Prabodhanm Weekly

Pages

Search

2023 ആഗസ്റ്റ് 18

3314

1445 സഫർ 01

ഇബാദിയ്യ ഒരു സുന്നി മദ്ഹബാണ്

ഇസ്്ലാമിക ചരിത്രത്തിലെ ഒരു പ്രധാന ചിന്താസരണി (മദ്ഹബ് ) യാണ് ഇബാദിയ്യ (الاباضية). പല നാടുകളിൽനിന്നുള്ള മുസ്്ലിംകൾ ആ ചിന്താസരണി പിന്തുടരുന്നുണ്ട്. ഈ മദ്ഹബ് പിന്തുടരുന്നവർ ഏറ്റവും കൂടുതലുള്ളത് ഒമാനിലാണ്. അവിടത്തെ മുസ്്ലിംകളിൽ ഭൂരിപക്ഷവും അവർ തന്നെ. ലിബിയ, അൾജീരിയ, തുനീഷ്യ, വടക്കനാഫ്രിക്ക, സാൻസിബാർ എന്നിവിടങ്ങളിലും ചെറിയ തോതിൽ ഇവരുടെ സാന്നിധ്യമുണ്ട്. പക്ഷേ, ചരിത്രത്തിൽ ഇവരെ അടയാളപ്പെടുത്തിയിരിക്കുന്നത് ഖവാരിജിൽ പെട്ട ഒരു വിഭാഗമായിട്ടാണ്. ഇസ്്ലാമിക ചരിത്രത്തിൽ ഭരണാധികാരികൾക്കെതിരെ സായുധ കലാപങ്ങൾ നടത്തിയവരാണ് ഖവാരിജ്. അവരുമായി സുന്നി മുഖ്യധാരയിലെ ചിന്താധാരകൾ അകലം പാലിക്കാൻ അതാണ് കാരണം.
യഥാർഥത്തിൽ ഇബാദികൾ ഭരണകൂടങ്ങൾക്കെതിരെ കലാപമഴിച്ചുവിടുന്ന ഖവാരിജ് ആയിരുന്നില്ല. ഈ ചിന്താധാരയുടെ സ്ഥാപകനും പ്രമുഖ സ്വഹാബികളുടെ ശിഷ്യനുമായ ഇമാം ജാബിറുബ്്നു സൈദ് (മരണം ഹി. 93) ഉമവി ഭരണകൂടത്തിന്റെ ഏകാധിപത്യ പ്രവണതകളെ വിമർശിച്ചിരുന്നതിനാൽ ഭരണകൂടം തന്നെ ചാർത്തി നൽകിയതായിരുന്നു ഈ ഖവാരിജ് ചാപ്പ. അബുൽ ഹസൻ അൽ അശ്അരി, ബഗ്ദാദി, ഇബ്്നു ഹസം പോലുള്ള പ്രമുഖർ പോലും ഈ ഭരണകൂട ഭാഷ്യം തങ്ങളുടെ കൃതികളിൽ അപ്പടി പകർത്തിവെച്ചു. പിൽക്കാലക്കാരും സൂക്ഷ്മ പഠനങ്ങൾ നടത്താതെ മുൻഗാമികളുടെ എഴുത്ത് പകർത്തിവെക്കുകയായിരുന്നു. ഈ തെറ്റിദ്ധാരണകൾ നീക്കാൻ ഇബാദികൾ മുൻകൈയെടുത്തതുമില്ല. മുഖ്യധാരയിൽനിന്നകന്ന് അവർ അവരുടെ രീതികളുമായി മുന്നോട്ടു പോയി.
ഇബാദികളെക്കുറിച്ച പഴയ തെറ്റിദ്ധാരണകൾ തിരുത്തുന്ന  നിരവധി പഠനങ്ങൾ  മുസ്്ലിം ലോകത്ത് ഇപ്പോൾ ഉണ്ടാകുന്നുണ്ട്. ശാഫിഈ, ഹനഫീ മദ്ഹബുകൾ പോലെ ഒരു മദ്ഹബ് തന്നെയാണ് ഇബാദിയ്യയും. ഇബാദികളുടെ രാഷ്ട്രീയ വീക്ഷണം കരുപ്പിടിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച അബ്ദുല്ലാഹിബ്്നു ഇബാദി(മരണം ഹി. 83)യിലേക്ക് ചേർത്താണ് ഇവർ ഇബാദികൾ എന്നറിയപ്പെടുന്നത്. ഇപ്പോഴിതാ പ്രമുഖ ചരിത്രകാരനായ ഡോ. അലി സ്വല്ലാബി  'ഇബാദിയ്യ - ഖവാരിജിൽനിന്ന് അകലം പാലിക്കുന്ന ഇസ്്ലാമിക ചിന്താധാര' എന്ന പേരിൽ അറബിയിൽ ആയിരത്തോളം പേജ് വരുന്ന ഒരു പുസ്തകമെഴുതിയിരിക്കുന്നു.
മുസ്്ലിം ലോകത്ത് സർവാദരണീയനായ ഒമാൻ മുഫ്തി ശൈഖ് അഹ്്മദുൽ ഖലീലിയുടെ പ്രവർത്തനങ്ങളും ഇബാദി മദ്ഹബിനെ മുഖ്യധാരയിലേക്കടുപ്പിക്കാൻ ഏറെ സഹായകമായിട്ടുണ്ട്.

 

ഒരു കൂട്ടക്കുരുതിയുടെ ഓർമകൾ

ഈ പേരിലുള്ള ഒരു ഇംഗ്ലീഷ് ഡോക്യുമെന്ററി (Memories of a Massacre) വൈറൽ ആണിപ്പോൾ. ഒറ്റ ദിവസം കൊണ്ട് അഞ്ച് ലക്ഷം പേരാണ് ഇത് കണ്ടത്. ഈജിപ്തിലെ സൈനിക അട്ടിമറിയെ തുടർന്ന് 2013 ആഗസ്റ്റ് 14-ന് കൈറോയിലെ റാബിഅ അദവിയ്യ സ്ക്വയറിൽ ഒത്തുചേർന്ന പ്രതിഷേധകരെ സൈന്യം കൂട്ടക്കൊല നടത്തിയതിനെപ്പറ്റിയുള്ള വസ്തുനിഷ്ഠ വിവരണമാണ് ഈ ഡോക്യുമെന്ററി. കൂട്ടക്കൊലയിൽനിന്ന് രക്ഷപ്പെട്ടവരും സംഭവം നേരിൽ കണ്ട പത്രപ്രവർത്തകരും തങ്ങളുടെ അനുഭവങ്ങൾ പങ്ക് വെക്കുന്നുണ്ട്. കൂട്ടക്കൊലക്ക് പത്ത് വർഷം തികയുന്നതോടനുബന്ധിച്ച് ലണ്ടനിലായിരുന്നു പ്രദർശനം. 'ഈജിപ്ത് വാച്ച്' എന്ന കൂട്ടായ്മയാണ് അതിന് മുൻകൈയെടുത്തത്. ഈജിപ്തിലെ സീസി ഭരണകൂടം ഡോക്യുമെന്ററി പ്രദർശനം തടയാൻ സർവ കരുക്കളും നീക്കിയെങ്കിലും വിജയിച്ചില്ല.
 

തടവ് 16 വർഷം, പിഴ അഞ്ചര ലക്ഷം ഡോളർ

അമേരിക്കയിൽ മുസ്്ലിം പള്ളി കത്തിച്ചയാൾക്കാണ് ഈ ശിക്ഷ. 2020 ഏപ്രിൽ 24 - ന് റമദാൻ മാസത്തിലെ ആദ്യ ദിനത്തിൽ നിക്കളസ് ജോൺ പ്രഫിറ്റ് എന്നൊരാൾ കേപ് ഗിറാഡിയോവിലെ ഇസ്്ലാമിക് സെന്ററിന് തീവെക്കുന്നു. പഴുതടച്ച അന്വേഷണത്തിലൂടെ പ്രോസിക്യൂഷൻ കുറ്റം തെളിയിക്കുന്നു. തീവെപ്പ് അന്വേഷിക്കുന്ന സംഘത്തിന്റെ തലവൻ സ്റ്റീവൻ ഡെറ്റ്ൽബാച് പറയുന്നത് കാണൂ: "ഒരാൾക്ക് താനിഷ്ടപ്പെടുന്ന രീതിയിൽ പ്രാർഥിക്കാനുള്ള അവകാശം നമ്മുടെ രാഷ്ട്ര മൂല്യങ്ങളുടെ അകക്കാമ്പാണ്. ഒരാൾ ഒരു ആരാധനാലയം ആക്രമിക്കുമ്പോൾ ആ അമേരിക്കൻ അവകാശത്തെയാണ് ആക്രമിക്കുന്നത്. അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക തന്നെ വേണം."

 

കറുത്ത തുർക്കികൾ, വെളുത്ത തുർക്കികൾ

2015-ൽ പ്രസിഡന്റിന്റെ വസതിയിൽ ഒരുക്കിയ ഇഫ്ത്വാർ സംഗമത്തിൽ തുർക്കിയ പ്രസിഡന്റ് ഉർദുഗാൻ പറഞ്ഞു: "വെളുത്ത തുർക്കികൾ നിങ്ങളെയും ഞങ്ങളെയും വിശേഷിപ്പിക്കുന്നത് കറുത്ത തുർക്കികൾ (Zenci Turk ) എന്നാണ്. കറുത്ത തുർക്കിയായതിൽ ഞാൻ അഭിമാനിക്കുന്നു." ആർക്കും ആശയക്കുഴപ്പമുണ്ടാകും; ഉർദുഗാന്റെ തൊലിനിറം കറുപ്പല്ലല്ലോ. പിന്നെ അദ്ദേഹം എങ്ങനെ കറുത്ത തുർക്കിയാകും? പക്ഷേ, തുർക്കിയക്കാർക്ക് യാതൊരു ആശയക്കുഴപ്പവുമില്ല. തുർക്കിയയിൽ ആഴത്തിൽ വേര് പടർത്തിയ ഒരു വംശീയതയെക്കുറിച്ചാണ് അതെന്ന് അവർക്ക് അറിയാം. തൊലിനിറം നോക്കിയല്ല ആ പ്രയോഗം ഉണ്ടായിട്ടുള്ളതും. അതൊരു ആലങ്കാരിക പ്രയോഗമാണ്. തുർക്കിയയിലെ ഭൂരിപക്ഷം വരുന്ന അധഃസ്ഥിത കീഴാള വിഭാഗമാണ് കറുത്ത തുർക്കികൾ; പ്രത്യേകിച്ച് അനാത്വൂലിയ മേഖലയിൽ വസിക്കുന്ന മത പാരമ്പര്യമുള്ള തുർക്കികൾ. കമാൽ അത്താതുർക്കിന്റെ ആധുനിക തുർക്കിയ ഈ മതബോധമുള്ള ജന വിഭാഗങ്ങളെ അടിച്ചമർത്തുകയും അധികാര സ്ഥാനങ്ങളിൽനിന്ന് മാറ്റിനിർത്തുകയുമായിരുന്നു. പാശ്ചാത്യവൽക്കരിക്കപ്പെട്ട ഒരു പറ്റം വരേണ്യ അൾട്രാ സെകുലറിസ്റ്റുകൾ(അവരാണ് വെളുത്ത തുർക്കികൾ )ക്കായിരുന്നു അധികാരക്കുത്തക. അക് പാർട്ടി അധികാരത്തിൽ വന്നതോടെ യഥാർഥത്തിൽ ഈ അധികാരക്കുത്തക അട്ടിമറിക്കപ്പെടുകയാണ് ചെയ്തത്. തുർക്കിയയിലെ സംഘർഷങ്ങളെ ഈയൊരു പശ്ചാത്തലത്തിൽ കൂടി വേണം കാണാൻ. ഈ വിഷയത്തിൽ നിരവധി പുസ്തകങ്ങളുണ്ട്. ഡോ. മുഹമ്മദ് മുഖ്താർ ശൻഖീത്വി ഈ വിഷയകമായി ഒരു ലേഖനമെഴുതിയിരിക്കുന്നു അൽ ജസീറ നെറ്റിൽ.

 

ടൂറിസ്റ്റുകൾ 500 ദശലക്ഷം!

എല്ലാ അധികാരവും തന്നിലേക്ക് കേന്ദ്രീകരിക്കുന്ന തുനീഷ്യൻ പ്രസിഡന്റ് ഖൈസ് സഈദ് തന്റെ ശിങ്കിടികളെ മാത്രമേ മന്ത്രിപദവികളിലും മറ്റും നിയമിക്കുന്നുള്ളൂ. സാമാന്യ യുക്തി പോലും കൈമോശം വന്ന അവരിൽ ചിലർ പറയുന്ന മണ്ടത്തരങ്ങൾ സോഷ്യൽ മീഡിയയിൽ പരിഹാസത്തിന്റെ കൂട്ടച്ചിരി ഉയർത്തുന്നുണ്ട്. അതിലൊന്നാണ് തുനീഷ്യൻ ടൂറിസം മന്ത്രി മുഹമ്മദുൽ മുഇസ്സ് ബൽഹസന്റെ പ്രസ്താവന. കഴിഞ്ഞ ജൂലൈ അവസാനത്തോടെ തുനീഷ്യയിലേക്ക് ഈ വർഷം ഇതുവരെ വന്നത് 500 ദശലക്ഷം ടൂറിസ്റ്റുകളാണെന്നാണ് മന്ത്രി പറഞ്ഞത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലത്തെ ലോക ചരിത്രമെടുത്താൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ വന്നിട്ടുള്ളത് ഫ്രാൻസിലേക്കാണ്; 2019 - ൽ, 90 ദശലക്ഷം ടൂറിസ്റ്റുകൾ. നമ്മുടെ തുനീഷ്യൻ മന്ത്രി പറയുന്നത്, ഏഴ് മാസമായപ്പോഴേക്ക് തന്നെ 500 മില്യൻ കടന്നെന്ന്! l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 01-03
ടി.കെ ഉബൈദ്‌

ഹദീസ്‌

അഞ്ച് ഉപദേശങ്ങൾ
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്