Prabodhanm Weekly

Pages

Search

2023 ആഗസ്റ്റ് 18

3314

1445 സഫർ 01

"പസ്മാന്ദകള്‍'ക്ക് വേണ്ടി മുതലക്കണ്ണീര്‍

എഡിറ്റർ

യു.എ.ഇ സന്ദര്‍ശനം കഴിഞ്ഞെത്തിയ ഉടനെയായിരുന്നു 'അധഃസ്ഥിത (പസ്മാന്ദ) മുസ്്‌ലിംകളു'ടെ വക്കാലത്ത് ഏറ്റെടുത്തുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഹൈദരാബാദില്‍ ചേര്‍ന്ന ബി.ജെ.പി എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലാണ് മോദി ഈ വിഷയം ആദ്യമായി ചര്‍ച്ചക്കിട്ടത്. പിന്നീട് ചേര്‍ന്ന ബി.ജെ.പിയുടെ ഉന്നതതല യോഗങ്ങള്‍ 'അധഃസ്ഥിത' മുസ്്‌ലിംകളെ ചൂണ്ടയിടാനുള്ള പലതരം തന്ത്രങ്ങള്‍ക്ക് രൂപം നല്‍കിക്കൊണ്ടിരുന്നു. ബി.ജെ.പിക്ക് കീഴിലുള്ള ന്യൂനപക്ഷ മോര്‍ച്ച 'പസ്മാന്ദ സ്‌നേഹ സംവാദ യാത്ര' നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഒക്ടോബര്‍ വരെ യാത്ര നീളും. ദല്‍ഹിയില്‍നിന്ന് തുടങ്ങി ഉത്തരാഖണ്ഡ്,  ഉത്തർ പ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാന്‍, ഹരിയാന, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലൂടെ യാത്ര കടന്നുപോകും.
മുസ്്‌ലിംകളില്‍ അമ്പത് ശതമാനത്തോളം വരുന്ന 'പസ്മാന്ദകള്‍' സമുദായത്തിനകത്ത് ജാതി വിവേചനത്തിന്റെ ഇരകളാണെന്നും അവരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ തങ്ങള്‍ പ്രതിജ്ഞാ ബദ്ധരാണെന്നുമാണ് സംഘ് പരിവാര്‍ പറയുന്നത്. മണിപ്പൂരില്‍ ഇരു ഭരണകൂടങ്ങളുടെയും മൗനാനുവാദത്തോടെ അവിടത്തെ ക്രിസ്ത്യന്‍ ന്യൂനപക്ഷം അതിഭീകരമായ വംശഹത്യക്ക് ഇരകളായിക്കൊണ്ടിരിക്കുമ്പോള്‍ 'ന്യൂനപക്ഷ സ്‌നേഹം' വിളിച്ചുകൂവാന്‍ തെല്ലൊന്നും പോരാ തൊലിക്കട്ടി. ഗ്യാന്‍വാപി മസ്ജിദിന്റെ പേരിലും സംഘ് പരിവാര്‍ കലഹത്തിനൊരുങ്ങുകയാണ്. ഏക സിവില്‍ കോഡ് ഇറക്കിക്കളിക്കുന്നതും മുസ്്‌ലിം സമുദായത്തെ ടാര്‍ഗറ്റ് ചെയ്യാന്‍ വേണ്ടിത്തന്നെ. ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരിക്കുന്നത്, വീണ്ടും അധികാരത്തില്‍ വന്നാല്‍ പസ്മാന്ദ മുസ്്‌ലിംകള്‍ക്ക് നല്‍കിവരുന്ന സംവരണം നിര്‍ത്തലാക്കുമെന്നാണ്. കര്‍ണാടകയില്‍ മുസ്്‌ലിം സംവരണം ബി.ജെ.പി ഭരണകൂടം നിര്‍ത്തലാക്കുകയും ചെയ്തു. വിഷയം കോടതിയുടെ പരിഗണനയിലാണ്. സംഘ് പരിവാര്‍ ആസൂത്രണം ചെയ്യുന്ന കലാപങ്ങളുടെ മുഖ്യ ഇരകളും അവര്‍ പസ്മാന്ദകള്‍ എന്ന് വിളിക്കുന്ന പിന്നാക്ക മുസ്്‌ലിം വിഭാഗങ്ങള്‍ തന്നെ. കന്നുകാലികച്ചവടവും തോല്‍ ബിസിനസ്സും മുഖ്യ ഉപജീവനമാക്കിയ ഇവരുടെ വയറ്റത്തടിച്ചതും ഫാഷിസ്റ്റ് സംഘങ്ങൾ തന്നെ. ന്യൂനപക്ഷ വിദ്യാർഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ ഓരോന്നോരോന്നായി ഭരണകൂടം നിര്‍ത്തലാക്കിക്കൊണ്ടിരിക്കുന്നു. ഇതിന്റെയൊക്കെ കെടുതികള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് 'പസ്മാന്ദകള്‍' തന്നെ. അബ്ദുല്ലക്കുട്ടിയെയോ മുന്‍ അലീഗഢ് വൈസ് ചാന്‍സലര്‍ ത്വാരിഖ് മന്‍സ്വൂറിനെയോ ബി.ജെ.പി വൈസ് പ്രസിഡന്റുമാരാക്കിയതുകൊണ്ട് മറച്ചുപിടിക്കാന്‍ കഴിയുന്നതല്ല ഈ സത്യങ്ങള്‍.
ജനതാ ദള്‍ യു ടിക്കറ്റില്‍ രാജ്യസഭാ അംഗമായിരുന്ന, ആള്‍ ഇന്ത്യാ പസ്മാന്ദ മുസ്്‌ലിം മഹാസ് രൂപവത്കരിച്ച അലി അന്‍വര്‍ അന്‍സാരി പ്രധാനമന്ത്രിക്ക് എഴുതിയ കത്തില്‍ ചോദിച്ച ചില ചോദ്യങ്ങളുണ്ട്: കലാപങ്ങളില്‍ പസ്മാന്ദകളാണ് മുഖ്യ ഇരകള്‍ എന്നിരിക്കെ, മുസ്്‌ലിംകള്‍ക്കെതിരെയുള്ള വെറുപ്പുൽപാദനം അദ്ദേഹത്തിന്റെ പാര്‍ട്ടി നിര്‍ത്തുമോ? ഈ അധഃസ്ഥിത വിഭാഗത്തിന് വിദ്യാഭ്യാസ, തൊഴില്‍ സംവരണം നല്‍കുമോ? അവരുടെ ഉന്നമനത്തിന് പ്രത്യേക സ്‌കീം പ്രഖ്യാപിക്കുമോ? ഇതൊന്നും ചെയ്യാതെ വെറുതെ മുതലക്കണ്ണീരൊഴുക്കി സ്വയം പരിഹാസ്യരാവരുത് എന്നാണ് അദ്ദേഹത്തിന്റെ ഉപദേശം. അതേസമയം, ഇന്ത്യന്‍ മുസ്്‌ലിംകളിലെ  വിവേചനം ഒരു യാഥാര്‍ഥ്യമാണെന്നും ആ പ്രശ്‌നത്തെ ആര്‍ജവത്തോടെ അഭിമുഖീകരിക്കുകയാണ് അതിനുള്ള പരിഹാരമെന്നും മുസ്്‌ലിം നേതൃത്വവും പണ്ഡിതന്മാരും തിരിച്ചറിയുകയും വേണം. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 01-03
ടി.കെ ഉബൈദ്‌

ഹദീസ്‌

അഞ്ച് ഉപദേശങ്ങൾ
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്