ഇബ്രാഹീം ബേവിഞ്ച ഇസ്്ലാമിക ഭാവുകത്വത്തിന്റെ മന്ദഹാസം
''കല പ്രാഥമികമായൊരു സൗന്ദര്യ സൃഷ്ടി മാത്രമല്ല, സത്യാന്വേഷണത്തിന്റെ ആധികാരിക ആവിഷ്കാരങ്ങൾ കൂടിയാണ്. യുക്ത്യതീതവും വിശുദ്ധവുമാണത്. മതം ആത്മാവിനെയാണ് സ്പർശിക്കുന്നതെങ്കിൽ കല നിരീക്ഷിക്കുന്നത് സ്വഭാവത്തെയാണ്. രണ്ടും ഒരേ ആശയം വ്യത്യസ്ത സരണിയിലൂടെ പ്രകാശിപ്പിക്കുന്നതാണെന്നേയുള്ളൂ.'' എന്താണ് കലയെന്നും മനുഷ്യജീവിതത്തിലെ നാനാതരം അനുഭവസ്ഥാനങ്ങളുമായി കലക്കുള്ള സഹജബന്ധങ്ങൾ എങ്ങനെയൊക്കെയായിരിക്കണമെന്നും നിരീക്ഷിച്ചപ്പോൾ ഇസ്്ലാമിക നവോത്ഥാന നായകനും ബോസ്നിയ വിമോചകനുമായ അലിജാ അലി ഇസ്സത്ത് ബെഗോവിച്ചിന്റെ കണ്ടെത്തലാണിത് . മതത്തിന് കലയോട് കലഹവും ശാസ്ത്രത്തോട് ശത്രുതയുമാണെന്ന ഭൗതികവാദികളുടെ വിമർശനത്തോടുള്ള ബെഗോവിച്ചിന്റെ പ്രതികരണവും കൂടിയാണിത്.
ഏതുതരം കലാരൂപങ്ങളും സത്യത്തിൽ സൗന്ദര്യാന്വേഷണവും അതിന്റെ സൂക്ഷ്മാവിഷ്കാരവും കൂടി തന്നെയാണ്. സ്രഷ്ടാവ് സുന്ദരനും സൗന്ദര്യോപാസകനുമാണെന്നൊരു പ്രവാചക നിരീക്ഷണമുണ്ടല്ലോ. സ്രഷ്ടാവ് സൗന്ദര്യം തന്നെയാണെന്നാണ് അതിന്റെ സൂക്ഷ്മ വിശദം. സ്വാഭാവികമായും ആ സൗന്ദര്യ സ്വരൂപത്തിൽ നിന്നുറന്നെത്തുന്നതൊക്കെയും സൗന്ദര്യം തന്നെയാവും. സ്രഷ്ടാവിന്റെ ഈ സൗന്ദര്യാതിരേകത്തെ ഉപാസിക്കുകയും ആവിഷ്കരിക്കുകയും ചെയ്യുന്ന വിമലകർമമാണ് കലാ സാഹിത്യാവിഷ്കാരങ്ങളുടെ പൊതു രീതി. സ്വാഭാവികമായും അപ്പോൾ കലയും ആത്മീയ അന്വേഷണമായി ഉലർന്നു നിൽക്കുന്നു. കഥയും കവിതയും രാഗമാലികകളും നിറക്കൂട്ട് കൊണ്ട് നാം ചമക്കുന്ന ഇന്ദ്രജാല വിസ്മയങ്ങളുമൊക്കെയും ഓരോ ആസ്തിക്യാന്വേഷണ സപര്യ തന്നെയാണ്.
ഇങ്ങനെ ജീവിതത്തെയും മരണത്തെയും കലാപരമായും സൗന്ദര്യാത്മകമായും ആവിഷ്കരിക്കാൻ നടത്തുന്ന പരിശ്രമങ്ങളെ തൂക്കിയളക്കാൻ ഓരോ തത്ത്വചിന്താ പദ്ധതികളും അവരവരുടേതായ സൗന്ദര്യ ദർശനങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. മാർക്സിയൻ സൗന്ദര്യ ദർശനങ്ങളും കൊളോണിയൽ ആധുനികത വികസിപ്പിച്ച ബിബ്ലിക്കൽ സൗന്ദര്യ പരിപ്രേക്ഷ്യങ്ങളും തുടങ്ങി കലയെയും ലാവണ്യ അന്വേഷണങ്ങളെയും ഏറ്റെടുത്തവർ ലോകത്ത് നിരവധി രാശികളിലാണ്. ഇങ്ങനെ ഏത് തരം ആലോചനാ മണ്ഡലങ്ങളിൽ നിന്നും സൗന്ദര്യാവിഷ്കാരം നിർവഹിച്ചവരും അവരവരുടെ ജീവിത കാഴ്ചകളിലൂടെയാണാ പരിശ്രമങ്ങൾ തുടർന്നത്; സർവ ദേശങ്ങളിലും സർവ ഭാഷകളിലും.
ഇതിൽ ഇസ്്ലാമിക ദർശനം അതിന്റെ സമാരംഭ കാലത്ത് തന്നെ വികസിപ്പിച്ച സ്വകീയമായൊരു സൗന്ദര്യ ദർശന ശാസ്ത്രമുണ്ട്. തീർച്ചയായും അത് ഏകദൈവ വിശ്വാസത്തിന്റെ സംസം തെളിമയിൽനിന്ന് അവസാനത്തെ ഇലന്ത മരത്തിന്റെ ഹരിത സുഭഗതയിലേക്ക് ചന്തമായി പുണരുന്ന ഒന്നാണ്. ഇസ്്ലാമിക സൗന്ദര്യദർശനത്തിന്റെ ആധാരം ഏകദൈവ വിശ്വാസം തന്നെയാണ്. ഈ ആധാരത്തിൽ നിന്ന് സർഗാത്മക ജീവിതം നടത്തിയവരും ആ സത്യസൗന്ദര്യം നുണഞ്ഞവരും ലോകഭാഷകളിൽ നിരവധി. എന്നാൽ, നമ്മുടെ മലയാള ഭാഷാ ചരിത്രത്തിൽ ഇത്തരം അന്വേഷണ ധീരത ഏറ്റെടുത്ത അപൂർവം എഴുത്തുകാരേയുള്ളൂ. അതിൽ ഒരാൾ ഇബ്രാഹീം ബേവിഞ്ചയാണ്. മറ്റൊരാൾ ഇ.വി അബ്ദു. വളരെ പെട്ടെന്ന് അസ്തമിച്ചുപോയതാണ് അബ്ദുവിന്റെ ജീവിതം. അതുകൊണ്ടുതന്നെ ഇസ്്ലാമിന്റെ ലാവണ്യ സംസ്കൃതിയെ മലയാളത്തിൽ വിസ്താരമാക്കാൻ അദ്ദേഹത്തിന് കഴിയാതെ പോയി. ആ തുടർച്ച ഏറ്റെടുത്തതും മൗലികതയിൽ തന്നെ പിന്നീടത് വികസിപ്പിച്ചതും ഇബ്രാഹീം ബേവിഞ്ചയാണ്. രോഗാതുരതകളുടെ വൈവശ്യങ്ങൾ കുരുക്കും വരെ അദ്ദേഹം ആ ലാവണ്യ ദൗത്യം ധീരമായി തുടർന്നുകൊണ്ടിരുന്നു.
'തൗഹീദിലും രിസാലത്തിലും ആഖിറത്തിലും' പുഷ്കലമാകുന്നൊരു ഭാവുകത്വവും ലാവണ്യ ധാരയുമാണ് കലാസ്വാദനത്തിൽ ഇസ്്ലാമിന്റെ അടിത്തറ. ഈ അടിത്തറയിൽ പതറാതെ നിന്നുകൊണ്ടാണ് ബേവിഞ്ച തന്റെ അന്വേഷണം മുന്നോട്ട് കൊണ്ടുപോയത്. അദ്ദേഹത്തിന്റെ കൃതികൾ ഇത് തീർപ്പാക്കുന്നു. ഒരുപക്ഷേ, പ്രസിദ്ധീകരിച്ച പുസ്തകങ്ങളെക്കാൾ എത്രയോ അധികമാണ് പഴയ താളുകളിൽ മരുങ്ങിക്കിടക്കുന്ന ബേവിഞ്ചയുടെ എഴുത്താവിഷ്കാരങ്ങൾ. ഇത് ആസകലം സമഗ്ര പഠനത്തിന് വെക്കുമ്പോഴാണ് ആ കലോപാസകന്റെ ദർശനസൂക്ഷ്മത നമുക്ക് മുമ്പിൽ വിരിഞ്ഞിറങ്ങുക.
ബേവിഞ്ചക്ക് ഏറ്റവും പ്രിയമുള്ള കവിയായിരുന്നു ടി. ഉബൈദ്. അത് സ്വാഭാവികം തന്നെയാണ്. ഇസ്്ലാമിക സത്യവേദ ദർശന പരിസരങ്ങളിൽനിന്നാണ് ഉബൈദിന്റെ കവിതകൾ വികസിച്ചത്. കവിതകളിലെ ലാവണ്യതയും അതിൽ ഊറിനിൽക്കുന്ന ഇസ്്ലാമിക ബിംബമാലികളും തരുന്ന ഭാവുകത്വത്തെ പ്രതി സൂക്ഷ്മത്തിൽ തന്നെ പഠിച്ചറിഞ്ഞിട്ടുണ്ട് അദ്ദേഹം. 'ഉബൈദിന്റെ കവിതാ ലോകം' എന്ന തന്റെ പുസ്തകത്തിൽ ബേവിഞ്ച അന്വേഷിക്കുന്നത് ഈയൊരു സമീക്ഷയാണ്. മുദ്രകളും കൽപനകളും ആഖ്യാന സൂക്ഷ്മങ്ങളും പഠിച്ച് അതിലെ ഇസ്്ലാമിക ദർശനവും അതിൽ ചന്തം ചാർത്തി നിൽക്കുന്ന തൗഹീദീബോധ്യങ്ങളും വിശദമായി തന്നെ പുസ്തകത്തിൽ അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ഉബൈദിന്റെ രചനാലോകത്തെ ബേവിഞ്ച സംഗ്രഹിക്കുന്നതിങ്ങനെയാണ്: "വായനക്കാരിൽ സൗന്ദര്യവും വിശുദ്ധിയും വിരിയണമെങ്കിൽ കവിമനസ്സിന്റെ ദീപ്തിയത്രയും കവിതയിലേക്ക് ആവാഹിക്കപ്പെടേണ്ടതുണ്ട്. മുല്ലപ്പൂക്കൾ വിതറുന്നതു പോലെ ചിരിക്കാൻ കഴിഞ്ഞ ഉബൈദിന് ജീവിതത്തിന്റെ സമസ്ത തലങ്ങളിലും മുല്ലപ്പൂ വിരിഞ്ഞു കാണണമെന്ന് മോഹമുണ്ടായിരുന്നു. വ്യക്തിജീവിതം വേറെ, കാവ്യജീവിതം വേറെ എന്ന തരത്തിലുള്ള വിഘടിത വ്യക്തിത്വം കവിക്കില്ലായിരുന്നു . വിശുദ്ധമായ ജീവിതത്തിൽനിന്നേ വിശുദ്ധമായ കവിത എന്ന ആശയം ദീപ്തി ചിതറൂ." ബേവിഞ്ചയുടെ നോട്ടത്തിൽ കലാകാരന്റെ ആവിഷ്കാരം മാത്രമല്ല പ്രശ്നവൽക്കരിക്കപ്പെടേണ്ടത്. എഴുത്തുകാരന്റെ ജീവിതവും പ്രശ്നം തന്നെയാണ്. പറയുന്നത് വേറെയും പ്രവർത്തിക്കുന്നത് വേറെയുമാണെങ്കിൽ ആ കൃതിയെയും ആവിഷ്കാരത്തെയും ബേവിഞ്ച ഏറ്റെടുക്കുന്നില്ല.
ഉബൈദ്കവിതകളെ പഠിക്കാൻ ഉത്സാഹിക്കുന്ന ബേവിഞ്ച ഇതിനുപയോഗിക്കുന്ന ഒരു രൂപകം തന്നെ മുല്ലപ്പൂവാണ്. മുല്ലപ്പൂ മലയാളത്തിന്റെ പ്രിയപ്പെട്ട പുഷ്പ സാന്നിധ്യമാണ്. മുല്ല രാത്രി വിടരുന്ന വെളുത്ത പുഷ്പമാണ്. ഒപ്പം ദിവ്യമായ ഒരു സുഗന്ധം മുല്ലയുടെ പ്രത്യേകതയാണ്. സുമംഗലികൾ ചൂടുന്ന മുല്ലപ്പൂ മലയാളികളുടെ സൗന്ദര്യ സങ്കൽപങ്ങളുടെ ഉപാദാനമാണ്. ഏത് ഇരുട്ടിലും വഴികാട്ടുന്ന 'വെളിച്ചവും' ജീവിതത്തിലെ 'സുഗന്ധവു' മായിരിക്കണം കവിത എന്ന അത്യന്തം ആസ്തികമായ ഒരു നിരീക്ഷണമാണ് ഇവിടെ ബേവിഞ്ച മുന്നോട്ടു വെക്കുന്നത്. ഈ നിരീക്ഷണത്തിൽനിന്നാണ് കലയും കലാന്വേഷണവും നമ്മെ വഴിനടത്തേണ്ട സഞ്ചാര പാത ഭക്തിയുടെയും അൻപിന്റെയും വിശുദ്ധിയുടെയും വിമല രഥ്യകളാവണമെന്ന് നാം അറിയുന്നത്.
കവിതയെ ഉബൈദ് കണ്ടത് കാമുകിയായല്ല, മറിച്ച് അമ്മയായാണെന്ന് ബേവിഞ്ച നിരീക്ഷിക്കുന്നു. കൽപനകളിൽ കാമുകിയുടെ അലൗകിക സൗന്ദര്യം ചികയുന്നതിൽനിന്ന് അദ്ദേഹം ഉബൈദിനെ വേറിട്ട് നിർത്തുന്നത് മാതൃത്വത്തിന്റെ പാവനതയെ കവി ഗാഢമായി ഏറ്റെടുക്കുന്നതുകൊണ്ടാണ്. ഈയൊരു പാവനത്വം എഴുത്തിന്റെ സ്ഥൂലത്തിൽ നിന്ന് ആസ്വാദകർക്ക് കണ്ടെത്താനാവില്ല. അതു കാണാൻ കവിതയിലേക്കും കവിയിലേക്കും സർവ അന്വേഷണ സാമഗ്രികളുമായൊരു ലാവണ്യ സഞ്ചാരം നടത്തേണ്ടതുണ്ട്. അതിനുള്ള ത്രാണിയും വൈഭവവും പ്രകടിപ്പിച്ച എഴുത്തുകാരനാണ് ബേവിഞ്ച.
ഉബൈദിന്റെ കവിതകളിൽ ത്രിമാനത്തിൽ സഫലമാകുന്ന രചനയാണ് 'തീപിടിച്ച പള്ളി.' ഈ കവിതയെ സൂക്ഷ്മത്തിൽ അന്വയിച്ചുകൊണ്ട് ബേവിഞ്ച സാമാന്യം ദീർഘമായൊരു പ്രബന്ധമെഴുതിയിട്ടുണ്ട്. കവിതയിലെ സൂക്ഷ്മ പ്രതീകങ്ങളെയും (poetic symbols) കാവ്യ ബിംബങ്ങളെയും(poetic images ) അത്രമേൽ ആഴത്തിൽ പഠിച്ചാണ് പ്രബന്ധം തയാറാക്കിയത്. ഉബൈദിന്റെ ആത്മസുഹൃത്തും കവിയുമായ പി. കുഞ്ഞിരാമൻ നായർ ജീർണ ക്ഷേത്രത്തെ പ്രതി ഒരു കവിത എഴുതിയിട്ടുണ്ട്. ഈ രണ്ട് കവിതകളും ഒരുമിച്ചെടുത്താണ് ബേവിഞ്ച പഠനത്തിന് വെക്കുന്നത്. ഭാവനാസമൃദ്ധരാണ് രണ്ടു കവികളും. ഒരേ സമയം രണ്ട് കവിതകളിലേക്കും ബേവിഞ്ച മുങ്ങിത്താഴുന്നത് കാണാൻ കൗതുകമാണ്. കവിതകളുടെ ആഴങ്ങളിൽ തപ്പിയാണ് അതിലെ ആസ്തിക ബിംബാവലികളുടെ അപൂർവ വൈഡൂര്യങ്ങളുമായി എഴുത്തുകാരൻ പൊങ്ങി വരുന്നത്. ഇത്രയും വിസ്താരത്തിലും സമഗ്രമാനത്തിലും സൗന്ദര്യാലോചന സാധ്യമാവണമെങ്കിൽ ആ പഠനവ്യഗ്രത അത്രമേൽ കുശലമാവേണ്ടതുണ്ട് .
ലോകപ്രിയനായ മുഹമ്മദ് നബിയുടെ മഹിതഭാവങ്ങൾ എവിടെയും കവികൾക്ക് പ്രിയ വിഷയമായിരുന്നു. ഇന്നും അതങ്ങനെ തന്നെ. മലയാളത്തിലും നബിജീവിത കാവ്യങ്ങൾ സുലഭമാണ്. മലയാളത്തിലെ പ്രവാചക കവിതകളെ അർഹിക്കുന്ന ഗഹനതയിൽ തന്നെ പഠനത്തിനുവെച്ച ഒരാൾ ബേവിഞ്ച മാത്രമായേക്കും. കാവ്യ ജീവിതങ്ങളെ തന്റെ അങ്കവസ്ത്രം കൊണ്ട് ആശ്ലേഷിക്കുകയും കവിതയെ കവിത കൊണ്ട് തന്നെ എയ്തൊടിക്കുകയും ചെയ്ത പ്രവാചകന് അവതരിച്ച വിശുദ്ധ പാഠങ്ങൾ ലോകോത്തരമായ ഒരു സാഹിത്യ സൃഷ്ടി തന്നെയാണെന്ന് അദ്ദേഹം പറയുന്നു.
മലയാളത്തിൽ ഏറ്റവും കൂടുതൽ ഇസ്്ലാമിക ഇതിവൃത്തങ്ങൾ സർഗാത്മ രചനയിലേക്ക് ഉൾച്ചേർത്തിയിട്ടുള്ള മുസ്്ലിമേതര കവി വള്ളത്തോൾ നാരായണ മേനോനാണെന്ന് ബേവിഞ്ച അടയാളപ്പെടുത്തുന്നു. പ്രവാചക ജീവിതത്തിന്റെ നാനാതരം ഭാവ തീക്ഷ്ണതയിലൂടെ സഞ്ചരിച്ച വള്ളത്തോൾ ആ മഹിത ജീവിതത്തിന് മുന്നിൽ അഞ്ജലീബദ്ധനായി നിൽക്കുന്നത് ബേവിഞ്ച അഭിമാനത്തോടെയാണ് അവതരിപ്പിക്കുന്നത്. ഏറെ പ്രൗഢമാണാ പഠനം.
'സൗന്ദര്യം ഇസ് ലാമിക സമീപനത്തിൽ' എന്നൊരു രചനയുണ്ട് ബേവിഞ്ചക്ക്. ജീവിതത്തിന്റെ വളർച്ചക്കും അനുക്രമ വികാസത്തിനും പ്രേരകമായ ശേഷിയാണ് സൗന്ദര്യമെന്നും അത് ആകാശീയമാണെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. മലയാളികളുടെ പൊതു ജീവിതത്തിൽ ബൈബിൾ പാഠങ്ങൾ ഏറ്റെടുക്കപ്പെട്ടതു പോലെ വിശുദ്ധ ഖുർആന്റെ ആഖ്യാന പരിസരം ആശ്ലേഷിക്കപ്പെടാത്തതിൽ ഖേദിച്ചു നിൽക്കുന്ന എഴുത്തുകാരൻ അതിന്റെ കാരണം കണ്ടെത്തുന്നത് വിവർത്തനത്തിലെ ഭാഷാ ചോർച്ചയിലാണ്. സയ്യിദ് മൗദൂദിയുടെ ഖുർആൻ ഭാഷ്യം ടി.കെ ഉബൈദ് പാൽപത കിനിയുന്ന മാനക മലയാളത്തിൽ ഭാഷാന്തരം ചെയ്തപ്പോൾ ബേവിഞ്ച അതേറ്റെടുത്തത് പ്രൗഢമായൊരു ലേഖനത്തിലൂടെയാണ്. അതിന്റെ തലവാചകം തന്നെ 'ഖുർആൻ ഭാഷ്യം' എന്നാണ്. ഖുർആന്റെ ആവിഷ്കാര സൗന്ദര്യവും ക്ഷമതയും അതിലെ ധ്വനി സാന്ദ്രിമയും ഉപമാലങ്കാര വിസ്മയങ്ങളും ദീർഘത്തിൽ പഠിച്ചന്വേഷിക്കുന്ന ഒരു നിബന്ധമുണ്ട് ബേവിഞ്ചക്ക്; 'ഖുർആന്റെ സൗന്ദര്യം' എന്ന പേരിൽ.
തന്റെ പുസ്തകങ്ങളിൽ മലയാളി സാമൂഹികതയിലെ മുസ്്ലിം ജീവിതം വിസ്താരത്തിൽ തന്നെ അന്വേഷിക്കുന്നുണ്ട് ബേവിഞ്ച. ഒരു മതസമൂഹത്തിന്റെ സംയുക്തമായ അബോധ തലവും അതില്‍നിന്നു ജന്യമാകുന്ന സാംസ്കാരിക തനതുകളുടെ ഉറവകളും സ്വന്തം മിത്തുകളുടെ പുനരാഖ്യാന ത്വരയും വേണ്ടവിധം ആവിഷ്കരിക്കാൻ മുസ്്ലിം എഴുത്തുകാർക്ക് സാധിച്ചില്ലല്ലോ എന്ന ഖേദം ഈ ദീർഘ പ്രബന്ധത്തിൽ ബേവിഞ്ച പ്രകടിപ്പിക്കുന്നുണ്ട്. അപ്പോഴും പക്ഷേ, ബഷീറിന്റെ ആഖ്യാനങ്ങളെ ആദരവോടെ ഏറ്റെടുക്കുന്നുമുണ്ട് ഇദ്ദേഹം. ഉറൂബിന്റെയും എം.ടി യുടെയും ഒ.വി വിജയന്റെയും തുടങ്ങി നിരവധി എഴുത്തുകാരുടെ രചനകളിൽ വന്നുനിറയുന്ന നാനാതരം മുസ്്ലിം സൗന്ദര്യ പ്രതിനിധാനങ്ങളെ വിശദമായി രേഖപ്പെടുത്താൻ എന്നും ബേവിഞ്ചക്ക് ഉൽസാഹം തന്നെയായിരുന്നു. ഇങ്ങനെയൊരന്വേഷണം ഇത്രയും സാന്ദ്രതയിൽ മറ്റൊരാൾ നിർവഹിച്ചു കാണുന്നില്ല. ഇന്ത്യ കണ്ട ഏറ്റവും കൃതഹസ്തനായ എഴുത്തുകാരനാണ് ബഷീർ. മുസ്്ലിം മിത്തോളജികളിലേക്ക് വേരുകൾ പടർത്തിയ ബഷീർ സ്വന്തം സംസ്കാരത്തിന്റെ സുഗന്ധമുള്ള കഥകൾ പറഞ്ഞപ്പോൾ മലയാള സാഹിത്യത്തിൽ സൗന്ദര്യത്തിന്റേതായ പുതിയ ആകാശവും ഭൂമിയുമാണ് സൃഷ്ടിക്കപ്പെട്ടത് എന്ന് ആത്മഹർഷം കൊള്ളുന്നു ബേവിഞ്ച.
അങ്ങനെ തന്റെ സാഹിത്യ സപര്യയിൽ ഒട്ടും മാപ്പുസാക്ഷിത്വമില്ലാതെ സ്വന്തം സമുദായത്തിന്റെ സൗന്ദര്യാത്മക ജീവിത വൈവിധ്യവും തേടി ദർവീശിനെപ്പോലെ ദീർഘമായലഞ്ഞ ഒരന്വേഷകനാണ് ബേവിഞ്ച. അലഞ്ഞു തിരിഞ്ഞപ്പോൾ കണ്ടതും കേട്ടതും കനവിൽ പെയ്തതുമായ സർവ ചേലുള്ളതും അദ്ദേഹം തന്റെ സ്വന്തം ഭാണ്ഡത്തിൽ തിരുകി വെച്ചു. ധ്യാനാത്മകമായ ഏകാന്തതയിൽ ഭാണ്ഡമഴിച്ച് ഓരോന്നെടുത്തു ഊതിയൂതി അദ്ദേഹം മാണിക്യമാക്കി. എന്നിട്ട് ഉദാരമായി നമ്മുടെ കൈവെള്ളയിൽ വെച്ചുതന്നു. നാമത് നോക്കി വിസ്മയിക്കുമ്പോൾ അത്രമേൽ നിഷ്കളങ്കമായി അയാൾ മാറിനിന്ന് മന്ദഹാസം തൂകി. ആ മന്ദഹാസവും മുസ്്ലിം സർഗാത്മകതയുടെ ഒരു ഈടുവെപ്പ് തന്നെയാണ്. l
Comments