്ല. എന്നാല്‍  അടിയന്തര ഘട്ടങ്ങളിൽ അവയവങ്ങൾ ലഭിക്കാനായി പണം ചെലവഴിക്കുന്നതോ, അവയവദായകർക്ക് പാരിതോഷികമെന്ന നിലക്കോ, അവരോടുള്ള ആദരവെന്ന നിലക്കോ പണം നൽകുന്നതോ കൂടുതല്‍ ഗവേഷണ നിരീക്ഷണങ്ങൾ ആവശ്യമുള്ള വിഷയങ്ങളാണ്.

എട്ട്: മുകളിൽ പറയപ്പെട്ട സാഹചര്യങ്ങളും രൂപങ്ങളുമല്ലാത്ത, ഈ വിഷയത്തിന്റെ പരിധിയിൽ വരുന്ന ഏതു കാര്യവും ഗവേഷണ നിരീക്ഷണങ്ങൾ ആവശ്യപ്പെടുന്നവയാണ്.

മുസ്‌ലിം വേൾഡ് ലീഗ് ഫിഖ്ഹ് അക്കാദമി തീരുമാനങ്ങൾ

ലോക പണ്ഡിതന്മാരും കർമശാസ്ത്ര പടുക്കളും അംഗങ്ങളായ മറ്റൊരു അന്താരാഷ്ട്ര വേദിയാണ് മുസ്‌ലിം വേൾഡ് ലീഗിന്റെ കീഴിലുള്ള ഫിഖ്ഹ് അക്കാദമി. 1985-ൽ മക്കയിൽ ചേർന്ന അതിന്റെ എട്ടാം സമ്മേളനത്തിന്റെ മുഖ്യ പ്രമേയം തന്നെ അവയവദാനമായിരുന്നു. അതിലും ആധുനിക കർമ ശാസ്ത്രകാരന്മാരിൽ പ്രമുഖരായ പണ്ഡിതന്മാർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.  അക്കാദമി എത്തിച്ചേർന്ന തീരുമാനങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം:

ഒന്ന്: മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ വേണ്ടിയോ, അല്ലെങ്കിൽ അയാളുടെ മർമപ്രധാനമായ ഒരവയവത്തിന്റെ ധർമം വീണ്ടെടുക്കുന്നതിനു വേണ്ടിയോ ജീവനുള്ള ഒരു മനുഷ്യന്റെ ശരീരത്തിൽനിന്ന് ഒരവയവം എടുക്കുന്നതും അങ്ങനെ ആ അവയവം മറ്റൊരാളുടെ ശരീരത്തിൽ വെച്ചുപിടിപ്പിക്കുന്നതും അനുവദനീയമാണ്.

അങ്ങനെ ചെയ്യുന്നത് അത് ദാനം ചെയ്യുന്ന വ്യക്തിയുടെ മനുഷ്യത്വത്തെ മാനിക്കുക എന്നതിനോട് ഒരു നിലക്കും എതിരാവുന്നില്ല. എന്നു മാത്രമല്ല, അങ്ങനെ വെച്ചുപിടിപ്പിക്കപ്പെടുന്ന വ്യക്തിയെ സംബന്ധിച്ചേടത്തോളം അത് വലിയ ഉപകാരവും വമ്പിച്ച സഹായവും കൂടിയാണ്. താഴെ പറയുന്ന ഉപാധികൾ പൂർത്തീകരിച്ചുകൊണ്ടാണെങ്കിൽ നിയമപരവും സ്തുത്യർഹവുമായ കൃത്യമാണത്.

1. അവയവമാറ്റ ശസ്ത്രക്രിയയിലൂടെ അത് ദാനം ചെയ്യുന്നയാളുടെ സാധാരണ ജീവിതത്തിന് ഭംഗം വരുത്തുന്ന തരത്തിലുള്ള യാതൊരു ദോഷവും ഉണ്ടാവാൻ പാടില്ല. അത്തരം സാഹചര്യങ്ങളിൽ അവയവദാനം സ്വന്തത്തെ നാശത്തിലേക്ക് തള്ളുന്നതിന് തുല്യമായിരിക്കും. അത് ശറഇൽ ഒട്ടും അനുവദനീയമല്ല.

2. ഇങ്ങനെ ദാനം ചെയ്യുന്നത് ദാതാവിന്റെ സ്വാഭീഷ്ടമനുസരിച്ചായിരിക്കണം. ഏതെങ്കിലും തരത്തിലുള്ള സമ്മർദത്തിന്റെ ഫലമായിരിക്കരുത്.

3. ഇങ്ങനെ അവയവം വെച്ചുപിടിപ്പിക്കുക എന്നത് രോഗശമനത്തിന് യാതൊരു നിവൃത്തിയുമില്ലാതെ ഗതികെട്ട ഒരു രോഗിയുടെ ചികിത്സക്ക് വൈദ്യശാസ്ത്രപരമായി സാധ്യമായ ഒരേയൊരു മാർഗമായിരിക്കുക.

4. അവയവം മാറ്റുന്നതിനും വെച്ചുപിടിപ്പിക്കുന്നതിനുമായി നടത്തുന്ന ശസ്ത്രക്രിയയുടെ വിജയ സാധ്യത സാധാരണ ഗതിയിൽ ഉറപ്പുണ്ടായിരിക്കണം. ഇനി ഉറപ്പില്ലെങ്കിലും നന്നെ ചുരുങ്ങിയത് മികച്ച സാധ്യതയെങ്കിലും ഉണ്ടായിരിക്കണം.

രണ്ട്:  മുൻഗണനാ ക്രമമനുസരിച്ച് താഴെ പറയുന്ന സാഹചര്യത്തിൽ അവയവമാറ്റം അനുവദനീയമാകും:

1. മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ അത്യാവശ്യ ഘട്ടങ്ങളിൽ മരണപ്പെട്ട വ്യക്തിയുടെ അവയവം സ്വീകരിക്കാം. ആ വ്യക്തി വിവേചന ബുദ്ധിയുള്ളവനും പ്രായപൂർത്തി എത്തിയവനും ആയിരിക്കണം.  തന്റെ ജീവിത കാലത്ത് തന്നെ ആ വ്യക്തി അതിന് അനുമതി നൽകുകയും വേണം.

2. ഭക്ഷ്യയോഗ്യമായ മൃഗത്തിന്റെ അവയവം, അറുക്കപ്പെട്ട മൃഗമാണെങ്കിൽ നിരുപാധികവും അറുക്കപ്പെട്ടതല്ലെങ്കിൽ നിർബന്ധിത സാഹചര്യത്തിലും അതിനത്യാവശ്യമായ ഒരാൾക്ക് സ്വീകരിക്കാവുന്നതാണ്.

3. ഒരു വ്യക്തിയുടെ ശരീരത്തിൽനിന്ന് ഒരവയവം എടുത്ത് അതേ വ്യക്തിയുടെ തന്നെ ശരീരത്തിൽ വെച്ചുപിടിപ്പിക്കാനോ ഒട്ടിക്കാനോ വേണ്ടി എടുക്കുന്നതും അനുവദനീയമാണ്. ആവശ്യഘട്ടത്തിൽ ഒരാളുടെ ചർമത്തിന്റെയോ അസ്ഥിയുടെയോ ഒരു കഷ്ണം എടുത്ത് അദ്ദേഹത്തിന്റെ തന്നെ ശരീരത്തിന്റെ മറ്റൊരു ഭാഗത്ത് വെച്ചുപിടിപ്പിക്കുന്നതു പോലെ.

4. രോഗ സാഹചര്യത്തിൽ ചികിത്സാർഥം ലോഹം കൊണ്ടോ മറ്റു പദാർഥങ്ങൾകൊണ്ടോ കൃത്രിമമായി ഉണ്ടാക്കിയ അവയവം ശരീരത്തിൽ വെച്ചുപിടിപ്പിക്കുന്നതും അനുവദനീയമാണ്. സന്ധികൾ, ഹൃദയത്തിന്റെ വാൽവ് തുടങ്ങിയവ ഉദാഹരണം.

ഈ നാലു രൂപങ്ങളും നടേ പറഞ്ഞ ഉപാധികളോടെ അനുവദനീയമാണ് എന്നതാണ് അക്കാദമിയുടെ നിലപാട്.

അൽ അസ്ഹർ ഇസ്്ലാമിക ഗവേഷണ വിഭാഗം

അൽ അസ്ഹർ യൂനിവേഴ്സിറ്റിയുടെ കീഴിലുള്ള മജ്മഉൽ ബുഹൂസ് 2009 മാർച്ചിൽ സംഘടിപ്പിച്ച പതിമൂന്നാം സമ്മേളനത്തിന്റെ മുഖ്യ ചർച്ചാവിഷയം അവയവദാനം ആയിരുന്നു. പ്രസ്തുത സമ്മേളനത്തിൽ ഡോ. അബ്ദുസ്സലാം അൽ അബ്ബാദി ഇവ്വിഷയകമായി വളരെ പ്രൗഢമായ ഒരു പ്രബന്ധം അവതരിപ്പിച്ചു. അതിനെ തുടർന്ന് വിദഗ്ധരായ ഭിഷഗ്വരന്മാർ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത വിശദമായ ചർച്ച  നടന്നു. പ്രസ്തുത സമ്മേളനം കൈക്കൊണ്ട തീരുമാനങ്ങൾ:  

പ്രായപൂർത്തിയായ, വിവേചനബുദ്ധിയും ഇഛാസ്വാതന്ത്ര്യവുമുള്ള ഒരു വ്യക്തി യാതൊരുവിധ സമ്മർദത്തിനും വിധേയനായിട്ടല്ലാതെ തന്റെ ശരീരത്തിലെ  ഏതെങ്കിലും ഒരു അവയവം ദാനം ചെയ്യുന്നത് ശറഈ വീക്ഷണത്തിൽ സാധുവാകും. ദാനം ചെയ്യുന്നത് ബന്ധുക്കൾക്കാവാം; അല്ലാത്തവർക്കുമാവാം. പരക്ഷേമ തൽപരത എന്ന തത്ത്വത്തിന്റെ അടിസ്ഥാനത്തിൽ അവയവദാനം സാധുവാകുന്നതാണ്. ഇങ്ങനെ അവയവങ്ങൾ ദാനം ചെയ്യുമ്പോൾ താഴെ പറയുന്ന നിബന്ധനകൾ പാലിക്കണം:

1. ദാനം ചെയ്യുന്ന അവയവം ദാതാവിന്റെ ജീവൻ നിലനിർത്തുന്ന മർമപ്രധാനമായ ഭാഗമാവാൻ പാടില്ല.
2. ദാനം ചെയ്യുന്ന അവയവം ജനിതക പ്രാധാന്യമുള്ളതോ ഗുഹ്യാവയവങ്ങളോ ആവാൻ പാടില്ല.
3. പ്രശ്നത്തിന് പരിഹാരമായി ഇങ്ങനെ  അവയവദാനമല്ലാതെ മറ്റൊരു മാർഗവും ഇല്ലാതിരിക്കുക.

രണ്ട് ലക്ഷണങ്ങൾ വഴി ഒരാൾ മരിച്ചവനായി പരിഗണിക്കപ്പെടും എന്നും വിദഗ്ധസമിതി ചൂണ്ടിക്കാട്ടി.
1. ഹൃദയവും ശ്വാസോച്ഛ്വാസവും പൂർണമായും നിലയ്ക്കുകയും, ഇനിയൊരിക്കലും തിരിച്ചുവരാത്ത വിധം അതു നിലച്ചു എന്ന് വിദഗ്ധരായ ഡോക്ടർമാർ വിധിയെഴുതുകയും ചെയ്യുക.
2. മസ്തിഷ്കത്തിന്റെ എല്ലാ പ്രവർത്തനങ്ങളും എന്നന്നേക്കുമായി നിശ്ചലമാവുകയും, ഇനിയൊരിക്കലും തിരിച്ചുവരാത്ത വിധം നിലച്ചു എന്ന് വിദഗ്ധരായ ഡോക്ടർമാർ വിധിയെഴുതുകയും ചെയ്യുകയും മസ്തിഷ്‌കം അഴുകാൻ (കേടുവരാൻ) തുടങ്ങുകയും ചെയ്യുക.

ശറഈ തീരുമാനങ്ങളുമായി ഏറ്റുമുട്ടാത്ത വിധത്തിൽ വേണ്ട നിയന്ത്രണങ്ങളും വ്യവസ്ഥകളും ആവിഷ്കരിക്കാൻ മെഡിക്കൽ രംഗത്തും ലജിസ്ലേറ്റീവ് എക്സിക്യൂട്ടീവ് രംഗത്തുമുള്ള ഉത്തരവാദപ്പെട്ടവർക്ക് അവകാശമുണ്ടായിരിക്കും എന്ന കാര്യവും സമ്മേളനം ഊന്നിപ്പറയുകയുണ്ടായി (International Islamic Fiqh Academy യുടെ വെബ് സൈറ്റ് നോക്കുക. ലിങ്ക്: https://iifa-aifi.org/ar/2787.html). 

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 07-08
ടി.കെ ഉബൈദ്‌

ഹദീസ്‌

വാദിച്ചു വാങ്ങുന്നത് നരകത്തിന്റെ കഷണമാണോ?
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്