Prabodhanm Weekly

Pages

Search

2023 ആഗസ്റ്റ് 18

3314

1445 സഫർ 01

വിവാദത്തിന്റെ അന്തിമ ഗുണഭോക്താക്കൾ സംഘ് പരിവാർ

ബശീർ ഉളിയിൽ

വൈരുധ്യാത്മക ഭൗതികവാദത്തില്‍ മാര്‍ക്‌സ് മുന്നോട്ടു വെക്കുന്ന സാമൂഹിക വികാസ നിയമങ്ങളില്‍ പെട്ട ഒരു നിയമമാണ് ‘നിഷേധത്തിന്റെ നിഷേധം’ (Negation of Negation). ആഭ്യന്തരമായ വൈരുധ്യങ്ങള്‍ ഉള്ളതുകൊണ്ട് ഓരോ വസ്തുവിലും അതിനെ നിഷേധിക്കുന്ന ശക്തിയും അടങ്ങിയിരിക്കുന്നു എന്നതാണ് ഈ നിയമം. അതായത്, മുട്ടയെ നിഷേധിച്ചു കൊണ്ടാണ് കോഴിക്കുഞ്ഞ് പുറത്തു വരുന്നത്. വിത്തിന്റെ നിഷേധമാണ് ചെടി. വളര്‍ച്ചയുടെ മറ്റൊരു ഘട്ടത്തില്‍ ചെടി തന്നെ നിഷേധിക്കപ്പെടുകയും വിത്ത് വീണ്ടുമുണ്ടാവുകയും ചെയ്യുന്നു. അഥവാ നിഷേധം നിഷേധിക്കപ്പെടുന്നു. അക്കിത്തം പാടിയതു പോലെ ‘തീസിസ്സിനോടേല്പിതാന്റി/ ത്തിസീസ്സെന്നൊരു സാധനം’. കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍ ശംസീര്‍ പൊട്ടിച്ച ‘മിത്ത്’ വിവാദത്തില്‍ “ഗണപതി മിത്ത് ആണെന്ന് താന്‍ പറഞ്ഞിട്ടില്ല; അല്ലാഹു മിത്തല്ല എന്നും പറഞ്ഞിട്ടില്ല” എന്ന സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്റെ പരാമര്‍ശം ഓര്‍മിപ്പിക്കുന്നത് ഈ മാര്‍ക്സിയന്‍ പരിപ്രേക്ഷ്യമാണ്. തുടക്കത്തില്‍, 'ഗണപതി എന്നത് മിത്ത് അല്ലാതെ പിന്നെ ശാസ്ത്രമാണോ' (മാതൃഭൂമി 2-8-2023) എന്ന് ചോദിച്ചു ശംസീറിന്റെ പിന്നിലുറച്ചു നിന്ന പാര്‍ട്ടി സെക്രട്ടറി ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ‘മിത്തിലൊരു തിരുത്തല്‍’ (മീഡിയാ വണ്‍ 4-8-23) എന്ന ‘ഗോവിന്ദാത്മക  ഭൗതികവാദ’ത്തില്‍ തലകുത്തി വീണിരിക്കുന്നു.

2023 ജൂലൈ 21-ന് എറണാകുളത്തെ കുന്നത്തുനാട് മണ്ഡലത്തിൽ നടപ്പാക്കുന്ന ‘വിദ്യാജ്യോതി പദ്ധതി’യുടെ ഉദ്ഘാടന പ്രസംഗത്തില്‍ ഹിന്ദു ദൈവങ്ങളിലൊന്നായ ‘ഗണപതി’യെ കുറിച്ചു കേരള നിയമസഭാ സ്പീക്കർ എ.എൻ ശംസീർ നടത്തിയ ഒരു പരാമര്‍ശമാണ് സി.പി.എമ്മിനെ പുതിയൊരു ‘പ്രത്യയശാസ്ത്ര പ്രതിസന്ധി’യിലകപ്പെടുത്തിയത്. സംഘ് പരിവാറിന് ഇപ്പോഴും പിടികിട്ടാവള്ളിയായി നില്‍ക്കുന്ന കേരളത്തില്‍ നിയമസഭാ സ്പീക്കർ നടത്തിയ ‘ഗണപതി നിന്ദ’യെ ‘സുവര്‍ണാവസരം 2.0' ആയി ആഘോഷിക്കാന്‍ തന്നെയാണ് ബി.ജെ.പി തീരുമാനിച്ചിട്ടുള്ളത്‌.

ശബരിമല സ്ത്രീപ്രവേശ വിഷയത്തില്‍ പതിനെട്ടടവും ഇരുമുടിക്കെട്ടും പുറത്തെടുത്തിട്ടും ‘സുവര്‍ണാവസരം 1.0’ ചീറ്റിപ്പോവുകയും കോണ്‍ഗ്രസ് നേട്ടം കൊയ്യുകയും ചെയ്ത സാഹചര്യത്തില്‍ ‘രണ്ടാം സുവര്‍ണ’ത്തില്‍ കരുതലോടെയാണ് ബി.ജെ.പി കരുക്കള്‍ നീക്കുന്നത്. എന്‍.എസ്. എസിന്റെ മുടിചുടാമന്നനായര്‍ ‘ശരി-ദൂര–സമ-ദൂര’ കവച കുണ്ഡലങ്ങള്‍ അഴിച്ചുവെച്ചു ഗോദയില്‍ ഇറങ്ങിയപ്പോള്‍ ബി.ജെ.പിയും ജഴ്സിയണിഞ്ഞു കൂടെയിറങ്ങി. മൗനത്തിന്റെ ഒരിടവേളയ്ക്ക് ശേഷം കരുതലോടെ കോണ്‍ഗ്രസും ഖദറണിഞ്ഞു. 

നായര്‍ സര്‍വീസ് സൊസൈറ്റി ഈ ‘ഹിന്ദു മത നിന്ദ’യ്ക്കെതിരെ നാമജപ ഘോഷയാത്ര പ്രഖ്യാപിക്കുകയും നടപ്പാക്കുകയും ചെയ്തു. തിരുവനന്തപുരം പാളയം ഗണപതി ക്ഷേത്രം മുതല്‍ പഴവങ്ങാടി ഗണപതി ക്ഷേത്രം വരെയായിരുന്നു ഘോഷയാത്ര. ‘നല്ല’ നായന്മാരും കാര്യക്കാരും ഗണപതിഹോമം നടത്തി, തേങ്ങ ഉടച്ചു നാമജപം കേമമാക്കി. കൂട്ടത്തിലൊരു ‘പ്രതിലോമ’ നായര്‍ സ്പീക്കര്‍ ശംസീറിനു വേണ്ടിയും ശത്രുസംഹാര പൂജ നടത്തി രംഗം സരസമാക്കി. കൊല്ലം ഇടമുളയ്ക്കൽ പഞ്ചായത്തിലെ കരയോഗം പ്രസിഡന്റ് അഞ്ചൽ ജോബാണ് ശംസീറിന്റെ ആയുരാരോഗ്യത്തിനും ദീര്‍ഘായുസ്സിനും വേണ്ടി പൂജ നടത്തിയത്. എന്‍.എസ്.എസ് ഘോഷയാത്രയ്ക്കെതിരെ പോലീസ് കേസെടുത്തു.

കക്ഷിഭേദമന്യേ ഇമ്മട്ടില്‍ എല്ലാവരും കച്ചമുറുക്കി ഇറങ്ങിയപ്പോള്‍ ഗണപതി മിത്തോ മിഥ്യയോ സത്യമോ എന്ന ചോദ്യത്തിന്, 'കുട്ടന്‍ നമ്പൂതിരി മുറ്റത്ത് മൂത്രമൊഴിച്ചത് ശരിയായില്ല എന്നെഴുതിയാല്‍ സുലൈമാനാജി ഉമ്മറത്ത് തുപ്പിയതെന്തിനാ’ (റഫീഖ് അഹമ്മദിന്റെ കവിത) എന്ന മട്ടിലായി ആകമൊത്തം ‘ജനകീയ’ പ്രതികരണങ്ങള്‍. 

സ്പീക്കറുടെ പ്രസംഗത്തിന്റെ മെറിറ്റിലേക്ക് കടക്കാതെ കുറ്റിക്കാട്ടിനു ചുറ്റും അടിച്ചു ഒച്ചയുണ്ടാക്കി അവസരം  തങ്ങള്‍ക്കനുകൂലമാക്കാന്‍ തന്നെയായിരുന്നു ഓരോ കക്ഷിയുടെയും ശ്രമം. മിത്തുകള്‍ യാഥാർഥ്യങ്ങള്‍ ആവുകയും ആ യാഥാർഥ്യങ്ങളുടെ രഥങ്ങളിലേറി വംശഹത്യകള്‍ നടക്കുകയും  ചെയ്യുന്ന വര്‍ത്തമാന ഭാരതീയ കാലാവസ്ഥയില്‍  വിദ്യാര്‍ഥികള്‍ ശാസ്ത്രാവബോധം  (scientific temper) നേടി ശക്തരാകണം എന്നതായിരുന്നു സ്പീക്കറുടെ പ്രസംഗത്തിന്റെ ഹൈലൈറ്റ്. ശംസീറിന്റെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗം ഇങ്ങനെയായിരുന്നു: “നമ്മുടെ വിദ്യാഭ്യാസ മേഖലയിൽ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കണം. ഇന്നത്തെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കൽ മാത്രമാണ്. ഇപ്പോൾ എന്തൊക്കെയാ പഠിപ്പിക്കാൻ ശ്രമിക്കുന്നത്? വിമാനം കണ്ടുപിടിച്ചത് ആരാണ്? എന്റെ കാലത്ത് വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിന് ഉത്തരം റൈറ്റ് സഹോദരങ്ങള്‍ എന്നതായിരുന്നു. ഇപ്പോൾ അവരല്ല. അത് തെറ്റാണ്. ലോകത്തെ ആദ്യത്തെ വിമാനം പുഷ്പക വിമാനമാണ്. ആരുടേതാണ് ആദ്യത്തെ പ്ലാസ്റ്റിക് സർജറി നടത്തിയത് എന്ന ചോദ്യത്തിന് മനുഷ്യന്റെ ശരീരവും ആനയുടെ മുഖവുമുള്ള ഗണപതിയുടേതാണെന്നാണ് ഉത്തരം. ഇങ്ങനെ ശാസ്ത്രത്തിന്റെ സ്ഥാനത്ത് മിത്തുകളെ പ്രോത്സാഹിപ്പിക്കുന്നു. ഇവിടെ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കാൻ സാധിക്കണം” (മാധ്യമം 1-8-2023).

ശംസീറിന്റെ പ്രസംഗത്തിനെതിരെ ആദ്യം രംഗത്ത് വന്നത് യുവമോർച്ച സംസ്ഥാന സെക്രട്ടറി കെ. ഗണേശ് ആയിരുന്നു. “ഹിന്ദുമത വിശ്വാസങ്ങളെ എല്ലാ കാലത്തും ഇത്തരത്തിൽ ധിക്കരിക്കരുത്. ജോസഫ് മാഷിന്റെ കൈ പോയ പോലെ ശംസീറിന്റെ കൈ പോകില്ലെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടാകും. പക്ഷേ, എല്ലാ കാലത്തും ഹിന്ദു സമൂഹം അങ്ങനെത്തന്നെ നിന്നുകൊള്ളണമെന്ന് ശംസീർ ഒരിക്കലും കരുതരുതെന്നാണ് പറയാനുള്ളത്” എന്നായിരുന്നു യുവമോര്‍ച്ച നേതാവിന്റെ ഭീഷണി.  സ്പീക്കര്‍ക്കെതിരെ കൊലവിളി നടത്തിയ യുവമോര്‍ച്ചയെ ‘മോര്‍ച്ചറി’യിലേക്ക് അയക്കുമെന്ന് പി. ജയരാജന്‍ തിരിച്ചടിച്ചതോടെ എരിഞ്ഞുനിന്ന കനല്‍  ആളിക്കത്താന്‍ തുടങ്ങി.

‘സയന്‍സിനെ മിത്തുകള്‍കൊണ്ട് റീപ്ലെയ്‌സ് ചെയ്യുക’ എന്ന അപകടകരമായ അവസ്ഥ ചൂണ്ടിക്കാണിക്കുകയാണ് യഥാർഥത്തില്‍ സ്പീക്കര്‍ ശംസീര്‍ ചെയ്തത്. ആ അപകടാവസ്ഥയുടെ കാരണഭൂതമാവട്ടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമാണ്‌. 2015 ജനുവരിയില്‍ മുംബൈയില്‍ ചേര്‍ന്ന 102-ാമത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിലാണ് ‘ഗണപതിയുടെ തലവെട്ടി ആനത്തല വെച്ചതാണ് ലോകത്തിലെ ആദ്യത്തെ പ്ലാസ്റ്റിക് സര്‍ജറി’ എന്ന് ശാസ്ത്രജ്ഞന്മാരെ മുന്നിലിരുത്തി പ്രധാനമന്ത്രി പ്രസംഗിച്ചത്. അതിനും ഒരു വര്‍ഷം മുമ്പ്  2014-ൽ, മുംബൈയിലെ റിലയൻസ് ഹോസ്പിറ്റൽ ഉദ്ഘാടന ചടങ്ങിലും മോദി സമാനമായ പ്രസ്താവന നടത്തി. വിമാനം കണ്ടുപിടിച്ചത് ഭരദ്വാജ മഹര്‍ഷിയാണെന്നും, ഗര്‍ഭാശയത്തിനു പുറത്ത് നടന്ന കര്‍ണന്റെ പിറവി പുരാതന ഭാരതത്തിലെ ജനിതക ശാസ്ത്രത്തിന്റെ തെളിവാണെന്നുമൊക്കെ സയന്‍സ് കോണ്‍ഗ്രസില്‍ വേറെയും പരാമര്‍ശങ്ങളുണ്ടായി.

അന്നു തന്നെ ഇത്തരം ജൽപനങ്ങളെ നിശിതമായി പരിഹസിച്ച ഒരാള്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരും മറ്റൊരാള്‍ സംഘ് പരിവാര്‍ സൈദ്ധാന്തികൻ  ആര്‍. ഹരിയുമായിരുന്നു. കപട ശാസ്ത്രം (pseudo-science) എന്നാണ് ആര്‍. ഹരി ഈ പരാമര്‍ശങ്ങളെ വിശേഷിപ്പിച്ചത്. ആര്‍. ഹരി പറഞ്ഞ അതേ കാര്യം തന്നെയാണ്  ഇത്തിരി കടുപ്പം കുറച്ചു ശംസീറും പറഞ്ഞത്. അപ്പോഴൊന്നും ആരും ആര്‍ക്കെതിരെയും ദണ്ഡ് ചുഴറ്റിയില്ല. ആരും മാപ്പ് പറയേണ്ടിയും  വന്നില്ല. ശംസീര്‍ ഗണപതിയെ അപമാനിച്ചു എന്ന വാചകത്തില്‍ ‘ഗണപതി’യ്ക്ക് അല്ല, ‘ശംസീര്‍’ എന്ന വാക്കിനാണ് കട്ടിയും അടിവരയുമുള്ളത്. “ഇതു പോലെ ഇസ്‌ലാമിലെ ‘അന്ധവിശ്വാസങ്ങളെ’ കുറിച്ചു ശംസീര്‍ ചോദിക്കുമോ” എന്ന ജി. സുകുമാരന്‍ നായരുടെ ചോദ്യത്തില്‍ തന്നെ ഇതുണ്ട്. അതായത്, ‘ഗണപതി’ ഒരു അന്ധവിശ്വാസമാണ് എന്ന് സമ്മതിക്കുമ്പോഴും അത് പറയുന്നത് ‘ഒരു നാട്ടില്‍ അഞ്ചു പള്ളികള്‍ ഉണ്ടെങ്കില്‍ ആ  അഞ്ചു പള്ളികളില്‍നിന്നും എന്തിനാണ്‌‌ ബാങ്ക് വിളിക്കുന്നത്’ (എ.എന്‍ ശംസീര്‍ - ഡ്യൂള്‍  ന്യൂസ്, 12-8-2016) എന്ന് ചോദിച്ച ആള്‍  ആയാല്‍ പോലും അയാളുടെ പേര് ശംസീര്‍ എന്നാണെങ്കില്‍ വെറുതെ വിടില്ല എന്ന് തന്നെ.  “ഗണപതി മിത്ത് ആണോ മിഥ്യ ആണോ എന്നൊക്കെ ചോദിച്ച് എന്റെ മതത്തില്‍ കേറിക്കൊത്താന്‍ നിങ്ങള്‍ ആരാണ് ഹേ” എന്ന മേജര്‍ രവിയുടെ ചോദ്യത്തിന്റെ ധ്വനിയും മറ്റൊന്നല്ല. ഇസ് ലാമോഫോബിക് നൂല് കൊണ്ട് പണ്ട് സി.പി.എം നെയ്തുണ്ടാക്കിയ ഹസന്‍- അമീർ-കുഞ്ഞാലിക്കുട്ടി തിസീസിന്റെ ആന്റി തിസീസാണ് ഇപ്പോൾ രൂപപ്പെട്ട ശംസീർ-റിയാസ്-ജലീല്‍ സിന്തസീസ്! ഇവിടെ ശംസീര്‍ അല്ല, ‘ഏതോ ഒരു പ്ലാസ്റ്റിക് സര്‍ജന്‍ വെച്ചുപിടിപ്പിച്ചതാണ് ഗണപതിയുടെ തല’ എന്ന് പ്രസംഗിച്ച നരേന്ദ്ര മോദിയാണ് വാസ്തവത്തില്‍ ഗണപതിയെ അപമാനിച്ചത്. ദൈവികമെന്ന് വിശ്വസിക്കപ്പെട്ടു വരുന്ന ഒരു മിത്തിനെ ഭൗതിക പ്രതിഭാസമായി ചിത്രീകരിക്കുന്നതാണ് യഥാർഥത്തില്‍ ദൈവ നിന്ദ. മോദി ഗണപതി നാസിക സര്‍ജറി പരാമര്‍ശം നടത്തിയ അതേ വര്‍ഷമാണ്‌ ‘മാതൃഭൂമി’ ദിനപത്രത്തില്‍ ‘രാമായണം ജീവിത സാരാമൃതം’ എന്ന കോളം ചെയ്തതിന്റെ പേരില്‍ സാഹിത്യനിരൂപകനും കാലിക്കറ്റ് സർവകലാശാലാ മലയാളം പഠനവകുപ്പ് മേധാവിയുമായിരുന്ന എം.എം ബഷീർ ഹിന്ദുത്വ വാദികളാല്‍ ആക്രമിക്കപ്പെട്ടത്. അന്നും പേര് തന്നെയായിരുന്നു പ്രശ്നം. ഭീഷണി രൂക്ഷമായപ്പോള്‍ അദ്ദേഹത്തിന് കോളം പാതിവഴിയിൽ നിര്‍ത്തേണ്ടിവന്നു.

മഹാഭാരതത്തെയും രാമായണത്തെയുമൊക്കെ ‘കഥ’ (story) എന്നാണ് സാധാരണഗതിയില്‍ വിശേഷിപ്പിക്കാറുള്ളത്. ‘ഇതിഹാസങ്ങള്‍’ എന്നും ‘മിത്തുകള്‍’ എന്നും വിളിക്കപ്പെടാറുണ്ട്. സമൂഹത്തിന്റെ അംഗീകാരമുള്ള സ്വപ്‌നങ്ങളാണ്  മിത്തുകള്‍. ഇതിഹാസം, ഐതിഹ്യം, പുരാവൃത്തം എന്നൊക്കെയാണ് മിത്ത് എന്ന ഇംഗ്ലീഷ് പദത്തിന്റെ അർഥം. ‘സത്യസന്ധമായ ചരിത്രം’ എന്നല്ല ‘ഭരത രാജവംശത്തിന്റെ മഹത്തായ ഇതിഹാസം’ എന്നാണ് മഹാഭാരതത്തെ കുറിച്ചു എന്‍സൈക്ലോപീഡിയ ബ്രിട്ടാണിക്ക വിശേഷിപ്പിക്കുന്നത്. രാമായണത്തിലെയും മഹാഭാരതത്തിലെയും കഥകളും കഥാപാത്രങ്ങളും പലതിലും പലതരത്തിലാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. എല്ലാം പരസ്പര വിരുദ്ധങ്ങളുമാണ്. അവയൊന്നും മിത്തുകളല്ല, യാഥാർഥ്യങ്ങളാണ് എന്ന് വാദത്തിനു വേണ്ടി സമ്മതിച്ചാല്‍ തന്നെ ‘യഥാർഥത്തിലുള്ള യാഥാർഥ്യം’ ഏത് എന്നതില്‍ പ്രശ്നമുണ്ടാവും. ഗണപതിയുടെ കാര്യം തന്നെ എടുക്കുക. ശിവനും പാര്‍വതിയും  ഗജരൂപങ്ങള്‍ (കൊമ്പനാനയും പിടിയാനയും) പൂണ്ട് രതിയില്‍ ഏര്‍പ്പെട്ടതുകൊണ്ടാണ് ആനമുഖമുള്ള പുത്രന്‍ ജനിച്ചത് എന്നാണ് രാമായണത്തിന്റെ ഒരു വേര്‍ഷനില്‍ പറയുന്നത്. മറ്റൊരു നിവേദനം ഇങ്ങനെയാണ്: ‘ആദിപരാശക്തിയായ’ പാര്‍വതി തന്റെ കുളിമുറിക്ക് ഒരു കാവല്‍ക്കാരനെ ആവശ്യം വന്നപ്പോള്‍ ചന്ദനപ്പൊടികൊണ്ട് ഒരു പ്രതിമയുണ്ടാക്കി അതിനു ജീവൻ കൊടുത്തു. അതാണ്‌ ഗണപതി. പാര്‍വതി കുളിച്ചുകൊണ്ടിരിക്കെ കുളിമുറിയിലേക്ക് കടക്കാന്‍ ശ്രമിച്ച  ശിവനെ അത് തന്റെ പിതാവാണ് എന്നറിയാതെ ഗണപതി തടഞ്ഞു. ക്ഷിപ്രകോപിയായ ശിവന്‍ ഗണപതിയുടെ ശിരസ്സെടുത്തു. കോപം ശമിച്ചപ്പോള്‍ ശിവന്‍ ഗണപതിക്ക് വലിയ ഒരാനത്തല പകരം വെച്ചുകൊടുത്തു.  ശനിയുടെ ദൃഷ്ടിപാതംകൊണ്ട് തല തകര്‍ന്നു പോയ ഗണപതിക്ക് മുന്തിയ ആനത്തല വെച്ചുപിടിപ്പിച്ചു എന്ന മറ്റൊരു കഥയുമുണ്ട്. ശിവനും പാർവതിക്കും കാവൽ നിന്ന ഗണപതി ശിവനെ കാണാൻ‌വന്ന പരശുരാമനെ തടഞ്ഞുനിർത്തിയെന്നും ഇതിൽ ക്രുദ്ധനായ പരശുരാമൻ തന്റെ മഴുവെടുത്ത് ഗണപതിയുടെ ഒരു കൊമ്പ് അരിഞ്ഞുകളഞ്ഞുവെന്നും വേറെ ഒരു കഥയില്‍ പറയുന്നു. ഗണപതിയുടെ ഒരു കൊമ്പ് ഒടിഞ്ഞത് അങ്ങനെയാണത്രേ! ഗണപതിയുടെ കൊമ്പ് മുറിഞ്ഞതിന്റെ പിന്നില്‍ വേറെയും ഒരു കഥയുണ്ട്: വേദവ്യാസന്‍ പറഞ്ഞുകൊടുത്ത് ഗണപതിയാണത്രേ മഹാഭാരത കഥ എഴുതിയത്. എഴുതിക്കൊണ്ടിരിക്കെ എഴുത്താണി ഒടിഞ്ഞപ്പോള്‍ ഗണപതി തന്നെ സ്വന്തം കൊമ്പ് മുറിച്ചെടുത്ത് എഴുത്ത് പൂര്‍ത്തിയാക്കി എന്നാണ് അക്കഥ. ഗണപതിയുടെ ആകാരത്തെ കുറിച്ചു തന്നെ വ്യത്യസ്ത സങ്കൽപങ്ങളുണ്ട്. വിനായകി, സൂര്‍പ്പ, ഗണേശാനി തുടങ്ങിയ സ്ത്രൈണ ഭാവങ്ങള്‍ പോലും ഗണേശനുണ്ട്. എന്നാല്‍, ഇമ്മാതിരി ദൈവികതയൊന്നും ഗണേശ ശിരസ്സിനില്ല എന്നും, പൗരാണിക ഭാരതത്തിലെ ഒരു പ്ലാസ്റ്റിക് സര്‍ജന്‍ വെച്ചുപിടിപ്പിച്ചതാണെന്നുമാണ് പറയുന്നത്.

തെരഞ്ഞെടുപ്പ് രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടി ‘സുവര്‍ണാവസരങ്ങള്‍’ തേടി നടക്കുന്ന സംഘ് പരിവാറിന്റെ കബളതന്ത്രങ്ങള്‍ ജനാധിപത്യ ശക്തികള്‍ തിരിച്ചറിയുകയും സംയമനത്തോടെ പ്രതിരോധിക്കുകയും ചെയ്തില്ലെങ്കില്‍ 'അത്ര തെക്ക് അല്ല കേരളം' എന്ന് തിരിച്ചറിയാന്‍ അധികം ബുദ്ധിയൊന്നും ആവശ്യമില്ല. വൈകാരികതയ്ക്ക് തീപിടിപ്പിക്കുന്ന ഏതു ശ്രമവും തല്ലിക്കെടുത്തിയേ മതിയാവൂ.  സി.പി.എമ്മും കോണ്‍ഗ്രസുമടങ്ങുന്ന ജനാധിപത്യ കക്ഷികള്‍ വോട്ടുബാങ്കില്‍ മാത്രം കണ്ണുനട്ട് സംഘ് പരിവാര്‍ ഒരുക്കുന്ന കെണിയില്‍ പെട്ട് എരിതീയില്‍ എണ്ണയൊഴിക്കുകയും അതില്‍ തന്നെ കടുക് വറുക്കുകയും ചെയ്യുകയാണെങ്കില്‍ കാലാകാലങ്ങളായി നാം കാത്തു സൂക്ഷിച്ച കേരളത്തിന്റെ മതേതര ഫാബ്രിക്കാണ് ചാരമാവാന്‍ പോകുന്നത്. “നമുക്ക് വിശ്വാസത്തെ വിശ്വാസമായും ശാസ്ത്രത്തെ ശാസ്ത്രമായും കാണാം. അതിലുപരി ശാസ്ത്രവും മതവും മതമില്ലാത്തവരുമെല്ലാം മനുഷ്യന് വേണ്ടിയാണ് സംസാരിക്കുന്നതെങ്കില്‍ ഈ വിവാദം എത്ര പെട്ടെന്ന് അവസാനിപ്പിക്കുന്നുവോ അത്രയും നല്ലത്. ഇനിയും കേരളത്തില്‍ ഇസ്‌ലാമോഫോബിയ പടര്‍ത്തിവിട്ട് രാഷ്ട്രീയ ലാഭം ലക്ഷ്യമാക്കുന്ന എല്ലാവരും മനസ്സിലാക്കുക, ഇത് നിങ്ങളെ തന്നെ തിരിഞ്ഞു കുത്തും. ഇതിന്റെ ഗുണഭോക്താക്കളാകട്ടെ അന്തിമമായി സംഘ് പരിവാര്‍ മാത്രവുമായിരിക്കും” (പി. മുജീബുര്‍റഹ്്മാന്‍ - അമീര്‍ ജമാഅത്തെ ഇസ്‌ലാമി, കേരള). 

 

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 01-03
ടി.കെ ഉബൈദ്‌

ഹദീസ്‌

അഞ്ച് ഉപദേശങ്ങൾ
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്