ഉറക്കമുണർത്തുന്ന കനവുകൾ
ഖാലിദ്
ഉറക്കമുണർന്ന
കിനാക്കളിലെ
അമരക്കാരനാണ്
എനിക്കിന്ന് നീ
പൂമേനി പൊട്ടി
രക്തം വാർന്ന
രണാങ്കണത്തിൽ
ശത്രു പക്ഷത്തിന്റെ
നായകനായിരുന്നു നീ
മനസ്താപം
ഇളക്കി മറിച്ച
നിമിഷം മുതൽ
നീ പാഞ്ഞു കയറിയത്
സൂര്യതാപത്തിലുണങ്ങാത്ത
കനവുകളുടെ
ഉച്ചസ്ഥായിയിലേക്കായിരുന്നുവല്ലോ
ഉയർന്നു പൊങ്ങിയ
ഖഡ്ഗത്തിൽ
നിലം പൊത്തിയ
ശത്രു സങ്കേതങ്ങളേക്കാൾ
ആവേശമേറ്റുന്നത്
കടലിരമ്പങ്ങൾക്ക് മുന്നിലും
പതറാതെ നിൽക്കുന്ന
നിന്റെ തവക്കുലിൻ
കനത്തിനാണ്
നിങ്ങൾ ജീവിതം
കൊതിക്കുന്നതിലേറെ
തീവ്രമായ്
മരണം കൊതിക്കുന്നൊരു കൂട്ടർ
തമ്പടിച്ചിട്ടുണ്ട്
മറുകരയിൽ
രാജാവിനയച്ച കത്തിലെ
നിന്റെ വരികൾ
നിന്റെ നാക്കിൻ തുമ്പിലൂടൊരിക്കൽ
വാമൊഴിയായിക്കേട്ടീടണം
അത്രമേൽ
ധീരമാണാ കുഞ്ഞു വരികൾ
ഖാലിദ്
ഉമർ നിനക്കയച്ച കത്തും
കൈയിൽ പിടിച്ച്
അവസാന നിമിഷം വരെ
നായകനായി
വിജയാനന്തരം
സുസ്മേര വദനനായി
നായകസ്ഥാനത്തിന്റെ
പടിയിറക്കം
അന്ന് നിന്നെ
അബൂ ഉബൈദ പുണർന്നതിനേക്കാൾ
ചൂടോട് കൂടെ
എനിക്കൊന്ന് പുണരണം
ആ വീര്യത്തിലൊന്നും
ചോരാതെ
ആവാഹിക്കാൻ കഴിയുവോളം.
l
Comments