മിത്തുകൾ ആദിമ ഭാവനയുടെ വിശ്വസഞ്ചാരം
ഇടശ്ശേരിയുടെ കവിതയിൽ (പൂതപ്പാട്ട്) കേരളത്തിലെ സാർവത്രിക നാടൻ വാമൊഴി മിത്തിലെ കഥാപാത്രം അന്യാപദേശത്തിന്റെ രൂപമാർജിക്കുന്നുണ്ട്. മനുഷ്യരുടെ മൃദുല വികാരങ്ങൾക്ക് മുന്നിൽ പൈശാചിക ശക്തികൾ തോറ്റുപോകുന്നതിന്റെ ചിത്രീകരണമാണ് പൂതപ്പാട്ട്. അതായത് അതീവ ബലിഷ്ഠയും ക്രൂരസ്വഭാവിയുമായ ദുർദേവത, മാതൃവാത്സല്യം എന്ന മൃദുലഭാവത്താൽ ബലഹീനയാക്കപ്പെടുന്നു. മറുഭാഗത്ത് അലിവ് എന്നത് സഹജപ്രകൃതമായിട്ടുള്ള, വാത്സല്യത്താൽ സഹജമായിത്തന്നെ 'ദുർബല'മായിട്ടുള്ള മാതൃത്വം'അവിശ്വസനീയ'മാം വിധം ബലവും കരുത്തുമാർജിക്കുകയും ചെയ്യുന്നു. ശാന്തിയായും ദയയായും (യാ ദേവി സർവഭൂതേഷു ശാന്തി രൂപേണ സംസ്ഥിതാ/ .. ദയാ രൂപേണ സംസ്ഥിതാ) നമ്മുടെ ഉള്ളിൽ നിലകൊള്ളുന്ന, ഈശ്വരന്റെ സ്ത്രൈണഭാവം തന്നെയാണ് ശക്തിയായും ഭക്തിയായും ശ്രദ്ധയായും (യാ ദേവി സർവഭൂതേഷു ശക്തി രൂപേണ സംസ്ഥിതാ/ .. ഭക്തി രൂപേണ സംസ്ഥിതാ/ ... ശ്രദ്ധാ രൂപേണ സംസ്ഥിതാ) പ്രകാശിതമാകുന്നത് എന്നാണല്ലോ സങ്കൽപം. അതു തന്നെയാണ് മാതൃഭാവമായും (... മാതൃ രൂപേണ സംസ്ഥിതാ) വർത്തിക്കുന്നത്. മാതൃത്വത്തിന്റെ മൃദുലതയും ആർദ്രതയും കാരിരുമ്പിനെക്കാൾ കഠിനതയുള്ള രക്ഷാകേന്ദ്രമായി മാറുന്നു പൂതപ്പാട്ടിൽ.
സങ്കീർണമായ ജീവിതത്തിലെ ചില തത്ത്വങ്ങളെ ഉദാത്തമായി ആവിഷ്കരിക്കുന്നതിനു വേണ്ടി വാമൊഴിയായി നിലനിൽക്കുന്ന ഒരു മിത്തിനെ കരുവാക്കുകയാണ് ഇവിടെ. മിത്തുകളുടെ തത്ത്വശാസ്ത്രപരവും സൗന്ദര്യശാസ്ത്രപരവുമായ ഇടവും പ്രസക്തിയും അറിയുന്നതിന് പൂതപ്പാട്ട് നല്ലൊരുദാഹരണമാണ്. നങ്ങേലി എന്ന മാതാവിന്റെ സംരക്ഷണത്തിനും പൂതത്തിന്റെ കൈയേറ്റത്തിനും അധിനിവേശത്തിന്റെയും ചെറുത്തുനിൽപിന്റെയും ഭാവം പകർന്നാൽ അതിന്റെ സാമൂഹിക - രാഷ്ട്രീയ പ്രസക്തി വർധിക്കുന്നു. വിളവിന് മേൽ ജന്മിത്വത്തിന്റെ കടന്നുകയറ്റമായി പൂതത്തിന്റെ അപഹരണത്തെ വ്യാഖ്യാനിച്ചാൽ, അതൊരു പോരാട്ട കവിതയായും മാറുന്നു. 'പെറ്റവയറ്റിനെ വഞ്ചിക്കുന്നൊരു പൊട്ടപ്പൂതമിതെന്ന്' കയർക്കുമ്പോൾ അമ്മ രൗദ്രഭാവമാർജിക്കുന്നുണ്ടെങ്കിലും പൊതുവെ അമ്മയുടെ പ്രതിരോധം സഹനസമരത്തിലധിഷ്ഠിതമാണ്. തെച്ചിക്കോല് പറിച്ചും ചേലൊട് മന്ത്രം ജപിച്ചും മറ്റോരുണ്ണിയെ നിർമിക്കുമ്പോൾ പൂതത്തിന്റെ കൈയേറ്റം വഞ്ചനാത്മകവും ആയിത്തീരുന്നു.
മിത്തിക ഭാവനയിൽനിന്ന് മനുഷ്യ ഭാവങ്ങളിലേക്ക് കീറിയ ചാലുകളാണ് ഇടശ്ശേരി ഗോവിന്ദൻ നായരുടെ ഈ കവിത എന്നതിനാലാണ് മിത്തുകളെക്കുറിച്ച പഠനത്തിന്റെ തുടക്കമായി ഇത്രയും പറഞ്ഞത്. അദ്ദേഹത്തിന്റെ പല രചനകളും കേവലം കഥാകഥന കൗതുകം എന്നത് വിട്ട്, സാമൂഹികമായ പ്രതികരണങ്ങൾ കൂടിയാകുന്നുണ്ടെന്നിരിക്കെ വിശേഷിച്ചും. കാവിലെപ്പാട്ട്, ബുദ്ധനും ഞാനും നരിയും, പൊട്ടി പുറത്ത് ശീവോതി അകത്ത് തുടങ്ങിയ ഇടശ്ശേരിക്കവിതകളും സാമൂഹികമായ പ്രതിരോധത്തിന് മിത്തുകളെ ആയുധമാക്കുന്നുണ്ട്.
***** ***** *****
സൗന്ദര്യാത്മകം എന്നതോടൊപ്പം തത്ത്വശാസ്ത്രപരവും സാമൂഹിക ശാസ്ത്രപരവുമായ, മിത്തുകളുടെ ഇടത്തെയും പ്രസക്തിയെയും പ്രകാശിപ്പിക്കുന്ന പ്രധാനപ്പെട്ടൊരുദാഹരണമായാണ് പൂതപ്പാട്ടിനെ നാം എടുത്തത്. മിത്തുകൾക്ക് സാമാന്യേന ചില ലക്ഷണങ്ങൾ കൽപിക്കപ്പെടാറുണ്ട്.
പ്രതീകാത്മകമായ ഉള്ളടക്കം പേറുന്നവയായിരിക്കും പൊതുവെ മിത്തുകൾ. അതായത് അവയുടെ പ്രമേയങ്ങൾ (themes), കഥാതന്തുക്കൾ (threads), ഇതിവൃത്തങ്ങൾ (plots) എന്നിവ പലതരം വായനകളെ സാധ്യമാക്കുന്നു. അവയുടെ സ്വഭാവമാകട്ടെ അന്യാപദേശങ്ങളുടെയോ (allegories) രൂപകങ്ങളുടെയോ (metaphors) നീതിസാര കഥകളുടെയോ (parables) ഘടനയിലുമായിരിക്കും. മിത്തുകളുടെ ലക്ഷണമായി പൊതുവേ ചൂണ്ടിക്കാണിക്കപ്പെടാറുള്ള മറ്റൊരു കാര്യം അവയുടെ അജ്ഞാതമോ അവ്യക്തമോ ആയ ഉറവിടമാണ്. പരമ്പരാഗതമായി കൈമാറപ്പെടുന്നു എന്നതും ചേർത്ത് പറയാറുണ്ട്. എന്നാൽ, ഇതൊന്നും എല്ലാറ്റിലും അത്ര കൃത്യമായി ചേരണമെന്നില്ല.
മതപരമായ മാനമോ ഉള്ളടക്കമോ ഉണ്ടായിരിക്കുമെന്നതാണ് മൂന്നാമതായി ചൂണ്ടിക്കാണിക്കപ്പെടാറുള്ള ലക്ഷണം. ഇതും എല്ലാറ്റിലും അത്ര കൃത്യമായി ചേരുന്ന ഒരു സ്വഭാവമാകണമെന്നൊന്നുമില്ല. ഒരു ആഖ്യാനത്തിനെ മിത്ത് എന്നടയാളപ്പെടുത്താൻ മതാത്മകമാനം നിർബന്ധമൊന്നുമല്ല.
പൊതുവെ, പ്രാചീനമായ ആവിഷ്കാരങ്ങളെ സമൂഹത്തിന്റെ വിശ്വാസവുമായി ബന്ധിപ്പിക്കൽ അനിവാര്യമൊന്നുമല്ല. ഗുഹാഭിത്തികളിലെ ചിത്രങ്ങളും മണ്ണിൽ ആഴത്തിൽ പുതഞ്ഞുകിടക്കുന്ന ശിൽപങ്ങളും മുദ്രകളുമൊക്കെ പ്രാചീന മനുഷ്യന്റെ ആവിഷ്കാരസിദ്ധിയെയും സർഗാത്മകതയെയുമാണ് പ്രഥമമായി അടയാളപ്പെടുത്തുന്നത്. എന്നാൽ ചരിത്രം, പുരാവസ്തു ജ്ഞാനം, നരവർഗ പഠനം തുടങ്ങിയവയുടെ ആധികാരിക നിരീക്ഷണങ്ങൾ വളരെപ്പെട്ടെന്ന് അവയെ മതപരം എന്ന് നിരീക്ഷിക്കുന്നു. മതപരം ആയേക്കാം എന്നല്ലാതെ, അങ്ങനെയൊരു മുൻവിധി ശരിയാണെന്ന് തോന്നുന്നില്ല.
പ്രഥമമായി അവയെല്ലാം മനുഷ്യരുടെ സർഗാത്മക ആവിഷ്കാരങ്ങളാകുന്നു. പലപ്പോഴും അവയിലെ കഥാപാത്രങ്ങൾ പിൽക്കാലത്താണ് ദൈവങ്ങളായി അവരോധിക്കപ്പെടുന്നത്. ഇന്ത്യൻ പുരാവൃത്തങ്ങൾക്കും ബാധകമാണ് ഇക്കാര്യം.
മിത്ത് എന്ന് കാറ്റഗറൈസ് ചെയ്യാവുന്ന ഭാവനകൾ മതഘടനകൾക്ക് പുറത്തും വികസിച്ചിട്ടുണ്ട്. ഭാവിലോകത്തെക്കുറിച്ച സങ്കൽപങ്ങളാണ് അവയിൽ പലതും. ഫ്യൂച്ചറിസ്റ്റിക് മിത്തുകൾ എന്ന് പറയാം. യുഗാന്ത വിശ്വാസങ്ങളുമായി ബന്ധപ്പെട്ട (eschatological -Eschatos എന്ന ഗ്രീക്ക് പദത്തിന് last എന്നർഥം) മതഭാവനകളും ഫ്യൂച്ചറിസ്റ്റിക് എന്ന കാറ്റഗറിയിൽ വരും. തോമസ് മൂറിന്റെ 'ഉട്ടോപ്യ' ഇതിൽപെട്ടതാണ്. മിത്തിനെ മിഥ്യ എന്ന് തെറ്റായി വായിക്കുന്നതു പോലെത്തന്നെ, തികച്ചും അപ്രായോഗികമായത് എന്ന അർഥത്തിൽ ഉട്ടോപ്യയെ തെറ്റായി വായിക്കാറുണ്ട്. യഥാർഥത്തിൽ, നിലവിലില്ലാത്തതും എന്നാൽ ഉണ്ടാകേണ്ടതും എന്ന് വിഭാവനം ചെയ്യപ്പെടുന്ന ഒരവസ്ഥയാണ് ഉട്ടോപ്യ.
ഈ അർഥത്തിൽ തോമസ് മൂറിന്റെ സങ്കൽപം തൊട്ട് മാർക്സിസം വിഭാവനം ചെയ്യുന്ന, സ്റ്റേറ്റ് ഇല്ലാതാകൽ വരെയുള്ളതൊക്കെയും ഫ്യൂചറിസ്റ്റിക് മിത്തുകളാണ്. ഈ വിഭാവനകൾക്ക് എസ്കറ്റോളജിക്കൽ പ്രകൃതവുമുണ്ട്.
മതപരമായ മാനങ്ങൾ ആരോപിക്കാമെങ്കിലും irreligious ആയി പരിഗണിക്കപ്പെടുന്നവയാണ് പ്ലേറ്റോയുടെ മിത്തുകൾ. സ്റ്റോറി ഓഫ് ഗൈജിസ്, മിത്ത് ഓഫ് ഫയെതൻ, മെറ്റഫർ ഓഫ് ദ കേവ്, ഡോറിയൻ തുടങ്ങിയ ഒട്ടേറെ മിത്തുകൾ പ്ലേറ്റോയുടെ 'ഡയലോഗ്സി'ലും 'റിപ്പബ്ലിക്കി'ലുമൊക്കെ കാണാം. എത്തിക്സിനെക്കുറിച്ച ചിന്തകൾ വിശദീകരിക്കുന്നതിനുള്ള രൂപകങ്ങളായിരുന്നു പ്ലേറ്റോക്ക് തന്റെ മിത്തുകൾ.
ആധികാരികവും വസ്തുതാപരവുമായ ഒരു വിവരണമായി സ്വയം അവതരിപ്പിക്കുന്നവയാണ് മിത്തുകൾ. മിത്തുകളുടെ അടുത്ത ലക്ഷണം അതാണ്. സ്വയം തെളിയിക്കുന്നതിലൂടെയല്ല മറിച്ച്, സ്വയം അവതരിപ്പിക്കുന്നതിലൂടെത്തന്നെ മിത്തുകൾക്ക് ആധികാരികത ലഭിക്കുന്നു.
***** ***** *****
മനുഷ്യ ജ്ഞാനത്തിന്റെയും ധിഷണയുടെയും വികാസത്തിന്റെ ചരിത്രത്തെ നമുക്ക് ഇപ്രകാരം അടയാളപ്പെടുത്താമെന്ന് തോന്നുന്നു: മിത്തോസ് (Mythos)-> ലോഗോസ് (Logos)-> സിയോ (Scio). ചരിത്രത്തിൽ വളരെ പ്രാധാന്യമുള്ള ആശയങ്ങളാണ് മൂന്നും. ഇതിൽ മിത്തോസിന്റെ ആവിഷ്കാര രൂപമാണ് മിത്ത് എന്ന് പറയാം. ഭാവനകളെയും ആഖ്യാനങ്ങളെയുമാണ് മിത്തോസ് അർഥമാക്കുന്നതെങ്കിൽ, ലോഗോസ് അടയാളപ്പെടുത്തുന്നത് ഹേതു, യുക്തി എന്നിവയെയാണ്. അറിയുക എന്നാണ് സിയോയുടെ അർഥം.
അതായത്, മിത്തോസ് മിത്തിനെയും ലോഗോസ് തത്ത്വചിന്തയെയും സിയോ ശാസ്ത്രത്തെയും സൂചിപ്പിക്കുന്നു. Traditional Story എന്ന അർഥത്തിൽ മിത്ത് എന്ന പദം ഇംഗ്ലീഷിൽ ഉപയോഗിച്ചു തുടങ്ങിയത് പത്തൊമ്പതാം നൂറ്റാണ്ട് മുതൽക്കാണ്. പ്രകൃതിപരമോ സാമൂഹികമോ ആയ ഒരു പ്രതിഭാസത്തെ പ്രകൃത്യതീത ശക്തികളുമായി ബന്ധപ്പെടുത്തിക്കൊണ്ട് പരമ്പരാഗതമായി പറഞ്ഞുപോരുന്ന കഥകളെ സൂചിപ്പിക്കുന്നതായിരുന്നു പ്രധാനമായും ഈ വാക്ക്. തെളിവുകളെ ആശ്രയിക്കാത്ത 'അറിവാ'ണ് മിത്തോസ്. അത് ഭാവനയെയാണ് ആശ്രയിക്കുന്നത്, അതിലാണ് നിലകൊള്ളുന്നതും. ലോഗോസ് ആണെങ്കിൽ താർക്കികവും (argumental) യുക്തിപരവും (logical) ഹേതുപരവുമായ (rational) തെളിവുകളെ ആശ്രയിക്കുന്നു. സിയോ ആകട്ടെ, വസ്തുനിഷ്ഠവും ഭൗതികവുമായ തെളിവുകളിന്മേലാണ് നിലനിൽക്കുന്നത്.
പ്രകൃതിയെ, എന്നും മനുഷ്യനെ വിസ്മയിപ്പിച്ചുകൊണ്ടിരുന്ന അതിലെ പ്രതിഭാസങ്ങളെ നിർധാരണം ചെയ്യാനുള്ള പരിശ്രമങ്ങളുടെ ചരിത്രമാണത്. പ്രതിഭാസങ്ങളെപ്പോലെത്തന്നെ ആ വിശകലന ചരിത്രവും വിസ്മയകരമാണ്. അതിന്റെ ആദിമ ദശയിൽ മനുഷ്യൻ പ്രകൃതിയെയും ഭൂമിയെയും ജീവനെയും ജീവിതത്തെയുമെല്ലാം വരകളിൽ ആവാഹിക്കാൻ ശ്രമിക്കുകയും കഥകൾ കൊണ്ട് വിശദീകരിക്കുകയും ചെയ്തു. കഥകൾ വാമൊഴിയിൽ നിലനിൽക്കുകയും പരമ്പരാഗതമായി വിനിമയം ചെയ്യപ്പെടുകയും ചെയ്തു. മിത്തിന്റെ ഉൽപത്തി ഇതാണ്. പ്രതിഭാസങ്ങളെ ഭാവനയിലൂടെ വിശ്ലേഷണം ചെയ്യുന്ന ഈ പ്രക്രിയയിൽതന്നെയാണ് കലയുടെയും സാഹിത്യത്തിന്റെയും കൂടി ഉത്ഭവം.
***** ***** *****
പ്രധാനമായും ഈതിയോളജിയുമായി (ഉൽപത്തി, പ്രതിഭാസങ്ങളുടെ കാരണങ്ങൾ തുടങ്ങിയവ സംബന്ധിച്ച അറിവുകൾ) ബന്ധപ്പെട്ട ചിന്തകളാവണം പ്രാക്തനമായ ഭാവനകളിലേക്കും അതുവഴി മിത്തുകളിലേക്കും സഞ്ചരിച്ചത്. പ്രളയത്തെയും സൃഷ്ടിയെയും കുറിച്ച ഇന്ത്യൻ മിത്തോളജിക്കൽ വിഭാവനങ്ങൾ അതിൽപെട്ടതാണ്.
പ്രകടമായ ഉദാഹരണം നോർഡിക് മിത്തുകളാണ്. ഋതുപ്പകർച്ചകളെ വിശദീകരിക്കുന്നവയാണ് തോറിന്റെ ചുറ്റികയുടെയും അപഹരിക്കപ്പെടുന്ന ഫ്രെയ്ജയുടെയും ഐതിഹ്യങ്ങൾ. സ്കാൻഡിനേവിയൻ രാജ്യങ്ങളിലെ ആദിമ നിവാസികളായ വൈക്കിങ്ങുകൾ വിശ്വത്തെ പ്രധാനമായും മൂന്ന് ലോകങ്ങളായി സങ്കൽപ്പിച്ചു. തങ്ങൾ ജീവിക്കുന്ന ലോകം മിഡ്ഗാഡ് ആണ്. കേന്ദ്രത്തിൽ ദേവന്മാരുടെ ലോകം അഥവാ അസ്ഗാഡ് സ്ഥിതിചെയ്യുന്നു. പുറത്ത് ദുഷ്ടശക്തികളുടെ ലോകവും. ഇതിനെ അട്ഗാഡ് എന്നും വിളിക്കാം.
ഉർവരദേവതയായ ഫ്രെയ്ജയാണ് മിഡ്ഗാഡിലെ വസന്തം. വൈക്കിങ്ങുകളെ തോൽപിക്കാൻ വേണ്ടി ദുഷ്ടശക്തികൾ ഫ്രെയ്ജയെ തട്ടിക്കൊണ്ടുപോകും. അതോടെ വിളവുകളില്ലാതാവും. അപ്പോൾ ദേവന്മാർ രംഗത്തിറങ്ങും. അവരുടെ തലവനായ തോർ തന്റെ ചുറ്റികകൊണ്ട് ദുഷ്ടശക്തികളെ നിഗ്രഹിച്ച് ഫ്രെയ്ജയെ മോചിപ്പിക്കും. അങ്ങനെ മഴ പെയ്യുകയും വസന്തം തിരിച്ചുവരികയും ചെയ്യും.
തോർ ചുറ്റികയുടെ സ്ഥാനത്ത് ഇന്ത്യൻ മിത്തോളജിയിലുള്ളത് ഇന്ദ്രന്റെ വജ്രായുധമാണ്. ദേവേന്ദ്രൻ വജ്രായുധം വീശുമ്പോഴത്രേ ഇടിമിന്നലുകളും മഴയുമുണ്ടാകുന്നത്.
ഋതുഭേദങ്ങളെ, പ്രത്യേകിച്ച് വേനലിന്റെയും വസന്തത്തിന്റെയും ആവർത്തനത്തെ കാൽപനികമായി വിശദീകരിക്കുന്നതാണിത്. പ്രകൃതിയിലുണ്ടാകുന്ന പുഷ്കലതയെയും വരൾച്ചകളെയും മനസ്സിലാക്കാനുള്ള പരിശ്രമം. ഒപ്പം നന്മതിന്മകളുടെ സംഘർഷത്തെയും ഇത് വിശദീകരിക്കാൻ ശ്രമിക്കുന്നു. കാൽപനികമായ ആവിഷ്കാരങ്ങളാണിവ. സാഹിതീയമായ ഇത്തരം ആഖ്യാനങ്ങൾക്ക് പിൽക്കാലത്ത് ദൃശ്യവും ശ്രാവ്യവുമായ ആവിഷ്കാരങ്ങളുണ്ടായിട്ടുണ്ടാകാം. മിത്തിക കഥാപാത്രങ്ങൾ ദൈവങ്ങളാകുന്ന മുറക്ക് ആവിഷ്കാരങ്ങൾ വിഗ്രഹങ്ങളായും അനുഷ്ഠാന കലകളായും മാറിയിട്ടുണ്ടാവാം. സ്വാഭാവികമായും അതിൽ നിന്ന് മന്ത്രവാദവും ഉദ്ഭവിച്ചിട്ടുണ്ടാവണം.
പിന്നീട് അനുഭവത്തിന്റെയും യുക്തിയുടെയും അടിസ്ഥാനത്തിലുള്ള ചിന്തയുടെ ലോകത്തിലേക്കുള്ള പരിവർത്തനം അഥവാ തത്ത്വചിന്തയിലേക്കുള്ള പുരോഗമനമുണ്ടായി. നൈസർഗികതയുടെ തത്ത്വചിന്തകന്മാരായി അറിയപ്പെട്ടവരായിരുന്നു തെയിൽസും പൈതഗോറസും മറ്റുമൊക്കെ. പിന്നെ സോഫിസ്റ്റുകളുടെ കാലമായപ്പോഴേക്കും ചിന്ത സാമൂഹിക തലത്തിലേക്ക് വികസിച്ചു. സോക്രട്ടീസും പ്ലേറ്റോയും മറ്റും സമൂഹങ്ങളെപ്പറ്റി, വൃക്തിയും സമൂഹവും തമ്മിലുള്ള ആദാന പ്രദാനങ്ങളെയും ബന്ധങ്ങളെയും പറ്റി സംസാരിച്ചു തുടങ്ങി.
ഇതോടെ ഈതിയോളജിക്കൽ ആവിഷ്കാരങ്ങളിൽ നിന്ന് വിട്ട് കല കൂടുതൽ സങ്കീർണമായ ജീവിതത്തെ അഭിമുഖീകരിച്ചു തുടങ്ങി. കല അങ്ങനെയൊരു തലത്തിലേക്ക് വികസിച്ചുവെങ്കിലും പ്രാക്തന മിത്തുകളിൽനിന്ന് രൂപംകൊണ്ട അനുഷ്ഠാനങ്ങളും മന്ത്രവാദവും ദൈവരൂപങ്ങളുമൊക്കെ അതുപോലെ നിലനിന്നു. പുതിയ ആവിഷ്കാരങ്ങൾ പുതിയ മിത്തുകളായിത്തീർന്നു. ആ പുരാവൃത്തങ്ങളാകട്ടെ, കൂടുതൽ ചരിത്ര ബന്ധിതവുമായിരുന്നു.
കൂടുതൽ നിരീക്ഷണാധിഷ്ഠിതമായ, വസ്തുനിഷ്ഠതയിൽ ഊന്നുന്ന ജ്ഞാനത്തിലേക്ക് കടന്നതോടെ, ഭൗതിക പ്രതിഭാസങ്ങളെ വിശദീകരിക്കേണ്ട ചുമതല ശാസ്ത്രം ഏറ്റെടുത്തു. അതോടെ, ജീവിതവുമായി ബന്ധപ്പെട്ട മറ്റു സങ്കീർണതകളിലേക്ക് സഞ്ചരിച്ചു തത്ത്വചിന്ത. അങ്ങനെ സാഹിത്യത്തിനും സയൻസിനും ദർശനങ്ങളുണ്ടായി.
***** ***** *****
നമ്മുടെ മനസ്സിൽ ഉറങ്ങിക്കിടക്കുന്ന വംശസ്മൃതികളാണ് മിത്തുകൾ. സംസ്കാരങ്ങളെ ജാഗ്രത്താക്കുന്ന പ്രാക്തന മാതൃകകളാണവ. ആ നിലക്കാണ് അത് ചരിത്രാന്വേഷണത്തിന്റെയും കരുവായി മാറുന്നത്.
മിത്തുകളെ സ്വപ്നങ്ങളുമായി ബന്ധപ്പെടുത്തി ചില വിശകലനങ്ങളുണ്ട്. വ്യക്തിയുടെ ആഗ്രഹങ്ങളുടെയും ഉത്കണ്ഠകളുടെയും പ്രതിഫലനമാണ് സ്വപ്നം. സ്വപ്നം അബോധമനസ്സിനെ (unconscious mind) പ്രകാശിപ്പിക്കുന്നുവെന്ന് സിഗ്മണ്ട് ഫ്രോയ്ഡ് സിദ്ധാന്തിച്ചു. പൂർത്തീകരിക്കാൻ പറ്റാത്ത അഭിലാഷങ്ങളുടെ പ്രതിഫലനമാണ് ഫ്രോയ്ഡിന് സ്വപ്നങ്ങൾ. ഒരാളുടെ മനസ്സിനെയും വിചാരങ്ങളെയും പിരിമുറുക്കങ്ങളെയും വിശ്ലേഷണം ചെയ്യുന്നതിൽ പ്രധാന ടൂളാണ് സ്വപ്നം. ന്യൂറോ സയൻസിന്റെയും ന്യൂറോ ഫിസിയോളജിയുടെയും പഠനത്തിലും സ്വപ്നം സുപ്രധാനമായ ടൂളാണ്.
സ്വപ്നം വ്യക്തിയുടെ അഭിലാഷങ്ങളെയും ഉദ്വേഗങ്ങളെയും പ്രതിഫലിപ്പിക്കുന്നതിന് സമാന്തരമായി സമൂഹത്തിന്റെ ആഗ്രഹങ്ങളുടെയും ഉത്കണ്ഠകളുടെയും പ്രതിഫലനമാണ് മിത്തുകൾ.
മനുഷ്യനെ, വിശേഷിച്ചും മനുഷ്യമനസ്സിനെ സംബന്ധിച്ച പഠനത്തിൽ സ്വപ്നത്തിന് ഇത്രയേറെ പ്രാധാന്യമുണ്ടായിട്ടും ഒരു സ്വപ്നത്തിന്റെയും യുക്തി അന്വേഷിച്ച് ആരും തല പുകയ്ക്കാറില്ല. വ്യഷ്ട്യനുഭവങ്ങളാണ് (subjective experiences) സ്വപ്നത്തിന്റെ ഉള്ളടക്കമെങ്കിൽ സമഷ്ട്യനുഭവങ്ങൾ (collective experiences) മിത്തുകൾക്ക് കാരണമാകുന്നു. സ്വപ്നം വ്യഷ്ടിയുടെ ജീവിതത്തിൽ പ്രവർത്തിക്കുന്നത് എങ്ങനെയൊക്കെയാണോ സമാനമായി സമഷ്ടിയുടെ ജീവിതത്തിൽ മിത്തും പ്രവർത്തിക്കുന്നു. ആന്തരികാനുഭൂതികളുടെ ഭാവാവിഷ്കാരം എന്ന് ഉപനിഷത്തുകൾ സ്വപ്നങ്ങളെ വിളിക്കുന്നുണ്ട്.
സ്വപ്നങ്ങൾക്ക് മൂന്ന് ഭാവങ്ങളുള്ളതായി ഇസ്്ലാമിക ദാർശനികർ വിശദീകരിക്കുന്നു. അതിൽ 'അർറുഅ്യാ' എന്നതിനെ ദർശനം എന്ന് വിവർത്തനം ചെയ്യാം - ആഴവും കാമ്പുമുള്ള സ്വപ്നങ്ങൾ. പ്രവാചകന്മാർക്ക് വഹ്്യ് ആയും വിശ്വാസികൾക്ക് ഇൽഹാം ആയും രാജാക്കന്മാർക്ക് മുന്നറിയിപ്പുകളായും വരുന്ന സ്വപ്നങ്ങൾ. സ്വപ്നങ്ങളിലെ രണ്ടാമത്തെ ഇനം ശൈത്വാനിയഃ ആണ് - സാത്താനികമായ ദുർവിചാരങ്ങളുടെ (വസ്്വാസ്) പ്രതിഫലനങ്ങൾ. എന്നാൽ, കൂടുതൽ സ്വപ്നങ്ങളെയും ഹുൽമ് മാത്രമായാണ് ഇസ്്ലാം കാണുന്നത്. സാധാരണ ദൈനംദിന സ്വപ്നങ്ങളാണവ.
വ്യഷ്ടിതലത്തിൽ സ്വപ്നങ്ങളെ എങ്ങനെയൊക്കെ വിശദീകരിക്കാമോ, അതുപോലൊക്കെയുള്ള സാധ്യതകൾ സമഷ്ടിതലത്തിൽ മിത്തുകളുടെ പഠനത്തിലും കണ്ടെത്താം. പൊതുവെ സാഹിത്യാദി ആവിഷ്കാരങ്ങളുടെ കാര്യത്തിൽ ഇസ്്ലാം മുന്നോട്ടുവെക്കുന്ന വിശകലന മാനദണ്ഡം തന്നെ സമാനമാണ്. ബിർറ്, ഹറാം, ജാഇസ് എന്നിങ്ങനെ അൽഗസാലി ആവിഷ്കാരങ്ങളെ വർഗീകരിക്കുന്നുണ്ട്. ഇതിൽ ബിർറിനെ ദർശന സ്വപ്നത്തോടും (റുഅ്യാ) ഹറാമിനെ സാത്താനിക സ്വപ്നത്തോടും (ശൈത്വാനിയഃ) ജാഇസിനെ ദൈനംദിന സ്വപ്നത്തോടും (ഹുൽമ്) സമീകരിക്കാം; അത്ര കൃത്യമായല്ലെങ്കിലും. സമാനമായ രീതിയിൽ മിത്തോളജിയിലും നമുക്കൊരു വിഭജന മാനദണ്ഡം സ്വീകരിക്കാൻ പറ്റും. ഒരു സ്വപ്നത്തിന്റെയും യുക്തി അന്വേഷിച്ച് ആരും തല പുകയ്ക്കാറില്ലാത്തതു പോലെത്തന്നെ, മിത്തുകൾ യുക്തിയുടെ മാനദണ്ഡങ്ങൾക്ക് വഴങ്ങണമെന്നില്ല. എന്നാൽ സാമൂഹിക, സാംസ്കാരിക, ചരിത്ര പഠനങ്ങളിൽ അനിവാര്യമായൊരായുധമാണത്.
ചിലപ്പോൾ മിത്തുകൾ ആഴമുള്ള ദർശനങ്ങളെ അടയാളപ്പെടുത്തുന്നു. യിൻ-യങ് ദ്വന്ദ്വം ചൈനീസ് ദർശന പദ്ധതികളിലെ പ്രധാനപ്പെട്ട ഒരാധാരമാണ്. വിരുദ്ധങ്ങൾ തമ്മിലുള്ള സംഘർഷങ്ങളെയും സമന്വയത്തെയും സംബന്ധിച്ച പ്രാക്തന ദർശനങ്ങളിൽപ്പെടും യിൻ-യങ് ദ്വന്ദ്വം എന്ന തത്ത്വം. സമാനമായി ഇന്ത്യൻ ഫിലോസഫിയിൽ പ്രകൃതി-പുരുഷൻ എന്ന ദ്വന്ദ്വവും കാണാം. ഈ ദർശനത്തിന്റെ പ്രതീകമാണ് ശിവ-ശക്തി പുരാണങ്ങൾ.
മറ്റു ചിലപ്പോൾ മിത്തുകൾ ചരിത്രഗതിയെ ചിത്രീകരിക്കുന്നു. ദേവാസുര സംഘർഷത്തിന്റെ ആഖ്യാനങ്ങളെപ്പറ്റി അങ്ങനെയൊരു പഠനമുണ്ട്. ഇംഗ്ലീഷിൽ കസിൻ എന്ന് പറയാവുന്ന കുടുംബബന്ധമുള്ളവരാണ് പുരാണത്തിലെ ദേവാസുരന്മാർ. ജ്യേഷ്ഠത്തി, അനുജത്തിമാരുടെ (ദിതി, അദിതി) മക്കൾ. ഇവർ തമ്മിലുള്ള സംഘർഷം ഇറാനിലും മറ്റു മധ്യേഷ്യൻ ആര്യദേശങ്ങളിലും ഉടലെടുത്ത വഴക്കുകളെയാവാം സൂചിപ്പിക്കുന്നത്. ഈ സംഘട്ടനത്തിൽ പരാജയപ്പെട്ടവരാവാം അവിടെ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയത്. അങ്ങനെയെങ്കിൽ ഇന്ത്യൻ ആര്യനാണ് ദേവൻ; അസുരൻ ഇറാനിയൻ ആര്യനും.
ഈ നിരീക്ഷണത്തെ ബലപ്പെടുത്തുന്ന ഒരുപാട് വസ്തുതകളുണ്ട്. ഒന്നാമതായി, സഹോദരിമാരുടെ മക്കൾ എന്ന നിലക്കുള്ള ദേവാസുരന്മാരുടെ ബന്ധം തന്നെ. അതുപോലെ സംസ്കൃത പുരാണങ്ങളിൽ ദേവൻ നായകനും (പ്രോട്ടഗോണിസ്റ്റ്) അസുരൻ പ്രതിനായകനും (ആന്റഗോണിസ്റ്റ്) ആണ്. അതേസമയം സെന്ദ് പുരാണങ്ങളിൽ (ഇറാനിലെ പൗരാണിക ഭാഷ) അസുരനാണ് (അഹുരൻ) പ്രോട്ടഗോണിസ്റ്റ്. ദേവനെ അവ നീചസ്ഥാനത്ത് നിർത്തുന്നു. ദേവാസുരസംഘട്ടന കഥകളുടെ പൊതുവായ ഫോർമാറ്റും ഈ വീക്ഷണത്തെ പിന്തുണക്കുന്നു. മിക്കപ്പോഴും അസുരന്മാരോട് ദേവന്മാർ തോൽക്കുകയാണ് പതിവ്. പിന്നീട് ദൈവങ്ങളുടെ സഹായത്തോടെ അവർ ജയിക്കുകയാണ്. ആ ജയം എന്നത് അവരുടെ അഭിലാഷമാണ്, സ്വപ്നമാണ്.
ഇനിയും ചിലപ്പോൾ മിത്തുകൾ സാമൂഹിക വ്യവസ്ഥയെ പ്രതിഫലിപ്പിക്കുന്നു. ആര്യ നാഗരികതയെ പവിത്രപ്പെടുത്തുകയും വനവാസികളെയും മറ്റും അധമവത്കരിക്കുകയും ചെയ്യുന്ന പൃഥു, നിഷാദൻ പുരാണവും ജാതിബോധം കൊണ്ട് മലിനപ്പെട്ടിട്ടുള്ള വർണവ്യവസ്ഥയെ താങ്ങിനിർത്തുന്ന പുരാണ കഥകളും ഉദാഹരണമാണ്.
മിത്തിന് മിഥ്യ എന്നർഥമില്ല; വ്യാവഹാരികാർഥത്തിൽ റിയാലിറ്റി എന്നതിന്റെ വിപരീതമായി മിത്ത് എന്ന പദം പൊതുവെ ഉപയോഗിക്കാറുണ്ടെങ്കിലും. ചുറ്റുപാടുകളെ വിശദീകരിക്കാനുള്ള മനുഷ്യ പരിശ്രമങ്ങളിലും മനുഷ്യന്റെ ജ്ഞാനാന്വേഷണങ്ങളിലും മിത്തോളജിക്ക് വലിയ പ്രാധാന്യമുണ്ടെങ്കിലും മിത്ത് ഒരിക്കലും ശാസ്ത്രമല്ല. ചരിത്രസത്യങ്ങളെ പലപ്പോഴും മിത്തുകൾ പ്രതിഫലിപ്പിക്കാറുണ്ടെങ്കിലും, ചരിത്രപഠനത്തിൽ അനിവാര്യമായ കരുക്കൾ മിത്തോളജി നൽകുന്നുണ്ടെങ്കിലും മിത്ത് ചരിത്രവുമല്ല. എന്നാൽ മിഥ്യ (delusion) എന്ന് അവഗണിക്കപ്പെടേണ്ടവയുമല്ല മിത്തുകൾ.
***** ***** *****
വേരുറച്ചു പോകുന്ന പാരമ്പര്യങ്ങൾ പലപ്പോഴും അധികാര വ്യവസ്ഥയുടെ ആയുധങ്ങളായിത്തീർന്നിട്ടുണ്ട്. മിത്തുകളും ഇതിൽപെടും. പുരാവൃത്തങ്ങളുടെയും അവയിലെ ദേവതകളുടെയും പേരിൽ സ്വേച്ഛാധിപത്യം കൈയടക്കി വാണിട്ടുള്ള എത്രയോ ദുരധികാരികൾ ചരിത്രത്തിലുണ്ട്. ഇന്ത്യയിൽ ജാതിവ്യവസ്ഥ അരക്കിട്ടുറപ്പിക്കുന്നതിനും മിത്തുകൾ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ വലതുപക്ഷ ഹിന്ദുത്വ വംശീയത ആരംഭം തൊട്ട് തന്നെ, അപരവിദ്വേഷം സൃഷ്ടിക്കുന്നതിനും തങ്ങൾക്കനുരൂപമായ മനസ്സൊരുക്കുന്നതിനും കൂടി ഇവയെ ഉപയോഗിച്ചിട്ടുണ്ട്.
ഇപ്രകാരം ഒരു യാഥാസ്ഥിതിക സമ്പ്രദായത്തിന്റെ നിലനിൽപിനുള്ള കരുക്കളായും മിത്തുകൾ പ്രവർത്തിച്ചിട്ടുണ്ട്, പ്രവർത്തിക്കുന്നുമുണ്ട്. അതാകട്ടെ, മനുഷ്യന്റെ സർഗാത്മകതയുടെ തന്നെ ദുരുപയോഗമാണ്.
എന്തായാലും സംസ്കാരങ്ങളുടെ പ്രകാശനങ്ങൾ എന്ന നിലക്ക് മിത്തുകൾ ഒരു പ്രധാന പഠനവിഷയം തന്നെയാണ്. l
Comments