Prabodhanm Weekly

Pages

Search

2023 ജൂലൈ 14

3309

1444 ദുൽഹജ്ജ് 25

രക്ഷിതാവിന്റെ സ്വർഗത്തിൽ എത്തിച്ചേരാനുള്ള വഴികൾ

സഈദ് ഉമരി മുത്തനൂർ

عَنْ أَبي أُمَامَة صُدي بن عجلان البَاهِلي رَضي الله عَنْه قَال: سَمِعْتُ رَسُولَ اللهِ صلّى الله عَلَيه وَسَلم يَخطُبُ في حَجَّة الوَدَاع، فقال: اتَّقُوا الله، وصَلُّوا خَمسَكُم، وصُومُوا شَهرَكُم، وأَدُّوا زَكَاة أَموَالِكُم، وأَطِيعُوا أُمَرَاءَكُم تَدخُلُوا جَنَّة رَبِّكُم (رواه الترمذي وقال حديث حسن  صحيح)

 

അബൂ ഉമാമത്തൽ ബാഹിലിയിൽനിന്ന്. നബി(സ) ഹജ്ജത്തുൽ വദാഇൽ പ്രസംഗിക്കുന്നത് ഞാൻ കേട്ടു. അവിടുന്ന് പറഞ്ഞു: "നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. അഞ്ച് നേരത്തെ നമസ്കാരം നിർവഹിക്കുക. റമദാൻ മാസത്തിൽ വ്രതം അനുഷ്ഠിക്കുക. നിങ്ങളുടെ സമ്പത്തിന്റെ സകാത്ത് കൊടുക്കുക. നിങ്ങളുടെ നേതാക്കളെ അനുസരിക്കുക. എങ്കിൽ നിങ്ങളുടെ നാഥന്റെ 
സ്വർഗത്തിൽ നിങ്ങൾക്ക് പ്രവേശിക്കാം" (തിർമിദി).

 

 

നബിതിരുമേനി ഹജ്ജത്തുൽ വദാഇൽ വെച്ചാണ്  ഈ ഉപദേശം നൽകുന്നത്. സംക്ഷിപ്തവും സമഗ്രവും സാഹിത്യ സമ്പുഷ്ടവുമാണ് പ്രസംഗത്തിലെ വാക്കുകൾ. തിരുമേനി നടത്തിയ ആ പ്രസംഗം അനുചരന്മാർക്കുള്ള സദുപദേശവും ഒപ്പം ഒസ്യത്തും കൂടിയായിരുന്നു. ഈ നബിവചനത്തിൽ ആദ്യമായി ഊന്നിപ്പറയുന്നത് തഖ്്വയെ കുറിച്ചാണ്. ഖുർആൻ തന്നെ അടിക്കടി ഓർമപ്പെടുത്തിയ കാര്യമാണത്: "മനുഷ്യരേ,  നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ  സൂക്ഷിക്കുക " (4: 1). ഇസ്്ലാമിന്റെ അടിത്തറയാണ് തഖ്്വ എന്ന് പറയാം. അല്ലാഹുവിനെ ഭയപ്പെടുക, ധർമനിഷ്ഠ പാലിക്കുക, സൂക്ഷ്മത കൈക്കൊള്ളുക എന്നൊക്കെ ഇതിന് അർഥമാകാം. ദൈവത്തിന്റെ നിയമനിർദേശങ്ങൾ പാലിച്ച് ഉത്തരവാദിത്വത്തോടെ ജീവിക്കലാണ് തഖ്്വ. തിരുമേനി (സ) എല്ലാ പ്രസംഗത്തിന്റെയും തുടക്കത്തിൽ തഖ്്വകൊണ്ട് വസ്വിയ്യത്ത് ചെയ്യാറുണ്ട്. ഈ പ്രഭാഷണം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാനത്തിൽ നടത്തിയതാണെന്ന പ്രാധാന്യവുമുണ്ട്.
'തഖ്്വ എല്ലാ നന്മകളുടെയും സമുച്ചയമാണ്' എന്ന് അബൂ സഈദിൽ ഖുദ്്രിയുടെ ഒരു റിപ്പോർട്ടിൽ കാണാം. "തഖ്്വയും സൽസ്വഭാവവും കാരണമായി അധിക ആളുകളും സ്വർഗത്തിൽ പ്രവേശിക്കു"മെന്ന് മറ്റൊരു തിരുവരുളും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. തഖ്‌വ കൈവരിക്കാനാവശ്യമായ ചില ആരാധനാ മുറകളെ കുറിച്ചാണ് തുടർന്ന് പറയുന്നത്. അതിൽ പ്രഥമവും പ്രധാനവുമായത് നമസ്കാരം തന്നെ.
ഹദീസിൽ 'സ്വല്ലൂ ഖംസകും' എന്നതു കൊണ്ട് ഉദ്ദേശിച്ചത്  ഓരോ മുസ്്ലിമും നിർവഹിച്ചു വരാറുള്ള അഞ്ച് സമയങ്ങളിലെ നമസ്കാരമാകുന്നു. സ്വുബ്ഹ്, ളുഹ്റ്, അസ്വ്്ർ, മഗ്‌രിബ്, ഇശാഅ് നമസ്കാരങ്ങളാണ് ഇതുകൊണ്ടുദ്ദേശ്യം. നമസ്കാരത്തെ പറ്റി ഖുർആനും സുന്നത്തും നിരന്തരം ഉദ്ബോധിപ്പിക്കുന്നതായി കാണാം. "അന്ത്യദിനത്തിൽ ഒരാളുടെ കർമങ്ങളിൽ ഏറ്റവും ആദ്യമായി ചോദ്യം ചെയ്യപ്പെടുന്നത് നമസ്കാരമായിരിക്കും"  (അബൂദാവൂദ്, തിർമിദി).
തിരുമേനി (സ) മരണവേളയിൽ പോലും, നമസ്കാരത്തിന്റെ കാര്യത്തിൽ ജാഗ്രത പുലർത്തണേ എന്ന് സമുദായത്തെ ഓർമപ്പെടുത്തുകയുണ്ടായി. ഏത് പണിത്തിരക്കുകൾക്കിടയിലും അഞ്ചു സമയങ്ങളിലെ നമസ്കാരത്തിന് ഇളവില്ല. കാല-ദേശ ഭേദങ്ങളും നമസ്കാരം ഒഴിവാക്കാൻ കാരണമല്ല. കുട്ടികളിൽ നമസ്കാര ബോധം വളർത്തിക്കൊണ്ടു വരാൻ തിരുമേനി ഉപദേശിച്ചതും ശ്രദ്ധേയമാണ്.
ഇസ്്ലാമിലെ മറ്റൊരു സുപ്രധാന ആരാധനാ കർമമായ റമദാനിലെ നോമ്പിനെപ്പറ്റിയാണ് ഹദീസിൽ തുടർന്ന്.  നരകവിമുക്തിയും സ്വർഗലബ്ധിയും സാധ്യമാക്കുന്ന റമദാൻ കടന്നുവന്നിട്ട് അതുപയോഗപ്പെടുത്താത്തവർക്കെതിരിൽ മാലാഖമാർ വരെ പ്രാർഥിച്ചിട്ടുണ്ട്. തഖ് വ (ധർമ ബോധം) വളർത്തിയെടുക്കാൻ വേണ്ടിയാണ് നോമ്പ് നിർബന്ധമാക്കിയിട്ടുള്ളതെന്നും ഖുർആൻ (2: 183) പറയുന്നു. ഇസ്്ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നാണ് സകാത്ത്. ഇതെക്കുറിച്ചാണ് ഈ തിരുവചനത്തിൽ തുടർന്നു പറയുന്നത്. ഇസ്്ലാമിക സാമ്പത്തിക വ്യവസ്ഥയുടെ ആണിക്കല്ലാണ് സകാത്ത്. സകാത്ത് വ്യവസ്ഥാപിതമായി സമാഹരിച്ച് ഖുർആൻ വിവരിച്ച എല്ലാ വിഭാഗങ്ങളിലും എത്തിക്കാൻ മുസ്്ലിം സമൂഹം ശുഷ്കാന്തി കാണിച്ചിരുന്നെങ്കിൽ  ഈ സമൂഹം ഇന്നത്തെ ദുരവസ്ഥയിൽനിന്ന് എന്നോ കരകയറിയേനെ.  സകാത്തിന്റെ ഫിഖ്ഹ് മസ്അലകളിൽ കുരുങ്ങി സംശയങ്ങളും മറുപടിയുമായി  കഴിയുന്നവരുടെ എണ്ണം ഇന്നും ചെറുതല്ല.  അങ്ങനെ സകാത്ത് തുക അവരുടെ ബാങ്കുകളിലും വലിപ്പുകളിലുമായി തന്നെ കിടക്കുന്നു. സമ്പത്ത് സ്വന്തത്തിന്റെതല്ല. സർവശക്തനായ ദൈവമാണതിന്റെ യഥാർഥ ഉടമ.
"അല്ലാഹു നിങ്ങൾക്കേകിയ അവന്റെ ധനത്തിൽനിന്ന് നിങ്ങൾ അവർക്ക് നൽകുക " (അന്നൂർ 33) എന്ന ഖുർആനിന്റെ ആഹ്വാനം എത്ര ശക്തം.
ഹദീസിൽ തുടർന്ന് സൂചിപ്പിക്കുന്നത്  സംഘം, സംഘടന, സമൂഹം, അതിന്റെ നിലനിൽപ് എന്നതിനെ കുറിച്ചാണ്. 'അത്വീഊ ഉമറാഅകും' എന്ന റസൂൽ തിരുമേനിയുടെ ലളിതമായ വാക്കുകൾ ഓർമപ്പെടുത്തുന്നത് അക്കാര്യമത്രെ. ഏതൊരു സമൂഹത്തിനും ഒരു നേതൃത്വം ഉണ്ടാവേണ്ടതാവശ്യമാണ്.  സമൂഹം നേരെ ചൊവ്വെ നീങ്ങണമെങ്കിൽ നേതാവിന്റെ നിർദേശങ്ങൾ അനുസരിച്ചേ മതിയാവൂ. ഇസ്‌ലാമിക നേതൃത്വമാകുമ്പോൾ അത് ദൈവഹിതമനുസരിച്ചേ പ്രവർത്തിക്കാവൂ. ദൈവിക നിയമങ്ങൾക്ക് വിരുദ്ധമായി ഏതൊരു നേതാവോ സംഘടനയോ നീങ്ങിയാലും അനുസരിക്കേണ്ട ബാധ്യത അനുയായികൾക്കുണ്ടാവില്ല. 'സ്രഷ്ടാവിനെതിരിൽ സൃഷ്ടിയെ അനുസരിക്കേണ്ടതില്ല' എന്ന തിരുവചനം പ്രസിദ്ധമാണല്ലോ. എല്ലാ രംഗത്തും തഖ്്വാ ബോധം ഉൾക്കൊണ്ട് ആരാധനകൾ യഥാവിധി നിർവഹിക്കുന്ന ഏതൊരാളും ദൈവാനുഗ്രഹത്താൽ തന്റെ രക്ഷിതാവിന്റെ സ്വർഗത്തിൽ സുരക്ഷിതമായി എത്തിച്ചേരുമെന്ന സന്തോഷ വാർത്തയാണ് ഈ നബിവചനം  ഒടുവിൽ പങ്ക് വെക്കുന്നത്. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 18-22
ടി.കെ ഉബൈദ്‌