Prabodhanm Weekly

Pages

Search

2023 ആഗസ്റ്റ് 18

3314

1445 സഫർ 01

'പ്രബോധനം' ചില ഓർമകൾ...

മുഹമ്മദ് പാറക്കടവ്

1960-കളുടെ അവസാനം മടപ്പള്ളി കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് പ്രബോധനം വാരിക വായിച്ചു തുടങ്ങിയത്. പാറക്കടവ് അങ്ങാടിയിൽ വെറ്റില വ്യാപാരം നടത്തിയിരുന്ന നാദാപുരം ചാലപ്പുറത്തെ 'ജമാഅത്ത് അമ്മദ്ക്ക'യാണ് രണ്ടും മൂന്നും ആഴ്ച പഴക്കമുള്ള വാരിക ആരും കാണാതെ കൈമാറിയത്. കഴിഞ്ഞ വർഷം മരിച്ചുപോയ അദ്ദേഹം പണ്ടോ പിന്നീടോ ജമാഅത്തെ ഇസ്്ലാമി ആയിട്ടില്ല. പക്ഷേ, പ്രബോധനത്തിന്റെയും പ്രസ്ഥാന സാഹിത്യങ്ങളുടെയും ജമാഅത്തെ ഇസ്‌ലാമി പ്രാസംഗികരുടെയും ഒരു പ്രമോട്ടർ ആയിരുന്നു.....

കോഴിക്കോട് കാണിച്ചു തരണം എന്ന് കുടുംബത്തിലെ ഒരു കാരണവരോട് ഇടക്കിടെ അപേക്ഷിക്കാറുണ്ടായിരുന്നു. ഒരു ദിവസം പള്ളി-മദ്റസാ ഭാരവാഹികൾക്കൊപ്പം പോകുന്ന ജീപ്പിൽ എന്നെയും കയറ്റി. സയ്യിദ് അബ്ദുർറഹ്്മാൻ ബാഫഖി തങ്ങൾ, കോഴിക്കോട് വലിയ ഖാദി ശിഹാബുദ്ദീൻ ഇമ്പിച്ചിക്കോയ തങ്ങൾ എന്നിവരെ കണ്ട് ഞങ്ങൾ മേരിക്കുന്നിലെ ഇ.കെ അബൂബക്കർ മുസ്്ലിയാരെ കാണാൻ പോയി. മുടി നീട്ടി വളർത്തി അന്നത്തെ ഫാഷൻ കുപ്പായം ഇട്ട എന്നെ അങ്ങോട്ട് കൊണ്ടുപോകുന്നത് അനൗചിത്യമാകുമെന്നു കരുതി എന്നോട് വണ്ടിയിൽ തന്നെ ഇരുന്നോളാൻ പറഞ്ഞു. തൊട്ടു മുന്നിൽ തന്നെ  ജമാഅത്തെ ഇസ്്ലാമിയുടെ ബോർഡ് കണ്ടു. പ്രബോധനം അച്ചടിക്കുന്നതും അവിടെ നിന്നാണെന്ന് മനസ്സിലായി. അങ്ങോട്ട് കയറിച്ചെന്നു. സി.ടി അബ്ദുർറഹീം, ഒ. അബ്ദുല്ല സാഹിബുമാർ സ്വീകരിച്ചു ചായയും കുറെ പ്രബോധനം വാരികയും റേഡിയൻസും തന്നു.

മതവിരുദ്ധ ചിന്തകളുടെ നിരർഥകതയും ഇസ്്ലാമിക ആദർശത്തിന്റെ മഹിമയും മനസ്സിലാക്കിത്തന്നതു ഈ വാരികയും മാസികയുമാണ്. 'തെറ്റിദ്ധരിക്കപ്പെട്ട ജമാഅത്തെ ഇസ്്ലാമി' എന്ന ശീർഷകത്തിലുള്ള മുഹമ്മദ് സലീം മൗലവിയുടെ ലേഖന പരമ്പര ചിന്താർഹമായിരുന്നു. 1967-ലെ അറബ് -ഇസ്രായേൽ യുദ്ധത്തിനു ശേഷം ഇറങ്ങിയ ലക്കം വായിക്കുകയായിരുന്നില്ല, കോരിക്കുടിക്കുകയായിരുന്നു.

പ്രബോധനം വായിച്ചു മതപ്രഭാഷണം നടത്തുന്ന അനേകം മതപണ്ഡിതൻമാരെ അറിയാം. അന്താരാഷ്ട്ര ചലനങ്ങൾ, മുസ്്ലിം ലോക വാർത്തകൾ, അറബ് ലോകത്തെ അന്നത്തെ ചിന്തകർ എഴുതിയ ലേഖനങ്ങളുടെ വിവർത്തനം ഒക്കെ അന്ന് പ്രബോധനത്തിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. l

 

'പ്രബോധനം' ഹരമായി മാറിയ കാലം

എം.എ വാണിമേൽ

പ്രബോധനവുമായി എനിക്കുള്ള ബന്ധം ഹൈ സ്‌കൂൾ പഠന കാലത്ത് ( 1970-73) ആരംഭിക്കുന്നു. വായനക്കാരനായല്ല, വിതരണക്കാരനായിട്ടായിരുന്നു തുടക്കം. വാണിമേലിൽ അന്നു പണം കൊടുത്തു പ്രബോധനം വാങ്ങുന്ന 41 പേർക്ക് പത്രം എത്തിക്കുകയായിരുന്നു എന്റെ ചുമതല. എല്ലാ വെള്ളിയാഴ്‌ചകളിലും ജുമുഅക്ക് മുമ്പേ വയൽ പീടികയിലെ തപ്പാൽ ആപ്പീസിൽ എത്തണം. കല്ലാച്ചി സബ് പോസ്റ്റ് ഓഫീസിൽനിന്നു വരുന്ന തപ്പാൽ ഉരുപ്പടികളിൽ ഈയിടെ നാഥങ്കലേക്കു മടങ്ങിയ ടി. മൂസ സാഹിബിന്റെ പേരിൽ വരുന്ന പ്രബോധനത്തിന്റെ കെട്ടുമുണ്ടാകും. ജുമുഅ നമസ്കാരം കഴിഞ്ഞ ഉടനെ ഞാൻ പുറത്തിറങ്ങി വരിക്കാർക്ക് പത്രം വിതരണം ചെയ്തു തുടങ്ങും. ഭൂമിവാതുക്കൽ എത്തിക്കാനുള്ള ഏതാനും കോപ്പികളുമായി വൈകിട്ട് വീണ്ടും ഇറങ്ങും. അതു കൂടി കഴിഞ്ഞാൽ പത്രം പൊതിഞ്ഞു വന്ന ബ്രൗൺ പേപ്പറുമായി ഞാൻ വീട്ടിലേക്ക് മടങ്ങുകയായി (എന്റെ പാഠപുസ്തകങ്ങൾ പൊതിയിട്ടിരുന്നത് ആ ബ്രൗൺ കടലാസ്സ് കൊണ്ടായിരുന്നു!).

  വിതരണത്തോടൊപ്പം വായന തുടങ്ങുന്നതും അക്കാലത്തു തന്നെ. പ്രബോധനം  വായന ഹരമായി മാറിയപ്പോൾ വിതരണം പൂർത്തിയാക്കുന്നതിനു മുമ്പേ വായിച്ചു തീർക്കുകയും പതിവായി. മുജീബിന്റെ 'ചോദ്യോത്തര' പംക്തിയിൽനിന്നാണ് തുടങ്ങുക. ഒന്നാം പേജിലെ 'നിരീക്ഷക'ന്റെ കോളവും ഉൾപ്പേജിലെ 'വീക്ഷണ വിശേഷങ്ങളും' തുടർന്ന് മുഖപ്രസംഗം, വാർത്തകൾ, ലേഖനങ്ങൾ എന്ന ക്രമത്തിലായിരുന്നു വായന.

സൈനബുൽ ഗസ്സാലിയുടെ 'ജയിൽ അനുഭവങ്ങളും' ഒ.പി അബ്ദുസ്സലാം മൗലവിയുടെ  'സാമ്പിയൻ സ്മരണകളും' പ്രസിദ്ധീകരിച്ചു വന്ന നാളുകളിൽ ആദ്യ വായന അതായിരുന്നു.

സ്വന്തം പേര് ആദ്യമായി അച്ചടി മഷി പുരണ്ടതും പ്രബോധനത്തിൽ തന്നെ. 'മുജീബി'നോട് ചോദ്യങ്ങൾ ചോദിച്ചായിരുന്നു തുടക്കം. ചേന്ദമംഗല്ലൂർ ഇസ്വ്്ലാഹിയയിലെ പഠനകാലത്ത് അവിടെ ലൈബ്രറിയിൽ ലഭിച്ചിരുന്ന Illustrated Weekly, Sunday, Onlooker, Arab News തുടങ്ങിയ ആനുകാലികങ്ങളിൽ വരുന്ന ലേഖനങ്ങൾ വിവർത്തനം ചെയ്തു അയച്ചു തുടങ്ങി. മറ്റു പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങൾ എഴുതി അയക്കാനുള്ള ധൈര്യം പകർന്നത് ഇസ്വ്്ലാഹിയയിലെ ഈ അനുഭവമാണ്. l

 

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 01-03
ടി.കെ ഉബൈദ്‌

ഹദീസ്‌

അഞ്ച് ഉപദേശങ്ങൾ
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്