Prabodhanm Weekly

Pages

Search

2023 ആഗസ്റ്റ് 18

3314

1445 സഫർ 01

അഞ്ച് ഉപദേശങ്ങൾ

ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്

عَنْ أَبِي هُرَيْرَة رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: مَنْ يَأُخُذُ عَنِّي هٰؤُلَاءِ الْكَلِمَاتِ فَيَعْمَلُ بِهِنَّ أَوْ يُعَلِّمُ مَنْ يَعْمَلُ بِهِنَّ؟ قُلْتُ: أنَا يَا رَسُولَ اللَّهِ. فأخذَ بِيَدِي فَعَدَّ خَمْسًا فَقَالَ: اتَّقِ المَحَارِمَ تَكُنْ أَعْبَدَ النَّاسِ، وَاِرْضَ بِمَا قَسَمَ اللَّهُ لَكَ تَكُنْ أَغْنَى النَّاسِ، وَأَحْسِنْ إلَى جَارِكَ تَكُنْ مُؤْمِنًا، وَأَحِبَّ لِلنَّاسِ مَا تُحِبُّ لِنَفْسِكَ تَكُنْ مُسْلِمًا، وَلَا تُكْثِرِ الضَّحِكَ فَإنَّ كَثْرَةَ الضَّحِكِ تُمِيتُ القَلْبَ ( أحمد والتّرمذي).

 

അബൂഹുറയ്റ(റ)യിൽനിന്ന്. അല്ലാഹുവിന്റെ റസൂൽ (സ) അരുളി: "ഈ വാക്കുകൾ കേട്ട് പ്രവർത്തിക്കുകയോ അവ പ്രവർത്തിക്കുന്നവരെ പഠിപ്പിക്കുകയോ ചെയ്യുന്ന ആരെങ്കിലുമുണ്ടോ?'' ഞാൻ പറഞ്ഞു: ''അല്ലാഹുവിന്റെ റസൂലേ,  ഞാനുണ്ട്." അപ്പോൾ നബി (സ) എന്റെ കരം പിടിച്ച് അഞ്ച് കാര്യങ്ങൾ എണ്ണിപ്പറഞ്ഞു. ഒന്ന്: ഹറാമായവ വർജിക്കുക, താങ്കൾക്ക് ജനങ്ങളിലേറ്റം അനുസരണമുള്ളവനാവാം. രണ്ട്: അല്ലാഹു വീതിച്ചതിൽ തൃപ്തനാവുക, താങ്കൾക്ക് ജനങ്ങളിലേറ്റം ധന്യനാവാം.
മൂന്ന്: അയൽവാസിയോട് നന്നായി പെരുമാറുക, താങ്കൾക്ക് സത്യവിശ്വാസിയാവാം. നാല്: താങ്കൾ സ്വയം ഇഷ്ടപ്പെടുന്നത് ജനങ്ങൾക്കും ഇഷടപ്പെടുക, താങ്കൾക്ക് മുസ്്ലിമാവാം. അഞ്ച്: ചിരി അധികരിപ്പിക്കരുത്, ചിരിയുടെ ആധിക്യം ഹൃദയത്തെ മരിപ്പിക്കും" (അഹ്്മദ്, തിർമിദി).

 

വിശ്വാസികൾ ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ട പ്രധാനപ്പെട്ട അഞ്ച് കാര്യങ്ങളാണ് അബൂഹുറയ്റ(റ)യെ അല്ലാഹുവിന്റെ റസൂൽ (സ) ഉപദേശിക്കുന്നത്.

ചെറുതും വലുതുമായ എല്ലാ പാപങ്ങളെയും ഉപേക്ഷിക്കുക എന്നാണ് ഹറാമുകളെ സൂക്ഷിക്കുക എന്നതിന്റെ പൊരുൾ.

നിഷിദ്ധ കാര്യങ്ങളിൽനിന്ന് അകന്ന് നിൽക്കുന്നവനാണ് യഥാർഥ മുഹാജിർ എന്ന് റസൂൽ ഒരിക്കൽ പറഞ്ഞു.

അൽ മുനാവി എഴുതി: ''ഹറാമുകൾ ഉപേക്ഷിക്കുന്നതോടെ ഫർദുകൾ നിർവഹിക്കപ്പെടും. നിഷിദ്ധങ്ങൾ വർജിക്കുന്നതോടെ മനസ്സ് മാലിന്യങ്ങളിൽനിന്ന് വൃത്തിയാവും.  ചെറിയ നന്മകൾ കൂടുതലാവും. അതോടെ അവൻ ഏറ്റവും വലിയ ആബിദായി മാറും."

ഹസനുൽ ബസ്വരി (റ) പറഞ്ഞു: "അല്ലാഹു നിരോധിച്ചതിനെ ഉപേക്ഷിക്കുന്നതിനെക്കാൾ വലിയ ഒരു ഇബാദത്തുമില്ല."

അല്ലാഹുവിന്റെ വിധികളിൽ സംതൃപ്തിയടയുന്നവരാണ് ജനങ്ങളിലേറെ ധനികർ. ഇതാണ് രണ്ടാമത്തെ ഉപദേശം.

അല്ലാഹു ഒരു ജനതയെ ഇഷ്ടപ്പെട്ടാൽ അവരെ പരീക്ഷിക്കും. പരീക്ഷണത്തിൽ തൃപ്തിപ്പെടുന്നവർക്കാണ് അല്ലാഹുവിന്റെ പ്രീതി നേടാനാവുക. അതിൽ അതൃപ്തിയുള്ളവർക്ക് അല്ലാഹുവിന്റെ കോപമാണുണ്ടാവുക എന്ന് റസൂൽ താക്കീത് നൽകുന്നുണ്ട് (തിർമിദി).

ഇസ്‌ലാമിനോട് ഒരാൾക്കുണ്ടാവുന്ന കൂറിനും ആത്മാർഥതക്കുമനുസരിച്ച് പരീക്ഷണങ്ങളുടെ കാഠിന്യം വർധിക്കുമെന്ന് മറ്റൊരിക്കൽ നബി (സ) ഉണർത്തി (അഹ്്മദ്).

അയൽവാസികളോട് നന്നായി പെരുമാറണമെന്നതാണ് മൂന്നാമത്തേത്. അതിനെ സത്യവിശ്വാസിയാവാനുള്ള നിബന്ധനകളിലൊന്നായാണ് എണ്ണിയത്. ആരെങ്കിലും അല്ലാഹുവിലും റസൂലിലും വിശ്വസിക്കുന്നുവെങ്കിൽ അവൻ അയൽവാസികളോട് നന്നായി പെരുമാറണം.

അയൽവാസിക്ക്  തന്റെ സ്വത്തിൽ അവകാശമുണ്ടാവുമോ എന്ന് തോന്നിപ്പിക്കുന്നത്ര,  ജിബ്്രീൽ അവരുടെ അവകാശങ്ങളെക്കുറിച്ച് ഉപദേശിച്ചുകൊണ്ടിരുന്നു എന്ന് റസൂൽ വ്യക്തമാക്കിയിട്ടുണ്ട് (ബുഖാരി, മുസ്്ലിം).

നീ സ്വയം ഇഷ്ടപ്പെടുന്നത് ജനങ്ങൾക്കും ഇഷ്ടപ്പെടുക, എങ്കിൽ നിനക്ക് മുസ്്ലിമാവാം എന്നതാണ് നാലാമത്തേത്.

'ഒരാൾ സ്വയം ഇഷ്ടപ്പെടുന്നത് തന്റെ സഹോദരനും ഇഷ്ടപ്പെടുന്നത് വരെ വിശ്വാസിയാവില്ല' എന്ന ഹദീസ് പ്രസിദ്ധമാണ് (ബുഖാരി, മുസ്‌ലിം).

ഇബ്നു അബ്ബാസ് (റ) പറഞ്ഞു: ''അല്ലാഹുവിന്റെ ഗ്രന്ഥത്തിലെ വാക്യങ്ങളിലൂടെ കടന്നുപോവുമ്പോൾ, എനിക്കറിയാവുന്ന കാര്യങ്ങളെല്ലാം മുഴുവൻ ആളുകൾക്കും അറിഞ്ഞിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കാറുണ്ട്."

ഇമാം ശാഫിഈ (റ) പറഞ്ഞു: ''ഈ വിജ്ഞാനങ്ങളെല്ലാം ജനങ്ങൾ പഠിക്കുകയും അവയിലൊന്നു പോലും എന്റേതെന്ന നിലയിൽ എന്നിലേക്ക് ചേർക്കപ്പെടാതിരിക്കുകയും ചെയ്തിരുന്നുവെങ്കിൽ എന്ന് ഞാൻ കൊതിക്കാറുണ്ട്."

ചിരി അധികരിപ്പിക്കരുതെന്നാണ് അഞ്ചാമതായി പറയുന്നത്. കാരണമത് ഹൃദയത്തെ മരിപ്പിക്കും.

അമിതമായ പൊട്ടിച്ചിരികളാണുദ്ദേശ്യം. റസൂലിന്റെ മുഖത്ത് എപ്പോഴും പുഞ്ചിരിയുണ്ടായിരുന്നെന്ന് ഹദീസുകളിൽ കാണാം. ശബ്ദത്തോടെയുള്ള പൊട്ടിച്ചിരികൾ മുഖത്തിന്റെ വെളിച്ചം നഷ്ടപ്പെടുത്തും (അഹ്്മദ്).

ഉമർ (റ) പറഞ്ഞു: ''ചിരി കൂടിയവന്റെ ഗാംഭീര്യം കുറയും."

അലി (റ) പ്രസ്താവിച്ചു: "പണ്ഡിതൻ പൊട്ടിച്ചിരിക്കുന്നതോടെ തന്റെ വിജ്ഞാനത്തിൽനിന്ന്  ഒന്നവൻ പുറത്തെറിയുകയാണ് ചെയ്യുന്നത്" (അദബുദ്ദുൻയാ വദ്ദീൻ- അൽ മാവർദി). l

 

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 01-03
ടി.കെ ഉബൈദ്‌

ഹദീസ്‌

അഞ്ച് ഉപദേശങ്ങൾ
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്