Prabodhanm Weekly

Pages

Search

2023 ജൂലൈ 14

3309

1444 ദുൽഹജ്ജ് 25

ഇസ്്ലാമിക പ്രസ്ഥാനത്തിന്റെ മുൻഗണനകൾ, പ്രവർത്തന പരിപാടികൾ

സയ്യിദ്‌ സആദത്തുല്ലാ ഹുസൈനി / എ. റഹ്്മത്തുന്നിസ

ഇന്ത്യൻ ജമാഅത്തെ ഇസ്്ലാമിയുടെ അധ്യക്ഷനായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട സയ്യിദ് സആദത്തുല്ലാ ഹുസൈനിയുമായുള്ള ദീർഘ സംഭാഷണത്തിന്റെ രണ്ടാം ഭാഗം.

 

 

# ഈ  മീഖാത്തിലെ/ പ്രവർത്തന കാലയളവിലെ പോളിസി പ്രോഗ്രാം മീഖാത്താരംഭിച്ച് ഏതാണ്ട് രണ്ടര മാസത്തിനു ശേഷമാണ് തയാറാവുന്നത്. ജമാഅത്ത് എല്ലാ നാലു വർഷങ്ങളിലും പോളിസി പുതുക്കാറുമുണ്ട്. ഇതുമായി ബന്ധപ്പെട്ട എന്റെ ആദ്യ ചോദ്യമിതാണ്: പോളിസിയും പ്രോഗ്രാമും ഈ നിലക്ക് പുനഃപരിശോധിക്കേണ്ട ആവശ്യമുണ്ടോ? എന്തുകൊണ്ടാണ് ഈ പ്രക്രിയ ഇത്രയും സമയമെടുക്കുന്നത്? ആ പ്രക്രിയ ഒന്ന് വിശദീകരിക്കാമോ?

ജമാഅത്തെ ഇസ്്ലാമി ഒരു ആദർശ പ്രസ്ഥാനമാണ്. പൊതുജനാഭിപ്രായത്തെയും രാജ്യത്തെ പൊതുവായ സാഹചര്യങ്ങളെയും നമുക്ക് സ്വാധീനിക്കേണ്ടതായുണ്ട്. അതുകൊണ്ടുതന്നെ രാജ്യത്ത് ഇന്ന് എന്തു സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നത് നമ്മുടെ പ്രവർത്തനങ്ങളെ സംബന്ധിച്ചേടത്തോളം വളരെ പ്രധാനമാണ്. എന്തു തരം വ്യവഹാരങ്ങളും സംവാദങ്ങളുമാണ് നടക്കുന്നത്? നമ്മളഭിമുഖീകരിക്കുന്ന രാഷ്ട്രീയ സാഹചര്യമെന്താണ്? നമ്മുടെ മുന്നിലുള്ള വെല്ലുവിളികൾ എന്തൊക്കെ? ഇവക്ക് നാം കണ്ടെത്തുന്ന ഉത്തരങ്ങൾ നമ്മുടെ പ്രവർത്തന പഥത്തെ സ്വാധീനിക്കും. നമുക്ക് രാജ്യത്തെ യഥാർഥ പ്രശ്നങ്ങളോട് പുറംതിരിഞ്ഞ് നിൽക്കാനോ സ്വയം അപ്രസക്തരാവാനോ കഴിയില്ല. നമ്മുടെ രാജ്യത്തെ സാഹചര്യങ്ങൾ മാറുന്നു എന്നതിനാൽ തീർച്ചയായും നമ്മുടെ പോളിസികളും പ്രവർത്തനങ്ങളും മാറും. രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങളോട് നമുക്ക് പ്രതികരിക്കേണ്ടതായി വരും.
നമ്മുടെ അടിസ്ഥാന മൂല്യങ്ങൾ, ലക്ഷ്യം, ദൗത്യം ഇതെല്ലാം മാറ്റമില്ലാത്തതു തന്നെയാണ്. എന്നാൽ, നമ്മുടെ പ്രവർത്തന പഥവും നമ്മളേറ്റെടുക്കുന്ന പ്രവർത്തനങ്ങളും വ്യത്യസ്തമായെന്ന് വരും. കാരണം, അവ നമ്മുടെ രാജ്യത്തെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ടുതന്നെ നമുക്ക് സാഹചര്യങ്ങളെ വിലയിരുത്തുകയും അതനുസരിച്ച് പോളിസികളിലും പ്രവർത്തനങ്ങളിലും മാറ്റം വരുത്തുകയും ചെയ്യേണ്ടതായി വരും. ഈ കാരണത്താൽ എല്ലാ മീഖാത്തിന്റെയും ആരംഭത്തിൽ നമ്മൾ രാജ്യത്തെ സാഹചര്യത്തെ വിലയിരുത്താൻ ശ്രമിക്കാറുണ്ട്. അതോടൊപ്പം തന്നെ നമ്മുടെ മുൻ കാല പ്രവർത്തനങ്ങളെയും  വിലയിരുത്തും. എന്നിട്ടാണ് മീഖാത്തിന്റെ പോളിസിയും പ്രവർത്തന പരിപാടികളും  നാം രൂപപ്പെടുത്തുന്നത്.
ഇത്തവണ റമദാൻ കാരണം സംഘടനാ തെരഞ്ഞെടുപ്പ് വൈകിയാണ് നടന്നത്. സാധാരണ ഏപ്രിൽ ആദ്യ വാരത്തോടെ ജമാഅത്ത് അമീറിന്റെ തെരഞ്ഞെടുപ്പ് നടക്കാറുണ്ട്. പക്ഷേ, ഇത്തവണ ഏപ്രിൽ അവസാനത്തോടെയേ നടന്നുള്ളൂ. അക്കാരണത്താൽ ഒരു മാസത്തെ വൈകൽ ഉണ്ടായിട്ടുണ്ട്. അമീറും ശൂറയും തെരഞ്ഞെടുക്കപ്പെട്ടാൽ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആരംഭിക്കും. തൃണമൂല തലത്തിൽ പ്രവർത്തകരുമായി കൂടിയാലോചന നടത്താൻ നമ്മൾ ശ്രദ്ധിക്കാറുണ്ട്. അതേ പോലെ ഇതര സംഘടനകൾ, സമുദായത്തിലെ വിവിധ വിഭാഗങ്ങൾ, ബുദ്ധിജീവികൾ, പത്ര പ്രവർത്തകർ തുടങ്ങിയവരുടെയും അഭിപ്രായങ്ങൾ തേടാറുണ്ട്. ഇങ്ങനെ വിവിധങ്ങളായ കൂടിയാലോചനകളിലൂടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി രൂപപ്പെടുത്തുന്ന കരട് കൂടിയാലോചനാ സമിതിയിൽ അവതരിപ്പിക്കുകയും ആവശ്യമായ തിരുത്തലുകളോടെ അത് അംഗീകരിക്കപ്പെടുകയുമാണ് പതിവ്. ഇതാണ് സാധാരണ രീതി, ഒന്നോ ഒന്നര മാസമോ ആണ് ഇതിനെടുക്കുന്ന സമയം. ഈ കാരണത്താലാണ് വൈകൽ ഉണ്ടാവുന്നത്. എന്നാൽ, ഇടക്കാലത്തും നമ്മൾ പ്രവർത്തന രേഖ രൂപപ്പെടുത്തുകയും അതനുസരിച്ച് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോവുകയും ചെയ്യും.

 

# സാഹചര്യത്തിന്റെയും സന്ദർഭത്തിന്റെയും വിശകലനവും വിലയിരുത്തലും നടത്താറുണ്ടെന്ന്  പറഞ്ഞു. പുതിയ പോളിസി അടിസ്ഥാനപ്പെടുത്തി നമ്മുടെ രാജ്യത്തിന്റെ ഇന്നത്തെ സാഹചര്യത്തെ കുറിച്ച് ജമാഅത്തിന്റെ വിലയിരുത്തൽ എന്താണ് ?

നമ്പർ ഒന്ന്, ഇത് നമ്മുടെ രാജ്യത്തിന് വളരെ അനുയോജ്യമായ സമയമാണ് എന്നാണ് നമ്മൾ മനസ്സിലാക്കുന്നത്. ഇപ്പോൾ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. വലിയൊരു മനുഷ്യവിഭവമാണ് ഇത് നമുക്ക് പ്രദാനം ചെയ്യുന്നത് എന്നതിനാൽ തന്നെ  പ്രധാനമായ ഒരു അവസരമാണിത്. ലോകത്തിന്റെ എല്ലാ ഭാഗത്തും നമ്മുടെ നാട്ടുകാരുടെ സാന്നിധ്യമുണ്ട്. ഇന്ത്യൻ തൊഴിലാളികളും സാങ്കേതിക വിദഗ്ധരും പ്രഫഷനലുകളും മിക്കവാറും എല്ലാ വലിയ- വികസിത- സമ്പന്ന രാജ്യങ്ങളിലും ജോലി ചെയ്യുന്നുണ്ട്. അതായത്, നമ്മുടെ ജനസംഖ്യയും മനുഷ്യശക്തിയും വലിയൊരു ശക്തിയായി മാറിക്കഴിഞ്ഞിട്ടുണ്ട്. അതുപോലെ, കഴിഞ്ഞ രണ്ട് ദശകങ്ങളിൽ ഉണ്ടായിട്ടുള്ള സാമ്പത്തിക വികസനവും, നമുക്ക് സൃഷ്ടിക്കാൻ കഴിഞ്ഞ സമ്പത്തും വലിയ അവസരം നൽകുന്നുണ്ട്. അഴിമതിയും ധാർമിക അധഃപതനവും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും എന്ന പോലെ ഇവിടെയും ഉണ്ടെങ്കിലും, നമ്മുടെ രാജ്യത്ത് നിലനിൽക്കുന്ന സാംസ്കാരിക മൂല്യങ്ങൾ ലോകത്തെ മുഴുവൻ പിടികൂടിയ ഭൗതികവാദത്തിന്റെയും ഉദാരവാദത്തിന്റെയും തരംഗത്തിൽനിന്ന് അതിനെ അകറ്റിനിർത്തി. അതിനാൽ, ഇപ്പറഞ്ഞതെല്ലാം നമ്മുടെ രാജ്യത്തിന്റെ വളരെ പ്രധാനപ്പെട്ട ശക്തി സ്രോതസ്സുകളാണെന്ന് നാം മനസ്സിലാക്കുന്നു. ഈ ശക്തി സ്രോതസ്സുകളെ ശരിയായി വിനിയോഗിക്കുകയും ശരിയായി വിലമതിക്കുകയും ചെയ്തിരുന്നെങ്കിൽ, ലോകമെമ്പാടും പ്രചോദനത്തിന്റെ ഉറവിടമായി നമുക്ക് മാറാമായിരുന്നു. എന്നാൽ നിർഭാഗ്യവശാൽ, അസുലഭമായ ഇത്തരം വലിയ അവസരങ്ങൾ നമുക്ക് ലഭിച്ച അതേ ഘട്ടത്തിൽ തന്നെ, ഫാഷിസത്തിന്റെയും വർഗീയതയുടെയും രാക്ഷസന്മാർ വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും ധ്രുവീകരണത്തിന്റെയും രാഷ്ട്രീയം രാജ്യത്തിനാകെ വലിയൊരു പ്രശ്‌നവും വഴിതടസ്സവുമായി മാറ്റുകയാണുണ്ടായത്. ഇത് വളരെ ഗുരുതരമായ പ്രശ്നം തന്നെയാണ്. ഈ പ്രശ്നം കൈകാര്യം ചെയ്തില്ലെങ്കിൽ, വർഗീയതയെയും ഫാഷിസത്തെയും കൈകാര്യം ചെയ്തില്ലെങ്കിൽ,  അഭിവൃദ്ധി നേടിയ  രാജ്യമായി മാറാൻ നമുക്കൊരിക്കലും കഴിയില്ല. അതിനാൽ, വർഗീയതയും ഫാഷിസവും ഒരു വലിയ പ്രശ്നമായും രാജ്യം ഇപ്പോൾ അഭിമുഖീകരിക്കുന്ന സുപ്രധാന വെല്ലുവിളിയായും നമ്മൾ തിരിച്ചറിയുന്നു. ഇതാണ് രണ്ടാമത്തെ പോയിന്റ്. 
മൂന്ന്: മുസ്്ലിം ഉമ്മയെക്കുറിച്ചാണ്. രാജ്യത്തെ മുസ്്ലിം സമൂഹം നീതിയുടെയും സമാധാനത്തിന്റെയും വിളക്കു വാഹകരാകേണ്ടതായിരുന്നു. മുസ്്ലിംകൾ അവരുടെ മുഴുവൻ കഴിവുകളും ഉപയോഗിച്ചിരുന്നെങ്കിൽ, രാജ്യത്തിനാകെ  ഒരു പരിവർത്തന ശക്തിയായി  മാറാൻ അവർക്ക് കഴിയുമായിരുന്നു. വർഗീയത, വിഭജനം, ധ്രുവീകരണം, സാമ്പത്തിക അസമത്വം, അനീതി, സമാനമായ മറ്റു പ്രശ്നങ്ങൾ എന്നിവയുടെ ഭീഷണികളിൽനിന്ന് രാജ്യത്തെ മോചിപ്പിക്കാമായിരുന്നു. പക്ഷേ, നിർഭാഗ്യവശാൽ മുസ്്ലിം ഉമ്മയും നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കുകയാണ്. ആദ്യത്തെ കൂട്ടം പ്രശ്നങ്ങൾ ധാർമിക തകർച്ചയുമായും മറ്റു ബലഹീനതകളുമായും ബന്ധപ്പെട്ടിരിക്കുന്നു. സമുദായത്തിനെതിരെയുള്ള ചൂഷണം, അടിച്ചമർത്തൽ, സമുദായത്തിന്റെ അധഃസ്ഥിതാവസ്ഥ എന്നിവയുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തെ കൂട്ടം പ്രശ്നങ്ങൾ.    
അതിനാൽ, മുസ്്ലിം ഉമ്മ ഇപ്പോൾ വളരെ ദുർബലവും ശക്തിഹീനവും എളുപ്പത്തിൽ ആക്രമിക്കപ്പെടാവുന്ന അവസ്ഥയിലുമാണ്. വർഗീയാക്രമണങ്ങൾ പ്രധാനമായും ലക്ഷ്യമിടുന്നത് മുസ്്ലിം സമുദായത്തെയാണ്. ഈ പ്രശ്‌നങ്ങൾ നിമിത്തം നീതിയുടെയും ഇസ്്ലാമിക മൂല്യങ്ങളുടെയും വിളക്കു വാഹകരാകാൻ മുസ്്ലിം ഉമ്മത്തിന് കഴിയുന്നില്ല. അതിനാൽ, മുസ്്ലിം ഉമ്മയെ കൂടുതൽ ശക്തമാക്കുകയും ഇസ്്ലാമിക മൂല്യങ്ങളുടെ വിളക്കു വാഹകരെന്ന നിലയിൽ അതിന്റെ പങ്ക് നിറവേറ്റാൻ അതിനെ പ്രാപ്തമാക്കുകയും ചെയ്യണമെന്ന് നമ്മൾ കരുതുന്നു. ഇതാണ് ചുരുക്കത്തിൽ രാജ്യത്തിന്റെയും മുസ്്ലിം സമൂഹത്തിന്റെയും മുന്നിലുള്ള സാഹചര്യവും പ്രശ്നങ്ങളും. ഇത് കണക്കിലെടുത്താണ് ഞങ്ങൾ ടേം പ്ലാൻ രൂപവത്കരിക്കുന്നത്.

 

# യഥാർഥത്തിൽ, ജമാഅത്ത് മാറ്റത്തിനുവേണ്ടിയുള്ള മാറ്റത്തിലോ മാതൃകാ മാറ്റ( paradigm shift)ത്തിനു വേണ്ടിയുള്ള മാതൃകാ മാറ്റത്തിലോ വിശ്വസിക്കുന്നില്ല. നമ്മുടെ കാഴ്ചപ്പാട് (ദീനിന്റെ സംസ്ഥാപനം) മാറ്റമില്ലാതെ തുടരുന്നു. സാന്ദർഭികമായ മാറ്റം ദൗത്യത്തെ കുറിച്ചുള്ള പ്രസ്താവനയിൽ തന്നെ ആരംഭിക്കുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഈ മീഖാത്തിൻെറ ദൗത്യം എന്താണെന്ന് വിശദീകരിക്കാമോ?

അതെ, ഈ കാലയളവിൽ നാം ആരംഭിച്ച പുതിയ കാര്യമാണിത്. ഒരൊറ്റ ദൗത്യത്തെ അടിസ്ഥാനമാക്കിയാണ് നാം ഈ ടേമിന്റെ മുഴുവൻ പദ്ധതിയും തയാറാക്കിയത്.  ദീർഘകാല ലക്ഷ്യത്തിന് പുറമേ, നമുക്ക് ഒരു ടേം ദൗത്യമുണ്ട്. ഇസ്്ലാമിനോടുള്ള രാജ്യത്തിന്റെ പൊതു അഭിപ്രായത്തിൽ മാറ്റം കൊണ്ടുവരിക എന്നുള്ളതാണത്. ലോകമെമ്പാടും വർധിച്ചുവരുന്ന ഇസ്്ലാമോഫോബിയ കാരണം, നമ്മുടെ രാജ്യത്തിനകത്ത് വർഗീയ, ഫാഷിസ്റ്റ് പ്രവണതകൾ കാരണം, അതുപോലുള്ള മറ്റു പല കാരണങ്ങളാൽ, ഇസ്്ലാമിനെക്കുറിച്ച് വ്യാപകമായ തെറ്റിദ്ധാരണകൾ പരക്കുന്നുണ്ടെന്ന് നമ്മൾ മനസ്സിലാക്കുന്നു. ചില വിഭാഗങ്ങളിൽ ഇസ്്ലാമിനോട് വിദ്വേഷം പോലുമുണ്ട്. ഇത്തരം തെറ്റിദ്ധാരണകളുടെ ഫലമായി സാമൂഹിക സംഘർഷങ്ങളും ധ്രുവീകരണവും പോലുള്ള നിരവധി സാമൂഹിക പ്രശ്‌നങ്ങൾ ഉണ്ടാവുന്നു. അവിശ്വാസവും തെറ്റിദ്ധാരണയും പരത്താനാണ് വർഗീയ രാഷ്ട്രീയ ശക്തികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ പ്രശ്നം പരിഹരിക്കുന്നതിനും ഇസ്്ലാമിനെ സംബന്ധിച്ച പൊതുജനാഭിപ്രായത്തിൽ ക്രിയാത്മക മാറ്റം കൊണ്ടുവരുന്നതിനുമാണ് നമ്മുടെ അടിയന്തരവും പ്രധാനപ്പെട്ടതുമായ മുൻഗണന. ഇസ്്ലാമിന്റെ കാഴ്ചപ്പാടുകൾ നാം ജനങ്ങൾക്ക് ശരിയായി വിശദീകരിച്ചു കൊടുക്കും. മുസ്്ലിം ഉമ്മത്തിൽ പരിഷ്‌കരണം കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്യും. ഈ ഇരട്ട മാർഗത്തിലൂടെ ഇസ്്ലാമിനെ കുറിച്ച രാജ്യത്തിന്റെ പൊതു അഭിപ്രായത്തെ സ്വാധീനിക്കാൻ നാം ശ്രമിക്കും.

 

# പൊതുജനാഭിപ്രായം മാറ്റുന്നതിനായി, ചില പരിപാടികൾ സുപ്രധാനമെന്നും ഒഴിച്ചുകൂടാനാവാത്തതെന്നും  നിർവചിച്ചിട്ടുണ്ടല്ലോ.  പ്രസ്ഥാന പ്രവർത്തകർ മാത്രമല്ല, മുസ്്ലിം സമൂഹം പൊതുവേയും അവ മുഖവിലക്കെടുക്കണം എന്നും പറയുന്നുണ്ട്. അവ ഏതൊക്കെ, ഫോക്കസ് ചെയ്യുന്ന മേഖലകൾ, മുൻഗണനകൾ എന്നിവ വിശദമാക്കാമോ?

ജമാഅത്ത് പ്രവർത്തകർ പ്രത്യേകമായും മുസ്്ലിംകൾ പൊതുവേയും ഈ കാര്യങ്ങൾ ചെയ്യണമെന്നാണ് നമ്മൾ  ആഗ്രഹിക്കുന്നത്. ഒന്ന്, അമുസ്്ലിം സഹോദരീ സഹോദരന്മാരുമായുള്ള തങ്ങളുടെ ബന്ധം വർധിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക. തങ്ങളുടെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും, സഹോദര സമുദായാംഗങ്ങൾക്ക് ഇസ്്ലാമിന്റെ യഥാർഥ ആശയങ്ങൾ പരിചയപ്പെടുത്തണം. ഈ രാജ്യത്ത് ഇസ്്ലാമിനെ കുറിച്ച അവരുടെ ധാരണയും പൊതുബോധവും രൂപപ്പെടുത്തുന്നത് മാധ്യമങ്ങൾ അവരോട് ആശയവിനിമയം നടത്തുന്നതിന്റെ അടിസ്ഥാനത്തിലാകരുത്; മുസ്്ലിംകൾ അവരുമായി ആശയവിനിമയം നടത്തുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കണം.  ഇസ്്ലാമിനെക്കുറിച്ച വിവരങ്ങളുടെ ഉറവിടം മുസ്്ലിം ജനസാമാന്യമായിരിക്കണം,  ഇസ്്ലാമിക പ്രസ്ഥാനത്തിന്റെ കേഡർ ആയിരിക്കണം. നമ്മൾ നമ്മുടെ പൊതു ബന്ധങ്ങൾ വർധിപ്പിക്കുകയും സഹോദര സമുദായങ്ങളുമായി നല്ല ബന്ധം പുലർത്തുകയും ചെയ്താൽ, ഇസ്്ലാമിന്റെ യഥാർഥ അധ്യാപനങ്ങൾ അവരെ നേരിട്ട് അറിയിക്കാൻ നമുക്ക് കഴിയും. രണ്ടാമതായി, വാക്കുകളിലൂടെയുള്ള ആശയവിനിമയം മാത്രം പോരാ,  നമ്മുടെ പ്രവൃത്തിയും പെരുമാറ്റവും നമ്മുടെ സംസാരങ്ങളെ പ്രതിഫലിപ്പിക്കുന്നതായിരിക്കണം. ഇസ്്ലാം സമാധാനത്തിന്റെ സന്ദേശമാണ്, ഇസ്്ലാം ഓരോ വ്യക്തിക്കും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും നീതി ആഗ്രഹിക്കുന്നു, സമത്വം ആഗ്രഹിക്കുന്നു, വിഭവങ്ങളുടെ തുല്യമായ വിതരണം ആഗ്രഹിക്കുന്നു, എല്ലാ മനുഷ്യരുടെയും, അല്ലാഹുവിന്റെ ഓരോ ദാസന്റെയും ക്ഷേമം ആഗ്രഹിക്കുന്നു. ഇതെല്ലാം ഇസ്്ലാമിന്റെയും ഇസ്്ലാമിക പ്രബോധനത്തിന്റെയും സവിശേഷതകളാണ്. അതിനാൽ, നമ്മുടെ പെരുമാറ്റവും പ്രവർത്തനങ്ങളും ഇസ്്ലാമിന്റെ ഈ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നതായിരിക്കണം. ഈ പ്രത്യേക പ്രവൃത്തിയെ നാം കർമങ്ങളിലൂടെയുള്ള സാക്ഷ്യപ്പെടുത്തൽ (അമലി ശഹാദത്ത്) എന്ന് പറയുന്നു. നമ്മുടെ പെരുമാറ്റം, നമ്മുടെ ജീവിതരീതി, പൊതുസമൂഹവുമായുള്ള നമ്മുടെ ഇടപഴകൽ എന്നിവയും ഇസ്്ലാമിന്റെ അധ്യാപനങ്ങളുടെ സാക്ഷ്യമായി മാറണം. ഇസ്്ലാമിക പ്രബോധനം എന്താണെന്ന് നമ്മുടെ സ്ഥാപനങ്ങൾ പ്രതിഫലിപ്പിക്കണം. നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ ഏതു തരം തലമുറയെയാണ് നാം വളർത്തിയെടുക്കുന്നതെന്ന് നമ്മുടെ സ്‌കൂളുകൾ പ്രതിഫലിപ്പിക്കണം. ഇസ്്ലാം പ്രോത്സാഹിപ്പിക്കുന്ന ആരോഗ്യ സംവിധാനമാണ് നമ്മുടെ ആശുപത്രികൾ പ്രതിഫലിപ്പിക്കേണ്ടത്. ഇസ്്ലാമിന്റെ പലിശരഹിത സാമ്പത്തിക കാഴ്ചപ്പാടിന്റെ നേട്ടങ്ങൾ നമ്മുടെ ധനകാര്യ സ്ഥാപനങ്ങൾ പ്രതിഫലിപ്പിക്കണം. അതിനാൽ, ജീവിതത്തിന്റെ എല്ലാ വശങ്ങളും അത് വ്യക്തിപരമോ കൂട്ടായതോ ആകട്ടെ, ഇസ്്ലാമിക അധ്യാപനങ്ങളുടെ സാക്ഷ്യപ്പെടുത്തലായിരിക്കണം. പ്രസ്ഥാന പ്രവർത്തകർ പ്രത്യേകമായും, മുസ്്ലിം സമൂഹം പൊതുവേയും ഇതെല്ലാം ചെയ്യണമെന്ന് നമ്മൾ ആഗ്രഹിക്കുന്നു. അതിനായി നാം സ്വയം നവീകരിക്കേണ്ടതുണ്ട്. അതിനെ ഇസ്വ്്ലാഹ് എന്ന് വിളിക്കുന്നു. മൂന്നാമതായി, തസ്‌കിയ എന്ന് വിളിക്കപ്പെടുന്ന നമ്മുടെ ആത്മീയ വികാസമാണ്. നാലാമത്തേത്, മനുഷ്യരാശിക്കുള്ള സേവനമാണ്. ചുരുക്കത്തിൽ ദഅ്‌വ, ഇസ്വ്്ലാഹ്, തസ്‌കിയ, ഖിദ്മത്ത് എന്നീ നാല് കാര്യങ്ങൾ നമ്മുടെ വ്യക്തിപരമായ ദൗത്യമായി നാം ഓരോരുത്തരും ഏറ്റെടുക്കണം. അവ ഓരോ വ്യക്തിയുടെയും ചാർട്ടറായി മാറണം.

 

# അത് വളരെ സമഗ്രമായ ഒന്നായിട്ടാണ് തോന്നുന്നത്. ഇവ വെള്ളം കയറാത്ത അറകളല്ല എന്നതിനാൽ തന്നെ പരസ്പരം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിശദീകരിക്കാമോ? ഒരാൾക്ക് എങ്ങനെ നാല് പ്രവർത്തനങ്ങളും ഒരേ സമയം ചെയ്യാൻ കഴിയും? നമ്മൾ ഏറ്റെടുത്ത മഹത്തായ ദൗത്യം പ്രവാചകന്മാരുടെ ദൗത്യം ആയതിനാൽ തന്നെ പ്രവർത്തകരും സമുദായവും ഈ പ്രവർത്തനങ്ങൾക്ക് എങ്ങനെ തയാറെടുക്കണമെന്നാണ് നിങ്ങൾ കരുതുന്നത്?

അതെ, അവയെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. കാരണം, മുസ്്ലിം ഉമ്മത്ത് ഇസ്്ലാമിക അധ്യാപനങ്ങളുടെ മാതൃകയായി മാറാത്തിടത്തോളം നമുക്ക് നമ്മുടെ നാട്ടുകാരോട് ഇസ്്ലാമിനെ പ്രതി ഫലപ്രദമായി ആശയവിനിമയം ചെയ്യാൻ കഴിയില്ല. ഇസ്്ലാം വിശുദ്ധി ആഗ്രഹിക്കുന്നു, ഇസ്്ലാം സ്ത്രീകൾക്ക് നീതി നൽകുന്നു എന്ന് നിങ്ങൾ വാക്കുകളിലൂടെ ആശയവിനിമയം നടത്തുന്നു, എന്നാൽ മുസ്്ലിം സമൂഹത്തിനുള്ളിൽ ആ നീതി ലഭിച്ചില്ലെങ്കിൽ, മുസ്്ലിംകൾ മറ്റു ചില സമുദായങ്ങളിലെ പോലെ സ്ത്രീകളോട് മോശമായി പെരുമാറുകയാണെങ്കിൽ നമ്മൾ എന്തു പറഞ്ഞാലും അത് അംഗീകരിക്കപ്പെടില്ല. അതിനാൽ, മുസ്്ലിം ഉമ്മത്തിൽ ഇസ്്ലാമിക അധ്യാപനങ്ങളുടെ ആവിഷ്കാരങ്ങളും പ്രയോഗവൽക്കരണങ്ങളും തെളിഞ്ഞു കാണണം. പൊതുജനാഭിപ്രായത്തിൽ നല്ല സ്വാധീനം ചെലുത്താനും അത് ആവശ്യമാണ്. ഉറപ്പായും ഇസ്്ലാമിനെക്കുറിച്ചുള്ള നിഷേധാത്മക അഭിപ്രായത്തിന്റെ പ്രധാന ഉറവിടം മാധ്യമങ്ങളും ആഗോള ഇസ്്ലാമോഫോബിക് പ്രസ്ഥാനങ്ങളുമാണ്. മറ്റൊരു പ്രധാന ഉറവിടം നമ്മുടെ സ്വന്തം വ്യതിയാനങ്ങളാണ് എന്നും മനസ്സിലാക്കണം. മുസ്്ലിം സമൂഹത്തിലെ വ്യതിയാനങ്ങൾ ഇസ്്ലാമിനെയും ഇസ്്ലാമിക പ്രബോധനങ്ങളെയും കുറിച്ച് തെറ്റായ ആശയവിനിമയങ്ങളാണ് നടത്തുന്നത്. അവ തിരുത്തപ്പെടാതെ, മുസ്്ലിം ഉമ്മയെ പരിഷ്കരിക്കാതെ നമുക്ക് പൊതുജനാഭിപ്രായം മാറ്റാൻ കഴിയില്ല. വാക്കാലുള്ള ആശയവിനിമയം മാത്രം പോരാ, മുസ്്ലിം ഉമ്മത്തിന്റെ ഇസ്്ലാം ആവിഷ്കാര രീതി മാറ്റുന്നതും വളരെ പ്രധാനമാണ്. അതിനാൽ, ദഅ്വയും ഇസ്വ്്ലാഹും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഈ ലക്ഷ്യത്തിനായി പ്രവർത്തിക്കുന്നവരും ഇസ്്ലാമിക പ്രവർത്തകരുമൊക്കെ സമൂഹത്തിൽ മാതൃകയാകണം. അതിനാൽ, നമ്മുടെ തസ്കിയയും പ്രധാനമാണ്. ജനസേവനത്തെ സംബന്ധിച്ചാണെങ്കിൽ, നിങ്ങൾ സമൂഹത്തിന്റെ അഭ്യുദയകാംക്ഷികളായി അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള യത്നങ്ങളുമായി അവശ്യസമയങ്ങളിൽ  അവിടെ ഉണ്ടാവുന്നില്ലെങ്കിൽ, ആ ചിത്രം സൃഷ്ടിക്കപ്പെടുന്നില്ലെങ്കിൽ, നിങ്ങളെയും നിങ്ങളുടെ കാഴ്ചപ്പാടുകളും ആളുകൾ അംഗീകരിക്കില്ല. അതിനാൽ, ഈ നാല് കാര്യങ്ങളും അതായത് ദഅ്‌വ, ഇസ്വ്്ലാഹ്, തസ്‌കിയ, ഖിദ്മത്ത് എന്നിവയെല്ലാം പരസ്പര ബന്ധിതമാണ്. അവയൊക്കെയും ഒരുമിച്ച് നമ്മുടെ പ്രസ്ഥാനം ഏറ്റെടുക്കേണ്ട സമഗ്രമായ പ്രവർത്തനമാണ്. ജമാഅത്തിലെ  അംഗങ്ങളും പ്രവർത്തകരും സഹകാരികളും ഇത് ഏറ്റെടുക്കണമെന്ന് നമ്മൾ ആഗ്രഹിക്കുന്നു. അത് അവരുടെ പതിവ് പ്രവർത്തനങ്ങളുടെ ഭാഗമാകണം. അത് ജമാഅത്തിന്റെ എല്ലാ യൂനിറ്റുകളും നിർബന്ധമായും ഏറ്റെടുക്കണം. പൊതുജനാഭിപ്രായം മാറ്റുന്നതിനും ഇസ്്ലാമിന്റെ യഥാർഥ അധ്യാപനങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനുമായി ജമാഅത്ത് പ്രവർത്തിക്കുന്നു എന്നതായിരിക്കണം ജമാഅത്തിന്റെ പ്രധാന ഐഡന്റിറ്റി. l (തുടരും)
തയാറാക്കിയത്: ആഇശ നൗറിൻ

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 18-22
ടി.കെ ഉബൈദ്‌