സർഗാത്മകമായ ജീവിതം
ജമാഅത്തെ ഇസ്്ലാമി അഖിലേന്ത്യാ അധ്യക്ഷനുമായി, അഖിലേന്ത്യാ സെക്രട്ടറി എ. റഹ്്മത്തുന്നിസ നടത്തിയ ദീർഘ സംഭാഷണത്തിന്റെ ആദ്യ ഭാഗം വായിച്ചു. നേതൃത്വത്തിന്റെ കുടുംബ - വിദ്യാഭ്യാസ പശ്ചാത്തലങ്ങളും വ്യക്തിജീവിതത്തിലെ സൂക്ഷ്മമായ ചിട്ടകളും അടുത്തറിയുമ്പോൾ നേതൃത്വത്തോടുള്ള മനസ്സടുപ്പവും ആദരവും ഏറിവരികയാണ്. ഇന്ത്യയിലെ കരുത്തുറ്റ ഇസ് ലാമിക പ്രസ്ഥാനത്തിന്റെ അമരക്കാരൻ എത്ര മനോഹരമായും സർഗാത്മകമായുമാണ് ആ ദൗത്യം കൈയാളുന്നത് !
വിജ്ഞാനവും വേഗതയും കാര്യക്ഷമതയും ഇസ്്ലാമിക പ്രസ്ഥാനത്തിന്റെ ഇന്നത്തെ നേതാക്കളുടെ അവശ്യ ഗുണങ്ങളായിരിക്കണമെന്ന് അമീറെ ജമാഅത്ത് പറയുമ്പോൾ, അത്തരം ഗുണങ്ങളുടെ ഒന്നാമത്തെ മാതൃകയായി അദ്ദേഹം നമ്മുടെ മുന്നിൽ നിൽക്കുക കൂടി ചെയ്യുന്നു.
പ്രവർത്തകരുടെ സോഷ്യൽ മീഡിയാ ഇടപെടലുകളിൽ ദീക്ഷിക്കേണ്ട മുൻഗണനാക്രമം, സമയ ക്രമീകരണത്തിൽ പാലിക്കേണ്ട പാഠങ്ങൾ, കുടുംബ ജീവിതത്തിൽ പുലർത്തേണ്ട പ്രാസ്ഥാനികത തുടങ്ങിയവയിലെല്ലാം ഈ സംഭാഷണം നിരവധി തിരിച്ചറിവുകൾ നൽകുന്നുണ്ട്.
ചില വിഷയങ്ങളിൽ താൻ ഇപ്പോഴും പിന്നിലാണെന്ന് സമ്മതിക്കുന്ന ആ വലിയ മനസ്സും ഇസ്്ലാമിക പ്രസ്ഥാന പ്രവർത്തകർക്ക് വലിയ സന്ദേശങ്ങൾ നൽകുന്നു. നാഥാ, ഞങ്ങളുടെ നേതൃത്വത്തെ നീ അനുഗ്രഹിക്കണേ....
ഇബ്റാഹീമീ നികാഹ് ഖുത്വ്്ബ
അങ്ങനെയും ഒരു നികാഹ് ഖുത്വ്്ബ അയ്യാമുത്തശ്്രീഖിന്റെ ദിനത്തിൽ കേൾക്കാൻ കഴിഞ്ഞു- മാറഞ്ചേരി സംയുക്ത ഈദ് ഗാഹ് നടന്ന പാലസ് ഓഡിറ്റോറിയത്തിൽ. പെരുന്നാൾ ഖുത്വ്്ബ നിർവഹിച്ചത് പ്രസ്ഥാന ജില്ലാ നേതാവ് ഹബീബ് ജഹാൻ. നിറഞ്ഞ സദസ്സിന് തക്ബീറിന്റെ, ഇസ്്ലാമിന്റെ, മുസ്്ലിമിന്റെ സവിശേഷതകൾ ലളിതമായി പറഞ്ഞുകൊടുത്തു. അധികാര- പുരോഹിത കൂട്ടുകെട്ടിനെതിരിൽ രംഗത്തുവന്ന വിപ്ലവ നായകനായ ഇബ്റാഹീം നബിയെ ഈ കാലഘട്ടത്തിന്റെയും വിമോചകനാക്കാൻ കഴിയണമെന്ന് ഉദ്ബോധിപ്പിച്ചു. ജില്ലാ സെക്രട്ടറി എം.സി നസീർ മൂന്നാം പെരുന്നാളിന് മറ്റൊരു നിറഞ്ഞ സദസ്സിന് മുന്നിൽ നടത്തിയ നികാഹ് ഖുത്വ്്ബയിൽ ഇബ്റാഹീം നബി എന്ന പിതാവ്, ഹാജറ ബീവി എന്ന മാതാവ്, ഇസ്മാഈൽ നബി എന്ന മകൻ എന്നിവരുടെ സവിശേഷതകൾ വിവരിച്ചപ്പോൾ അതൊരു ഇബ്റാഹീമീ നികാഹ് ഖുത്വ്്ബയായി. ഒരേ ഹാളിൽ അടുത്തടുത്ത ദിവസങ്ങളിൽ ഭിന്ന രീതികളിൽ ഇബ്റാഹീമീ ചരിത്രം മുഴങ്ങി.
ഉമർ മാറഞ്ചേരി
എന്താണൊരു പരിഹാരം?
ചില വര്‍ഷങ്ങളിലേതു പോലെ ഈ വര്‍ഷവും കേരളത്തില്‍ അറഫാ നോമ്പും ഹജ്ജ് പെരുന്നാളും യഥാര്‍ഥ വിശ്വാസികള്‍ക്ക് അസ്വസ്ഥതയാണ് സമ്മാനിച്ചത്. ഫിഖ്ഹ് മസ്അലകൾ എന്നും ഇസ് ലാമിക ലോകത്ത് വിവാദ വിഷയങ്ങള്‍ തന്നെയാണ്.
എങ്കിലും ഇസ് ലാമിന്റെ കണ്ണാടിയായ നോമ്പുകളും പെരുന്നാളുകളും ഒരു പ്രദേശത്ത് വ്യത്യസ്ത രീതിയിലാകുമ്പോള്‍ അതില്‍ സമുദായത്തിന് യാതൊരു 'കുളിരു'മില്ലാതെ പോവുകയാണോ?
സ്നേഹവും സൗഹൃദവും സഹകരണവും അതിലേറെ സന്തോഷവും നിറഞ്ഞുനില്‍ക്കേണ്ട അറഫാ നോമ്പും (ബലി പെരുന്നാളും) ഇത്തവണയും വ്യത്യസ്ത ദിനങ്ങളിലൂടെയാണ് കടന്നുപോയത്. പലരും വിവാദ വിഷയമാക്കേണ്ടതില്ല എന്ന് കരുതി പാത്തും പതുങ്ങിയുമാണ് ഈ അറഫാ ദിനത്തിന് നോമ്പ് നോറ്റ് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്. അതോടൊപ്പം പിറ്റേ ദിവസം ഇവരില്‍ പലരും പെരുന്നാള്‍ ആഘോഷിച്ചിട്ടുമില്ല.
ഈ ആധുനിക കാലത്തും നോമ്പും പെരുന്നാളുകളും ഏകീകരിച്ച് അനുഷ്ഠിക്കാനും ആഘോഷിക്കാനും നമുക്ക് കഴിയുന്നില്ല എന്ന് പറയുമ്പോള്‍ അത് ഇസ് ലാമിന്റെ കുറ്റമായും ന്യൂനതയായുമായാണ് ഇസ് ലാംവിമര്‍ശകര്‍ വിലയിരുത്തുന്നത്.
ഇത്തരം 'പ്രശ്നങ്ങള്‍' സ്വാഭാവികമാണ് . ഇത് ഇസ് ലാമിന്റെ കുറ്റമായും ന്യൂനതയായും കാണിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നത് മുസ് ലിംകളില്‍ ചിലര്‍ തന്നെയല്ലേ?
നസീര്‍ പള്ളിക്കല്‍
ഹാജറിനെ കുറിച്ച്
ഇസ്മാഈൽ നബിയുടെ മാതാവ് ഹാജറിനെ കുറിച്ച് ഹുസ്ന മുംതാസ് എഴുതിയ ലേഖനം (ലക്കം 3307) ശ്രദ്ധേയമായി. ഹജ്ജിന്റെ ചരിത്രത്തിൽ ഇബ്റാഹീമി(അ)നെയും ഇസ്മാഈലി(അ)നെയും പോലെ ശ്രദ്ധേയവും ശക്തവുമായ സ്ത്രീ സാന്നിധ്യമാണ് ഹാജർ. സ്വഫാ-മർവാ കുന്നുകളിൽ ആദ്യം ഓടിയത് ഹാജറാണ്. ഹിജ്റയിൽ ഹാജറുണ്ട്, ഹാജറിൽ ഹിജ്റയുമുണ്ട്.
മക്ക വെറും മണൽക്കാട് മാത്രമായിരുന്നപ്പോൾ ആണ് ഹാജർ അവിടെ എത്തുന്നത്. അവരുടെ പ്രാർഥനയും പരിശ്രമവുമാണ് മരുഭൂമിയുടെ അനുഗ്രഹമായ സംസം സാധ്യമാക്കിയത്. ലോകത്തെമ്പാടുമുള്ള മനുഷ്യരുടെ നേർപകുതിയായ സ്ത്രീകളുടെ സകല വരച്ചിടലുകളിലും വകഞ്ഞു മാറ്റലുകളിലും വരിഞ്ഞു മുറുക്കലുകളിലും ഹാജറുണ്ട്, അവരുടെ അടയാളവുമുണ്ട്.
ഹാജറിൽ മകളുണ്ട്, മാതാവുണ്ട്, ഭാര്യയുണ്ട്, നഗരം നിർമിച്ച ശിൽപിയുണ്ട്. ലോകത്തിലെ ആദ്യത്തെ ജലകരാറിൽ തുല്യം ചാർത്തിയതും ഹാജറാണ്. ആ ഉടമ്പടിയിൽനിന്നാണ് മക്ക എന്ന മരുഭൂമി ജനവാസമുള്ള പ്രദേശമായി മാറിയത്. അവിടെയാണ് ഇബ്റാഹീം (അ) കഅ്ബാലയം പണിതുയർത്തുന്നത്. ശേഷമാണ് മക്ക ജനസാഗരങ്ങളുടെ മഹാനഗരമായി മാറിയത്.
എല്ലാ കാലത്തും ദേശത്തിലും സ്ത്രീയുടേത് വെല്ലുവിളികളുടെ ജീവിതമാണ്. തീക്ഷ്ണമായ അനുഭവങ്ങളും കൂടിച്ചേർന്നതാണ് വനിതാ ലോകം. ഒപ്പം അവൾ അനാഥയും അടിമയും അഭയാർഥിയും കൂടിയാവുമ്പോൾ ആ ജീവിതം എത്ര സങ്കീർണവും ദുരിതങ്ങൾ നിറഞ്ഞതുമായിരിക്കും. അതൊക്കെയായിരുന്നിട്ടും അതിനെയെല്ലാം അതിജീവിച്ചു കൊണ്ടാണ് ഹാജർ ചരിത്രത്തിൽ തന്നെ സ്വയം കുറിച്ചിട്ടത്.
ഹംസ ചെമ്മാനം, പാലക്കാട്
മറന്നുപോകുന്ന മര്യാദകൾ
ഒരു വണ്ടിയുമായി റോഡിലിറങ്ങിയാൽ പിന്നെ പലരുടെയും വിചാരം റോഡ് മുഴുവൻ തന്റേതാണെന്നാണ്. പൊതു ഇടങ്ങളിൽ പാലിക്കേണ്ട മര്യാദകൾ അന്യംനിന്നു പോകുന്നതാണ് അനുഭവം.
മനുഷ്യൻ കൂടുതൽ സ്വാർഥനായി മാറിക്കൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവുകൾ ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന ഇടങ്ങളിലൊന്നാണ് റോഡ്. അനാവശ്യമായി ഹോണടിച്ചു ബുദ്ധിമുട്ടിക്കുക, കാൽനട യാത്രക്കാരെ റോഡ് മുറിച്ചു കടക്കാൻ അനുവദിക്കാതിരിക്കുക, മെയിൻ റോഡിലേക്ക് കയറാൻ നിൽക്കുന്ന വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുക, നിസ്സാര കാര്യത്തിന് തെറി വിളിക്കുക തുടങ്ങി, അക്ഷമയുടെയും തിരക്കിന്റെയും ലോകത്ത് ആളുകൾ നെട്ടോട്ടമോടുന്നതിനിടെ മറ്റുള്ളവരോട് പുലർത്തേണ്ട സാമാന്യ മര്യാദകൾ പോലും മറന്നുപോകുന്നു. ഏറ്റവും അപകടകരമായത് രാത്രി എതിരെ വരുന്ന വാഹനങ്ങൾക്ക് വേണ്ടി ലൈറ്റ് ഡിം ചെയ്തുകൊടുക്കാതിരിക്കുക എന്നതാണ്. പല അപകടങ്ങൾക്ക് കാരണവും ഇതാണ്. അഞ്ചോ പത്തോ സെക്കന്റ് എതിരെ വരുന്ന മനുഷ്യന് ഹെഡ് ലൈറ്റ് ഡിം ചെയ്തു കൊടുക്കാൻ പോലും മനസ്സില്ലാത്തവൻ എങ്ങനെ മനുഷ്യനാവും! ഒരുപാട് അപകടങ്ങൾ ഒഴിവാക്കാൻ ഉതകുന്ന ചെറിയൊരു നന്മ പോലും ചെയ്യാൻ പറ്റാത്ത മനസ്സ്! ആത്യന്തികമായി ഇത് മറ്റു മനുഷ്യരിൽ ശേഷിച്ച നേർത്ത നന്മകൾ പോലും ഇല്ലാതാക്കാനേ ഉപകരിക്കൂ.
നജീബ് കാഞ്ഞിരോട്
Comments