രക്തസാക്ഷ്യം കൊതിക്കുന്നവർ
(ചരിത്രം)
ശാരീരിക വൈകല്യമുള്ള സ്വഹാബിയായിരുന്നു അംറുബ്്നു ജമൂഹ്. അദ്ദേഹത്തിന് അല്ലാഹു നാലു പുത്രന്മാരെ നൽകി അനുഗ്രഹിച്ചു. നാലു പേരും സദാ പ്രവാചകനോടൊപ്പം സമയം ചെലവഴിച്ചു. പ്രവാചകനോടൊപ്പം യുദ്ധങ്ങളിൽ ഭാഗഭാക്കായി. തന്റെ മക്കളുടെ കാര്യത്തിൽ ഏറെ സന്തുഷ്ടനായിരുന്നു പിതാവായ ഇബ്്നു ജമൂഹ്.
ഉഹുദ് യുദ്ധത്തിനായുള്ള ഒരുക്കങ്ങൾ നടക്കുന്നു. ഇബ്്നു ജമൂഹിന് യുദ്ധത്തിൽ പങ്കെടുത്ത് രക്തസാക്ഷ്യം വരിക്കണമെന്ന അതിയായ മോഹം. ശാരീരിക പ്രയാസങ്ങളും പ്രതിബന്ധങ്ങളും പറഞ്ഞു പലരും അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.
"ഞാൻ മക്കളെക്കാൾ പിന്നിലാവാൻ ആഗ്രഹിക്കുന്നില്ല. അവർ രക്തസാക്ഷികളായി സ്വർഗപ്പൂങ്കാവനത്തിലെത്തുമ്പോൾ എനിക്കവിടെ സ്ഥാനമില്ലാതാവുന്നത് സങ്കൽപിക്കാൻ പോലും കഴിയില്ല." രക്തസാക്ഷിയാവാനുള്ള അദമ്യമായ അഭിലാഷം അദ്ദേഹത്തെ ഏറെ അസ്വസ്ഥനാക്കിക്കൊണ്ടിരുന്നു.
അവസാനം ഒരു ദിവസം സർവായുധ വിഭൂഷിതനായി, ഖിബ്്ലക്ക് അഭിമുഖമായി നിന്ന് ഇങ്ങനെ പ്രാർഥിച്ചു: "നാഥാ, എന്നെ ഒരിക്കലും എന്റെ കുടുംബത്തിലേക്ക് മടക്കരുതേ!" പിന്നീട് പ്രവാചകനെ കണ്ടു രക്തസാക്ഷിയാവാനുള്ള തന്റെ മോഹം അറിയിച്ചു: "തിരുദൂതരേ, ദൈവ മാർഗത്തിലുള്ള മരണമാണെന്റെ അന്തിമാഭിലാഷം. ഈ മുടന്തൻ കാലുമായി സ്വർഗത്തോപ്പിൽ ഉലാത്തണം." തുടക്കത്തിൽ പ്രവാചകൻ അദ്ദേഹത്തെ തടയാൻ ശ്രമിച്ചു. താങ്കൾക്ക് വൈകല്യമുള്ളതിനാൽ യുദ്ധത്തിൽ പങ്കെടുക്കുന്നതിൽനിന്ന് ഇളവ് നൽകിയിട്ടുണ്ട് എന്ന് പറഞ്ഞു. പക്ഷേ, ഇബ്്നു ജമൂഹിന്റെ തടുത്തു നിർത്താനാവാത്ത ആവേശത്തിനും അഭിനിവേശത്തിനും മുന്നിൽ പ്രവാചകൻ മൗനിയായി.
ഹസ്രത്ത് അബൂ ത്വൽഹ പറയുന്നു: ഉഹുദ് മൈതാനം മുഴുവൻ ആവേശഭരിതനായി ചാടിച്ചാടി ശത്രുവിനെ തേടുന്ന അംറിനെയും മകനെയും ഞാൻ കണ്ടു. ഞാൻ സ്വർഗം കൊതിക്കുന്നുവെന്ന് അദ്ദേഹം ഘോര ഘോരം പ്രഖ്യാപിക്കുന്നുണ്ടായിരുന്നു. അവസാനം വാപ്പയും മകനും രക്തസാക്ഷ്യ പദവിയാൽ ആദരിക്കപ്പെട്ടു.
മരണാനന്തരം ഇരുവരുടെയും മയ്യിത്ത് അംറിന്റെ ഭാര്യ ഒട്ടകപ്പുറത്തേറ്റി മദീനയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ഒട്ടകം അവിടെത്തന്നെ മുട്ടുകുത്തി ഇരുന്നു. വളരെ പണിപ്പെട്ട് അതിനെ എഴുന്നേൽപിച്ചെങ്കിലും അത് മദീനയുടെ ഭാഗത്തേക്ക് പോകാൻ കൂട്ടാക്കിയില്ല. അത് ഉഹുദിലേക്ക് തന്നെ തിരിഞ്ഞു നടന്നു.
ഈ അത്ഭുത കാഴ്ച സ്വഹാബികൾ പ്രവാചകനോട് പറഞ്ഞു. അന്നേരം പ്രവാചകൻ അംറിന്റെ ഭാര്യയോട് ചോദിച്ചു: "വീട് വിട്ടിറങ്ങിയപ്പോൾ അദ്ദേഹം വല്ലതും പറഞ്ഞിരുന്നോ?"
അവർ: "പ്രത്യേകിച്ചൊന്നും പറഞ്ഞിട്ടില്ല ... ഖിബ്്ലക്കഭിമുഖമായി നിന്ന്, 'അല്ലാഹുവേ, എന്നെ എന്റെ കുടുംബത്തിലേക്ക് ഒരിക്കലും മടക്കരുേത' എന്ന് പ്രാർഥിച്ചതായി അറിയാം."
റസൂൽ പറഞ്ഞു: "അതുകൊണ്ടുതന്നെ ഈ ഒട്ടകം മദീനയുടെ ദിശയിലേക്ക് ഒരിക്കലും സഞ്ചരിക്കുകയില്ല.'' l
('റോഷൻ സിതാരെ' എന്ന കൃതിയിൽനിന്ന്. മൊഴിമാറ്റം: എം.ബി അബ്ദുർറശീദ് അന്തമാൻ)
Comments