മൗലാനാ മുഹമ്മദ് ഫാറൂഖ് ഖാന്‍ ഖുര്‍ആന്റെ തണലിലെ ജീവിതം
കഴിഞ്ഞ മാസം 28-ന് വിടപറഞ്ഞ മൗലാനാ മുഹമ്മദ് ഫാറൂഖ് ഖാന്‍ ഓര്‍മിക്കപ്പെടുക അദ്ദേഹത്തിന്റെ ഹിന്ദി ഖുര്‍ആന്‍ പരിഭാഷയായ 'പവിത്ര ഖുര്‍ആന്റെ' പേരിലായിരിക്കും. നവതി പിന്നിട്ട മൗലാനയുടെ ജീവിതത്തിന്റെ മുഖ്യ ഭാഗവും ഖുര്‍ആന്റെ തണലിലായിരുന്നു എന്നു വേണം പറയാന്‍. ഖുര്‍ആന്‍ ലളിത ഹിന്ദിയില്‍ പരിഭാഷപ്പെടുത്തിയ അദ്ദേഹം പതിവായി നടത്തിയിരുന്ന ഖുര്‍ആന്‍ ക്ലാസുകളിലൂടെ അനേകമാളുകളുടെ ഹൃദയങ്ങളെയും ഖുര്‍ആനികാധ്യാപനങ്ങളാല്‍ പ്രകാശ പൂരിതമാക്കി.
ദീര്‍ഘകാലമായി ദല്‍ഹിയിലെ ജമാഅത്തെ ഇസ് ലാമി കേന്ദ്ര ഓഫീസില്‍ താമസിച്ചു വരികയായിരുന്ന മൗലാന, മകന്‍ മുകര്‍റം ത്വാരിഖ് അന്‍വറിന്റെയും കുടുംബത്തിന്റെയും കൂടെ ഈദാഘോഷത്തിനായി സ്വദേശമായ ലഖ്‌നൗവിലേക്ക് പോയപ്പോഴായിരുന്നു അന്ത്യം.
ജമാഅത്തെ ഇസ്്ലാമി രൂപവത്കൃതമായ കാലത്ത് തന്നെ സ്ഥാപകനായ മൗദൂദി സാഹിബ്, ഇന്ത്യയില്‍ ഔദ്യോഗിക ഭാഷയായി മാറാന്‍ സാധ്യതയുള്ള ഹിന്ദിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞിരുന്നു. മുസ് ലിം ഭരണകാലത്ത് ഉര്‍ദുവിന് ലഭിച്ച, സര്‍ക്കാര്‍ ഭാഷ എന്ന പ്രാധാന്യം മൂലം അമുസ് ലിംകള്‍ക്കിടയില്‍ കൂടി അതിന് പ്രചാരം ലഭിച്ചിരുന്നു. നോവലിസ്റ്റ് മുന്‍ഷി പ്രേംചന്ദും കവി അനന്ത് നാരായണ്‍ മുല്ലയുമൊക്കെ തങ്ങളുടെ സൃഷ്ടികള്‍ ഉര്‍ദുവില്‍ അണിയിച്ചു അരങ്ങത്തെത്തിച്ചത് അങ്ങനെയാണ്. മാറിവരുന്ന സാഹചര്യത്തില്‍ ഹിന്ദിയുടെ പ്രഭാവം വര്‍ധിക്കുമ്പോള്‍ ഉര്‍ദുവിന് ഈ സ്ഥാനം നഷ്ടപ്പെടുമെന്ന് മൗദൂദി നേരത്തെ മനസ്സിലാക്കി. അങ്ങനെയാണ് അവിഭക്ത ജമാഅത്തെ ഇസ് ലാമിയുടെ ആരംഭകാലത്ത് തന്നെ ഹിന്ദി സാഹിത്യ രചനക്ക് ഒരു പ്രത്യേക വകുപ്പിന് രൂപം കൊടുത്തത്. 'ഹിന്ദി സാഹിത്യ സദന്‍' എന്ന പേരില്‍ നിലവില്‍ വന്ന ആ വകുപ്പിന്റെ ആദ്യകാല അധ്യക്ഷന്‍ അന്ന് കിഴക്കന്‍ യു.പി അമീറായിരുന്ന മൗലാനാ ഇമാമുദ്ദീന്‍ റാം നഗരിയായിരുന്നു. എന്നാല്‍, പില്‍ക്കാലത്ത് ഈ രംഗത്ത് ഗണ്യമായ സംഭാവനകളര്‍പ്പിക്കാന്‍ ഭാഗ്യം സിദ്ധിച്ചത് ജമാഅത്തിന്റെ തലമുതിര്‍ന്ന അംഗങ്ങളിലൊരാളായ ഫാറൂഖ് ഖാനാണ്.
അധ്യാപനത്തില്‍നിന്ന് എഴുത്തിലേക്ക്
1932-ല്‍ ഉത്തര്‍ പ്രദേശിലെ സുല്‍ത്താന്‍പൂര്‍ ജില്ലയില്‍പെട്ട കാര്‍പി ഗ്രാമത്തില്‍ ജനിച്ച ഫാറൂഖ് ഖാന്‍ ഹിന്ദിയില്‍ ബിരുദാനന്തര ബിരുദമെടുത്ത ശേഷം അധ്യാപകനായാണ് ജീവിതമാരംഭിച്ചത്. പക്ഷേ, എഴുത്താണ് തന്റെ മേഖല എന്ന് തിരിച്ചറിഞ്ഞ അദ്ദേഹം പിന്നീട് അതിലേക്ക് ചുവട് മാറി. ഹിന്ദിയിലെന്ന പോലെ ഉര്‍ദുവിലും മൗലാന ഗ്രന്ഥരചന നടത്തിയിട്ടുണ്ട്.
1956 മുതല്‍ ജമാഅത്തുമായി ബന്ധപ്പെട്ട ഫാറൂഖ് ഖാന്‍ തന്റെ ജീവിതം മുഴുവന്‍ സമര്‍പ്പിച്ചത് താന്‍ പ്രാണന് തുല്യം സ്‌നേഹിച്ച സ്വന്തം പ്രസ്ഥാനത്തിന് വേണ്ടിയായിരുന്നു. ദല്‍ഹിയിലെ ജമാഅത്ത് കേന്ദ്രത്തിലെ ഒരു കൊച്ചു മുറിയില്‍ ഗ്രന്ഥങ്ങളോടൊപ്പമായിരുന്നു അവസാന നിമിഷം വരെ അദ്ദേഹത്തിന്റെ ജീവിതം.
ആ കൊച്ചു മുറിയില്‍ 'കൂട്ടുകാരായ' ഗ്രന്ഥങ്ങള്‍ക്ക് പുറമെ ഒരു ഇലക്ട്രിക് കെറ്റിലും ബിസ്‌കറ്റ് കൂടും കാണും. അത് സന്ദര്‍ശകര്‍ക്ക് വേണ്ടി കരുതി വെക്കുന്നതാണ്. അദ്ദേഹത്തിന്റെ സന്ദര്‍ശകരില്‍ ഹിന്ദു സന്യാസിമാരും സന്തുക്കളുമുണ്ടായിരുന്നു. തീര്‍ത്തും നിരാഡംബരമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. പലരും അദ്ദേഹത്തെ കണ്ടിരുന്നത് ഒരു സൂഫിയായിട്ടായിരുന്നു.
പവിത്ര ഖുര്‍ആന്‍
ഖുര്‍ആന്റെ സന്ദേശം സ്വന്തം ജീവിതത്തില്‍ പകര്‍ത്തുകയും ആ വെളിച്ചം മറ്റുള്ളവരുടെ ജീവിതത്തിലേക്ക് പ്രസരിപ്പിക്കുകയും ചെയ്യാനാണ് അഹർന്നിശം അദ്ദേഹം പ്രയത്‌നിച്ചത്. പല വിധേനയും വിശുദ്ധ ഖുര്‍ആനിന് വേണ്ടി അദ്ദേഹം സേവനം ചെയ്യുകയുണ്ടായി. ഛിത്്ലി ഖബറിലെ ആദ്യത്തെ ജമാഅത്ത് ആസ്ഥാനത്തും ജുമാ മസ്ജിദിലും പതിവായി അദ്ദേഹം ഖുര്‍ആന്‍ ക്ലാസ് നടത്താറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭാവന, ജമാഅത്തിന്റെ പ്രഥമ അമീറായ മൗലാനാ അബുല്ലൈസ് ഇസ്വ് ലാഹിയുടെ നിര്‍ദേശ പ്രകാരം അദ്ദേഹം നിര്‍വഹിച്ച ഖുര്‍ആന്റെ ഹിന്ദി പരിഭാഷയായ 'പവിത്ര ഖുര്‍ആനാ'ണ്.
മൗലാനാ സദ്‌റുദ്ദീന്‍ ഇസ്വ്്ലാഹിയും മൗലാനാ അമാനത്തുല്ലാ ഇസ്വ്്ലാഹിയുമാണ് അതിന് മേല്‍നോട്ടം വഹിച്ചിരുന്നത്. പ്രധാനമായും അമുസ് ലിം വായനക്കാരെ ലക്ഷ്യം വെച്ചാണ് പരിഭാഷ നടത്തിയിരുന്നത്. ഇതിന്റെ പ്രസിദ്ധീകരണത്തെ കുറിച്ചു പറയുമ്പോള്‍ ഓര്‍ക്കേണ്ട മറ്റൊരു പേരാണ് അല്‍ ഹസനാത്ത് പബ്ലിക്കേഷന്‍ ഉടമ മൗലാനാ അബൂ സലീം അബ്ദുല്‍ ഹയ്യ്. വനിതകളെ ഉദ്ദേശിച്ചു കൊണ്ടുള്ള അല്‍ ഹസനാത്ത്, ബാലപ്രസിദ്ധീകരണമായ 'നൂര്‍' എന്നിവയുടെ പ്രസാധകനും പത്രാധിപരുമായ അബൂ സലീം അബ്ദുല്‍ ഹയ്യ് നല്ല ഭാവനാ ശാലിയായ പ്രസാധകനായിരുന്നു. ഉര്‍ദുവിലെ പ്രചാരമുള്ള മാസികകളായിരുന്നു അല്‍ഹസനാത്തും നൂറും. അവ പ്രസിദ്ധീകരിച്ചിരുന്ന അല്‍ ഹസനാത്ത് പബ്ലിക്കേഷന്‍ സ്ത്രീകളെയും കുട്ടികളെയും ഉദ്ദേശിച്ച് പുസ്തകങ്ങളും ഇറക്കാറുണ്ടായിരുന്നു. സ്വന്തമായി പ്രസാധനാലയമുള്ള അബൂ സലീം സാഹിബിനെത്തന്നെയാണ് ജമാഅത്ത് അതിന്റെ പ്രസിദ്ധീകരണ വിഭാഗം ചുമതല അന്ന് ഏല്‍പിച്ചിരുന്നത്. ഇതിന്റെ ഭാഗമായി ഒരിക്കല്‍ കേരളം സന്ദര്‍ശിച്ചപ്പോള്‍ 'പ്രബോധന'ത്തിനു വേണ്ടി ഈ ലേഖകന്‍ അദ്ദേഹത്തെ ഇന്റര്‍വ്യൂ ചെയ്യുകയുണ്ടായി. പ്രാസ്ഥാനിക വീക്ഷണത്തോടെ അദ്ദേഹം രചിച്ച 'ഹയാതെ ത്വയ്യിബ' (നബിയുടെ ജീവിതം) നിരവധി പതിപ്പുകള്‍ പിന്നിട്ട ഐ.പി.എച്ച് കൃതികളിലൊന്നാണ്. ഫാറൂഖ് ഖാന്റെ 'പവിത്ര ഖുര്‍ആന്‍' പ്രസിദ്ധീകരിച്ചതും മൗലാനാ അബൂ സലീമിന്റെ 'അല്‍ ഹസനാത്ത്' പബ്ലിക്കേഷനാണ്. പ്രബോധന ലക്ഷ്യം കൂടിയുള്ള ആ കൃതിക്ക് വളരെ കുറഞ്ഞ വില മാത്രമേ അദ്ദേഹം ഈടാക്കിയുള്ളൂ; കേവലം 13 ക. മാത്രമാണ് അന്ന് അതിനദ്ദേഹം വിലയിട്ടത്. അത്രയും ബൃഹത്തായ ഒരു കൃതിക്ക് ഇത്രയും കുറഞ്ഞ വില അക്കാലത്ത് പ്രസാധക ലോകത്ത് ഒരു അത്ഭുതം തന്നെയായിരുന്നു.
പവിത്ര ഖുര്‍ആനും ബഷീറും ലോഹ്യയും
ഹിന്ദി സംസാരിക്കുന്നവര്‍ക്കിടയില്‍ ഈ പരിഭാഷ വന്‍ സ്വീകാര്യതയാണ് നേടിയത്. ജമാഅത്തിന്റെ പ്രബോധന വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അത് ഊര്‍ജദായിനിയായി മാറാന്‍ താമസമുണ്ടായില്ല. ഖുര്‍ആന്റെ സന്ദേശം ഗ്രഹിക്കാന്‍ ദാഹിക്കുന്ന ഹിന്ദി ഭാഷ സംസാരിക്കുന്നവരുടെ കൈകളില്‍ പൂര്‍ണ സംതൃപ്തിയോടും വിശ്വാസ്യതയോടും കൂടി വെച്ചുകൊടുക്കാന്‍ പര്യാപ്തമായ ഒരു പരിഭാഷയായി അത് പരിഗണിക്കപ്പെട്ടു. ഒട്ടനവധി പ്രമുഖരുടെ കൈകളില്‍ അത് എത്തിച്ചേരുകയുമുണ്ടായി. സോഷ്യലിസ്റ്റ് നേതാവ് റാം മനോഹര്‍ ലോഹ്യ മുതല്‍ എഴുത്തുകാരനായ വൈക്കം മുഹമ്മദ് ബഷീര്‍ വരെ അവരിലുള്‍പ്പെടുന്നു.
ലോഹ്യയും ജമാത്ത് അമീറായിരുന്ന മുഹമ്മദ് യൂസുഫ് സാഹിബും ഒരിക്കല്‍ ഒന്നിച്ചു ജയിലിലടക്കപ്പെടുകയുണ്ടായി. അവര്‍ തമ്മിലുള്ള ചിരകാല സൗഹൃദത്തിലേക്കാണ് ആ ജയില്‍വാസം നയിച്ചത്. ലോഹ്യ മരിച്ചപ്പോൾ എഴുതിയ ലേഖനത്തില്‍ മുഹമ്മദ് യൂസുഫ് സാഹിബ് അത് വിസ്തരിക്കുന്നുണ്ട്. ജയില്‍ മോചിതനായ ഉടനെ യൂസുഫ് സാഹിബ് ലോഹ്യക്കയച്ചുകൊടുത്ത പുസ്തക സമ്മാനങ്ങളില്‍ ഒരു മുഖ്യ ഇനം ഫാറൂഖ് ഖാന്റെ ഈ ഹിന്ദി ഖുര്‍ആന്‍ പരിഭാഷയായിരുന്നു. കുറച്ചു കാലത്തിന് ശേഷം ലോഹ്യയുടെ ഒരു കത്ത് യൂസുഫ് സാഹിബിന് കിട്ടി. ആ പരിഭാഷ, തന്റെ വീട്ടില്‍ കയറിയ ഒരു കള്ളന്‍ മോഷ്ടിച്ച കൂട്ടത്തില്‍ പെട്ടുപോയത് അറിയിച്ചുകൊണ്ടുള്ളതായിരുന്നു ആ കത്ത്. 'വകതിരിവുള്ള' ആ കള്ളന് അത് ഉപകാരപ്പെടുമെന്ന് ആശ്വസിപ്പിച്ചുകൊണ്ട് മറ്റൊരു കോപ്പി കൂടി മുഹമ്മദ് യൂസുഫ് സാഹിബ് ലോഹ്യക്ക് അയച്ചുകൊടുത്തു.
ഹിന്ദി പ്രചാരസഭയുടെ പ്രവര്‍ത്തനം സജീവമായിരുന്ന അക്കാലത്ത് ഈ പരിഭാഷയുടെ പരസ്യം 'പ്രബോധന'ത്തിലും കൊടുത്തിരുന്നു. ഐ.പി.എച്ചില്‍ അതിന്റെ കോപ്പി വില്‍പനക്കായി വരുത്തുകയും ചെയ്തിരുന്നു. സ്‌കൂളുകളില്‍ ഹിന്ദി രണ്ടാം ഭാഷയായി പഠിപ്പിക്കുന്ന പശ്ചാത്തലത്തില്‍ അതിന്റെ വിൽപന സാധ്യത കണ്ടായിരുന്നു ഈ നടപടി. തൃശൂര്‍ സ്വദേശിയായ അബൂബക്കര്‍ സാഹിബായിരുന്നു അന്ന് ഐ.പി.എച്ച് മാനേജര്‍. അദ്ദേഹം അതിനൊരു വില്‍പന തന്ത്രവും ആവിഷ്‌കരിച്ചു. കോഴിക്കോട്ടെയും പരിസര പ്രദേശങ്ങളിലെയും ബുക് സ്റ്റാളുകളില്‍ ഈ പരിഭാഷ ആവശ്യപ്പെട്ടുകൊണ്ടുള്ള അന്വേഷണങ്ങള്‍ ചെന്ന് തുടങ്ങി. കുറേ അന്വേഷണങ്ങള്‍ വന്നപ്പോള്‍ അതിന്റെ വില്‍പന സാധ്യത കണ്ട് അതെവിടെ കിട്ടുമെന്ന് അവരും അന്വേഷിച്ചു തുടങ്ങി. കുറേ കോപ്പികള്‍ അങ്ങനെയും ചെലവായി. അസാധാരണമായ വിലക്കുറവും അതിന്റെ പ്രചാരണത്തിന്റെ ഒരു ഘടകമായിരുന്നു.
പ്രബോധനത്തിലെ പരസ്യം പ്രമുഖ നോവലിസ്റ്റായ വൈക്കം മുഹമ്മദ് ബഷീറിന്റെയും ശ്രദ്ധയില്‍ പെട്ടിരുന്നു. അദ്ദേഹത്തിന്റെ ഉമ്മ മരിച്ച സമയമായിരുന്നു അത്. പതിനഞ്ച് കോപ്പികള്‍ വാങ്ങിയ അദ്ദേഹം ഏതാനും കോപ്പികള്‍ സ്വന്തമായി എടുത്ത് ബാക്കി കോപ്പികള്‍ പൊതു ലൈബ്രറികള്‍ക്കും ഹിന്ദി അറിയുന്ന അമുസ് ലിം സഹോദരന്മാര്‍ക്കും പരേതയായ മാതാവിന്റെ പേരില്‍ ധര്‍മം ചെയ്യാന്‍ പ്രബോധനം സ്റ്റാഫിനെ ഏല്‍പിച്ചു.
ഇതര കൃതികള്‍
സ്വന്തം ഹിന്ദി പരിഭാഷക്ക് പുറമെ മൗലാനാ മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആന്റെ സംഗൃഹീത പതിപ്പായ 'തര്‍ജുമയെ ഖുര്‍ആനും' ഫാറൂഖ് ഖാന്‍ ഹിന്ദിയിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്. കൂടാതെ ഒരുപാട് എഡിഷനുകള്‍ ഇറങ്ങിക്കഴിഞ്ഞ ഉര്‍ദു ഖുര്‍ആന്‍ പരിഭാഷയും അദ്ദേഹത്തിനുണ്ട്. ഉര്‍ദുവില്‍ ഖുര്‍ആന്‍ വ്യാഖ്യാനവും എഴുതിപ്പൂര്‍ത്തിയാക്കുകയുണ്ടായി. കംപോസിംഗ് കഴിഞ്ഞ് അത് പുറത്തിറങ്ങാനിരിക്കെയാണ് അദ്ദേഹത്തിന്റെ അന്ത്യയാത്ര സംഭവിക്കുന്നത്. പല വിഷയങ്ങളും അദ്ദേഹത്തിന്റെ തൂലികക്ക് വിഷയമാവുകയുണ്ടായെങ്കിലും ഖുര്‍ആനിക വിഷയങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ താല്‍പര്യം. 'ഷാ അബ്ദുല്‍ ഖാദറിന്റെ ഖുര്‍ആന്‍ ഗ്രാഹ്യതാ രീതി (ഷാഹ് അബ്ദുല്‍ ഖാദിര്‍ കീ ഖുര്‍ആന്‍ ഫഹ്്മീ ), ഇന്‍തിഖാബെ ഖുര്‍ആന്‍, ഖുര്‍ആന്‍ അധ്യാപനത്തിന്റെ പ്രശ്‌നങ്ങള്‍ (ഖുര്‍ആന്‍ കെ തദ്്രീസി മസാഇല്‍), ഖുര്‍ആന്റെ ശബ്ദ സൗന്ദര്യം (ഖുര്‍ആന്‍ കാ സ്വൗതീ ഇഅ്ജാസ്), ഖുര്‍ആന്റെ സാഹിത്യ സമ്പുഷ്ടത (ഖുര്‍ആന്‍ കാ അദബീ മഹാസിന്‍), ഖുര്‍ആന്റെ സൂചനകള്‍ (ഈമാഎ ഖുര്‍ആന്‍) എന്നിവ ഈ ഗണത്തില്‍ പെടുന്നു.
ഹദീസ് വിജ്ഞാനീയങ്ങള്‍
മൗലാനയുടെ മറ്റൊരു താല്‍പര്യ മേഖല ഹദീസായിരുന്നു. ആ വിഷയത്തിലും നിരവധി രചനകളുണ്ട് അദ്ദേഹത്തിന്. ഹദീസ് വിശദീകരണമായ 'കലാമെ നുബുവ്വത്ത്' (തിരുവരുളുകള്‍) പ്രസ്ഥാന വൃത്തത്തിനകത്തും പുറത്തും വ്യാപകമായി വായിക്കപ്പെട്ട കൃതിയാണ്. ഇത് കൂടാതെ ഹദീസ് സമാഹാരങ്ങള്‍, ആസാറെ സഹാബ (സഹാബീ ഭാഷണങ്ങള്‍), മുത്വാല എ ഹദീസ് (ഹദീസ് പാരായണം), ദുആഎ മസ്‌നൂന്‍ (നബിയുടെ പ്രാര്‍ഥനകള്‍), ഇന്‍തിഖാബെ അഹാദീസെ ഖുദുസിയ (തെരഞ്ഞെടുത്ത ഖുദുസീ ഹദീസുകള്‍), ഹിക്മത്തെ നബവി അഹാദീസ് കി രോശ്്നി മെ (നബിയുടെ ജ്ഞാന യുക്തി ഹദീസുകളുടെ വെളിച്ചത്തില്‍) എന്നീ കൃതികളും അദ്ദേഹത്തിന്റെ ഹദീസ് വിഷയകമായ കൃതികളിലുള്‍പ്പെടുന്നു. ഹദീസിന്റെ പ്രാധാന്യം, സ്ഥാനം, സാങ്കേതിക പദാവലികള്‍, ഹദീസ് ക്രോഡീകര്‍ത്താക്കളുടെ ജീവചരിത്രം എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്നതാണ് അദ്ദേഹത്തിന്റെ 'ഇല്‍മെ ഹദീസ് എ തആറുഫ്' (ഹദീസ് വിജ്ഞാനീയ പരിചയം) എന്ന കൃതി.
ഹിന്ദുമത പഠനങ്ങള്‍
ഹിന്ദു മതത്തെ സംബന്ധിച്ച പഠനങ്ങളാണ് ഫാറൂഖ് സാഹിബിന്റെ വിലപ്പെട്ട മറ്റൊരു സംഭാവന. ഉര്‍ദുവിലും ഹിന്ദിയിലും ഈ വിഷയത്തില്‍ അദ്ദേഹം രചനകള്‍ നടത്തുകയുണ്ടായി. മൗലാനാ നസീം ഗാസിയായിരുന്നു ഈ മേഖലയില്‍ അദ്ദേഹത്തിന്റെ പ്രധാന സഹായി. ഹിന്ദുമതത്തില്‍നിന്ന് ഇസ്്ലാമിലേക്ക് പരിവര്‍ത്തനം ചെയ്ത വ്യക്തിയാണ് നസീം ഗാസി (അദ്ദേഹത്തിന്റെ ആത്മ കഥ 'ഗാസിയാ ബാദിലെ നസീം' എന്ന ശീര്‍ഷകത്തില്‍ വി.എസ് സലീം പരിഭാഷപ്പെടുത്തിയത് ഐ.പി.എച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്). 'ഖുദാ കാ തസ്വവ്വുര്‍ ഹിന്ദു ധരം കീ കിതാബോം മെ' (ദൈവ സങ്കല്‍പം ഹിന്ദു ധര്‍മ കൃതികളില്‍), ഹിന്ദു ധരം കീ കുഛ് ഖദീം ശഖ്‌സ്വിയ്യത്തേൻ (ഹിന്ദു ധര്‍മത്തിലെ ചില പുരാതന വ്യക്തിത്വങ്ങള്‍), ഹിന്ദുസ്താനീ മദാഹിബ് (ഇന്ത്യന്‍ മതങ്ങള്‍), ഋഗ്വേദ് കേ തജ്‌സിയാതീ മുത്വാലഅ (ഋഗ്വേദം ഒരു അപഗ്രഥന പഠനം), ഇസ്്ലാം കീ അഹമ്മിയത്ത് ഹിന്ദു ധരം കെ പസ്മന്ദര്‍മെ (ഹിന്ദു മതത്തിന്റെ പശ്ചാത്തലത്തില്‍ ഇസ് ലാമിന്റെ പ്രസക്തി) എന്നിവയാണ് ഈ വിഷയകമായുള്ള അദ്ദേഹത്തിന്റെ ഉര്‍ദു രചനകള്‍. ഹിന്ദിയിലും അദ്ദേഹം ഈ വിഷയങ്ങള്‍ പ്രകാശനം ചെയ്തിട്ടുണ്ട്. തസ്‌കിയെ നഫ്‌സ് ഔര്‍ അഖ്‌ലാഖ് (ആത്മസംസ്‌കരണവും സ്വഭാവ സംസ്‌കരണവും), തസ്‌കിയ നഫ്‌സ് ഔര്‍ ഹം (ആത്മ സംസ്‌കരണവും നമ്മളും), തക്്രീമെ നഫ്‌സ് ഔര്‍ ഇസ്്ലാം (ഇസ്്ലാമില്‍ ആത്മാവിന്റെ ആദരണീയത), തര്‍ബിയത് കെ ഫിക്്രീ വ അമലീ പഹ്്ലു (ശിക്ഷണത്തിന്റെ ധൈഷണികവും പ്രായോഗികവുമായ വശം), ഖുദാ ക്യാ ഔര്‍ കഹാന്‍ (എന്താണു ദൈവം, എവിടെയാണവന്‍?), ഖുദാകീ പുര്‍ അസ്‌റാര്‍ ഹസ്തീ കാ തസവ്വുര്‍ (ദൈവത്തിന്റെ നിഗൂഢാസ്തിത്വ സങ്കല്‍പം), കലിമ എ സവാ (സമവാക്യം), ആയീനെ ഇസ്്ലാം (ഇസ്്ലാം ദര്‍പ്പണം), ആഖിറത്ത് കെ സായെമെ (പരലോകത്തിന്റെ തണലില്‍), ഉമ്മത്ത് മുസ്്ലിമ കാ മന്‍സിബു ഒ മഖാം (മുസ്്ലിം സമുദായത്തിന്റെ സ്ഥാനവും പദവികളും), തൗഹീദ് വൊ മസാഇലെ ഹയാത്ത് (ഏക ദൈവവിശ്വാസവും ജീവിത പ്രശ്‌നങ്ങളും), ഉലൂമെ നുബുവ്വത്ത് (പ്രവാചക വിജ്ഞാനീയം), ഇര്‍ഫാനെ ഹഖീഖത്ത് (സത്യജ്ഞാനം), ഹിന്ദുസ്താന്‍ മെ ഇസ് ലാം കീ ഇശാഅത്ത് (ഇന്ത്യയില്‍ ഇസ്്ലാമിന്റെ പ്രചാരണം), ഹഖീഖത്തെ നുബുവ്വത്ത് (പ്രവാചകത്വത്തിന്റെ പൊരുള്‍), ഹഖീഖി തസ്വവ്വുഫ് (യഥാര്‍ഥ സൂഫിസം), ദഅ്‌വതെ ഇസ്്ലാം ഔര്‍ ഉസ്‌കെ ഉസ്വൂല്‍ വൊ ആദാബ് (ഇസ്്ലാമിക പ്രബോധനം: അതിന്റെ അടിസ്ഥാനങ്ങളും മര്യാദകളും), ദഅ്‌വതെ ദീന്‍ ഔര്‍ ഉസ്‌കെ കാര്‍കുന്‍ (ദീനീ പ്രബോധനവും പ്രബോധകനും), ദഅ്‌വതെ ദീന്‍ കെ മുദ്മറാത്ത് (ഇസ്്ലാമിക പ്രബോധനത്തിന്റെ ഉള്‍സാരങ്ങള്‍), മുസ്്ലിം വനിതകളുടെ ഇസ്്ലാമിക സേവനങ്ങള്‍ എന്ന് തുടങ്ങി നൂറോളം വരും അദ്ദേഹത്തിന്റെ കൃതികള്‍.
അലീഗഢ് ആസ്ഥാനമായി 1981-ല്‍ രൂപംകൊണ്ട 'ഇദാറെ തഹ്ഖീഖ് വൊ തസ്വ്‌നീഫി' (ഗവേഷണ-ഗ്രന്ഥരചനാ വിഭാഗം)ന്റെ സ്ഥാപകരില്‍ ഒരാളായിരുന്നു അദ്ദേഹം. സദ്‌റുദ്ദീന്‍ ഇസ്വ്്ലാഹിയായിരുന്നു പ്രഥമ പ്രസിഡന്റ്. 1984-ല്‍ സദ്‌റുദ്ദീന്‍ സാഹിബ് സ്ഥാനമൊഴിഞ്ഞപ്പോള്‍ ഫാറൂഖ് ഖാനായി പിന്നീട് ആ സ്ഥാനത്ത്. വര്‍ഷങ്ങള്‍ക്ക് ശേഷം മൗലാനാ ജലാലുദ്ദീന്‍ ഉമരി ദല്‍ഹി ജമാഅത്ത് കേന്ദ്രത്തില്‍നിന്ന് വിടവാങ്ങിയപ്പോള്‍ ഫാറൂഖ് ഖാന്‍ പ്രസിഡന്റ് സ്ഥാനം അദ്ദേഹത്തെ ഏല്‍പിച്ചു. സ്ഥാനമാനങ്ങളില്‍നിന്ന് കഴിയുന്നതും അകലം പാലിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വഭാവം. അന്ത്യശ്വാസം വരെ ഈ സമിതിയുടെ എല്ലാ യോഗങ്ങളിലും അംഗമെന്ന നിലയില്‍ കൃത്യമായി അദ്ദേഹം പങ്കെടുക്കുകയുണ്ടായി.
ഏഴ് വാള്യങ്ങളുള്ള ഫാറൂഖ് ഖാന്റെ 'കലാമെ നുബുവ്വത്ത്' 'പ്രൊഫറ്റ് സ്പീക്‌സ്' എന്ന ശീര്‍ഷകത്തില്‍ ഡി. അബ്ദുല്‍ കരീം (മൈസൂര്‍) ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്.
ഫാറൂഖ് ഖാന്‍ ഒരു കവികൂടിയായിരുന്നു. ഫിറാസ് സുല്‍ത്താന്‍ പൂരി എന്ന തൂലികാ നാമത്തിലായിരുന്നു കവിതാ രചന. 'ഹര്‍ഫ് വൊ സ്വദാ' എന്ന ശീര്‍ഷകത്തില്‍ വളരെ മുമ്പ് ഒരു സമാഹാരം പുറത്തിറങ്ങിയിരുന്നു. പിന്നീട് 'കുല്ലിയാത്തെ ഫറാസ്' എന്ന ശീര്‍ഷകത്തില്‍ സമ്പൂര്‍ണ കവിതകളും വെളിച്ചം കണ്ടു.
ജമാഅത്തിന്റെ ആസ്ഥാനം ഛിത്്ലി ഖബറില്‍നിന്ന് ന്യൂ ദല്‍ഹിയിലെ അബുല്‍ ഫസല്‍ എന്‍ക്ലേവിലേക്ക് മാറിയതോടെ അവിടത്തെ 'ഇശാഅത്തെ ഇസ്്ലാം' മസ്ജിദിലും ഫാറൂഖ് ഖാന്‍ തന്റെ ഖുര്‍ആന്‍ ക്ലാസ് തുടരുകയുണ്ടായി. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം മരിക്കുന്നതിന്റെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് അത് നിന്നുപോയത്.
പരേതാത്മാവിന് അല്ലാഹു മഗ്ഫിറത്ത് നല്‍കട്ടെ, ആമീന്‍. l
Comments