Prabodhanm Weekly

Pages

Search

2023 ആഗസ്റ്റ് 18

3314

1445 സഫർ 01

കെ.വി മുഹമ്മദലി മാസ്റ്റർ കോട്ടക്കൽ

കെ.വി ഫൈസൽ

ആട്ടീരി ജമാഅത്ത് ഘടകത്തിലെ കെ.വി മുഹമ്മദലി മാസ്റ്റർ (72) കഴിഞ്ഞ ഏപ്രിൽ 20-ന് അല്ലാഹുവിലേക്ക് യാത്രയായി. പുളിക്കൽ സുല്ലമുസ്സലാം, കാസർകോട് ആലിയ എന്നീ സ്ഥാപനങ്ങളിലെ പഠനത്തിനു ശേഷം വളാഞ്ചേരിക്കടുത്ത തൊഴുവാനൂർ എ.എം.എൽ.പി സ്കൂളിൽ അധ്യാപകനായി.

ചെറുപ്പത്തിൽ തന്നെ ഇസ് ലാമിക പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന മുഹമ്മദലി മാസ്റ്റർക്ക്   വളരെ പ്രയാസകരമായ അനുഭവങ്ങളിലൂടെയാണ് കടന്നുപോകേണ്ടി വന്നത്.  വളരെ കുറഞ്ഞ പ്രവർത്തകരുമായി പ്രദേശത്ത് പ്രസ്ഥാന പ്രവർത്തനം നടത്തുമ്പോൾ യാഥാസ്ഥിതിക വിഭാഗങ്ങളിൽനിന്ന് ശക്തമായ എതിർപ്പും ബഹിഷ്കരണങ്ങളുമുണ്ടായി. ജമാഅത്തെ ഇസ്്ലാമി പ്രവർത്തകനായതുകൊണ്ടു മാത്രം വിവാഹമുൾപ്പെടെയുള്ള ജീവിതത്തിലെ പല പ്രധാന സന്ദർഭങ്ങളിലും പ്രയാസകരമായ അനുഭവങ്ങളുണ്ടായി. ഇത്തരം സന്ദർഭങ്ങളെയെല്ലാം അദ്ദേഹം ആത്മവിശ്വാസത്തോടെ നേരിട്ടു. 

ജമാഅത്തെ ഇസ്്ലാമിക്കു കീഴിൽ വിദ്യാർഥി-യുവജനങ്ങൾക്കായി പ്രത്യേക വേദിയില്ലാത്ത സമയത്ത്  കെ. അവറു മാസ്റ്ററുടെ നേതൃത്വത്തിൽ പറപ്പൂർ ഇസ് ലാമിക് യൂത്ത് അസോസിയേഷൻ രൂപവത്കരിച്ചപ്പോൾ അതിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചു. ഈ വേദിക്ക്  കീഴിൽ പറപ്പൂർ മണമ്മലിൽ പറപ്പൂർ, കോട്ടക്കൽ, രണ്ടത്താണി പ്രദേശങ്ങളിലെ  എഴുപതോളം വിദ്യാർഥി-യുവജനങ്ങളെ സംഘടിപ്പിച്ച് ടി.കെ അബ്ദുല്ല സാഹിബ്, പ്രഫ. കെ.എ സിദ്ദീഖ് ഹസൻ സാഹിബ് തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്ത  ദ്വിദിന ക്യാമ്പിന്റെ മുഖ്യ സംഘാടകനായിരുന്നു മുഹമ്മദലി മാസ്റ്റർ. കോട്ടക്കൽ ഫർഖാ സെക്രട്ടറി, ഹൽഖാ നാസിം, സെക്രട്ടറി, ദാറുസ്സലാം മഹല്ല് കമ്മിറ്റിയംഗം തുടങ്ങിയ ഉത്തരവാദിത്വങ്ങൾ വഹിച്ചിരുന്നു. സഹോദര സമുദായാംഗങ്ങൾ ഉൾപ്പെടെയുള്ളവരോട് വളരെ സൗമ്യമായി ആദർശ പ്രബോധനം നടത്താൻ മുഹമ്മദലി മാസ്റ്റർക്ക് കഴിഞ്ഞിരുന്നു. ചിരിയും തമാശയും കലർന്ന സംസാരത്തിലൂടെ വലിയൊരു സുഹൃദ് വൃന്ദത്തെ ഉണ്ടാക്കിയെടുത്തു. കുടുംബത്തിന്റെ പ്രസ്ഥാനവൽക്കരണത്തിന് ഏറെ പ്രാധാന്യം നൽകി.

ഭാര്യ: റുഖിയ തെയ്യമ്പാടി. മക്കൾ: ഫൈസൽ (പറപ്പൂർ ഏരിയാ പ്രസിഡന്റ്, അധ്യാപകൻ, ജി.എം.എൽ.പി സ്കൂൾ ഇരിങ്ങല്ലൂർ - കുഴിപ്പുറം), സഫീർ (റിയാദ്,  സുഊദി അറേബ്യ), സിറാജുദ്ദീൻ, സാജിത, മുഫീദ, ശമീമ. മരുമക്കൾ: ഫസലുർറഹ്്മാൻ കാരാട്ടുകടവത്ത് (അബൂദബി), അബ്ദുർറഹ്്മാൻ എന്ന ബാവ കരിപറമ്പൻ (ചാപ്പനങ്ങാടി), ചന്തക്കുന്ന് പാറശ്ശേരി സുഹൈൽ  (ദുബൈ), റഹ്്മത്ത് കൊടപ്പന, ഷംസാദ് തെങ്ങിലാൻ. 
 

 

ഡോ. സി. ഫസലുദ്ദീൻ
സത്യസാക്ഷ്യ വീഥിയിലെ സുന്ദര വിയോഗം

"ഇഹലോകം വിശ്രമത്തിനുള്ള ഇടമല്ല. വിശ്രമം മരണത്തിന് ശേഷമാണ്. വിശ്രമിക്കാതെ പണിയെടുത്തതിന് അല്ലാഹു നൽകിയ സമ്മാനമാണ് എല്ലാവരുടെയും പ്രാർഥന നേടിയുള്ള ഫസൽ മാസ്റ്ററുടെ വിയോഗം. ജീവിതത്തിൽ സത്യസാക്ഷ്യം നിർവഹിക്കുകയെന്നതോടൊപ്പം, മരണവും സത്യസാക്ഷ്യ നിർവഹണമാവുക എന്ന അത്ഭുതമാണ് ആ യാത്രയിലൂടെ സംഭവിച്ചത്."

കണ്ടവരെയും അറിഞ്ഞവരെയും മുഴുവൻ കണ്ണീരിലാഴ്ത്തിയും അസൂയപ്പെടുത്തിയും കർമവീഥിയിൽനിന്ന് വിട പറഞ്ഞു പോയ ജമാഅത്തെ ഇസ്്ലാമി അംഗവും കരുവാരക്കുണ്ട് ഏരിയാ ദഅ്വാ വകുപ്പ് കൺവീനറുമായ സി. ഫസലുദ്ദീൻ മാസ്റ്ററുടെ ഖബ്റടക്കത്തിന് ശേഷം അദ്ദേഹത്തിന്റെ വീട്ടുകാരെയും സഹപ്രവർത്തകരെയും അഭിമുഖീകരിച്ച് ജമാഅത്തെ ഇസ്‌ലാമി കേരള ഹൽഖാ അമീർ പി. മുജീബുർറഹ്്മാൻ സാഹിബ് പറഞ്ഞതിങ്ങനെയാണ്. ജീവിതത്തിലെന്നപോലെ മരണത്തിലും വിസ്മയം തീർത്ത് ആയിരക്കണക്കിന് ഹൃദയങ്ങളിൽ വേദനയും ചുണ്ടുകളിൽ വിതുമ്പലും തീർത്ത്  പ്രവർത്തകർക്ക് ധാരാളം നന്മയുടെ പാഠങ്ങളാണ് അദ്ദേഹം ബാക്കി വെച്ചത്.

"എനിക്ക് ഏറ്റവും ഇഷ്ടം അറിവ് പകർന്നു നൽകുക എന്നതാണ്, അങ്ങനെ അറിവ് പകർന്നു കൊടുക്കുമ്പോൾ മരണപ്പെടുക എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം" എന്ന അദ്ദേഹത്തിന്റെ അഭിലാഷം അല്ലാഹു സാക്ഷാത്കരിച്ചു കൊടുക്കുകയായിരുന്നു.

പ്രീ-സ്കൂൾ കുട്ടികൾക്കായി 'സമഗ്ര ശിക്ഷ കേരളം' പദ്ധതിക്ക് കീഴിൽ നടപ്പാക്കുന്ന കഥോത്സവം പരിപാടിയുടെ ഭാഗമായി കാളികാവിനടുത്തുള്ള ആമപ്പൊയിൽ ഗവ. എൽ.പി സ്കൂളിൽ കുട്ടികളോട് കഥ പറഞ്ഞു കൊണ്ടിരിക്കെ കുഴഞ്ഞ് വീണാണ്, നന്മകളുടെ ഒട്ടേറെ കഥകളും പാട്ടുകളും ബാക്കി വെച്ച് അദ്ദേഹം തന്റെ നിയോഗം പൂർത്തിയാക്കി മടങ്ങിയത്. കാളികാവിലെ പ്രമുഖ സുന്നി പണ്ഡിതനും വാഗ്മിയുമായ ചോലശ്ശേരി കുഞ്ഞിമൊയ്തു മുസ്‌ലിയാരുടെയും വള്ളിക്കാപ്പറമ്പിൽ ഫാത്വിമയുടെയും മകനായി 1961-ൽ ജനിച്ച അദ്ദേഹം കാളികാവ് ബസാർ യു.പി സ്കൂൾ, പുല്ലങ്കോട് ഗവ. ഹൈസ്കൂൾ, എം.ഇ.എസ് കോളേജ് മമ്പാട് എന്നിവിടങ്ങളിൽനിന്ന് പഠനം പൂർത്തിയാക്കി. 1986-ൽ അടക്കാകുണ്ട് ക്രസന്റ് ഹൈസ്കൂളിൽ അധ്യാപകനായി. പുസ്തകങ്ങൾക്കും ക്ലാസ്സ്മുറികൾക്കുമപ്പുറം മനുഷ്യസ്നേഹത്തിന്റെ കഥകളും മാനവസൗഹാർദത്തിന്റെ പാട്ടുകളുമായി തന്റെ വിദ്യാർഥികളിലേക്ക് ഇറങ്ങിച്ചെന്നു. വിപുലമായ ശിഷ്യസമ്പത്ത് സ്വന്തമാക്കി മാതൃകാധ്യാപകനായി 2017-ൽ അദ്ദേഹം വിരമിച്ചു. ജോലിയിൽനിന്ന് വിരമിച്ച ശേഷവും പഠനവും അധ്യാപനവും തുടർന്നു. സാമൂഹിക സേവനത്തിൽ (Social Work) ഡോക്ടറേറ്റ് നേടി. വണ്ടൂർ വനിതാ ഇസ്്ലാമിയാ കോളേജ് പ്രിൻസിപ്പലായി പ്രവർത്തിച്ചു. അധ്യാപകനായിരിക്കെ അവധിയെടുത്ത്  സുഊദി അറേബ്യയിൽ രണ്ട് വർഷം പ്രവാസിയായി ജീവിച്ചു. ഈ കാലയളവിലാണ് ഇസ്്ലാമിക പ്രസ്ഥാന വഴിയിലേക്ക് കടന്നുവന്നത്.

കാളികാവിന്റെ കലാ സാംസ്കാരിക-സാമൂഹിക- രാഷ്ട്രീയ മേഖലകളിൽ പ്രവർത്തന വൈപുല്യം കൊണ്ട് നിറസാന്നിധ്യമായിരുന്ന അദ്ദേഹം പലർക്കും ജീവിതത്തിലെ മാർഗദർശിയായിരുന്നു.

മരണപ്പെടുമ്പോൾ ജമാഅത്തെ ഇസ്‌ലാമി കരുവാരക്കുണ്ട് ഏരിയാ ദഅ്വ കൺവീനർ, ഏരിയാ ഇഹ്‌തിസാബി ഗ്രൂപ്പ് ലീഡർ, കാളികാവ് ടൗൺ ഹൽഖാ നാസിം, ഇസ്‌ലാമിക് സർവീസ് ട്രസ്റ്റ് ചെയർമാൻ, പുറ്റമണ്ണ ഹിറാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു വരികയായിരുന്നു. പ്രബോധന പ്രവർത്തനരംഗത്ത്  മഹിത മാതൃക സൃഷ്ടിച്ച അദ്ദേഹം ഈ കാലയളവിൽ നൂറുകണക്കിന് ഖുർആൻ പരിഭാഷകൾ സഹോദര സമൂഹങ്ങൾക്കിടയിൽ വിതരണം ചെയ്തു.

ഏത് കാര്യത്തിലും പ്രാസ്ഥാനിക കാഴ്ചപ്പാട് അവതരിപ്പിക്കാനും കാര്യങ്ങളെ കൃത്യതയോടെ വിലയിരുത്താനും അതിൽ തന്റെ സർഗാത്മക കൈയൊപ്പ് ചാർത്താനും കഴിഞ്ഞിരുന്നു. വിഷയങ്ങളെ കൃത്യമായി പഠിക്കാനും സംവാദങ്ങളെ പുഞ്ചിരിയോടെ സൗമ്യമായി സമീപിക്കാനും അഭിപ്രായ ഭിന്നതകളെ സഹിഷ്ണുതയോടെ നേരിടാനും കഴിഞ്ഞിരുന്നു.

അടക്കാകുണ്ട് മൈലാടി ഗവ. യു.പി സ്കൂൾ പ്രധാനാധ്യാപിക റസിയ ടീച്ചറാണ് സഹധർമിണി. ഡോ. ഇർഫാന, ഡോ. ആഷിഖ, ഹിബ ഫഹ്്മി, ഫാത്തിമ ഹന്ന മക്കളാണ്.

കബീർ മുഹസിൻ

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 01-03
ടി.കെ ഉബൈദ്‌

ഹദീസ്‌

അഞ്ച് ഉപദേശങ്ങൾ
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്