Prabodhanm Weekly

Pages

Search

2023 ആഗസ്റ്റ് 18

3314

1445 സഫർ 01

ഇബ്രാഹീം ബേവിഞ്ച നിരൂപണത്തിലെ ഇസ്്ലാമിക ഇടപെടൽ

ശൈഖ് മുഹമ്മദ് കാരകുന്ന്

ഇസ്്ലാമിക ഗ്രന്ഥങ്ങളെ സാഹിത്യ ശാഖയിലുൾപ്പെടുത്തി വിശദമായ പഠനത്തിനും കൃത്യമായ നിരൂപണത്തിനും വിധേയമാക്കിയ ലബ്ധ പ്രതിഷ്ഠനായ എഴുത്തുകാരനെയാണ് ഇബ്രാഹീം ബേവിഞ്ചയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടപ്പെട്ടത്. സാഹിത്യ നിരൂപകർ മറ്റു മതഗ്രന്ഥങ്ങളെ തങ്ങളുടെ പഠനങ്ങളിലും ഗ്രന്ഥ നിരൂപണങ്ങളിലും ഉൾപ്പെടുത്താറുണ്ടെങ്കിലും ഇസ്്ലാമിക രചനകളെ മാറ്റിനിർത്താറാണ് പതിവ്. ഇതിൽനിന്ന് തീർത്തും വ്യത്യസ്തമായ നിലപാട് സ്വീകരിച്ച  സാഹിത്യ നിരൂപകരിലൊരാളാണ് ബേവിഞ്ച.

മലയാളത്തിലെ ഇസ്്ലാമിക സാഹിത്യ ശാഖ ഇന്ന് പുഷ്കലമാണ്. പിന്നിട്ട പതിറ്റാണ്ടുകളിൽ ഈ രംഗത്തുണ്ടായ വളർച്ചയും വികാസവും വിസ്മയകരമാണ്. എന്നിട്ടും അതൊന്നും കണ്ടില്ലെന്നും അറിഞ്ഞില്ലെന്നും  നടിക്കുന്നവരാണ് ഏതാണ്ടെല്ലാ എഴുത്തുകാരും. മലയാളത്തിലെ ഇസ്്ലാമിക സാഹിത്യ ശാഖയെ നിരൂപണ വിധേയമാക്കിയ ആദ്യ കൃതി പ്രിയ സുഹൃത്തും ഇസ്്ലാമിക പ്രസ്ഥാനത്തിന്റെ സഹയാത്രികനുമായ ഇബ്രാഹീം ബേവിഞ്ചയുടേതാണ്. അതിന്റെ ആമുഖത്തിൽ അദ്ദേഹം കുറിച്ചിട്ട വാചകങ്ങൾ തന്നെ തന്റെ നിലപാടുതറയേതെന്ന് വ്യക്തമാക്കുന്നു. അദ്ദേഹം എഴുതി: "മതം എന്നും എനിക്കൊരു സൗന്ദര്യ പൂരമായിരുന്നു. സുവിശേഷവും സാന്ത്വനവുമായിരുന്നു. മതത്തിൽനിന്നാണ് ഞാൻ സാഹിത്യത്തിലേക്കും കലയിലേക്കും കടന്നുപോയത്. അതോടെ 'സ്വർഗീയമായ' ഒരു നവലോകത്തേക്ക് മനസ്സ് വിടർന്നു. ആ വിടർച്ചയിലെ ചില ഇതളുകൾ ഈ കൃതിയിലുണ്ട്. ആരും കാണാതെ മനസ്സിൽ തന്നെ ബാക്കി കിടക്കുന്ന ഇതളുകൾ വേറെയും ധാരാളമുണ്ട്. ഏതാണ് ചേതോഹരം എന്നൊന്നും പറയുക വയ്യ."

അതേ ഗ്രന്ഥത്തിലൊരിടത്ത് ഇങ്ങനെയും എഴുതി: "ഭൗതിക ശാസ്ത്രങ്ങളുടെ   മേൽക്കോയ്മയെപ്പോലെത്തന്നെ മത മീമാംസയുടെ പ്രഭാവവും വർത്തമാനകാല ജീവിതത്തിലുണ്ട്. മത തത്ത്വസാരങ്ങൾ വിശദീകരിക്കുന്ന സാഹിത്യ വിഭാഗം മലയാളത്തിൽ വികാസം കൊണ്ടിട്ടുണ്ട്. ആത്മീയതയും ഭൗതികതയും സമന്വയിക്കുന്നു എന്ന സവിശേഷതയുള്ള ഇസ്്ലാമിനെ ആധാരമാക്കി മികച്ച ഗ്രന്ഥങ്ങൾ ഉണ്ടാവുക കാലഘട്ടത്തിന്റെ ആവശ്യമാണല്ലോ. ഇസ്്ലാമികമായ ആശയങ്ങളെക്കുറിച്ചുള്ള പ്രബോധനപരമായ കൃതികൾ എന്ന് പറയാവുന്ന മലയാളത്തിലെ ഇസ്്ലാംമത സാഹിത്യം വിശദമായ പഠനത്തിന് വിധേയമാക്കാവുന്ന വിധത്തിൽ വളർച്ച പ്രാപിച്ചിട്ടുണ്ട്."

ഇബ്രാഹീം ബേവിഞ്ചയുടെ തീർത്തും വ്യത്യസ്തമായ ഈ പുസ്തകം വായനക്കാരുടെ കൈകളിൽ എത്തിച്ചത്  ഇസ്്ലാമിക് പബ്ലിഷിംഗ് ഹൗസാണ്. അതിന്റെ അക്കാലത്തെ ഡയറക്ടർ എന്ന നിലയിൽ ഈ സുകൃതത്തിന് സൗഭാഗ്യം ലഭിച്ചത് ഒരനുഗ്രഹമായി ഇപ്പോഴും കരുതുന്നു.

'വായനയിലും ചിന്തയിലുമുള്ള ഒരു മുറിച്ചുകടക്കലിന് വഴിയൊരുക്കിയ മഹാ പ്രസ്ഥാനം' എന്ന് ഐ.പി.എച്ചിനെ സംബന്ധിച്ച ബേവിഞ്ചയുടെ വാക്കുകൾ ഇസ്്ലാമിക് പബ്ലിഷിംഗ് ഹൗസും അദ്ദേഹവും തമ്മിലുള്ള ആത്മബന്ധം വ്യക്തമാക്കുന്നു. കേരളീയ മുസ്്ലിം സമൂഹത്തിൽ ഐ.പി.എച്ച് സൃഷ്ടിച്ച വിപ്ലവത്തെ അദ്ദേഹം ഇങ്ങനെ വിലയിരുത്തുന്നു: "മലയാളം പഠിക്കുന്നത് പോലും ഹറാമാണെന്ന് കരുതിയിരുന്ന കാലത്ത് മലയാളത്തിൽ ഇസ്്ലാമിക ഗ്രന്ഥങ്ങൾ പുറത്തിറക്കിയവരെ നാം ആദരിക്കണം. പഴയ ഇസ്്ലാമിക പുസ്തക പ്രസിദ്ധീകരണാലയങ്ങളിൽ ചിലതെല്ലാം തനി യാഥാസ്ഥിതിക വിശ്വാസത്തിലൂന്നി നിന്നവരുടെതാകാം. പേര് പെറ്റവയും അവയിൽ ഉണ്ടാകാം. പക്ഷേ, അവയാണ് പുതിയ കാഴ്ചപ്പാടിലേക്ക് വരാൻ മുസ്്ലിംകളെ പരോക്ഷമായി പ്രേരിപ്പിച്ചത്. ഇസ്്ലാമിക സംസ്കാരത്തിന്റെ പീഠഭൂമിയിൽ വേരുകളാഴ്ത്തി നിന്നുകൊണ്ട് കേരളീയ മുസ്്ലിം സമൂഹത്തിൽ ചിന്താ വിപ്ലവം നടത്തി, അനുക്ഷണം വികസ്വരമായിക്കൊണ്ടിരിക്കുന്ന കാലത്തിന്റെയൊപ്പം അവരെ നടത്താൻ ശക്തിനൽകിയ പുസ്തക പ്രസാധക സംഘങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇസ്്ലാമിക് പബ്ലിഷിംഗ് ഹൗസാണ്."

ഇബ്രാഹീം ബേവിഞ്ച എന്റെ നാൽപതോളം പുസ്തകങ്ങളെ വിശദമായ പഠനത്തിന് വിധേയമാക്കി നിരൂപണം ചെയ്ത ലേഖന പരമ്പര 'വാരാദ്യ മാധ്യമ'ത്തിന്റെ മൂന്ന് ലക്കങ്ങളിലായി പ്രസിദ്ധീകരിക്കുകയുണ്ടായി . വളരെ വിശദമായ ആ പഠനം 'ഇസ്്ലാമിക സാഹിത്യം മലയാളത്തിൽ' എന്ന പുസ്തകത്തിൽ അഞ്ചാം അധ്യായമായി  ചേർത്തിട്ടുണ്ട്.

മലയാള സാഹിത്യത്തിലെന്ന പോലെ മാപ്പിള സാഹിത്യത്തിലും ആഴത്തിലുള്ള അറിവ് നേടിയ പ്രമുഖ സാഹിത്യകാരനും സാഹിത്യ  നിരൂപകനും ഗ്രന്ഥകർത്താവും പ്രഭാഷകനും അധ്യാപകനുമാണ് ഇബ്രാഹീം ബേവിഞ്ച. കേരള സാഹിത്യ അക്കാദമി, സമസ്ത കേരള സാഹിത്യ പരിഷത്ത്, കോഴിക്കോട് സർവകലാശാലാ യു.ജി ബോർഡ് ഓഫ് സ്റ്റഡീസ്, പി.ജി ബോർഡ് ഓഫ് സ്റ്റഡീസ്,   കേരള സർവകലാശാലാ  ബോർഡ് ഓഫ് സ്റ്റഡീസ്  (മലയാളം) എന്നിവയിലെല്ലാം അംഗമായിരുന്നു. കണ്ണൂർ വിമൻസ് കോളേജ്, മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരക കോളേജ്, കാസർകോട് ഗവൺമെൻറ് കോളേജ് എന്നിവിടങ്ങളിൽ മലയാളം അധ്യാപകനായി സേവനമനുഷ്ഠിച്ചു.

ഇസ്്ലാമിക വിദ്യാർഥി പ്രസ്ഥാനവും ശാന്തപുരമുൾപ്പെടെയുള്ള ഇസ്്ലാമിക സ്ഥാപനങ്ങളും സംഘടിപ്പിച്ച സാഹിത്യ, സാംസ്കാരിക പരിപാടികളിൽ അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.

ബേവിഞ്ച എഴുതിത്തുടങ്ങുന്ന കാലം തൊട്ടുതന്നെ അദ്ദേഹത്തിന്റെ രചനകളുമായി ബന്ധപ്പെടാൻ അവസരം ലഭിച്ചു. അതിലൂടെ രൂപപ്പെട്ട മാപ്പിള സാഹിത്യത്തിന്റെ ചരടിൽ കോർത്ത സൗഹൃദം വ്യക്തിപരമായ സൗഹൃദമായും തുടർന്ന് ആത്മബന്ധമായും വളരാൻ ഏറക്കാലം വേണ്ടിവന്നില്ല.

ബേവിഞ്ചയുടെ മകൾ പെരുമ്പിലാവ് സ്ഥാപനത്തിൽ പഠിച്ചുകൊണ്ടിരുന്ന കാലത്ത് അദ്ദേഹത്തിന്റെ യാത്രയിലെ ഇടത്താവളമായിരുന്നു ഹിറാ സെന്റർ. അതിനാൽ, ധാരാളം സമയം ഒരുമിച്ചു കഴിയാൻ അവസരം ലഭിച്ചു. രോഗബാധിതനായി വീട്ടിൽ വിശ്രമിക്കുമ്പോഴും ചെന്ന് കാണുകയുണ്ടായി. ജമാഅത്തെ ഇസ്്ലാമി കാസർകോട് ജില്ലാ പ്രസിഡന്റായിരുന്ന വി.എൻ ഹാരിസിനോടും സഹപ്രവർത്തകരോടുമൊന്നിച്ചാണ് ആ ചിരകാല സുഹൃത്തിനെ വീട്ടിൽ ചെന്ന് കണ്ടത്. പ്രതിഭാധനനായ ആ എഴുത്തുകാരന് പാർക്കിൻസൺസ്  ബാധിച്ചതിനാൽ വർഷങ്ങളോളം  സാംസ്കാരിക പ്രവർത്തനങ്ങളിൽ പങ്കാളിയാകാനോ പ്രഭാഷണങ്ങളിലേർപ്പെടാനോ എഴുത്തു തുടരാനോ കഴിയാതെ  വീട്ടിൽ കഴിയേണ്ടി വന്നു.

മലയാള സാഹിത്യത്തിലെ ഇസ്്ലാമിക സാന്നിധ്യത്തെ  കേരളീയ സമൂഹത്തിന് പരിചയപ്പെടുത്തുകയും നിരൂപണ സാഹിത്യത്തിന് പുതിയ പാത വെട്ടിത്തെളിയിക്കുകയും ചെയ്ത സർഗധനനായ എഴുത്തുകാരനാണ് ഇബ്രാഹീം ബേവിഞ്ച. ഇസ്്ലാമിക സംസ്കൃതിയെയും മുസ്്ലിം സാഹിത്യ പ്രവർത്തനങ്ങളെയും നന്നായി പഠിച്ചും സൂക്ഷ്മമായി വിലയിരുത്തിയും മലയാളി സമൂഹത്തിന് പരിചയപ്പെടുത്തിയ ബേവിഞ്ചയാണ് ഇസ്്ലാമിക സാഹിത്യ ലോകത്തെ പൊതുവൽക്കരിച്ചതിൽ അനൽപമായ പങ്കു വഹിച്ചത്.

മകളുടെ വിവാഹത്തിന് ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ടെലഫോണിലൂടെ പ്രാർഥിക്കുകയേ നിർവാഹമുണ്ടായിരുന്നുള്ളൂ. നിരവധി വർഷങ്ങൾക്ക് ശേഷം മകളെ കണ്ടപ്പോൾ അതനുസ്മരിക്കുകയും ഭർത്താവുൾപ്പെടെ എല്ലാവരോടും, പ്രാർഥിച്ച കാര്യം പറയാറുണ്ടെന്ന് അറിയിക്കുകയും  ചെയ്തപ്പോൾ പിതാവിന്റെ പാതയിൽ തന്നെയാണ് മകളുമെന്ന് ബോധ്യമായി. കേരളീയ സമൂഹത്തിന് മഹത്തായ ഒട്ടേറെ സംഭാവനകൾ നൽകാൻ  സാധിക്കുമായിരുന്ന ഒരു ജീവിതമാണല്ലോ വീട്ടിൽ ഒതുങ്ങേണ്ടി വന്നതെന്ന വ്യഥിത വികാരങ്ങളുമായാണ് അന്ന് ബേവിഞ്ചയുടെ വീട്ടിൽനിന്ന് മടങ്ങിയത്.

   കാസർകോട് ഗവൺമെൻറ് കോളേജിൽനിന്ന് ബിരുദവും, പട്ടാമ്പി സംസ്കൃത കോളേജിൽനിന്ന് ബിരുദാനന്തര ബിരുദവും, കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്ന് എം.ടി വാസുദേവൻ നായരുടെ രചനകളെ സംബന്ധിച്ച പഠനത്തിൽ എം.ഫിലും നേടുകയുണ്ടായി. തുടർന്ന് ചന്ദ്രിക സബ് എഡിറ്ററായി സേവനമനുഷ്ഠിച്ചു. അതിനുശേഷമാണ് അധ്യാപകനായത്. ചന്ദ്രിക വാരാന്തപ്പതിപ്പിൽ 'പ്രസക്തി', വാരാദ്യ മാധ്യമത്തിൽ 'പോയ മാസത്തെ കഥകൾ', ആരാമം വനിതാ മാസികയിൽ 'പെൺ വഴികൾ' എന്നീ പംക്തികൾ കൈകാര്യം ചെയ്തു.

മാപ്പിള കലാ സാഹിത്യ ലോകത്തെ മുസ്്ലിം സമുദായത്തിന്റെ വരുതിക്ക് പുറത്തേക്ക് കൊണ്ടുവരുന്നതിൽ മഹത്തായ  സംഭാവനകളർപ്പിച്ച സാഹിത്യ വിമർശകനാണ് ഇബ്രാഹീം ബേവിഞ്ച. വൈക്കം മുഹമ്മദ് ബഷീറിന്റെ രചനകളെയും ആഴത്തിൽ പഠിച്ചു. മാപ്പിളമാരുടെ ജീവിത വ്യവഹാരങ്ങളും വികാരങ്ങളും ചിന്തകളും മുഖ്യധാരാ സാഹിത്യത്തിന് പുറത്തല്ലെന്ന് ബേവിഞ്ച സമർഥിച്ചു.

ഇസ്്ലാമിക സാഹിത്യം മലയാളത്തിൽ, മുസ്്ലിം സാമൂഹിക ജീവിതം മലയാളത്തിൽ, ഉബൈദിന്റെ കവിതാലോകം, പക്ഷിപ്പാട്ട് ഒരു പുനർവായന, പ്രസക്തി, ബഷീർ ദ മുസ്്ലിം, നിളതന്ന നാട്ടെഴുത്തുകൾ എന്നിവയാണ് ശ്രദ്ധേയമായ പ്രധാന കൃതികൾ. കൂടാതെ ബിലാലുബ്്നു റബാഹിനെ ആധാരമാക്കി പി.ടി അബ്ദുറഹ്്മാൻ രചിച്ച 'കറുത്ത മുത്ത്' ഉൾപ്പെടെ നിരവധി പ്രമുഖ എഴുത്തുകാരുടെ പുസ്തകങ്ങൾക്ക് അവതാരികകളെഴുതിയിട്ടുണ്ട്. മൊഗ്രാൽ കവികൾ, പള്ളിക്കര എം.കെ അഹമ്മദിന്റെ മാപ്പിളപ്പാട്ടുകൾ, പൊൻകുന്നം സെയ്ദ് മുഹമ്മദിന്റെ  മാഹമ്മദം എന്നിവയെക്കുറിച്ച പഠനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കാസർകോടിന്റെ സാംസ്കാരിക ജീവിതത്തിലെ നിറസാന്നിധ്യമായിരുന്ന ബേവിഞ്ചയുടെ എഴുത്ത് ചന്ദ്രഗിരി പുഴയുടെ ഒഴുക്ക് പോലെ തെളിമയുള്ളതും ഹൃദ്യവുമായിരുന്നു.

സൗമ്യ പ്രകൃതനും മിതഭാഷിയും ആകർഷകമായ പെരുമാറ്റത്തിന്റെ ഉടമയുമായിരുന്ന ബേവിഞ്ചയുടെ വിയോഗത്തിലൂടെ സ്നേഹസമ്പന്നനായ ആത്മമിത്രത്തെയാണ് നഷ്ടപ്പെട്ടത്. പരമ കാരുണികനായ അല്ലാഹു മഗ്ഫിറത്തും  മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ. ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചുകൂടാൻ സൗഭാഗ്യം നൽകട്ടെ. l 

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 01-03
ടി.കെ ഉബൈദ്‌

ഹദീസ്‌

അഞ്ച് ഉപദേശങ്ങൾ
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്